ഏറ്റവും വലിയ തിന്മ എന്താണ്? അത് വ്യവസ്ഥാപിത ജീവിതസങ്കല്പത്തെ നിഷേധിക്കലാണ്. മലയാളകവിതയില്‍ എ. അയ്യപ്പന് എന്ന കവി തീവ്രവും സൗമ്യവുമായ വാക്കുകളില്‍ അടയാളപ്പെടുത്തിയതും മറ്റൊന്നല്ല. അയ്യപ്പന്റെ കവിതകള്‍ നിരന്തരം ചോദിച്ചുകൊണ്ടിരുന്നതും ജീവിതത്തെക്കുറിച്ചാണ്. ആറിത്തണുത്ത ജീവിതത്തിന്റെ ഓരത്തിരുന്ന് കൊച്ചുകൊച്ചു ചോദ്യങ്ങള്‍ കുറിച്ചിട്ട അയ്യപ്പന് ജീവിതത്തിനും മരണത്തിനും ഇടയിലെ അതിര്‍വരമ്പുകള്‍ മാറ്റിവരച്ചു.
ആചാരങ്ങളും സദാചാരങ്ങളും അയ്യപ്പന്റെ രചനകളില്‍ തലകീഴ് മറിഞ്ഞു. ഈ കുഴമറിച്ചിലിന്റെ അദൃശ്യമായ ഒരു തുടല് അയ്യപ്പന്റെ കവിതകളിലുണ്ട്. അത് എഴുത്തുകാരന്റെ വ്യക്തിസ്വാതന്ത്ര്യത്തെ തളച്ചിടുന്ന തുടല് അല്ലായിരുന്നു. വികലമായ അനുഭവങ്ങളും അസംബന്ധത്തില്‍ ഇളകിയാടുന്ന ഭ്രമാത്മകമായ ധാരണകളും കവിതയിലേക്ക് കൊണ്ടുവരികയായിരുന്നു അയ്യപ്പന്. അവയൊക്കെയും സംഭ്രമത്തിലും വിലാപത്തിലും ലയിക്കുകയും ചെയ്തു. ഒരിക്കലും ഉറച്ചുനില്‍ക്കാത്ത ഭ്രാന്തന്റെ കണ്ണുകള്‍പോലെ അയ്യപ്പന്റെ കവിതകളില്‍ വാക്കുകള്‍ എഴുന്നുനില്‍പ്പുണ്ട്. ഭ്രാന്ത് അയ്യപ്പന്റെ കവിതകളില്‍ രോഗമല്ല; അത് പകരമായി വരുന്ന ഒരു ദര്‍ശനമാണ്. ചിത്തരോഗാശുപത്രിയിലെ ദിനങ്ങള്‍ മനസ്സിന്റെ എല്ലാ തലങ്ങളുടെയും നഗ്നതയാണ്. ഭ്രാന്തിനെ വാഹനമാക്കിക്കൊണ്ട് ഒരു സാംസ്കാരിക വിമര്‍ശനത്തിന്റെ സാധ്യത അയ്യപ്പന് കവിതയില്‍ സൃഷ്ടിച്ചു:
`മൃത്യുഞ്ജയന്‍ഞരക്കത്തിലൂടെ
ചുവന്നു നനയുന്നുജീപ്പിന്റെ
ശബ്ദമോസൈറനോ,ഞാനിപ്പോള്‍
എവിടെപ്പോയൊളിക്കുംഏതു മരത്തിന്റെ മറവില്‍.' -(കള്ളനും പോലീസും)
സമൂഹത്തിലെ ഉത്കണ്ഠയും അനിശ്ചിതത്ത്വവും ഭ്രാന്തിനെക്കുറിച്ചുള്ള ആഖ്യാനഭാവന പ്രതിഫലിപ്പിക്കുന്നു. ഭ്രാന്തിന്റെ അനുഭവ സീമകളില്‍ നിന്നുകൊണ്ട് ഈ കവി വാക്കുകള്‍ കുറിച്ചിട്ടു.മനുഷ്യചരിത്രം അയ്യപ്പന് കണ്ടെടുക്കുന്നത് ഒരാവര്‍ത്തനമായാണ്.
ധര്‍മ്മസങ്കടങ്ങളുടെയും നിരാസത്തിന്റെയും വഞ്ചനകളുടെയും ആവര്‍ത്തനം. കാപട്യപൂര്‍ണമായ ഒരു ലോകം. അതിന്റെ മോഹങ്ങളും സ്വപ്നങ്ങളും അനുഭവിച്ചു തീര്‍ക്കുന്ന ഒരു കാല്പനിക രീതിയും അയ്യപ്പന്റെ കാവ്യലോകത്തുണ്ട്. വ്യവസ്ഥാപിത സമൂഹത്തില്‍ അപ്രത്യക്ഷമായി വരുന്ന മൂല്യങ്ങളെ സ്വപ്നാത്മകമായി സാക്ഷാത്ക്കരിക്കുന്ന തന്ത്രമാണത്. സ്നേഹരാഹിത്യത്തിന്റെയും അനാഥത്വത്തിന്റെയും ഒരു ലോകത്തിരുന്ന് തൊടുത്തുവിടുന്ന അമ്പുകളാണ് അയ്യപ്പന്റെ വരികള്‍. `മാളമില്ലാത്ത പാമ്പ്' തുടങ്ങിയ കൃതികളില്‍ ഒരു ഇഴച്ചലിന്റെ വേവലാതി കവിമനസ്സ് വഹിക്കുന്നു.ബുദ്ധനും ആട്ടിന്‍കുട്ടിയും എന്ന കാവ്യകൃതിയില്‍ കവിതയെ തൊട്ടടുത്തുവച്ചു കാണുകയും അതില്‍ പ്രവര്‍ത്തിക്കുന്ന-അടിയൊഴുക്കായ സൗന്ദര്യബോധവും ജീവിതദര്‍ശനവും അയ്യപ്പന് ആറ്റിക്കുറുക്കിയെടുത്തു. കറുപ്പ് എന്ന പുസ്തകത്തിലെ ഒരു കവിതയില്‍ അയ്യപ്പന് എഴുതി:
`ഒന്നുമില്ലാത്തൊരുവന്
ആരെന്ന് പേരിടുക?
ഇണ്ടുമില്ലാത്തൊരുവന്റെ
നെഞ്ചിലെത്തീ കാണുക.' -(ഈശാവാസ്യം)ഇങ്ങനെ മുറിവേറ്റ ശീര്‍ഷകങ്ങളുടെ കവിള്‍ത്തടങ്ങള്‍ വ്യക്തമാക്കുന്നു.വിശപ്പിന്റെ നീറുന്ന അവസ്ഥ അയ്യപ്പന്റെ രചനകളില്‍ പതിഞ്ഞുകിടപ്പുണ്ട്. ശരീരം നീറ്റുന്ന തീച്ചൂളയായി വിശപ്പ് മാറിക്കൊണ്ടിരുന്നപ്പോള്‍ ഇഷ്ടമില്ലാതെ കഴിച്ച നാട്ടുചാരായവും മരുന്നും കവിയുടെ രക്തത്തില്‍ വിഷമായി പരിണമിച്ചിരിക്കണം. വാക്കുകളെ തരള നക്ഷത്രങ്ങളാക്കി മാറ്റാന്‍ അയ്യപ്പന് ശ്രമിച്ചില്ല. ഭാവനയുടെ ലഹരിയില്‍ ജീവിക്കുമ്പോഴും പീഡിതന്റെ ഉള്‍ക്കാഴ്ചയും ഉപേക്ഷിക്കാനും തയാറായില്ല. പ്രവാസിയുടെ ഗീതം, ബലിക്കുറിപ്പുകള്‍, വെയില്‍തിന്നുന്ന പക്ഷി തുടങ്ങിയ കൃതികളില്‍ അനാഥത്വത്തിന്റെ നിസ്സാഹയതയും മുള്‍മുനകളും അടയാളപ്പെട്ടുകിടപ്പുണ്ട്.
`അമ്മയുടെ മുലക്കണ്ണുകളില്‍
നിന്ന്ജാഞസ്നാനത്തിന്റെ അരുവിപോലെ,
കാഴ്ചയുടെ അതിര്‍ത്തി കുറിക്കുന്നകുരുതിത്തിറപോലെ
ഭ്രാന്തസ്നേഹത്തിന്റെ സഹോദരാ,ആന്തളിരുകളുടെ
കൂട്ടില്‍നിന്ന്,ഞാനിതാ വെയിലിലേക്ക് പറക്കുന്നു.' -(കറുപ്പിന്റെ ആമുഖക്കുറിപ്പ്)
അസ്തിത്വത്തിന്റെ അനിവാര്യമായ വേദനകള്‍ സഹിക്കാന്‍ തയാറെടുത്ത മനസ്സിന്റെ സാന്നിദ്ധ്യം ഈ എഴുത്തുകാരന്റെ തട്ടകത്തിലുണ്ട്. മരണവും വേര്‍പിരിയലും കവിതയില്‍ ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തിയ കവിയാണ് അയ്യപ്പന്.
മരണം അപകടരൂപത്തിലാണ് അയ്യപ്പന്റെ കവിതകളില്‍ കടന്നുവരുന്നത്. വാഹനചക്രത്തിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നു. ഭയരഹിതനായി വീടുവിട്ടിറങ്ങിയ പാമ്പിന്റെ ദുര്‍ഘട സന്ധികള്‍ അയ്യപ്പന് വാങ്മയചിത്രങ്ങളാക്കി. പ്രാവിന്റെ കുറുകലും ഇരുട്ടിന്റെ സങ്കീര്‍ണ്ണതയും ഇഴചേര്‍ത്തു ജീവിതം തഥാഗതന്റെ ആത്മസാക്ഷ്യപത്രമാക്കി.`കവിതയുടെ ഒലീവില്‍ നിന്നുംആ വിളക്കു കൊളുത്തുവാന്‍നാം കടക്കുന്നു.' -കാല്പനികതയും വിപ്ലവവീര്യത്തിന്റെ കാലവുംസ്ഥലരാശിയും ഉപേക്ഷിക്കാന്‍ അയ്യപ്പന് കാണിച്ച വ്യഗ്രത അക്ഷരങ്ങളിലുള്ള ആത്മവിശ്വാസം തന്നെയായിരുന്നു. സാമൂഹികബോധത്തിന്റെ വലുതും ചെറുതുമായ തെറ്റിദ്ധാരണ തിരുത്തിക്കുറിക്കുകയും ചെയ്തു. ഞാനെന്ന പൊരുളിനെ കീഴടക്കി, തന്നെത്തന്നെ അതിവര്‍ത്തിക്കുകയായിരുന്നു ഈ കവി. രാഗദ്വേഷങ്ങള്‍ ഇടതടവില്ലാതെ വന്നുനിറയുന്ന ശമിക്കാത്ത കാമനകള്‍ വാക്കിന്റെ അകംപൊരുളില്‍ തപസ്സനുഷ്ഠിക്കുന്ന കാഴ്ച അയ്യപ്പന്റെ കവിതകളിലുണ്ട്.
ജീവിതത്തെക്കുറിച്ച് ഒരുപാട് ദര്‍ശനങ്ങളുണ്ടാകുകയും അവയോട് ഇണങ്ങിനില്‍ക്കാന്‍ കഴിയാതെ വരികയും ചെയ്ത കവിമനസ്സായിരുന്നു അയ്യപ്പന്റേത്. എല്ലാ പ്രതിസന്ധികളും നിഷ്കളങ്കമായ എതിരേല്‍പ്പിലൂടെ അതിജീവിക്കുകയും ചെയ്തു. തുറന്ന മനസ്സോടെ സമൂഹത്തിന്റെ മുന്നില്‍ എപ്പോഴും അയ്യപ്പന് നില്പുറപ്പിച്ചു.`കാല്‍നടക്കാരന്റെകഷ്ടപ്പാടുകള്‍ആരറിയുന്നു.' -(ട്രാഫിക്ക്)അയ്യപ്പന് കവിത ഊര്‍ജ്ജമാണ്. ചേതസ്സില്‍ നിന്നും ഇഴപിരിഞ്ഞ് അക്ഷരതേജസ്സികളായ വാക്കായും വാങ്മയമായും പരിണമിച്ച ജൈവോര്‍ജ്ജം. വാക്കിന്റെ അകത്തളത്തില്‍ ഈ ഊര്‍ജ്ജത്തിന്റെ സജീവസാന്നിദ്ധ്യമുണ്ട്. മനസ്സിന്റെയും മാംസത്തിന്റെ സംഘര്‍ഷം കുമാരനാശാനെപ്പോലെ അയ്യപ്പനും അനുഭവിക്കുന്നുണ്ട്:
`വേഗമെത്താന്‍ പോയവന്റെഈ
ശവത്തെയാരു മറവുചെയ്യും(നാടു നീങ്ങിയ രാജാവിന്റെഅസ്ഥിയും ചാരവുമായ്പ്രേമഭാജനങ്ങള്‍ പോകുമ്പോള്‍ഈ ഭ്രാന്തിപ്പെണ്ണെന്തിനുവാവിട്ടു കരയുന്നു)'.
സമൂഹത്തില്‍ പടര്‍ന്നു പന്തലിക്കുകയും ദിക്കുകളിലേക്ക് ശാഖകള്‍ വിരിച്ചുനില്‍ക്കുകയും ചെയ്യുന്ന കാവ്യവൃക്ഷത്തിന്റെ വേദനയും തുടിപ്പുമാണ് അയ്യപ്പന് വരച്ചിട്ടത്. മറ്റൊരു കവിയുടെ നിഴലിലിരുന്നായിരുന്നില്ല അയ്യപ്പന് വാക്കുകള്‍ ഉരുവിട്ടത്. ആധുനികതയുടെ പൊടിപ്പും തൊങ്ങലും അയ്യപ്പനെ ഏറ്റെടുക്കാന്‍ മടികാണിച്ചു. മാളമില്ലാത്ത ചോദ്യവും ഉത്തരം അയ്യപ്പന്റെ കവിതകള്‍ വായനക്കാരുടെ പങ്കുവച്ചു. തെരുവുഗീതത്തിന്റെ കാര്‍ക്കശ്യവും ധ്വനിയും മലയാളിയെ ഓര്‍മ്മപ്പെടുത്തുകയായിരുന്നു ഈ കവി. കാലത്തിന്റെ, ജീവിതത്തിന്റെ നാല്‍ക്കവലയിലിരുന്നും നിന്നും സ്വയം ഒരു ചൂണ്ടുപലകയായി അയ്യപ്പന് എഴുതി. എഴുതിയതുപോലെ ജീവിച്ചു. മരിച്ചു. കവിതയെ എഴുത്തുകാരന്റെ ജീവിതത്തില്‍ നിന്നും അടര്‍ത്തിമാറ്റാന്‍ സാധിക്കാത്തവിധം മജ്ജയും മാംസവും നല്കി വളര്‍ത്തി. തീപക്ഷിയുടെ കനലെരിവും ആര്‍ദ്രതയും അനുഭവപ്പെടുത്തി. മലയാളകവിതയുടെ മുഖക്കുറിപ്പുകള്‍ തിരുത്തിയെഴുതി. അയ്യപ്പന്റെ വാക്കുകളില്‍ കൊത്തിവച്ച സിഗ്നലുകളെ കാണാതെ മലയാളകവിതയുടെ ചരിത്രത്തിന് മുന്നോട്ടു പോകാനാവില്ല:
`സിഗ്നല്‍ തെറ്റിയ വണ്ടി
എത്തുന്നതിനിയെപ്പോള്‍?
കത്തിയെരിഞ്ഞു കാണും
കണ്ടിരിക്കേണ്ട ചിത.' -(ചുവന്ന സിഗ്നല്‍)
5 comments:
aashamsakal.....
ആധുനിക കവിതക്കു വേണ്ടി പടിഞ്ഞാറു
ചായുന്നവര്‍ കണ്ടില്ല അയ്യപ്പന് കവിതകളെ
പടിഞ്ഞാറ് ചായുന്നത് അസ്തമയത്തിനാണല്ലോ
അയ്യപ്പനോ കിഴക്കും പടിഞ്ഞാറുമായി
ഉദിച്ചു നില്ക്കുന്നതു കാണുവാനായി കണ്ണുകളെ
സജ്ജമാക്കനിനിയെങ്കിലും തായ്യാറാകൂ
അയ്യപ്പന് യഥാര്‍ഥത്തില്‍ നിലവിലുള്ളതിനെ നിഷേധിക്കുന്നതിന് മനഃപൂര്‍വം കണ്ടെത്തിയ ജീവിതരീതിയല്ല ഇത്. എങ്കിലും യതാര്‍ഥത്തില്‍ അയ്യപ്പന് നല്കിയ സന്ദേശം ഒരു തലമുറക്ക് സ്വീകാര്യമാണോ? സ്വപ്നാടകനെ പോലെ അലഞ്ഞു ജീവിക്കുന്ന ഒരു പാട് കലാകാരന്മാര് ലോകത്തില്‍ ഉണ്ടായിരുന്നു. ഇവരുടെയൊന്നും ജീവിര്ത രീതി അനുകരണീയമല്ല. എങ്കിലും നിഷേധിക്കാനാവാത്ത സര്‍ഗ്ഗ വൈഭവം ഇവരെ നമ്മിലേക്ക് അടുപ്പിക്കുന്നു. അതല്ലേ ശരി?
ella prathikaranangalkkum nandi
വെയില് തിന്ന കവി !
എല്ലാ അര്‍ത്ഥത്തിലും ശരിയാണ്
Post a Comment