Wednesday, April 29, 2009

വായന

ഗുല്‍മോഹറിന്റെ തിരഭാഷ

തിരക്കഥയ്‌ക്ക്‌ നിരവധി നിര്‍വ്വചനങ്ങളുണ്ട്‌. കാഴ്‌ചപ്പാടിന്റെയും സമീപനത്തിന്റെയും അടിസ്ഥാനത്തില്‍ വൈവിധ്യവും. തിരശ്ശീലയ്‌ക്ക്‌ അനുയോജ്യമായി കഥയെ രൂപപ്പെടുത്തലാണ്‌ തിരക്കഥയെന്ന്‌ സാമാന്യമായി വിശേഷിപ്പിക്കാം. തിരക്കഥാസാഹിത്യത്തെ സംബന്ധിച്ചും വ്യത്യസ്‌ത വിലയിരുത്തലുകള്‍ സ്വാഭാവികം. ഇത്തരം കാര്യങ്ങള്‍ മാനദണ്‌ഡമാക്കി തിരക്കഥകളെ വിലയിരുത്തുന്ന പ്രവണത മലയാളത്തില്‍ അടുത്തിടെയാണ്‌ സജീവമായത്‌. എണ്‍പത്‌ വയസ്സ്‌ പിന്നിട്ട മലയാളസിനിമയിലെ തിരക്കഥകളുടെ പുസ്‌തകരൂപത്തിലേക്കുള്ള പരകായപ്രവേശത്തിന്‌ ആക്കംകൂടിയത്‌ സിനിമ പാഠപുസ്‌തകങ്ങളില്‍ ഇടംനേടിയതോടുകൂടിയാണ്‌. മുമ്പ്‌ മലയാളത്തില്‍ തിരക്കഥാപുസ്‌തകങ്ങളുണ്ടായത്‌ എം.ടി.യുടെയും പത്മരാജന്റെയുമാണ്‌. അവയോടുചേര്‍ന്നു നിന്നത്‌ സത്യജിത്‌ റായിയുടെ ഏതാനും തിരക്കഥകളുടെ വിവര്‍ത്തനങ്ങളും വിജയകൃഷ്‌ണന്‍ വിവര്‍ത്തനം ചെയ്‌ത വിശ്വോത്തര സിനിമകളുടെ തിരക്കഥകളും നിസ്സാര്‍ അഹ്‌മദ്‌ എഡിറ്റുചെയ്‌ത മലയാളത്തിലെ പരീക്ഷണചിത്രങ്ങളുടെ തിരഭാഷകളുമാണ്‌. ഇത്‌ തിരക്കഥാ പുസ്‌തകങ്ങളുടെ വസന്തകാലമാണ്‌. എല്ലാവിഭാഗം സിനിമകളുടെയും തിരക്കഥകള്‍ ചിത്രങ്ങളുടെ പ്രദര്‍ശനത്തോടനുബന്ധിച്ചോ, പ്രദര്‍ശനത്തിനു മുമ്പുതന്നെയോ പുസ്‌തകരൂപത്തില്‍ പുറത്തിറങ്ങുന്നു. തിരക്കഥകള്‍ ഏതാനും എഴുത്തുകാരുടെ ക്രെഡിറ്റില്‍ നിന്നും ജനകീയദശയിലേക്ക്‌ പ്രവേശിച്ചതും അടുത്തകാലത്താണ്‌. ഈ മാറ്റങ്ങളൊക്കെ മലയാളസിനിമയുടെ നേട്ടമോ, കോട്ടമോ എന്ന്‌ മലയാളിയുടെ കാഴ്‌ചയും വായനയും വിലയിരുത്തപ്പെടേണ്ടിയിരുക്കുന്നു. തിരക്കഥയുടെ പുസ്‌തകരൂപത്തിലേക്കുള്ള കുടിയേറ്റത്തെപ്പറ്റി ഇവിടെ സൂചിപ്പിച്ചത്‌ ഡി. സി. ബുക്‌സ്‌ പ്രസിദ്ധീകരിച്ച ദീദി ദാമോദരന്റെ `ഗുല്‍മോഹര്‍' എന്ന പുസ്‌തകം വായനയ്‌ക്കു മുന്നിലുള്ളതു കൊണ്ടാണ്‌.

``എഴുതപ്പെടുന്ന വാക്കുകള്‍, സാഹിത്യത്തില്‍ അന്തിമമാണ്‌. പിന്നീടുള്ള അതിന്റെ വളര്‍ച്ചയും വികാസവുമെല്ലാം വായനക്കാരന്റെ മനസ്സിലാണ്‌. തിരക്കഥയില്‍ അങ്ങനെയല്ല. ഫിലിമിലേക്കു പകര്‍ത്തിയതിനുശേഷംപോലും അതില്‍ വെട്ടിത്തിരുത്തലുകള്‍ ഉണ്ടാവുക അതിസാധാരണമാണ്‌. എഴുതുന്ന വരികള്‍ പലപ്പോഴും ലൊക്കേഷനുകളില്‍ ആവശ്യമില്ലാതെ വരുന്നു. എഡിറ്റിംഗ്‌ ടേബിളില്‍ അവയില്‍ പലതും അര്‍ത്ഥശൂന്യമായി മാറുന്നു''- ( പത്മരാജന്‍- പത്മരാജന്റെ തിരക്കഥകളുടെ മുഖക്കുറിപ്പ്‌) എന്നിങ്ങനെ തിരക്കഥാകൃത്തിന്റെ നിയോഗത്തെപ്പറ്റിയാണ്‌ പത്മരാജന്‍ പറഞ്ഞുവച്ചത്‌. ഒരര്‍ത്ഥത്തില്‍ തിരക്കഥയും സാഹിത്യവും തമ്മിലുള്ള താരതമ്യപ്പെടുത്തലുമാണിത്‌. മലയാളത്തില്‍ ഒട്ടേറെ സാഹിത്യകൃതികള്‍ക്കും തിരക്കഥകള്‍ക്കും പത്മരാജന്‍ സൂചിപ്പിച്ച വിഷമവൃത്തത്തില്‍ നിന്നും കരകയറാനും സാധിച്ചിട്ടില്ലെന്ന്‌ സിനിമകളില്‍ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്‌. ഈ പശ്ചാത്തലത്തില്‍ വേണം ദീദി ദാമോദരന്റെ `ഗുല്‍മോഹറി'നെ സമീപിക്കേണ്ടത്‌. ദീദിയുടെ വാക്കുകള്‍ക്ക്‌ അതിന്റെ സാഹിതീയമൂല്യത്തിന്‌ വലിയ കോട്ടം സംഭവിക്കാതെ തിരശ്ശീലയിലെത്തിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന്‌ ജയരാജിന്റെ ആവിഷ്‌കാരം വ്യക്തമാക്കിയിട്ടുണ്ട്‌. തിരശ്ശീലയുടെ ക്രമാനുബന്ധം തിരിച്ചറിഞ്ഞ്‌ തിരക്കഥ ഒരുക്കുമ്പോള്‍ രചയിതാവിന്‌ നേടിയെടുക്കാന്‍ സാധിക്കുന്ന വിജയം ദീദി കൈവരിച്ചതും മറ്റൊന്നല്ല.

ഒരു കൂട്ടം ചെറുപ്പക്കാര്‍ അനീതിക്കെതിരെ നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ്‌ ഗുല്‍മോഹറില്‍ ദീദി ദാമോദരന്‍ പറയുന്നത്‌. അവരില്‍ കൂട്ടംതെറ്റിമേയുന്നവരുണ്ട്‌. എങ്കിലും അവരുടെ ലക്ഷ്യം ഒന്നാണ്‌. അരുണും ഹരികൃഷ്‌ണനും അന്‍വറും ഗായത്രിയും ഇന്ദുചൂഡനും റഷീദും എല്ലാം പ്രക്ഷുബ്‌ധതയുടെ വേനലിലൂടെയാണ്‌ നടക്കുന്നത്‌. വിപ്ലവം സ്വപ്‌നം കാണുന്ന കുറെ മനസ്സുകളുടെ ഘോഷയാത്ര. കഥയും കഥാഗതിയും തീക്ഷ്‌ണതയോടെ പറയുന്നതില്‍ തിരക്കഥാകൃത്ത്‌ കൈയൊതുക്കം നേടിയിട്ടുണ്ട്‌. ഫ്‌ളാഷ്‌ ബാക്കില്‍ കഥയുടെ ചുരുള്‍നിവരുമ്പോള്‍ കേരളത്തിലെ നക്‌സല്‍ കലാപങ്ങളുടെ മണവും നിറവും ചിത്രത്തിനും ദൃശ്യഭാഷക്കും വന്നുചേരുന്നു. തിളക്കുന്ന യൗവ്വനങ്ങളുടെ വിപ്ലവും പ്രണയവും ഇഴചേര്‍ന്നു നില്‍ക്കുന്ന കഥ. പ്രേക്ഷകന്റെ മനസ്സില്‍ കനലുകോരിയിടുന്ന സംഭാഷണങ്ങള്‍. ഹൃദയത്തില്‍ സ്‌പര്‍ശിക്കുന്ന പ്രണയമൊഴികള്‍. എല്ലാം കൂട്ടുചേരുമ്പോഴും എഴുത്തിന്റെ കാര്‍ക്കശ്യം ചോര്‍ന്നുപോകുന്നില്ല എന്നതാണ്‌ ദീദി ഒരുക്കിയ തിരക്കഥയുടെ മികവ്‌. ഇന്ദുചൂഡനോട്‌ ഗായത്രി ഒരിക്കല്‍ പറഞ്ഞു: ?മറുപടി എന്തായാലും എന്റെ പ്രേമം അവസാനിക്കുകയില്ല. ഋതുഭേദങ്ങള്‍ വകവയ്‌ക്കാതെ ഞാനീ ഗുല്‍മോഹര്‍ ചുവട്ടില്‍ കാത്തിരിക്കും. കൊടും വേനല്‍ച്ചൂടില്‍ വിയര്‍ക്കുമ്പോഴും മഴ നനയുമ്പോഴും ഓര്‍ക്കുക ഇവിടെ ഈ മരച്ചുവട്ടില്‍ ഒരാള്‍ കാത്തിരിപ്പുണ്ടെന്ന്‌.'' കഥയുടെ ആരോഹണാവരോഹണത്തില്‍ ഇന്ദുചൂഡന്‍ തലയില്‍ മണ്ണെണ്ണ ഒഴിച്ച്‌ പ്രഖ്യാപിക്കുന്നു: ?ഇതൊരു തോറ്റ ജനതയാണ്‌. ഇവരെ ഇനിയും തോല്‍പിക്കാന്‍ ആവില്ല നിങ്ങള്‍ക്ക്‌.'

മലയാളത്തിലെ നിരവധി സിനിമകളില്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ കണ്ടെടുക്കാന്‍ സാധിച്ചേക്കും. പക്ഷേ, അവയില്‍ നിന്നും ഗുല്‍മോഹറും അതിന്റെ തിരഭാഷയും വേറിട്ടുനില്‍ക്കുന്നത്‌ ആഖ്യാനത്തില്‍ പുലര്‍ത്തുന്ന സൂക്ഷ്‌മതയാണ്‌. ഒരേ തൂവല്‍പക്ഷികളുടെ കഥ തിരക്കഥയാക്കി മാറ്റുന്നിടത്ത്‌ മാധ്യമത്തിന്റെ കരുത്തം പരിമിതിയും ദീതി മനസ്സിലാക്കിയിട്ടുണ്ട്‌. വാക്കുകള്‍ ദൃശ്യങ്ങളായി പുനര്‍ജ്ജനിക്കുമ്പോള്‍ വന്നുചേരാനിടയുള്ള വിള്ളലുകള്‍ പരമാവധി അതിവര്‍ത്തിക്കുന്ന തിരക്കഥകളിലൊന്നാണ്‌ ദീദിയുടെ ഗുല്‍മോഹര്‍.സിനിമയുടെ അരങ്ങിലെന്നപോലെ അണിയറയിലും സ്‌ത്രീ സാന്നിദ്ധ്യം ശക്തമാകുന്നതിന്റെ അടയാളമാണ്‌ ദീദി ഒരുക്കിയ തിരക്കഥ. സീന്‍25-ല്‍ ഇന്ദുചൂഡന്‍ പറയുന്നു: ?അതിതുവരെ മനസ്സിലായിട്ടില്ലേ ഗായത്രിക്ക്‌. ഞങ്ങള്‍ ആണുങ്ങള്‍ എന്ത്‌ വിപ്ലവം പ്രസംഗിക്കുമ്പോഴും ഞങ്ങളുടെ ചൊല്‍പ്പടിക്ക്‌ നില്‍ക്കുന്ന ഒരു പെണ്ണിനെ ഞങ്ങള്‍ വീടിനുള്ളില്‍ ആഗ്രഹിക്കും. പുരോഗമനവാദത്തിന്റെ അസ്‌കിതയില്ലാത്ത ഒരടുക്കളക്കാരിയെ.'' സ്‌ത്രീശാക്തീകരണത്തിന്റെ കാലത്തുപോലും മലയാളസിനിമയിലെ സ്‌ത്രീകഥാപാത്രങ്ങള്‍ സംസാരിക്കുന്നതും അവര്‍ക്ക്‌ സമൂഹത്തില്‍ ലഭിക്കുന്ന ഇടങ്ങളും ഓര്‍മ്മപ്പെടുത്തുന്ന മുഹൂര്‍ത്തങ്ങള്‍ ഗുല്‍മോഹര്‍ വരച്ചിടുന്നു. ചിത്രത്തിലൊരിടത്ത്‌ ഇന്ദുചൂഡന്‍ സന്ദേഹിക്കുന്നതുപോലെ ?ആര്‍ക്കാണ്‌ തെറ്റുപറ്റിയതെന്ന്‌ ആര്‍ക്കറിയാം.? പരമ്പരാഗത തിരക്കഥാ രചനകള്‍ പിന്തുടരുന്ന സാമാന്യബോധത്തിന്‌ ആഴത്തില്‍ മുറിവേല്‍പിക്കുന്ന സമീപകാല മലയാള തിരക്കഥകളില്‍ ഏറെ ശ്രദ്ധേയമാണ്‌ ഗുല്‍മോഹര്‍. കഥയും കഥാപാത്രങ്ങളും അവരുടെ പ്രശ്‌നങ്ങളും പഠിച്ചറിഞ്ഞ്‌ ദൃശ്യാഖ്യാനത്തിന്‌ പാകമാകുന്ന ശൈലിയില്‍ പ്രതിപാദിച്ചിട്ടുണ്ട്‌. കാഴ്‌ചയിലും വായനയിലും സുതാര്യമാണ്‌ ഗുല്‍മോഹര്‍. തിരഭാഷയുടെ സൗന്ദര്യവും കരുത്തും ഒത്തിണങ്ങിയ ഈ പുസ്‌തകം തിരക്കഥാ രചനയിലും സ്‌ത്രീ മുന്നേറ്റത്തിന്റെ നാളുകളിലേക്ക്‌ ചേര്‍ത്തുവായിക്കാന്‍ ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ക്കും പ്രവര്‍ത്തകര്‍ക്കും പ്രയോജനപ്പെടും.

-ചന്ദ്രിക വാരാന്തപ്പതിപ്പ്‌

ഗുല്‍മോഹര്‍

ഡിസി ബുക്‌സ്‌

വില- 90 രൂപ

Tuesday, March 24, 2009

സി. രാധാകൃഷ്‌ണന്റെ ക്യാമറക്കാഴ്‌ചകള്‍‍

‍സിനിമ സ്വത്വമുദ്രകളുടെ പാഠപുസ്‌തകമാണ്‌. അത്‌ നിവര്‍ത്തി നോക്കുമ്പോള്‍, ഓരോ കാലഘട്ടത്തിലും, ദേശത്തും സിനിമയെ പാകപ്പെടുത്തിയത്‌ വ്യത്യസ്‌ത സാംസ്‌കാരിക- രാഷ്‌ട്രീയ പരിസ്ഥിതികളാണെന്ന്‌ കാണാം. എഴുപതുകളില്‍ മലയാളസിനിമയില്‍ രൂപപ്പെട്ട നവതരംഗത്തിന്റെ അടിസ്ഥാനധാരയും മറ്റൊന്നല്ല. പാശ്ചാത്യ ചലച്ചിത്ര കൃതികളും സമീപനങ്ങളും മലയാളത്തിന്റെ തിരഭാഷയിലുണ്ടാക്കിയ മാറ്റത്തിന്റെ പ്രതിഫലനമായിരുന്നു ന്യൂസ്‌ പേപ്പര്‍ബോയ്‌, ഓളവും തീരവും, സ്വയംവരം, ഉത്തരായണം, കബനിനദി ചുവന്നപ്പോള്‍, സ്വപ്‌നാടനം, അതിഥി തുടങ്ങിയ ചിത്രങ്ങള്‍. ജീവിതത്തിന്റെ താളഭംഗവും മൃദുലഭാവങ്ങളും അതിജീവനത്തിന്റെ കുതിപ്പും സ്വത്വാവബോധത്തിന്റെ തീക്ഷ്‌ണതയും ഉള്‍ക്കൊള്ളുന്ന ചലച്ചിത്ര സംസ്‌കൃതി മലയാളത്തിലും തളിര്‍ത്തു. സിനിമയുടെ പ്രമേയ സ്വീകരണത്തിലും ആവിഷ്‌കരണത്തിലും നിലനിന്ന പരമ്പരാഗത രീതിയെ വെല്ലുവിളിച്ചവരുടെ നിരയിലാണ്‌ എഴുത്തുകാരനായ സി. രാധാകൃഷ്‌ണന്‍ ഇടം കണ്ടെത്തിയത്‌. പാരമ്പര്യവും കാലികവുമായ ജീവല്‍സന്ധികളിലേക്ക്‌ ക്യാമറ ഉറപ്പിച്ചു നിര്‍ത്തണമെന്ന്‌ സി. ആറിന്റെ ആദ്യകാല ചിത്രങ്ങള്‍ തന്നെ വ്യക്തമാക്കിയിരുന്നു. എഴുപതിന്റെ ഉത്തരാര്‍ദ്ധത്തില്‍ രണ്ടു ധാരകളായിരുന്നു മലയാളത്തില്‍ സജീവസാന്നിദ്ധ്യമായത്‌. ജീവിതത്തിനു നേരെ ക്യാമറ പിടിക്കുന്നവരും, ജീവിതത്തിന്‌ പുറംതിരിഞ്ഞു നടക്കുന്നവരും കാഴ്‌ചയുടെ തലത്തില്‍ വേറിട്ടവഴികളിലേക്ക്‌ സഞ്ചരിച്ചുകൊണ്ടിരുന്നു. ഈ രണ്ടു ധാരകളോടും ഇണങ്ങിയും പിണങ്ങിയും നില്‍ക്കാന്‍ തയ്യാറായ സംവിധായകനാണ്‌ രാധാകൃഷ്‌ണന്‍.

അക്ഷരത്തില്‍ അഗ്നി കടഞ്ഞെടുക്കുന്ന രാധാകൃഷ്‌ണന്‍ ചലച്ചിത്രകലയെ തന്റെ വരുതിയിലേക്ക്‌ വലിച്ചടുപ്പിക്കുകയായിരുന്നു. അറുപതുകളില്‍ മലയാളത്തിലെ എഴുത്തുകാര്‍ സിനിമയുമായി അടുത്ത ചങ്ങാത്തം പുലര്‍ത്തിയത്‌ സ്വന്തം കൃതികള്‍ക്ക്‌ തിരക്കഥകളൊരുക്കിയായിരുന്നു. സി. രാധാകൃഷ്‌ണനും ഇതേ വഴി തന്നെയാണ്‌ സ്വീകരിച്ചത്‌. പക്ഷേ, തന്റെ പഠന മേഖലയിലും ഔദ്യോഗികതലത്തിലും ചലച്ചിത്രവും അതിന്റെ സാങ്കേതികവശങ്ങളും രാധാകൃഷ്‌ണന്‌ അന്യമായിരുന്നില്ല. പൂന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടും പി. കെ. നായരുമായുള്ള പരിചയവും സി. ആറിന്റെ ചലച്ചിത്രവീക്ഷണത്തിന്‌ കരുത്തു പകര്‍ന്നു. ലോക ക്ലാസ്സിക്കുകളും സംവിധായകരും അനുഭവപ്പെടുത്തിയ ദൃശ്യസംസ്‌കൃതി സി. ആറിന്റെ തിരഭാഷാ സമീപനം വിപുലപ്പെടുത്തിക്കൊണ്ടിരുന്നു.

തന്റെ ആശയങ്ങളും ഉള്ളുരുക്കങ്ങളും ദൃശ്യപഥത്തിലേക്ക്‌ പകര്‍ത്തിയപ്പോള്‍ പ്രതിലോമപരമായ ചിന്താഗതികളേയും സംസ്‌കാരത്തേയും പ്രതിരോധിക്കാന്‍ രാധാകൃഷ്‌ണന്‌ സാധിച്ചത്‌ സിനിമയെ കുറിച്ചുള്ള ആഴക്കാഴ്‌ചകള്‍ തന്നെയാണ്‌.ലോകസിനിമ മുന്നോട്ടുവയക്കുന്ന സൗന്ദര്യശാസ്‌ത്രവും പ്രത്യയശാസ്‌ത്രവും മലയാളിയുടെ ജീവിതവുമായി എങ്ങനെ പൊരുത്തപ്പെടുത്താന്‍ കഴിയുമെന്ന അന്വേഷണം സി. ആറിന്റെ തിരക്കഥകളിലും ചിത്രങ്ങളിലും പതിഞ്ഞുനില്‌പുണ്ട്‌. നടന്‍ മധുവിന്റെ പ്രേരണയും സഹകരണവുമാണ്‌ രാധാകൃഷ്‌ണന്റെ സിനിമാ പ്രവേശത്തിന്‌ സഹായകമായത്‌. `തേവടിശ്ശി' എന്ന തന്റെ നോവലിന്‌ തിരക്കഥയൊരുക്കിയാണ്‌ രാധാകൃഷ്‌ണന്‍ ചലച്ചിത്രലോകത്തേക്ക്‌ പ്രവേശിച്ചത്‌. മധു സംവിധാനം ചെയ്‌ത `പ്രിയ' എന്ന (1970) ചിത്രത്തിന്‌ ഒട്ടേറെ പുതുമകളുണ്ട്‌. മധുവിന്റെ സംവിധാനകലയും രാധാകൃഷ്‌ണന്റെ തിരക്കഥയും ചലച്ചിത്രഗാന രംഗത്ത്‌ ബാബുരാജ്‌, പി. ലീല, എസ്‌. ജാനകി, യൂസഫ്‌ അലി തുടങ്ങിയ പ്രഗല്‍ഭ നിരയും `പ്രിയ'യെ ശ്രദ്ധേയമാക്കി. പിന്നീട്‌ തുലാവര്‍ഷം, പിന്‍നിലാവ്‌, പാല്‍ക്കടല്‍, അവിടുത്തെപോലെ ഇവിടെയും തുടങ്ങിയ സിനിമകള്‍ക്ക്‌ തിരക്കഥ രചിച്ചത്‌ രാധാകൃഷ്‌ണനായിരുന്നു. അക്കാലത്ത്‌ മലയാളസിനിമയില്‍ വേറിട്ട പ്രതിഭകളായി നിറഞ്ഞുനിന്ന അഭിനേതാക്കളായിരുന്നു രാധാകൃഷ്‌ണന്റെ തിരഭാഷക്ക്‌ ജീവന്‍ നല്‍കിയത്‌.

തിരക്കഥാകാരനായി സിനിമാരംഗത്തെത്തിയ രാധാകൃഷ്‌ണന്‍ ആദ്യമായി സംവിധാനം ചെയ്‌ത ചിത്രം `അഗ്നി' (1978) ആണ്‌. അഗ്നി എന്ന തന്റെ നോവലാണ്‌ ഈ സിനിമയ്‌ക്ക്‌ ആധാരമാക്കിയത്‌. മുസ്‌ലിം സമുദായത്തിന്റെ ആചാരങ്ങളും അനുഷ്‌ഠാനങ്ങളും അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ പ്രണയത്തിന്റെയും കണ്ണീരിന്റെയും മാനുഷികതയുടെയും നിറദീപ്‌തിയിലാണ്‌ സംവിധായകന്‍ ക്യാമറ ഉറപ്പിച്ചുനിര്‍ത്തിയത്‌. ഇറച്ചിവെട്ടുകാരനായ പിതാവിന്റെ ക്രൗര്യവും വേപഥും ബാലന്‍ കെ. നായരിലൂടെ ശക്തമായി വെള്ളിത്തിരയിലെത്തിക്കാന്‍ സി. ആറിന്റെ സംവിധാനശൈലിക്ക്‌ കഴിഞ്ഞു. ചലച്ചിത്രഗാന രചനയില്‍ ശകുന്തളാ രാജേന്ദ്രന്റെ സാന്നിദ്ധ്യവും `അഗ്നി'യില്‍ ശ്രദ്ധേയമാക്കി. നവീനഭാവുകത്വവും പുതിയ യാഥാര്‍ത്ഥ്യങ്ങളും ഇഴചേര്‍ത്ത്‌ രൂപപ്പെടുത്തിയ `അഗ്നി' എന്ന സിനിമയെ നമ്മുടെ നിരൂപകരും സിനിമയെ ഗൗരവപരമായി സമീപിക്കുന്നവരും വേണ്ടത്ര ഗൗനിച്ചില്ല. ആ ചിത്രത്തില്‍ പ്രയോജനപ്പെടുത്തിയ സംജ്ഞകളുടെ ഇഴപിരിക്കല്‍ ഒരു ചലച്ചിത്രകാരനെന്ന നിലയില്‍ രാധാകൃഷ്‌ണന്റെ ജാഗരൂകത അടയാളപ്പെടുത്തുന്നുണ്ട്‌.

കനലെരിയുന്ന മനസ്സുകളും മുമ്പേപറക്കുന്ന പക്ഷികളും ശാസ്‌ത്രദീപ്‌തിയും കൊണ്ട്‌ ഭാവനയുടെ ആഴക്കടലും ആകാശവിതാനവും അനുഭവിപ്പിക്കുന്ന രാധാകൃഷ്‌ണന്‍ സിനിമകളിലും പുതുമയുടെ അന്വേഷണാത്മകതക്ക്‌ പ്രാധാന്യം നല്‍കി. സമകാലിക കേരളീയ പരിസരത്തിലേക്കാണ്‌ `കനലാട്ടം' എന്ന (1979) സിനിമയിലൂടെ ഈ സംവിധായകന്‍ പ്രേക്ഷകരെ നടത്തിച്ചത്‌. സ്‌ത്രീശാക്തീകരണവും സ്‌ത്രീപക്ഷ ചിന്തയുമാണ്‌ `കനലാട്ട'ത്തിന്റെ അന്തര്‍ധാര. വാര്യസ്യര്‍ കുട്ടിയുടെ ജീവിതഖണ്‌ഡത്തിലൂടെ, അവളുടെ ദു:ഖങ്ങളിലൂടെ സഞ്ചരിക്കുന്ന ക്യാമറ മനുഷ്യന്റെ ഉള്ളുരുക്കങ്ങളിലേക്കും വികാരവിചാരങ്ങളിലേക്കും ഇറങ്ങിനില്‍ക്കുന്നു. തന്റെ സ്വത്വം സമൂഹത്തിനു മുമ്പില്‍ വരച്ചുചേര്‍ക്കാനുള്ള ഒരു സ്‌ത്രീയുടെ തയ്യാറെടുപ്പുകളാണ്‌ 'കനലാട്ട'ത്തിന്റെ കടുത്ത ഫ്രെയിമുകളില്‍ നിറഞ്ഞുനില്‍ക്കുന്നത്‌.

ജാത്യാചാരങ്ങളുടെ വേലിക്കെട്ടുകള്‍ തകര്‍ത്തൊഴുകിയ പ്രണയം `കനലാട്ട'ത്തിലെ മുഖ്യവിഷയമാണ്‌. ഉയര്‍ന്ന ജാതിക്കാരിയായ നായികയുടെ അനുരാഗം ചെന്നുപതിച്ചത്‌ കീഴ്‌ജാതിക്കാരനായ യുവാവില്‍. അവരുടെ അനുരാഗനദിക്ക്‌ വിഘ്‌നം തീര്‍ത്തത്‌ ജാതിയും. യുവാവ്‌ നാട്ടുകാരാല്‍ കൊലച്ചെയ്യപ്പെടുന്നു. മൂകനായ ഏട്ടന്റെ ജീവിതവും തകര്‍ന്നതോടെ യുവതിയുടെ ജീവിതം സമൂഹത്തിന്റെ മുമ്പില്‍ ചോദ്യചിഹ്‌നമായി. ആ സ്‌ത്രീയുടെ കാഴ്‌ചകളിലൂടെയാണ്‌ `കനലാട്ട'ത്തിന്റെ ക്യാമറ ചലിക്കുന്നത്‌. സംഗീതത്തിലും പരിചരണത്തിലും കേരളീയത്തനിമ പുലര്‍ത്തിയ ചിത്രമാണ്‌ `കനലാട്ടം'. സാങ്കേതികമായി ഈ സിനിമയുടെ മറ്റൊരു സവിശേഷത ആറുദിവസം ഇരുപതു മണിക്കൂര്‍ വീതം ചിത്രീകരിച്ചാണ്‌ പൂര്‍ത്തിയാക്കിയത്‌.

കനലാട്ടത്തെ തുടര്‍ന്ന്‌ രാധാകൃഷ്‌ണന്‍ സംവിധാനം ചെയ്‌ത സിനിമ `പുഷ്യരാഗ'മാണ്‌. മനുഷ്യബന്ധങ്ങളുടെ അടിയൊഴുക്കുകളും നീര്‍ച്ചോലകളും ഭംഗിയായി അവതരിപ്പിക്കുകയാണ്‌ ഈ ചിത്രത്തില്‍. ചേച്ചിയും അനുജത്തിയും തമ്മിലുള്ള ബന്ധവും സംഘര്‍ഷങ്ങളും ജീവിതത്തിന്റെ കയറ്റിറക്കങ്ങളിലൂടെ ആവിഷ്‌ക്കരിക്കുകയാണ്‌ സംവിധായകന്‍. സാമൂഹികവും സാംസ്‌കാരികവുമായ ചില ധാരകള്‍ ഈ സിനിമയില്‍ കാത്തുസൂക്ഷിക്കാന്‍ രാധാകൃഷ്‌ണന്‌ സാധിച്ചു. മധു, ജയന്‍, കെ. പി. ഉമ്മര്‍, ശാരദ തുടങ്ങിയവര്‍ വേഷപ്പകര്‍ച്ച നടത്തിയ പുഷ്യരാഗം ഹൃദയനൊമ്പരങ്ങളുടെ ദൃശ്യാഖ്യാനമാണ്‌.

സി. രാധാകൃഷ്‌ണന്‍ എന്ന സംവിധായകന്റെ ചലച്ചിത്ര സമീക്ഷയാണ്‌ `ഒറ്റയടിപ്പാതകള്‍' എന്ന സിനിമ. 1998-ല്‍ പുറത്തിറങ്ങിയ ഈ ചിത്രം ഒരു എഴുത്തുകാരന്റെ അകംകാഴ്‌ചയുടെ ദീപ്‌തി പ്രസരിപ്പിച്ചു. ജീവിതത്തിന്റെ ആഴങ്ങളില്‍ നിന്നും കണ്ടെടുത്ത വൈകാരിക മുഹൂര്‍ത്തങ്ങള്‍ കൊണ്ട്‌ സമ്പന്നമാണ്‌ ഒറ്റയടിപ്പാതകള്‍. രാധാകൃഷ്‌ണന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ഈ സിനിമയും കുടുംബങ്ങളുടെയും വ്യക്തിമനസ്സുകളുടെയും വൈവിധ്യമാര്‍ന്ന ദൃശ്യപംക്തികളാണ്‌. റിട്ടേര്‍ഡ്‌ ജഡ്‌ജിയുടെ മകള്‍ സുന്ദരിയും സുശീലയുമാണ്‌. അവളുടെ അനുജന്‍ വൈകല്യംബാധിച്ച കുട്ടിയും. പ്രണയത്തിനുവേണ്ടി ജീവിതം നീക്കിവെച്ച മുറച്ചെറുക്കനും. കഥയുടെ കുഴമറിച്ചിലില്‍ മകളുടെ ഭാവി സുരക്ഷിതമാക്കാന്‍ വേണ്ടി പിതാവ്‌ തന്നെ അനുജനെ കൊല്ലുന്നു. ഇക്കാര്യം തിരിച്ചറിഞ്ഞ മകള്‍ കാമുകനെയും തന്റെ പ്രണയത്തെയും ഉപേക്ഷിക്കുന്നു. അച്ഛനെ വെറുക്കുന്നു. നിറഞ്ഞ സ്‌നഹവും വറ്റിപ്പോകുന്ന സ്‌നേഹവും തമ്മിലുള്ള ഏറ്റുമുട്ടലാണ്‌ ഒറ്റയടിപ്പാതകളിലെ പ്രതിപാദ്യം. മാനസികാപഗ്രഥനത്തിന്‌ നിരവധി നീക്കിയിരിപ്പുകള്‍ നല്‍കുന്ന മലയാളസിനിമകളിലൊന്നാണ്‌ സി. രാധാകൃഷ്‌ണന്റെ `ഒറ്റയടിപ്പാതകള്‍'.സിനിമ ജീവിതത്തിന്റെ കണ്ണാടിയായി കാണാനാഗ്രഹിക്കുന്ന എഴുത്തുകാരനാണ്‌ സി. രാധാകൃഷ്‌ണനെന്ന്‌, അദ്ദേഹത്തിന്റെ ചിത്രലോകം പ്രതിഫലിപ്പിക്കുന്നു. വാക്കിന്റെ തിരമാലകള്‍ക്കുള്ളില്‍ തെളിയുന്ന വെളിച്ചവും മധുരിമയും സംഗീതവും മാനവീയതയും സാഹിത്യകൃതികളിലെന്നപോലെ ദൃശ്യപഥത്തിലും അനുഭവപ്പെടുത്താന്‍ രാധാകൃഷ്‌ണന്‌ സാധിക്കുന്നു. ചലച്ചിത്രകലയില്‍ തന്റേതായ ഒറ്റയടിപ്പാതയുടെ അമരത്തുനില്‍ക്കാന്‍ ഈ പ്രതിഭാശാലിക്ക്‌ കഴിയുന്നത്‌ മാധ്യമങ്ങളില്‍ നിവര്‍ത്തിക്കുന്ന ആത്മസമര്‍പ്പണത്തിന്റെ അഗ്നിസ്‌പര്‍ശം കൊണ്ടാണ്‌. അക്ഷരങ്ങളായി, ദൃശ്യാംശങ്ങളായി വഴിമാറുന്ന കലാത്മകഭൂമികയാണത്‌.

Tuesday, March 03, 2009

പ്രതിഭ-എത്രയും പറയാംതിരിച്ചെഴുത്ത്‌ റെഡി!

അക്ഷരമോ, അക്ഷരക്കൂട്ടങ്ങളോ മാത്രമല്ല, ഖണ്‌ഡികകളും പുസ്‌തകം മുഴുവനോ ആയാലും പെട്ടെന്ന്‌ അതിന്റെ തിരിച്ചെഴുത്ത്‌ റെഡിയാണ്‌. മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്‌ ഭാഷകളിലെ ഏത്‌ വാചകമായാലും കവിതകളായാലും പുസ്‌തകങ്ങളായാലും ആര്യ സുരേന്ദ്രന്‍ നിമിഷത്തിനുള്ളില്‍ തിരിച്ചെഴുതി കാഴ്‌ചക്കാരെ വിസ്‌മയിപ്പിക്കും. നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ്‌ തിരിച്ചെഴുത്തില്‍ പുതിയ വേഗതയും അത്ഭുതവും സൃഷ്‌ടിക്കുന്ന ആര്യ വായനക്കാരുടെയും പറച്ചിലുകാരുടെയും സദസ്സുകളുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നത്‌. പിന്നീട്‌ നിരവധി വേദികളിലും ആര്യ സുരേന്ദ്രന്‍ തിരിച്ചെഴുത്തിലെ കലാപാടവം അടയാളപ്പെടുത്തിയിട്ടുണ്ട്‌.

പ്രശസ്‌ത കഥാകാരി പ്രിയ എ. എസിന്റെ കഥയും അനില്‍പാച്ചൂരാന്റെ കവിതയും അവരെ വേദിയിലിരുത്തി വളരെ പെട്ടെന്ന്‌ ആര്യ തിരിച്ചെഴുതി. അക്കിത്തത്തിന്റെ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന പുസ്‌തകത്തിന്റെ സുവര്‍ണ്ണ ജൂബിലിയാഘോഷ ചടങ്ങില്‍ കവിയുടെ സാന്നിധ്യത്തില്‍ കൃതി തിരിച്ചെഴുതി അദ്ദേഹത്തിന്റെ അനുഗ്രഹം നേടി. ഇങ്ങനെ പൊതുവേദികളിലും സ്‌കൂള്‍ തലത്തിലും ധാരാളം മത്സരങ്ങളിലും മറ്റും പങ്കെടുത്ത്‌ ആര്യ ഈ രംഗത്ത്‌ തന്റെ കഴിവ്‌ വ്യക്തമാക്കിക്കൊണ്ടിരിക്കുന്നു.

തിരിച്ചെഴുത്തിന്റെ തുടക്കത്തെക്കുറിച്ച്‌ ആര്യ സുരേന്ദ്രന്‍ പറഞ്ഞു: ``ഒരു ദിവസം വെറുതെ അക്ഷരങ്ങള്‍ തിരിച്ചെഴുതാന്‍ ശ്രമിച്ചപ്പോള്‍ അനായാസമായി തോന്നി. പിന്നീട്‌ എന്തും തിരിച്ചെഴുതാമെന്ന്‌ മനസ്സിലായി.'' ആര്യയുടെ അഭിരുചിയും പ്രാവീണ്യവും ആദ്യം തിരിച്ചറിഞ്ഞത്‌ അമ്മ മോളിയാണ്‌. ജോലി ആവശ്യാര്‍ത്ഥം കുടുംബം കാസര്‍കോട്ട്‌ താമസിക്കുമ്പോഴാണ്‌ ആര്യ കന്നഡ പഠിച്ചത്‌. പിന്നീട്‌ കന്നഡയിലെ ഖണ്‌ഡികകളും മറ്റും നിമിഷം കൊണ്ട്‌ തിരിച്ചെഴുതി ശീലിച്ചു. അക്ഷരങ്ങളും അക്കങ്ങളും ആര്യ തിരിച്ചെഴുതും.ആര്യ ഇപ്പോള്‍ കണ്ണൂര്‍ ചിന്മയ വിദ്യാലയത്തിലെ എട്ടാം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയാണ്‌. തിരിച്ചെഴുത്തിന്‌ പുറമെ ക്യൂബുകള്‍ വിവിധ രീതിയില്‍ ക്രമീകരിക്കല്‍, ചിത്രരചന, സംഗീതം എന്നിവയും ആര്യയുടെ ഇഷ്‌ട മേഖലയാണ്‌. ചേച്ചി ആതിരയുടെ സംഗീത പഠനം കേട്ടുപഠിച്ച ആര്യ ശാസ്‌ത്രീയസംഗീതത്തില്‍ ഉപജില്ലാ തലത്തില്‍ സമ്മാനം നേടിയിട്ടുണ്ട്‌. ചുമരില്‍ തൂക്കിയ കലണ്ടറിന്റെ പ്രതിരൂപം കണ്ണാടിയില്‍ കണ്ടപ്പോള്‍ തോന്നിയ കുസൃതിയാണ്‌ ആര്യയെ തിരിച്ചെഴുത്തിന്‌ പ്രചോദനമായത്‌. നിലത്ത്‌ ചോക്ക്‌ ഉപയോഗിച്ചായിരുന്നു ആദ്യകാലത്ത്‌ എഴുത്ത്‌. സഹപാഠികള്‍ക്ക്‌ മുന്‍പില്‍ ഇത്‌ അവതരിപ്പിച്ചു. പിന്നീട്‌ കടലാസിലേക്ക്‌ മാറ്റി. ചിത്രകഥകളൊക്കെ നിലത്ത്‌ തിരിച്ചെഴുതി അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും പ്രശംസ നേടിയതോടെ മാതാപിതാക്കളും ആര്യയുടെ കഴിവ്‌ ശ്രദ്ധിക്കാന്‍ തുടങ്ങി.

സാധാരണ എഴുത്തിന്റെ വേഗതയില്‍ തന്നെ തിരിച്ചെഴുതാനും ആര്യക്കു സാധിക്കുന്നു.കണ്ണൂര്‍ ചാലാട്‌ സ്വദേശിയാണ്‌ ആര്യ. കണ്ണൂര്‍ പി. എസ്‌. സി. ഓഫീസിലെ സെക്‌ഷന്‍ ഓഫീസര്‍ വി. വി. സുരേന്ദ്രന്റെയും സോഷ്യല്‍ വെല്‍ഫെയര്‍ ഓഫീസില്‍ ക്ലാര്‍ക്ക്‌ പി. മോളിയുടെയും ഇളയമകളാണ്‌ ആര്യ. സഹോദരി ആതിര മമ്പറം ഹയര്‍സെക്കന്ററി സ്‌കൂളില്‍ പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥിനിയാണ്‌.

Monday, March 02, 2009

നാല്‌ പെണ്ണുങ്ങള്‍ക്യാമറയിലൂടെജീവിതം കാണുമ്പോള്‍

കേരളത്തിന്റെ പതിമ്മൂന്നാമത്‌ രാജ്യാന്തര ചലച്ചിത്രമേള സ്‌ത്രീ പ്രതിഭകളുടെ സംഗമവേദിയായിരുന്നു. ചിത്രനിര്‍മ്മിതിയുടെ മുന്നിലും പിന്നിലും നിറഞ്ഞുനിന്ന സ്‌ത്രീ സാന്നിദ്ധ്യം കൊണ്ട്‌ ശ്രദ്ധേയമായ നിരവധി സിനിമകളുണ്ടായിരുന്നു. സ്‌ത്രീകളുടെ സര്‍ഗാത്മകതയുടെ മുന്നേറ്റമായിരുന്നു ഒരര്‍ത്ഥത്തില്‍ കേരളത്തിന്റെ പതിമ്മൂന്നാമത്‌ രാജ്യാന്തര ചലച്ചിത്ര വേദി. ജൂറികളില്‍ അഞ്ചില്‍ നാലുപേരും സ്‌ത്രീകളായിരുന്നു. രാജ്യാന്തര മേളകളില്‍ ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയവരും പ്രസിദ്ധ സംവിധായികമാരുമാണ്‌ ജൂറിയിലുണ്ടായിരുന്നത്‌. പല പുരസ്‌കാരങ്ങളുടെയും നിര്‍ണ്ണയ സമിതിയിലും സ്‌ത്രീകളുടെ ശക്തമായ സാന്നിദ്ധ്യമുണ്ടായിരുന്നു. എന്നാല്‍ ഇത്തരം സവിശേഷതകള്‍ കൂടാതെ മേളയില്‍ പ്രധാന പുരസ്‌കാരങ്ങള്‍ നേടിയ ചിത്രങ്ങളും സംവിധാനം ചെയ്‌തത്‌ സ്‌ത്രീകളായിരുന്നു. രാജ്യാന്തരതലത്തില്‍ ചലച്ചിത്രകലയില്‍ സ്‌ത്രീകളുടെ പങ്കും പ്രതിഭാ വിന്യാസവും വര്‍ദ്ധിച്ചുവരുന്നു. ക്യാമറയുടെ മുന്നിലും പിന്നിലും സ്‌ത്രീകള്‍ മുഖ്യപങ്കുവഹിക്കുമ്പോള്‍ വരുന്ന മാറ്റവും കലാത്മകതയും വ്യക്തമാക്കുന്ന ധാരാളം സിനിമകളും പതിമ്മൂന്നാമത്‌ മേളയുടെ തിരശ്ശീലയിലെത്തി. പന്ത്രണ്ടാമത്‌ മേളയുടെ ഉദ്‌ഘാടന ചിത്രം പത്തൊമ്പത്‌ വയസ്സുകാരി ഹന്ന മക്‌മല്‍ ബഫിന്റെ ബുദ്ധ കൊളാപ്‌സ്‌ഡ്‌ ഔട്ട്‌ ഓഫ്‌ ഷെയിം ആയിരുന്നു. ഇറാനിലെ പ്രശസ്‌ത സിനിമാ കുടുംബത്തിലെ ഇളയകുട്ടിയാണ്‌ ഹന്ന. ജീവിതത്തിലെ ഏത്‌ വിഷയവും കരുത്തുറ്റ രീതിയില്‍ ആവിഷ്‌കരിക്കാനും കഥ പറയാനും സ്‌ത്രീകള്‍ക്ക്‌ കഴിയുമെന്ന്‌ ഈ പത്തൊമ്പതുകാരി തന്റെ ആദ്യ ഫീച്ചര്‍ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക്‌ ബോദ്ധ്യപ്പെടുത്തി. തീവ്രവാദവും അധിനിവേശവും വിതക്കുന്ന വിപത്തുകള്‍ കാഴ്‌ചക്കാരുടെ മനസ്സുകളില്‍ പുതിയ അവബോധം സൃഷ്‌ടിക്കാന്‍ പാകത്തില്‍ ഹന്നയ്‌ക്ക്‌ ബുദ്ധ ഔട്ട്‌ ഓഫ്‌ ഷെയിമിലൂടെ കഴിഞ്ഞിട്ടുണ്ട്‌. സര്‍ഗാത്മകതയില്‍ പെണ്‍പെരുമ എത്രമാത്രം മുന്നിട്ടുനില്‍ക്കുന്നു എന്നതിന്‌ മികച്ച ഉദാഹരണമാണ്‌ മരിന റോണ്ടന്‍, സമീറ മക്‌മല്‍ ബഫ്‌, നന്ദിതാ ദാസ്‌, അഞ്‌ജലി മേനോന്‍ തുടങ്ങിയവര്‍. ഇവരെല്ലാം അവരവരുടെ ചിത്രങ്ങളിലൂടെ നടത്തിയ സാമൂഹിക ഇടപെടലിലൂടെയും സര്‍ഗസാന്നിദ്ധ്യത്താലും അനന്തപുരിയില്‍ കലാസ്വാദകരുടെ പ്രശംസ പിടിച്ചുപറ്റി. മരിന റോണ്ടനും അഞ്‌ജലി മേനോനും നന്ദിതാദാസും പുരസ്‌കാരങ്ങളും നേടി.വെനിസ്വലേനിയന്‍ സംവിധായിക മരിന റോണ്ടന്‍ രാജ്യാന്തരതലത്തില്‍ ചലച്ചിത്രപ്രേമികളുടെ പ്രശംസ നേടിയ പ്രതിഭയാണ്‌. സിനിമയിലും ടെലിവിഷനിലും ഒരുപോലെ പ്രശസ്‌തി കൈവരിക്കാന്‍ മരിനയ്‌ക്ക്‌ ഇതിനകം കഴിഞ്ഞിട്ടുണ്ട്‌.

തിരക്കഥാരചനയും സംവിധാനവും കൂടാതെ നിര്‍മ്മാതാവുമാണ്‌ മരിന റോണ്ടന്‍. സംവിധാനകലയില്‍ മരിനയ്‌ക്കുള്ള പാടവം പ്രതിഫലിപ്പിക്കുന്ന ചിത്രമാണ്‌ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ പോസ്റ്റ്‌ കാര്‍ഡ്‌സ്‌ ഫ്രം ലെനിന്‍ഗാഡ്‌. കേരളത്തിന്റെ രാജ്യാന്തരമേളയില്‍ ഏറ്റവും മികച്ച സംവിധായികയ്‌ക്കുള്ള ഫിപ്രസി പുരസ്‌കാരം മരിന റോണ്ടനാണ്‌ കരസ്ഥമാക്കിയത്‌. വെനിസ്വലേയിലെ വിപ്‌ളവകാലഘട്ടത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഈ സിനിമയില്‍ പെണ്‍ജീവിതത്തിന്റെ വേദനപ്പാടുകളും ജീവിതപ്രതിസന്ധിയുമാണ്‌ അവതരിപ്പിക്കുന്നത്‌. വിപ്‌ളവകാരികള്‍ക്ക്‌ ജനിക്കുന്ന ഒരു പെണ്‍കുഞ്ഞിന്റെ കണ്ണിലൂടെ വെനിസ്വലേയുടെ ഒളിപ്പോരാളികളുടെ സാഹസികതയും ആത്മവീര്യവുമാണ്‌ ഈ ചിത്രത്തില്‍ മരിന ആവിഷ്‌കരിച്ചത്‌. സൂക്ഷ്‌മതയോടെ ചിട്ടപ്പെടുത്തിയ സിനിമയുടെ ഓരോ ഫ്രെയിമും പ്രേക്ഷകരെ കീഴ്‌പ്പെടുത്തുന്നു. ക്യാമറ കൊണ്ട്‌ മനുഷ്യജീവിതമെഴുതുകയാണ്‌ ഈ സംവിധായിക. അല മെഡിനോചി യ മീഡിയ, ലോ ഗൂസീ ഹെറിഡനോ സീ ഹര്‍ട്ട (ടിവി-ചിത്രം) തുടങ്ങിയ ചിത്രങ്ങളുടെ രചനയും സംവിധാനവും നിര്‍വ്വഹിച്ചത്‌ മരിന റോണ്ടനാണ്‌. ലോക ചലച്ചിത്ര വേദികളില്‍ ശ്രദ്ധേയ വെനിസ്വലേനിയന്‍ സാന്നിദ്ധ്യമാണ്‌ ഇപ്പോള്‍ മരിന റോണ്ടന്‍.

പ്രസിദ്ധ ഇറാനിയന്‍ സംവിധായകന്‍ മുഹ്‌സിന്‍ മക്‌മല്‍ ബഫിന്റെ മകളാണ്‌ സമീറ മക്‌മല്‍ ബഫ്‌. നൂറുകണക്കിന്‌ രാജ്യാന്തര ഫിലിം ഫെസ്റ്റ്‌വെലില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ദ ആപ്പില്‍ എന്ന ചിത്രത്തിലൂടെ ലോകസിനിമയില്‍ മാറ്റത്തിന്റെ തരംഗം സൃഷ്‌ടിച്ചാണ്‌ സമീറ മുന്നേറിയത്‌. ഇറാനിലെ സാമൂഹിക ജീവിതത്തില്‍, പ്രത്യേകിച്ച്‌ സ്‌ത്രീകള്‍ നേരിടുന്ന പ്രതിബന്ധങ്ങളാണ്‌ സമീറ തന്റെ ചിത്രങ്ങളിലൂടെ ലോകത്തിന്റെ ശ്രദ്ധയില്‍ ചേര്‍ത്തുപിടിക്കുന്നത്‌. സിനിമ ഇടപെടലിന്റെ കലയായി കാണുന്ന സമീറ ചെയ്‌ത ചിത്രങ്ങളെല്ലാം ഒന്നിനൊന്ന്‌ വ്യത്യസ്‌തമാണ്‌. ബ്‌ളാക്ക്‌ ബോര്‍ഡ്‌, അറ്റ്‌ ഫൈവ്‌ ഇന്‍ ദ ആഫ്‌റ്റര്‍നൂണ്‍, ടൂ ലഗ്‌ഡ്‌ ഹോസസ്‌, ഗോഡ്‌ കണ്‍സ്‌ട്രക്‌ഷന്‍ ആന്റ്‌ ഡിസ്‌ട്രക്‌ഷന്‍, സപ്‌തംബര്‍ പതിനൊന്ന്‌ മുതലായ സിനിമകള്‍ സമീറക്ക്‌ സ്വന്തം നാട്ടില്‍ നിരവധി പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ചിട്ടുണ്ട്‌. എങ്കിലും ഒരു കലാകാരി എന്ന നിലയില്‍ തന്റെ ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ സദാ ജാഗരൂകയാണ്‌ സമീറ മക്‌മല്‍ ബഫ്‌. കേരളത്തിന്റെ പതിമ്മൂന്നാമത്‌ രാജ്യാന്തരമേളയില്‍ ജൂറിമാരിലൊരാളായിരുന്നു സമീറ.1998-ല്‍ ലണ്ടന്‍ ഫെസ്റ്റില്‍ സുതര്‍ലാന്റ്‌ ട്രോഫി, സ്വിറ്റ്‌സര്‍ലാന്റില്‍ ഇന്റര്‍നാഷണല്‍ ക്രിട്ടിക്‌സ്‌ പ്രൈസ്‌, ഗ്രീസില്‍ തസ്ലോണിക്ക ഫെസ്റ്റില്‍ സ്‌പെഷ്യല്‍ പുരസ്‌കാരം, 1999-ല്‍ അര്‍ജന്റീന ഇന്റിപെന്റര്‍ സിനിമ സ്‌പെഷ്യല്‍ അവാര്‍ഡ്‌, ക്രിട്ടിക്‌സ്‌ പ്രൈസ്‌, ഓഡിയന്‍സ്‌ പ്രൈസ്‌, 2000-ല്‍ കാനില്‍ ജൂറി സ്‌പെഷ്യല്‍ അവാര്‍ഡ്‌, യുനസ്‌കോയുടെ ഫെഡറിക്കോ ഫെല്ലനി മെഡല്‍, ഗിഫോണി ഫെസ്റ്റില്‍ ഗിഫോണി മേയര്‍ പ്രൈസ്‌, ഫ്രാന്‍സ്‌കോയിസ്‌ പ്രൈസ്‌, സ്‌പെഷ്യല്‍ കള്‍ച്ചറല്‍ പ്രൈസ്‌, അമേരിക്കയില്‍ ഗ്രാന്റ്‌ ജൂറി പ്രൈസ്‌, 2003-ല്‍ കാനില്‍ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ്‌, കാനില്‍ ഇക്യുമെനിക്കല്‍ ജൂറി പ്രൈസ്‌, ഇന്ത്യന്‍ ഫിലിം ഫെസ്റ്റില്‍ രജത ചകോരം, 2004-ല്‍ സിങ്കപ്പൂര്‍ യൂത്ത്‌ സിനിമ അവാര്‍ഡ്‌, 2008-ല്‍ സാന്‍സബാസ്റ്റ്യന്‍ ഫെസ്റ്റില്‍ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം തുടങ്ങിയവക്ക്‌ സമീറ അര്‍ഹയായിട്ടുണ്ട്‌. പിതാവും പ്രശസ്‌ത ഇറാനിയന്‍ സംവിധായകനുമായ മൊഹ്‌സന്‍ മക്‌മല്‍ ബഫിന്റെ ചിത്രമായ ദ ബൈസിക്കളില്‍ ഏഴാമത്തെ വയസ്സില്‍ അഭിനയിക്കാനും സമീറക്ക്‌ സാധിച്ചു. സംവിധായിക, തിരക്കഥാകൃത്ത്‌, അഭിനേത്രി എന്നിങ്ങനെ സര്‍ഗാത്മകതലത്തില്‍ നിറഞ്ഞുനില്‍ക്കുന്ന പ്രതിഭയാണ്‌ സമീറ മക്‌മല്‍ ബഫ്‌.

നന്ദിതാ ദാസ്‌ നടിയെന്ന നിലയില്‍ മലയാളിക്ക്‌ സുപരിചിതയാണ്‌. അഭിനയകലയോടൊപ്പം സംവിധാനവും തനിക്ക്‌ വഴങ്ങുമെന്ന്‌ നന്ദിതാ ദാസ്‌ വ്യക്തമാക്കിയ സിനിമയാണ്‌ ഫിറാഖ്‌. രാജ്യാന്തര മേളയില്‍ പ്രേക്ഷകപങ്കാളിത്തം നേടിയ ചിത്രങ്ങളിലൊന്ന്‌. ഗുജറാത്ത്‌ കലാപാനന്തര നാളുകളുടെ പശ്ചാത്തലത്തില്‍ ജനജീവിതം നേരിടുന്ന വിഷമവൃത്തങ്ങളാണ്‌ നന്ദിത ഈ സിനിമയിലൂടെ പറയുന്നത്‌. ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന പ്രതിബന്ധങ്ങളുടെ ആഴക്കാഴ്‌ചയിലേക്കാണ്‌ സംവിധായിക പ്രേക്ഷകരെ നടത്തിക്കുന്നത്‌. അഭിനയലോകത്ത്‌ മികച്ച പ്രകടനം കാഴ്‌ചവച്ച നന്ദിത്‌ക്ക്‌ ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌. 2001-ല്‍ ഭവാന്ദര്‍ എന്ന സിനിമയിലൂടെ മികച്ചനടിക്കുള്ള സാന്താമോണിക്ക ഫിലിം ഫെസ്റ്റ്‌ അവാര്‍ഡ്‌ നേടി. തുടര്‍ന്ന്‌ 2002-ല്‍ അമര്‍ഭവനിലൂടെ കെയ്‌റോ, സീ സിനി എന്നീ അവാര്‍ഡുകളും 2006-ല്‍ കാംലിയിലെ അഭിനയത്തിന്‌ മികച്ച നടിക്കുള്ള പുരസ്‌കാരം, ഫിറാഖിന്‌ 2008-ല്‍ മികച്ച ചിത്രത്തിനും തിരക്കഥയ്‌ക്കും ഏഷ്യന്‍ ഫെസ്റ്റ്‌ അവാര്‍ഡ്‌, മികച്ച ചിത്രത്തിനുള്ള പര്‍പ്പിള്‍ ഓര്‍ച്ചിഡ്‌ അവാര്‍ഡ്‌, 2008-ല്‍ കേരളത്തിന്റെ രാജ്യാന്തര മേളയില്‍ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം. 2009-ല്‍ താസലോണിയ ഫെസ്റ്റില്‍ സ്‌പെഷ്യല്‍ പ്രൈസ്സ്‌ എന്നിവ നേടി. ചിത്രകാരനായ ജതിന്‍ ദാസിന്റെയും എഴുത്തുകാരി വര്‍ഷാ ദാസിന്റെയും മകളാണ്‌ നന്ദിത. ഭര്‍ത്താവ്‌ സൗമ്യ സെന്‍.

മഞ്ചാടിക്കുരു എന്ന സിനിമയിലൂടെ നിരവധി അവാര്‍ഡുകള്‍ നേടിയ സംവിധായികയാണ്‌ അഞ്‌ജലി മേനോന്‍. യു. കെ.-യില്‍ ചലച്ചിത്ര പഠനം പൂര്‍ത്തിയാക്കിയ അഞ്‌ജലി ഫീച്ചര്‍- നോണ്‍ഫീച്ചര്‍ വിഭാഗത്തില്‍ കൃതികള്‍ ചെയ്യുന്നു. ടെലിവിഷനിലും പ്രവര്‍ത്തിക്കുന്നു. ഇന്ത്യയിലും വിദേശത്തും സിനിമയുമായും ചാനല്‍ പരിപാടികളുമായും ഉറ്റബന്ധം പലുര്‍ത്തുന്ന അഞ്‌ജലി നിരവധി ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും ചെയ്‌തിട്ടുണ്ട്‌.മഞ്ചാടിക്കുരു എന്ന സിനിമയില്‍ ഒരു മലയാളിയുടെ ഗൃഹാതുരത്വമാണ്‌ ആവിഷ്‌കരിക്കുന്നത്‌. അമേരിക്കയില്‍ ജീവിക്കുന്ന പത്തുവയസ്സുകാരനായ വിക്കി എന്ന കുട്ടിയുടെ ഓര്‍മ്മകളിലൂടെ കേരളീയമായ ജീവിതചിത്രം അവതരിപ്പിക്കുന്നു. തറവാട്ടിലെ ഒരു മരണാനന്തരച്ചടങ്ങിന്‌ എത്തിയവരുടെ നിരയിലാണ്‌ ഈ കുട്ടിയും. കേരളീയ പ്രകൃതിയും സാഹചര്യങ്ങളും പ്രവാസികളായ മലയാളികളുടെ പ്രശ്‌നങ്ങളാണ്‌ ഈ ചിത്രത്തില്‍ അഞ്‌ജലി ക്യാമറയിലൂടെ അടയാളപ്പെടുത്തുന്നത്‌. മഞ്ചാടിക്കുരുവില്‍ ഓര്‍മ്മകളുടെ നനുത്ത സ്‌പര്‍ശവും മനോഹാരിതയും ഒത്തിണങ്ങുന്നു.നാലു സ്‌ത്രീകള്‍ ക്യാമറക്കണ്ണുകളിലൂടെ ജീവിതം ആവിഷ്‌കരിക്കുമ്പോള്‍ അവരവരുടെ സാംസ്‌കാരിക ഭൂപടവും സര്‍ഗാത്മകതയുടെ ഇരമ്പവും അനുഭവിപ്പിക്കുന്നു. പ്രതിഭകളുടെ മാറ്റുരയ്‌ക്കലില്‍ ഈ കലാകാരികള്‍ പ്രേക്ഷകലോകത്തിന്റെ പ്രീതി സമ്പാദിച്ചു. നിരന്തര പ്രയത്‌നവും അന്വേഷണാത്മകതയുമാണ്‌ കലയുടെ രംഗത്തും ജീവിതത്തിലും വിജയത്തിനുള്ള പ്രചോദനമെന്ന്‌ ഇവരുടെ ജീവിതരേഖ വ്യക്തമാക്കുന്നു.

കല

ഓരോ ബജറ്റ്‌ വരുമ്പോഴും

റ്ഫെ ബ്രുവരി-മാര്‍ച്ച്‌ മാസങ്ങള്‍ ഇന്ത്യയിലെ ഓരോ കുടുംബങ്ങളും പലവിധ വേവലാതികള്‍ നേരിടുന്നു. വരും വര്‍ഷത്തെ സാമ്പത്തിക സംബന്ധമായ കാര്യങ്ങളാണ്‌ പ്രധാനം. അതാകട്ടെ കേന്ദ്ര-സംസ്ഥാന ബജറ്റുകളെ ആശ്രയിച്ചിരിക്കും. അവശ്യ സാധനങ്ങളുടെയും ഭക്ഷ്യവസ്‌തുക്കളുടെയും വിലയില്‍ വരുന്ന മാറ്റം അടുക്കളയെയാണ്‌ നേരിട്ട്‌ ബാധിക്കുക. ഭക്ഷ്യവസ്‌തുക്കളുടെ വിലനിലവാരം കൂടുന്ന രീതിയിലാണെങ്കില്‍ ഗ്രാമീണരുടെ വീടുകളില്‍ മാത്രമല്ല, നഗരവാസികളുടെ അടുക്കളയിലും അതിന്റെ പ്രത്യാഘാതങ്ങളുണ്ടാകും. യാത്രാക്കൂലിയും ചരക്കുകൂലിയും വര്‍ദ്ധിക്കുമ്പോള്‍ ഓരോ വീട്ടിലും രൂപപ്പെടുന്ന പരാതികളും പരിഭവങ്ങളും നമ്മുടെ മുഖ്യധാരാക്കണക്കുകളില്‍ പലപ്പോഴും കടന്നുവരാറില്ല. സന്തുലിതമായി മുന്നോട്ടു പോകുന്ന ഒരു കുടുംബത്തില്‍ പെട്ടെന്ന്‌ ഒരു അലയുണ്ടാകുമ്പോള്‍ തളരുന്നത്‌ ഗൃഹനാഥനോ, ഗൃഹനായികയോ മാത്രമല്ല കുട്ടികളുമാണ്‌. വീട്ടിലെ ചെറിയ അലോസരങ്ങള്‍ പോലും കുട്ടികളുടെ മനസ്സില്‍ ചെറുതും വലുതുമായ പോറലുകള്‍ ഏല്‌പിക്കും. സാമ്പത്തിക കാര്യത്തില്‍ വ്യതിയാനങ്ങള്‍ വരുമ്പോള്‍ ഏതൊരു വീട്ടിലും അതിന്റെ അസ്വാരസ്യം ഉടലെടുക്കാം.ഉപ്പു തൊട്ട്‌ കര്‍പ്പൂരം വരെ സ്വന്തം തൊടിക്കു പുറത്തുനിന്നു വരുന്നതും കാത്തുകഴിയുന്നവരെ സംബന്ധിച്ചിടത്തോളം ഓരോ വാര്‍ഷിക ബജറ്റും ഉള്‍ക്കിടിലമുണ്ടാക്കുന്നതാണ്‌. കുട്ടികളുടെ വിദ്യാഭ്യാസത്തിനും വസ്‌ത്രങ്ങള്‍ക്കും പുറമെ വീട്ടാവശ്യത്തിനുള്ള സാധനങ്ങളും ഭക്ഷ്യവസ്‌തുക്കളും കൂടിച്ചേരുമ്പോള്‍ ഒരു കുടുംബത്തിന്റെ പ്രധാന വാര്‍ഷിക പട്ടിക തയ്യാറാകുന്നു. പിന്നെ ചികിത്സക്കും യാത്രകള്‍ക്കും ആഘോഷങ്ങള്‍ക്കുമുള്ളതാണ്‌. അതില്‍ ചികിത്സ ഒഴികെ മറ്റുള്ളവ ഞെരുങ്ങിയാല്‍ കുറയ്‌ക്കാവുന്നതാണ്‌. ചികിത്സാ ചെലവ്‌ വര്‍ഷന്തോറും കൂടിവരുന്ന പ്രവണതയാണ്‌. കുടുംബ ബജറ്റ്‌ എപ്പോഴും തെറ്റുന്നത്‌ ചികിത്സയിനത്തിലാണ്‌. ഭക്ഷ്യവസ്‌തുക്കളുടെ വിലയില്‍ മാറ്റം വരുമ്പോഴും മറ്റ്‌ അവശ്യവസ്‌തുക്കളുടെ വിലയിലുണ്ടാകുന്ന വര്‍ദ്ധനയും പല കുടുംബങ്ങളുടെയും മാസ ബജറ്റ്‌ തെറ്റിക്കുന്നു. മാസത്തിന്റെ ആദ്യ ആഴ്‌ചയില്‍ തന്നെ കടം വാങ്ങി ബാക്കിയുള്ള ദിവസം നീന്തിക്കയറാന്‍ പാടുപെടുന്നവരുടെ എണ്ണം പതിന്മടങ്ങ്‌ കൂടിക്കൊണ്ടിരിക്കുകയാണ്‌. ഇത്‌ ഏതെങ്കിലും ഒരു സംസ്ഥാനത്തിന്റെ പ്രശ്‌നമല്ല. എന്നാല്‍ മാറിവരുന്ന സാമ്പത്തിക വ്യതിയാനങ്ങളെ സൂക്ഷ്‌മമായി വിലയിരുത്തി അതിനനുസരിച്ച്‌ ജീവിക്കാന്‍ ശ്രമിച്ചാല്‍ പല വേവലാതികളില്‍ നിന്നും ഒരു പരിധിവരെ മോചനം നേടാം.എങ്ങനെയാണ്‌ ചെലവു നിയന്ത്രിച്ച്‌ ജീവിക്കാന്‍ സാധിക്കുക. ഈ ചോദ്യം നാം പലപ്പോഴും കേള്‍ക്കുന്നതാണ്‌. അല്‌പം ആലോചിച്ചാല്‍ ഈ നിയന്ത്രണം നമുക്ക്‌ സാധിക്കാവുന്നതേയുള്ളൂ. ആദ്യമേ ഓരോ കുടുംബവും അവരുടെ സാമ്പത്തിക സ്രോതസ്സുകള്‍ തിരിച്ചറിയുക. അതിനനുസരിച്ച്‌ ഒരു ധാരണ ഉണ്ടാക്കണം. എവിടുന്നൊക്കെ വരുമാനം ഉണ്ടാകും. എവിടുന്നൊക്കെ വരുമാനം ഉണ്ടാകില്ല എന്ന്‌ മനസ്സിലാക്കിയാല്‍ ചെലവിനത്തിലും മാറ്റം വരുത്താന്‍ തയാറാകണം. തീരെ അവഗണിക്കാന്‍ സാധിക്കാത്ത കാര്യങ്ങള്‍ക്ക്‌ മുന്‍ഗണന നല്‌കണം. എങ്കിലും നമ്മുടെ ഒരു കണക്കുകൂട്ടലിലും പെടാത്ത ചില സംഭവങ്ങള്‍ പൊടുന്നനെ വരാവുന്നതാണ്‌. അതിലേക്കായി ഒരു നിശ്ചിത സംഖ്യ എപ്പോഴും കാണണം. മുന്‍കൂട്ടി ഗണിക്കാന്‍ കഴിയാത്ത ചെലവിനത്തിലാകും മിക്ക കുടുംബങ്ങളും വേവലാതി അനുഭവിക്കുന്നത്‌. വരവുചെലവുകള്‍ കൂട്ടിക്കിഴിക്കുന്നവരുടെ അവസ്ഥ ഇങ്ങനെയൊക്കെയാണെങ്കില്‍ അതൊന്നും ഗണിക്കാത്തവരുടെ സ്ഥിതിയോ? അവര്‍ക്ക്‌ മാത്രമല്ല, കുടുംബത്തിന്റെ മൊത്തം താളം തെറ്റുന്നു. ഇത്തരം താളപ്പിഴകള്‍ ചിലരെ ആത്മഹത്യയിലേക്കും മറ്റുചിലരെ രോഗശയ്യയിലേക്കും എത്തിക്കാം. കുടുംബത്തിന്റെ താളംപിഴച്ചാല്‍ കുട്ടികളടക്കമുള്ളവരുടെ ജീവിതത്തിലും അത്‌ പ്രതിഫലിക്കും. അതിനാല്‍ പ്രശ്‌നങ്ങളെ സമീപിക്കുമ്പോള്‍ ഏതുതരത്തിലുള്ള പ്രശ്‌നമാണെന്നും എന്താണ്‌ അതിന്‌ ഇടയാക്കിയെതെന്നോ, ഇടവരുത്തുന്നതെന്നോ വ്യക്തമായി മനസ്സിലാക്കണം. അല്ലാത്തപക്ഷം നമുക്ക്‌ ഫലപ്രദമായി ഇടപെടാന്‍ സാധിക്കില്ല.കേരളം പോലുള്ള ഒരു സംസ്ഥാനത്ത്‌ ബജറ്റുകള്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കുന്നതിന്‌ പ്രധാന കാരണം ഭക്ഷ്യവസ്‌തുക്കളുടെ ഉല്‍പാദനത്തില്‍ വരുന്ന കുറവാണ്‌. അരിക്കും പച്ചക്കറിക്കും മാത്രമല്ല, ഭക്ഷണം കഴിക്കാനുള്ള ഇലയ്‌ക്കു പോലും അന്യ സംസ്ഥാനങ്ങളെ ആശ്രയിച്ചുകഴിയുന്ന സംസ്ഥാനം ചരക്കുകൂലിയിലോ, ഭക്ഷ്യവസ്‌തുക്കളുടെ വിലയിലോ നേരിയ വ്യത്യാസം വന്നാല്‍ തളര്‍ന്നുപോകും. ആന്ധ്രയേയും തമിഴ്‌നാട്ടിനേയും വടക്കന്‍ സംസ്ഥാനങ്ങളേയും അമിതമായി ആശ്രയിക്കുന്ന കേരളത്തിന്‌ ഓരോ ബജറ്റ്‌ സമ്മേളനവും ഉറക്കംകെടുത്തുന്ന സംഗതിയാണ്‌. കേരളം നിലനില്‍ക്കുന്നതുപോലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പിന്‍ബലത്തിലാണ്‌.വൈദ്യുതി, പാചകവാതകം എന്നിവയുടെ ഉപയോഗത്തില്‍ അല്‌പം നിയന്ത്രണം പാലിച്ചാല്‍ കുടുംബ ബജറ്റില്‍ ഗണ്യമായ സംഖ്യ ലാഭിക്കാം. അതുപോലെ ആഢംബര വസ്‌തുക്കളുടെ ഉപയോഗം സാധിക്കുന്നത്ര കുറച്ചാലും വന്‍തുക ലാഭിക്കാവുന്നതാണ്‌. ചെലവു ചുരുക്കല്‍ പദ്ധതി എങ്ങനെ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നുവോ അതിനനുസരിച്ചായിരിക്കും ഓരോ മലയാളിയുടെയും ഭാവിജീവിതത്തിന്റെ തുലാസ്‌ തിട്ടപ്പെടുത്തുന്നത്‌. കാരണം പാശ്ചാത്യ അനുകരണത്തില്‍ നിന്നും സ്വയം ഏറ്റുവാങ്ങിയ വിപത്തുകള്‍ മലയാളികളുടെ വസ്‌ത്രധാരണത്തിലും ഭക്ഷണത്തിലും മാത്രമല്ല, വീടു നിര്‍മ്മാണത്തില്‍ വരെ എത്തിയിട്ടുണ്ട്‌. അതിന്റെ പ്രത്യാഘാതങ്ങളും ഇപ്പോള്‍ കേരളീയര്‍ നേരിടുന്നു. ആഗോള സാമ്പത്തിക തകര്‍ച്ചയില്‍ ഇനിയും എന്തൊക്കെ പ്രശ്‌നങ്ങളാണ്‌ വന്നുപതിക്കുന്നതെന്ന്‌ കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.പാചകവാതകത്തിന്റെ ഉപയോഗത്തിലേക്ക്‌ മിക്ക കേരളീയ കുടുംബങ്ങളും വഴിമാറിയിട്ടുണ്ട്‌. പ്രകൃതി വിഭവങ്ങളുടെ ലഭ്യതയില്ലായ്‌മയാണ്‌ ഇതിലേക്ക്‌ തള്ളിവിടുന്ന മുഖ്യ പ്രവണത. എന്നാല്‍ പ്രകൃതിവിഭവങ്ങള്‍ യാതൊരു ലക്കുംലഗാനുമില്ലാതെ ഉപയോഗിച്ചതിന്റെയും നശിപ്പിച്ചതിന്റെയും തിക്തഫലം കൂടിയാണിതെന്ന്‌ തിരിച്ചറിയണം. ഇന്ധനവില വര്‍ദ്ധന വരുമ്പോള്‍ മലയാളി ഭയപ്പെടുന്നത്‌ യാത്രയുടെ കാര്യത്തില്‍ മാത്രമല്ല, പാചകവാതക പ്രശ്‌നവുമാണ്‌. പാചകവാതകത്തിന്‌ ചെറിയ വര്‍ദ്ധനപോലും വരുമ്പോള്‍ കേരളീയരെ സംബന്ധിച്ചിടത്തോളം ഉത്‌കണ്‌ഠയ്‌ക്ക്‌ ഇടവരുത്തിയിരുന്നില്ല. ഇപ്പോള്‍ സ്ഥിതി മറിച്ചാണ്‌. സകലര്‍ക്കും വേവലാതിലാണ്‌. കാരണം നമ്മുടെ പരിസ്ഥിതിക്ക്‌ അനുയോജ്യമല്ലാത്ത നിലയിലേക്ക്‌ ജീവിതരീതി കൊണ്ട്‌ മലയാളി മാറിയിരിക്കുന്നു. ആഗോളീകരണ കാലഘട്ടത്തില്‍ മലയാളിക്ക്‌ മാത്രം പാരമ്പര്യവ്രതത്തില്‍ ജീവിക്കാന്‍ സാധിക്കില്ലെന്ന്‌ പറയാം. ലോകം ഒരു കുടക്കീഴിലാകുമ്പോള്‍ ജീവിതനിലവാരത്തിലും ഭക്ഷണക്രമത്തിലും ഇത്‌ ബാധകമാണ്‌. പക്ഷേ, ഇതൊക്കെ സംഭവിക്കുമ്പോഴും അല്‌പം പ്ലാനിംഗോടെ മുന്നേറാന്‍ ശ്രമിച്ചാല്‍ ഭേദപ്പെട്ട അവസ്ഥയില്‍ ജീവിതം തുഴയാന്‍ സാധിക്കും. ഇത്തരമൊരു കാഴ്‌ചപ്പാടുണ്ടെങ്കില്‍ ബജറ്റ്‌ വരുമ്പോള്‍ ഉള്‍ക്കിടിലം അനുഭവിക്കേണ്ടി വരില്ല. ആഗോളതലത്തില്‍ തൊഴില്‍മേഖലയില്‍ വന്നുചേരുന്ന വ്യതിയാനങ്ങള്‍ കേരളത്തെ നന്നായി ബാധിക്കാന്‍ ഇടവരും. മറുനാടന്‍ ജോലികള്‍ ശീലിച്ചു കഴിയുന്നവരെന്ന നിലയില്‍ സാങ്കേതികവിദ്യയുടെ രംഗത്തും സോഫ്‌റ്റ്‌വെയര്‍ തൊഴില്‍മേഖലയിലും മറ്റും സംഭവിക്കുന്ന തകര്‍ച്ചകളും തൊഴില്‍രാഹിത്യവും പാശ്ചാത്യരാജ്യങ്ങളിലെന്ന പോലെ മലയാളി കുടുംബങ്ങളിലും വേവലാതികള്‍ സൃഷ്‌ടിക്കാതിരിക്കില്ല. ഇതിന്റെ പ്രത്യാഘാതങ്ങള്‍ വരുമ്പോള്‍ കേരളത്തിന്റെ ജീവിതഭൂപടം മാറ്റി വരയ്‌ക്കേണ്ടി വരാം.ബജറ്റില്‍ തുടങ്ങി മലയാളിയുടെ വീടകം വരെ കടന്നുചെല്ലുന്ന ആലോചനകള്‍ കൊണ്ട്‌ സമൃദ്ധമാണ്‌ ഫെബ്രുവരി-മാര്‍ച്ച്‌ മാസം. കടുത്ത വേനല്‍ചൂടില്‍ അകവും പുറവും പൊള്ളുമ്പോള്‍ കേരളീയരുടെ മനസ്സും തലയും ഒരുപോലെ തിളയ്‌ക്കുന്നു. ഇതിന്റെ ആഘാതം വരുംനാളില്‍ കൂടിക്കൊണ്ടിരിക്കാനാണ്‌ സാദ്ധ്യത.അമിത ലാളന കൊണ്ട്‌ ചിട്ടപ്പെടുത്തുന്ന വീട്ടുകാര്യങ്ങളും വിട്ടുവീഴ്‌ചകളില്ലാത്ത പ്രലോഭനങ്ങളില്‍ കുടുങ്ങുന്ന ജീവിതരീതികളും ശക്തമായി വിശകലനം ചെയ്യാന്‍ മടിക്കുന്നവര്‍ക്ക്‌ ആഗോളീകരണം വിപത്തുകളുടെ പറുദീസയാകും. നിയന്ത്രണത്തോടെ ജീവിക്കാന്‍ പഠിക്കുന്നവര്‍ക്ക്‌ ആഗോളീകരണത്തിന്റെ ദൂഷ്യവശങ്ങളെപോലും തങ്ങളുടെ വരുതിയില്‍ കൊണ്ടുവരാന്‍ സാധിക്കും. അങ്ങനെ ചെയ്‌താല്‍ ബജറ്റ്‌ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സൃഷ്‌ടിക്കുന്ന മാനസിക പിരിമുറുക്കങ്ങളില്‍ നിന്നും ഒരു പരിധിവരെ കരകയറാന്‍ കഴിയും. സൂക്ഷ്‌മതയോടെ ജീവിതത്തെ സമീപിക്കുക എന്നതാണ്‌ മുഖ്യം. ഒരുവേള പഴക്കമേറിയാല്‍ ഇരുളും മെല്ലെ വെളിച്ചമായി വരും എന്ന കവി വാക്യം ഓര്‍ക്കുക.

Monday, February 16, 2009

വായന

ഭാരതീയഗീതം

അല്ലാമാ ഇഖ്‌ബാലിന്റെ സാരേ ജഹാന്‍ സെ അച്ഛാ എന്ന ഗാനത്തിന്റെ മൂലരൂപവും അതിന്റെ പരിഭാഷയും. സ്വാതന്ത്ര്യസമര കാലഘട്ടത്തിന്റെ വികാരസ്‌പര്‍ശം ഹൃദയത്തില്‍ നിറയ്‌ക്കുന്ന കൃതി. വിവര്‍ത്തനം എം. പി. അബ്‌ദുസ്സമദ്‌ സമദാനി. അവതാരിക ഡോ. സുകുമാര്‍ അഴീക്കോട്‌.

പ്രസാധനം: അല്ലാമാ ഇഖ്‌ബാല്‍ അക്കാദമിപേജ്‌- 64 വില- 75 രൂപ

ചിതറിയ ചിന്തയിലെരത്‌നശതകം

അല്ലാമാ ഇഖ്‌ബാലിന്റെ നോട്ട്‌ ബുക്കിലെ കുറിപ്പുകളുടെ സമാഹാരം. ജീവിതത്തിന്റെ വ്യത്യസ്‌തതലങ്ങളെ സമഗ്രമായി വിലയിരുത്തുന്ന ഇഖ്‌ബാലിന്റെ കുറിപ്പുകളുടെ വിവര്‍ത്തനവും വ്യാഖ്യാനവും എം. പി. അബ്‌ദുസ്സമദ്‌ സമദാനി. അവതാരിക എം. ടി. വാസുദേവന്‍ നായര്‍.

പ്രസാധനം: അല്ലാമാ ഇഖ്‌ബാല്‍ അക്കാദമി,കോഴിക്കോട്‌പേജ്‌-370 വില- 200

രൂപവ്രതം, വിശ്വാസം, വിമോചനം

ഡോ. ശാഫി അബ്‌ദുല്ല സുഹൂരി എഴുതിയ പുസ്‌തകം. യാന്ത്രിക കര്‍മ്മങ്ങളായി വ്രതാചരണം മാറാതിരിക്കാനുള്ള ഒരു വ്രതസൂക്ത പഠനം. ഈമാന്‍ കാര്യങ്ങളോരോന്നും വര്‍ദ്ധിപ്പിക്കാനുതകുന്ന, ആത്മചൈതന്യം ലഭിക്കുന്ന കാര്യങ്ങള്‍ ലളിതമായും സൂക്ഷ്‌മതയോടെയും വിവരിക്കുന്നു.

പ്രസാധനം: സൈത്തൂന്‍ ബുക്‌സ്‌, കോഴിക്കോട്‌പേജ്‌-170 വില- 70

രൂപതിരുനബിയുടെമുഅ്‌ജിസത്തുകള്‍

മുത്തു നബിയില്‍ നിന്നുണ്ടായ അമാനുഷിക സംഭവങ്ങള്‍ കുരുന്നുകള്‍ക്ക്‌ പറഞ്ഞു കൊടുക്കാനും പ്രഭാഷണങ്ങളില്‍ ഉള്‍പ്പെടുത്താനും സഹായകമാകുന്ന പുസ്‌തകം.

പ്രസാധനം: ശറഫീ പബ്ലിക്കേഷന്‍സ്‌, കൊടുവള്ളിപേജ്‌-50 വില- 20

രൂപകുരുടന്‍

മൂങ്ങസാദിക്‌ ഹിദായത്തിന്റെ നോവല്‍. ആധുനിക പേര്‍ഷ്യന്‍ സാഹിത്യകാരന്റെ പ്രശസ്‌തമായ കൃതിയുടെ വിവര്‍ത്തനം നിര്‍വ്വഹിച്ചത്‌ വിലാസിനിയാണ്‌. വായനയില്‍ വേറിട്ട അനുഭവമാകുന്ന കൃതി.

പ്രസാധനം: പൂര്‍ണ, കോഴിക്കോട്‌പേജ്‌- 146 വില- 90 രൂപ

വട്ടപ്പാട്ട്‌

ഇഖ്‌ബാല്‍ കോപ്പിലാന്‍ രചിച്ച പുസ്‌തകം. മാപ്പിള കലകളില്‍ അന്യം നിന്നുപോകുന്ന കലാരൂപമായ വട്ടപ്പാട്ടിനെക്കുറിച്ചുള്ള ഗഹനമായ പുസ്‌തകങ്ങളിലൊന്ന്‌. ഫോക്‌ലോര്‍ പഠിതാക്കള്‍ക്ക്‌ പ്രയോജനപ്പെടും.

പ്രസാധനം: മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്‌മാരക സെന്റര്‍, കൊണ്ടോട്ടിപേജ്‌- 128 വില- 60 രൂപ

ജനനിഅമ്മ, മകള്‍, മാതൃത്വം

സ്‌ത്രീപക്ഷ പ്രസ്ഥാനങ്ങളിലൂടെയും പഠനങ്ങളിലൂടെയും പ്രശസ്‌തരായ ഇരുപതോളം സ്‌ത്രീകളുടെ വൈവിധ്യമാര്‍ന്ന അനുഭവങ്ങളുടെ വിവരണം. മാതൃത്വത്തെ പലവിതാനത്തില്‍ കാണുന്ന പുസ്‌തകം. റിങ്കി ഭട്ടാചാര്യ എഡിറ്റ്‌ ചെയ്‌ത ഈ പുസ്‌തകത്തിന്റെ പരിഭാഷ വിജയലക്ഷ്‌മി എസ്‌.

പ്രസാധനം: ഡി.സി. ബുക്‌സ്‌, കോട്ടയംപേജ്‌-250 വില- 125 രൂപകറുത്തപൊന്നിന്റെ കഥ

അനുരാധയുടെ നോവല്‍. വാസ്‌കോഡ ഗാമയുടെ ആഗമനവും തുടര്‍ന്നുള്ള ചരിത്രവുമാണ്‌ ഈ നോവലിലൂടെ പറയുന്നത്‌. വായനയില്‍ ഹൃദ്യമാകുന്ന കൃതി.

പ്രസാധനം: ഡി.സി. ബുക്‌സ്‌പേജ്‌- 268 വില- 140 രൂപ

പുരാണ ക്വിസ്‌

പുരാണങ്ങളുമായി ബന്ധപ്പെട്ട ചോദ്യാവലിയും അവയുടെ ഉത്തരങ്ങളുമാണ്‌ ഈ പുസ്‌തകത്തില്‍. നിരവധി പുരാണ കൃതികളുമായി പഠിതാക്കള്‍ക്ക്‌ ഇടപഴകാന്‍ സഹായകമാകുന്ന പുസ്‌തകം. ഗ്രന്ഥകാരന്‍ സന്തോഷ്‌കുമാര്‍ ചേപ്പാട്‌

.പ്രസാധനം: പൂര്‍ണ, കോഴിക്കോട്‌പേജ്‌- 190 വില- 95

രൂപപക്ഷിസംഭാഷണം

ഫരീദുദ്ദീന്‍ അത്താര്‍ രചിച്ച പക്ഷിസംഭാഷണം എന്ന കൃതിയുടെ വിവര്‍ത്തനം. ആദ്ധ്യാത്മിക സാഫല്യത്തിലെത്തിയ ഒരു കൂട്ടം പക്ഷികളുടെ കഥയാണ്‌ ഈ ഗാനപുസ്‌തകത്തില്‍ പറയുന്നത്‌. വിവര്‍ത്തകന്‍ ശിവപുരം സി. പി. ഉണ്ണിനാണു നായര്‍.

പ്രസാധനം: പൈതൃകം പബ്ലിക്കേഷന്‍സ്‌,കോഴിക്കോട്‌പേജ്‌- 58 വില- 35 രൂപ

വായന

എഴപതുകളുടെപുസ്‌തകത്തില്‍ നിന്നും ബാബു കുഴിമറ്റത്തിന്റെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരം. അനവധി രാഷ്‌ട്രീയ, സാമൂഹ്യാനുഭവങ്ങളുടെ അടിവേരുകള്‍ കൊണ്ട്‌ സമ്പന്നമാണ്‌ ഈ പുസ്‌തകം. സൗഹൃദത്തിന്റെ തണലും ആത്മബലികളുടെ പെരുപ്പവും നിറഞ്ഞ ഈ ഓര്‍മ്മകള്‍ നല്ലൊരു വായനാനുഭവമാകും. പ്രസാധനം: ഡിസി ബുക്‌സ്‌പേജ്‌: 82 വില- 50 രൂപ

ദൈവവും കളിപ്പന്തും

പി. എ. നാസിമുദ്ദീന്‍ രചിച്ച കവിതകള്‍. വര്‍ത്തമാനകാലത്തിന്റെയും യൗവ്വനത്തിന്റെയും കിതപ്പുകളും വിഭ്രാന്തികളും മനോഹരമായ കവിതയില്‍ ലയിപ്പിക്കുന്ന രചനാതന്ത്രം ഈ കൃതി വേറിട്ടൊരനുവഭമാക്കുന്നു. അവതാരികയില്‍ സച്ചിദാനന്ദന്‍ എഴുതി: സമകാലീന ജീവിതത്തിലെ വിരോധാഭാസങ്ങള്‍ നാസിമുദ്ദീനെ നിരന്തരം അസ്വസ്ഥനാക്കുന്നു.

പ്രസാധനം: ഡിസി ബുക്‌സ്‌പേജ്‌: 100 വില- 55 രൂപ

പ്രകാശ്‌ രാജുംഞാനും

രേഖ കെ.യുടെ കുറിപ്പുകള്‍. വ്യത്യസ്‌തമായ ജീവിതമുഖങ്ങള്‍ ഭംഗിയായി അവതരിപ്പിക്കുന്ന ഈ ലേഖനങ്ങള്‍ വായനയില്‍ മധുരവും കയ്‌പ്പും നല്‍കുന്നു. കാരണം ഓരോന്നും ആവിഷ്‌കരിച്ച കലാത്മകത തന്നെ. ഹൃദ്യമായ കാര്യങ്ങള്‍ പകര്‍ന്നുകൊടുക്കാനുള്ള കഥാകാരിയുടെ മികവ്‌ ഈ കുറിപ്പുകളെയും മികവുറ്റതാക്കുന്നു

.പ്രസാധനം: ഡിസി ബുക്‌സ്‌പേജ്‌: 74 വില- 42 രൂപ

ഉറുമ്പുകളുടെ കാലൊച്ച

മണിയൂര്‍ ഇ. ബാലന്റെ കഥകള്‍.വരണ്ടുപോകുന്ന ജീവിതങ്ങളെ കണ്മൂരില്‍ നനച്ച്‌ പ്രത്യാശയുടെ വിത്തുകള്‍ മുളപ്പിക്കാന്‍, ജീവിതത്തിന്റെ കനല്‍വഴികള്‍ താണ്ടുന്നവരുടെ കഥകള്‍. ദുരിതജീവിതത്തിന്റെ കാണാക്കയങ്ങളില്‍ നിന്നും ഉയരുന്ന നിലവിളി ഈ കഥകളില്‍ പതിഞ്ഞുനില്‍പ്പുണ്ട്‌.

പ്രസാധനം: പൂര്‍ണ, കോഴിക്കോട്‌പേജ്‌: 62 വില- 40

അണിയറ

ഉറൂബിന്റെ നോവല്‍. ജീവിതമെന്ന മഹാ നാടകത്തിന്റെ അണിയറയില്‍ നിന്ന്‌ ഉറൂബ്‌ കളിയരങ്ങിലെ കളികള്‍ നോക്കിക്കാണുകയാണ്‌. ഏറെ വ്യത്യസ്‌തവും വ്യക്തിത്വവുമുള്ള കഥാപാത്രങ്ങളുടെ അവരുടെ മനസ്സിന്റെ സഞ്ചാരപഥങ്ങളിലേക്ക്‌ ഒരാത്മീയാന്വേഷണം നടത്തുകയാണ്‌ നോവലിസ്റ്റ്‌.

പ്രസാധനം: പൂര്‍ണ, കോഴിക്കോട്‌പേജ്‌: 166 വില- 100

രൂപരക്തസാക്ഷികള്‍സകരിയ്യ(അ)യഹ്‌യ(അ)

പ്രൊഫ. കൊടുവള്ളി അബ്‌ദുല്‍ഖാദിര്‍ രചിച്ച പുസ്‌തകം. മനുഷ്യസമൂഹത്തെ നന്മയിലേക്ക്‌ നയിക്കാന്‍ അല്ലാഹു നിയോഗിച്ച രണ്ട്‌ പുണ്യപ്രവാചകന്മാരെ കുറിച്ചുള്ള ചരിത്രമാണ്‌ ഈ പുസ്‌തകത്തില്‍.

പ്രസാധനം: ശറഫീ പബ്ലിക്കേഷന്‍സ്‌പേജ്‌: 74 വില- 30 രൂപ

Sunday, February 15, 2009

മതത്തിന്റെ സാംസ്‌കാരികഇടപെടലുകള്‍

മതത്തിന്റെ സാംസ്‌കാരികഇടപെടലുകള്‍മതം സവിശേഷമായ സാംസ്‌കാരികാവബോധമാണ്‌. ജീവിതത്തെയും പ്രപഞ്ചത്തെയും സംബന്ധിച്ച ആഴമേറിയ കാഴ്‌ചപ്പാട്‌. സനാതനമൂല്യങ്ങളെ മനുഷ്യജീവിതവുമായി ഇണക്കിച്ചേര്‍ക്കുന്നതില്‍ മതങ്ങള്‍ മുഖ്യമായ പങ്കുവഹിക്കുന്നു. എല്ലാ മതങ്ങളുടെയും താത്ത്വികനിലപാടുകളിലും ആചാരാനുഷ്‌ഠാനങ്ങളിലും ചെറിയ ചെറിയ വ്യതിയാനങ്ങളുണ്ടെങ്കിലും അടിസ്ഥാനപരമായി അവ അര്‍ത്ഥമാക്കുന്നത്‌ ഒന്നുതന്നെയാണെന്നു കാണാം. ജീവിതത്തിന്റെ വിശുദ്ധിയും ലക്ഷ്യവും ഉദ്‌ഘോഷിക്കുന്നതില്‍ മതദര്‍ശനങ്ങള്‍ പലപ്പോഴും ഏകതാനതയില്‍ ചേര്‍ന്നുനില്‍ക്കുന്നു. മനുഷ്യജീവിതത്തിന്റെ നൈമിഷികതയും പ്രപഞ്ചത്തിന്റെ വിശാലതയും വിവരിക്കുന്നതില്‍ മതങ്ങള്‍ വഹിക്കുന്ന പങ്കു നിസ്‌തുലമാണ്‌. ജീവിതത്തിന്റെ പരിശുദ്ധി ലക്ഷ്യമാക്കി മതങ്ങള്‍ മുന്നോട്ടുവയ്‌ക്കുന്ന കാഴ്‌ചപ്പാടുകള്‍ക്കും ഏകീഭാവം കൈവരുന്നുണ്ട്‌. ഇതൊക്കെ അര്‍ത്ഥമാക്കുന്നത്‌ മതങ്ങളോ, മതദര്‍ശനങ്ങളോ ജീവിതത്തില്‍ മാറ്റിനിര്‍ത്തപ്പെടേണ്ടവയല്ലെന്നും അവ അനുഷ്‌ഠിക്കുന്നതിലൂടെ, പരിചയിക്കുന്നതിലൂടെ മനുഷ്യന്‌ സാമൂഹികമായി ഔന്നത്യമാര്‍ന്ന തലത്തില്‍ എത്തിച്ചേരാന്‍ കഴിയുമെന്നാണ്‌.. എങ്കിലും മതസങ്കല്‌പങ്ങളോട്‌ അപൂര്‍വ്വം ധിഷണാശാലികളെങ്കിലും എന്തുകൊണ്ട്‌ അനുരഞ്‌ജനം കൈവരിച്ചില്ല? മതങ്ങളുടെ ആവിര്‍ഭാവം മുതല്‍ (പ്രപഞ്ചോല്‍പത്തി മുതല്‍ മതദര്‍ശനങ്ങള്‍ക്ക്‌ സാംഗത്യമുണ്ടെന്ന കാഴ്‌ചപ്പാട്‌ വിസ്‌മരിക്കുന്നില്ല) ഇന്നുവരെ ഓരോ മതത്തിന്റെയും താത്വിക നിലപാടില്‍ നിന്നും അനുയായികളില്‍ ചിലരെങ്കിലും മാറിനടക്കുന്നു? ഒട്ടേറെ കാര്യങ്ങളില്‍ വീഴ്‌ചവരുത്തുന്നു -എന്നിങ്ങനെയുള്ള വസ്‌തുതകള്‍ പരിശോധിക്കേണ്ടതുണ്ട്‌. പുരോഹിതരോ, അനുയായികളോ തങ്ങളുടെ മതം വിഭാവന ചെയ്യുന്ന മൂല്യങ്ങളില്‍ നിന്നും വഴിമാറി നടക്കാനിടവരുന്നതെന്തുകൊണ്ട്‌? ഇത്തരം കാര്യങ്ങള്‍ ആരെങ്കിലും വസ്‌തുനിഷ്‌ഠമായി വിലയിരുത്താനോ, ചിന്തിക്കാനോ തുനിയുമ്പോള്‍ അതൊരു തെറ്റിദ്ധാരണയായി പലരും വ്യാഖ്യാനിച്ചെടുക്കുന്നു. ചെറുതും വലുതുമായ തെറ്റിദ്ധാരണകളാണ്‌ ഓരോ സമൂഹത്തെയും വേട്ടയാടിക്കൊണ്ടിരിക്കുന്നത്‌. മതത്തിന്റെ പേരിലോ, അനുഷ്‌ഠാനങ്ങളുടെ പേരിലോ നടക്കുന്ന വിപത്തുകള്‍ക്ക്‌ കാരണമാകുന്നത്‌ മിക്കവാറും ചെറിയ ചെറിയ തെറ്റിദ്ധാരണകളാണ്‌. ഇവയെ ചെറുക്കാന്‍ അനുയായികള്‍ തങ്ങളുടെ മതം നിര്‍ദേശിക്കുന്ന ജീവിതമൂല്യങ്ങളിലേക്ക്‌ ഒരിക്കലെങ്കിലും കണ്ണോടിക്കുക. അപ്പോള്‍ നമ്മുടെ മനസ്സില്‍ തെളിയുന്നത്‌ പ്രപഞ്ചത്തിലെ സര്‍വ്വ ചരാചരങ്ങളോടും നാം പുലര്‍ത്തേണ്ടുന്ന സഹിഷ്‌ണതയുടെ പ്രകാശമാണ്‌. ഈ സഹിഷ്‌ണുത നഷ്‌ടപ്പെടുമ്പോഴാണ്‌ മനുഷ്യന്‍ പ്രപഞ്ചത്തെയും സഹജീവികളെയും വിസ്‌മരിക്കുന്നത്‌. അസഹിഷ്‌ണതയിലാണ്‌ കലാപങ്ങളുടെയും വിധ്വംസക പ്രവര്‍ത്തനങ്ങളുടെയും വേരോടിനില്‍ക്കുന്നത്‌. മതതത്ത്വങ്ങളില്‍ അടിസ്ഥാനധാരയായി പതിഞ്ഞുനില്‍ക്കുന്നത്‌ സമഗ്രദര്‍ശനത്തിന്റെ സാംസ്‌കാരികാടയാളങ്ങളാണ്‌. മതങ്ങള്‍ രൂപപ്പെടുത്തിയ ആചാരാനുഷ്‌ഠാനങ്ങളില്‍ നിന്നും വിശ്വാസസംഹിതകളില്‍ നിന്നും അനുയായികള്‍ മാറിനടക്കുന്ന സന്ദര്‍ഭങ്ങളിലാണ്‌ ചില ധിഷണാശാലികള്‍ മതദര്‍ശനത്തെ വകഞ്ഞുമാറ്റിയത്‌. അഥവാ മതത്തിന്റെ കാഴ്‌ചപ്പാടുകള്‍ക്ക്‌ അപ്പുറത്തേക്ക്‌ നടക്കാന്‍ താല്‍പര്യം കാണിച്ചത്‌. ലോകത്തിലെ എല്ലാം മതങ്ങളോടും ചില ധിഷണാശാലികള്‍ ചിന്താപരമായും സര്‍ഗാത്മകപരമായും കലഹിച്ചിട്ടുണ്ട്‌. നീഷേയെ പോലുള്ളവര്‍ അക്കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‌ക്കുന്നു. സാമ്പത്തികഭ്രമം ലോകത്തെ കീഴടക്കിക്കൊണ്ടിരുന്ന സന്ദര്‍ഭത്തിലാണ്‌ `ദൈവം മരിച്ചെന്നുപോലും' നീഷേയ്‌ക്ക്‌ പറയേണ്ടി വന്നത്‌. ദൈവം അനുശാസിക്കുന്ന മൂല്യങ്ങളില്‍ നിന്നും എന്തുകൊണ്ടാണ്‌ പല വിശ്വാസികളും വഴിമാറി നടക്കുന്നത്‌? അതിന്‌ അവരെ പ്രേരിപ്പിക്കുന്ന ഘടകങ്ങളെന്തൊക്കെ? ഇത്യാദി ചോദ്യങ്ങള്‍ നിരന്തരം ഉയര്‍ത്തുകയും അവയ്‌ക്ക്‌ പരിഹാരം കണ്ടെത്താനുള്ള മാര്‍ഗ്ഗങ്ങള്‍ നടപ്പാക്കുകയും ചെയ്യുന്ന സാമൂഹികാന്തരീക്ഷത്തില്‍ മതത്തോടുള്ള വിയോജിപ്പുകളും തെറ്റിദ്ധാരണകളും ഇല്ലാതാകും. വിശ്വാസമൂല്യങ്ങള്‍ക്ക്‌ കോട്ടംവരാതെ തന്നെ ഇത്തരം അന്വേഷണങ്ങളും കൂട്ടായ്‌മകളും ഫലവത്തായരീതിയില്‍ നടത്താന്‍ മതാനുയായികള്‍ക്ക്‌ സാധിക്കണം.വിശ്വാസപ്രമാണങ്ങളിലും ലോകവീക്ഷണത്തിലും വ്യതിരിക്തവും ഗഹനവുമായ ദര്‍ശനങ്ങള്‍ കൊണ്ട്‌ സമ്പന്നമാണ്‌ ഇസ്‌ലാം മതം. ഇസ്‌ലാമിന്റെ ചരിത്രപരമായ പങ്കിനെക്കുറിച്ച്‌ എം. എന്‍. റോയി `ഹിറ്റോറിക്കല്‍ റോള്‍ ഓഫ്‌ ഇസ്‌ലാം' എന്ന പുസ്‌തകത്തിലൊരിടത്ത്‌ എഴുതി:` ഇസ്‌ലാമിനെ കേവലം ഭൗതിക സൈനിക മേധാവിത്വത്തിന്റെ പ്രതിരൂപം എന്ന നിലയില്‍ മാത്രം കാണുന്നത്‌ ചരിത്രത്തിന്റെ തികച്ചും തെറ്റായ ഒരു വായന ആയിരിക്കും. മുഹമ്മദ്‌ സാരസിയന്‍ (മധ്യകാലഘട്ടത്തില്‍ ഇസ്‌ലാമിനെപ്പറ്റി അറബികളും ടര്‍ക്കികളും വിശേഷിപ്പിക്കുന്ന പേര്‌) പടയാളികളുടെ മാത്രം പ്രവാചകനായിരുന്നില്ല. പിന്നെയോ, അറബ്‌ കച്ചവടക്കാരുടെ കൂടി പ്രവാചകനായിരുന്നു. തന്റെ ആദര്‍ശ സംഹിതകള്‍ സ്വീകരിക്കുന്നവര്‍ക്ക്‌ അദ്ദേഹം നല്‍കിയ പേര്‌ ഇസ്‌ലാം എന്നായിരുന്നു. പദോല്‍പത്തിവിജ്ഞാനീയ പ്രകാരം ഇസ്‌ലാം എന്നാല്‍ സമാധാനം ഉണ്ടാക്കല്‍ എന്നാണര്‍ത്ഥം. മനുഷ്യനുമായി മാത്രമല്ല, ദൈവവുമായി സമാധാനം സ്ഥാപിക്കുക എന്നത്‌ ഇസ്‌ലാമിന്റെ പ്രഖ്യാപിത ലക്ഷ്യമായിരുന്നു. ചിതറിപ്പാര്‍ത്തിരുന്ന വിഭിന്ന അറബിവംശജരെ ഇസ്‌ലാമിന്റെ കൊടിക്കീഴില്‍ ഒന്നിപ്പിക്കുവാനും വ്യാജദൈവങ്ങളുടെ വിഗ്രഹങ്ങളില്‍ ആരോപിക്കപ്പെട്ടിരുന്ന ദൈവത്വത്തെ നിഷേധിച്ചുകൊണ്ട്‌ സത്യദൈവത്തിന്റെ ഏകത്വത്തെ ഉയര്‍ത്തിപ്പിടിക്കുന്നതിനും സമാധാനം സ്ഥാപിക്കുന്നതിനും പ്രവാചകന്‍ തന്റെ അനുയായികളെ ആഹ്വാനം ചെയ്‌തു.'- ഇത്‌ സാംസ്‌കാരികതലത്തില്‍ ഇസ്‌ലാം എവിടെ നില്‍ക്കുന്നു എന്നതിന്‌ നിദര്‍ശനമാണ്‌. ജീവിതത്തിന്റെ എല്ലാ നിലകളിലും ഇറങ്ങിച്ചെന്ന്‌ അവയില്‍ ഇടപെടുകയും സത്യമാര്‍ഗ്ഗത്തിലേക്ക്‌ നയിക്കുകയുമാണ്‌ പ്രപഞ്ചത്തേയും മനുഷ്യവര്‍ഗ്ഗത്തേയും സ്‌നേഹിക്കുന്ന ഏതൊരാളുടെയും കര്‍ത്തവ്യമെന്ന്‌ ഇസ്‌ലാം വ്യക്തമാക്കുന്നു. പ്രവാചകന്റെ സാമൂഹിക സമീപനങ്ങള്‍ സൂചിപ്പിക്കുന്നതും മറ്റൊന്നല്ല.നിങ്ങള്‍ വിതയ്‌ക്കുന്നത്‌ നിങ്ങള്‍ക്ക്‌ കൊയ്യാം- എന്നിങ്ങനെ സെന്റ്‌ പോളിന്റെ വചനമുണ്ട്‌. നാം വിതയ്‌ക്കുന്നത്‌ മാത്രമേ നമുക്ക്‌ കൊയ്യാന്‍ സാധിക്കൂ. ജീവിതത്തില്‍ നാം കാത്തുസൂക്ഷിക്കുന്ന മൂല്യങ്ങള്‍ അനുസരിച്ചായിരിക്കും നമ്മുടെ ജീവിതം നിര്‍ണ്ണയിക്കപ്പെടുന്നത്‌. ഇത്‌ മതങ്ങള്‍ മുന്നോട്ടു വെയ്‌ക്കുന്ന ജീവിതപാഠാവലിയാണ്‌. നമ്മുടെ കര്‍മ്മങ്ങളാണ്‌ ജീവിതത്തിന്റെ ഗതിവിഗതികള്‍ നിര്‍ണ്ണയിക്കപ്പെടുന്നത്‌. സഹിഷ്‌ണത വിതച്ചാല്‍ സംതൃപ്‌തി കൊയ്യാന്‍ സാധിക്കും. ഇതൊക്കെ ഇന്നത്തെ സാഹചര്യത്തില്‍ കഴിയുമോ എന്ന്‌ ചിന്തിക്കുന്നവരുണ്ടാകാം. സത്യത്തിനും ധര്‍മ്മത്തിനും വിലയില്ലാത്ത സമൂഹത്തില്‍ മതദര്‍ശനങ്ങള്‍ പ്രായോഗികമാണോ എന്ന്‌ കരുതുന്നവരുണ്ടാകാം. അങ്ങനെ സംശയിക്കുന്നവര്‍ക്ക്‌ ഒരു കഥ- വളരെ പ്രശസ്‌തമായ നിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഒരു കമ്പനിയുടെ മാനേജര്‍ ഒരു ദിവസം മക്കളെയും തൊഴിലാളികളേയും വിളിച്ച്‌ ഒരു സ്വകാര്യം പറഞ്ഞു: അടുത്തുതന്നെ നമ്മുടെ കമ്പനി ഞാന്‍ നിങ്ങളെ ഏല്‌പിക്കാന്‍ പോകുന്നു. പക്ഷേ, അതിന്റെ മാനേജര്‍ സ്ഥാനത്തേക്ക്‌ നിങ്ങളില്‍ ഒരാളെ ചുമതലപ്പെടുത്താനാണ്‌ ഞാന്‍ ഇഷ്‌ടപ്പെടുന്നത്‌. എല്ലാവര്‍ക്കും ആകാംക്ഷ. തങ്ങളില്‍ ആരായിക്കും ആ ഭാഗ്യവാന്‍. മാനേജരുടെ മക്കളും തൊഴിലാളികളും തലപുകഞ്ഞ്‌ നില്‍ക്കുമ്പോള്‍ മാനേജര്‍ മറ്റൊരു കാര്യം അവരെ അറിയിച്ചു. ഞാന്‍ നിങ്ങള്‍ക്ക്‌ കുറെ അമരവിത്തുകള്‍ നല്‍കുന്നു. നിങ്ങള്‍ അവ വീട്ടില്‍ കൊണ്ടുപോയി വേണ്ടവിധത്തില്‍ വിതച്ച്‌ മുളപ്പിച്ചു കൊണ്ടുവരണം. എല്ലാവരും മാനേജരുടെ കൈയില്‍ നിന്നും അമരവിത്തുകള്‍ വാങ്ങി വീട്ടില്‍ കൊണ്ടുപോയി. തൊഴിലാളികളില്‍ ഒരാളായ രാജുവിന്റെ വീട്ടില്‍ കൊണ്ടുപോയ വിത്തു മുളച്ചില്ല. അയാള്‍ക്ക്‌ സങ്കടമായി. മാനേജര്‍ പറഞ്ഞ ദിവസം അടുത്തു. രാജുവിന്‌ പ്രയാസമായി. അയാള്‍ കമ്പനിയില്‍ ലീവെടുക്കാന്‍ തീരുമാനിച്ചു. ഭാര്യ രാജുവിന്റെ അവസ്ഥ കണ്ടപ്പോള്‍ സമാധാനിപ്പിച്ചു. നിങ്ങള്‍ ലീവെടുത്തു പോകാതിരിക്കുന്നത്‌ ശരിയല്ല. സത്യാവസ്ഥ മാനേജരെ ധരിപ്പിക്കുകയാണ്‌ വേണ്ടത്‌. ഭാര്യുടെ നിര്‍ബന്ധത്തിന്‌ വഴങ്ങി രാജു കമ്പനിയില്‍ പോയി. മാനേജര്‍ ഓരോരുത്തരെയായി വിളിച്ചു. അവരെല്ലാം നന്നായി മുളപ്പിച്ച അമരവിത്ത്‌ മാനേജരുടെ മുമ്പില്‍ ഹാജരാക്കി. ഒടുവില്‍ രാജുവിന്റെ ഊഴം വന്നു. അയാള്‍ സങ്കടത്തോടെ മാനേജരുടെ മുമ്പില്‍ ഹാജരായി. തനിക്ക്‌ കിച്ചിട അമരവിത്ത്‌ മുളച്ചില്ലെന്ന്‌ പറഞ്ഞു. അതുകേട്ടപ്പോള്‍ മാനേജര്‍ക്ക്‌ സന്തോഷമായി. അദ്ദേഹം പറഞ്ഞു. ഞാന്‍ എല്ലാവര്‍ക്കും നല്‍കിയ അമരവിത്തുകള്‍ പുഴുങ്ങി ഉണക്കിയതായിരുന്നു. പക്ഷേ, രാജു ഒഴികെയുള്ളവരെല്ലാം അവയ്‌ക്ക്‌ പകരം പുതിയത്‌ വാങ്ങി മുളപ്പിച്ചു. രാജു മാത്രം സത്യം പറഞ്ഞു. കമ്പനി നോക്ക#േണ്ടവര്‍ ആരായാലും സത്യസന്ധത പുലര്‍ത്തുന്നവരായിരിക്കണം. അതിനാല്‍ രാജുവിനെ ഉടനെ മാനേജാരാക്കാന്‍ ഞാന്‍ തീരുമാനിക്കുന്നു. ഈ കഥ അല്‍ഭുതപ്പെടുത്തുന്നതൊന്നുമല്ലെന്ന്‌ കരുതാം. പക്ഷേ, മനുഷ്യജീവിതത്തെ ഏറ്റവും മൂല്യവത്താക്കുന്നത്‌ സത്യസന്ധതതന്നെയാണ്‌. മതദര്‍ശനങ്ങള്‍ വിഭാവന ചെയ്യന്നതും അതുതന്നെയാണ്‌. ആശയങ്ങളെ നിത്യജീവിതത്തിലേക്ക്‌ കൊണ്ടുവരാനുള്ള പാതകളായിരിക്കണം ഓരോ വ്യക്തിയും. മതങ്ങള്‍ നല്‍ക്കുന്ന സാംസ്‌കാരികഭൂമിക നമ്മുടെ ബോധതലത്തിലേക്ക്‌ കൊണ്ടുവരുന്നതും ഇതുതന്നെയാണ്‌. ഇങ്ങനെയുള്ള വസ്‌തുതകള്‍ മതാനുയായികള്‍ തിരിച്ചറിയുകയും അവ തങ്ങളുടെ ജീവിതത്തില്‍ പുലര്‍ത്തുകയും ചെയ്യുമ്പോഴാണ്‌ ഏതു കാലഘട്ടത്തിലും മതദര്‍ശനങ്ങളുടെ സനാതനത്വം വ്യക്തമാകുന്നത്‌. ആധുനിക കാലഘട്ടത്തില്‍ മറ്റെല്ലാ സാമൂഹിക ദര്‍ശനങ്ങളെന്നപോലെ മതം നല്‍കുന്ന ജീവിതമൂല്യങ്ങള്‍ക്കും പ്രസക്തി വര്‍ദ്ധിക്കുന്നു.(സഹായഗ്രന്ഥം: ഹിസ്റ്റോറിക്കല്‍ റോള്‍ ഓഫ്‌ ഇസ്‌ലാം- എം. എന്‍. റോയി. വിവ: കെ. സി. വര്‍ഗീസ്‌, ഒലിവ്‌, കോഴിക്കോട്‌. ലേഖനം: മതം- മലയാളമനോരമ ഓണ്‍ലൈന്‍)

Monday, February 09, 2009

മലയാളിക്ക്‌ തിരഭാഷയുടെ താക്കീത്‌

കേരളത്തിന്റെ പതിമൂന്നാമത്‌ രാജ്യാന്തര ചലച്ചിത്രമേള പ്രതിഫലിപ്പിക്കുന്ന ലോകസിനിമയുടെ പുതിയമുഖത്തെപ്പറ്റി.ഓരോ കലാരൂപവും കാലഘട്ടത്തിന്റെ സവിശേഷമായ നിര്‍മ്മിതി കൂടിയാണ്‌. കാലത്തിന്റെയും സാമൂഹികാന്തരീക്ഷത്തിന്റെയും സൂക്ഷ്‌മസ്‌പന്ദനങ്ങള്‍ ഉള്‍ക്കൊള്ളുമ്പോഴാണ്‌ കലാരൂപം പൂര്‍ണ്ണതയിലെത്തുന്നത്‌. ചലച്ചിത്രങ്ങളും അര്‍ത്ഥമാക്കുന്നത്‌ മറ്റൊന്നല്ല. ചലച്ചിത്രം അന്വേഷണത്തിന്റെയും പ്രജ്ഞയുടെയും മാറ്റുരയ്‌ക്കലായി കണ്ടെടുക്കുന്നവര്‍ കാലത്തിനു നേരെ പിടിച്ച കണ്ണാടിയായി സിനിമയെ മാറ്റിത്തീര്‍ക്കുന്നു. ലോകജീവിതത്തിന്റെ പരിച്ഛേദത്തിലേക്ക്‌ ഇറങ്ങിനില്‍ക്കുന്ന ചലച്ചിത്രഭാഷ തൊട്ടറിയാനുള്ള വേദിയായി കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേള ഇതിനകം മാറിയിട്ടുണ്ട്‌. മനുഷ്യബന്ധങ്ങള്‍ക്ക്‌ നേരിടേണ്ടി വരുന്ന പ്രതിബന്ധങ്ങളുടെ തീവ്രവും സുതാര്യവുമായ ദൃശ്യസംസ്‌കാരമാണ്‌ പതിമൂന്നാമത്‌ രാജ്യാന്തര ചലച്ചിത്രോത്സവം അനുഭവപ്പെടുത്തിയത്‌. ലോകസിനിമയ്‌ക്ക്‌ സംഭവിക്കുന്ന കയറ്റിറക്കമാണ്‌ മിക്ക ചിത്രങ്ങളും പ്രതിഫലിപ്പിച്ചത്‌. ലോകസിനിമാവിഭാഗത്തിലെ ബെലാ പാക്‌സോലയുടെ ദ അഡ്വന്‍ചറര്‍, മിജിക്കീ സി. ജോങിന്റെ ക്യാറ്റിയാസ്‌ സിസ്റ്റര്‍, റീത്ത്‌ പാന്‍ചിന്റെ സീവാള്‍, ആദിത്യ അസ്സാരത്തിന്റെ വണ്ടര്‍ഫുള്‍ ടൗണ്‍, തകെഷി കിറ്റാനോവിന്റെ ടോര്‍ടോറ്റോയിസ്‌, മൊറോക്കോ ബീച്ചിന്റെ ബേഡ്‌ വാച്ചസ്‌, മൈക്കിള്‍ ഹാനോക്കിയുടെ ഫണ്ണി ഗെയിംസ്‌, മുതലായ ചിത്രങ്ങള്ളില്‍ തെളിയുന്നത്‌ ലോകജീവിത്തിന്റെ പ്രതിഫലനം മാത്രമല്ല, ചലച്ചിത്രഭാഷയുടെ മാറുന്നമുഖവുമാണ്‌. ആഗോളീകരണം ചലച്ചിത്രരംഗത്ത്‌ സൃഷ്‌ടിച്ച വേലിയേറ്റവും ദൃഷ്യസംസ്‌കാരവുമാണ്‌ വ്യക്തമാക്കിയത്‌. ജീവിതത്തിന്റെ ആഴക്കാഴ്‌ച അടയാളപ്പെടുത്തുന്നതില്‍ നിന്ന്‌ ക്യാമറകളുടെ പിന്മടക്കം ദൃശ്യതലത്തില്‍ ഏല്‍പ്പിക്കുന്ന മുറിപ്പാടുകള്‍ വഹിക്കുന്ന സിനിമകളും പതിമൂന്നാമത്‌ മേള നിരവധിയുണ്ടായിരുന്നു. ലോകരാഷ്‌ട്രങ്ങളിലെ കലാകാരന്മാര്‍ ജീവിതത്തെയും സിനിമയെയും എങ്ങനെ സമീപിക്കുന്നുവെന്നതിന്റെ വ്യക്തമായ അടയാളങ്ങള്‍ മേളയുടെ സന്ദേശമായി മാറി. കോര്‍പ്പറേറ്റ്‌ ഫണ്ടിംഗ്‌ ചലച്ചിത്ര നിര്‍മ്മിതിയില്‍ ഇടപെടുമ്പോള്‍ ഫ്രെയിമുകളുടെ കരുത്തും ചടുലതയും കുറഞ്ഞുവരുന്നതിന്റെ മുദ്രകളായിരുന്നു റീത്ത്‌ പാന്‍ചിന്റെ സീവാള്‍, മാച്ചീസ്‌ എന്ന ചിത്രകാരന്റെ സ്വപ്‌നലോകത്തിലൂടെ കഥപറയുന്ന ഈ സിനിമയില്‍ തെളിയുന്ന മാറുന്നകാലത്തിന്റെ കനല്‍പാടുകളാണ്‌. കിം കി ദുകിന്റെ ബ്രീത്ത്‌ കൊറിയന്‍ ജീവിതത്തിന്റെ മാറ്റത്തിലേക്ക്‌ ചെന്നുതൊടുന്ന തീവ്രമായ അനുരാഗത്തിന്റെ കഥപറഞ്ഞുകൊണ്ടാണ്‌. കൊറിയന്‍ സിനിമയുടെ വ്യാകരണം തിരുത്തിക്കുറിക്കുന്ന ദുക്‌ തന്റെ പുതിയ ചിത്രത്തില്‍ അനുരഞ്‌ജനത്തിനാണ്‌ മുന്‍തൂക്കം നല്‍കുന്നത്‌. മനുഷ്യര്‍ പാര്‍ക്കുന്ന ലോകത്തെപ്പറ്റി ആശങ്കകളോടെ ചിന്തിക്കുകയും ജീവിതവൃത്താന്തങ്ങള്‍ സവിശേഷമായ ക്യാമറക്കോണിലൂടെ ആവിഷ്‌കരിക്കുകയും ചെയ്യുന്ന ഒട്ടേറെ ചിത്രങ്ങളും രാജ്യാന്തര മേളയിലുണ്ടായിരുന്നു. മത്സവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഹുസൈന്‍ കാരബിയുടെ മൈ മെര്‍ലിന്‍ ആന്റ്‌ ബ്രാന്‍ഡോ, എന്റിക്‌ റിവേറയുടെ പാര്‍ക്‌ വൈ, റിഡ്‌ സീലികിന്റെ റഫ്യൂജ്‌, മരീന റോണ്ടന്റെ പോസ്റ്റ്‌കാര്‍ഡ്‌ ഫ്രം ലെനിന്‍ഗ്രാഡ്‌, ലോകസിനിമയിലുണ്ടായിരുന്ന താരാ ഇല്ലന്‍ബര്‍ഘറുടെ ബ്രൂട്ടസ്‌, മാജിദ്‌ മജീദിയുടെ ദ സോങ്‌ ഓഫ്‌ സ്‌പാരോ തുടങ്ങിയവ. ജീവിതത്തിന്റെ കാവല്‍മാടമാകുന്ന സിനിമ സാംസ്‌കാരികമായ അതിദൂര വീക്ഷണങ്ങളാണ്‌ പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ അവതരിപ്പിക്കുന്നത്‌. കാഴ്‌ചയുടെ കലയായ സിനിമയില്‍ ഇത്തരം നിര്‍വ്വണങ്ങള്‍ക്കുള്ള പ്രാധാന്യം അനുഭവിപ്പിക്കുന്ന പാക്കേജുകള്‍ പതിമൂന്നാമത്‌ മേളയിലുണ്ടായിരുന്നു. ഇസ്രേല്‍ സംവിധായകന്‍ അമോസ്‌ ഗിതായിയുടെ ചിത്രങ്ങള്‍ ചലച്ചിത്രത്തിന്റെ ലോകവീക്ഷണത്തിലേക്ക്‌ പ്രേക്ഷകരെ നടത്തിക്കുന്നു.ഇന്ത്യന്‍ ചലച്ചിത്ര മേളകളില്‍ നിരീക്ഷണത്തിന്റെയും നടത്തിപ്പിന്റെയും കാര്യത്തില്‍ ചോര്‍ച്ചകള്‍ സംഭവിച്ചുകൊണ്ടിരിക്കുമ്പോഴും ചലച്ചിത്ര സൗന്ദര്യങ്ങളുടെ മുന്നില്‍ ശിരസ്സു നമിക്കാന്‍ തോന്നിപ്പിക്കുന്ന ഒട്ടേറെ സൃഷ്‌ടികള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചു. നാന്‍ ടി. അചാന്‍ സംവിധാനെ ചെയ്‌ത ദ ഫോട്ടോഗ്രാഫ്‌, അമര്‍ ഹാക്കിന്റെ യെല്ലോഹൈസ്‌ എന്നിവ ഉദാഹരണം. കലാകാരന്റെ ഉരുകുന്ന മനസ്സില്‍ നിന്നും തിളച്ചുപൊങ്ങുന്ന ജീവിത സമീപനങ്ങളുടെ മുദ്രകളാണിവ. എകാന്തത, അവഗണന, പീഡനം, നിന്ദ, ഭീതി, നിസ്സഹായത, സ്‌ത്രീ- ബാല പീഡനങ്ങള്‍, അധിനിവേശം, പലായനം, തീവ്രവാദം സ്വത്വ പ്രതിസന്ധി തുടങ്ങി അനേകം വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന സിനിമകള്‍ കേരളത്തിന്റെ ചലച്ചിത്രോത്സവത്തിന്റെ പൊതു സ്വഭാവമാണ്‌. അവ തുര്‍ക്കിയില്‍ നിന്നോ, ഇറാനില്‍ നിന്നോ, ലാറ്റിനമേരിക്കയില്‍ നിന്നോ, ആഫ്രിക്കയില്‍ നിന്നോ, കേരളത്തില്‍ നിന്നോ പകര്‍ത്തിയാലും എല്ലാ ഫ്രെയിമുകളിലും മനുഷ്യന്‍ നേരിടുന്ന സനാതനമായ വേദനകളും പ്രശ്‌നങ്ങളും വായിച്ചെടുക്കാന്‍ കഴിയും. ദൃശ്യ സമൃദ്ധിക്കിടയില്‍ നിന്നും ഓരം ചേര്‍ത്തു നിര്‍ത്തിയ കാഴ്‌ചകളുടെ വേദിയാണ്‌.ലോകചലച്ചിത്ര സംസ്‌കാരം മനുഷ്യമനസ്സില്‍ പതിപ്പിക്കുന്ന വെളിച്ചവും ഇരുളും ഭംഗിയായി സന്നിവേളിപ്പിക്കുന്ന ചിത്രങ്ങളായിരുന്നു സമകാലീന റഷ്യന്‍ സിനിമകള്‍. ഐസന്‍ശ്‌റ്റീനും തര്‍ക്കോവിസ്‌കിയും ഫുഡോപ്‌കീനും മറ്റും സിനിമയുടെ ചരിത്രത്തില്‍ എഴുതിച്ചേര്‍ത്ത ജീവിതഗന്ധിയായ സംസ്‌കൃതിയില്‍ മാനവീതയുടെ വിശാലത പതിഞ്ഞുനില്‍പ്പുണ്ട്‌. എന്നാല്‍ മാനവീയമൂല്യങ്ങള്‍ക്ക്‌ സംഭവിക്കുന്ന വ്യതിയാനമാണ്‌ പുതിയ റഷ്യന്‍ സിനിമ അനുഭവപ്പെത്തുന്നത്‌. അധിനിവേശത്തിന്റെയും അധികാരത്തിന്റെയും വിഭജനത്തിന്റെയും പലായനത്തിന്റെയും നേരെ നിരാലംബതയുടെ കണ്ണും കാതും നീക്കിവയ്‌ക്കേണ്ടി വരുന്ന മനുഷ്യരുടെ ദുരന്തദീപ്‌തികളാണ്‌ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന മിക്ക സിനിമകളും. അവ മാനവികതയുടെ മഞ്ഞുരുക്കത്തിന്റെ അനിവാര്യത പറഞ്ഞുറപ്പിക്കുന്നു. മനോസംഘര്‍ഷവും വേട്ടയാടലും നിറയുന്ന കനത്ത ഫ്രെയിമുകള്‍ കൊണ്ട്‌ സമ്പന്നമാണ്‌ മത്സരവിഭാഗം. തുര്‍ക്കിയില്‍ നിന്നുള്ള റഫ്യൂജ്‌, അള്‍ജീരിയന്‍ ചിത്രം ദ യെല്ലോഹൗസ്‌, ഹുസൈന്‍ കാരബിയുടെ മൈ മെര്‍ലിന്‍ ആന്റ്‌ ബ്രാന്‍ഡോ, മൊഹ്‌സര്‍ അമിര്‍ യൂസഫിന്റെ ഇറാനിയന്‍ ചിത്രം ഫയര്‍ കീപ്പര്‍, ഉബര്‍ട്ടോ പസോളിനിയുടെ ശ്രീലങ്കന്‍ ചിത്രം മച്ചാന്‍, വെനിസ്വലയില്‍ നിന്നുള്ള പോസ്റ്റ്‌ കാര്‍ഡ്‌ ഫ്രം ലെനിന്‍ഗ്രാഡ്‌, ലോറന്റ്‌ സള്‍ഗസിന്റെ ഡ്രീം ഓഫ്‌ ഡസ്റ്റ്‌, ഗിരീഷ്‌ കാസറവള്ളിയുടെ ഗുലാബ്‌ ടാക്കീസ്‌, നന്ദിതാ ദാസിന്റെ ഫിറാഖ്‌, മലയാള ചിത്രങ്ങളായ അടയാളങ്ങള്‍ (എം. ജി. ശശി), ആകാശഗോപുരം (കെ. പി. കുമാരന്‍) എന്നിങ്ങനെ പതിനാല്‌ സിനിമകള്‍. പല ചിത്രങ്ങളും ലോകമേളയില്‍ പുരസ്‌കാരങ്ങള്‍ നേടിയവയാണ്‌. ഓസ്‌കാര്‍ എന്‍ട്രികളായി തെരഞ്ഞെടുക്കപ്പെട്ടവയുമുണ്ട്‌. ലാളിത്യത്തിന്റെയും കാര്‍ക്കശ്യത്തിന്റെയും ഷോട്ടുകളില്‍ തീര്‍ത്തവയും ഭയരഹിത ഇടപെടലുകള്‍ക്കൊണ്ട്‌ മനസ്സു തുറന്നിടുന്നതുമായ ക്യാമറഭാഷയുടെ സജീവ സാന്നിദ്ധ്യമാണ്‌ ഈ ചിത്രങ്ങളില്‍ തെളിയുന്നത്‌.അമര്‍ ഹാക്കര്‍ സംവിധാനം ചെയ്‌ത ദ യെല്ലോ ഹൗസ്‌ അള്‍ജീരിയന്‍ പര്‍വ്വതനിരകളുടെ പശ്ചാത്തലത്തില്‍ വൃദ്ധ ദമ്പതികളുടെ മനസ്സിന്റെ നീറ്റല്‍ അടയാളപ്പെടുത്തുന്നു അവരുടെ .മകന്‍ വധിക്കപ്പെടുന്നു. അര്‍ദ്ധരാത്രിയില്‍ നൂറു കിലോമീറ്റര്‍ അകലെ മകന്റെ മൃതശരീരം പിതാവ്‌ കണ്ടെടുക്കുന്നു. മകന്റെ മൃതശരീരവുമായി തന്റെ ട്രാക്‌റ്ററില്‍ വീട്ടിലെത്തുന്ന പിതാവിന്റെ വിഹ്വലതകളാണ്‌ ഈ ചിത്രം. മൂന്നാംലോക രാജ്യങ്ങളിലെ കൃഷിയിടങ്ങളും മനുഷ്യവിഭവ ശേഷിയും അധിനിവേശ ശക്തികളോടുള്ള ചെറുത്തുനില്‍പും കൊണ്ട്‌ അര്‍ത്ഥസമ്പുഷ്‌ടമായ ദൃശ്യാംശങ്ങളിലൂടെ പകര്‍ത്തുകയാണ്‌ സംവിധായകര്‍. ഇറാനിയന്‍ സിനിമയുടെ ചാരുത അനുഭവപ്പെടുത്തുന്ന ഫയര്‍ കീപ്പര്‍, ഹഫസ്‌ എന്നിവ മത്സരചിത്രങ്ങളില്‍ വേറിട്ടൊരു വിസ്‌മയ കാഴ്‌ചയായി. ജീവിതത്തെ മെതിച്ചു തീര്‍ക്കുന്ന പ്രതിസന്ധികളിലൂടെ കടന്നുപോകുകയാണ്‌ ഡ്രീം ഓഫ്‌ ഡസ്റ്റ്‌, ഫെയര്‍വെല്‍ ഗുല്‍സാരി എന്നിവ. തുര്‍ക്കി ചിത്രം റഫ്യൂജി സ്വത്വനാശത്തിന്റെ മുറിപ്പാടുകളാണ്‌ ആഖ്യാനിക്കുന്നത്‌. ആകാശഗോപുരം നാടകത്തിലെഴുതിയ മനുഷ്യജന്മത്തിന്റെ കയറ്റിറക്കങ്ങളിലൂടെ സഞ്ചരിച്ച്‌ പ്രേക്ഷകരുടെ മനസ്സു പൊള്ളിക്കുന്നു. ആവിഷ്‌കാരത്തിലും പ്രമേയത്തിലും അനുഭവപ്പെടുത്തുന്ന തീക്ഷ്‌ണതയും ജീവിതപാഠത്തിന്റെയും മാധ്യമാവബോധത്തിന്റെയും കരുത്തും നല്‍കി പുതിയൊരു സമീപനരേഖകളാണ്‌ ഈ സിനിമകള്‍ മുന്നോട്ടുവയക്കുന്നത്‌.മൂന്നാംലോക സിനിമകള്‍ക്കു പ്രാധാന്യം നല്‍കി, ചലച്ചിത്രസൗന്ദര്യശാസ്‌ത്രത്തിന്റെ പ്രതിഭാഷ പ്രേക്ഷകരിലേക്ക്‌ ഇഴചേര്‍ക്കുകയാണ്‌ കേരളത്തിന്റെ രാജ്യാന്തര മേള. ലോകസിനിമ അനുഭപ്പെടുത്തുന്ന സാംസ്‌കാരിക സൂചകം സാമ്രാജ്യത്വ വിരുദ്ധതയാണ്‌. അധിനിവേശവും കലാപവും യുദ്ധവെറിയും നിറഞ്ഞ സാഹചര്യങ്ങളില്‍ ജീവിതം പതിയുമ്പോള്‍ മനംനീറ്റലുകളുടെ കനലുകള്‍ ദൃശ്യപഥത്തില്‍ പുതിയ ചലച്ചിത്രാബോധം ഉണര്‍ത്താതിരിക്കില്ല. മെക്‌സിക്കന്‍ ചിത്രം അറോറ ബോറിന്‍, ഇറാന്‍ സിനിമ മ്യൂസിക്‌ ബോക്‌സ്‌, താര ഇലന്‍ബെര്‍ഗറുടെ ബ്രൂട്ടസ്‌, തായ്‌വാന്‍ സിനിമ ഗോഡ്‌ മാന്‍ ഡോഗ്‌, സിങ്കപ്പൂരില്‍ നിന്നുള്ള ഗോണ്‍ ഷോപ്പിംഗ്‌, ഹോങ്കോംഗ്‌ സിനിമ മൈ ബ്ലൂബറി നൈറ്റ്‌സ്‌, കൊയോഷി കുറസോവയുടെ ടോക്കിയോ സോണറ്റ, മസാറിയോ കൊബായാഷിയുടെ ദ റീബര്‍ത്ത്‌ ബഞ്ചമിന്‍ ഗില്‍മോറിന്റെ സണ്‍ ഓഫ്‌ എ ലയണ്‍, കിംകി ദുകിന്റെ ബ്രീത്ത്‌, ബഹ്‌മന്‍ ഖൊറാദിയുടെ ഹാഫ്‌ മൂണ്‍, തായ്‌ലണ്ടില്‍ നിന്നുള്ള വണ്ടര്‍ഫുള്‍ ടൗണ്‍, സീന്‍ ബാക്കറുടെ പ്രിന്‍സ്‌ ഓഫ്‌ ബ്രോഡ്‌വെ, ഡന്‍മാര്‍ക്ക്‌ ചിത്രം ടെറിബ്ലി ഹാപ്പി, പാക്കിസ്ഥാന്‍ സിനിമ രാമചന്ദ്‌ പാക്കിസ്ഥാനി, ബ്രസിലിന്റെ അനതര്‍ ലൗസ്റ്റോറി, ചൈനീസ്‌ ചിത്രം പ്ലാസ്റ്റിക്‌ സിറ്റി. ഗോവന്‍ മേളയില്‍ പുരസ്‌കാരം നേടിയ ശ്രീലങ്കന്‍ സിനിമ -ആകാശ കുസുമം തുടങ്ങി അമ്പത്തിയാറ്‌ സിനിമകള്‍ ലോകവിഭാഗത്തില്‍ തിരശീലയിലെത്തി.ഇന്ത്യന്‍ സിനിമയുടെ പുതിയമുഖം പ്രതിനിധാനം ചെയ്‌ത്‌ കാഞ്ചീവരം (തമിഴ്‌-പ്രിയദര്‍ശന്‍), യാറൂങ്‌ (ത്രിപുര), ഷോര്‍ട്ട്‌ ചെയ്‌ന്‍, ബാരാ ന (ഹിന്ദി), ലിറ്റില്‍ സിസൗ, ഫസ്റ്റ്‌ ടൈം എന്നീ ചിത്രങ്ങളും മലയാളത്തിലെ പുതിയ ചിത്രഭാഷ ഉള്‍ക്കൊള്ളുന്ന രന്‍ജിത്തിന്റെ തിരക്കഥ, മോഹന്റെ കഥപറയുമ്പോള്‍, മധുപാലിന്റെ തലപ്പാവ്‌, ജയരാജിന്റെ ഗുല്‍മോഹര്‍, ടി. വി. ചന്ദ്രന്റെ വിലാപങ്ങള്‍ക്കപ്പുറം, രൂപേഷ്‌ പോളിന്റെ ലാപ്പ്‌ടോപ്പ്‌, അഞ്‌ജലി മേനോന്റെ മഞ്ചാടിക്കുരു എന്നിവയും ഡോക്യുമെന്ററിയില്‍ ലോകത്തിലെ വിവിധ ഭാഷകളിലെ മികച്ച ചിത്രങ്ങളും വ്യത്യസ്‌ത ജീവിതാഖ്യാനങ്ങളാകുന്ന നാല്‍പത്തിനാല്‌ ഹ്രസ്വ സിനിമകളും മേളയിലുണ്ട്‌.ഇന്ത്യന്‍ മാസ്റ്റേസില്‍ ശ്യാം ബെനഗല്‍, കേതന്‍ മേത്ത, സത്യജിത്‌റേ, ബുദ്ധദേവ്‌ ഗുപ്‌ത, തുടങ്ങിയവരുടെ സിനിമകളും മാസ്റ്റേസ്‌ സ്‌ട്രോക്‌സ്‌ വിഭാഗം, അലന്‍ റെനേയുടെ ചിത്രങ്ങളും, സമകാലീന മാസ്റ്റേസില്‍ കരേന്‍ സഖറോവിന്റെ ചിത്രങ്ങളും കൂടാതെ സമീറ മക്‌ബല്‍ ബഫിന്റെയും ലൂയി ബുനുവല്ലിന്റെയും ബര്‍ഗ്‌മാന്‍ തുടങ്ങിയവരുടെയും ഭരതന്റെ പ്രധാന സിനിമകളും പതിമൂന്നാമത്‌ മേളയുടെ തിരശീല ചടുലമാക്കി. യൂസഫ്‌ ഷഹീന്‍ (ഈജിപ്‌ത്‌), ജൂള്‍ഡാസന്‍ (യു. എസ്‌. എ), പി. എന്‍. മേനോന്‍, രഘുവരന്‍, ഭരത്‌ ഗോപി, കെ.ടി. മുഹമ്മദ്‌ എന്നിവരുടെ സ്‌മൃതി വിഭാഗം, അര്‍ജന്റീനയില്‍ നിന്ന്‌ ഫെര്‍ണാണ്ടോ ബിറി, ഇസ്രേലിയന്‍ സംവിധാകനായ അമേസ്‌ ഗിതായി, ആഫ്രിക്കന്‍ സംവിധാകന്‍ ഇദ്രിസ ഒയ്‌ഡു ചിത്രങ്ങളും റഷ്യന്‍ ഫോക്കസ്‌ വിഭാഗം സിനിമകളുടെ പ്രത്യയശാസ്‌ത്രവും സൗന്ദര്യപരമായ കാഴ്‌ചകളുടെ പാഠാവലി പ്രേക്ഷകര്‍ക്ക്‌ നല്‍കി.സാമൂഹിക ജീവിതത്തിന്റെ വിശകലനങ്ങള്‍ക്കായി കാഴ്‌ചയുടെ ജാലകം തുറക്കുന്ന ചിലച്ചിത്രലോകം കലാപത്തിന്റെയും ആഭ്യന്തരയുദ്ധത്തിന്റെയും ചോരപ്പാടുകള്‍ക്കു നടുവില്‍ നിന്നും സ്‌നേഹത്തിനും ഒരുമയ്‌ക്കും സമാധാനത്തിനും സ്വത്വപുന:സ്ഥാപനത്തിനും വേണ്ടി ശബ്‌ദിക്കുന്ന ഫ്രെയിമുകളിലൂടെ സാംസ്‌കാരികാവബോധം പ്രേക്ഷകരില്‍ ചേര്‍ത്തുവച്ചു. മേളയുടെ നീക്കിയിരിപ്പും മറ്റൊന്നല്ല. മൂന്നാംകണ്ണിന്റെ മര്‍ത്ത്യഗാഥ അതിജീവനത്തിന്റെ, സഹനത്തിന്റെ നവ്യ കാഴ്‌ചയുടെ തിളക്കം തന്നെയാണിത്‌. സമ്പന്നമായ സംസ്‌കാര മുദ്രകളുടെ ജീവല്‍സ്‌പന്ദനവും. എന്നാല്‍ ലോകസിനിമ ദൃശ്യസംസ്‌കൃതി മലയാളിയുടെ കാഴ്‌ചയിലും സിനിമയിലും എന്ത്‌ മാറ്റമാണ്‌ വരുത്തുന്നത്‌ എന്ന ചോദ്യം ഓരോ മേളയ്‌ക്ക്‌ ശേഷവും അവശേഷിക്കുന്നു. കാലത്തിന്‌ നേരെ #ം#ി#ുഖം തിരിഞ്ഞുനില്‍ക്കുന്ന ചലച്ചിത്രഭാഷയക്ക്‌ ജനജീവിതത്തിലോ, അവരുടെ മനനസംസ്‌കൃതിയിലോ സ്വാധീനം ചെലുത്താന്‍ സാധിക്കില്ല. മലയാളസിനിമ നേരിടുന്ന പ്രതിസന്ധിയാണിത്‌. മാറുന്ന കേരളീയ ജീവിതത്തെ അവഗണിച്ചുകൊണ്ടുള്ള ചിത്രഭാഷ ഉപരിവിപ്‌ളമായ നിഴല്‍വിതാനങ്ങളായി മാറും മലയാളത്തില്‍ രൂപപ്പെടുന്ന മിക്ക സിനിമകളും ഈ വിഭാഗത്തില്‍പ്പെടുന്നവയാണ്‌. ഇതില്‍ നിന്നുള്ള കുതറിമാറ്റത്തിലേക്ക്‌ ലോകസിനിമയും അവ നല്‍കുന്ന പാഠാവലിയും പ്രചോദനം നല്‍കുന്നമെന്ന്‌ പ്രതീക്ഷിക്കാം.

ശ്രീനിയും വിനയനുംസൂപ്പര്‍ വിരുദ്ധചിന്തയും

ക്ഷാമത്തില്‍ മുങ്ങിനില്‍ക്കുന്ന ഗ്രാമത്തിന്റെ മനുഷ്യത്വം വറ്റിപ്പോകുന്നത്‌ പ്രേക്ഷകരുടെ മനസ്സിലേക്ക്‌ ചേര്‍ത്തുപിടിക്കുന്ന ഒരു ജാപ്പനീസ്‌ ചിത്രമുണ്ട്‌. ഇമാമുറയുടെ `ബാലഡ്‌സ്‌ ഓഫ്‌ നരയാമ. മലമുകളിലെ മരണത്തിലേയ്‌ക്കുള്ള സാഹസിക യാത്രയിലാണ്‌ ഈ സിനിമ അവസാനിക്കുന്നത്‌. മലയാളസിനിമയുടെ അവസ്ഥയും ഇമാമുറയുടെ ചിത്രത്തിലെ അവസാന സീന്‍ ഓര്‍മ്മപ്പെടുത്തുന്നു.2009- ജനുവരിയില്‍ പ്രദര്‍ശനത്തിനെത്തിയ മലയാളസിനിമകള്‍ കൂട്ടമായി തിയേറ്ററില്‍ മൂക്കുകുത്തുകയാണ്‌. വന്‍ പബ്ലിസിറ്റിയുടെ അകമ്പടിയിലിറങ്ങിയ സൂപ്പര്‍താരചിത്രം പോലും ഇനീഷ്യല്‍ ഫുള്‍ ഉണ്ടാക്കുവാന്‍ സാധിക്കാത്ത സ്ഥിതിയിലാണ്‌. കവലകളില്‍ സര്‍വ്വരോഗ സംഹാരികളുമായി ചില മുറിവൈദ്യന്മാര്‍ പ്രത്യക്ഷപ്പെടാറുണ്ട്‌. ആദ്യം ചില്ലറ മാജിക്കുകള്‍ കാണിച്ച്‌ അവര്‍ ജനത്തെ കൈയിലെടുക്കും. പിന്നീടാണ്‌ തകരപ്പെട്ടിയിലെ സര്‍വ്വരോഗ സംഹാരി പുറത്തെടുക്കുക. മലയാളസിനിമയിലും ഇത്തരം സര്‍വ്വരോഗ സംഹാരികളുടെ തകരപ്പെട്ടിയുമായി പ്രത്യക്ഷപ്പെടുന്ന സംവിധായകരുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുന്നു. ഇവരുടെ ഘോഷയാത്രയാണ്‌ ജനുവരിയില്‍ കേരളത്തിലെ പ്രദര്‍ശനശാലകളില്‍.കഥപറച്ചിലിന്റെ കാര്യത്തില്‍ മലയാളത്തിലെ സംവിധായകര്‍ക്ക്‌ കരുത്തരായിത്തീരാന്‍ സാധിക്കുന്നില്ല. ഇതിന്‌ മികച്ച ഉദാഹരണങ്ങളാണ്‌ റാഫി മെക്കാര്‍ട്ടിന്റെ ലൗ ഇന്‍ സിംഗപ്പോര്‍, വി.എം. വിനുവിന്റെ മകന്റെ അച്ഛന്‍, ദീപുവിന്റെ ക്രേസി ഗോപാലന്‍ എന്നീ സിനിമകള്‍. ആവര്‍ത്തനവിരസങ്ങളായ കഥകള്‍ തല്ലിപ്പഴുപ്പിക്കുമ്പോള്‍ വെള്ളിത്തിരയില്‍ നിന്ന്‌ തെറിച്ചുവീഴുന്നത്‌ മമ്മൂട്ടിയെ പോലുള്ള നടന്മാരാണ്‌. സ്ഥിരം ശൈലിയില്‍ മലയാളത്തില്‍ പിറന്നു വീഴുന്ന കുറെ ചിത്രങ്ങള്‍ കാണുന്ന ഒരാള്‍ക്ക്‌ ക്രേസി ഗോപാലാനോ, മകന്റെ അച്ഛനോ പോലുള്ള ഒരു സിനിമ അടിച്ചുപരത്തിയെടുക്കാം. സിനിമാ ഫോര്‍മുലകള്‍ കുത്തിനിറച്ച പഴയ ചാക്കുകള്‍ ഒന്നെടുത്തിട്ട്‌ കുടയുക. മലയാളത്തിലെ സംവിധായകര്‍ക്ക്‌ അതുമതി. അഥവാ പടത്തിന്‌ നീളം വേണമെങ്കില്‍ ശ്രീനിവാസനെയോ, സൂരജ്‌ വെഞ്ഞാറമൂടിനെയോ കയറൂരി വിട്ടാല്‍ സംഗതി എളുപ്പമാകും. എഴുപത്തിയഞ്ച്‌ വര്‍ഷം പിന്നിട്ട മലയാളസിനിമ പണ്ടെന്നോ ഉപേക്ഷിച്ചുപോയ വിഡ്‌ഢിക്കുപ്പായങ്ങള്‍ തകരപ്പെട്ടിക്കുള്ളില്‍ നിന്നും പുറത്തെടുത്ത്‌ പേര്‌ ലൗ ഇന്‍ സിംഗപ്പോര്‍ എന്നാക്കിയാല്‍ പ്രേക്ഷകര്‍ തിയേറ്ററുകളില്‍ ഇടിച്ചു കയറുന്ന കാലം കഴിഞ്ഞിരിക്കുന്നു. ഈ സ്ഥിതി തിരിച്ചറിയാത്തവര്‍ നടന്മാരും സംവിധായകരുമാണ്‌. നല്ലൊരു തിരക്കഥ കിട്ടിയിട്ടും അത്‌ പ്രേക്ഷകന്റെ യുക്തിയെ ചോദ്യം ചെയ്യാത്തവിധം ചിത്രീകരിക്കാന്‍ വി.എം. വിനുവിന്റെ സംവിധാനശൈലിക്ക്‌ സാധിച്ചില്ല. തിരക്കഥയിലെ വികാരങ്ങള്‍ കാഴ്‌ചക്കാരിലേക്ക്‌ സന്തോഷമായോ, ദു:ഖമായോ സംക്രമിപ്പിക്കാന്‍ കഴിയണം. ഇതൊന്നുമില്ലെങ്കില്‍ ശൂന്യമായ മനസ്സോടെയാകും പ്രേക്ഷകര്‍ തിയേറ്റര്‍ വിടുന്നത്‌. ജനുവരിലെത്തിയ സിനിമകള്‍- മകന്റെ അച്ഛന്‍, ലൗ ഇന്‍ സിംഗപ്പോര്‍, കളേഴ്‌സ്‌ തുടങ്ങിയവ കണ്ടിറങ്ങിയ പ്രേക്ഷകര്‍ അനുഭവിക്കുന്നതും മറ്റൊന്നല്ല.നടന്മാരെ ആശ്രയിച്ച്‌ കഥമെനഞ്ഞെടുക്കുന്ന മലയാളത്തില്‍ നല്ല കഥയില്ലെങ്കില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും മാത്രമല്ല, ശ്രീനിവാസനും പൃഥ്വിരാജിനും ദിലീപിനുപോലും കാണികളുണ്ടാകില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ്‌ ജനുവരിയില്‍ പുറത്തിറങ്ങിയ മലയാളസിനിമകളുടെ പരാജയം. ഒന്നിനുപിറകെ ഒന്നായി മലയാളചിത്രങ്ങള്‍ തിയേറ്ററുകളില്‍ പൊട്ടിത്തകരുമ്പോള്‍ ആത്മപരിശോധന നടത്താന്‍ നടന്മാരോ, സംവിധായകരോ തയാറാകുന്നില്ല. കഴിഞ്ഞ നാല്‌ വര്‍ഷങ്ങളില്‍ പ്രദര്‍ശനത്തിനെത്തിയ സിനിമകളുടെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇത്‌ വ്യക്തമാകും. 250-ഓളം സിനിമകള്‍ പുറത്തിറങ്ങയതില്‍ തിയേറ്ററില്‍ നിന്നും മുടക്കുമുതല്‍ തിരിച്ചു പിടിച്ചവയുടെ എണ്ണം 20-ല്‍ താഴെയാണ്‌. റാഫി മെക്കാര്‍ട്ടിന്റെ ലൗ ഇന്‍ സിംഗപ്പോര്‍ എന്ന ചിത്രം മമ്മൂട്ടിയുടെ ഫാന്‍സുകാര്‍ക്കുപോലും മുഴുവന്‍സമയം തിയേറ്ററില്‍ കണ്ടിരിക്കാന്‍ കഴിയില്ല. ജീവിതത്തിന്റെ ഗതിവിഗതികള്‍ക്കിടയില്‍ മച്ചു (മമ്മൂട്ടി) പുതുജീവിതത്തിലേക്ക്‌ പ്രവേശിക്കുന്ന കഥ. അഭിനയകലയുടെ വിസ്‌മയങ്ങള്‍ തീര്‍ത്ത മമ്മൂട്ടിയെപ്പോലുള്ള നടനെക്കൊണ്ട്‌ ( നടന്‍ താല്‍പര്യം കാണിച്ചാലും) ചെയ്യിക്കുന്ന ആട്ടവും പാട്ടും അസഹ്യമാണെന്ന്‌ ആരെങ്കിലും പറഞ്ഞാല്‍ കുറ്റം പറയാന്‍ കഴിയില്ല. ഇത്തരം പൊള്ളയായ കഥാപാത്രങ്ങളെ തിരിച്ചറിയാന്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും സാധിക്കുന്നില്ല എന്നത്‌ അവരുടെ കരിയറിനെ ബാധിച്ചുകൊണ്ടിരിക്കുന്ന വിപത്താണ്‌. കുടുംബചിത്രങ്ങളെന്ന ലേബിളിലെത്തുന്ന വിലകുറഞ്ഞ കോമഡിചിത്രങ്ങളാണ്‌ മലയാളസിനിമയുടെ തകര്‍ച്ച്‌ മറ്റൊരു കാരണം. പ്രേക്ഷകരല്ല മലയാളചിത്രങ്ങളെ തകര്‍ക്കുന്നത്‌. ചലച്ചിത്രപ്രവര്‍ത്തകരാണ്‌. ഉള്‍ക്കനമുള്ള മികവുറ്റ സിനിമകള്‍ അവതരിപ്പിക്കാന്‍ സാധിക്കുന്നില്ല എന്നതാണ്‌ യാഥാര്‍ത്ഥ്യം. ദീപുവിന്റെ ദിലീപ്‌ ചിത്രം ക്രേസി ഗോപാലന്‍, രാജ്‌ ബാബുവിന്റെ കളേഴ്‌സ്‌ എന്നിവ ആസ്വദിക്കണമെങ്കില്‍ കാലത്തിന്റെ സൂചി പത്തിരുപത്‌ വര്‍ഷം പിറകോട്ട്‌ തിരിച്ചുവയക്കണം. നായകന്മാരുടെ വണ്‍മാന്‍ഷോ കണ്ട്‌ മലയാളികള്‍ തിയേറ്ററില്‍ കയറാന്‍ മടിക്കുന്ന ഇക്കാലത്ത്‌ ക്രേസി ഗോപാലന്‍ പോലുള്ള ഗിമ്മിക്കുകളില്‍ ദിലീപോ, ശ്രീനിവാസനോ പ്രത്യക്ഷപ്പെട്ടാലും ജനം കൈയൊഴിയും.സ്വന്തം ചിത്രത്തില്‍ ആളാവുക എന്ന ദൗത്യം ഭംഗിയായി നിറവേറ്റിയ സമാന്തര സൂപ്പര്‍സ്റ്റാറാണെല്ലോ നടന്‍ ശ്രീനിവാസന്‍. അദ്ദേഹത്തിന്റെ വടക്കുനോക്കിയന്ത്രവും ചിന്താവിഷ്‌ടയായ ശ്യാമളയും സത്യന്‍ അന്തിക്കാടിന്റെ ആദ്യകാലചിത്രങ്ങളും മലയാളി കയ്യടിച്ചു സ്വീകരിച്ചു. എന്നാല്‍ ശ്രീനിവാസന്‍ പില്‍ക്കാലത്ത്‌ നടത്തുന്ന അഥവാ ഞാനൊന്നുമറിഞ്ഞില്ല എന്ന നാട്യത്തില്‍ പുലര്‍ത്തുന്ന ജനവിരുദ്ധതകളെ പ്രേക്ഷകര്‍ തിരിച്ചറിയുന്നു. ശ്രീനിവാസന്റെ സിനിമകള്‍ പ്രദര്‍ശനശാലകളില്‍ നേരിടുന്ന പ്രതിസന്ധിക്ക്‌ പുതിയ ഉദാഹരണമാണ്‌ മകന്റെ അച്ഛന്‍. നല്ലൊരു തിരക്കഥയുണ്ടായിട്ടും സംവിധായകനോ, ബുദ്ധികൂര്‍മ്മതയുള്ള നടനോ പ്രേക്ഷകരെ ഇടവേളക്ക്‌ ശേഷം തിയേറ്ററില്‍ പിടിച്ചിരുത്താന്‍ കഴിയുന്നില്ല. വെള്ളരിനാടകങ്ങളുടെ കാവല്‍ക്കാരാവാന്‍ മലയാളികളും തയാറെല്ലെന്ന്‌ മകന്റെ അച്ഛന്‍ പ്രദര്‍ശിപ്പിക്കുന്ന കേന്ദ്രങ്ങള്‍ അടയാളപ്പെടുത്തുന്നു. സൂപ്പര്‍താരങ്ങള്‍ സെലക്‌ടീവാകണം എന്ന്‌ മുറവിളിക്കൂട്ടുന്ന ( കടപ്പാട്‌-കോഴിക്കോട്ടെ പത്രസമ്മേളനം) നടന്‍ ശ്രീനിവാസന്‍ സ്വന്തം കാര്യത്തില്‍ കാണിക്കുന്ന അലംഭാവം പരിഹരിച്ചാലും പ്രേക്ഷകരും നിര്‍മ്മാതാക്കളും രക്ഷപ്പെടും. വിനീത്‌ ശ്രീനിവാസന്‍ മകന്റെ അച്ഛന്‍ എന്ന ചിത്രത്തിലൊരിടത്ത്‌ സൂചിപ്പിക്കുന്നത്‌ പോലെ `ഇത്തരം തറവിറ്റുകളെ' പ്രോത്സാഹിപ്പിച്ചാല്‍ മലയാളസിനിമയുടെ നാശം എളുപ്പമാകും. മികച്ച സാങ്കേതികതയും മനോഹരമായ നൃത്തങ്ങളും കൊണ്ട്‌ കേരളത്തിലെ യുവജനങ്ങള്‍ക്ക്‌ അന്യഭാഷാ ചിത്രങ്ങള്‍ ഹരമായിക്കഴിഞ്ഞു. വില്ല്‌ പോലുള്ള തമിഴ്‌ സിനിമകള്‍ മലയാളചിത്രങ്ങളേക്കാള്‍ കളക്‌ഷന്‍ നേടി മുന്നേറുകയാണ്‌.പഴഞ്ചന്‍ സൂത്രവാക്യങ്ങളില്‍ തറഞ്ഞുനില്‍ക്കുന്ന നടന്മാരുടെ തറവേഷങ്ങള്‍ക്ക്‌ കയ്യടിക്കാന്‍ പ്രേക്ഷകര്‍ മടികാണിച്ചു തുടങ്ങി. വളരെ പ്രതീക്ഷയോടെയെത്തിയ ലൗ ഇന്‍ സിംഗപ്പോര്‍ താരാരാധകര്‍പോലും ഉപേക്ഷിക്കുന്നു. മിമിക്രിയിലൂടെ സ്വയം അവഹേളിതനാകാന്‍ താരത്തെ നിര്‍ബന്ധിതനാക്കിയ റാഫിമെക്കാര്‍ട്ടിന്‍ ടീം മലയാളികളോട്‌ നടത്തുന്ന വെല്ലുവിളിയാണ്‌ ഈ സിനിമ. മകന്റെ അച്ഛന്‍ എന്ന വി. എം. വിനു ചിത്രത്തിന്റെ സ്ഥിതിയും വ്യത്യസ്‌തമല്ല. അന്യഭാഷാ ചിത്രങ്ങളുമായി തട്ടിച്ചു നോക്കുമ്പോഴാണ്‌ മലയാളസിനിമയുടെ വളര്‍ച്ചയില്ലായ്‌മ എത്രത്തോളം വലുതാണെന്ന്‌ തിരിച്ചറിയുന്നത്‌. ഊതിവീര്‍പ്പിച്ച പെരുങ്കളിയാട്ടങ്ങള്‍ ഹിന്ദിയിലും തമിഴിലും കന്നഡത്തിലും എട്ടുനിലിയില്‍ പൊട്ടുമ്പോഴും കാമ്പുള്ള ചിത്രങ്ങള്‍ക്ക്‌ പ്രേക്ഷകര്‍ വന്‍ സ്വീകരണമാണ്‌ നല്‍കുന്നത്‌. മലയാളത്തിലാകട്ടെ മികച്ച ചിത്രങ്ങളെന്ന്‌ സംവിധായകര്‍ സ്വയം പ്രഖ്യാപിക്കുന്നവ കണ്ടിരിക്കാന്‍ കാണികള്‍ തയാറാകാത്തത്‌ സിനിമാസംബന്ധമായ അറിവില്ലായ്‌മ കൊണ്ടല്ല, സിനിമകള്‍ പൊറാട്ടുനാടകങ്ങളാകുന്നതാണ്‌ കാരണം. സൂപ്പര്‍ താരങ്ങളാണ്‌ മലയാളസിനിമയുടെ പ്രതിസന്ധിയെന്ന്‌ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്ന ഡോ. ബിജുവിന്റെ രാമന്‍ എന്ന ചിത്രം പ്രതിഫലിപ്പിക്കുന്നതും മറ്റൊന്നല്ല. സോഹന്‍ലാല്‍ സംവിധാനം ചെയ്‌ത ഓര്‍ക്കുക വല്ലപ്പോഴും തിയേറ്ററുകളില്‍ വന്‍ പരാജയമായതും പരിശോധിച്ചാല്‍ തിരക്കഥയില്‍ നിന്നും സിനിമയിലേക്കുള്ള ദൂരം വ്യക്തമാകുന്നതേയുള്ളൂ.മലയാളത്തിലെ ചലച്ചിത്രപ്രവര്‍ത്തകരുടെ മുഖ്യ അജണ്ട വാര്‍ത്താസമ്മേളനങ്ങളായിമാറിക്കൊണ്ടിരിക്കുന്നു. സിനിമയേക്കാള്‍ വലുത്‌ സംഘടനയാണെന്ന്‌ കരുതുന്നവര്‍ക്ക്‌ ആലോചിക്കാന്‍ സാധിക്കാതെ പോകുന്നത്‌ വ്യവസായത്തിന്റെ നിലനില്‍പ്പാണ്‌. സൂപ്പര്‍താരങ്ങളാണ്‌ സിനിമയുടെ പ്രതിസന്ധിയെന്ന്‌ വാദിക്കുന്ന സംവിധായകന്‍ വിനയനെപ്പോലുള്ളവരുടെ സംഘടന മികച്ച ഒരു ചിത്രം ഒരുക്കുന്നതിനെക്കുറിച്ചോ, വ്യവസായത്തെ നിലനിര്‍ത്തുന്നതിനെപ്പറ്റിയോ എന്ത്‌ ആലോചനകളാണ്‌ നടത്തുന്നത്‌. ജനാധിപത്യ സംവിധാനത്തില്‍ സംഘടനകളും അവകാശങ്ങളും അനിവാര്യമാണ്‌. പക്ഷേ, സിനിമയില്ലാതെ സംഘടനകൊണ്ട്‌ മാത്രം പ്രയോജനമുണ്ടാകില്ല. മലയാളസിനിമ കാത്തുസൂക്ഷിച്ച (പുറമെയെങ്കിലും) ഐക്യവും സര്‍ഗോന്മുഖതയും കെട്ടപോകുന്ന അഥവാ കെടുത്തുന്ന ശബ്‌ദഘോഷങ്ങളിലാണ്‌ മിക്കവര്‍ക്കും താല്‍പര്യം. ക്യാമറകള്‍ക്ക്‌ പിന്നില്‍ നില്‍ക്കുന്നവര്‍ക്ക്‌ ക്യാമറകളുടെ മുന്നില്‍ നിന്ന്‌ മാറിനില്‍ക്കാന്‍ കഴിയാത്ത ആവേശം. മലയാളത്തിലെ സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ പകപോക്കലിന്റെയും വിഴുപ്പലക്കിന്റെയും വീറും വാശിയും നിലനില്‍ക്കുന്നതിനിടയില്‍, തട്ടുപൊളിപ്പന്‍ ചിത്രങ്ങളില്‍ ചിലതെങ്കിലും വിജയം നേടി വ്യവസായത്തെ മുന്നോട്ട്‌ നയിക്കുമ്പോള്‍ വിവാദ പ്രസ്‌താവനായുദ്ധം കൊണ്ട്‌ പ്രതിസന്ധി രൂക്ഷമാക്കാനേ സാധിക്കൂ. സൂപ്പര്‍താരങ്ങള്‍ ചിത്രങ്ങള്‍ തെരഞ്ഞെടുക്കണം ( ശ്രീനിവാസന്‍), മമ്മൂട്ടി തൊഴിലാളിവര്‍ഗ്ഗത്തിന്റെ ആരാച്ചാര്‍ (വിനയന്‍-ചാനല്‍ വാര്‍ത്ത) രാജമാണിക്യം മമ്മൂട്ടിയേയും മോഹന്‍ലാലിനേയും രക്ഷിക്കില്ല (ഡോ. ബിജു- മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌) തുടങ്ങിയ ആപ്‌തവാക്യങ്ങളുടെ ചുമരെഴുത്ത്‌ മലയാളത്തിന്റെ ദൃശ്യപഥത്തിന്‌ എന്തുരീതിയില്‍ ഗുണം ചെയ്യും! ഇത്തരം സമവാക്യങ്ങളല്ല, ജനുവരി റിലീസുകളായ ലൗ ഇന്‍ സിംഗപ്പോര്‍, മകന്റെ അച്ഛന്‍, ക്രേസി ഗോപാലന്‍, കളേഴ്‌സ്‌, രാമന്‍, ലോലിപോപ്പ്‌ (ക്രിസ്‌തുമസ്‌ ചിത്രം) മുതലായവയുടെ പോരായ്‌മകള്‍ ഡോ. ബിജു, ശ്രീനിവാസന്‍, റാഫി മെക്കാര്‍ട്ടിന്‍, ഷാഫി, ദിപു ഉള്‍പ്പെടെയുള്ളവര്‍ തിരിച്ചറിയണം. മലയാളസിനിമയുടെ പ്രധാന പ്രതിസന്ധി മാധ്യമാവബോധം നേടിയ പ്രേക്ഷകരും കാലത്തിന്‌ നേരെ മുഖം തിരിക്കുന്ന ചലച്ചിത്രപ്രവര്‍ത്തകരുമാണ്‌.

Monday, December 29, 2008

നിലാപ്പെയ്‌ത്തിലുംകണ്ണുനീര്‍ത്തുള്ളികള്‍

കുര്‍ദുകളും പലസ്‌തീനികളും അനുഭവിക്കുന്ന അനിശ്ചിതത്വത്തിന്റെ ആഴം പലപ്പോഴും നമുക്ക്‌ തിരിച്ചറിയാന്‍ സാധിക്കാറില്ല. കാരണം അവര്‍ നേരിടുന്ന ജീവിതസാഹചര്യം ലോകത്തില്‍ മറ്റൊരു മേഖലയില്‍ വസിക്കുന്നവര്‍ക്കും ഉണ്ടാകാനിടയില്ല. അന്തിയുറങ്ങുന്ന വീടോ, പിറന്ന ദേശമോ എപ്പോഴാണ്‌ ഒഴിഞ്ഞു പോകേണ്ടി വരികയെന്ന്‌ പറയാന്‍ സാധിക്കാത്ത ഒരു ജനതയുടെ കണ്ണുനീര്‍ച്ചാലുകളാണ്‌ കുര്‍ദ്‌ മേഖലയില്‍ നിന്നും പലസ്‌തീനില്‍ നിന്നും ജനഹൃദയങ്ങളിലേക്ക്‌ നാളുകളായി ഒഴുകിയെത്തുന്നത്‌. കാലത്ത്‌ പാല്‌ വാങ്ങാനോ മറ്റോ പുറത്തിറങ്ങിയ കുട്ടി തിരിച്ചെത്താന്‍ വൈകുമ്പോള്‍ ചങ്കിടിച്ച്‌, വിറപൂണ്ട്‌ ഏങ്ങലടിക്കുന്നവര്‍ക്ക്‌, ഗാസയിലേയും മറ്റ്‌ പ്രദേശങ്ങളിലേയും മനുഷ്യരുടെ ജീവിതത്തിലേക്ക്‌ ഇടിത്തീ കണക്കെ വന്നുപതിക്കുന്ന ദുരന്തങ്ങളുടെ ആഴം തിരിച്ചറിയണമെന്നില്ല. കുടിയിറക്ക്‌ ഭീഷണിയും കൂട്ടക്കുരുതിയുടെ ചോരപ്പാടുകളും നാള്‍തോറും വര്‍ദ്ധിച്ചു വരികയാണ്‌ അവരുടെ ഓരോ ദിവസങ്ങളിലും. പിഞ്ചുകുട്ടികളടക്കം നിരവധിപേര്‍ ഇസ്രേഈലിന്റെ നിഷ്‌ഠൂര സൈനിക നടപടികളില്‍ മരണപ്പെടുകയാണ്‌. പരിക്കേറ്റ പിഞ്ചുകുഞ്ഞുങ്ങളെ മാറോടക്കിപ്പിടിച്ച്‌ ആശുപത്രകളിലേക്ക്‌ ഓടുന്ന സ്‌ത്രീകളുടെ ചിത്രം വാര്‍ത്താ മാധ്യമങ്ങളില്‍ നിറയുന്നു. കൊലക്കളത്തിലൂടെ കുഞ്ഞുങ്ങളുടെ ജീവനുവേണ്ടി ആര്‍ത്തലച്ച്‌ ഓടുന്ന സ്‌ത്രീകള്‍ക്കുപോലും രക്ഷയില്ലാത്ത ഒരവസ്ഥയിലാണ്‌ പലസ്‌തീനികളുടെ ഓരോ ദിനവും പിന്നിടുന്നത്‌.

അധികാരം സ്ഥാപിച്ചെടുക്കാനുള്ള തത്രപ്പാടില്‍ മനുഷ്യത്വം കാറ്റില്‍പ്പറത്തി, മനുഷ്യരെ കീടങ്ങളെപ്പോലെ ചുട്ടുകരിച്ച്‌ മുന്നേറുന്ന ശക്തികളുടെ ക്രൂരതകള്‍ എത്ര ഭീകരമാണെന്ന്‌ ഗാസയിലെ ഓരോ ആക്രമണങ്ങളും ലോകത്തോടു പറഞ്ഞുകൊണ്ടിരിക്കുന്നു. ഭൂമിയും വീടും സ്വന്തമെന്ന്‌ വിളിക്കാന്‍ പോലും അര്‍ഹതയില്ലാത്ത ജനതയായി പലസ്‌തീനികള്‍ മാറിക്കഴിഞ്ഞിരിക്കുന്നു. ദിവസത്തിന്റെ ഏത്‌ നിമിഷത്തിലാണ്‌ തങ്ങള്‍, അതുവരെ തങ്ങളുടേതെന്ന്‌ കരുതിയതെല്ലാം ഉപേക്ഷിച്ച്‌ പോകേണ്ടി വരിക എന്ന ഉത്‌കണ്‌ഠയിലാണ്‌ പലസ്‌തീനികള്‍. രാവെന്നോ, പകലെന്നോ, ഉറക്കെന്നോ, ഉണര്‍വ്വെന്നോ അതിരിട്ടു വിളിക്കാന്‍ അവര്‍ക്ക്‌ സാധിക്കില്ല. തലയ്‌ക്കു മീതെ ബോംബര്‍ വിമാനങ്ങളുടെ ഇരമ്പം മാത്രം. മിന്നായംപോലെ കുതിച്ചെത്തുന്ന മിസൈലുകള്‍. അവയുടെ ഇരകളാകുന്നതോ പിഞ്ചുകുഞ്ഞുങ്ങളും വൃദ്ധരുമെല്ലാം അടങ്ങുന്ന ജനത. ഇറാഖിലാണെങ്കില്‍ സ്‌ത്രീകളും പെണ്‍കുട്ടികളും തലയ്‌ക്കു മുകളില്‍ നിന്നു മാത്രമല്ല, ഏതുനേരത്തും തങ്ങളുടെ ശരീരത്തിലേക്ക്‌ ചാടിവീഴുന്ന അധിനിവേശസൈനികരെ പേടിച്ചുകഴിയുന്നു. മാനവൂം ആത്മാഭിമാനവും സംരക്ഷിക്കാന്‍ സാധിക്കാത്തവരുടെ കരച്ചിലുകളാണ്‌ ഗാസയില്‍ നിന്നും ഇറാഖില്‍ നിന്നും ഉയര്‍ന്നുകേള്‍ക്കുന്നത്‌. അവരുടെ കണ്ണുനീര്‍ച്ചാലുകളില്‍ നിലംപതിക്കാത്ത ഭരണകൂടങ്ങളുണ്ടോ? ഉണ്ടാകിനിടയില്ലെന്നാണ്‌ ലോകചരിത്രം സൂചിപ്പിക്കുന്നത്‌. എങ്കിലും സിംഹാസനങ്ങള്‍ കടപുഴകാനെടുക്കുന്ന കാലമത്രയും അശരണരായി കഴിയേണ്ടി വരുന്ന ജനതയുടെ വേദന എത്രയാണെന്ന്‌ കണക്കുകൂട്ടാന്‍ സാധിക്കില്ല.

ഒരുനേരത്തെ ഭക്ഷണത്തിനുവേണ്ടി പരക്കം പായുന്ന മനുഷ്യരുടെ ഇടയിലേക്കാണ്‌ പൊടുന്നനെ മിസൈലുകള്‍ വന്നു പതിക്കുന്നത്‌. അവരുടെ താമസസ്ഥലങ്ങളാണ്‌ വ്യോമാക്രമണങ്ങള്‍ ലക്ഷ്യമിടുന്നത്‌. അവര്‍ക്കിടിയിലാണ്‌ വന്‍സ്‌ഫോടനങ്ങള്‍ നടക്കുന്നത്‌. ഈയ്യാംപാറ്റകളെപ്പോലെ നിലംപറ്റിപ്പോകുന്ന ജീവിതങ്ങള്‍. കുടുംബങ്ങളുടെ കണ്ണികള്‍ നിമിഷംകൊണ്ട്‌ വേരറ്റുപോകുന്നു. അതുവരെ ജീവിച്ച വീടുകള്‍ മറ്റൊരാളുടേതായി മാറുന്നു. പണം നിക്ഷേപിച്ച ബാങ്കുകള്‍ മാറുന്നു. സ്വന്തം പണംപോലും തിരിച്ചെടുക്കാന്‍ സാധിക്കാത്ത സ്ഥിതി. ആര്‌ അവശേഷിക്കുമെന്നോ, എവിടെ നിലനില്‍ക്കുമെന്നോ പറയാന്‍ കഴിയില്ല. ഒന്നിനും ഒരു നിശ്ചയവുമില്ലാത്ത ഗതികേട്‌. വീട്ടുമുറ്റത്ത്‌ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിയെ അടുത്തനിമിഷത്തില്‍ കാണുന്നത്‌. തലയറ്റ്‌ വികൃതമായ ശരീരത്തോടു കൂടിയായിരിക്കും. മാര്‍ക്കറ്റിലേക്ക്‌ പോയ സ്‌ത്രീയെ പിന്നീട്‌ ഒരിക്കലും കാണണമെന്നില്ല. ജോലി കഴിഞ്ഞ്‌ തിരിച്ചെത്തുമ്പോള്‍ സ്വന്തം വീടോ, കുടുംബങ്ങളോ അവിടെ ഉണ്ടാകണമെന്നില്ല. ഇത്‌ ഗാസയുടെ മാത്രം പ്രശ്‌നമായിരിക്കില്ല. ഏതാണ്ടെല്ലാ കലാപഭൂമികളുടെയും ചിത്രമിങ്ങനെതന്നെ. കലാപങ്ങള്‍ പടരാനോ, പടര്‍ത്താനോ ആര്‍ക്കും വലിയ അധ്വാനമുണ്ടാകില്ല. പക്ഷേ അത്‌ വിതയ്‌ക്കുന്ന വിതുമ്പലുകള്‍ കെട്ടടങ്ങാന്‍ നൂറ്റാണ്ടുകള്‍ തന്നെ വേണ്ടിവരും. ലോകത്തിലെ യുദ്ധഭൂമികള്‍ നല്‍കുന്ന ജീവല്‍പാഠമിതാണ്‌. പലസ്‌തീനികളുടെയും ചിത്രമിതുതന്നെ. ദാഹിച്ചു വരളുന്ന തൊണ്ട നനയ്‌ക്കാന്‍ ഇത്തിരി കുടിനീരിനുവേണ്ടി സൈനികരുടെ ഇംഗിതങ്ങള്‍ക്ക്‌ കീഴടങ്ങേണ്ടിവരുന്നവരും ചെറിയ ചെറുത്തുനില്‌പിനുപോലും മരണം പ്രതിഫലമായി നല്‍കേണ്ടിവരുന്നവരുമാണ്‌ പലസ്‌തീനികള്‍. അവരുടെ കണ്ണുനീീര്‍ത്തുള്ളികള്‍ക്ക്‌ ചുടുചോരയുടെ നിറമാണ്‌. മനംകത്തിയമരുന്ന ഗന്ധമാണ്‌.

കാമനകളോ, മോഹങ്ങളോ, സ്വപ്‌നങ്ങളോ മനസ്സില്‍ കുടിയിരുത്താന്‍ വകയില്ലാത്ത ജീവിതങ്ങളിലൂടെയാണ്‌ സാമ്രാജ്യത്വത്തിന്റെ വെടിയുണ്ടകള്‍ ചീറിപ്പായുന്നത്‌. മനുഷ്യരെ ഭിന്നിപ്പിച്ച്‌, തമ്മില്‍ തല്ലിച്ച്‌ തങ്ങളുടെ അധികാരം നിലനിര്‍ത്താന്‍ വേട്ടക്കാര്‍ക്ക്‌ സാധിക്കുന്നു. ഉറക്കപ്പായില്‍ നിന്നും ഞെട്ടിയുണരുന്നത്‌ തോക്കുകള്‍ക്ക്‌ മുന്നിലോ, സ്‌ഫോടനത്തിന്റെ ബലിപീഠത്തിലോ ആകാനിടവരുന്നവരുടെ ജീവിതം ഒന്നു സങ്കല്‌പിച്ചു നോക്കുക. നമ്മുടെ മനസ്സിലും കണ്ണിലും എവിടെനിന്നോ ഇരുട്ട്‌ കയറിവരുന്നു. ഒരു നിമിഷത്തേക്ക്‌ ഒന്നും കാണാനോ, പറയാനോ കഴിയാത്ത സ്ഥിതി. യഥാര്‍ത്ഥത്തില്‍ പലസ്‌തീനികളും മറ്റും അകപ്പെട്ടത്‌ ഇത്തരമൊരു ഗര്‍ത്തത്തിലാണ്‌. ഭക്ഷണം കുഴച്ച്‌ ഉരുകളാക്കി കുഞ്ഞിന്റെ വായിലേക്ക്‌ തിരുകി ലാളിക്കുമ്പോഴായിരിക്കും വെടിമുഴക്കം. ചിലപ്പോള്‍ വെടിയുണ്ട നേരെ വന്നുതറയ്‌ക്കുന്നത്‌ മാതാവിന്റെ നെഞ്ചിലായിരിക്കും. അപ്പോള്‍ രക്ഷപ്പെടുന്ന ഒരു കുട്ടിയുടെ മനസ്സ്‌ എന്തായിരിക്കും? ആ കുട്ടി ജീവിക്കുകയാണെങ്കില്‍ വളര്‍ച്ചയില്‍ ഉണ്ടാകാനിടയുള്ള മാനസികാവസ്ഥ എന്തായിരിക്കും?

ഇസ്രാഈല്‍ വേട്ടയാടുന്ന ഗാസയില്‍ മാത്രമല്ല, അധിനിവേശ സേനയുടെ സകലമാന ക്രൂരതകളും നേരിട്ടുകഴിയാന്‍ വിധിക്കപ്പെട്ട ഇറാഖികളുടെയും സ്ഥിതി ഇതുതന്നെയാണ്‌. വീടിനു പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥ. കുട്ടികളുടെ വിദ്യാഭ്യാസം നിവര്‍ത്തിച്ചു കൊടുക്കാന്‍ കഴിയുന്നില്ല. തൊഴിലിടങ്ങളില്‍ സുരക്ഷിതത്വമില്ലായ്‌മ. സ്‌ത്രീകള്‍ക്ക്‌ വീടിനകത്തുപോലും രക്ഷയില്ലാത്ത സ്ഥിതി. പിഞ്ചുകുഞ്ഞുങ്ങള്‍ കൊലച്ചെയ്യപ്പെടുന്നു. എവിടെയും അരക്ഷിതത്വം. ഇതിനൊക്കെ ഈ ജനത എന്തുപിഴച്ചു? അവരവരുടെ ആചാരങ്ങളും അനുഷ്‌ഠാനങ്ങളും വിശ്വാസപ്രമാണങ്ങളും ജീവിതക്രമങ്ങളും അനുസരിച്ച്‌ കഴിയാനുള്ള അവകാശം ആര്‍ക്കുമുണ്ട്‌. പക്ഷേ, ഗാസയിലേയോ, ഇറാഖിലെയോ അല്ലെങ്കില്‍ അതുപോലെ അരക്ഷിതത്വം നിറഞ്ഞുനില്‍ക്കുന്ന സ്ഥലങ്ങളിലെയോ മനുഷ്യര്‍ക്ക്‌ ഇല്ലാതെ പോകുന്നത്‌ ഈ അവകാശമാണ്‌. പൊലിഞ്ഞുപോകുന്ന ജീവനും തകര്‍ന്നടിയുന്ന മാനത്തിനും പിച്ചിച്ചീന്തപ്പെടുന്ന ശരീരങ്ങള്‍ക്കും കരിഞ്ഞുപോകുന്ന പിഞ്ചുമനസ്സുകള്‍ക്കും ആര്‌ സമാധാനം പറയും. എന്ത്‌ പകരം നല്‍കും. ഒരു നേരം യാഥാര്‍ത്ഥ്യത്തിന്റെ നേര്‍ക്ക്‌ കണ്ണുതുറക്കുന്നവര്‍ക്ക്‌ ഉത്തരമില്ല. എവിടെയാണ്‌ മനുഷ്യത്വം കടലെടുത്തുപോകുന്നത്‌? എവിടെയാണ്‌ സഹജീവികള്‍ക്കുള്ള നീതി നിഷേധിക്കപ്പെടുന്നത.്‌ അവിടങ്ങളിലൊക്കെയും വേദനയുടെ കണ്ണുനീര്‍ക്കയങ്ങളാണ്‌. ഇതിനെന്തു പരിഹാരം? ഓരോ സുമനസ്സുകളും സ്വയം ചോദിക്കുന്നു. ഉത്തരം ലളിതമായിരിക്കും. പക്ഷേ, അത്‌ നടപ്പില്‍ വരുത്താന്‍ സാധിക്കാതെ പോകുന്നതെന്തു കൊണ്ട്‌. ഓരോ ദിവസവും കരിഞ്ഞുപോകുന്ന ശലഭച്ചിറകുകള്‍ ലോകത്തിനോട്‌ പറയുന്നത്‌ എന്താണ്‌? ദ്രോഹമരുത്‌. മണ്ണില്‍ പുലരാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്‌. അത്‌ നിഷേധിക്കരുത്‌. അധികാരത്തിനുവേണ്ടി മണ്ണുംവിണ്ണും പങ്കുവയ്‌ക്കാന്‍ ശ്രമിക്കരുത്‌. പരസ്‌പരം തിരിച്ചറിയുന്ന, പരസ്‌പരം ആദരിക്കുന്ന, ഒരുമയുടെ ലോകം എന്തുകൊണ്ട്‌ പുലരുന്നില്ല? ഉത്തരം ഒന്നേയുള്ളൂ, അപരന്റെ വേദന കാണുക. അതിന്റെ കാരണം തിരയുക. പരിഹരിക്കാനുള്ള മനസ്സ്‌, നന്മയുടെ വെളിച്ചം എവിടെയും നിറയ്‌ക്കാന്‍ കൊതിക്കുക. വേദനപുരളുന്ന ജീവിതങ്ങളെ, കരിപുരണ്ട മനസ്സുകളെ തേയ്‌ച്ചുമിനുക്കി പ്രതീക്ഷയുടെ വെട്ടത്തിലേക്ക്‌ നയിക്കുക. അങ്ങനെയുള്ള നവലോകക്രമത്തില്‍ മാംസത്തിന്റെ കരിഞ്ഞമണവും, മാനം നഷ്‌ടപ്പെട്ടവരുടെ വിതുമ്പലും കുഞ്ഞുപൂക്കള്‍ വാടിക്കരിയുന്ന ദീനരോദനവും താനേ നിലയ്‌ക്കാതിരിക്കില്ല.

Saturday, December 27, 2008

വിലാപങ്ങള്‍ക്കപ്പുറം

‍നമ്മുടെ കുട്ടികള്‍ക്ക്‌ എന്തുപറ്റി? ഓരോ സംഭവങ്ങള്‍ നടക്കുമ്പോഴും നാം പരസ്‌പരം പഴിചാരുകയും നിലവിളിക്കുകയും ചെയ്യന്നു. അപ്പോഴും സംഭവങ്ങളുടെ യഥാര്‍ത്ഥ കാരണം പരിഹരിക്കാതെ നിലനില്‌ക്കുന്നു. അത്‌ തീവ്രവാദമായാലും വാഹനാപകടമായാലും ദുര്‍നടത്തമായാലും ഒരുവിധത്തിലും പരിഹരിക്കുന്നില്ല. കണ്ണീര്‍കഥകളെഴുതിയും കുറ്റപ്പെടുത്തലിന്റെ കെട്ടഴിച്ചും പകലുകളും രാത്രികളും കടന്നുപോകുന്നു. നമ്മുടെ കുട്ടികള്‍ക്ക്‌ എവിടെയാണ്‌ വഴിതെറ്റുന്നത്‌. കുട്ടികളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും മാതാപിതാക്കളുടെ നിരീക്ഷണവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ശാസനകളും വേണ്ടുംവിധത്തില്‍ ചെയ്യാന്‍ സാധിക്കുന്നുണ്ടോ. അഥവാ അതിന്‌ നാം സമയം കണ്ടെത്താറുണ്ടോ? ഇല്ലാത്തപക്ഷം കുട്ടികള്‍ വഴിതെറ്റുമ്പോള്‍ സങ്കപ്പെട്ടിട്ട്‌ എന്ത്‌ പ്രയോജനമാണുള്ളത്‌. ചെടിയുടെ വളര്‍ച്ചപോലെയാണ്‌ കുട്ടികളുടെ വളര്‍ച്ചയും. രണ്ടും ശരിയായ രീതിയില്‍ പരിചരിച്ചാല്‍ ആരോഗ്യകരമായ വളര്‍ച്ചയായിരിക്കും. ഈയിടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന കലാപത്തിലും മറ്റ്‌ തീവ്രവാദ സംഭവങ്ങളിലും മുമ്പെങ്ങുമില്ലാത്തവിധത്തില്‍ കേരളത്തിലെ യുവാക്കളുടെ പേരുകള്‍ ഉയര്‍ന്നു വരുന്നു. അവര്‍ അപരാധികളോ, നിരപരാധികളോ എന്നത്‌ അന്വേഷണത്തിനും നിയമത്തിനും വിട്ടുകൊടുക്കാമെങ്കിലും കുട്ടികളുടെ, യുവാക്കളുടെ കാര്യത്തില്‍ പ്രബുദ്ധരെന്ന്‌ കരുതുന്ന മലയാളികള്‍പോലും എത്രമാത്രം ഉദാസീനരാണെന്ന്‌ വ്യക്തമാകും.സംഭവങ്ങള്‍ എവിടെ നടന്നാലും അതിന്റെ ആത്യന്തികഫലം അനുഭവിക്കുന്നത്‌ മാതാപിതാക്കളാണ്‌. പ്രത്യേകിച്ചും അമ്മമാര്‍. മക്കള്‍ നഷ്‌ടപ്പെടുമ്പോഴും, ചതിക്കുഴിയില്‍ അകപ്പെടുമ്പോഴും ഓരോ മാതാവും അനുഭവിച്ചു തീര്‍ക്കുന്ന കണ്ണീരിനും വേദനയ്‌ക്കും പരിധിയില്ല. കലാപങ്ങളിലും സംഘര്‍ഷങ്ങളിലും തകരുന്നത്‌ കുടുംബങ്ങളാണ്‌. കുടുംബിനികളാണ്‌. മാതൃഹൃദയങ്ങളാണ്‌. അവരുടെ തേങ്ങല്‍ ശമിപ്പിക്കാന്‍ നാം കെട്ടിപ്പടുക്കുന്ന ഉപജാപങ്ങള്‍ക്കോ, ദുര്‍വാശിക്കോ സാധിക്കില്ല. മാതാപിതാക്കള്‍ ശ്രദ്ധിക്കാതിരുന്നാല്‍ കൂട്ടുകാരിലൂടെയും മറ്റും കുട്ടികള്‍ വഴിമാറിപ്പോകാനിടയുണ്ട്‌. സാംസ്‌കാരികവും ധാര്‍മ്മികവുമായ മൂല്യങ്ങളില്‍ നിന്നും അകന്ന്‌ എന്തെങ്കിലും കാര്യലാഭത്തിനുവേണ്ടി വഴിതെറ്റിക്കുന്നവരുടെ വലയില്‍ കുട്ടികള്‍ അകപ്പെട്ടാല്‍, ഒരിക്കലും വീണ്ടെടുക്കാന്‍ കഴിയാത്തവിധത്തില്‍ അവരെ നമുക്ക്‌ നഷ്‌ടപ്പെടുന്നു. പിന്നീട്‌ തീവ്രവാദികളായി മറ്റും വിശേഷിപ്പിക്കുന്നവരുടെ പേരുകളോട്‌ ചേര്‍ത്തും അല്ലാതെയും വാര്‍ത്തകളില്‍ നിറയുമ്പോഴായിരിക്കും കുട്ടികളുടെ മുഖം നമ്മുടെ കണ്‍മുന്നില്‍ തെളിയുന്നത്‌.റോഡുകളിലെ നിലവിളിനാം ഓരോ ദിവസത്തേയും എതിരേല്‍ക്കുന്നത്‌ റോഡപകടങ്ങളുടെ വാര്‍ത്തകള്‍ കൊണ്ടാണ്‌. റോഡപകടങ്ങളെക്കുറിച്ചും, അപകടം വരാതിരിക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും മുറപോലെ നടക്കുന്നു. ഇതിന്‌ ആരാണ്‌ ഉത്തരവാദി? വാഹനമോടിക്കുന്നവരും റോഡിന്റെ സൗകര്യമില്ലായ്‌മയും വാഹനങ്ങളെ സംബന്ധിക്കുന്ന കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരും യാത്രക്കാരും എല്ലാം ഒരുപോലെ കുറ്റക്കാരോ, പങ്കാളികളോ ആണ്‌. കാരണം റോഡില്‍ പാലിക്കേണ്ട നിരവധി സംഗതികളുണ്ട്‌. അവ ഓരോരുത്തരും എത്രമാത്രം കര്‍ക്കശമായി പാലിക്കുന്നുണ്ട്‌. ഒരാത്മ പരിശോധന നടത്തിയാല്‍ മിക്ക അപകടങ്ങളിലും നമുക്കും ചെറിയ പങ്കില്ലേ. യാത്രാവാഹനം അല്‌പം വേഗത കുറയുമ്പോള്‍ അസ്വസ്ഥത അനുഭവിക്കുന്നവരാണ്‌ നമ്മളില്‍ ഏറെയും. അമിതവേഗതയില്‍ വാഹനമോടിക്കാനുള്ള സംവിധാനം നമ്മുടെ നാട്ടിലെ റോഡുകള്‍ക്കുണ്ടോ. അതുപോലെ ഡ്രൈവര്‍മാരും ശ്രദ്ധിക്കേണ്ട പല കാര്യങ്ങളും പാലിക്കുന്നുണ്ടോ. കാല്‍നട യാത്രക്കാര്‍ റോഡുമുറിച്ചു കടക്കുമ്പോഴും മറ്റും ട്രാഫിക്‌ നിയമങ്ങള്‍ അനുസരിക്കുന്നുണ്ടോ. പലരും ഇതൊന്നും കാര്യമാക്കാറില്ല. ഓരോ ദിവസവും നഗരങ്ങളിലും നാട്ടിലെ കവലകളില്‍പോലും നടക്കുന്ന അപകട മരണങ്ങളുടെ കണ്ണീര്‍ച്ചാലുകള്‍ ഒഴുകിയെത്തുന്നത്‌ അമ്മമനസ്സുകളിലേക്കാണ്‌. പിതൃവേദന സഹനത്തിലൊതുങ്ങുമ്പോഴും മാതൃവേദന കടുത്തനീറ്റലായി വീടകങ്ങളില്‍ പതിഞ്ഞുനില്‌ക്കുന്നു.ഇത്തരം സംഭവങ്ങളിലെല്ലാം നിറയുന്ന യാഥാര്‍ത്ഥ്യം, നാം ഇനിയും ജീവിതത്തില്‍ പാലിക്കേണ്ട പാഠങ്ങളിലേക്ക്‌ മനസ്സ്‌ ചേര്‍ക്കുന്നില്ലെന്നാണ്‌. ദുര്‍വിധികള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ മിക്ക സംഭവങ്ങളും ലഘൂകരിക്കാന്‍ നമുക്ക്‌ സാധിക്കും. ഇത്തിരിനേരം ജീവിതത്തെക്കുറിച്ചും ചുറ്റുപാടിനെ സംബന്ധിച്ചും അതിലുപരി നാം പാലിക്കേണ്ട ചുമതലാബോധത്തെക്കുറിച്ചും ഓര്‍ത്താല്‍ കണ്ണീര്‍ച്ചാലുകളും ചോരപ്പുഴകളും ജീവിതത്തില്‍ നിന്നും ഒരു പരിധിവരെ അകന്നുനില്‌ക്കും. കാലത്തിന്റെ മാറ്റം അംഗീകരിക്കുമ്പോഴും തിരിച്ചറിവിന്റെ കണ്ണും കാതും നാം ഉപേക്ഷിക്കാതിരിക്കുക. അത്‌ ധാര്‍മ്മിക സമ്പന്നവും ആശ്വാസകരവുമായ ജീവിതത്തിന്റെ നടുത്തളത്തിലേക്ക്‌ നമ്മെ നയിക്കാതിരിക്കില്ല. ഒരു പൂ വിരിയുമ്പോള്‍ അനുഭവിക്കുന്ന സന്തോഷത്തേക്കാള്‍ പതിന്മടങ്ങായിരിക്കും ഒരു പൂ കൊഴിയുമ്പോള്‍ സുമനസ്സുകള്‍ നേരിടുന്നത്‌.

Wednesday, November 26, 2008

മഞ്ഞണിഞ്ഞ ഒരു പ്രഭാതത്തില്‍

`മഞ്ഞണിപ്പൂനിലാവ്‌പേരാറ്റിന്‍കടവത്ത്‌മഞ്ഞളരച്ചുവച്ചു നീരാടുവാന്‍...'മഞ്ഞുകാലം മലയാളിയുടെ സര്‍ഗഭാവനയെ പലവിധത്തിലും പ്രചോദിപ്പിച്ചിട്ടുണ്ട്‌. കഥയായി, കവിതയായി, ഗാനമായി... അങ്ങനെ പലരൂപത്തില്‍ മഞ്ഞും മഞ്ഞുകാലവും നമുക്ക്‌ ഹൃദ്യമായ അനുഭവമാണ്‌. മഞ്ഞുതുള്ളികള്‍ നിറന്നുനില്‍ക്കുന്ന നെല്‍പ്പാടങ്ങളും പൂവിതള്‍ത്തുമ്പുകളും ഒരിക്കലെങ്കിലും തൊട്ടുതലോടാത്ത മലയാളി ഉണ്ടാവില്ല. മരംകോച്ചുന്ന വെളുപ്പാന്‍കാലവും ചപ്പുചവറുകളും കരിയിലകളും കത്തിച്ച്‌ കുളിരകറ്റിയ തലമുറയും കേരളീയ ജീവിതത്തിന്റെ ഭാഗംതന്നെ. കാലത്തിന്റെ കുത്തൊഴുക്കില്‍ മഞ്ഞുകാലത്തിന്റെ വരവിലും ആഴസ്‌പര്‍ശത്തിലും ചെറിയ ചെറിയ മാറ്റങ്ങള്‍ കാണാമെങ്കിലും ഡിസംബറിന്റെ അടയാളമായി മഞ്ഞിന്‍കണികകള്‍ എങ്ങുനിന്നോ കേരളീയരുടെ രാത്രികളിലേക്കും പുലര്‍വേളകളിലേക്കും കുടിയേറുന്നു. ചിലപ്പോള്‍ കടുത്ത തണുപ്പായും ഇളം കുളിരായും മഞ്ഞുതുള്ളികള്‍ പെയ്‌തിറങ്ങുന്നു.മഞ്ഞെഴുതിയ കഥകളും കവിതകളും നാം വീണ്ടും വീണ്ടും വായിക്കാനെടുക്കുന്നു. അവയില്‍ പതിഞ്ഞ മഞ്ഞിന്‍ സ്‌പര്‍ശം മനസ്സിലേക്ക്‌ ചേര്‍ത്തുപിടിക്കാന്‍ നാം പലപ്പോഴും കൊതിക്കുന്നു. പ്രശസ്‌ത കഥാകൃത്ത്‌ പി. പത്മരാജന്‍ `പാര്‍വ്വതിക്കുട്ടി' എന്ന കഥയില്‍ ഒരിടത്ത്‌ എഴുതി: `അങ്ങനെയൊക്കെ ഞങ്ങള്‍ കോളജിലേക്ക്‌ നടന്നുപോകുമായിരുന്നു. ചെറിയ ചൂടുള്ള മഞ്ഞുവീഴുകയും തണുത്ത കാറ്റു വീശുകയും ചെയ്യുന്ന, കനത്ത തുള്ളികള്‍ ഉതിര്‍ക്കുന്ന മഴയുള്ള പുലര്‍വേളകളില്‍...ഓമന കൂടിയാകുമ്പോഴേക്കും ഞങ്ങളുടെ ബാച്ചു തികഞ്ഞിരുന്നു.''മഞ്ഞുകാലത്തിന്റെ ആര്‍ദ്രതയും മഞ്ഞിന്റെ ബഹുവിധമാനങ്ങളും യു. പി. ജയരാജ്‌ `മഞ്ഞി'ല്‍ ഇഴചേര്‍ത്തതിങ്ങനെ: `പുറത്ത്‌ മഞ്ഞ്‌ പൊഴിയുകയായിരുന്നു. തുറന്നിട്ട ജനാലകളിലൂടെ ആദ്യം തണുത്ത കാറ്റ്‌ ആഞ്ഞുവീശി. ഈ സീസണില്‍ അത്‌ തികച്ചും സ്വാഭാവികം.'മാമരം കോച്ചുന്ന തണുപ്പുകാലത്തിന്റെ വ്യത്യസ്‌തമായ ഒരു ചിത്രം ചെറുശ്ശേരി നമ്പൂതിരി അടയാളപ്പെടുത്തി: `ശീതം തഴച്ചോരു ഹേമന്തകാല'ത്തെപ്പറ്റി കൃഷ്‌ണഗാഥയിലും എഴുതിയിട്ടുണ്ട്‌. ചങ്ങമ്പുഴ കാവ്യദേവതയെ കണ്ടെടുക്കുന്നതും മഞ്ഞുനീരണിഞ്ഞ പ്രഭാതത്തിലാണ്‌. `മഞ്ഞതെച്ചിപ്പൂങ്കുല പോലെ മഞ്‌ജിമവിടരും പുലര്‍കാലേ... നിന്നൂ ലളിതേ നീയെന്‍ മുന്നില്‍നിവൃതി തന്‍...'കണ്ണീര്‍പ്പാടത്തിലൂടെ നീന്തിക്കയറുന്ന ദമ്പതിമാരുടെ ജീവിതയാത്രയിലൊരിടത്ത്‌ വൈലോപ്പിള്ളി ഇങ്ങനെ എഴുതി: `നേര്‍ത്തലിഞ്ഞിടും മഞ്ഞിലൂളിയിട്ടെത്തീടുന്നുപൂത്തമാന്തോപ്പിന്‍ മണംപുലരുന്നൊരു തെന്നല്‍...' -(യുഗപരിവര്‍ത്തനം)പുലര്‍മഞ്ഞിന്റെ വ്യത്യസ്‌തതയാര്‍ന്ന മുഖം എന്‍. എന്‍. കക്കാടിന്റെ കവിതയിലുണ്ട്‌:`നീഹാരനാളില്‍ ശുചിസ്‌മിതക്കായ്‌ നീള്‍മിഴിക്കോണിന്റെ യാചനയാആതിരക്കണ്ണിന്‍ തിളക്കമായിശൈശവവായുവിന്‍ ഹര്‍ഷമായി...'-(ഊര്‍ണ്ണനാഭി)മഞ്ഞിന്‍പാളികള്‍ വകഞ്ഞുമാറ്റി കാത്തിരിപ്പിന്റെ മുക്തത എഴുതിയ 'മഞ്ഞി'ല്‍ എം. ടി. വാസുദേവന്‍ നായര്‍ അടയാളപ്പെടുത്തി: `ഞാനും നിങ്ങളുമെല്ലാം യുഗങ്ങളായി കാത്തിരിക്കുകയായിരുന്നു. കാലത്തിന്റെ പാറക്കെട്ടുകളില്‍ മഞ്ഞുവീഴുന്നു. ഉരുകുന്നു. വീണ്ടും മഞ്ഞിന്‍ പടലങ്ങള്‍ തണുത്തുറഞ്ഞു കട്ടപിടിക്കുന്നു. നാമെല്ലാം കാത്തിരിക്കുന്നു...'ടി. പത്മനാഭന്റെ വാക്കുകളില്‍ തെളിയുന്ന മഞ്ഞിന്റെ ശീതളിമ: `ഒന്നിലധികം തവണ അയാള്‍ എഴുന്നേറ്റു ജനലിന്നരികില്‍ ചെന്നു വെളിയിലേക്ക്‌ നോക്കി. നല്ല നിലാവുള്ള രാത്രിയായിരുന്നു. അല്‌പം മാത്രം തണുപ്പുള്ള വളരെ സുഖകരമായ ഒരു കാറ്റും വീശുന്നുണ്ടായിരുന്നു. മഞ്ഞില്‍ നനഞ്ഞ വൃക്ഷത്തലപ്പുകള്‍ക്ക്‌ നിലാവിന്റെ വെളിച്ചം അഭൗമമായ ഒരു കാന്തി നല്‍...' -(കത്തുന്ന രഥചക്രം)ശിഹാബുദ്ദീന്‍ പൊയ്‌ത്തുംകടവിന്റെ `മഞ്ഞുകാലം' എന്ന കഥയില്‍ പറയുന്നതുപോലെ: `മഞ്ഞുകാലം വരുന്നതോടെ സ്ഥിതിയാകെ മാറും. അസൈനാര്‍ക്കയ്‌ക്ക്‌ ഭ്രാന്തിളകുന്ന കാലമാണിത്‌. പലര്‍ക്കും ആശ്വാസമോ, നഷ്‌ടബോധമോ അങ്ങനെ എന്തൊക്കെയോ തോന്നും...' പ്രിയ എ.എസ്‌. മഞ്ഞണിഞ്ഞ കാലത്തിലേക്ക്‌ കണ്ണയച്ച്‌ ഓര്‍മ്മയുടെ ജാലകം തുറക്കുന്നതിങ്ങനെ: `ഇളം മഞ്ഞിന്റെ നേര്‍ത്ത ആവരണത്തിനിടയിലൂടെ ഒളിഞ്ഞുനേക്കി, നാണിച്ചു നാണിച്ച്‌ കടന്നുവന്ന മഴയുടെ കൈപിടിച്ചെത്തിയ പ്രഭാകരന്റെ തുടുത്തമുഖം കണ്ടിരിക്കുമ്പോഴാണ്‌ ഇന്ന്‌ സ്‌കൂളില്‍ പോകാതിരിന്നാലോ... എന്ന ചിന്ത ആഗ്രഹമായി പീലിനീര്‍ത്തിക്കഴിഞ്ഞിരുന്നു...' -(എഴുത്ത്‌)മഞ്ഞ്‌ ജീവിതത്തിന്റെ കുപ്പായമായിത്തീരുകയാണ്‌. മലയാളത്തിന്റെ ചലച്ചിത്രഗാന ശാഖയിലാണ്‌ മഞ്ഞിന്‍തുടിപ്പ്‌ ഏറ്റവും സജീവമായി പടര്‍ന്നുനില്‌ക്കുന്നത്‌. മഞ്ഞിന്‍പ്പൊലിമ നോക്കി പി. ഭാസ്‌ക്കരന്‍ എഴുതി:`മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തിമധുമാസ ചന്ദ്രിക വന്നൂനിന്നെ മാത്രം കണ്ടില്ലല്ലോനീ മാത്രം വന്നില്ലല്ലോപ്രേമചകോരീ ചകോരീ ചകോരീ..'-(കളിത്തോഴി)വയലാറിന്റെ വരികളില്‍ തുളുമ്പുന്ന മഞ്ഞുകാലത്തിന്റെ മറ്റൊരു മുഖമിങ്ങനെ:`ഇന്ദുമുഖീ... ഇന്ദുമുഖീ...എന്തിനിന്നു നീ സുന്ദരിയായ്‌ഇന്ദുമുഖീ... ഇന്ദുമുഖീമഞ്ഞിന്‍ മനോഹര ചന്ദ്രികയില്‍മുങ്ങി മാറുമറയ്‌ക്കാതെ.'-(അടിമകള്‍)ഗിരീഷ്‌ പുത്തഞ്ചേരിയുടെ കാഴ്‌ചയില്‍ തെളിഞ്ഞ ഒരു മഞ്ഞുകാല ചിത്രമിങ്ങനെ:`മൂടല്‍മഞ്ഞിനാല്‍...മണിപ്പുടവകള്‍ ഞൊറിയുമിപ്പുലര്‍വനിയില്‍,കുഞ്ഞുപ്പൂക്കളാല്‍... അതില്‍കസവണിക്കരയിടുമരുവികളില്‍പകല്‍പ്പക്ഷിയായി പാടുവാന്‍നേരമായ്‌...'-(കൃഷ്‌ണഗുഡിയില്‍ ഒരു പ്രണയകാലത്ത്‌)സാഹിത്യത്തിലും കലകളിലും എന്നതുപോലെ മലയാളിയുടെ ജീവിതപുസ്‌തകത്തിലും മഞ്ഞുകാലത്തിന്‌ ഏറെ പ്രാധാന്യമുണ്ട്‌. മഞ്ഞിന്‍പുകമറക്കുള്ളിലൂടെ ഈറനുടുത്ത്‌ ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥനക്ക്‌ പോകുന്നവരും ജോലിസ്ഥലത്തേക്ക്‌ പുറപ്പെടുന്നവരും കേരളത്തിന്റെ ജീവല്‍ച്ചിത്രങ്ങളുടെ ഭാഗമാണ്‌. മഞ്ഞുകാലത്തിന്റെ വസ്‌ത്രധാരണാ രീതിക്കൊന്നും വലിയ പ്രചാരം ലഭിക്കുന്നില്ലെങ്കിലും തണുപ്പിനെ അതിജീവിക്കാന്‍ പാകത്തിലുള്ള വിവിധതരം വസ്‌ത്രങ്ങള്‍ കേരളീയരുടെ അലമാരകളിലും ഇടംനേടുന്നുണ്ട്‌.തണുപ്പ്‌ കാലത്ത്‌ ചിലതരം ഭക്ഷണവിഭവങ്ങള്‍ക്ക്‌ കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. പൊതുവെ പച്ചക്കറികള്‍ക്കാണ്‌ മുന്‍ഗണന കിട്ടുന്നത്‌. മഴക്കാലം മാറിക്കഴിയുമ്പോഴാണ്‌ കേരളത്തില്‍ മഞ്ഞിന്റെ വരവ്‌. തണുത്ത കാറ്റിന്റെ വീശിയടിക്കലും മഞ്ഞുതുള്ളിയില്‍ പ്രതിബിംബിച്ചെത്തുന്ന സൂര്യകിരണങ്ങളും മഞ്ഞുകാല പ്രഭാതത്തിന്‌ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നു. മഞ്ഞില്‍ കുതിര്‍ന്നുനില്‌ക്കുന്ന പനിനീര്‍പ്പൂക്കളും മഞ്ഞിന്‍തുള്ളികള്‍ നിറുകയിലേറ്റിനില്‌ക്കുന്ന പുല്‍ക്കൊടികളും മലയാളിയുടെ കാഴ്‌ചയിലും മനസ്സിലും എന്തെന്തു ഭാവനകള്‍ക്കാണ്‌ നിറംകൊടുക്കുന്നത്‌.ആരോഗ്യകാര്യങ്ങളിലാണ്‌ മഞ്ഞുകാലത്ത്‌ ഏറ്റവും ശ്രദ്ധ കൊടുക്കേണ്ടത്‌. കൈകാലുകളിലെ മൃദുലമായ ഭാഗവും ചുണ്ടുകളും വിണ്ടുകീറാന്‍ തുടങ്ങും. ചര്‍മ്മത്തിന്‌ വരള്‍ച്ചയും കൂടും. വാതരോഗത്തിന്റെ ആധിക്യം പ്രായമുള്ളവരെ മാത്രമല്ല, ചെറുപ്പക്കാരെയും പിടികൂടും. ജലദോഷം ഉള്‍പ്പെടെ കഫജന്യരോഗങ്ങള്‍ വര്‍ദ്ധിക്കും. മഞ്ഞുകാലത്തെ ആരോഗ്യപ്രശ്‌നങ്ങള്‍ തരണംചെയ്യാന്‍ ചികിത്സാരംഗത്ത്‌ ചില മുന്‍കരുതലൊക്കെ മലയാളി ആസൂത്രണം ചെയ്യാറുണ്ട്‌. അന്തരീക്ഷത്തില്‍ ഈര്‍പ്പത്തിന്റെ അംശം വര്‍ദ്ധിക്കുമെങ്കിലും ഹൃദ്യമായ കാലാവസ്ഥയാണ്‌ മഞ്ഞുകാലത്തിന്റേത്‌. തണുപ്പു രാജ്യങ്ങളിലേതുപോലെ കേരളത്തില്‍ മഞ്ഞിന്റെ കാഠിന്യം അനുഭവപ്പെടുന്നില്ലെങ്കിലും മഞ്ഞുകാലമെന്ന്‌ കേള്‍ക്കുമ്പോള്‍ തന്നെ മലയാളിക്ക്‌ ആത്മാവിന്റെ സംഗീതംപോലെ പ്രിയപ്പെട്ട രാപ്പകലുകളാണ്‌. മഞ്ഞുകാലം നോല്‍ക്കുന്ന കുമാരന്മാരും കുമാരികളും നമ്മുടെ നിനവിലുമുണ്ട്‌. അരുമയായ ഒട്ടേറെ ചിത്രങ്ങളായ്‌ നിരന്നുനില്‍ക്കുകയാണ്‌ മഞ്ഞണിഞ്ഞ ഡിസംബറിന്റെ രാപ്പകലുകള്‍.

Thursday, November 20, 2008

അഭിനയത്തികവിന്റെചരിത്രപാഠം

‍നടനകലയുടെ വിസ്‌മയമായിരുന്നു എം. എന്‍. നമ്പ്യാര്‍. ദക്ഷിണേന്ത്യന്‍ സിനിമാ ചരിത്രത്തിലെ മികവുറ്റ അധ്യായം. വില്ലന്‍ വേഷങ്ങള്‍ക്ക്‌ വ്യത്യസ്‌തമായ ഒരു ശൈലിയും ശരീരഭാഷയും സൃഷ്‌ടിച്ചെടുക്കാന്‍ നമ്പ്യാര്‍ക്ക്‌ ആദ്യകാല ചിത്രങ്ങളില്‍ തന്നെ സാധിച്ചു. എം. ജി. ആര്‍. സിനിമയെക്കുറിച്ച്‌ ആലോചിക്കുമ്പോള്‍ പ്രേക്ഷകരുടെ മനസ്സില്‍ നിറഞ്ഞുവരുന്ന രൂപം എം. എന്‍. നമ്പ്യാരുടെ സിംഹഗര്‍ജ്ജനമാണ്‌. തമിഴ്‌ ചലച്ചിത്രത്തിന്‌ വേറിട്ടൊരു സൗന്ദര്യബോധം രൂപപ്പെടുത്താന്‍ മലയാളിയായ നമ്പ്യാര്‍ക്ക്‌ അനായാസം സാധിച്ചത്‌ അദ്ദേഹത്തിന്‌ അഭിനയകലയോടുള്ള അഭിനിവേശം തന്നെയായിരുന്നു. നാടകവുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിച്ച നമ്പ്യാര്‍ മദിരാശിയിലെത്തുകയും നാട്യകലാസംഘത്തോടൊപ്പം ഊരുചുറ്റുകയും ചെയ്യുന്നതിനിടയിലാണ്‌ സിനിമയിലെത്തുന്നത്‌. ആദ്യകാലത്ത്‌ നാടകട്രൂപ്പില്‍ നിന്ന്‌ കിട്ടിയ വരുമാനം മൂന്നു രൂപയായിരുന്നു. അതില്‍ നിന്നും മിച്ചംവെച്ച രണ്ടു രൂപ തന്റെ അമ്മയ്‌ക്ക്‌ മണിയോര്‍ഡറായി അയച്ചുകൊടുക്കും. പതിമൂന്നാമത്തെ വയസ്സിലാണ്‌ നമ്പ്യാര്‍ പ്രശസ്‌ത നാടകട്രൂപ്പായ നവാബ്‌ രാജമാണിക്യത്തില്‍ ചേര്‍ന്നത്‌.തെക്കേന്ത്യന്‍ സിനിമയില്‍ അരനൂറ്റാണ്ട്‌ ജ്വലിച്ചു നിന്ന നടനാണ്‌ എം. എന്‍. നമ്പ്യാര്‍. വില്ലന്‍ വേഷങ്ങള്‍ക്ക്‌ നമ്പ്യാര്‍ പുതിയ റോള്‍മോഡല്‍ തീര്‍ത്തത്‌ പ്രതിനായക കഥാപാത്രങ്ങളിലൂടെയാണ്‌. എം. ജി. ആര്‍., ശിവാജി ഗണേശന്‍, ജെമിനി ഗണേശന്‍ എന്നീ ത്രിമൂര്‍ത്തികള്‍ക്കൊപ്പം പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടാന്‍ നമ്പ്യാര്‍ക്ക്‌ സാധിച്ചത്‌ അദ്ദേഹം പ്രദര്‍ശിപ്പിച്ച നടനകാന്തിയിലൂടെയാണ്‌. നായകനെ ചുറ്റിക്കറങ്ങുന്ന ചിത്രങ്ങളില്‍ നിന്നും ഒരു വില്ലന്‌ ആസ്വാദകരുടെ ഹൃദയത്തില്‍ കുടിയേറാന്‍ കഴിഞ്ഞത്‌ കഥാപാത്രങ്ങളിലേക്കുള്ള നമ്പ്യാരുടെ പരകായപ്രവേശ ബലമാണ്‌. തമിഴ്‌ സിനിമാ പ്രവര്‍ത്തകര്‍ക്ക്‌ നമ്പ്യാരെ മാറ്റിനിര്‍ത്തി വില്ലനെക്കുറിച്ച്‌ ചിന്തിക്കാന്‍ സാധിക്കാത്തവിധം അദ്ദേഹം തന്റെ അവതരണശൈലിയൂടെ ഒരു യുഗം തന്നെ നിര്‍മ്മിച്ചെടുക്കുകയായിരുന്നു. 1935-ല്‍ ഭക്തരാംദാസ്‌ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ എം. എന്‍. നമ്പ്യാര്‍ പിന്നീട്‌ കരുത്തുറ്റ ഭാവാഭിനയത്തിലൂടെ ചില സിനിമകളില്‍ നായകനെപ്പോലും നിഷ്‌പ്രഭമാക്കുന്നതിനും തമിഴ്‌ സിനിമ സാക്ഷ്യം വഹിച്ചിട്ടുണ്ട്‌. ഏഴ്‌ തലമുറയോടൊത്ത്‌ അദ്ദേഹം അഭിനയിച്ചു. ഓരോ കാലത്തും സിനിമയ്‌ക്കും ആസ്വാദനത്തിനും വരുന്ന മാറ്റംപോലും സൂക്ഷ്‌മതയോടെ നിരീക്ഷിക്കുകയും മാറുന്ന അഭിരുചിയെ മാനിക്കുകയും ചെയ്‌ത നടനായിരുന്നു നമ്പ്യാര്‍. തമിഴ്‌, തെലുങ്ക്‌, ഹിന്ദി, മലയാളം, ഇംഗ്ലീഷ്‌ ഭാഷകളിലായി ആയിരത്തിലധികം ചിത്രങ്ങളില്‍ നമ്പ്യാര്‍ അഭിനയിച്ചു. വില്യം ബ്രൂക്ക്‌ സംവിധാനം ചെയ്‌ത ജംഗില്‍ എന്ന സിനിമയില്‍ പ്രശസ്‌ത നടന്‍ റോഡ്‌ കാമറോണോടൊപ്പമാണ്‌ നമ്പ്യാര്‍ മാറ്റുരച്ചത്‌. എം. ജി. രാമചന്ദ്രനോടൊത്ത്‌ അഭിനയിച്ച ആയിരത്തിലൊരുവന്‍ എന്ന സിനിമയാണ്‌ തമിഴില്‍ നമ്പ്യാര്‍ക്ക്‌ ഏറ്റവും ജനപ്രീതി നേടിക്കൊടുത്തത്‌. ശിവാജിക്കൊപ്പം അംബികാപതിയും മിസ്സിയമ്മയിലൂടെ ജെമിനി ഗണേശനോടൊത്തും നമ്പ്യാര്‍ ദൃശ്യപഥത്തില്‍ തന്റെ സാന്നിധ്യം പതിപ്പിച്ചു. കല്യാണി, കവിത എന്നീ സിനിമകളില്‍ നായകകഥാപാത്രത്തെ അവതരിപ്പിച്ചു. തമിഴിലെ പ്രശസ്‌ത സംവിധായകരായ ശ്രീധറിന്റെ നെഞ്ചം മറപ്പതില്ലെ, ഭാഗ്യരാജിന്റെ തൂരല്‍ നിന്നുപോച്ചു തുടങ്ങിയ ചിത്രങ്ങളില്‍ നമ്പ്യാരുടെ നടനം അവിസ്‌മരണീയാനുഭവമാണ്‌. പതിനൊന്ന്‌ റോളില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ട സിനിമയാണ്‌ ദിഗംബരസ്വാമിയാര്‍. ഉത്തമപുതിരന്‍, എങ്കവീട്ടുപിള്ളെ, മന്നവന്‍ വന്ദനാദി, സര്‍വ്വാധികാരി, സ്വാമി അയ്യപ്പന്‍, രാജ രാജചോളന്‍, എന്‍ തമ്പി, പാശമലര്‍ മുതലായ ചിത്രങ്ങളിലുടെ നമ്പ്യാര്‍ എന്ന നടന്റെ അഭിനയമുഹൂര്‍ത്തങ്ങള്‍ തിളങ്ങിനില്‍പ്പുണ്ട്‌.1919 മാര്‍ച്ച്‌ 9-ന്‌ കണ്ണൂരിലാണ്‌ മഞ്ചേരി നാരായണന്‍ നമ്പ്യാര്‍ എന്ന എം. എന്‍. നമ്പ്യാര്‍ ജനിച്ചത്‌. തമിഴ്‌ സിനിമാലോകത്ത്‌ ചരിത്രം സൃഷ്‌ടിച്ച എം. ജി. ആറിനോടൊപ്പം എം. എമ്മനും അഭിനയത്തിന്റെയും ആത്മാര്‍ത്ഥതയുടെയും സഹജാവബോധത്തിന്റെയും ചരിത്രപാഠാവലിയാണ്‌. കാലത്തിന്‌ എളുപ്പം മായ്‌ക്കാന്‍ സാധിക്കാത്ത ഒരു നടനദീപ്‌തി തന്നെ.

Tuesday, July 01, 2008

2007-ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍

2007-ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. പതിവുപോലെ പുരസ്‌കാരം പ്രതീക്ഷിച്ചവരും ലഭിക്കാത്തവരും വാദപ്രതിവാദത്തിന്‌ കച്ചകെട്ടിയിരുന്നു. പക്ഷേ, എന്തുകൊണ്ടോ മുന്‍കാലങ്ങളില്‍ നടന്ന രീതിയിലുള്ള പൊട്ടിത്തെറികളൊന്നുമുണ്ടായില്ല. മലയാളികള്‍ സാംസ്‌കാരികതലത്തില്‍ ഉയര്‍ന്നതുകൊണ്ടോ, അവാര്‍ഡ്‌ വിമര്‍ശനങ്ങള്‍ക്ക്‌ മാധ്യമങ്ങള്‍ അമിത പ്രാധാന്യം നല്‍കാത്തതോ, പ്രതികരിച്ചവര്‍ ചലച്ചിത്രരംഗത്തെ പ്രഗത്ഭമതികളായതുമൂലമോ ആകാം വിഴുപ്പലക്കലിന്‌ വലിയ കോപ്പ്‌ ലഭിച്ചില്ല.കഴിഞ്ഞ വര്‍ഷത്തെ മികച്ച ചിത്രം, മികച്ച സംവിധായകന്‍ തുടങ്ങിയവയ്‌ക്കുള്ള അവാര്‍ഡ്‌ നേടിയത്‌ എം. ജി. ശശിയാണ്‌. ഡോക്യുമെന്റികളിലൂടെയും കൊച്ചുസിനിമകളിലൂടെയും തന്റെ ചലച്ചിത്ര സംബന്ധിയായ നിലപാടുകള്‍ ഇതിനകം ശശി വ്യക്തമാക്കിയിട്ടുണ്ട്‌. പുതിയ ചിത്രം- അടയാളങ്ങള്‍ നന്തനാരുടെ ജീവിതരേഖയില്‍ തളിര്‍ത്ത ചിത്രപാഠമാണ്‌. (സിനിമ ഇനിയും പ്രദര്‍ശനശാലയില്‍ എത്തിയിട്ടില്ല എന്നത്‌ അവാര്‍ഡിന്‌ തടസ്സമാകുന്നില്ല. മുന്‍കാലത്തും റിലീസ്‌ ചെയ്യാത്ത ചിത്രങ്ങള്‍ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്‌.) മികച്ച നടന്റെ കാര്യത്തിലും വലിയ മത്സരം നടന്നില്ല. പരദേശിയിലെ വലിയകത്ത്‌ മൂസ്സയുടെ വേഷത്തില്‍ മോഹന്‍ലാല്‍ പ്രകടിപ്പിച്ച അഭിനയപാടവത്തില്‍ മിമിക്രിയുടെ ചന്തം കണ്ടവരെ പുരസ്‌കാരം അല്‌പം പ്രകോപിച്ചത്‌ സ്വാഭാവികം. ഇത്തരമൊരു സിനിമ രൂപപ്പെടുത്തുമ്പോള്‍ സംഭവിക്കാവുന്ന പാളിച്ചകള്‍ മാത്രമേ പരദേശിക്കും പറ്റിയുള്ളൂ. ചിത്രം പി. ടി. കുഞ്ഞിമുഹമ്മദ്‌ ചെയ്‌തതുകൊണ്ടും മോഹന്‍ലാല്‍ വേഷമിട്ടതിനാലും വന്നുചേരാവുന്ന പാകപ്പിഴയല്ല പരദേശിയുടെ പ്രശ്‌നം. പരദേശിയുടെ സ്വത്വപ്രതിസന്ധി ഇനിയും തിരിച്ചറിയാത്തവരുടെ മനോഭാവം മാത്രമാണ്‌. ആകാശഗോപുരവും ലാലിനെ മികച്ച നടന്റെ സ്ഥാനത്തേക്ക്‌ ഉയര്‍ത്താവുന്നതേയുള്ളൂ. നല്ലനടനെ തെരഞ്ഞെടുക്കുന്നതില്‍ ഏഴംഗ ജൂറിക്ക്‌ മുമ്പില്‍ വെല്ലുവിളി ഒന്നുമുണ്ടായിരുന്നില്ല. ഒരേകടലിലെ മമ്മൂട്ടിയുടെ വേഷം അദ്ദേഹത്തിന്റെ അഭിനയതലത്തില്‍ ഒരു പ്രത്യേകതയും ഉയര്‍ത്തിയില്ല. ശ്യാമപ്രസാദ്‌ രൂപപ്പെടുത്തിയ കഥാപാത്രം തന്റെ കരിയറിലെ ഹൈലൈറ്റാണെന്ന്‌ മമ്മൂട്ടിപോലും കരുതാനിടയില്ല. അറബിക്കഥയിലെ ക്യൂബാമുകുന്ദന്‍- ശ്രീനിവാസന്റെ ഒരു ടൈപ്പ്‌ കഥാപാത്രം. അതിനാല്‍ മികച്ചനടന്‍ അനായാസമായി തീരുമാനിക്കപ്പെട്ടു. മികച്ച നടിയുടെ സ്ഥാനത്തേക്ക്‌ മീരാജാസ്‌മിനെ പിന്തള്ളാന്‍ പാകപ്പെട്ട മറ്റൊരു കഥാപാത്രാവിഷ്‌കാരം കഴിഞ്ഞ വര്‍ഷം മലയാളത്തിലുണ്ടായില്ല. രണ്ടാമത്തെ നടനും നടിയും വലിയ അഭിപ്രായ വ്യത്യാസത്തിന്‌ ഇടം നല്‍കിയില്ല. നല്ല കഥ, നല്ല ചിത്രം, മികച്ച സംവിധായകന്‍ മുതലായ പുരസ്‌കാരങ്ങളിലാണ്‌ അടുര്‍ ഗോപാലകൃഷ്‌ണനും കെ. പി. കുമാരനും ചൊടിച്ചത്‌. അടുരിന്റെ ടൊറന്റോ പ്രദര്‍ശന സിനിമ- നാല്‌ പെണ്ണുങ്ങള്‍, കെ. പി. കുമാരന്റെ ആകാശഗോപുരം എന്നിവയെ അവഗണിച്ചെന്നാണ്‌ മുഖ്യപരാതി. നാല്‌ പെണ്ണുങ്ങള്‍ അടൂരിന്റെ മികച്ച സിനിമകളുടെ നിരയില്‍ വരുന്നില്ല. തകഴിയുടെ കഥയാണ്‌ ചിത്രത്തിന്‌ അടിസ്ഥാനമാകുന്നത്‌ എന്നതുകൊണ്ട്‌ പ്രേക്ഷകരോ, ജൂറിയോ മികച്ചതെന്ന്‌ അംഗീകരിക്കണമെന്നില്ല. പിന്നാമ്പുറക്കഥയില്‍ നിറയുന്നത്‌ ജനുബറുവയുടെ പ്രതികാരമാണ്‌. ദേശീയതലത്തില്‍ പലതവണ ഏറ്റുമുട്ടി പരാജയപ്പെട്ടതിന്റെ പകയാണ്‌ അടൂരിനോട്‌ കേരളത്തില്‍വച്ച്‌ ബറുവ തീര്‍ത്തതെന്ന നിഗമനത്തിന്‌ പ്രസക്തിയില്ല. ജനപ്രീതി നേടിയ കലാമൂല്യമുള്ള സിനിമയായി കഥപറയുമ്പോള്‍ തെരഞ്ഞെടുക്കപ്പെട്ടത്‌ അത്ഭുതത്തിന്‌ വകനല്‍കുന്നു. ഗാനാലാപനം, സംഗീതം, മേയ്‌ക്കപ്പ്‌, ഗാനരചന, ഛായാഗ്രഹണം എന്നിങ്ങനെ ഇതര പുരസ്‌കാരങ്ങള്‍ എതിരെഴുത്തിന്‌ വിധേയമായില്ല. മികച്ച ചലച്ചിത്രഗ്രന്ഥ നിര്‍ണ്ണയത്തിലും ബി. രാജീവന്റെ പാനലിന്‌ പ്രയാസപ്പെടേണ്ടി വന്നില്ല. എന്‍. പി. സജീഷിന്റെ `ശലഭച്ചിറകുകള്‍...' അവാര്‍ഡ്‌ നേടി. ലോകസിനിമയുമായി മലയാളിയെ അടുപ്പിച്ചുനിര്‍ത്തുന്നതിലും ചലച്ചിത്ര സമീപനത്തില്‍ അവലംബിക്കാവുന്ന പുതിയ വഴികളും ചര്‍ച്ചക്ക്‌ വിധേയമാക്കുന്ന `ശലഭച്ചിറകുകള്‍..' സിനിമാസംബന്ധ പുസ്‌തകങ്ങളില്‍ വേറിട്ടു നില്‍ക്കുന്നു. പുരസ്‌കാര നിര്‍ണ്ണയത്തില്‍ ആരോപിക്കപ്പെടുന്ന പതിവു വേലിയേറ്റവും വേലിയിറക്കവും ഇത്തവണയും നടന്നിരിക്കാം. ജഗതിക്ക്‌ പ്രത്യേക അംഗീകാരം നല്‍കിയതിലൂടെ ജനുബറുവ അടങ്ങുന്ന സമിതി, നിര്‍ദേശങ്ങള്‍ക്കും പ്രീണനത്തിനുമപ്പുറം സിനിമാസ്വാദകരുടെ പ്രശംസ നേടാതിരിക്കില്ല.

മുങ്ങുന്ന കപ്പല്‍

സര്‍ഗശേഷിയില്ലാത്തവരാണ്‌ മാക്‌ടയുടെ തലപ്പത്ത്‌. അവര്‍ക്ക്‌ ആരോടും ബഹുമാനമില്ല. മാക്‌ടയുടെ പിളര്‍പ്പിനെ നിര്‍ഭാഗ്യകരമെന്നല്ല, ഭാഗ്യകരമെന്നാണ്‌ വിശേഷിപ്പിക്കേണ്ടത്‌. സര്‍ഗശേഷിയില്ലാത്ത കുറേ ആളുകളെ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കുത്തിക്കയറ്റി മാക്‌ടയെ നശിപ്പിച്ചു. ഇനിയൊരു സംഘടനവേണോ എന്ന്‌ കൂട്ടായി ആലോചിക്കണം. സംഘടനയാണ്‌ എല്ലാ പ്രശ്‌നത്തിനും കാരണമെങ്കില്‍, സംഘടന വേണ്ടെന്ന്‌ വച്ച്‌ വ്യക്തിപരമായി നില്‍ക്കാം. അതല്ല സാംസ്‌കാരിക കൂട്ടായ്‌മക്കും സര്‍ഗപരമായ വളര്‍ച്ചയ്‌ക്കും സംഘടന അനിവാര്യമാണെങ്കില്‍ അതുമാകാം.''- -ശ്രീനിവാസന്‍ (ചിത്രഭൂമി ജൂണ്‍ 19/2008)

ക്ഷാമത്തില്‍ മുങ്ങിനില്‍ക്കുന്ന ഗ്രാമത്തിന്റെ മനുഷ്യത്വം വറ്റിപ്പോകുന്നത്‌ അവതരിപ്പിക്കുന്ന ഒരു ജാപ്പനീസ്‌ സിനിമയുണ്ട്‌. ഇമാമുറയുടെ `ബേലഡ്‌ ഓഫ്‌ നരയാമ'. മലമുകളിലെ മരണത്തിലേക്കുള്ള സാഹസികയാത്രയിലാണ്‌ ചിത്രം അവസാനിക്കുന്നത്‌. മലയാളസിനിമാ മേഖലയുടെ അവസ്ഥയും ഇമാമുറയുടെ സിനിമയിലെ അവസാന സീന്‍ ഓര്‍മ്മപ്പെടുത്തുന്നു. നിലനില്‍ക്കാനുള്ള ശ്രമങ്ങളുടെ അവസാന ഉറവും വറ്റിപ്പോകുന്ന കാഴ്‌ചയാണ്‌ മലയാളസിനിമാ രംഗത്ത്‌ പ്രതിഫലിക്കുന്നത്‌. നിര്‍മ്മാണത്തിലും വിതരണത്തിലും പ്രദര്‍ശനവിജയത്തിലും കടുത്ത പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന മലയാളസിനിമാ വ്യവസായം അടുത്തിടെ ചെന്നുപതിച്ചത്‌ മറ്റൊരു ദുരന്തത്തിലേക്കാണ്‌.വന്‍ പബ്ലിസിറ്റിയുടെ അകമ്പടിയിലിറങ്ങുന്ന താരചിത്രങ്ങള്‍ക്കുപോലും `ഇനീഷ്യല്‍ഫുള്‍' ഉണ്ടാക്കാന്‍ സാധിക്കാത്ത ദുരിതാവസ്ഥക്കിടയില്‍ ചലച്ചിത്രസംഘടനകള്‍ തമ്മിലുള്ള വടംവലിയും സംഘടനകള്‍ക്കുള്ളില്‍ രൂപപ്പെടുന്ന പടലപ്പിണക്കങ്ങളും കലാകാരന്മാര്‍ക്കിടിയിലെ വ്യക്ത്യാരോപണങ്ങളും കൊണ്ട്‌ മലയാളചലച്ചിത്ര മേഖല മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിന്റെ അവസ്ഥയിലെത്തി നില്‍ക്കുന്നു.2008-ന്റെ ആദ്യപകുതി കടന്നുപോകുന്നത്‌ മലയാളസിനിമക്ക്‌ കടുത്ത പ്രഹരം ഏല്‍പ്പിച്ചുകൊണ്ടാണ്‌. മലയാളസിനിമ നാളിതുവരെ കാത്തുസൂക്ഷിച്ച (പുറമെയെങ്കിലും) ഐക്യവും സര്‍ഗോന്മുഖതയും കെട്ടുപോകുന്ന അഥവാ കെടുത്തിക്കളയുന്ന ശബ്‌ദഘോഷങ്ങളാണ്‌ വാര്‍ത്താമാധ്യമങ്ങളില്‍. കഴിഞ്ഞ മൂന്നാലുവര്‍ഷമായി ഒളിഞ്ഞും തെളിഞ്ഞും സിനിമാപ്രവര്‍ത്തകര്‍ക്കിടയില്‍ പുകഞ്ഞുകൊണ്ടിരുന്ന അനൈക്യം ശക്തിയ3ര്‍ജ്ജിച്ചിരിക്കുകയാണ്‌.ഫിലിംചേംബറും അമ്മയും തമ്മിലുണ്ടായ പോരാട്ടവും ചിത്രങ്ങളുടെ നിര്‍മ്മാണപ്രവര്‍ത്തനം നിര്‍ത്തിവെക്കലും ചാനല്‍ഭീഷണിയും എല്ലാം കുഴഞ്ഞു നിന്ന പ്രതിസന്ധിയില്‍ നിന്നും ഒരുവിധം കരകയറി വിരലിലെണ്ണാവുന്ന സിനിമകളെങ്കിലും സാമ്പത്തികമായി വിജയിപ്പിച്ചെടുത്ത്‌ മുന്നേറാന്‍ ശ്രമിക്കുന്നതിനിടയിലാണ്‌ മാക്‌ടയുടെ പിളര്‍പ്പും അനുബന്ധ സംഘടനാ പ്രശ്‌നങ്ങളും അരങ്ങേറുന്നത്‌. ജനാധിപത്യ സംവിധാനത്തില്‍ സംഘടനയും പ്രവര്‍ത്തന സ്വാതന്ത്ര്യവും അവകാശസംരക്ഷണവുമെല്ലാം അനിവാര്യമാണ്‌. എന്നാല്‍ സംഘടനകള്‍ പരസ്‌പരം പകപ്പോക്കലിന്റെ ഭാഷ്യം തീര്‍ത്താല്‍ അത്‌ ആരോഗ്യകരമായ മുന്നേറ്റത്തിന്‌ പ്രതിബന്ധമാകും. പ്രത്യേകിച്ചും കലാകാരന്മാരുടെ സംഘടനകളാകുമ്പോള്‍. സിനിമ കൂട്ടായ്‌മയുടെ കലയാണ്‌. വ്യത്യസ്‌ത കാഴ്‌ചപ്പാടും അഭിപ്രായവും കാത്തുസൂക്ഷിക്കുന്ന കലാകാരന്മാര്‍ക്കിടയില്‍ ആശയപരമായ കയറ്റിറക്കങ്ങള്‍ സ്വാഭാവികമാണ്‌. പക്ഷേ, മലയാളസിനിമയില്‍ ഇപ്പോള്‍ നടക്കുന്നത്‌ അത്തരമൊരു സംഘട്ടനമല്ല. വ്യക്തികള്‍ തമ്മിലുള്ള പോരാട്ടമാണ്‌. അതിന്‌ മാക്‌ടയുടെയും അനുബന്ധ സംഘടനകളുടെയും പേര്‌ സ്വീകരിക്കുന്നുവെന്നുമാത്രം.പുതിയ പ്രശ്‌നത്തിന്‌ കാരണമായത്‌ നടന്‍ ദിലീപും സംവിധായകന്‍ തുളസിദാസും തമ്മിലുള്ള കരാര്‍പ്രശ്‌നമാണ്‌. നടനും സംവിധായകനും പരസ്‌പരം പറഞ്ഞുതീര്‍പ്പാക്കാന്‍ സാധിക്കുന്ന കാര്യം ആയിരക്കണത്തിന്‌ തൊഴിലാളികള്‍ പ്രത്യക്ഷമായും അതിലേറെ പേര്‍ പരോക്ഷമായും ജീവിതമാര്‍ഗമായി കണ്ടെടുക്കുന്ന മലയാളസിനിമാ മേഖലയുടെ കെട്ടുറപ്പ്‌ തകര്‍ക്കുന്നതിലേക്ക്‌ എത്തിനില്‍ക്കുകയാണ്‌. കോടാമ്പക്കത്തുനിന്നും മലയാളസിനിമ കേരളത്തിലേക്ക്‌ വന്നപ്പോള്‍ പ്രതീക്ഷകള്‍ ഏറെയായിരുന്നു. മലയാളത്തിന്റെ മണവും ജീവിതവും കൂടുതല്‍ കരുത്തോടുകൂടി പതിഞ്ഞുനില്‍ക്കും എന്നതിനപ്പുറം. കേരളത്തില്‍ സജീവമാകാനിടയുള്ള ചലച്ചിത്രപ്രവര്‍ത്തന രംഗത്തെക്കുറിച്ചായിരുന്നു മിക്കവരുടെയും സ്വപ്‌നം. സ്റ്റുഡിയോകളും മറ്റും കേരളത്തില്‍ സജീവമായതോടെ മലയാളസിനിമ സ്വന്തം മണ്ണില്‍ വേരുറപ്പിക്കുന്നതിന്റെ പ്രതിഫലനവുമുണ്ടായി. എന്നാല്‍ മലയാളസിനിമക്ക്‌ ചാകര എന്ന്‌ വിശേഷിപ്പിക്കുന്ന `ഉത്സവ' സീസണുകളിലേക്കുള്ള ചിത്രങ്ങളുടെ ഷൂട്ടിംഗ്‌ ജോലികള്‍ പുരോഗമിക്കുന്ന സമയത്ത്‌ അരങ്ങേറുന്ന പടലപ്പിണക്കം ചലച്ചിത്രവ്യവസായത്തെ ദോഷകരമായി ബാധിച്ചുതുടങ്ങി. നേരത്തെ അമ്മ- ഫിലിം ചേംബര്‍ തര്‍ക്കം, ഇപ്പോള്‍ ദിലീപ്‌- തുളസിദാസ്‌ പ്രശ്‌നം. എല്ലാം അരങ്ങേറിയത്‌ ഉത്സവകാല സിനിമകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നതരത്തിലാണ്‌. ഇതില്‍ നിന്നും സംഘടനകള്‍ക്കോ, പ്രവര്‍ത്തകര്‍ക്കോ ഒഴിഞ്ഞുനില്‍ക്കാന്‍ കഴിയില്ല. മലയാളസിനിമ തിയേറ്ററുകളില്‍ മൂക്കുകുത്തുമ്പോള്‍ തമിഴ്‌, ഹിന്ദി, തെലുങ്ക്‌ റീമേക്ക്‌, ഹോളിവുഡ്‌ ചിത്രങ്ങള്‍ സാമ്പത്തികമായി വന്‍നേട്ടം കൊയ്യുന്നു. വ്യാജസിഡികളും മാറുന്ന പ്രേക്ഷകാഭിരുചിയും ചാനല്‍ഷോകളും, ചിത്രങ്ങളുടെ ഗുണനിലവാരത്തകര്‍ച്ചയും വര്‍ദ്ധിച്ച തിയേറ്റര്‍ ചാര്‍ജ്ജും ആഘോഷവേളകളില്‍ പോലും കണ്ണീര്‍പ്പാടം തീര്‍ത്തുകൊണ്ടിരിക്കുമ്പോഴാണ്‌ `സിനിമയാണ്‌ വലുതെന്ന്‌ കരുതുന്നവരും സിനിമയല്ല, സംഘടനയാണ്‌ വലുതെന്ന്‌ വിശ്വസിക്കുന്നവരും തമ്മിലുള്ള പുതിയ യുദ്ധം'( ചിത്രഭൂമിയോട്‌ കടപ്പാട്‌). കാലത്തിന്‌ നിരക്കാത്ത ഉരുപ്പടികള്‍ തീര്‍ത്തതുകൊണ്ടോ, തട്ടുപൊളിപ്പന്‍ വാക്‌ധോരണി ക്യാമറയെ നോക്കിപ്പറഞ്ഞതുകൊണ്ടോ സംവിധായകനോ, നടനോ രൂപപ്പെടുന്നില്ല. ജീവിതത്തിന്റെ പൊള്ളുന്ന മുഖത്തേക്ക്‌ കണ്ണയച്ച്‌ സര്‍ഗാത്മകതയോടെ ആവിഷ്‌കരിക്കാനുള്ള ഗൃഹപാഠം സംവിധായകര്‍ക്കും കഥയും കഥാപാത്രവും അറിഞ്ഞുകൊണ്ടുള്ള മുന്നൊരുക്കം അഭിനേതാക്കള്‍ക്കും സാങ്കേതിക വിദഗ്‌ധര്‍ക്കും ഉണ്ടാകുമ്പോഴാണ്‌ നല്ല ചലച്ചിത്രങ്ങള്‍ രൂപപ്പെടുന്നത്‌. അത്തരം ഗൃഹപാഠത്തിന്‌ ഊന്നല്‍ നല്‍കുന്ന സിനിമകള്‍ മലയാളത്തില്‍ ചെയ്‌താലും നിര്‍മ്മാതാവും വിതരണക്കാരും കൈപൊള്ളാതെ രക്ഷപ്പെടുന്നുണ്ട്‌. മലയാളസിനിമയുടെ മുഖ്യപ്രതിസന്ധികളിലൊന്ന്‌ സിനിമയെക്കുറിച്ച്‌ തിരിച്ചറിവ്‌ നേടിയ പ്രേക്ഷകരും മാധ്യമാവബോധത്തിന്‌ നേരെ മുഖം തിരിക്കുന്ന ചലച്ചിത്രപ്രവര്‍ത്തകരുമാണ്‌. സിനിമയുടെ നിലവാരത്തകര്‍ച്ചക്ക്‌ പ്രധാനകാരണം സംവിധായകര്‍ തന്നെ. പിന്നീട്‌ മാത്രമേ, നിര്‍മ്മാതാവോ, അഭിനേതാക്കളോ വരുന്നുള്ളൂ. സംവിധാനകലയുടെ അഭാവമാണ്‌ മലയാളത്തില്‍ നിലനില്‍ക്കുന്നത്‌. സംവിധായകരുടെ പേരില്‍ ജനം തിയേറ്റിലെത്തുന്ന പതിവ്‌ മലയാളം ഒഴികെയുള്ള ഭാഷാചിത്രങ്ങളിലുണ്ട്‌. മലയാളത്തില്‍ ഇപ്പോഴും മൂന്നോ, നാലോ സംവിധായകരുടെ പേരില്‍ മാത്രമേ സിനിമയെ വിശേഷിപ്പിക്കുന്നുള്ളൂ. ഏത്‌ സംഘടന എന്നതിനപ്പുറം ചലച്ചിത്രത്തെ കലാപ്രവര്‍ത്തനമായി അംഗീകരിക്കലാണ്‌ പ്രധാനം. ഒരു വ്യവസായമെന്ന നിലയില്‍ മലയാളചലച്ചിത്ര മേഖലയില്‍ മാക്‌ടക്ക്‌ ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്‌. എന്നാല്‍ സമീപകാലത്ത്‌ മാക്‌ടയുടെ പേരില്‍ വിവാദമാകുന്ന പ്രശ്‌നങ്ങളൊക്കെ മലയാളസിനിമയുടെ വികാസത്തിന്‌ തടസ്സമാകുന്ന രീതിയിലേക്കാണ്‌ നീങ്ങുന്നത്‌. സംഘടനകള്‍ പിളരുകയും തളിര്‍ക്കുകയും ചെയ്യുന്നത്‌ ജനാധിപത്യ രാജ്യത്ത്‌ അല്‍ഭുതമല്ല. മാക്‌ടയുടെ പിളര്‍പ്പും ആ രീതിയില്‍ കാണാന്‍ പഠിക്കുമ്പോള്‍ അതിശയോക്തിയില്ല. എന്നാല്‍ അനന്തരകാര്യങ്ങള്‍ മലയാളചലച്ചിത്രത്തെ മുഴുവന്‍ ബാധിക്കുന്ന പ്രശ്‌നമാകുമ്പോള്‍ അത്‌ സാംസ്‌കാരിക അപചയമായി വായിക്കപ്പെടാം.മാക്‌ടയിലെ പട ക്രമേണ അനുബന്ധ സംഘടനകളിലേക്കും വ്യക്തികള്‍ തമ്മിലുള്ള സൗന്ദര്യപ്രശ്‌നത്തിലേക്ക്‌ വിഴുപ്പലക്കലുകളിലേക്കും വ്യാപിക്കുന്നു. ഇത്‌ കലാ കേരളത്തിന്‌ ക്ഷീണമുണ്ടാക്കും. മലയാളചിത്രങ്ങള്‍ ദേശീയതലത്തില്‍ വീണ്ടും അംഗീകാരങ്ങള്‍ നേടിക്കൊണ്ടിരിക്കുമ്പോള്‍, കൂടുതല്‍ മെച്ചപ്പെട്ട സിനിമയും മികവും നിലനിര്‍ത്താന്‍ കൂട്ടായമുന്നേറ്റത്തിന്‌ തയാറാകാതെ ചെറിയ കാര്യങ്ങള്‍ പെരുപ്പിച്ച്‌ വാക്‌പ്പയറ്റ്‌ തീര്‍ക്കുന്നവര്‍ക്ക്‌ സിനിമയോടാണോ കൂറ്‌ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. കുത്തക, പാര, വീട്ടുപടിക്കല്‍ സത്യഗ്രഹം, നിര്‍മ്മാണം സ്‌തംഭിപ്പിക്കല്‍ എന്നിങ്ങനെയുള്ള വേവലാതികള്‍ക്കിടയില്‍ നല്ല സിനിമ എന്ന ആശയവും മാറുന്ന ചലച്ചിത്രകലെപ്പറ്റിയുള്ള പഠനവും പുതിയകാലത്തിന്റെ സിനിമയെക്കുറിച്ചുള്ള ആലോചനയും പ്രവര്‍ത്തനങ്ങളുമാണ്‌ നഷ്‌ടമാകുന്നത്‌. മലയാളത്തിലെ ചലച്ചിത്രാസ്വാദകര്‍ക്ക്‌ ലഭിക്കാതെ പോകുന്നതും മറ്റൊന്നല്ല. സിനിമയെ ഗൗരവമായി സമീപിക്കുന്നവര്‍ക്ക്‌ മലയാളസിനിമ ആശ്വാസത്തിന്‌ വകനല്‍കാത്ത കാലത്ത്‌ പ്രത്യേകിച്ചും. തര്‍ക്കങ്ങളും എതിര്‍കാഴ്‌ചകളും ചലച്ചിത്രകല പാഠാന്തരത്തിലേക്കുള്ള പുതിയ നീക്കിയിരിപ്പുകളാകണം. അതിനുവേണ്ടിയുള്ള മുന്നൊരുക്കമാണ്‌ മലയാളത്തില്‍ രൂപപ്പെടേണ്ടത്‌.