Thursday, February 10, 2011

കവിതയുടെ ധമനികള്‍

വാചാലതയും ഭാഷയുടെ ആര്‍ഭാടതയും കവിതയായി കൊണ്ടാടുന്ന ഇക്കാലത്ത്‌ സൂക്ഷ്‌മധ്യാന രൂപങ്ങളും നവീന സൗന്ദര്യാവബോധങ്ങളും എന്ന നിലയില്‍ ദിവാകരന്‍ വിഷ്‌ണുമംഗലത്തിന്റെ കവിതകള്‍ വേറിട്ടുനില്‍ക്കുന്നു. സമകാലിക കവിതയുടെ പൊതുവഴിയില്‍ കാണാത്ത കാഴ്‌ചകളാണ്‌ ദിവാകരന്‍ വിഷ്‌ണുമംഗലത്തിന്റെ `ധമനികള്‍' എന്ന പുസ്‌തകത്തില്‍. ജീവിതവും കവിതയും കെട്ടുപിണയുന്ന രചനകളാണ്‌ ധമനികളിലുള്ളത്‌. ചെറുതും വലുതുമായ നിരവധി കാവ്യസന്ദര്‍ഭങ്ങളില്‍ നിരന്തരം ചെന്നു തൊടുന്ന ഈ കവിതകളില്‍ വലിയ തിരക്കുകളില്ല; മന്ദതാളത്തില്‍ ഉരുവം കൊള്ളുന്ന ഭാവരൂപങ്ങള്‍ മാത്രം. അതേസമയം താനും തന്റെ ചുറ്റുപാടുകളുമൊക്കെ പ്രമേയ സ്വീകരണങ്ങളില്‍ വിഷ്‌ണുമംഗലം ദിവാകരന്‍ ഇഴചേര്‍ക്കുന്നു. വ്യത്യസ്‌തമായൊരു അനുഭൂതിയിലൂടെ നമ്മുടെ സാമൂഹിക സ്വത്വത്തെ സ്‌പര്‍ശിക്കുന്നു.


പാരമ്പര്യത്തില്‍ വേരുകളാഴ്‌ത്തി പുതിയ കാലത്തിലേക്ക്‌ വളര്‍ന്നുപടരുന്ന ഈ കവിതകള്‍ സദാ ജാഗ്രത കൊള്ളുന്നു. പദബോധവും കാവ്യാത്മകതയും നിറഞ്ഞ ധമനികള്‍ സൂക്ഷ്‌മബിംബങ്ങള്‍ കൊണ്ട്‌ കാലഘട്ടത്തിന്റെ വിഹ്വലതകള്‍ ആവിഷ്‌ക്കരിക്കുന്നു. ഫോട്ടോ, ധമനികള്‍, മടക്കം, റെയ്‌ഞ്ച്‌, ഒന്നാം പാഠം, കനല്‍, നിമിഷം, മുറിവ്‌, ചന്തയില്‍, ഇരുട്ട്‌, ഭിക്ഷ, പാട്ട, ജലജന്മം, ജാഗ്രത തുടങ്ങി മിക്ക കവിതകളും സാധാരണക്കാരന്റെ ജീവിതത്തിന്റെ ചില ഏടുകളാണ്‌ അടയാളപ്പെടുത്തുന്നത്‌.
നാഗരികതയുടെ ആസുരമായ യന്ത്രഗതിയില്‍ എളുപ്പത്തില്‍ പിഴുതെറിയപ്പെടുന്ന ഗ്രാമ സൗഭാഗ്യങ്ങളുടെ പിടച്ചില്‍ ധമനികളിലെ കവിതകള്‍ അനുഭവിപ്പിക്കുന്നു.

വൈയക്തികവും സാമൂഹികവും രാഷ്‌ട്രീയവും പാരിസ്ഥിതികവുമായ അനുഭവമണ്‌ഡലങ്ങള്‍ കൊണ്ട്‌ ശ്രദ്ധേയമാണ്‌ ദിവാകരന്റെ ഈ കവിതകള്‍. `വെയില്‍ കത്തിയുരുകുന്ന, മനം കണക്കെ, ഉലകെല്ലാം ഉമിത്തീപോല്‍, പുകയുന്നല്ലോ' (അവസ്ഥ-എന്ന കവിത) എന്നിങ്ങനെ എഴുതിച്ചേര്‍ക്കാന്‍ കാണിച്ച ധീരതയാണ്‌ `ധമനിക'ളെ വര്‍ത്തമാനകാല കവിതകളില്‍ നിന്നും വ്യത്യസ്‌തമാക്കുന്നത്‌.

ധമനികള്‍
ദിവാകരന്‍ വിഷ്‌ണുമംഗലം
നാഷണല്‍ ബുക്ക്‌ സ്റ്റാള്‍, കോട്ടയം
വില- 40 രൂപ



2 comments:

പഞ്ചാരകുട്ടന്‍ -malarvadiclub said...

പാരമ്പര്യത്തില്‍ വേരുകളാഴ്‌ത്തി പുതിയ കാലത്തിലേക്ക്‌ വളര്‍ന്നുപടരുന്ന കവിതകള്‍ ഇന്ന് കണി കാണാന്‍ കിട്ടുമോ

ഒരില വെറുതെ said...

പാവം കവിതകള്‍ എഴുതുന്ന ഒരു പാവം കവിയെ, അയാളുടെ പാവം കവിതകളെ എല്ലാ കവിതകള്‍ക്കും ഉപയോഗിക്കാവുന്ന സ്ഥിരം ടെംപ്ലേറ്റില്‍ പെടുത്തി കൊന്നത്ഗം ഭീരമായി.