എം. ചന്ദ്രപ്രകാശ് അരങ്ങിനെക്കുറിച്ച് എഴുതിയ 'അമ്മുവിന്റെ മുറിവുകള്‍'(കലാകൗമുദി). സൂര്യകൃഷ്ണ മൂര്‍ത്തിയുടെ ദീര്‍ഘചതുരം എന്ന നാടകത്തെ മുന്‍നിര്‍ത്തി എഴുതിയ ലേഖനം ചില കാര്യങ്ങള്‍ വായനക്കാരനെ ഓര്‍മ്മിപ്പിക്കുന്നു: 'നാടകകലയെ പൊളിച്ചെഴുതി അതിനെ കാലത്തിനൊപ്പം സഞ്ചരിക്കാന്‍ പ്രാപ്തരാക്കിയ എത്രയെങ്കിലും നാടകാചാര്യന്മാരും രംഗകലാപ്രതിഭകളും നമുക്കുണ്ടായിട്ടുണ്ട്. അരങ്ങും പ്രേക്ഷകനും തമ്മിലുള്ള അകലം കുറയുകയും അരങ്ങിലെ കഥാപാത്രങ്ങളുമായി കാഴ്ചയുടെ അതിരുകളില്‍ കാണികള്‍ സ്വയം താദാത്മ്യം പ്രാപിക്കുകയും ചെയ്യുന്ന രൂപാന്തരീകരണം'.വ്യത്യസ്തമായ കാഴ്ചപ്പാട് അവതരിപ്പിക്കുകയാണ് ഡോ. ജയകൃഷ്ണന്‍ ടി. ഡോക്ടറുടെ 'ഭരണാധികാരിയായിട്ടും ആരോഗ്യമില്ലാത്ത പെണ്ണുങ്ങള്‍' (മാതൃഭൂമി) എന്ന ലേഖനം ശ്രദ്ധേയമാണ്. ശരീരത്തിന്മേലുള്ള സ്വയം നിര്‍ണയാവകാശം ലോകത്തെവിടെയുമെന്നപോലെ കേരളത്തിലും സ്ത്രീകളില്‍ വളരെയേറെ കുറവാണെന്നാണ് ആരോഗ്യമേഖലയെ മുന്‍നിര്‍ത്തിയുള്ള വസ്തുതാന്വേഷണ പഠനം വ്യക്തമാക്കുന്നത്. പെണ്‍പക്ഷ വായനക്ക് ഇടം നല്‍കുകയാണ് കെ. വി. സുമംഗല- (വാര്‍ത്തയിലെ സ്ത്രീ നിര്‍മ്മിതി-മാധ്യമം). വംശനാശം സംഭവിക്കുന്ന പക്ഷികളെക്കുറിച്ചുള്ള ഉല്‍ക്കണ്ഠ പങ്കുവെക്കുന്ന ലേഖനമാണ് 'സൂര്യനെ മറച്ച ചിറകുകള്‍ '(പി.കെ.ഉത്തമന്‍, മലയാളം). അമേരിക്കന്‍ പക്ഷിശാസ്ത്രത്തിന്റെ പിതാവായ അലക്‌സാണ്ടര്‍ വിന്‍സണ്‍ 1810-ല്‍ കെന്റിലെ ഒരു സംഭവം വിവരിക്കുന്നു. പക്ഷിനിരീക്ഷണത്തില്‍ ഏര്‍പ്പെട്ടിരുന്ന അദ്ദേഹത്തിന്റെ തലയ്ക്കു മുകളിലൂടെ ആകാശം മറച്ച് പക്ഷികളുടെ പ്രവാഹം. അദ്ദേഹം പക്ഷികളെ എണ്ണാന്‍ തുടങ്ങി. സഞ്ചാരിപ്രാവുകളുടെ പ്രവാഹത്തിന് 1.6 കിലോമീറ്റര്‍ വീതിയുണ്ടായിരുന്നു ആ ചിറകാര്‍ന്ന നദിക്ക്. 400 മീറ്റര്‍ നീളവും. 223 കോടിലേറെ സഞ്ചാരിപ്രാവുകള്‍. സാങ്കല്‍പികമായ ഒരു സംഖ്യ. 1910-ല്‍ ഒരൊറ്റ സഞ്ചാരിപ്രാവ് മാത്രം. മാര്‍ത്ത, അവള്‍ മരിച്ചതോടെ ഭൂമിയിലുണ്ടായിരുന്ന സഞ്ചാരിപ്രാവുകളുടെ വംശമറ്റു.അക്ബര്‍ കക്കട്ടിലിന്റെ കഥപറച്ചില്‍ ശൈലിതന്നെ മനോഹരമാണ്. വായനക്കാരന്റെ മനസ്സില്‍ തങ്ങിനില്‍ക്കുംവിധത്തില്‍. അക്ബര്‍ സാധാരണ ചുറ്റുപാടില്‍ നിന്നാണ് കഥ തുടങ്ങുക. കുട്ടികള്‍ ഉണരുന്ന കാലം ( അക്ബര്‍ കക്കട്ടില്‍, മാതൃഭൂമി) എന്ന കഥയും വ്യത്യസ്തമല്ല. 'ക്ഷമിക്കണം സര്‍... ഞാന്‍ വിവരക്കേട് കൊണ്ട് പറഞ്ഞുപോയതാണ്. തുടര്‍ന്ന് സാഹിത്യക്യാമ്പ്, ചര്‍ച്ച, നീലിമയുടെ ഇടപെടല്‍, പ്രതിഷേധിക്കുന്ന മോഹനന്‍ മാഷ്. ക്യാമ്പ് കഴിഞ്ഞ് അമ്മയെ കാത്തുനില്‍ക്കുന്ന നീലിമയാണ് കേന്ദ്രകഥാപാത്രം. ശാന്തന്‍ മാഷും കഥാകൃത്തും. നിലീമയുടെ വാക്കുകളാണ് ഞെട്ടിക്കുന്നത്.'നിങ്ങള്‍ രണ്ടുപേരും ഇവിടെയുള്ളതാ എന്റെ പേടി'- കഥയുടെ ക്ലൈമാക്‌സില്‍ ഇത് വലിയ ചോദ്യമായി നില്‍ക്കുന്നു.വീടകവും ജീവിതവുമാണ് ഗ്രേസിയുടെ കഥാലോകം. അവിടെയാണ് സ്‌കൂട്ടര്‍ പോലും കടന്നുവരുന്നത്. ഗ്രേസിയുടെ പുതിയ കഥ (മരിച്ചവരുടെ സമയം-മലയാളം) വേദനയുടെ സംഗീതമാണ.് ടൈംപീസ് വാങ്ങാന്‍ പുറപ്പെട്ടുപോയ അച്ഛനും മകളും ഒരു ക്ലോക്ക് കൂടി വാങ്ങി. മകള്‍ പറഞ്ഞു.'തളത്തിലെ പരേതാത്മാക്കള്‍ക്കിടയില്‍ ഒരു ശവപ്പെട്ടിയിലെന്നോണം മരിച്ചു കിടന്ന ആ ക്ലോക്ക് ദ്രവിച്ചുപോയ ഇരുമ്പാണിയോടൊപ്പമാണ് തറയില്‍ വീണ് ചിതറിയത്.'പകരം ഒന്ന് വാങ്ങിച്ചു. പക്ഷേ, രോഗിയായി ആശുപത്രിയില്‍ നിന്ന് അയാള്‍ തിരിച്ചെത്തിയപ്പോള്‍ ചുവരില്‍ നിന്ന് പരേതരായവരൊക്കെയും അപ്രത്യക്ഷരായെന്ന് ഒരു ഞെട്ടലോടെ അയാള്‍ തിരിച്ചറിഞ്ഞു. അവര്‍ ഒഴിഞ്ഞുപോയിട്ടും ഓര്‍മ്മകള്‍ നിറഞ്ഞുനില്‍ക്കുന്ന ചതുരങ്ങള്‍ അയാള്‍ വല്ലായ്മയോടെ നോക്കി'. പി.കെ.പാറക്കടവിന്റെ എഴുത്ത് കവിതപോലെയാണ്. 'അവസാനം അക്ഷരങ്ങള്‍ പെറുക്കിക്കൂട്ടി കഥയുണ്ടാക്കുന്ന കൈവിരുത് കൈമോശം വന്ന ഞാന്‍ സ്വന്തം മാളത്തിലേക്ക് ഇഴയുമ്പോള്‍ മനമിളകി മതിയാവോളം ചിരിക്കുന്ന കറുത്ത ഭൂഖണ്ഡത്തിലെ എന്റെ സുഹൃത്ത് മൊഴിയുന്നു- അനുഗു വന്‍ തകയ്യ ഗുരിക. 'ഈത്തപ്പന' എന്ന കഥയിലെ ഒരു ചെറിയഭാഗം വായിക്കുമ്പോള്‍ ഞാന്‍ വീണ്ടും ബഹ്‌റൈനിലെത്തുന്നു' (ഓര്‍മ്മകളുടെ പായ്ക്കപ്പല്‍, അനുഭവം ഓര്‍മ്മ, യാത്ര). സി.രാധാകൃഷ്ണന്റെ 'വീണ്ടുവിചാരം' (മലയാളം പംക്തി) വായനയില്‍ വേറിട്ടു നില്‍ക്കുന്നു. ആഹാരത്തിനായുള്ള ഇടപാടുകളില്‍ എവിടെയാണ് ഹിംസ തുടങ്ങുന്നതെന്നോ അഹിംസ അവാസാനിക്കുന്നതെന്നോ ആരാണ് നിശ്ചയിക്കേണ്ടത്? ബാഹ്യമായ ഇടപെടല്‍ ഒരിക്കലും ന്യായമാവില്ല.ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ ബാബു ഭരദ്വാജ് എഴുതുന്ന കഥയാഴത്തില്‍ രാത്രിയാണ് കടന്നുവരുന്നത്- ' എന്തൊക്കെയായാലും രാത്രി ലോകം ഉറങ്ങുമ്പോള്‍ പ്രശ്‌നങ്ങള്‍ ഉരുത്തിരിയാതിരിക്കില്ല. നാളെയും പ്രശ്‌നപരിഹാരങ്ങള്‍ വേണമല്ലോ. എന്നാലും എപ്പോഴും പരിഹാരം കാണാതെ കുറേ പ്രശ്‌നങ്ങള്‍ ബാക്കിയാവും...അച്ഛനും മകനുമാണ് പമ്പരത്തിലെ കഥാപാത്രങ്ങള്‍. എം.എസ് സുബ്ബലക്ഷ്മിയുടെ ജീവിതവും സംഗീതലോകവും അവതരിപ്പിക്കുന്ന ടി. എം. കൃഷ്ണയുടെ ലേഖനമാണ് ദേശാഭിമാനിയിലെ പ്രധാന വിഭവം. സംഗീതപ്രിയര്‍ക്ക് ഇഷ്ടവിഷയമാകും. കുഞ്ഞിക്കണ്ണന്‍ വാണിമേല്ചന്ദ്രിക വാരാന്തപ്പതിപ്പ്, നിബ്ബ്-നവംബര്‍ 22, 2015
രാഷ്ട്രീയ വിശകലനത്തില്‍ ശ്രദ്ധേയമായ അഭിമുഖമാണ് 'അവര്‍ ചോരപ്പുഴ ആഗ്രഹിക്കുന്നു'(കെ വേണു/ താഹാ മാടായി, പച്ചക്കുതിര). നേരത്തെ സംഘ്പരിവാറിന് നിയമവാഴ്ചയെ അല്‍പം ഭയമുണ്ടായിരുന്നു. പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയിക്കും നിയമവാഴ്ചയെ കുറെയൊക്കെ ഭയമുണ്ടായിരുന്നു. ഇപ്പോഴത് ഒട്ടും ഇല്ല. നിയമവാഴ്ചയെ അവര്‍ ഒട്ടും പരിഗണിക്കുന്നില്ല. ഈ അന്തരീക്ഷമാറ്റത്തിന്റെ കാരണം മോദി- അമിത്ഷാ രംഗപ്രവേശമാണ്... -വേണു വര്‍ത്തമാനകാലത്തെ നിരീക്ഷിക്കുന്നു.എസ്.ജയചന്ദ്രന്‍ നായരുടെ വാക്കുകളും എഴുത്തും വായനക്കാരനെ കൂടെ നടത്തിക്കുന്നത് അവ നല്‍കുന്ന അറിവിന്റെ തീരങ്ങളാണ്. നിസ്സഹായരാകുന്ന ഞാന്‍ (മാധ്യമം) എന്ന ലേഖനത്തിലും ജയചന്ദ്രന്‍ നായര്‍ പതിവുശൈലി തെറ്റിക്കുന്നില്ല.കേരളത്തില്‍ മുഴങ്ങിയ മേഘഗര്‍ജ്ജനത്തില്‍ സാര്‍വദേശീയമായ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ സ്വാധീനം പ്രകടമായിരുന്നു. തന്നെ കാത്തിരുന്ന പ്രാദേശികമായ ഭാവിയെ ഇടങ്കൈകൊണ്ട് തെന്നിത്തെറിപ്പിച്ച് കലാപത്തിന്റെ വഴിയിലെത്തിയ കെ.വേണു അതിന്റെ തിളങ്ങുന്ന ഒരു ഉദാഹരണമായിരുന്നു...'എന്ന് പറയുന്നു. പ്രക്ഷുബ്ധകാലത്തിന്റെ മുഴക്കം ഈ ലേഖനത്തിലുണ്ട്. എഴുത്തിടത്തിന്റെ മാറ്റത്തെപ്പറ്റിയാണ് എം. ആര്‍. വിഷ്ണുപ്രസാദ് എഴുതുന്നത്: പത്രമാധ്യമങ്ങളോ മുന്‍തലമുറ എഴുത്തുകാരോ സമ്മാനിച്ച സ്ഥലത്തല്ല പുതുതലമുറ അവരുടെ ആവിഷ്‌കാരങ്ങള്‍ പ്രകാശിപ്പിക്കുന്നത്. നവമാധ്യമം നല്‍കിയ എഴുത്തിടത്തില്‍ ഓരോരുത്തരും അവരവരുടെ അച്ചടിശാലകള്‍ പണിതു... (പച്ചക്കുതിര, സാഹിത്യവും ടെക്‌നോളജിയും).ബാലസാഹിത്യത്തിന്റെ മാമ്പഴക്കാലം അടയാളപ്പെടുത്തിയ പി. നരേന്ദ്രനാഥിനെപ്പറ്റി മകള്‍ സുനീത നെടുങ്ങാടി എഴുതിയ ലേഖനം ശ്രദ്ധേയമാണ് (ചന്ദ്രിക ആഴ്ചപ്പതിപ്പ്). എല്ലാം എളുപ്പം വിസ്മരിക്കപ്പെടുന്ന കാലത്ത് നരേന്ദ്രനാഥിനെപോലുള്ള പ്രതിഭയെ ഓര്‍മ്മിക്കുക എന്നത് ചെറിയ കാര്യമല്ല. വായനയില്‍ കനപ്പെട്ട വിഭവമാണിത്.സമയത്തെ സംഗീതകലയാക്കിയ, ദിനോസറുകളില്‍ ജീവിതത്തിന്റെ ആരോഹണം വായിച്ചെടുത്ത എഴുത്തുകാരന്‍ മേതില്‍ രാധാകൃഷ്ണനുമായി കഥാകൃത്ത് ടി.കെ. ശങ്കരനാരായണന്‍ നടത്തിയ അഭിമുഖത്തില്‍ മേതിലിന്റെ വ്യക്തിചിത്രം വരച്ചിടുന്നു: പറയുന്ന പലതും മനസ്സിലാകാതിരുന്നിട്ടും സാമ്പിള്‍ നിറച്ച മരുന്നു ബാഗും ചുമന്ന് ഷര്‍ട്ട് ഇന്‍ചെയ്ത് ബൈക്കില്‍ ഇറങ്ങിയിരുന്ന എന്നെ ജോലിയില്‍ നിന്നും വിലക്കി ആ പടിവാതിക്കല്‍ എത്തിച്ചിരുന്നത് മേതിലിന്റെ കളങ്കമില്ലാത്ത പെരുമാറ്റമായിരുന്നു. സ്‌നേഹം മാത്രമല്ല, മേതിലിനടുത്തിരിക്കുമ്പോള്‍ എന്തിനെന്നറിയാത്ത ഒരു സുരക്ഷിതത്വംപോലും തോന്നിയിരുന്നു.' ഇങ്ങനെ വായിക്കുമ്പോള്‍ വലിയൊരു ചോദ്യം മനസ്സില്‍ നിറയുന്നു-ഇത്തരമൊരു വ്യക്തിചിത്രം ഇക്കാലത്ത് എത്ര എഴുത്തുകാരെപ്പറ്റി എഴുതാന്‍ സാധിക്കും? (അടുക്കളയുടെ രാഷ്ട്രീയം ഞാനറിഞ്ഞു- മാതൃഭൂമി).വിഷയം ഏതായാലും കഥ എങ്ങനെ പറയണം എന്നതില്‍ കണിശമായ നിലപാടുള്ള എഴുത്തുകാരനാണ് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്. മികച്ചൊരു ഉദാഹരണമാണ് ഭാഷാപോഷിണിയില്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് എഴുതിയ 'നഗരത്തിലെ കുയില്‍' എന്ന കഥ. ഒരിടത്ത് ഒരാളുണ്ടായിരുന്നു. അയാള്‍ ഒരു ദിവസം മൊറാവി എന്ന സ്ഥലത്തേക്ക് ഒരു വിനോദയാത്ര പോയി...എന്നിങ്ങനെ പതിഞ്ഞതാളത്തില്‍ തുടങ്ങുന്നു. ക്രമേണ കുടുംബജീവിതം, യാത്ര, ഭാര്യ, മൊബൈല്‍ഫോണ്‍, ഐടി ലോകം, ദാമ്പത്യപ്പോര് തുടങ്ങി കഥയില്‍ ഒട്ടേറെ അടരുകള്‍.' അയാളുടെ വിലകൂടിയ മൊബൈല്‍ഫോണ്‍ ഒട്ടും ഉപയോഗിക്കപ്പെടാത്ത ഹൃദയംപോലെ ഏകാന്തമായി നശിച്ചുതുടങ്ങി. ജീവിതത്തിന്റെ പൊരുള്‍ മനോഹരമായി പറഞ്ഞുവെക്കുന്ന കഥ.ചില പംക്തികള്‍ വായനക്കാരന്റെ മനസ്സില്‍ ഇടംപിടിക്കുന്നത് അത് നിവര്‍ത്തിയിടുന്ന അറിവിന്റെ വിശാലത കൊണ്ടാണ്. ദേശാഭിമാനിയില്‍ വി.സുകുമാരന്റെ ഓപ്പണ്‍ വിന്റോ ഇങ്ങനെയൊരു പംക്തിയാണ്. ഈ ലക്കത്തില്‍ നോവലിന്റെ നീളമാണ് സുകുമാരന്റെ വിഷയം. മാര്‍സല്‍ഫ്രൂസ്റ്റിന്റെ കൃതിയാണോ, റിച്ചാര്‍ഡ്‌സിന്റെ ക്ലാരിസ ആണോ വലിയ നോവല്‍? ചോദ്യത്തിലൂടെ മലയാളത്തിലെ സി.വി.രാമന്‍പിള്ളയെ വരെ ഓര്‍മ്മയിലേക്ക് കൊണ്ടുവരുന്നു. കവിതയുടെ ഹൃദ്യത അനുഭവപ്പെടുത്തുകയാണ് ഡോണ മയൂര. 'ഏതു ദേശത്തുമുണ്ട്/പല ഭാഷകളില്‍/ ഒരേ സങ്കടം...' (വെയില്‍പൂക്കളാല്‍..., മാധ്യമം).കുഞ്ഞിക്കണ്ണന്‍ വാണിമേല്‍,ചന്ദ്രിക വാരാന്തപ്പതിപ്പ് നവംബര്‍ 15, 2015-നിബ്ബ്
പ്രശസ്ത സംവിധായകന്‍ ലൂയി ബുനുവലിന്റെ വിറിഡിയാന എന്ന ചിത്രത്തില്‍, വിശ്വാസത്തകര്‍ച്ചയ്ക്കുശേഷം വെറുമൊരു വ്യക്തിത്വമായി രൂപാന്തരപ്പെട്ട വിറിഡിയാന ജോര്‍ജ്ജും റമോണയും ഒന്നിച്ചുള്ള ചീട്ടുകളി സീനില്‍ കലരുന്നത് ജാസ്‌സംഗീതമാണ്. മുറിയില്‍ നിന്ന് ക്യാമറ പിന്‍വാങ്ങുമ്പോള്‍ ഒടുവിലത്തെ ഇമേജിനുമേല്‍ അതിന്റെ താളം ദ്രുതവും ഉന്മത്തവുമാകുന്നുണ്ട്. കാലത്തെ അതിജീവിക്കുന്ന ചിത്രനിമിഷം എന്നു പേരിട്ടുവിളിക്കാവുന്ന സീന്‍. ബുനുവലിന്റെ അസാധാരണ പ്രതിഭയുടെ തിളക്കം കൂടിയാണിത്. ഈ സീന്‍ ഓര്‍മ്മയിലെത്തിച്ചത് കേരളഭാഷ, സമൂഹം, സംസ്‌കാരം എന്ന മാധ്യമം പതിപ്പാണ്. മാറുന്ന കാലത്ത് പ്രാദേശികഭാഷകള്‍ നേരിടുന്ന പ്രതിസന്ധികള്‍ ഇതിനകംതന്നെ ചര്‍ച്ചയായിട്ടുണ്ട്. ലോകത്ത് പല ഭാഷകളും നശിക്കുകയോ, പിന്‍വാങ്ങുകയോ ചെയ്തുകൊണ്ടിരിക്കുന്നു. ചില സ്ഥലങ്ങളില്‍ മൃതപ്രായമായ ഭാഷകള്‍ കരുത്താര്‍ജ്ജിച്ചു തിരിച്ചുവരുന്നു. അക്കാദമിക താല്‍പര്യങ്ങളും അധികാരകേന്ദ്രങ്ങളും ഭാഷകള്‍ക്കുമേല്‍ നടത്തുന്ന കടന്നുകയറ്റമാണിത്. മലയാളഭാഷയുടെ നിലനില്‍പ് ഇനി എത്രകാലമെന്ന് പലപ്പോഴും ഭാഷാ സ്‌നേഹികള്‍ ചോദിച്ചു തുടങ്ങിയിട്ടുണ്ട്. ഭാഷ സംവേദന മാധ്യമം മാത്രമല്ല, മനുഷ്യജീവിതത്തിന്റെ താളവും രാഗവുമാണ്. അധിനിവേശത്തിന്റെ പടയോട്ടത്തില്‍ പല ഭാഷകളും നിര്‍ജീവമായിട്ടുണ്ട്. ഭാഷാപ്രശ്‌നത്തിന്റെ കാതല്‍ എന്ന ലേഖനത്തില്‍ കെ.പി.രാമനുണ്ണി (മാധ്യമം) എഴുതി: 'മാതൃഭാഷാ മാധ്യമം ശാസ്ത്രത്തിന്റെയും ഗണിതത്തിന്റെയും പഠനത്തില്‍ മാത്രമല്ല, അന്യഭാഷാ പഠനത്തിനു കൂടി അത്യന്തം ഗുണകരമാണെന്നാണ് പുതിയ കണ്ടെത്തല്‍...' മാതൃഭാഷയുടെ മാഹാത്മ്യം തിരിച്ചറിയുമ്പോഴാണ് ജീവിതത്തിന്റെ താളവും രാഗവും സജീവമാകുക. ബുനുവല്‍ ചിത്രത്തിലെ സീന്‍ ഓര്‍മ്മിപ്പിക്കുന്നതും മറ്റൊന്നല്ല. ഫാഷിസത്തിന്റെ പ്രശ്‌നങ്ങളിലേക്കാണ് സേതുവും വെങ്കിടേഷ് രാമകൃഷ്ണനും വായനക്കാരെ നയിക്കുന്നത്. 'പതിറ്റാണ്ടു നീണ്ട ഒരു ബൃഹത് ഹിന്ദുത്വ പ്രൊജക്റ്റിന്റെ ഏറ്റവും പുതിയ നടപ്പാക്കല്‍ രീതികള്‍ക്കാണ് ബീഫ് നിരോധനവും ദളിത് കൊലയും മുസ്‌ലിം ആക്രമണവുമൊക്കെയായുള്ള സമീപകാല ഇന്ത്യന്‍ സാമൂഹിക അവസ്ഥ സാക്ഷ്യം വഹിക്കുന്നത്.' എന്നിങ്ങനെ വെങ്കിടേഷ് രാമകൃഷ്ണന്‍ കാം ജാരീ ഹെ ഭായ് എന്ന ലേഖനത്തില്‍ (മാതൃഭൂമി) വ്യക്തമാക്കുന്നു. സാഹിത്യ അക്കാദമി വിവാദവുമായി ബന്ധപ്പെട്ട് സേതുവും ഫാഷിസത്തിന്റെ മറ്റൊരു മുഖം അനാവരണം ചെയ്യുന്നു.' മുമ്പുണ്ടാകാത്ത തരത്തില്‍ പുകഞ്ഞു കൊണ്ടിരിക്കുകയാണ് നമ്മുടെ സാംസ്‌കാരിക രംഗം...' (സംസ്‌കാരവും അവരുടെ കൈയിലാകുമ്പോള്‍- മലയാളം വാരിക).കെ.ജി. ജോര്‍ജ്ജിന്റെ ചലച്ചിത്രജീവിതമാണ് ഗ്രന്ഥാലോകം മാസികയുടെ കവര്‍സ്റ്റോറി. ജോര്‍ജ്ജിന്റെ സിനിമകളുടെ സവിശേഷതകളും അദ്ദേഹം ആവിഷ്‌കരിച്ച പ്രശ്‌നങ്ങളും അപഗ്രഥിക്കുകയാണ് മിക്ക ലേഖനങ്ങളും. ഐ. ഷണ്‍മുഖദാസ് ഒളിനോട്ടക്കാരന്റെ ഇരകള്‍ എന്ന ലേഖനത്തില്‍ കോലങ്ങള്‍ മുന്‍നിറുത്തി വിവരിക്കുന്നതിങ്ങനെ:' ഇതിവൃത്ത നിബദ്ധമായ കഥാകഥനരീതി ഒഴിവാക്കിക്കൊണ്ട് സാധാരണ സംഭവങ്ങള്‍ കോര്‍ത്തിണക്കി, ഒരു പെണ്‍കുട്ടിയുടെ ജീവിതം, ഒരു ഗ്രാമത്തിന്റെ ജീവിതം സംവിധായകന്‍ അവതരിപ്പിക്കുകയാണ്. പാട്ടും നൃത്തവും ഇല്ലാതെ പച്ചയായ ഗ്രാമജീവിതം ആവിഷ്‌കരിക്കുന്നു. കോലങ്ങള്‍ മലയാളസിനിമയിലെ വേറിട്ട ഒരു പ്രണയകഥ കൂടിയാണ്.'പോയവാരത്തില്‍ ഏറെ ശ്രദ്ധേയമായ കഥയാണ് അഷിത എഴുതിയ സര്‍പ്പദംശനങ്ങള്‍ (മാധ്യമം). ലളിതമായി തുടങ്ങുന്ന കഥ. അതിന്റെ മന്ദഗതി തകര്‍ക്കാതെ തന്നെ ചടുലത കൈവരിക്കുന്നു. കുടുംബജീവിതമാണ് അഷിതയുടെ കഥയിലെ വിഷയം. കുടുംബജീവിതം എത്ര എഴുതിയാലും മടുപ്പുവരില്ല, പക്ഷേ, എഴുതുന്നത് സര്‍ഗാത്മകതയുടെ തിളക്കത്തില്‍ വേണം. അതാണ് അഷിതയുടെ കഥ വായനക്കാരന് മടുപ്പുളവാക്കാത്തത്. 'വാതില്‍ തുറന്നുകൊണ്ട് വിഷം വമിക്കുന്ന ശാന്തതയോടെ അവള്‍ പറഞ്ഞു. ആദ്യം കാണുന്ന ചെളിയില്‍ ചവിട്ടി, പിന്നെ കാണുന്ന കുളത്തില്‍ കുളിക്കാന്‍ എന്തേ'. ഇങ്ങനെ എളുപ്പത്തില്‍ ഉത്തരം നല്‍കാന്‍ കഴിയാത്ത വിഷമവൃത്തമായി കുടുംബജീവിതം മാറുന്നു. വ്യത്യസ്തമായ അവതരണം സൂക്ഷ്മനിരീക്ഷണം എന്നിവ കൊണ്ട് വേറിട്ടു നില്‍ക്കുന്ന രചനകളാണ് യു. എ. ഖാദറിന്റെ കോഴിക്കോട്ടെ കോലായത്തിണ്ണ (ചന്ദ്രിക ആഴ്ചപ്പതിപ്പ്), വയലാറിലെ രാജമല്ലി (ദേശാഭിമാനി- എം സുരേന്ദ്രന്‍),തിളച്ചു തൂവുന്ന മുലപ്പാല്‍ (ജി. ഉഷാകുമാരി- മലയാളം) എന്നിവ. കോഴിക്കോടിന്റെ സാംസ്‌കാരിക പാരമ്പര്യത്തിലൂടെ യു. എ. ഖാദര്‍ സഞ്ചരിക്കുന്നത്. വീടുവിട്ടുപോകുന്നവരെപ്പറ്റി നിരവധി കവിതകള്‍ ആകുലതയുണര്‍ത്തിയുണ്ട്. പക്ഷേ, ഡോണ മയൂര യുടെ മഷിത്തുള്ളി എന്ന കവിത (മലയാളം) ഹൃദ്യമായൊരനുഭവമാകുന്നത് കവിയുടെ ഗൃഹപാഠം കൊണ്ടാണ്. മനസ്സില്‍ മഷിയായി പടരുന്ന കവിത. നിബ്ബ്, ചന്ദ്രിക വാരാന്തപ്പതിപ്പ്, 8/11/2015കുഞ്ഞിക്കണ്ണന്‍ വാണിമേല്‍