ഇങ്ങനെയൊരു ചോദ്യം ഇപ്പോള്‍ നിബ്ബ് വായനക്കാരുടെ മുന്നില്‍വയ്‌ക്കുന്നത് എന്തിനാണെന്ന് സംശയിക്കാം. കാരണം ചില വിശേഷണപദങ്ങള്‍ സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിച്ച് അര്‍ത്ഥലോപം വന്നുകൊണ്ടിരിക്കുകയാണ്. മലയാളത്തിലെ ചില പദപ്രയോഗങ്ങളുടെ അര്‍ത്ഥമില്ലായ്‌മയെക്കുറിച്ച് ഡോ. സുകുമാര്‍ അഴീക്കോട് ഉള്‍പ്പെടെയുള്ള അദ്ധ്യാപകര്‍ നേരത്തെ സൂചിപ്പിച്ചിട്ടുണ്ട്. അപ്പോഴൊക്കെ പലരും എഴുതാനോ, ഉയര്‍ത്തിക്കൊണ്ടു വരാനോ മടിച്ചിരുന്നത് സാസ്‌കാരികനായകന്‍ എന്ന വിശേഷണത്തെ സംബന്ധിച്ചാണ്.
ഇപ്പോള്‍ എല്ലാറ്റിനും വ്യക്തതയും നിര്‍വ്വചനങ്ങളും ലഭ്യമാകുന്ന കാലമാണല്ലോ. വിവരാവകാശ കമ്മീഷന്‍ പറഞ്ഞത് ഒരാളുടെ വരുമാനംപോലും രഹസ്യമായതൊന്നുമല്ലെന്നാണ്. ആ നിലയില്‍ നമുക്ക് സ്വാഭാവികമായും സംശയിക്കാവുന്ന കാര്യമാണ് ആരാണ് സാംസ്‌കാരികനായകന്‍ (ഈ പ്രയോഗത്തില്‍ മാത്രം കേരളത്തിലെ ഫെമിനിസ്റ്റുകളും വനിതാ പ്രവര്‍ത്തകരും പ്രക്ഷോഭം തുടങ്ങിയിട്ടില്ല. സാംസ്‌കാരികനായിക എന്തുകൊണ്ട് പ്രയോഗിക്കുന്നില്ലെന്ന് സാറ ടീച്ചറും ചോദിച്ചതായി ശ്രദ്ധയില്‍പെട്ടില്ല). നമ്മുടെ മാധ്യമപ്രവര്‍ത്തകരും നോട്ടീസുകളും സമയവും സന്ദര്‍ഭവും നോക്കാതെ നിരന്തരമായി പ്രയോഗിക്കുന്ന വിശേഷണമാണ് സാംസ്‌കാരികനായകന്‍. ഇതിന്റെ നിഷ്‌പത്തിയെപ്പറ്റിയൊന്നും നിബ്ബ് ആഴത്തില്‍ അന്വേഷിക്കുന്നില്ല. അതിന് ഡോക്‌ടര്‍മാരും ഗവേഷകരും കേരളത്തില്‍ ആവശ്യത്തിലധികമുണ്ടല്ലോ.
സമൂഹത്തെ സംസ്‌കാരസമ്പന്നമാക്കുന്നവരാണ് സാംസ്‌കാരികനായകന്മാര്‍ എന്ന് ലളിതമായി പറയാറുണ്ട്. എഴുത്ത്, പ്രസംഗം, സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കര്‍മ്മങ്ങളിലൂടെയാണ് ഇവര്‍ സമൂഹത്തെ പ്രബുദ്ധമാക്കുന്നത് എന്നാണ് നാം മനസ്സിലാക്കിയത്. ഒരര്‍ത്ഥത്തില്‍ സ്വാര്‍ത്ഥതയില്ലാതെ, നിസ്‌തുല സേവനം നിര്‍വ്വഹിക്കുന്നവരാണിവര്‍. അപ്പോള്‍ ഒരാളെ എന്‍ജിനീയര്‍, ഡോക്‌ടര്‍ (കലാശാല ഡോക്‌ടര്‍മാരല്ല), എഴുത്തുകാരന്‍/ എഴുത്തുകാരി, കല്‍പ്പനിക്കാരന്‍, മത്സ്യത്തൊഴിലാളി, പുസ്‌തകപ്രസാധകന്‍ എന്നൊക്കെ സംശയമില്ലാതെ വിളിക്കാന്‍ സാധിക്കുന്നതുപോലെ സാംസ്‌കാരികനായകനെയും പേരിട്ടു വിളിക്കാന്‍ സാധിക്കണം. ഇവിടെ സൂചിപ്പിച്ച പല വിശേഷണപദങ്ങളും കൃത്യമായി വിശദമാക്കുമ്പോള്‍ സാംസ്‌കാരികനായകന്‍ എന്ന പ്രയോഗത്തിന് മാത്രം അംഗീകൃത നിര്‍വ്വചനം നല്‍കാറില്ല. അഥവാ ഈ വിശേഷണപദം ഉപയോഗിക്കുമ്പോള്‍ അങ്ങനെ വിശേഷിപ്പിക്കപ്പെടുന്ന വ്യക്തി അതിന് അര്‍ഹനാണോ എന്ന് നാം ആലോചിക്കാറില്ല.
ഡോ. സുകുമാര്‍ അഴീക്കോട്, എം. ടി. വാസുദേവന്‍ നായര്‍, ടി. പത്മനാഭന്‍, എം. എന്‍. കാരശ്ശേരി. ഒ. എന്‍. വി. കുറുപ്പ്, സക്കറിയ, സുഗതകുമാരി തുടങ്ങിയ വ്യക്തിത്വങ്ങളെ സാംസ്‌കാരികനായകന്മാര്‍ എന്നു വിശേഷിപ്പിക്കുമ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. അവരുടെ കര്‍മ്മങ്ങള്‍ തന്നെ തെളിവ് നല്‍കുന്നുണ്ട്. അതുപോലെ പ്രശസ്‌തരായ കോളമിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരും അദ്ധ്യാപകരും രാഷ്‌ട്രീയ പ്രവര്‍ത്തകരും മതനേതാക്കളും മറ്റും അവരവരുടെ കര്‍മ്മരംഗത്തെ അടിസ്ഥാനമാക്കി വിശേഷിപ്പിക്കപ്പെടുന്നു. അതിലും അതിശയോക്തിയില്ല. എന്നാല്‍ നമ്മുടെ നഗരങ്ങളിലും ഗ്രാമങ്ങളിലും(?) നടക്കുന്ന ചെറുതും വലുതുമായ കാക്കത്തൊള്ളായിരം പരിപാടികള്‍ (കായികപരിപാടിയും) സാംസ്‌കാരികനായകന്മാരെ കൊണ്ട് നിറയുകയാണ്. ചുരുങ്ങിയത് നോട്ടീസുകളിലും പത്ര-മാധ്യമങ്ങളിലും. ഇങ്ങനെ വിശേഷിപ്പിക്കപ്പെടുന്ന പലരുടെയും പ്രവര്‍ത്തനങ്ങളെ, സാമൂഹിക ഇടപെടലുകളെ ആരെങ്കിലും പരിശോധിച്ചാല്‍ നാം അല്‍ഭുതപ്പെടും. സാംസ്‌കാരികനായകന്‍ എന്ന ആനുകൂല്യത്തില്‍ ജനമദ്ധ്യത്തില്‍ പ്രത്യക്ഷപ്പെടുന്ന എത്രപേര്‍ സാംസ്‌കാരിക മുന്നേറ്റത്തിനു വേണ്ടിയോ, സാമൂഹികമായ ഉന്നമനത്തിനുവേണ്ടിയോ എന്തെങ്കിലും പ്രവര്‍ത്തനമോ, സംഭാവനയോ ചെയ്യുന്നുണ്ടോ? അഥവാ ചെയ്‌തിട്ടുണ്ടോ?
ചില വ്യക്തികള്‍ അവരുടെ തൊഴില്‍മേഖലയില്‍ പ്രശസ്‌തരാകാം. പക്ഷേ, വിശേഷണപദം പ്രയോഗിക്കുമ്പോള്‍ അവരുടെ തൊഴിലിടം ചേര്‍ത്ത് പറയാം. അല്ലെങ്കില്‍ ഈ ഭൂമിമലയാളത്തില്‍ (കടപ്പാട് ടി. വി. ചന്ദ്രനോട്) ഓരോ പൗരനേയും പൗരിയേയും സാംസ്‌കാരികനായകന്‍ എന്നു വിളിക്കേണ്ടി വരും. അങ്ങനെ ആര്‍ക്കും യഥേഷ്‌ടം എടുത്തുപ്രശംസിക്കാവുന്ന വിശേഷണപദമായി സാംസ്‌കാരികനായക പട്ടം മാറും. സാറ്, മാഷ് തുടങ്ങിയ പ്രയോഗത്തിന് വന്നുചേരുന്ന ഹാസ്യധ്വനി സിനിമകളിലും മിമിക്രികളിലും വേണ്ടുവോളമുണ്ടല്ലോ? ആ നിരയിലേക്ക് സാംസ്‌കാരികനായകനും ഇടം നേടാം.
ബുദ്ധിജീവികളെ ആര്‍ക്കു വേണം എന്നൊരു ചോദ്യം സക്കറിയ സാക്ഷരകേരളത്തില്‍ ഉയര്‍ത്തിയപ്പോള്‍ പലരും കോപിച്ചു. ബുദ്ധിപ്രയോഗം കേവലം സ്‌തുതിവചനമായി മാറിക്കൊണ്ടിരുന്നപ്പോഴായിരുന്നു സക്കറിയയുടെ കമന്റ്. ഇതുപോലെ സാഹിത്യകാരന്‍ ആരുടെ പക്ഷത്ത്? എന്ന ചോദ്യത്തിന് മനുഷ്യപക്ഷത്തെന്ന് ഉത്തരം പറയാന്‍ കഴിഞ്ഞവര്‍ കേരളത്തില്‍ അധികമില്ലായിരുന്നു. സാമാന്യമായി പറയുമ്പോള്‍ ഇടപെടലിന്റെ കലയാണ് സാംസ്‌കാരികപ്രവര്‍ത്തനം. സാമൂഹികരംഗത്ത് ജീര്‍ണ്ണത നിലനില്‍ക്കുമ്പോള്‍ ഇടപെടാന്‍ മടിക്കുന്നവരെ നാമെന്തിന് സാംസ്‌കാരികനായകനെന്ന് വിശേഷിപ്പിക്കണം- (സാംസ്‌കാരികനായകന്റെ ജോലി പ്രതികരിക്കലല്ല, കലാപം സൃഷ്‌ടിക്കല്ല. അതൊക്കെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമാണ് എന്ന് ഘോഷിച്ച് ചിലരെങ്കിലും ഇത്തരം ചോദ്യം അവഗണിക്കാം). നാം ആഘോഷിക്കുന്ന മിക്ക സാംസ്‌കാരികനായകന്മാരും സാമൂഹിക പ്രശ്‌നങ്ങള്‍ വരുമ്പോള്‍ മെയ്യനങ്ങാതെ, ഇതൊന്നും ഇവിടെയല്ല നടക്കുന്നത് എന്ന രീതിയില്‍ (ചിലര്‍ പേരു നിലനില്‍ക്കാന്‍ മാധ്യമങ്ങളില്‍ പേരു വെളിപ്പെടുത്തി ആശ്വസിക്കും) ശബ്‌ദം പുറത്തറിയാതെ ഒളിഞ്ഞുനില്‍ക്കും. തെറ്റായ വഴിയില്‍ സഞ്ചരിക്കുന്ന ജനപ്രതിനിധികളെ വോട്ടര്‍മാര്‍ക്ക് തിരിച്ചുവിളിക്കാന്‍ അനുവാദമില്ലാത്തതുപോലെ, കണ്‍മുമ്പില്‍ കാണുന്നവരെയെല്ലാം സാംസ്‌കാരികനായകന്‍ എന്ന തലപ്പാവ് വിശേഷണം ചേര്‍ത്തുള്ള വിളി ഒഴിവാക്കാന്‍ വായനക്കാരനോ, കേള്‍വിക്കാരനോ സാധിക്കുന്നില്ല. കേരളത്തില്‍ ഇത്രയധികം ആളുകള്‍ സാംസ്‌കാരികനായകന്‍ എന്ന പദവിയില്‍ നില്‍ക്കുന്നുണ്ടോ? കുറഞ്ഞപക്ഷം ഈ വിശേഷണം സ്വയം എടുത്തണിയുന്നവര്‍ക്ക് മനസ്സിലേക്ക് നോക്കി ഇങ്ങനെയൊങ്കിലും ചോദിക്കാം- ഞാന്‍ സാംസ്‌കാരികനായകന്‍ എന്ന വിശേഷണത്തിന് അര്‍ഹനാണോ എന്ന്.
സാംസ്‌കാരികാധിനിവേശം
ഷെരീഫ് സാഗറിന്റെ നിരീക്ഷണത്തില്‍ നിന്നും: അധിനിവേശത്തിന്റെ ഏറ്റവും പുതിയ തന്ത്രങ്ങളിലൊന്ന് മസ്‌തിഷ്‌കങ്ങളില്‍ കയറിക്കൂടുക എന്നതായിരുന്നു. സാംസ്‌കാരികാധിനിവേശം അതിനുപറ്റിയ ഏറ്റവും നല്ല മാധ്യമമാണ്. പാശ്ചാത്യ അധിനിവേശ രീതികള്‍ നാമറിയാതെ സംഭവിക്കുമ്പോള്‍ കേരളത്തില്‍ തീവ്രവാദത്തിന്റെ സാംസ്‌കാരികാധിനിവേശം ബോധപൂര്‍വ്വം നടക്കുന്ന പ്രക്രിയയാണ്-(തീവ്രവാദത്തിന്റെ സാംസ്‌കാരികാധിനിവേശം- മലയാളം വാരിക).- ഷെറീഫ് സാഗറിന്റെ ചോദ്യത്തിന് ഇരുതലമൂര്‍ച്ചയുണ്ട്. അധിനിവേശം ഏതൊക്കെ വഴിയിലാണ് നമ്മെ കീഴടക്കുന്നത്. അത് സാംസ്‌കാരികനായകന്റെയോ, സാംസ്‌കാരിക കുത്തകയുടെയോ രൂപത്തിലാകുമ്പോള്‍ തിരിച്ചറിയാന്‍ എളുപ്പമല്ല.
കെ. പി. അപ്പന്‍ സൂചിപ്പിച്ചതുപോലെ- പ്രസംഗത്തില്‍ പറയുന്ന കാര്യങ്ങളില്‍ ഒന്നുപോലും പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ പിന്നെന്തിന് പ്രസംഗിക്കണം? (അപ്പന്‍സാര്‍ പ്രസംഗം നിര്‍ത്തിയത് ഈ ചോദ്യം സ്വയം ചോദിച്ചതുകൊണ്ടായിരുന്നു- കടപ്പാട് അഭിമുഖഭാഷണം). കെ. പി. അപ്പന്റെ സവിശേഷതയും മറ്റൊന്നല്ല. ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ എഴുതുന്നു: ഞാനും അപ്പനും തമ്മില്‍ 20 വയസ്സിന്റെ വ്യത്യാസമേയുള്ളൂ. സ്വന്തമായി ഏതു സാഹചര്യങ്ങളേയും നേരിടാന്‍ എന്നെ സഹായിച്ചത് അപ്പന്റെ നിലപാടുകളാണ്. എങ്കിലും ഉള്ളില്‍ അപ്പനെന്നോട് വലിയ സ്‌നേഹമായിരുന്നു- (കലാകൗമുദി, 1793).
കവിതയിലെ പുതിയ ജാലകം
ആദ്യകവിതാ സമാഹാരത്തിന് ഹൃദയക്കുന്നുകള്‍ എന്നാണ് പുത്തൂര്‍ ഇബ്രാഹിംകുട്ടി പേരിട്ടത്. മലയാളകവിതയുടെ വര്‍ത്തമാനദശയില്‍ ഇങ്ങനെയൊരു പേര് വായനക്കാര്‍ പ്രതീക്ഷിക്കാനിടയില്ല. കാരണം സാഹിത്യകൃതികളിലെ വിഷയം മാത്രമല്ല, അവയുടെ പേരുകളും അല്‍പം വ്യത്യസ്‌തമായാലേ ശ്രദ്ധിക്കപ്പെടൂ എന്ന ചിന്താഗതിക്കാണ് പലരും ഊന്നല്‍ക്കൊടുക്കുന്നത്. കവിതയോ. കഥയോ പറയുന്ന ജീവിതത്തിനല്ല. എന്നാല്‍ പുത്തൂരിന്റെ മനസ്സ് കവിതയെഴുത്തിന്റെ സാമ്പ്രദായിക രീതി അട്ടിമറിക്കുന്നു. പുതിയ കാലത്തിന്റെ വിമര്‍ശനം വാക്കുകളുടെ ചെരാതുകളിലൂടെ സമര്‍ത്ഥമായി നിര്‍വ്വഹിക്കുന്നു: ആര്‍പ്പുവിളികള്‍ പോലും/ അസ്വസ്ഥമാക്കുന്നില്ല/ ഈ അസുഖത്തിന്/ ഏതു മരുന്നാവും ഡോക്‌ടര്‍ കുറിക്കുക? (ഭയം എന്ന കവിത).- സ്വാതന്ത്ര്യം, പ്രണയം, പുഴ, നടത്തം, ഓര്‍മ്മ എന്നിങ്ങനെ ഏതു വിഷയത്തിലും ഒരു പൂത്തൂരന്‍ കാഴ്‌ചയാണ് ഹൃദയക്കുന്നുകള്‍ വായനക്കാരന് മുമ്പില്‍ നിവര്‍ത്തിയിടുന്നത്. നമുക്ക് അവഗണിക്കാന്‍ സാധിക്കാത്ത പല ചോദ്യങ്ങളും ഈ കവിതാപുസ്‌തകത്തിലുണ്ട്.-(തുളുനാട് ബുക്‌സ്, കാഞ്ഞങ്ങാട്‌്).-നിബ്ബ്, ചന്ദ്രിക 17-01-2010
1 comment:
ബ്ലോഗ് നോക്കാം സ്‌നേഹിതാ. പാരസ്‌പര്യം അനിവാര്യമായ കാലമാണെല്ലോ. താങ്കളുടെ വായനയ്‌ക്ക് നന്ദി.
Post a Comment