Thursday, May 21, 2009

ശോഭനകാലത്തിന്റെ അമരക്കാരന്

‍സിനിമ കാഴ്‌ചയുടെയും ഇടപെടലിന്റെയും കലയായി തിരിച്ചറിഞ്ഞ നിര്‍മ്മാതാവായിരുന്നു ശോഭന പരമേശ്വരന്‍ നായര്‍. മലയാളസിനിമയില്‍ സാഹിത്യകൃതികളുടെ സജീവസാന്നിദ്ധ്യം നിലനിര്‍ത്തുന്നതില്‍ ശോഭന പരമേശ്വരന്‍ നായര്‍ വഹിച്ച പങ്ക്‌ ചെറുതല്ല. ക്യാമറക്കാഴ്‌ചയുടെ സംഗീതം ഒരുക്കുന്നതിലായിരുന്നു ശോഭന പരമേശ്വരന്‌ താല്‍പര്യം. മികച്ചകഥ കണ്ടെടുക്കുന്നതിലും അതിന്റെ ആവിഷ്‌കാരത്തിലും അദ്ദേഹം സൂക്ഷ്‌മത പുലര്‍ത്തിയിരുന്നു. സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ നിന്നും നിര്‍മ്മാതാവിന്റെ ചുമതലയിലേക്ക്‌ മാറിയപ്പോള്‍ മികച്ച സാഹിത്യകൃതികളായിരുന്നു തന്റെ ചിത്രങ്ങള്‍ക്ക്‌ അടിസ്ഥാനമാക്കിയത്‌. പരമേശ്വരന്‍ നായരുടെ രൂപവാണി ബാനറില്‍ പുറത്തിറങ്ങിയ ,സിനിമകള്‍ ജീവിതത്തിന്റെ തുടിപ്പും സംഗീതത്തിന്റെ ഹൃദ്യതയും കൊണ്ട്‌ പ്രേക്ഷക ഹൃദയത്തില്‍ പതിഞ്ഞവയാണ്‌. പാറപ്പുറത്തിന്റെ നിണമണിഞ്ഞ കാല്‌പാടുകള്‍, ജി. വിവേകാനന്ദന്റെ കള്ളിച്ചെല്ലമ്മ, സി. രാധാകൃഷ്‌ണന്റെ തുലാവര്‍ഷം, പെരുമ്പടവത്തിന്റെ അഭയം, എസ്‌. എല്‍. പുരത്തിന്റെ നൃത്തശാല, എന്‍. മോഹന്റെ പൂജയ്‌ക്കെടുക്കാത്ത പൂക്കള്‍, കെ. എസ്‌. തളിക്കുളത്തിന്റെ അമ്മുവിന്റെ ആട്ടിന്‍കുട്ടി, എം. ടി.യുടെ മുറപ്പെണ്ണ്‌, കൊച്ചുതെമ്മാടി തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശോഭന പരമേശ്വരന്‍ നായരുടെ കലാസമീപനം വ്യക്തമാകുന്നു. മലയാളിയുടെ മനസ്സില്‍ പതിഞ്ഞ ഒട്ടേറെ ഗാനങ്ങള്‍ ഒരുക്കുന്നതിലും സംവിധാനത്തിലും തിരക്കഥാരചനയിലും അഭിനയത്തിലും പുതുമുഖങ്ങളെ അവതരിപ്പിക്കുന്നതിലും പരമേശ്വരന്‍ നായര്‍ ജാഗ്രത പുലര്‍ത്തിയിരുന്നു. നിണമണിഞ്ഞ കാല്‌പാടുകളിലൂടെ നടന്‍ മധുവും മുറപ്പെണ്ണിലൂടെ എം.ടി. വാസുദേവന്‍ നായരും സിനിമയിലെത്തി. സംഗീതസംവിധാനത്തില്‍ കെ. രാഘവന്‍ മാസ്റ്റര്‍ മുതല്‍ ദക്ഷിണാമൂര്‍ത്തിയും നടന്മാരില്‍ പ്രേംനസീര്‍ മുതല്‍ പി. ജെ. ആന്റണി വരെയും എം.ടി.- എം. വിന്‍സെന്റ്‌ കൂട്ടുകെട്ടും രൂപവാണി ചിത്രങ്ങളില്‍ പങ്കാളികളായിരുന്നു. പുതുമ സ്വീകരിക്കുമ്പോഴും കലാത്മകതയില്‍ ഒത്തുതീര്‍പ്പിന്‌ പരമേശ്വരന്‍ നായര്‍ തയ്യാറായിരുന്നില്ല.

ജീവിതമെഴുതിയ സിനിമകളെന്ന്‌ പരമേശ്വരന്‍ നായരുടെ ചിത്രങ്ങളെ പേരിട്ടുവിളിക്കാം. ഗ്രാമീണ സൗന്ദര്യവും സാധാരണക്കാരുടെ വേദനകളും വെള്ളിത്തിരയിലെത്തിക്കുക എന്ന ദൗത്യം ഏറ്റെടുത്ത കലാകാരനായിരുന്നു പരമേശ്വരന്‍ നായര്‍. മുറപ്പെണ്ണിലൂടെ ഭാരതപ്പുഴയുടെ തീരക്കാഴ്‌ച മലയാളത്തിന്റെ ദൃശ്യപഥത്തില്‍ അടയാളപ്പെടുത്തി. പില്‍ക്കാല മലയാളചിത്രങ്ങളില്‍ ഭാരതപ്പുഴയുടെ തീരച്ചാര്‍ത്ത്‌ ഒഴിഞ്ഞിരുന്നില്ല. രാമുകാര്യാട്ട്‌, പി. ഭാസ്‌കരന്‍ എന്നിവര്‍ ഒരുക്കിയ നീലക്കുയിലിന്റെ നിശ്ചലഛായാഗ്രഹകനായി ചലച്ചിത്രരംഗത്തേക്ക്‌ പ്രവേശിച്ച ശോഭനപരമേശ്വരന്‍ നായര്‍ രാരിച്ചന്‍ എന്ന പൗരന്‍, ഭാര്‍ഗ്ഗവീനിലയം, മുടിയനായ പുത്രന്‍, തച്ചോളി ഒതേനന്‍ മുതലായ സിനിമകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. പ്രേംനസീറിന്റെ സഹപാഠിയായ പരമേശ്വരന്‍ നായര്‍ കെ.വി.ജോസഫും എന്‍.കെ.കരുണാകരന്‍ പിള്ളയും ചേര്‍ന്ന്‌ നവരത്‌ന ഫിലിംസും പ്രേംനവാസുമായി സഹകരിച്ച്‌ ശോഭനാപ്രേം ഫിലിംസും തുടങ്ങി. ചലച്ചിത്ര നിര്‍മ്മിതി ഭാരിച്ച ഉത്തരവാദിത്വമാണെന്ന്‌ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരുന്ന ഈ പ്രതിഭാശാലി, സാമൂഹിക-സാംസ്‌കാരിക മേഖലയിലെ ചെറിയ ചലനംപോലും എപ്പോഴും ശ്രദ്ധിച്ചിരുന്നു. തൃശൂരില്‍ ആരംഭിച്ച ശോഭനാ സ്റ്റുഡിയോ ഒടുവില്‍ പരമേശ്വരന്‍ നായരുടെ പേരിന്റെ മുമ്പില്‍ സ്ഥാനംപിടിച്ചു. സ്റ്റുഡിയോവിന്റെ പേരിട്ട്‌ അദ്ദേഹത്തെ വിശേഷിപ്പിച്ചത്‌ എം.ടി. വാസുദേവന്‍ നായരാണ്‌. വായനയും സൗഹൃദവും ജീവിതത്തിന്റെ ഭാഗമായി സൂക്ഷിച്ചിക്കുകയും ജീവിതഗന്ധിയായ സാഹിത്യരചനകളെ ആദരവോടെ എതിരേല്‍ക്കുകയും ചെയ്‌തിരുന്ന പരമേശ്വരന്‍ നായര്‍ നിര്‍മ്മിച്ച ചിത്രങ്ങളുടെ സവിശേഷതയും മറ്റൊന്നല്ല.

മലയാളത്തിലെ തിരക്കഥാരചനയുടെ അടിസ്ഥാനധാര തിരുത്തിക്കുറിച്ച ചിത്രമായിരുന്നു മുറപ്പെണ്ണ്‌. സാഹിത്യമൂല്യം തിരക്കഥയ്‌ക്ക്‌ കൈവന്നത്‌ എം.ടി.യുടെ രചനകളിലൂടെയായിരുന്നു. ഒരര്‍ത്ഥത്തില്‍ സിനിമയും സാഹിത്യവും തമ്മിലുള്ള അതിര്‍വരമ്പ്‌ മാഞ്ഞുപോയത്‌ ശോഭനപരമേശ്വരന്‍ നായര്‍ നിര്‍മ്മിച്ച `മുറപ്പെണ്ണി'ലൂടെയാണ്‌. ചലച്ചിത്രത്തിന്റെ സൗന്ദര്യശാസ്‌ത്രത്തിലും പ്രമേയ സ്വീകരണത്തിലും മാറ്റത്തിന്റെ അടയാളവാക്യം എഴുതിച്ചേര്‍ത്ത ശോഭനപരമേശ്വരന്‍ നായര്‍ സിനിമയിലെ അരങ്ങുകാണാത്ത നടനായിരുന്നു. ചരിത്രവിഹിതത്തില്‍ നിര്‍മ്മാണകലയിലെ അമരക്കാരനും.
-ചന്ദ്രിക ദിനപത്രം

1 comment:

വിദുരര്‍ said...

നന്നായി ഈ കുറിപ്പ്‌