`കരയും പെണ്ണിന്‍ കണ്ണീര്‍ക്കവിളിലൊരുമ്മ' എന്നു പാടുമ്പോള്‍, ചുണ്ട് ഉമ്മപ്പാകത്തിലായി ഒരു പെണ്‍കവിളില്‍ നനുത്തുപതിയുന്നതിന്റെ ദൃശ്യം മനസ്സില്‍വിരിയിക്കുന്നതിനുതക്ക കഴിവ്, ഇനി ഈ മലയാള ചലച്ചിത്രഗാനസാമ്രാജ്യത്തില്‍ എത്രപേര്‍ക്കുണ്ടാവും എന്നറിയില്ല.യേശുദാസിന്റെ പാട്ടുകളുടെ പുല്‍ക്കൂട് ഇവിടെയായതുകൊണ്ടുകൂടിയാണ് ഈ തീരം ഇത്ര മനോഹരമായത്.
ഈ മനോഹരതീരത്തുതരുമോ ഇനിയൊരു ജന്മം കൂടി എന്ന് വയലാറിനും പിന്നെ നമ്മളില്‍ ചിലര്‍ക്കും ചോദിക്കാന്‍ തോന്നുന്നുവെങ്കില്‍ ,അതിന്റെ കാരണങ്ങളിലൊന്ന് തീര്‍ച്ചയായും ഈ പാട്ടുകാരന്റെ മരണമില്ലാത്ത പാട്ടുകളാണ്.യേശുദാസ് എന്നു കേള്‍ക്കുമ്പോള്‍ ,ആ പഴയ, കിളുന്നു യേശുദാസ് -പാട്ടുകളാണ് എനിക്ക് ഓര്‍ക്കാനിഷ്‌ടം. ഏതുകുപ്പിയുടെ രൂപത്തിലും മാറാന്‍ കഴിയുന്നവിധം ദ്രവരൂപത്തിലായ ശബ്‌ദമായിരുന്നു കിളുന്നു യേശുദാസിന്. കിളുന്നു യേശുദാസിന്റെ ശാരീരവും കുഞ്ഞുങ്ങളുടെ ശരീരവും തമ്മില്‍ നല്ല സാമ്യമുണ്ട്. കിളുന്നവസ്ഥയില്‍ തിരിഞ്ഞുമറിയലുകള്‍ എളുപ്പമാണ്. ശരീരത്തിലെങ്ങും ഒരുപിടുത്തവുമില്ലാത്തതു പോലെയാണ് കുഞ്ഞുങ്ങളുടെ ചലനങ്ങള്‍.
ഭക്തിയോ പ്രണയമോ വിഷാദമോ തമാശയോ താരാട്ടോ വിപ്ലവമോ എന്തായാലും വേണ്ടില്ല അതനുസരിച്ച് എത്രപെട്ടെന്നാണ് കിളുന്നു യേശുദാസിന്റെ ശബ്‌ദത്തിലെ ഭാവം, എന്തിന് ശബ്‌ദം തന്നെയും മാറിയിരുന്നത്. പാപ്പീ അപ്പച്ചാ എന്നും വൈദ്യരേ ,വൈദ്യരേ, വൈയ്യുമ്പം വൈയ്യുമ്പം വയറ്റിനകത്തൊരുരുണ്ടുകേറ്റം.. എന്നും ഒരുനിമിഷം തമാശക്കാരന്‍.പ്രാണസഖീ ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍ എന്നൊരുനിമിഷം പ്രേമലോലന്‍. നിത്യവിശുദ്ധയാം കന്യാമറിയമേ എന്നു പാടിയ അതേ നാവില്‍ ഗുരുവായൂരമ്പലനടയില്‍ എന്നു കൃഷ്‌ണഭക്തി, അടുത്തനിമിഷം നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു.. എന്നു പെരുന്നാളുകാരന്‍. മനുഷ്യനും മതങ്ങളും ദൈവങ്ങളും ചേര്‍ന്നു മണ്ണ് പങ്കുവച്ചു എന്ന് നാസ്‌തികനാകാനും കണ്ണുതുറക്കാത്ത ദൈവങ്ങളേ എന്നു ദൈവങ്ങളെവരെ വിമര്‍ശിക്കാനും വയലാറിന്റെ അക്ഷരങ്ങള്‍ക്കായി. എങ്കില്‍, അതേ കാര്യങ്ങള്‍ സ്വരവൈവിദ്ധ്യത്തിലൂടെ സാധിച്ചെടുക്കാന്‍ യേശുദാസിനായി.പത്മരാജന്റെ സിനിമയിലെന്നപോലെ കാറ്റാവാനും മിന്നാമിനുങ്ങാകാനും ചിത്രശലഭമാകാനും കഴിയും വിധം വൈവിദ്ധ്യം സാദ്ധ്യമായ സ്വരദേവന് നല്‍കാന്‍, ഗാനഗന്ധര്‍വ്വന്‍ എന്ന പറഞ്ഞുപഴകിയ തൊപ്പിത്തൂവല്‍ -വിശേഷണത്തെ പിന്നിലാക്കുംവിധം പുതിയ വിശേഷണമൊന്ന് കണ്ടുപിടിക്കാന്‍ തക്കവിധം മലയാളഭാഷ വളര്‍ന്നിട്ടില്ല.
പാമരനാംപാട്ടുകാരന്‍ എന്നു പാടിവന്ന് അമരത്വത്തിലേക്ക് ഈ പാട്ടുകാരന്‍ കയറിപ്പോകുന്നുവെങ്കില്‍, അതിനുകാരണം അന്നത്തെ കാലഘട്ടം ആവശ്യപ്പെടുന്നവിധത്തില്‍ പാടാനായി എന്നതുകൊണ്ടല്ല. കാലം ഇത്ര മുന്നോട്ടുകുതിച്ചിട്ടും റെക്കോഡിങ്ങില്‍ സാങ്കേതികമികവുകൊണ്ട് അത്ഭുതങ്ങളുടെ മായാജാലം കാണിക്കാമെന്നായിട്ടും, ഈ പാട്ടുകാരന്‍ മലയാളത്തിന്റെ ഖല്‍ബിലെ പാട്ടുകാരനായി പുതിയ എതിരാളികളില്ലാതെയാണ് നിലകൊള്ളുന്നത്.ഏതുകാലഘട്ടത്തിനും ഏതുദൈവത്തിനും മീതെ ഒഴുകിപ്പരക്കാന്‍ കെല്‍പുള്ള നാദപ്രപഞ്ചമാണ് ഈ പാട്ടുകാരന്റേത് . ഗുരുവായൂരമ്പലനടയില്‍ ഒരുദിവസം ഞാന്‍ പോകും, ഗോപകുമാരനെ കാണും എന്നു യേശുദാസ് പാടുമ്പോഴൊക്കെ എന്റെ ഉള്ളില്‍ ചിരിയൂറും-അമ്പലനടയില്‍ ചെന്നാലേ യേശുദാസിന് ഗോപകുമാരനെ കാണാനാകൂ എന്ന് ആരുപറഞ്ഞു, യേശുദാസിന്റെ പാട്ടും മൂളി ഗുരുവായൂരെ കാസറ്റുകടകളുടെ പരിസരത്തൂകൂടി കളിച്ചുതിമര്‍ത്തുനടക്കുകയാണ് കൃഷ്‌ണനെന്ന് ഈ യേശുദാസിന് ആരും പറഞ്ഞുകൊടുത്തിട്ടില്ലേ ആവോ? കാര്യം കഴിഞ്ഞാല്‍ കറിേവപ്പില എന്ന സങ്കുചിതപ്രമാണം ഏതായാലും കൃഷ്‌ണന്റേതല്ല, ഉറപ്പ്. - പ്രിയ എ. എസ്
( കുഞ്ഞിക്കണ്ണന്‍ വാണിമേലിന്റെ ` യേശുദാസ്: സംഗീതമേ ജീവിതം'- പുസ്‌തകം)
6 comments:
bestwishes
യേശുദാസിന്റെ ചില്ലറ “കളി”കളൊക്കെ കാണാതെ പോയോ എന്നൊരു സംശയം!! അതോ പ്രഭയിൽ മുങ്ങിപ്പോയതോ?
എന്തിനും രണ്ടുണ്ടല്ലോ.
ente yesudas pusthakathile ouru leganammanu ethu.
ഇതിപ്പോള്‍ വിമര്‍ശനമോ ഹാസ്യമോ അതോ കാര്യമോ എന്ന ഒരു കണ്‍ഫ്യൂഷന്‍ ആയല്ലോ
പുതിയ പുസ്‌തകത്തിലെ രണ്ട് അദ്ധ്യായം ബ്ലോഗില്‍ ചേര്‍ത്തതാണ്. നിബ്ബുമായി ബന്ധമൊന്നുമില്ല, യേശുദാസ്: സംഗീതമേ ജീവിതം എന്നാണ് പുസ്‌തകത്തിന്റെ പേര്. അടുത്തുതന്നെ പ്രകാശനം ചെയ്യാന്‍ സാധിക്കുമെന്ന് കരുതുന്നു.
Post a Comment