Tuesday, December 22, 2009

ക്യാമറയിലും കവിത


മുപ്പത്തിരണ്ടുകാരിയായ ജസ്‌മില സബാനിക്കിന്റെ ഗ്രബേവിക്ക എന്ന ചലച്ചിത്രത്തിന്‌ ബര്‍ലിന്‍ ഫിലിം ഫെസ്റ്റിവല്‍ പരമോന്നത പുരസ്‌കാരമായ ഗോള്‍ഡന്‍ ബെയര്‍ നല്‍കുമ്പോള്‍ തിരുത്തിക്കുറിച്ചത്‌ ചലച്ചിത്രങ്ങളെക്കുറിച്ചുള്ള പരമ്പരാഗതങ്ങളായ സങ്കല്‌പങ്ങളായിരുന്നു. ബോസ്‌നിയയിലെ വംശഹത്യകള്‍ ചരിത്രമായി കഴിഞ്ഞെങ്കിലും അതിന്റെ കനലുകള്‍ നിരവധി മനസ്സുകളില്‍ നീറിക്കൊണ്ടിരിക്കുന്നുണ്ട്‌. സാഹിത്യത്തിലും സിനിമയിലും അതിന്റെ ബഹിര്‍പ്രകടനം ഉണ്ടായിത്തുടങ്ങിയിട്ടുണ്ട്‌. അതിന്റെ വാചാലമായ പ്രഖ്യാപനമായിരിക്കുന്നു. ഈ ചലച്ചിത്രം.

ജസ്‌മില സബാനിക്കിന്റെ ചലച്ചിത്രമായ ഗ്രബേവിക്ക ഭീമന്‍ കമ്പനികളുടെ മേല്‍വിലാസത്തില്‍ ആയിരുന്നില്ല ബെര്‍ലിനിലെത്തിയത്‌. യാതൊരു അകമ്പടിയും ഈ ചലച്ചിത്രത്തിനുണ്ടായിരുന്നില്ല. എന്നാല്‍ ഗ്രബേവിക്കയും അതിന്റെ സംവിധായികയായ ജസ്‌മില സബാനിക്ക്‌ നിശ്ശബ്‌ദം ബര്‍ലിനില്‍ കടന്നുവരികയും കീഴടക്കുകയും ചെയ്‌തു- ഇത്‌ ഉണ്ണിനാരായണന്റെ ലേഖനത്തില്‍ നിന്നും (മലയാളം വാരിക). ചലച്ചിത്രമേളയിലെത്തുമ്പോള്‍ നമ്മുടെ പല ചലച്ചിത്ര പ്രതിഭകളും വിസ്‌മരിക്കുന്നതും ഇതുതന്നെ.

പതിനാലാമത്‌ മേള

ഇത്‌ കാഴ്‌ചയുടെ വാരം. ചലച്ചിത്രോത്സവം, ചര്‍ച്ച, അനുസ്‌മരണം. കാന്‍ മുതല്‍ മറക്കേഷ്‌, ടൊറന്റോ വരെയുള്ള മേളകളുടെ പരാമര്‍ശം. ഇറാനിയന്‍ സംവിധായകന്‍ ബഹ്‌മന്‍ ഘൊബാരി മുതല്‍ ചേരന്‍ വരെയുള്ളവര്‍ തിരഭാഷയുടെ വിധിനിര്‍ണ്ണയിക്കുന്നു. രാജ്യാന്തരതലത്തില്‍ പ്രശസ്‌തരായ നിരവധി വ്യക്തികളും ചലച്ചിത്രപ്രവര്‍ത്തകരും. പല ഭാഷ, പല ജനത. ഏവര്‍ക്കും ഏറെ പരിചിതം. ഇന്ന്‌ കേരളത്തിന്റെ രാജ്യാന്തരമേള പ്രചുരപ്രചാരം നേടിക്കഴിഞ്ഞിരിക്കുന്നു. എങ്കിലും മലയാള സിനിമയ്‌ക്ക്‌ ഇതൊക്കെ ഏതെങ്കിലും രീതിയില്‍ പ്രചോദനപ്പെടുത്താന്‍ സാധിക്കുന്നുണ്ടോ? ഇത്തരം ചോദ്യങ്ങള്‍ക്ക്‌ വ്യക്തമായ ഉത്തരമാകുന്നില്ല നമ്മുടെ ചിത്രങ്ങള്‍.

ഓരോ ഭാഷയിലും അതാതിന്റെ സവിശേഷമായ സംസ്‌കാരത്തിനനുരൂപമായി ചലച്ചിത്ര നിര്‍മ്മിതി നടക്കേണ്ടതില്ല? പതിനാലാമത്‌ രാജ്യാന്തര മേളയുടെ കാഴ്‌ചയ്‌ക്കു മുന്നിലും മലയാളസിനിമയുടെ വളര്‍ച്ച ഏതുവരെ എന്ന ചോദ്യമാണ്‌ ഉയര്‍ന്നു നില്‍ക്കുന്നത്‌.പ്രാചീനമായ ഏതോ ഒരു പൗരസ്‌ത്യ കലാരൂപം കാണുന്ന കൗതുകവും ജിജ്ഞാസയുമാണ്‌ മേളയില്‍ മലയാളി അനുഭവിക്കുന്നത്‌. കാരണം പനോരമയില്‍ ഇടംനേടുന്നതിന്റെ പഴുതുകളെക്കുറിച്ചുള്ള ആലോചനകള്‍ക്കിടയില്‍ സിനിമ മറന്നുപോകുകയാണ്‌ നമ്മുടെ പല പ്രതിഭകളും.

പുതിയ കാലത്തിന്റെ നോട്ട സംസ്‌കാരവും ചിത്രണശൈലിയും വിശകലനം ചെയ്യാനുള്ള തയ്യാറെടുപ്പുകള്‍ക്ക്‌ സമയമില്ല. ഇന്ത്യന്‍ സിനിമയുടെ ലാവണ്യപൂരത്തില്‍ നിന്നും വിടുതല്‍ നേടാന്‍ പ്രാദേശിക ചിത്രങ്ങള്‍ക്കും കഴിയുന്നില്ല. മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷാചിത്രങ്ങളുടെ സ്ഥിതി ദയനീയമാണ്‌. ആരുടെയും സഹായമില്ലാതെ പൊരുതി നില്‍ക്കേണ്ട അവസ്ഥയുമാണ്‌. വിപണി വിളര്‍ത്തു ശോഷിച്ചു വരുന്നു. പ്രേക്ഷകാഭിരുചിക്ക്‌ അനുസരിച്ച്‌ പൊള്ളയായ പുതുമകളും ചതിക്കുഴികളും ഒരുക്കുന്നു. സാങ്കേതികമേന്മയും അതീവ ദയനീയമാണ്‌. എന്നാല്‍ ഭാഷ, സംസ്‌കാരം എന്നിവയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന പ്രാദേശിക ചിത്രങ്ങള്‍ക്കാണ്‌ ഇന്ന്‌ ഏറ്റവും വലിയ മാര്‍ക്കറ്റ്‌. ആ രംഗത്തും മലയാളത്തിന്‌ ഉയര്‍ന്നുനില്‍ക്കാന്‍ സാധിക്കുന്നില്ല.

ചലച്ചിത്രമേളയില്‍ ശ്രദ്ധിക്കപ്പെടുന്നത്‌ ഗുണനിലവാരമാണ്‌. മുതല്‍മുടക്കുകളുടെ പേരിലല്ല സിനിമ വിലയിരുത്തപ്പെടുന്നത്‌. തുടക്കക്കാരുടെ കാര്യത്തിലും പെരുന്തച്ഛന്മാരുടെ കാര്യത്തിലും ഇത്‌ ഒരുപോലെയാണ്‌. നമ്മുടെ സിനിമയ്‌ക്ക്‌ ടെലിവിഷന്‍ സീരിയലുകളിലെ വ്യാജജീവിതങ്ങളുമായി എങ്ങനെ ഇഴുകിച്ചേരാനാകും എന്നതിന്‌ വ്യക്തമായ അടയാളമാണ്‌ മേളയിലെത്തിയ മിക്ക മലയാളചിത്രങ്ങളും. അനീതിയും അനാഥത്വവും കൊണ്ട്‌ തിരശീല പൊള്ളിക്കുന്ന ഭേദപ്പെട്ട ഒരു സിനിമ എന്നായിരിക്കും നമ്മുടെ ഭാഷയില്‍ പിറവിയെടുക്കുക? വിഖ്യാത പ്രഞ്ച്‌ സംവിധായകന്‍ മാറിന്‍ കാര്‍മിറ്റ്‌സ്‌ പറഞ്ഞു: ലോകത്തെ മാറ്റിമറിക്കാനുള്ള ദൃഢമായ ആഗ്രഹമില്ലെങ്കില്‍ ലോകത്തു ജീവിക്കാന്‍ കഴിയില്ല, എന്നതാണ്‌ എന്റെ അടിയുറച്ച വിശ്വാസം.- അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ പ്രചോദനവും വിശ്വാസവും അതായിരുന്നു.

സിനിമ പ്രദാനം ചെയ്യുന്ന അനുഭവത്തിന്റെ മാന്ത്രികതയിലേക്ക്‌ നയിക്കുന്ന ചിത്രങ്ങളുടെ നിരയില്‍ എ സ്റ്റെപ്പ്‌ ഇന്‍ ടു ഡാര്‍ക്ക്‌നസ്സ്‌, ഒറദ, ജേര്‍മല്‍, ഡാര്‍ബയര്‍ യെല്ലി, നത്തിംഗ്‌ പേഴ്‌സണല്‍, എംപ്‌റ്റി നെസ്റ്റ്‌, ഷിറിന്‍, ആന്റി ക്രൈസ്റ്റ്‌ തുടങ്ങിയവയുണ്ട്‌. അധിനിവേശത്തിന്റെയും സ്വത്വാവബോധത്തിന്റെയും തീവ്രചിന്തകളുടെയും ഇടനിലമായിത്തീരുന്ന മനസ്സിന്റെ ആഖ്യാനമാണ്‌ തുര്‍ക്കിയുടെ എ സ്റ്റെപ്പ്‌ ഇന്‍ ടു ഡാര്‍ക്ക്‌നസ്‌. മാധ്യമത്തിന്റെ ചില സവിശേഷതകളില്‍ ഊന്നല്‍ നല്‍കുന്നതാണ്‌ ഈ ചിത്രം. പ്രമേയത്തിലും പ്രതിപാദനത്തിലും വിസ്‌മയകരമായ വൈവിധ്യം പുലര്‍ത്തുന്ന ഈ തുര്‍ക്കി സിനിമ സാമ്പ്രദായിക കെട്ടുപാടുകളില്‍ നിന്ന്‌ കുതറിമാറുന്നു.

കവിതയുടെയും സാഹിത്യത്തിന്റെയും പിന്നില്‍ സഞ്ചരിച്ച ചലച്ചിത്രഭാഷയെ ഔന്നത്യത്തിലേക്ക്‌ പൊലിപ്പിച്ചെടുക്കുകയാണ്‌ അതില്‍ ഇനാക്കിന്റെ എ സ്റ്റെപ്പ്‌ ഇന്‍ ടു ഡാര്‍ക്ക്‌നസ്‌.മാതാവിന്റെ മരണാനന്തരം പിതാവിനെ തേടിപ്പോകുന്ന ജയ എന്ന കുട്ടിയുടെ കഥയാണ്‌ ജെര്‍മല്‍ എന്ന ഇന്റോനേഷ്യന്‍ സിനിമ. ജയയുടെ പിതാവ്‌ ജോഹര്‍ കുട്ടിയെ കണ്ടപ്പോള്‍ സ്‌തംഭിച്ചു. അയാള്‍ ഒരിക്കലും ഇങ്ങനെയൊരു മകനെ ഓര്‍ക്കുന്നില്ല. ജോഹര്‍ മകനെ നിരസിച്ചു. എങ്കിലും ഒരു ജോലിക്കാരനായി അവനെ കൂടെ നിര്‍ത്താന്‍ അയാള്‍ തയ്യാറായി. മനുഷ്യമനസ്സിന്റെ ഇരുളും വെളിച്ചവും നിറഞ്ഞ ഈ ചിത്രം തീക്ഷ്‌ണാനുഭവത്തിന്റെ കാഴ്‌ചയാണ്‌.

മഴവില്ലിന്റെ ഹൃദ്യതയും മഴയുടെ സ്‌പര്‍ശാനുഭവവും തിരശീലയില്‍ അടയാളപ്പെത്തുന്ന ഇറാനിയന്‍ തിരഭാഷയുടെ വേറിട്ടൊരു മുഖമാണ്‌ എബൗട്ട്‌ യെല്ലി. ഇറാനിലെ ആധുനിക ജീവിതത്തിന്റെ നേര്‍ക്കാഴ്‌ചയാണ്‌ ഈ സിനിമ പറയുന്നത്‌. കാസ്‌പിയന്‍ കടല്‍ത്തീര റിസോര്‍ട്ടിലെത്തിയ കുറെ ചെറുപ്പക്കാരെ തൊട്ടുകൊണ്ടാണ്‌ എബൗട്ട്‌ യെല്ലിയുടെ കഥ അസ്‌ഗര്‍ ഫറാദി അവതരിപ്പിക്കുന്നത്‌. ചിത്രത്തിന്റെ ആദ്യഭാഗം സാമൂഹിക കോമിക്കാണ്‌. രണ്ടാംപാതി ദുരന്തത്തിന്റെ ജാലകക്കാഴ്‌ചയാണ്‌- രേഖചിത്രംപോലെ. ഇറാനിയന്‍ സാമൂഹിക ജീവിതത്തിലേക്ക്‌ പ്രേക്ഷകരെ അടുപ്പിച്ച്‌ നിര്‍ത്തിയാണ്‌ ഫറാദി ചിത്രം രൂപപ്പെടുത്തിയത്‌.

അമിത്‌ റായിയുടെ റോഡ്‌ ടു സംഗം ഹസ്‌മത്തുള്ള എന്ന മെക്കാനിക്കിന്റെ ജീവിതമാണ്‌ അനാവരണം ചെയ്യുന്നത്‌. മെക്കാനിക്കായ ഹസ്‌മത്തുള്ള ദൈവഭയത്തിലാണ്‌. അയാള്‍ പഴയൊരു ഫോര്‍ഡ്‌കാര്‍ റിപ്പേര്‍ ചെയ്യുന്നു. 1948-ല്‍ ഗാന്ധിയുടെ അന്ത്യനാളുകളുമായി ആ വാഹനത്തിന്‌ ബന്ധമുണ്ട്‌. ഗാന്ധിജിയുടെ സമാധാന സന്ദേശവും ഈ ചിത്രത്തില്‍ പതിഞ്ഞുനില്‍ക്കുന്നു. സൗത്താഫ്രിക്കന്‍ സിനിമ ഇറുളു ലാമി (എന്റെ രഹസ്യവാനം) അനാഥരായ കുട്ടികളുടെ കഥ പറയുന്നു. രോഗങ്ങളും പീഢകളും നിറഞ്ഞ അനാഥരുടെ ജീവിതത്തിന്‌ നേരെയാണ്‌ മഡോഡ ക്യാമറ പിടിച്ചത്‌. നിരവധി രാജ്യാന്തര പുരസ്‌കാരം നേടിയ ഇറുളുലാമി മനുഷ്യോല്‍ക്കണ്‌ഠകള്‍ വ്യക്തികളുടെയും സമൂഹത്തിന്റെയും കാഴ്‌ചപ്പാടിലൂടെ സമീക്ഷിക്കപ്പെടുന്നു. ഏകാകിയായ ഒരു സ്‌ത്രീയുടെ കഥയാണ്‌ നത്തിംഗ്‌ പേഴ്‌സനല്‍ എന്ന അയര്‍ലെന്റ്‌ ചിത്രം. മാര്‍ട്ടിനുമായി അവര്‍ കരാറിലെത്തുന്നു. അവര്‍ ഒരുമിച്ച്‌ കഴിയുന്നു. പക്ഷേ അവരുടെ കാര്യത്തില്‍ ഇടപെടാന്‍ പാടില്ല. ഒരു ദിവസം മാര്‍ട്ടിന്‍ കരാര്‍ തെറ്റിക്കുന്നു. ചിത്രാന്ത്യത്തില്‍ ആ സ്‌ത്രിയും മാറുന്നു. രണ്ടുപേരും സന്തോഷിക്കുന്നു. ആത്മാവ്‌, സ്‌നേഹം എന്നിവയുമായി ബന്ധപ്പെട്ട ആഴങ്ങളാണ്‌ ഈ സിനിമ വിവരിക്കുന്നത്‌.

ഒരു പേഷ്യന്‍ മിത്തിന്റെ അടിസ്ഥാനധാരയിലാണ്‌ ഇറാനിയന്‍ സംവിധായകന്‍ കിരസ്‌തോമിയുടെ ചിത്രം- ഷിറിന്‍. ക്ലോസപ്പ്‌ ഷോട്ടുകളും ഫെയറി കഥയുടെ ചുരുളും ഒരു റൊമാന്റിക്‌ പരിവേഷം നല്‍കുന്നു. ഖൊസ്‌റോവും ഷിറിനും ഓര്‍മ്മപ്പെടുത്തുന്ന കഥ ജീവിതത്തിന്റെ അര്‍ത്ഥതലങ്ങളിലൂടെ കടന്നുപോകുന്നു. കരസ്‌തോമിയുടെ ഈ സിനിമയുടെ ഘടനയും ശ്രദ്ധേയമാണ്‌. കരസ്‌തോമി ചിത്രത്തിലെ പെണ്ണുങ്ങളും ചര്‍ച്ചാവിഷയമാകുന്നു.കുടുംബബന്ധങ്ങല്‍ ശിഥിലമായവര്‍ അമ്മയുടെ മരണശേഷം ഒത്തുചേരുന്ന തിരഭാഷയാണ്‌ ഒറദ പറയുന്നത്‌. ഹക്കി കേര്‍ട്ട്‌്‌ലസ്‌ സംവിധാനം ചെയ്‌ത ഈ സിനിമ നിരവധി അടരുകളിലൂടെ പ്രേക്ഷകരെ നയിക്കുന്നുണ്ട്‌. ചിത്രീകരണത്തിലും പുതുമ അനുഭവപ്പെടുത്തുന്നു.

ലാസ്‌ വോന്‍തെയറിന്റെ ആന്റി ക്രൈസ്റ്റ്‌, ഡാനിയല്‍ ബര്‍മന്റെ എംപ്‌റ്റി നെസ്റ്റ്‌ എന്നീ ചിത്രങ്ങളും ലോകസിനിമയുടെ വ്യത്യസ്‌തമുഖമാണ്‌ പ്രതിഫലിപ്പിക്കുന്നത്‌. ക്യാമറയിലൂടെ ജീവിതമെഴുതുന്ന കലാവിദ്യയാണ്‌ ഈ ചിത്രങ്ങളെല്ലാം പ്രേക്ഷകരുമായി സംവദിക്കുന്നത്‌. കവിതപോലെ, കഥ പറച്ചിലിന്റെ പുതുമയും അഗാധതയും ആസ്വദിക്കാന്‍ സാധിക്കുന്ന ചിത്രങ്ങളുടെ വഴിയില്‍ ഈ സിനിമകളും നിര്‍ണ്ണായക സ്ഥാനത്ത്‌ നില്‍ക്കുന്നു. ദൃശ്യരേഖയുടെ കരുത്തും മനോഹാരിതയും നിറയുന്ന മേളയുടെ തിരശീലയെ കവിതയോട്‌ അടുപ്പിച്ചുനിര്‍ത്തുകയാണ്‌ പ്രതിഭാശാലികളായ ചലച്ചിത്ര പ്രവര്‍ത്തകര്‍. സിനിമ ലക്ഷ്യം വയ്‌ക്കുന്നതും മറ്റൊന്നല്ല.-നിബ്ബ്‌ ചന്ദ്രിക 13-12-2009

No comments: