Thursday, August 13, 2009

ഒറ്റയാന്റെ പാപ്പാന്‍


മലയാള സിനിമയില്‍ സ്വന്തമായ അഭിനയത്തിന്റെ ഗൃഹപാഠമായിരുന്നു മുരളി. ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ തിരിച്ചറിവുകള്‍ കൊണ്ട്‌ ദൃശ്യപഥത്തില്‍ തന്റേതായ ഒരിടം കണ്ടെത്തിയ നടനായിരുന്നു മുരളി. മലയാളിയുടെ സിനിമാ പ്രേക്ഷണ രീതിയും സിനിമാഭിനയവും സംബന്ധിച്ച മുന്‍കാല പാഠാവലികള്‍ ആദ്യകാലത്തു തന്നെ അട്ടിമറിച്ച ഒരു നടനായിരുന്നു അദ്ദേഹം. കരുത്തുറ്റ മുഖാഭാവത്തിലൂടെ ശരീരചലനത്തിലൂടെ സ്വന്തമായൊരു അഭിനയച്ചിട്ട വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞ അപൂര്‍വ്വം മലയാളം നടന്‍മാരില്‍ ഒരാളായിലുന്നു മുരളി.


നരേന്ദ്രപ്രസാദിന്റെ നാട്ട്യഗൃഹത്തിന്റെ അഭിനയ കളരിയില്‍ നിന്ന്‌ ഒരു 'രാവണ'നെപ്പോലെ മലയാളത്തിന്റെ വെള്ളിത്തിരയില്‍ കാലുറപ്പിച്ച മുരളി ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ സമകാലികരായ മറ്റൊരു നടനും എളുപ്പത്തില്‍ കീഴടക്കാന്‍ സാധിക്കാത്ത വിധത്തില്‍ പ്രേക്ഷകരുടെ മനസ്സില്‍ ഒരു ദീപ്‌തിയായി നിറഞ്ഞു നില്‍ക്കുന്നു. മുരളിയുടെ ഭാവാഭിനയം പോലെ ഭാഷാ പ്രയോഗ ചാതുരിയും നാടകാഭിനയത്തില്‍ നിന്നും ലഭിച്ച അനര്‍ഘമായ ഒരു സിദ്ധിയാണ്‌. താന്‍ കൈകാര്യം ചെയ്‌ത ഏതൊരു കഥാപാത്രത്തിലേക്കും എളുപ്പത്തില്‍ പരകായപ്രവേശം നടത്താന്‍ ഈ നടന്‌ കഴിഞ്ഞിട്ടുണ്ട്‌. മുരളിയുടെ ഏതു ചിത്രങ്ങളെടുത്ത്‌ പരിശോധിച്ചാലും, ഒരു മിന്നായം പോലെ തിരശ്ശീലയിലൂടെ കടന്നു പോയാലും മുരളിയെന്ന നടന്റെ സാന്നിധ്യം തിയേറ്റര്‍ വിട്ടിറങ്ങുമ്പോഴും പ്രേക്ഷകന്റെ മനസ്സില്‍ പതിഞ്ഞിരിക്കും.


സ്വയം അടയാളപ്പെടലാണ്‌ നടന വൈഭവത്തിന്റെ സവിശേഷതകളിലൊന്ന്‌. മുരളിയുടെ ആധാരം. ഗര്‍ഷോം, നെയ്‌ത്തുകാരന്‍, പുലിജന്‍മം, ലാല്‍സലാം, ആധാരം, മഗ്‌രിബ്‌, നിഴല്‍ക്കുത്ത്‌, മതിലുകള്‍, കാണാക്കിനാവ്‌, വെങ്കലം, അമരം, പഞ്ചാഗ്നി തുടങ്ങിയ ചിത്രങ്ങളില്‍ മാത്രമല്ല പത്രം എന്ന ചിത്രത്തിലേതുപോലെ നിരവധി നെഗറ്റീവ്‌ കഥാപാത്രങ്ങളിലും മുരളി തന്റെ അനായാസ അഭിനയ രീതിയിലൂടെ തിരശ്ശീലയില്‍ പതിഞ്ഞു നിന്നിട്ടുണ്ട്‌. വെങ്കലം, അമരം എന്നിങ്ങനെയുള്ള അഭിനയ പ്രാധാന്യമുള്ള സിനിമകളിലും കേവലം ഉപരിപ്ലവമായ വാണിജ്യചിത്രങ്ങളിലും മുരളി ഒരഭിനേതാവെന്ന നിലയില്‍ അരങ്ങിന്റെ സാന്നിധ്യത്തോടൊപ്പം ദൃശ്യഭാഷയുടെ പരിമിതിയും വ്യാപനവും തിരിച്ചറിഞ്ഞ്‌ പ്രതിഫലിപ്പിച്ചിട്ടുണ്ട്‌. നെയ്‌ത്തൂകാരനിലെ അപ്പമേസ്‌തിരിയും പുലിജന്‍മത്തിലെ കാരിക്കുരിക്കളും മുരളിയുടെ ശരീരഭാഷയുടെ ആഖ്യാന വൈവിധ്യം അടയാളപ്പെടുന്നുണ്ട്‌.


പൗരുഷത്തിന്റെ പര്യായമായ മുഖമുദ്രയാണ്‌ മുരളിയെന്ന നടനെ മറ്റുള്ളവരില്‍ നിന്ന്‌ വ്യത്യസ്‌തനാക്കുന്നത്‌. മലയാളത്തിലും തമിഴിലും തെലുങ്കിലും നിറഞ്ഞാടാന്‍ മുരളിക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. തന്റെ വേഷങ്ങളെക്കുറിച്ചും താനഭിനയിക്കുന്ന ചിത്രത്തെക്കുറിച്ചും വേറിട്ടൊരു കാഴ്‌ച കാത്തുസൂക്ഷിക്കുന്നതില്‍ മുരളി എപ്പോഴും ജാഗരൂകനായിരുന്നു. നാടകത്തോടും സാഹിത്യത്തോടും പുലര്‍ത്തിയ ആഭിമൂഖ്യവും ആദരവുമാണ്‌ മുരളിക്ക്‌ തിരശ്ശീലയിലും ജ്വലിച്ചു നില്‍ക്കാന്‍ സാധിച്ചത്‌. സഹ കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങളില്‍ പോലും പലപ്പോഴും നായകനെ പിറകിലാക്കുന്ന ഒരു വലിയ സാന്നിധ്യമായി മുരളി മാറുന്ന നിരവധി സന്ദര്‍ഭങ്ങള്‍ മലയാള സിനിമയിലുണ്ട്‌.


മാനവീകതയിലൂന്നി നിന്നുകൊണ്ടുള്ള ജീവിതകാഴ്‌ചപ്പാടും യാഥാര്‍ഥ്യാവബോധവും അഭിനയകലയില്‍ മുരളിയുടെ ഇന്ധനം തന്നെയായിരുന്നു. താന്‍ വിശ്വസിച്ച ആശയ ആദര്‍ശങ്ങളോട്‌ ആഭിമുഖ്യം പുലര്‍ത്തുമ്പോഴും മുരളി മനസ്സിലേറ്റിയത്‌ സിനിമയും നാടകവും തന്നെയായിരുന്നു. മുരളി പലപ്പൊഴും തന്റെ അഭിനയ ചിട്ടകളെക്കുറിച്ച്‌ ഓര്‍മ്മിച്ചെടുത്ത സന്ദര്‍ഭങ്ങളിലൊക്കെയും നരേന്ദ്രപ്രസാദിനെപ്പോലുള്ള അധ്യാപക-നാടക സുഹൃത്തുക്കളുടെ സാന്നിധ്യം തന്റെ ജീവിത പുസ്‌തകം മാറ്റിയെഴുതുന്നതില്‍ വഹിച്ച പങ്കിനെപ്പറ്റി അനുസ്‌്‌മരിച്ചി്‌ട്ടുണ്ട്‌. മലയാള സിനിമയില്‍ നിലാവിന്റെയും വെയിലിന്റെയും ഇഴചേര്‍ന്ന ഒരു പ്രതിഭയായിരുന്നു മുരളിയെന്ന നടന്‍. മലയാള സിനിമയുടെ ചരിത്ര വിഹിതത്തില്‍ കാലത്തിന്‌ എളുപ്പം മായ്‌ക്കാന്‍ കഴിയാത്ത വിധത്തില്‍ മുരളിയും അദ്ദേഹത്തിന്റെ അഭിനയ ചിട്ടയും നിലനില്‍ക്കും.

- ചന്ദ്രിക 7/8/2009

*തലവാചകത്തിന്‌ എന്‍. പ്രഭാകരന്റെ പുസ്‌തകത്തോട്‌ കടപ്പാട്‌.

No comments: