കെ. എം. സുധീഷ്
ശാരീരികമായ വേദനകളെ മാറ്റി നിര്‍ത്തി കവിതയുടെ ആത്മഭാവത്തില്‍ ലയിച്ച ഒരു മനസ്സായിരുന്നു കെ. എം. സുധീഷിന്റേത്. കടുത്ത രോഗപീഢയില്‍ പിടയുമ്പോഴും സുധീഷിന് ആശ്വാസം പകര്‍ന്നത് അക്ഷരങ്ങളുടെ രസധ്വനികളായിരുന്നു. വാക്കിന്റെ അര്‍ത്ഥസാഗരത്തിലൂടെ ഭാവനയുടെ വഞ്ചി തുഴയുമ്പോഴും സുധീഷിന്റെ രചനകള്‍ പൊള്ളുന്ന വര്‍ത്തമാനകാലത്തിന്റെ ദുരന്തഭൂമികയും ജീവിതത്തിന്റെ പ്രതിസന്ധികളും കണ്ടെടുക്കുകയായിരുന്നു. വേദന പറയാതെ, ഭ്രഷ്‌ടിന്റെ നിറം, കല്ലുപ്പ് തുടങ്ങിയ സുധീഷിന്റെ കാവ്യസമാഹാരങ്ങള്‍ വായനക്കാരോട് സംവദിക്കുന്നതും മറ്റൊന്നല്ല.കാലത്തിന്റെ പ്രതിരോധത്തെ അതിവര്‍ത്തിക്കാന്‍ ഈ ചെറുപ്പക്കാരന് അധികകാലം സാധിച്ചില്ല. കെ. എം. സുധീഷും മരണത്തിന് കീഴടങ്ങി. ചിതയെരിയുന്ന വാക്കുകളില്‍ സര്‍ഗ്ഗാത്മകതയുടെ വസന്തം നെയ്‌തിട്ടുകൊണ്ടാണ് സുധീഷ് ഭൂമിവിട്ടുപോയത്. വായനക്കാരുടെ മനസ്സില്‍ കാലത്തിന് ഇളക്കിമാറ്റാന്‍ സാധിക്കാത്ത കൂടൊരുക്കിക്കൊണ്ടു തന്നെ.
പുസ്‌തകങ്ങള്‍-2009
പുസ്‌തകങ്ങളില്‍ മുന്നിലേത്, പിന്നിലേത് എന്ന രീതിയിലുള്ള വേര്‍തിരിവിന് അടിസ്ഥാനമില്ല. കൂടുതല്‍ വിറ്റഴിക്കപ്പെട്ടത് ഏതെന്ന ചോദ്യവും മാറ്റി നിര്‍ത്തിയാല്‍ വായനയില്‍ ശ്രദ്ധേയമായ ചില കൃതികളാണ് ഇവിടെ പരാമര്‍ശിക്കുന്നത്. മുഖ്യധാരയില്‍ വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വിധേയമായ പുസ്‌തകങ്ങളെയും മാറ്റി നിര്‍ത്തിക്കൊണ്ടാണ് ഈ കുറിപ്പ്. ജിനേഷ് മടപ്പള്ളിയുടെ കച്ചിത്തുരുമ്പ്, ശിഹാബ് പറാട്ടിയുടെ ഒരു മിനിട്ട് ഞാനെന്റെ മൊബൈലെടുത്തില്ല, സുകുമാര്‍ അഴീക്കോടിന്റെ ജനാലക്കാഴ്‌ചകള്‍, ലൂയിബുനുവലിന്റെ വിറിഡിയാന, ഡോ. രഘുറാമിന്റെ ദേശാടന ശലഭങ്ങള്‍ എന്നിവയിലേക്ക് ഒരു തിരനോട്ടം.
കച്ചിത്തുരുമ്പ്
പുതിയ കവികളില്‍ കവിതയുടെ അകത്തളത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്ന എഴുത്തുകാരനാണ് ജിനേഷ് മടപ്പള്ളി. കച്ചിത്തുരുമ്പ് എന്നാണ് ജിനേഷ് ആദ്യകവിതാ സമാഹാരത്തിന് പേരിട്ടത്. ഈ പേരില്‍ തന്നെ കവിയുടെ ജീവിതനിരീക്ഷണവും ജീവിതത്തില്‍ തന്നെ എവിടെയാണ് അടയാളപ്പെടുത്തേണ്ടത് എന്ന കാഴ്‌ചപ്പാടും നിറഞ്ഞുനില്‍ക്കുന്നു. എഴുത്തുകാരന് ധിക്കാരവും ദാര്‍ഢ്യവും ആവാം. പക്ഷേ, അനുയോജ്യമായ രീതിയിലായിരിക്കണമെന്ന് ജിനേഷിന് നിര്‍ബന്ധമുണ്ട്. കച്ചിത്തുരുമ്പില്‍ ഒറ്റപ്പെടുന്നവന്റെ മര്‍മ്മരങ്ങളുണ്ട്. അതിജീവനത്തിന്റെ ത്വരയും. പുറപ്പെട്ടുപോകുന്നതിന്റെ ഉത്‌കണ്‌ഠയും എതിര്‍ക്കാഴ്‌ചകളുടെ ഉത്തരവാദിത്വവും ജിനേഷ് ഉപേക്ഷിക്കുന്നില്ല. ഉറക്കം വരാത്ത/ രാത്രികളില്‍ നിന്നും/ ഇറങ്ങിനടന്ന സ്വപ്‌നങ്ങള്‍- എന്നാണ് ജിനേഷ് തന്റെ കവിതയെ നിര്‍വ്വചിക്കുന്നത്. കവിത എങ്ങനെ എഴുതണമെന്ന് ആരും പറഞ്ഞുതരാത്ത കാലത്തോളം എഴുത്ത് സ്വാതന്ത്ര്യപ്രഖ്യാപനമാണെന്ന് ഈ എഴുത്തുകാരന്‍ വിശ്വസിക്കുന്നു.-(കളേഴ്‌സ് ബുക്‌സ്).
ഒരു മിനിട്ട് ഞാനെന്റെ മൊബൈലെടുത്തില്ല
ഒറ്റവരിയില്‍ കഥാലോകം പണിയുകയാണ് ശിഹാബ് പറാട്ടി. നല്ല കഥ എന്തിന് വലിച്ചുനീട്ടണം. കുറഞ്ഞ വാക്കുകളില്‍ വലിയ കഥാലോകം തീര്‍ക്കാന്‍ സാധിക്കുമോ എന്നാണ് എഴുത്തുകാരന്‍ സ്വയം ചോദിക്കുന്നത്. അതിനുള്ള ഉത്തരമാണ് ശിഹാബിന്റെ ഈ കഥാപുസ്‌തകം- ഒരു മിനിട്ട് ഞാനെന്റെ മൊബൈലെടുത്തില്ല. ആഗ്രഹങ്ങള്‍ അതിരുകടന്നപ്പോള്‍ ജീവിതം കണ്ണീര്‍ക്കയത്തില്‍ മുങ്ങി.- (അതിര് എന്ന കഥ). ചെറിയ വാക്കുകളില്‍ വടവൃക്ഷം പോലുള്ള കഥകളാണ് രചനയുടെ രസതന്ത്രത്തിലൂടെ ശിഹാബ് പറാട്ടി വളര്‍ത്തിയെടുക്കുന്നത്.-(ലിപി).
ജനാലക്കാഴ്‌ചകള്
ഞാന്‍ അദ്ധ്യാപകന്‍ മാത്രമായി ജീവിച്ചൊരാളാണ്- എന്നിങ്ങനെ സ്വയം നിര്‍വ്വചിച്ചാണ് ഡോ. സുകുമാര്‍ അഴീക്കോടിന്റെ ജനാലക്കാഴ്‌ചകള്‍ തുടങ്ങുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തില്‍നിന്നും സാംസ്‌കാരിക ഇടപെടലിന്റെ മേഖലകളില്‍ നിന്നും തെരഞ്ഞെടുത്ത ഏതാനും ലേഖനങ്ങളാണ് ഈ പുസ്‌തകം. വിദ്യാഭ്യാസവും സംസ്‌കാരവും മുതല്‍ വീടുമാറ്റം വരെ. നമ്മുടെ ചിന്തയെ ചൊടിപ്പിച്ചുണര്‍ത്തുന്ന അഴീക്കോടന്‍ ശൈലിയുടെ കരുത്തും ആര്‍ദ്രതയും ഈ പുസ്‌തകത്തിലുണ്ട്. ഇടംകണ്ണുകൊണ്ടുള്ള ഒരു നോട്ടം എപ്പോഴും ഈ വീടിനുണ്ട് എന്ന വിശ്വാസം ഈ എഴുത്തിന്റെ ഉള്ളിലുള്ള ഭാവനയല്ല, സത്യമാണ് എന്നു പറഞ്ഞ് ഈ എഴുത്ത് ചുരുക്കുന്നു- എന്നാണ് ജനാലക്കാഴ്‌ചകളിലെ വീടുമാറ്റം എന്ന ലേഖനത്തിന്റെ അവസാനഭാഗത്ത് സുകുമാര്‍ അഴീക്കോട് എഴുതിയത്-(ലിപി).
വിറിഡിയാന
അധികാരത്തിന്റെ സമസ്‌ത മേഖലകള്‍ക്കുമെതിരെ വെള്ളിത്തിരയിലൂടെ കലാപം സൃഷ്‌ടിച്ച ലൂയിബുനുവലിന്റെ വിറിഡിയാന എന്ന തിരക്കഥ കാഴ്‌ചയിലെന്നപോലെ, വായനയിലും വേറിട്ടൊരു അനുഭവമാണ്. ചലച്ചിത്രകലയുടെ ബഹുവിധമാനങ്ങളിലൂടെ നോട്ടസംസ്‌കാരത്തെ അട്ടിമറിച്ച ബുനുവല്‍ സമീപനം ശക്തമായി പതിഞ്ഞുനില്‍ക്കുന്ന പുസ്‌തകമാണ് വിറിഡിയാന. പരിഭാഷ നിര്‍വ്വഹിച്ചത് എം. ഡി. മനോജ് ആണ്. മൂലകഥയും കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും അനുധാവനം ചെയ്യുന്നതോടൊപ്പം പരിഭാഷകന്റെ ഔചിത്യപൂര്‍വ്വമുള്ള ഇടപെടലും ഈ പുസ്‌തകത്തിലുണ്ട്.- (അടയാളം ബുക്‌സ്).
ദേശാടന ശലഭങ്ങള്‍
പരിഭാഷയുടെ കരവിരുത് അനുഭവപ്പെടുത്തുന്ന പുസ്‌തകമാണ് ഡോ. ടി. എം. രഘുറാമിന്റെ ദേശാടന ശലഭങ്ങള്‍. സമകാലിക തമിഴ് കവിതകളുടെ വിവര്‍ത്തനം ഭംഗിയായി അവതരിപ്പിക്കുന്ന പുസ്‌തകം. മുത്തുക്കുമാര്‍, കനിമൊഴി, മുരുകേഷ്, സല്‍മ, വെണ്ണില, ഇളയഭാരതി, കൃഷാംഗിനി, കരികാലന്‍, പല്ലവികുമാര്‍ എന്നിവരുടെ കവിതകളാണ് ഈ കൃതിയില്‍ ഡോ. രഘുറാം അവതരിപ്പിക്കുന്നത്. തമിഴ് കവിതയുടെ പുതിയമുഖം ശക്തമായി പ്രതിഫലിപ്പിക്കാന്‍ രഘുറാമിന്റെ വരമൊഴിവഴക്കത്തിന് കഴിഞ്ഞിട്ടുണ്ട്.-(വോയ്‌സ് ബുക്‌സ്)
.കവിതകള്
സ്‌നേഹരാക്ഷസം
എസ്. വി. ഉസ്‌മാന്‍
തൃപ്‌തിയായില്ലേ സുഹൃത്തേ,
നിനക്കെന്റെ
പൊള്ളുന്ന രക്തം കുടിച്ചന്ധമൂര്‍ച്ഛയില്
വീണ്ടും കുളമ്പടിച്ചില്ലേസിരകളില്‍
ദൂരകാന്താരസ്ഥലിയില്‍
നീ പിന്നിട്ടക്രൂരകിരാത പുരാതന-
ജീവിതം.എങ്കിലും നിന്നോടെനിക്കേറെ നന്ദിയു-
ണ്ടെന്റെ ചങ്കിന്റെയാഴത്തിലേക്കെത്തുവാന്
നിന്റെ തേറ്റക്കില്ലശക്തിയും
മൂര്‍ച്ചയുംഎന്ന് ബോധത്തിലേ-
ക്കൂര്‍ജ്ജം നിറച്ചതില്‍.
ഞാന്‍കൊത്തിവെച്ച വാക്കിന്റെ
ശില്‌പങ്ങളോ-ടേറ്റ് മുട്ടിത്തകര്‍ന്നല്ലോ;
വിഷം ചേര്‍ത്ത്‌നീ ഉരുക്കില്‍ തീര്‍ത്ത
കാലന്‍ഫലായുധം.
നിന്റെതീന്‍മേശമേലുണ്ടസ്ഥിനിര്‍മ്മിത-
മെത്രയോ വര്‍ണ്ണാഭമാംവീഞ്ഞ് മൊന്തകള്‍.
കത്തും കനലടുപ്പത്ത് തിളക്കുന്ന-
തെപ്പോഴുംമോരോ നിരാലംബജീവിതം!
ഇഞ്ചിഞ്ച്‌പൊള്ളിച്ചുരുക്കിയ
നിന്നുടല്‍മൃത്യുപോലും സ്വീകരിക്കൂ..
കെടുംമുമ്പ്‌കീറിപ്പറിഞ്ഞ
മലിന വസ്‌ത്രങ്ങളായ്‌വന്ന് വീഴും
മുഖത്തേ,ക്കര്‍ത്ഥശൂന്യമായ്‌നീ
പണ്ടുരുവിട്ട പ്രാര്‍ത്ഥനാഗീതികള്‍.
നിന്‍മൃതജീര്‍ണ്ണമാം
ഓര്‍മ്മകള്‍ക്കെന്നുമെന്‍ശാപം പുരണ്ട്
നീലിച്ചപുഷ്‌പാഞ്‌ജലി.
സത്യന്‍ മാടാക്കര
കാക്കകള്‍ കൂട്ടംകൂടി
ആഗോള എച്ചിലിനെക്കുറിച്ച് വീതം പറയുന്നു.
മത്സ്യങ്ങള്‍ ഏത് മുള്ള് കൊണ്ട്
തൊണ്ടയില്‍ കുത്തണമെന്ന് തീരുമാനിക്കുന്നു.
ആട് കുടല്‍പുറത്താക്കിയ
ഇറച്ചിക്കാരനെ കശാപ്പ് ചെയ്യാന്‍
ഒരുക്കം കൂട്ടുന്നു.കോഴി,
കൊത്തിനുറുക്കിയവന്റെ
കുടലില്‍ദഹനക്കേട് വരുത്താന്‍ വയറില്‍ തപ്പുന്നു.
കൂമ്പ് ചീയല്‍ മനുഷ്യരിലേക്ക്,
സുഖിക്കണോ, മുട്ടുവിന്‍ ബീവറേജ് തുറക്കപ്പെടും
കണ്ണ് ചോപ്പിച്ച് രസത്തിലങ്ങനെയിരിക്കാം.
ഒരു കവിത ഒന്നുമല്ലപക്ഷേ,
ആളുകള്‍ നിരാലംബരാകുന്നു
മണലൂറ്റിയൂറ്റി പുഴ മരണശ്വാസം വലിക്കുന്നു
തീവിലക്ക് പെണ്ണ് കച്ചവടം നടക്കുന്നു.
കവിക്ക് കാണാതിരിക്കാനാവുമോ?
ആവാസത്തിലും ഗറില്ലകളൊരുങ്ങുന്നു
കടലില്‍ സുനാമി
കരയില്‍ പല പനി.
പരിഭാഷകളുടെ പ്രളയകാലത്ത്
ദൈവമേ, നിന്റെ ഗരില്ലാഭാഷ
എനിക്ക് മനസ്സിലാകുന്നില്ലല്ലോ...!-നിബ്ബ് ചന്ദ്രിക 27-12-2009
No comments:
Post a Comment