``മധുവര്‍ണ്ണ പൂവല്ലേ
നറുനിലാ പൂമോളല്ലേ
മധുര പതിനേഴില്‍
ലങ്കി മറിയുന്നോളേ''
പി.സി.ലിയാഖത്തിന്റെ ശബ്ദത്തില്‍ മലയാളികളുടെ മനസ്സില്‍ തളിര്ത്തുനില്ക്കുന്ന ഈ മാപ്പിളപ്പാട്ട് എഴുതിയത് നാലുപതിറ്റാണ്ടു മുമ്പ് വടകരയിലെ എസ്.വി. ഉസ്മാന്. സംഗീതത്തിന്റേയും ആയുര്‍വേദത്തിന്റേയും മണവും സ്പര്‍ശവും ആവോളം നുകരുന്ന ഉസ്മാന്റെ ഓര്‍മ്മയില്‍ വടക്കന്‍ മലബാറിന്റെ ചരിത്രത്താളുകളും ചിത്രപംക്തികളും നിറയുന്നു.
പോയകാലത്തിന്റെ ധൂളീപടലങ്ങളിലുറങ്ങുന്ന നാട്ടറിവുകളും കഥകളും ചരിത്രാംശങ്ങളും എപ്പോഴും നമ്മെ മാടിവിളിക്കാറുണ്ട്. ഒരു കുട്ടിയുടെ കൗതുകമനസ്സോടെ ഇന്നലേകളുടെ ആഴങ്ങളിലേക്കിറങ്ങുമ്പോള്‍ നമ്മെ വലയം ചെയ്യുന്ന അനുഭൂതി അനിര്‍വ്വചനീയമാണ്. ബാല്യകാലം ഓര്‍ത്തെടുക്കുമ്പോള്‍ മനസ്സില്‍ തെളിയുന്നത് വടകര താഴെഅങ്ങാടിയിലെ വ്യാപാര കേന്ദ്രമാണ്. ഗുജറാത്തി സേട്ടുമാരുടെ കൊപ്രവ്യാപാരവും വടകര കടപ്പുറത്ത് നങ്കൂരമിടുന്ന ചരക്കുകപ്പലുകളും. നാലുുവയസ്സുകാരന്‍ ഉസ്മാന് ബാപ്പയുടെ കൂടെ കടപ്പുറത്തും താഴെഅങ്ങാടിയിലും വൈകുന്നേരങ്ങളില്‍ ചുറ്റിക്കറങ്ങുമായിരുന്നു. വടകര എന്നാല്‍ താഴങ്ങാടിയായിരുന്നു. കച്ചവടത്തിന്റെ മാത്രമല്ല, സംഗീതത്തിന്റേയും ലോകം. ഉസ്മാന്റെ പിതാവ് കടവത്ത് ബാബ വടകരയിലെ ആദ്യകാല സ്റ്റേഷനറിക്കച്ചവടക്കാരനായിരുന്നു. കലാകാരന്മാരുമായും പാട്ടുകാരുമായും ഉറ്റ ചങ്ങാത്തം പുലര്‍ത്തിയ അദ്ദേഹം നല്ലൊരു ഹാര്‍മോണിയം വായനക്കാരനുമായിരുന്നു. ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ വടകരയില്‍ കച്ചേരിക്ക് വന്നപ്പോള്‍ (ഭാഗവതരുടെ സംഗീതകച്ചേരിക്ക് സ്ഥിരം ഹാര്‍മോണിയം വായിച്ചിരുന്ന ആള് സ്ഥലത്ത് എത്തിച്ചേരാന്‍ പത്തുമിനിറ്റ് വൈകി.) കച്ചേരി തുടങ്ങാന്‍ ചെമ്പൈക്കു വേണ്ടി പത്തുമിനിറ്റു ഹാര്‍മോണിയത്തില്‍ ശ്രുതിയിട്ടത് ബാബയായിരുന്നു. ക്ലാസിക്കലും ഖവാലിയും ഹിന്ദുസ്ഥാനിയും എല്ലാം ബാബക്ക് പ്രിയമാണ്. ഒപ്പം കഥകളിയും നാടകവും. താഴെഅങ്ങാടിയില് അക്കാലത്ത് നിരവധി നാടകങ്ങള്‍ അദ്ദേഹവും കൂട്ടുകാരും കളിപ്പിച്ചിട്ടുണ്ട്. വടക്കേ മലബാറിലെ, പ്രത്യേകിച്ച് കടത്തനാട് പ്രദേശങ്ങളിലെ ജനസഞ്ചയത്തിന്റെ ആചാരവിശ്വാസങ്ങളില്‍ വേരു പടര്‍ത്തിനില്‍ക്കുകയാണ് ഉസ്മാന്റെ ഓര്‍മ്മകള്‍.
ഫോര്‍ ബ്രദേഴ്സ്
ഉസ്മാന്റെ പിതാവ് ബാബയും അദ്ദേഹത്തിന്റെ മൂന്നു സഹോദരന്മാരും ചേര്‍ന്ന് വടകരയില്‍ ഒരു സംഗീത ട്രൂപ്പുണ്ടാക്കി. സഹോദരന്മാര് പാടുകയും ഇന്‍സ്ട്രുമെന്റുകള്‍ വായിക്കുകയും ചെയ്തു. അക്കാലത്ത് വടകരയില്‍ സംഗീത സംവിധായകന് ബാബുരാജിന്റെ പിതാവ് ജാന്‍ മുഹമ്മദ്, കെ.ജി.സത്താറുടെ പിതാവ് ഗുല്‍ മുഹമ്മദ് എന്നിവരെല്ലാം ഒത്തുകൂടും. അവര്‍ക്കൊപ്പം ബാബയും ഉണ്ടാകും. പില്ക്കാലത്ത് സംഗീതവൃന്ദത്തില്‍ എസ്. എം. കോയയും ബാബുരാജും മറ്റും എത്തി. ബാബയുടെ ഗ്രൂപ്പില്‍ ഖവാലി പാട്ടുകാരന് ബാര്‍ദ്ദാന്‍ അബ്ദുറഹിമാനും ഉണ്ടായിരുന്നു. അങ്ങനെ സംഗീതത്തിന്റെ അന്തരീക്ഷത്തിലായിരുന്നു ഉസ്മാന്റെ ബാല്യം.
മലബാര്‍ കലാപം
മലബാര്‍ കലാപത്തിന്റെ കാലത്താണ് ഉസ്മാന്റെ പിതാവ് ബാബ വടകര എത്തുന്നത്. മലപ്പുറത്തെ നാലകത്ത് തറവാട്ടിലെ അംഗമായ ബാബയുടെ സ്ഥലം വെട്ടത്തു പുതിയങ്ങാടിയാണ്. വടകര കോട്ടക്കലിലാണ് വിവാഹം ചെയ്തത്. കലാപത്തിന്റെ ദുരിതങ്ങളും അന്നത്തെ സാമൂഹികാന്തരീക്ഷവും ബാബയുടെ മനസ്സില്‍ തീക്കനലുകളായി. പിന്നീട് അദ്ദേഹം ഹാര്‍മോണിയത്തിന്റെ ശ്രുതിയില്‍ അലിയിച്ചെടുത്തത് ആ വേദനകള്‍ തന്നെയായിരുന്നെന്ന് ഉസ്മാന് കരുതുന്നു.
കൊപ്രക്കച്ചവടം
താഴെഅങ്ങാടിയിലെ കൊപ്രക്കച്ചവടം അന്ന് പ്രസിദ്ധമായിരുന്നു. സേട്ടുമാരും അവരുടെ വ്യാപാരവും. സോട്ടുമാര്‍ സംഗീതത്തോട് ആഭിമുഖ്യമുള്ളവരും. കൊപ്രവ്യാപാരത്തില്‍ പ്രശസ്തി നേടിയ വടകരയിലെ പെരുവാട്ടിന്‍താഴ ചരിത്രത്തിലിടം നേടാന്‍ തുടങ്ങിയത് പില്ക്കാലത്താണ്. കിഴക്കന്‍മലയോരത്തു നിന്ന് കാളവണ്ടിയിലായിരുന്നു ആദ്യകാലത്ത് കൊപ്ര എത്തിയിരുന്നത്. നാദാപുരം, കുറ്റിയാടി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് കൊപ്ര എത്തിയത്. പിന്നീട് വാനുകളിലും ലോറികളിലുമായിട്ടാണ് കൊപ്ര എത്തിയത്. പെരുവാട്ടിന്‍താഴയിലെ വ്യാപാരത്തിന്റെ നല്ലനാളുകള്‍ കടന്നുപോയി. തലച്ചുമട് എടുക്കുന്ന സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്തിരുന്നതും പെരുവാട്ടിന്‍ താഴെയായിരുന്നു. വടകര കോട്ടപ്പറമ്പ് പിന്നീടാണ് അങ്ങാടിയായി മാറിയത്. കോട്ടപ്പറമ്പിലെ ആഴ്ചച്ചന്തയും കുലച്ചന്തയും വടകരയുടെ ചരിത്രത്തില്‍ ഇടംനേടി. പട്ടണത്തിന്റെ മാറ്റവും വ്യാപാര കേന്ദ്രങ്ങള്‍ വ്യാപിച്ചതും ഉസ്മാന്റെ കണ്ണുകളില്‍ നിറഞ്ഞുനില്ക്കുന്നു. ഇന്ന് കോട്ടപ്പറമ്പിലെ ചന്തകള്‍ ചരിത്രത്തിന്റെ ഭാഗമായിക്കൊണ്ടിരിക്കുന്നു. വടകരയിലെ അരിമുറുക്കും ശര്‍ക്കരയും ഓര്‍മ്മകളിലേക്കും. പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ `സ്മാരകശിലകള്‍'എന്ന നോവലില്‍ അരിമുറുക്ക് വില്‍പ്പനക്കാര്‍ ജീവിക്കുന്നു. ഉസ്മാന്റെ യൗവ്വനത്തോടൊപ്പം പുതിയ ബസ്സ്റ്റാന്റും നാരായണനഗരവും എല്ലാം രൂപപ്പെട്ടു. പഴയ വടകര മാറി. ഉസ്മാന്റെ ജീവിതവും.
ആയുര്‍വേദ ഏജന്‍സി
കോട്ടക്കല്‍ ആര്യവൈദ്യശാല വടകരയില്‍ ഏജന്‍സി തുടങ്ങാന്‍ ആലോചിച്ചപ്പോള്‍ അതിന്റെ ചുമതല ഏല്‍പ്പിച്ചത് ഉസ്മാന്റെ ബാപ്പയെ ആയിരുന്നു. കാരണം വടകരയില്‍ വ്യാപാരത്തിന്റേയും കലയുടേയും രംഗത്ത് അന്ന് കടവത്ത് ബാബ നിറഞ്ഞുനില്‍ക്കുന്നകാലം. പി.എം.വാര്യര്‍ ആയിരുന്നു അന്ന് ഏജന്‍സി ബാബക്ക് നല്‍കിയത്. ഉസ്മാന് വളര്‍ന്നപ്പോള്‍ ബാപ്പ തുടങ്ങിവെച്ച ആയുര്‍വേദ സ്ഥാപനം ഏറ്റെടുത്തു. സംഗീതം നിറഞ്ഞ മനസ്സില്‍ ആയുര്‍വേദവും മരുന്നുകളുടെ ഗന്ധവും പച്ചപിടിച്ചു. ഇപ്പോഴും ഉസ്മാന്റെ ലോകം ആയുര്‍വേദ കട തന്നെ.
സൂഫിസവും
സംഗീതവും
സുകൂള്‍ വിദ്യാഭ്യാസത്തിനു ശേഷം തുടര്‍ന്നു പഠിക്കാന്‍ ഉസ്മാന് കഴിഞ്ഞില്ല. ഉത്തരവാദിത്വങ്ങളുടെ ഇടയില്‍ പിടഞ്ഞനാളുകളായിരുന്നു. ഹാര്‍മോണിയത്തിന്റെ താളരാഗങ്ങള്‍ പതിഞ്ഞ വിരല്‍ത്തുമ്പില്‍ പേര്‍ഷ്യന്‍ സൂഫി ഹല്ലാജിയുടെ വെളിപാടുകളും പാക്കിസ്ഥാനി ഗായകന് മേഹ്ജി ഹസ്സന്റേയും ലതാമങ്കേഷ്കറിന്റേയും ഗാനങ്ങള്‍ കുടിയേറി. ബൂല്‍ബിസ്ലി, നിസാര്‍ ഖബ്ബാനി,ഷജാത്ത് ഹുസൈന് ഖാനും ഇറാനിഖാനും (സിത്താര്‍) എല്ലാം ചേരുകയായിരുന്നു ഉസ്മാന്റെ തട്ടകത്തില്‍. `ആപ് കീ നസ്റോ....' ചുണ്ടിലും മനസ്സിലും തിളങ്ങി.
കടയുടെ ഒറ്റമുറിയില്‍ പ്രിജ്റ്റ് കാപ്രയും ഖലീല്‍ ജിബ്രാനും ജിദ്ദു കൃഷ്ണമൂര്‍ത്തിയും ഉസ്മാന്റെ വായനയെ വിശാലതകളിലേക്ക് കൂട്ടിക്കൊണ്ടുപോയി. തലതാഴ്ത്തി മുട്ടുമടക്കി, മുതുക് വളച്ച് ജീവിതത്തില്‍ അനുസരണത്തിന്റെ ഒരു രൂപകംപോലെ എസ്.വി.ഉസ്മാന്. അധികാര സ്വരൂപങ്ങള്‍ക്ക് മുമ്പില്‍ വ്യക്തിജീവിതം നിസ്സാരവും തുച്ഛവുമായി പോകുന്നത് സിവില്‍ സമൂഹത്തിന്റെ പ്രത്യേകതയാണെന്ന് ഉസ്മാന് തിരിച്ചറിഞ്ഞു. ആത്മഭാഷണമായി ജീവിതം പകര്‍ത്തെഴുതുമ്പോള്‍ വിട്ടുപോകുന്നത് പറയാന്‍ കരുതിവെച്ച കാര്യങ്ങള്‍ തന്നെയാണെന്ന് എസ്,വി,യും തിരിച്ചറിഞ്ഞു.
ആരോ കൊളുത്തിവെച്ച
മാന്ത്രികവിളക്ക്
സാധാരണ ഒരു തിരശീലക്ക് പിന്നിലാണ് കവിയുടെ പണിപ്പുര. ഈ കീഴ്വഴക്കം ഇവിടെ തലകീഴ്മേല്‍ മറിയുകയാണ്. ഉസ്മാന്റെ കാവ്യലോകം തിടംവെക്കുന്നത് ജോലി ചെയ്യുന്ന ഒറ്റമുറിയില്‍ത്തന്നെ. അദ്ദേഹം എഴുതിയതുപോലെ: `മസിലുകള്‍ മുഴുവന്‍, എഴുന്ന് കാണത്തക്കവിധം, നിര്‍ഭയം നെഞ്ച് വിരിച്ച്, കറങ്ങുന്ന സീലിംങ് ഫാനില്‍ കണ്ണുംനട്ട് നീണ്ട് മലര്‍ന്ന്...' കവിതയുടെ ഈ കിടപ്പ് ജീവിതത്തിലേക്ക് വിവര്‍ത്തനം ചെയ്യുകയാണ് ഉസ്മാന്.
വൈലോപ്പിള്ളിയെ കവിതാ വായനയില്‍ തിടമ്പേറ്റി നടത്തിക്കുന്ന ഉസ്മാന് എഴുത്തിലും ഒറ്റയാനിരിപ്പ് കൂടെചേര്‍ത്തു. അധികം എഴുതിയില്ല. എഴുതിക്കഴിഞ്ഞവ പ്രസിദ്ധീകരണത്തിന് അയക്കുന്നതും കുറവ്. ആദ്യകവിത പ്രസിദ്ധപ്പെടുത്തിയത് വയലാറിന്റെ പത്രാധിപത്യത്തിലിറങ്ങിയ `അന്വേഷണ'ത്തില്‍.
മരണം, മഴ, പ്രണയം
മരണത്തിന്റെ കാല്പ്പെരുമാറ്റത്തിന് കാതോര്‍ത്ത ദിനങ്ങള്‍ നിരവധി ഉസ്മാന്റെ ജീവിതത്തിലൂടെ കടന്നുപോയി. പ്രിയപ്പെട്ടവരുടെ മരണത്തിന് കാവലാളായി. രണ്ടര വയസ്സുകാരി മകളെയും മരണം വന്നുവിളിച്ചു. മരണത്തിന്റെ കാലൊച്ചയുടെ നാളുകള്‍. ഉസ്മാന്റെ കവിതകളിലും മരണം മുന്നറിയിപ്പില്ലാതെ കയറിവരുന്നുണ്ട്.``ഓരോ പിറവിയും, തിരോധാനവും, മരണത്തിന്, എത്തിപ്പെടാനാവാത്ത, പ്രാണന്റെ, ഒളിത്താവളങ്ങളാണ്''-(കാഴ്ചയ്ക്കപ്പുറം).
മഴയുടെ സംഗീതം ഉസ്മാനെ ഇപ്പോഴും ഹരംപിടിപ്പിക്കുന്നു. കുഞ്ഞുനാളില്‍ മഴയുടെ ശബ്ദത്തിന് കാത്തിരുന്നു. അത് ജീവിത്തിന്റെ ഭാഗമായി. എഴുത്തിലും മഴപെയ്തുകൊണ്ടിരിക്കുന്നു.:`` മഞ്ഞും മഴയും, പാട്ടുമണക്കുന്ന കാറ്റും, ചിറക് വെച്ചെത്തുന്ന, പ്രണയവും മൊഴിയുന്നു''.
മഴയോടൊപ്പം പ്രണയത്തിലും നനഞ്ഞതാണ് ഉസ്മാന്റെ മനസ്സ്. മൂന്നുകടുത്ത പ്രണയങ്ങള്‍ യൗവ്വനത്തിലൂടെ കടന്നുപോയി. അവരെല്ലാം ജീവിതത്തിന്റെ തുഴച്ചിലിനിടയില്‍ മറുകരതേടി. ``മുറിയടച്ച് ആദ്യം, വാക്ക്, മൗനത്തിലേക്ക് പടിയിറങ്ങി. പിറകെ, നിലവിളിച്ച്, പ്രണയം....''-അത് ഒന്നാളിക്കത്തിയ ശേഷം ഓര്‍മ്മയില്‍ പൊടുന്നനെ ഒരു തിരിയായി എരിഞ്ഞടങ്ങി. ഉസ്മാന് അതേപ്പറ്റി അത്രമാത്രമേ പറയാനുള്ളൂ. അധിനിവേശകാലത്തെ പ്രണയം കുറിക്കുമ്പോഴും ആദ്യപ്രണയകഥകള്‍ എവിടെയോ ഒളിപ്പിച്ചു വെക്കുകയായിരുന്നു എസ്.വി. ഉസ്മാന്.
ഒറ്റപ്പെട്ട ഒലിമുഴക്കം
പേനയുടെ സ്കൂളില്‍ നിന്ന് യുണിഫോമിട്ട് വാക്കുകള്‍ നടന്നുപോകുന്നത് ഒറ്റമുറിയിലിരുന്ന് എസ്.വി. ഉസ്മാന് കണ്ടെടുക്കുന്നു. എന്നെ എന്റെ പാട്ടിന് വിട് എന്നൊരഭ്യര്‍ത്ഥനയും. മലയാളകവിതയില്‍ വേറിട്ട ഒരൊളിത്തിളക്കമായി നില്ക്കുന്ന ഉസ്മാന്റെ ആദ്യകവിതാ സമാഹാരത്തിന് പേര് `ബലിമൃഗങ്ങളുടെ രാത്രി' എന്നാണ്. രണ്ടാമത്തേത് `അധിനിവേശകാലത്തെ പ്രണയവും'. തികഞ്ഞ ആത്മവിശ്വാസത്തോടെ, വേറിട്ടു കേള്‍ക്കുന്ന തന്റെ ശബ്ദത്തെക്കുറിച്ച്, എഴുതാനുള്ള തന്റേടവും ഈ കവിക്കുണ്ട്. ഇടിവെട്ടുമ്പോള്‍ മാത്രം ചില്ലകളില്‍ തളിരുപൊട്ടുന്നതുപോലെയാണ് എസ്.വി.യുടെ കവിത. ഒട്ടേറെ മാപ്പിളപ്പാട്ടുകള്‍ ആല്‍ബങ്ങള്‍ക്കുവേണ്ടി എഴുതി. `ഇത്രയും പോരെ' എന്നാണ് എസ്.വി.ഉസ്മാന്റെ ചോദ്യം.
3 comments:
ഉസ്മാനെപ്പറ്റി എഴുതിയതു വായിച്ചു.ഒറ്റയാനായ ആ കവിക്ക് എന്റെ ആശംസകളും.നന്ദി കുഞ്ഞിക്കണ്ണാ,നന്ദി.
മറുവായന ഹൃദ്യം
thanks
Post a Comment