Saturday, July 21, 2012

അവാര്‍ഡ് 2011 ചാഞ്ഞിരുന്ന് സിനിമ കാണുമ്പോള്‍


നവസിനിമ, സമാന്തരസിനിമ, കമ്പോളസിനിമ എന്നീ സവിശേഷ പ്രയോഗവിധികള്‍ കൂട്ടിയിണക്കാന്‍ പറ്റുമോ? ചെയര്‍മാന്‍ ഭാഗ്യരാജും ജൂറിയംഗങ്ങളും നിര്‍വഹിച്ച കൃത്യവും മറ്റൊന്നല്ല. രഞ്ജിത്തിന് നല്ല ചിത്രം, ബ്ലെസിക്ക് നല്ല സംവിധാനം, ദിലീപിന് നടനവൈഭവം, ജഗതിക്ക് മികച്ച ഹാസ്യം, നവാഗതന്‍ ഷെറി, തിരക്കഥ സഞ്ജ്‌ബോബി. അവാര്‍ഡാനന്തര വിവാദ ചര്‍ച്ചകള്‍ക്ക് ഉത്തരം. പക്ഷേ, ഈ തീരുമാനത്തില്‍ ജൂറിയുടെ കണ്ണുകളില്‍ പതിയാതെപോയ ഒരു ചിത്രമുണ്ടായിരുന്നു മേല്‍വിലാസം. അവാര്‍ഡ് പട്ടികയില്‍ ഒരിടത്തും മേല്‍വിലാസമില്ലാതെപോയി. സാള്‍ട്ട് ആന്റ് പെപ്പറിലെ ബാബുരാജിന്റെ അഭിനയവും ഇന്ത്യന്‍ റുപ്പിയില്‍ തിലകന്‍ ചെയ്ത വേഷവും വഴിമാറുന്ന സിനിമാകാഴ്ചയില്‍ ഇടം പിടിച്ചില്ല.
പാശ്ചാത്യനാടുകളിലെ വ്യവസായ സമൂഹത്തിന്റെ ആവിഷ്‌കാരരീതികളെയും ആസ്വാദനശീലങ്ങളെയും തൃപ്തിപ്പെടുത്താന്‍ മലയാളസിനിമയ്ക്ക് കഴിഞ്ഞെന്നുവരില്ല. എന്നാല്‍, വ്യവസായ പുരോഗതിയില്‍ അത്രയൊന്നും മലിനപ്പെടാത്ത മലയാളസിനിമ ഒരു കാര്‍ഷിക ഫ്യൂഡല്‍ വ്യവസ്ഥയെ പിന്‍പറ്റുന്ന സമൂഹത്തിലേക്ക് എങ്ങനെ പ്രവേശിക്കുന്നു എന്നത് പരിശോധിക്കേണ്ടതാണ്. ചാപ്പാകു രിശും അകവും ഉന്നയിക്കുന്ന പ്രശ്‌നവുമാണിത്.
ഓരോ പ്രദേശത്തിനും തനതായ സംസ്‌കാരവും ഭാഷയും ആവിഷ്‌കാരരീതികളുമുണ്ട്. ഒരേ സമയം ഏകവും വിഭിന്നവുമായി നിലകൊള്ളുന്ന ഒരു ജനതയ്ക്കു വേണ്ടി നിര്‍മിക്കുന്ന സിനിമയുടെ രൂപം എന്തായിരിക്കണം എന്നതാണ് മലയാള ചലച്ചിത്ര പുര്‌സകാര നിര്‍ണയത്തില്‍ മുഖ്യമായും മാനദണ്ഡമാകേണ്ടത്. വെള്ളരിപ്രാവിന്റെ ചങ്ങാതിയില്‍ നടനെ കണ്ടെത്തിയപ്പോള്‍ ജൂറി, പ്രണയത്തില്‍ അനുപംഖറിന്റെ പരിമിതിയില്‍ നോട്ടം അവസാനിപ്പിച്ചു. പഴയകാല തമിഴ് ചേരുവയില്‍ തളംകെട്ടിനില്‍ക്കുന്ന ഭാര്യരാജിന് സന്തോഷിക്കാന്‍ ഇതില്‍പരം മറ്റെന്തുവേണം!
മലയാളസിനിമയെ സംബന്ധിച്ച് പ്രധാനപ്പെട്ട വര്‍ഷമായിരുന്നു 2011. തമിഴ്‌സിനിമയുടെ വിരസങ്ങളായ ചട്ടക്കൂടുകള്‍ക്കു മുന്നില്‍ തലകുനിച്ചു കൊണ്ടിരുന്ന മലയാളസിനിമയെ മലയാള‘ഭാഷയുടേയും സംസ്‌കൃതിയുടേയും തനിമയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ച കുറെ യുവ ചലച്ചിത്ര പ്രവര്‍ത്തകരുടെ സജീവമായ സാന്നിദ്ധ്യമാണ് കഴിഞ്ഞ വര്‍ഷത്തിന്റെ ഈടുവെയ്പ്പ്.
ജൂറിയുടെ മുന്നിലെത്തിയ 41 ചിത്രങ്ങളില്‍ മേല്‍വിലാസം, ബ്യൂട്ടിഫുള്‍, ഇന്ത്യന്‍ റുപ്പി, സാള്‍ട്ട് ആന്റ് പെപ്പര്‍, ട്രാഫിക്, ചാപ്പാകുരിശ്, ആകാശത്തിന്റെ നിറം, ഇവന്‍ മേഘരൂപന്‍ (റിലീസ് ചെയ്തിട്ടില്ല) പ്രണയം, അകം, ആദിമധ്യാന്തം തുടങ്ങിയവ പുതിയ ചില ആലോചനകള്‍ക്കും തുടക്കമിട്ടു. മലയാളി പുതുമ കൊതിക്കുന്നു. പക്ഷേ, നവീനതയിലേക്ക് പ്രവേശിക്കുമ്പോള്‍ എന്തൊക്കെ തയാറെടുപ്പുകള്‍ വേണം? സിനിമയുടെ കഥയിലും ആവിഷ്‌കാരത്തിലും മാത്രമല്ല, നാം കാണാന്‍കൊതിക്കുന്ന സിനിമയെപ്പറ്റിയുള്ള ചില നന്മകളൊക്കെയാണ് ഈ ചിത്രങ്ങളില്‍ പ്രതിപാദിക്കപ്പെട്ടത്.
ഓരോ കലാരൂപവും കാലഘട്ടത്തിന്റെ സവിശേഷ നിര്‍മ്മിതി കൂടിയാണ.് കാലത്തിന്റേയും സാമൂഹികാന്തരീക്ഷത്തിന്റേയും സൂക്ഷ്മ സ്പന്ദനങ്ങള്‍ ഉള്‍ക്കൊള്ളുമ്പോഴാണ് കലാരൂപംപൂര്‍ണ്ണതയിലെത്തുന്നത.്ചലച്ചിത്രങ്ങളും മാറിനില്‍ക്കുന്നില്ല. സിനിമ പ്രജ്ഞയുടെയും അന്വേഷണത്തിന്റെയും മാറ്റുരയ്ക്കലാണെന്ന് തിരിച്ചറിയുന്നവര്‍, കാലത്തിന് നേരെ പിടിക്കുന്ന കണ്ണാടിയായി സിനിമയെ മാറ്റീത്തീര്‍ക്കുന്നു. മേല്‍വിലാസം പോലുള്ള ചിത്രങ്ങള്‍ ഇങ്ങനെയുള്ള പരീക്ഷണമാണ് തിരശീലയില്‍ നടത്തിയത്.
ഓര്‍മ്മിക്കുന്നതിലൂടെയാണ് ഒരു സമൂഹം സ്വത്വത്തെ അറിയുന്നത്. ഓര്‍മ്മ ബുദ്ധിയില്‍ തങ്ങിനില്‍ക്കുന്ന കാലം മാത്രമല്ല, ഓര്‍മ്മയുടെ വൈയക്തികവും സഞ്ചിതവുമായ ഘടകങ്ങളിലൂടെയാണ് നാം ഇന്ദ്രിയാനുഭവങ്ങളുടെ നൈമിഷികതയെ അതിജീവിക്കുക. ഓര്‍മ്മയെ സംബന്ധിച്ച രണ്ടു കാലങ്ങളെ കൂട്ടിയിണക്കുന്ന ചിത്രമാണ് പ്രണയവും വെള്ളരിപ്രാവിന്റെ ചങ്ങാതിയും. ഈ യാഥാര്‍ത്ഥ്യം മനസ്സിലിരുത്തി സര്‍ഗാത്മകമായ പ്രതിബോധം സൃഷ്ടിക്കുകയെന്നതാണ് ചലച്ചിത്രത്തിന്റെ ദൗത്യം. പക്ഷേ, നടനെ കണ്ടപ്പോള്‍ സിനിമയുടെ സമഗ്രത കാണാതെപോകുന്നു. പുതിയ കാലത്തിന്റെ കാഴ്ചകളോട് പൊരുത്തപ്പെടാന്‍ ശ്രമിക്കുന്നതിലെ പിഴവുകളും മുന്നേറ്റവും പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങളാണ് ഇത്തവണ അവാര്‍ഡിന് പരിഗണിക്കപ്പെട്ടത്. ഒട്ടുമിക്ക സിനിമകളിലും രാഷ്ട്രീയവും സാമൂഹികവും മാനങ്ങളുമുണ്ട്. പക്ഷേ അവയുചടെ കരുത്തും കലാത്മകതയും തിരിച്ചറിയുന്നതില്‍ ജൂറിക്ക് സാധിച്ചില്ല.
പതിവുപോലെ പുരസ്‌കാരം പ്രതീക്ഷിച്ചവരും ലഭിക്കാത്തവരും വാദപ്രതിവാദത്തിന് കച്ചകെട്ടുന്നു. പക്ഷേ, എന്തുകൊണ്ടോ മുന്‍കാലങ്ങളില്‍ നടന്ന രീതിയിലുള്ള പൊട്ടിത്തെറികളൊന്നുമുണ്ടായില്ല. മലയാളികള്‍ സാംസ്‌കാരികതലത്തില്‍ ഉയര്‍ന്നതുകൊണ്ടോ, അവാര്‍ഡ് വിമര്‍ശനങ്ങള്‍ക്ക് മാധ്യമങ്ങള്‍ അമിത പ്രാധാന്യം നല്‍കാത്തതോ, പ്രതികരിച്ചവര്‍ ചലച്ചിത്രരംഗത്തെ പ്രഗത്ഭമതികളല്ലാത്തതുകൊണ്ടോ ആകാം വിഴുപ്പലക്കലിന് വലിയ കോപ്പ് ലഭിക്കുന്നില്ല. ആദിമധ്യാന്തത്തെ തലോടി ഷെറിയുടെ പരിഭവം തീര്‍ത്തത് ആശ്വാസം. ഒരു ചിത്രത്തിന്റെ മേന്മ സംവിധായകന്‍ സ്വയം നിര്‍ണയിക്കപ്പെടുമ്പോഴല്ല യാഥാര്‍ത്ഥ്യമാകുന്നത്. അത് പ്രേക്ഷകരില്‍ സൃഷ്ടിക്കുന്ന കാഴ്ചാനുഭവമാണ.് ആദിമധ്യാന്തത്തില്‍ ഈയൊരംശം കണ്ടില്ലെങ്കില്‍ അല്‍ഭുതപ്പെടാനില്ല.
കഴിഞ്ഞ വര്‍ഷത്തെ മികച്ച ചിത്രം അവാര്‍ഡ് നേടിയത് രജ്ഞിത്താണ്. തന്റെ ചലച്ചിത്ര സംബന്ധിയായ നിലപാടുകള്‍ പാലേരിമാണിക്യം, കയ്യൊപ്പ്, പ്രാഞ്ചിയേട്ടന്‍ തുടങ്ങിയ സിനിമകളിലൂടെ ഇതിനകം രജ്ഞിത്ത് വ്യക്തമാക്കിയിട്ടുണ്ട്. കാലികപ്രാധാന്യമുള്ള പ്രമേയമാണ് ഇന്ത്യന്‍ റുപ്പിയില്‍ അടയാളപ്പെടുത്തിയത്. മികച്ച നടന്റെ കാര്യത്തില്‍ മോഹന്‍ലാലും അനുപംഖറും ദിലീപും മത്സരിച്ചു. പ്രണയത്തിലെ വേഷത്തില്‍ മോഹന്‍ലാല്‍ പ്രകടിപ്പിച്ച അഭിനയപാടവത്തില്‍, വെള്ളരിയുടെ മിമിക്രിച്ചന്തം കണ്ടവരുടെ കാഴ്ച പരിമിതപ്പെട്ടത് സ്വാഭാവികം. മികച്ച നടിയുടെ സ്ഥാനത്തേക്ക് ശ്വേതയെ പിന്തള്ളാന്‍ പാകപ്പെട്ട മറ്റൊരു കഥാപാത്രാവിഷ്‌കാരം കഴിഞ്ഞ വര്‍ഷം മലയാളത്തിലുണ്ടായില്ല. രണ്ടാമത്തെ നടനും നടിയും വലിയ അഭിപ്രായ വ്യത്യാസത്തിന് ഇടം നല്‍കിയില്ല. ഗാനാലാപനം, സംഗീതം, മേയ്ക്കപ്പ്ഗാനരചന, ഛായാഗ്രഹണം എന്നിങ്ങനെ ഇതര പുരസ്‌കാരങ്ങള്‍ എതിരെഴുത്തിന് വിധേയമായില്ല. ശ്രീകുമാരന്‍ തമ്പിയും ആലാപനത്തില്‍ യേശുദാസ് തരംഗത്തിന് വഴിമാറ്റം നല്‍കി സുദീപിനെ ശ്രദ്ധിച്ചു. ശ്രീകുമാരന്‍ തമ്പിയുടെ മികച്ച ഗാനരചനാ കാലഘട്ടം മലയാളത്തിലെ അവാര്‍ഡ് പലപ്പോഴും മറന്നിട്ടുണ്ട്.മികച്ച ചലച്ചിത്രഗ്രന്ഥ നിര്‍ണ്ണയത്തിലും പാനലിന് പ്രയാസപ്പെടേണ്ടി വന്നില്ല. ജി.പി.രാമചന്ദ്രനും സി.എസ്.വെങ്കിടേഷും ലേഖനത്തിന് നീലനും അവാര്‍ഡ് നേടി. ലോകസിനിമയുമായി മലയാളിയെ അടുപ്പിച്ചുനിര്‍ത്തുന്നതിലും ചലച്ചിത്ര സമീപനത്തില്‍ അവലംബിക്കാവുന്ന പുതിയ വഴികളും ചര്‍ച്ചക്ക് വിധേയമാക്കുകയായിരുന്നു ജി.പി.രാമചന്ദ്രന്‍. നാടകത്തിലും സിനിമയിലും വ്യത്യസ്ത വേഷങ്ങള്‍ നിരവധി ചെയ്ത നിലമ്പൂര്‍ ആയിഷ ഊമക്കയില്‍ പാടുന്നു എന്ന ചിത്രത്തിലൂടെയും കലാമൂല്യത്തില്‍ ആഷിക് അബുവിന്റെ സാള്‍ട്ട് ആന്റ് പെപ്പറിനും അംഗീകാരം ലഭിച്ചത് നിര്‍ദേശങ്ങള്‍ക്കും പ്രീണനത്തിനുമപ്പുറം സിനിമാസ്വാദകരുടെ പ്രശംസ നേടാതിരിക്കില്ല. വിമര്‍ശനങ്ങള്‍ വരാനിരിക്കുന്ന പ്രതലങ്ങള്‍ മുന്‍കൂട്ടിക്കാണുകയും പരാമവധി പ്രതിരോധവും പ്രതിഷേധവും ഒഴിവാക്കിക്കൊണ്ടുമുള്ള പുരസ്‌കാര വിളംബരം മലയാളസിനിമയുടെ ആരോഗ്യദശയാണോ എന്ന ചോദ്യം അവശേഷിക്കുന്നു.

6 comments:

Najeemudeen K.P said...

കുഞ്ഞിക്കണ്ണന്‍ സര്‍,
വളരെ വസ്തുനിഷ്ടമായ അവലോകനം. ആശംസകള്‍.
വെള്ളരിപ്രാവിന്‍റെ ചങ്ങാതിയില്‍ ദിലീപ് ഇത്ര മാത്രം വലിയ അഭിനയം കാഴ്ച്ചവചിട്ടുണ്ടോ എന്നത് ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു. കൂടാതെ 'ഇന്ത്യന്‍ രുപ്പേ' യിലെ തിലകന്‍റെ പ്രകടനവും ശ്രദ്ധിക്കപ്പെടാതെ പോയത് ദുഖകരം തന്നെ.

കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ said...

tanx

Manoraj said...

ഇവിടെ സൂചിപ്പിച്ചത് പോലെ മേല്‍‌വിലാസം എന്ന സിനിമ അവാര്‍ഡുകള്‍ക്ക് അര്‍ഹതയുള്ളത് തന്നെയായിരുന്നു. എന്തുകൊണ്ടും ട്രാഫിക്കിനേക്കാള്‍ കൈയടക്കം അതിന്റെ തിരകഥക്ക് ഉണ്ട്. അറ്റ്ലീസ്റ്റ് കഥക്ക് എങ്കിലും ഉണ്ടെന്നത് സത്യം. അതുപോലെ തന്നെ സംവിധാനമികവും എടുത്തുപറയേണ്ടത് തന്നെ.

Anonymous said...

മേല്‍വിലാസം സിനിമയാണ് എന്നോ? കൊള്ളാം , അപ്പോള്‍ സിനിമയും നാടകവും തമ്മില്‍ എന്ത് വ്യത്യാസം ? അതൊരു വെറും ഡ്രാമ മാത്രം , ഓവര്‍ ആക്ടും , ഇതാണോ വലിയ സിനിമ എന്ന് നിങ്ങള്‍ വാദിക്കുന്നത് ?

തിലകന്‍ എന്തൊരു അഭിനയം ആണ് ഇന്ത്യന്‍ റുപ്പീയില്‍ , പണ്ടത്തെ തിലകന്റെ വികൃതമായ ഒരു പ്രേതം മാത്രമല്ലേ അത്, അതിനെക്കാള്‍ എത്രയോ നല്ല വേഷങ്ങള്‍ പക്കാ കൊമേര്‍സ്യല്‍ സിനിമയില്‍ പോലും തിലകന്‍ ചെയ്തിരിക്കുന്നു?

കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ said...

rethink also....

കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ said...

rethink also....