Thursday, November 12, 2015

നമുക്കിടയില്‍ ചില ഗോപുരങ്ങള്‍






പ്രശസ്ത സംവിധായകന്‍ ലൂയി ബുനുവലിന്റെ വിറിഡിയാന എന്ന ചിത്രത്തില്‍, വിശ്വാസത്തകര്‍ച്ചയ്ക്കുശേഷം വെറുമൊരു വ്യക്തിത്വമായി രൂപാന്തരപ്പെട്ട വിറിഡിയാന ജോര്‍ജ്ജും റമോണയും ഒന്നിച്ചുള്ള ചീട്ടുകളി സീനില്‍ കലരുന്നത് ജാസ്‌സംഗീതമാണ്. മുറിയില്‍ നിന്ന് ക്യാമറ പിന്‍വാങ്ങുമ്പോള്‍ ഒടുവിലത്തെ ഇമേജിനുമേല്‍ അതിന്റെ താളം ദ്രുതവും ഉന്മത്തവുമാകുന്നുണ്ട്. കാലത്തെ അതിജീവിക്കുന്ന ചിത്രനിമിഷം എന്നു പേരിട്ടുവിളിക്കാവുന്ന സീന്‍. ബുനുവലിന്റെ അസാധാരണ പ്രതിഭയുടെ തിളക്കം കൂടിയാണിത്. ഈ സീന്‍ ഓര്‍മ്മയിലെത്തിച്ചത് കേരളഭാഷ, സമൂഹം, സംസ്‌കാരം എന്ന മാധ്യമം പതിപ്പാണ്. മാറുന്ന കാലത്ത് പ്രാദേശികഭാഷകള്‍ നേരിടുന്ന പ്രതിസന്ധികള്‍ ഇതിനകംതന്നെ ചര്‍ച്ചയായിട്ടുണ്ട്. ലോകത്ത് പല ഭാഷകളും നശിക്കുകയോ, പിന്‍വാങ്ങുകയോ ചെയ്തുകൊണ്ടിരിക്കുന്നു. ചില സ്ഥലങ്ങളില്‍ മൃതപ്രായമായ ഭാഷകള്‍ കരുത്താര്‍ജ്ജിച്ചു തിരിച്ചുവരുന്നു. അക്കാദമിക താല്‍പര്യങ്ങളും അധികാരകേന്ദ്രങ്ങളും ഭാഷകള്‍ക്കുമേല്‍ നടത്തുന്ന കടന്നുകയറ്റമാണിത്. മലയാളഭാഷയുടെ നിലനില്‍പ് ഇനി എത്രകാലമെന്ന് പലപ്പോഴും ഭാഷാ സ്‌നേഹികള്‍ ചോദിച്ചു തുടങ്ങിയിട്ടുണ്ട്. ഭാഷ സംവേദന മാധ്യമം മാത്രമല്ല, മനുഷ്യജീവിതത്തിന്റെ താളവും രാഗവുമാണ്. അധിനിവേശത്തിന്റെ പടയോട്ടത്തില്‍ പല ഭാഷകളും നിര്‍ജീവമായിട്ടുണ്ട്. ഭാഷാപ്രശ്‌നത്തിന്റെ കാതല്‍ എന്ന ലേഖനത്തില്‍ കെ.പി.രാമനുണ്ണി (മാധ്യമം) എഴുതി: 'മാതൃഭാഷാ മാധ്യമം ശാസ്ത്രത്തിന്റെയും ഗണിതത്തിന്റെയും പഠനത്തില്‍ മാത്രമല്ല, അന്യഭാഷാ പഠനത്തിനു കൂടി അത്യന്തം ഗുണകരമാണെന്നാണ് പുതിയ കണ്ടെത്തല്‍...' മാതൃഭാഷയുടെ മാഹാത്മ്യം തിരിച്ചറിയുമ്പോഴാണ് ജീവിതത്തിന്റെ താളവും രാഗവും സജീവമാകുക. ബുനുവല്‍ ചിത്രത്തിലെ സീന്‍ ഓര്‍മ്മിപ്പിക്കുന്നതും മറ്റൊന്നല്ല. 
ഫാഷിസത്തിന്റെ പ്രശ്‌നങ്ങളിലേക്കാണ് സേതുവും വെങ്കിടേഷ് രാമകൃഷ്ണനും വായനക്കാരെ നയിക്കുന്നത്. 'പതിറ്റാണ്ടു നീണ്ട ഒരു ബൃഹത് ഹിന്ദുത്വ പ്രൊജക്റ്റിന്റെ ഏറ്റവും പുതിയ നടപ്പാക്കല്‍ രീതികള്‍ക്കാണ് ബീഫ് നിരോധനവും ദളിത് കൊലയും മുസ്‌ലിം ആക്രമണവുമൊക്കെയായുള്ള സമീപകാല ഇന്ത്യന്‍ സാമൂഹിക അവസ്ഥ സാക്ഷ്യം വഹിക്കുന്നത്.' എന്നിങ്ങനെ വെങ്കിടേഷ് രാമകൃഷ്ണന്‍ കാം ജാരീ ഹെ ഭായ് എന്ന ലേഖനത്തില്‍ (മാതൃഭൂമി) വ്യക്തമാക്കുന്നു. സാഹിത്യ അക്കാദമി വിവാദവുമായി ബന്ധപ്പെട്ട് സേതുവും ഫാഷിസത്തിന്റെ മറ്റൊരു മുഖം അനാവരണം ചെയ്യുന്നു.' മുമ്പുണ്ടാകാത്ത തരത്തില്‍ പുകഞ്ഞു കൊണ്ടിരിക്കുകയാണ് നമ്മുടെ സാംസ്‌കാരിക രംഗം...' (സംസ്‌കാരവും അവരുടെ കൈയിലാകുമ്പോള്‍- മലയാളം വാരിക).
കെ.ജി. ജോര്‍ജ്ജിന്റെ ചലച്ചിത്രജീവിതമാണ് ഗ്രന്ഥാലോകം മാസികയുടെ കവര്‍‌സ്റ്റോറി. ജോര്‍ജ്ജിന്റെ സിനിമകളുടെ സവിശേഷതകളും അദ്ദേഹം ആവിഷ്‌കരിച്ച പ്രശ്‌നങ്ങളും അപഗ്രഥിക്കുകയാണ് മിക്ക ലേഖനങ്ങളും. ഐ. ഷണ്‍മുഖദാസ് ഒളിനോട്ടക്കാരന്റെ ഇരകള്‍ എന്ന ലേഖനത്തില്‍ കോലങ്ങള്‍ മുന്‍നിറുത്തി വിവരിക്കുന്നതിങ്ങനെ:' ഇതിവൃത്ത നിബദ്ധമായ കഥാകഥനരീതി ഒഴിവാക്കിക്കൊണ്ട് സാധാരണ സംഭവങ്ങള്‍ കോര്‍ത്തിണക്കി, ഒരു പെണ്‍കുട്ടിയുടെ ജീവിതം, ഒരു ഗ്രാമത്തിന്റെ ജീവിതം സംവിധായകന്‍ അവതരിപ്പിക്കുകയാണ്. പാട്ടും നൃത്തവും ഇല്ലാതെ പച്ചയായ ഗ്രാമജീവിതം ആവിഷ്‌കരിക്കുന്നു. കോലങ്ങള്‍ മലയാളസിനിമയിലെ വേറിട്ട ഒരു പ്രണയകഥ കൂടിയാണ്.'
പോയവാരത്തില്‍ ഏറെ ശ്രദ്ധേയമായ കഥയാണ് അഷിത എഴുതിയ സര്‍പ്പദംശനങ്ങള്‍ (മാധ്യമം). ലളിതമായി തുടങ്ങുന്ന കഥ. അതിന്റെ മന്ദഗതി തകര്‍ക്കാതെ തന്നെ ചടുലത കൈവരിക്കുന്നു. കുടുംബജീവിതമാണ് അഷിതയുടെ കഥയിലെ വിഷയം. കുടുംബജീവിതം എത്ര എഴുതിയാലും മടുപ്പുവരില്ല, പക്ഷേ, എഴുതുന്നത് സര്‍ഗാത്മകതയുടെ തിളക്കത്തില്‍ വേണം. അതാണ് അഷിതയുടെ കഥ വായനക്കാരന് മടുപ്പുളവാക്കാത്തത്. 'വാതില്‍ തുറന്നുകൊണ്ട് വിഷം വമിക്കുന്ന ശാന്തതയോടെ അവള്‍ പറഞ്ഞു. ആദ്യം കാണുന്ന ചെളിയില്‍ ചവിട്ടി, പിന്നെ കാണുന്ന കുളത്തില്‍ കുളിക്കാന്‍ എന്തേ'. ഇങ്ങനെ എളുപ്പത്തില്‍ ഉത്തരം നല്‍കാന്‍ കഴിയാത്ത വിഷമവൃത്തമായി കുടുംബജീവിതം മാറുന്നു. വ്യത്യസ്തമായ അവതരണം സൂക്ഷ്മനിരീക്ഷണം എന്നിവ കൊണ്ട് വേറിട്ടു നില്‍ക്കുന്ന രചനകളാണ് യു. എ. ഖാദറിന്റെ കോഴിക്കോട്ടെ കോലായത്തിണ്ണ (ചന്ദ്രിക ആഴ്ചപ്പതിപ്പ്), വയലാറിലെ രാജമല്ലി (ദേശാഭിമാനി- എം സുരേന്ദ്രന്‍),തിളച്ചു തൂവുന്ന മുലപ്പാല്‍ (ജി. ഉഷാകുമാരി- മലയാളം) എന്നിവ. കോഴിക്കോടിന്റെ സാംസ്‌കാരിക പാരമ്പര്യത്തിലൂടെ യു. എ. ഖാദര്‍ സഞ്ചരിക്കുന്നത്. വീടുവിട്ടുപോകുന്നവരെപ്പറ്റി നിരവധി കവിതകള്‍ ആകുലതയുണര്‍ത്തിയുണ്ട്. പക്ഷേ, ഡോണ മയൂര യുടെ മഷിത്തുള്ളി എന്ന കവിത (മലയാളം) ഹൃദ്യമായൊരനുഭവമാകുന്നത് കവിയുടെ ഗൃഹപാഠം കൊണ്ടാണ്. മനസ്സില്‍ മഷിയായി പടരുന്ന കവിത. 
നിബ്ബ്, ചന്ദ്രിക വാരാന്തപ്പതിപ്പ്, 8/11/2015
കുഞ്ഞിക്കണ്ണന്‍ വാണിമേല്‍

No comments: