Saturday, October 10, 2009

പുതുകവിത വെട്ടിനിരത്തുന്നവര്‍?


ഇങ്ങനെയൊരു തലവാചകം കാണുമ്പോള്‍ പുതുകവിത തോളിലേറ്റി പോസ്റ്ററൊട്ടിച്ച്‌, മൈക്ക്‌ (ജയരാജിന്റെ ലൗഡ്‌സ്‌പീക്കര്‍ ഓര്‍ക്കുക) വെച്ച്‌ കവലതോറും സംസാരിക്കുന്നവരെ കുറിച്ചാകുമെന്ന്‌ ചിലരെങ്കിലും കരുതും. തെറ്റി. അങ്ങനെ ഏതെങ്കിലും കവിയുടെയോ, കാവ്യഭാവുകത്വത്തിന്റെയോ രഹസ്യം സൂക്ഷിപ്പുകാരോ, കശാപ്പുകാരോ അല്ല. കവിതയുടെ പരിണാമവും എഴുത്തുകാരന്റെ വളര്‍ച്ചയും തളര്‍ച്ചയും കാലത്തിന്റെ മാറ്റവും ഉള്‍ക്കൊള്ളാന്‍ ശ്രമിച്ച്‌ കവിത വായിച്ചുപോകുന്നവര്‍ എന്നുമാത്രമേ തലവാചകം അര്‍ത്ഥമാക്കുന്നുള്ളൂ. പക്ഷേ, സാഹിത്യത്തില്‍ ജീവിക്കുന്ന ചിലര്‍ ഒരു ഫ്‌ളാറ്റ്‌ഫോമില്‍ നിന്നുകൊണ്ട്‌ ശരീരത്തിനോ, മനസ്സിനോ യാതൊരു ഇളക്കവും വരുത്താതെ, ഹമ്പട ഞാനേ! എന്ന രീതിയില്‍ കവിത വായിച്ചു പോകുന്നവരാണ്‌. ചിലപ്പോള്‍ ക്ഷിപ്രകോപികളുമാകും. കഥാസ്വാദകര്‍ ആദരിക്കുന്ന മലയാളത്തിലെ പ്രശസ്‌ത കഥാകാരന്‍ ടി. പത്മനാഭനെപ്പോലെ പൊട്ടിത്തെറിച്ച്‌ അഭിപ്രായം പറയുന്നവരുമുണ്ട്‌. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ മലയാളകവിതയെ നശിപ്പിച്ചത്‌ കുഞ്ഞുണ്ണി മാഷും എം. എന്‍. വിജയനുമാണെല്ലോ! പത്മനാഭന്‍ സാറ്‌ അങ്ങനെ കരുതട്ടെ. മലയാളകവിതാ വായനയില്‍ പുതുതായി എന്തെങ്കിലും വരുത്തിയവരില്‍ മേല്‍പ്പടി ടിയാന്മാര്‍ക്കുള്ള സ്ഥാനം അക്ഷരജ്ഞാനമുള്ള മലയാളികള്‍ക്ക്‌ തിരിച്ചറിയാനാവുന്നതേയുള്ളൂ. ടി. പത്മനാഭന്‍ സാറിന്റെ വാദം (മാധ്യമം വാര്‍ഷികം) ഇപ്പോഴും പുകഞ്ഞുകൊണ്ടിരിക്കുന്നു (ടി. പത്മനാഭന്‍ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഇക്കാര്യം പ്രസംഗിച്ചെന്ന്‌ ഗുരുവായൂരിനും കൊടുങ്ങല്ലൂരിനുമിടയില്‍ തൃപ്രയാറില്‍ നിന്നും ബാലചന്ദ്രന്‍ വടക്കേടത്ത്‌ സധൈര്യം ഉദ്‌ഘോച്ചിട്ടുണ്ട്‌- തോര്‍ച്ച മാസിക സപ്‌തം. ലക്കം). പുതുകവികള്‍ക്ക്‌ നാലുവരി വൃത്തത്തിലെഴുതാന്‍ സാധിക്കില്ലെന്ന കുറ്റമേ പത്മനാഭന്‍ സാറ്‌ പറഞ്ഞുള്ളൂ. എന്നാല്‍, രാജേന്ദ്രന്‍ എടത്തുംകരയുടെ പുതുകവിതാ വീക്ഷണം കുറച്ചുകൂടി ഉയരത്തിലെത്തുന്നു. ടിയാന്‍ ഇക്കാലത്ത്‌ ഒരു കവിതാ പുസ്‌തകം അച്ചടിച്ചിറക്കാനുള്ള സാമ്പത്തികനില വരെ സൂചിപ്പിച്ചുകൊണ്ടാണ്‌ പുതുകവികളെ വെട്ടിനിരത്തുന്നത്‌. വെട്ടിനിരത്തുക മാത്രമല്ല, ഇപ്പണി യങ്ങ്‌ നിര്‍ത്തിയേക്കൂ എന്നിങ്ങനെ അവാര്‍ഡന്മാരോടും അല്ലാത്തവരോടും ടിയാന്‍ ഉത്തരവിടുന്നു.- (മലയാളം വാരിക- ആരെയും സ്‌പര്‍ശിക്കാത്ത കവിത ആര്‍ക്കുവേണം). ഈ രണ്ടു ലേഖനങ്ങളും വായിച്ച്‌ ആവേശം കൊണ്ടിരിക്കുമ്പോഴാണ്‌ പള്ളിക്കുന്നിനും (കണ്ണൂര്‍) എടത്തുംകരയ്‌ക്കും (വടകര) ഇടയില്‍ -ധര്‍മ്മടത്തു(തലശ്ശേരി) നിന്നും എന്‍. പ്രഭാകരനെഴുതിയ ഒരു ആമുഖക്കുറിപ്പ്‌ ശ്രദ്ധയില്‍ പെട്ടത്‌. എന്‍. പ്രഭാകരന്‍ എഴുതി: രൂപത്തിലുള്ള ഈ അതിശ്രദ്ധ ചൂണ്ടിക്കാട്ടി പുതിയ കവികളുടെ പ്രതിലോമപരതയെ ആക്ഷേപിക്കുക എളുപ്പമാണ്‌. എന്നാല്‍ ഇങ്ങനെയൊരു മറുഭാഷതേടാനും രാഷ്‌ട്രീയ സാമൂഹ്യചലനങ്ങളുടെ പ്രത്യക്ഷതലങ്ങളില്‍ നിന്ന്‌ മുഖംതിരിക്കാനും കവികളെ പ്രേരിപ്പിക്കുന്ന വസ്‌തുനിഷ്‌ഠയാഥാര്‍ത്ഥ്യങ്ങളെയും ദാര്‍ശനികപ്രതിസന്ധിയെയും അനാവശ്യശാഠ്യങ്ങളില്ലാതെ അടുത്തറിയാന്‍ ശ്രമിക്കുന്നില്ലെങ്കില്‍ കവിതാ വായന സേച്ഛാധിപത്യപരമായ ഒരു ബൗദ്ധിക പ്രതിരോധം മാത്രമായി മാറും.- (ആമുഖക്കുറിപ്പ്‌- ഉടുമ്പിന്റെ വീട്‌ എന്ന പുസ്‌തകം). പുതുകവിതാ വായനയോടു കോപിക്കുന്നവര്‍ സുകുമാര്‍ അഴീക്കോട്‌ ജി. ശങ്കരക്കുറുപ്പിനെ വായിച്ചതുപോലെയോ , സാഹിത്യപഞ്ചാനനന്‍ പ്രാചീനകവിത്രയങ്ങളെ വിലയിരുത്തിയതുപോലെയോ മിനക്കെട്ടങ്ങ്‌ വായിച്ചിട്ടുണ്ടോ എന്ന്‌ സാധാവായനക്കാര്‍ ചോദിച്ചാല്‍ പുതുകവിത വെട്ടിനുറുക്കി കുഴിച്ചുമൂടാന്‍ ശ്രമിക്കുന്നവര്‍ക്ക്‌ അരിശം വരില്ലെന്ന്‌ കരുതുന്നു. കറുപ്പും വെളുപ്പും എല്ലാ കാലത്തും കണ്ടെന്നിരിക്കും. എന്നു കരുതി കാടടച്ച്‌ വെടിപ്പൊട്ടിക്കല്ലേ സാറന്മാരേ.....കവിത മൈക്ക്‌പോയന്റിന്‌ മുന്നില്‍ കാഹളം വിളിക്കലോ, ക്ലാസ്‌മുറിയില്‍ തുരുമ്പെടുക്കലോ അല്ലെന്ന്‌ വിദ്വാന്മാര്‍ നേരത്തെ നമ്മെ ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്‌. കവിതയിലെ വ്യാജരൂപം വായനക്കാര്‍ മാത്രമല്ല, കാലത്തിന്റെ പെരുവെള്ളവും ദൂരത്തേക്ക്‌ ഒഴുക്കിമാറ്റും.
തകര്‍ന്ന കണ്ണാടികള്‍ക്കിടയില്‍ സംഭ്രമിച്ച കുട്ടിയായിരുന്നു അറുപതുകളവസാനത്തിലെ മലയാളവായനക്കാരന്‍. അനുഭവത്തിന്റെയും ആഖ്യാനത്തിന്റെയും സുതാര്യഘടനയെ കലുഷിതമാക്കിയ പുതിയ എഴുത്തിന്റെ സംവേദനങ്ങള്‍ മലയാളിയുടെ നോവല്‍ വായനാശീലത്തില്‍ ആഘാതങ്ങള്‍ സൃഷ്‌ടിച്ചു.... പുതിയ എഴുത്ത്‌, ജീവിതത്തിന്റെ ബാഹ്യതലങ്ങളെ അനുരാഗപൂര്‍വ്വം വാരിപ്പുണര്‍ന്ന്‌ അഭിരമിച്ച നോവല്‍ സങ്കല്‌പങ്ങള്‍ക്ക്‌ വിരുദ്ധമായ പ്രതിവ്യവഹാരം സൃഷ്‌ടിക്കുകയായിരുന്നു ആധുനിക നോവലിസ്റ്റുകള്‍- നിരൂപകന്‍ പി. കെ. രാജശേഖരന്റെ നോവല്‍ക്കാഴ്‌ച മലയാളകവിതയ്‌ക്കും ഇണങ്ങും. എഴുത്തിന്റെ സാന്ദ്രതയ്‌ക്കുപരി ജീവിതത്തിന്റെ വൈവിധ്യമാണ്‌ പുതുകവിതയും പ്രതിനിധാനം ചെയ്യുന്നത്‌. പോയ വാരത്തില്‍ പതിരുകളേക്കാള്‍ കതിരുകളാണ്‌ വിരിഞ്ഞത്‌. കവിതയുടെ കുതിപ്പും കിതപ്പുമായി എത്തിയ ആനുകാലികങ്ങള്‍ നല്‍കുന്ന പാഠവും മറ്റൊന്നല്ല. ആനുകാലികം: ഡി. വിനയചന്ദ്രന്‍ മാതൃഭൂമി (ഒക്‌ടോ.11)യില്‍ എഴുതിയ പ്രസവിക്കാത്ത സിംഹങ്ങള്‍ എന്ന കവിതയില്‍ പറയുന്നു: കാറ്റില്‍ മരപ്പട്ടകള്‍ കാഞ്ഞഗന്ധങ്ങള്‍/ കാതരമെന്‍ മനം സന്ധ്യ ഗായത്രിയും/ ഓര്‍ത്തു പേററ്റതാം കന്യാമഠങ്ങള്‍ ഞാന്‍/ ഓര്‍ത്തു വിശ്വാസം നിഹനിച്ച ജന്മങ്ങള്‍.- കാമനകളെയും പരിമിതികളെയും ഹൃദ്യമായി ആവിഷ്‌ക്കരിക്കുകയാണ്‌ വിനയചന്ദ്രന്‍. താളത്തിലും ഭാവത്തിലും തന്നെ.മുല്ലനേഴിക്കവിതകള്‍ (മലയാളം വാരിക, ഒക്‌ടോ.9) നവീനമായൊരു വായനാനുഭവം നല്‍കുന്നു. ഒഴുക്ക്‌, കൂട്ട്‌ എന്നിങ്ങനെ രണ്ടു രചനകള്‍. ഒഴുക്കില്‍ മുല്ലനേഴി എഴുതി: വറ്റാത്ത കണ്ണീരുമായ്‌/ രാവുകള്‍ പിന്നിട്ടീടും/ മര്‍ത്ത്യനില്‍ പൂക്കാന്‍/ കാത്തുനില്‍ക്കയാണൊരു സ്വപ്‌നം.- എന്നിങ്ങനെ ഒഴുക്കായി കടന്നുപോകുന്ന ജീവിതക്കാഴ്‌ച. കഥാന്ത്യം എന്ന കവിതയില്‍ പഴവിള രമേശന്‍: വാസവദത്തേ/ വാസരാന്ത്യ പ്രതീകമേ/ ശ്വാസഗതി/ ഇനിയും നിലച്ചിട്ടില്ലല്ലോ.-(കലാകൗമുദി 1779). കരുണയിലെ നായികയെ തൊട്ടുകൊണ്ട്‌ പഴവിള സ്‌ത്രീജീവിതത്തിന്റെ ഒഴുക്കിലേത്ത്‌ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. ജനശക്തിയില്‍ (ഒക്‌ടോ.3) സലാം കെ. പി. യുടെ ചോദ്യം: ഒരൊട്ടകപ്പക്ഷിക്ക്‌/ അനങ്ങാതെ എത്രകാലം/ ഒരേ കിടപ്പ്‌ തുടരാകും?- (ഒട്ടപ്പക്ഷി). സത്യത്തിനു നേരെ മുഖം തിരിഞ്ഞുനില്‍ക്കുന്നവരോടാണ്‌ സലാമിന്റെ ചോദ്യം. ഇതിന്‌ ഉത്തരം നല്‍കേണ്ടത്‌ കാലമാണെന്ന്‌ നമുക്ക്‌ ആശ്വസിക്കാം.സെബാസ്റ്റ്യനും സി. എസ്‌. ജയചന്ദ്രനും കവിതയുടെ കരുത്തുമായി തിരിച്ചെത്തിയിരിക്കുന്നു. മാധ്യമം ആഴ്‌ചപ്പതിപ്പിലെ (ഒക്‌ടോ.12) രണ്ടു കവിതകള്‍. സെബാസ്റ്റ്യന്‍: കുഞ്ഞുപുല്ലുകള്‍/ എഴുന്നേറ്റുനിന്നു/ കൈവീശി/ കളിയാക്കി- (പ്രാണഭയം). സി. എസ്‌. ജയചന്ദ്രന്‍ ഇങ്ങനെ എഴുതുന്നു: കഴിഞ്ഞ ജന്മത്തില്‍ നിന്ന്‌/ ഞാന്‍ കൊണ്ടുവന്നത്‌/ കണ്ണുചിമ്മുന്ന ശീലത്തെയാണ്‌/ അടുത്ത ജന്മത്തേയും ഞാന്‍/ കൊണ്ടുപോകുന്നതോ/ കാലുറയ്‌ക്കാത്ത കാലത്തെ.-(വെള്ളെഴുത്ത്‌). ഇന്ന്‌ മാസികയില്‍ (സപ്‌തം.ലക്കം) ലതീഷ്‌ കീഴല്ലൂര്‍: ഞാനും നീയും/ എന്നും തളരാതെ/ വിഴുപ്പുകളക്കി-/ ക്കൊണ്ടേയിരിക്കുന്നു.-(വിഴുപ്പലക്കല്‍). കാലഭേദങ്ങളില്ലാതെ തുടരുന്ന പ്രക്രിയയാണ്‌ ലതീഷ്‌ എഴുതിയത്‌. മഞ്ഞുതുള്ളിയിലൊരു കാനനം. കവിതാപുസ്‌തകം: അമ്പത്തിനാല്‌ കവിതകളുടെ സമാഹാരത്തിന്‌ പേര്‌ ഉടുമ്പിന്റെ വീട്‌. കവിതയുമായി അടുത്ത ബന്ധമില്ലാത്ത പേര്‌. പക്ഷേ, രചനകള്‍ ഓരോന്നായി വായിച്ചുകഴിയുമ്പോള്‍ നമ്മുടെ സംശയം മാറും. ജീവിതത്തിലെ ചെറുതും വലുതുമായ കടങ്കഥകള്‍ക്ക്‌ കാവ്യഭാഷ കണ്ടെക്കുകയാണ്‌ സലാം. ബദ്ധപ്പാടില്ലാതെ, കഴിയുന്നത്ര സൂക്ഷ്‌മതയോടെ. എഴുത്തില്‍ പുലര്‍ത്തുന്ന ഈ ആത്മാര്‍ത്ഥത തന്നെയാണ്‌ സലാം കെ. പി. യുടെ കവിതകളെ ശ്രദ്ധേയമാക്കുന്നത്‌. ഇവ വായനയില്‍ വേറിട്ടൊരു അനുഭവമാകുന്നു. വേപഥുകളും ഉത്‌കണ്‌ഠകളും ഇഴചേരുന്ന എഴുത്താണ്‌ സലാം കെ. പി. യുടെ ഉടുമ്പിന്റെ വീട്‌ എന്ന കൃതി.- (ഒലിവ്‌, 40രൂപ).
ബ്ലോഗ്‌ കവിത: ബ്ലോഗില്‍ ഈ ആഴ്‌ച കണ്ണീരുപ്പാണ്‌ നിറഞ്ഞത്‌. ബ്ലോഗില്‍ ആദ്യകാലത്തുതന്നെ കവിത എഴുതിക്കൊണ്ടിരുന്ന ജ്യോനവന്റെ (പൊട്ടക്കലം) അപകടമരണം (വാര്‍ത്ത ബ്ലോഗിലൂടെ ആദ്യമെത്തി) മനമെരിയുന്ന വാക്കുകളിലൂടെ എഴുത്തുകാര്‍ സൂചിപ്പിച്ചു. പൊട്ടക്കലത്തില്‍ ജ്യോനവന്‍ അവസാനമായി എഴുതിയ മാന്‍ഹോള്‍ എന്ന കവിതയില്‍ നിന്നും: പവിത്രമായ പാതകളേ/ പാവനമായ വേഗതകളേ/ കേള്‍ക്കുന്നില്ലേ/ ചെവിയുരിഞ്ഞു വീണതിന്നൊപ്പം/ ഒരു ഹമ്മര്‍ കയറിയിറങ്ങിയതാണ്‌. മനസ്‌പര്‍ശത്തിന്റെ അക്ഷരങ്ങളിലൂടെ ജ്യോനവനെ കുറിച്ചുള്ള ഓര്‍മ്മകളാണ്‌ മിക്ക ബ്ലോഗുകളിലും അടയാളപ്പെട്ടത്‌. പുതുകവിതാ ബോഗില്‍ അജീഷ്‌ ദാസന്‍ എഴുതി: എവിടെ നിന്നൊക്കെയോ/ വിയില്‍ വന്നിറങ്ങിയ കുട്ടികള്‍/ ഈ പുഴയുടെ തീരത്ത്‌ നിന്ന്‌/ കാടിനെ നോക്കി എന്തൊക്കെയോ വിളിക്കുന്നു./ കുട്ടികളെ നോക്കി/ കാടും എന്തൊക്കെയോ വിളിക്കുന്നു/ കുട്ടികള്‍ ഉച്ചത്തില്‍ വിളിച്ചു കൂവുന്നത്‌/ അവരുടെ പേരുകള്‍ തന്നെയാണെന്ന്‌/ കാടിനറിയില്ലല്ലോ- ( എക്കോപോയന്റ്‌). തണല്‍ക്കുട എന്ന കവിതയില്‍ ഷഹീര്‍ : പിഴക്കുന്ന കണക്കുകള്‍/ ശരിക്കായുള്ള തിരുത്തലുകള്‍/ മടിക്കുത്തഴിച്ചും അഴിക്കപ്പെട്ടും/ തളര്‍ന്നവര്‍/ തീരകളില്ലാതീരത്ത്‌ തിരകളെണ്ണി ജീവിച്ചവര്‍. ജീവിതത്തിന്റെ കയറ്റിറക്കങ്ങളിലൂടെ യാത്രചെയ്യുന്നവരുടെ രോദനം കേള്‍പ്പിക്കാന്‍ സ്വയം തെരഞ്ഞെടുപ്പ്‌ നടത്തുന്ന ബ്ലോഗെഴുത്തുകാരുടെ കരുത്തും തളര്‍ച്ചയും പ്രതിഫലിപ്പിക്കുന്ന നിരവധി രചനകള്‍ നെറ്റ്‌സ്‌ക്രീനില്‍ തെളിയുന്നുണ്ട്‌. അവ പുതിയകാലത്തിന്റെ ഭാവുകത്വത്തിലേക്ക്‌ വായനക്കാരെ നടത്തിക്കുന്നു. ചില രചനകളെങ്കിലും വായനക്കാരെ തിരിഞ്ഞോടാനും പ്രേരിപ്പിക്കുന്നു. കാമ്പസ്‌ കവിത: പുതുകവിതയുടെ തുടിപ്പുകള്‍ പ്രത്യക്ഷപ്പെടുത്തുന്നതില്‍ കാമ്പസിനു മികച്ച പങ്കുണ്ട്‌. എഴുപതുകളുടെ പ്രക്ഷുബ്‌ധതയ്‌ക്കു ശേഷവും കാമ്പസ്‌ മലയാളകവിതയുടെ വേരിളക്കിക്കൊണ്ടിരിക്കുന്നു. തലയുര്‍ത്തിപ്പിടിച്ച്‌ സ്വാതന്ത്ര്യത്തോടെ, പറയാനുള്ളത്‌ പറയുന്നു. കാമ്പസ്‌ കവിതയുടെ രൂപഭാവങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചില രചനകള്‍ മാതൃഭൂമി (ഒക്‌ടോ.11) മാഗസിനില്‍ വായിക്കാം. അസ്‌ലു റഷാദ്‌, ബാലുശ്ശേരിയുടെ ഫ്യൂണറല്‍: അക്ഷരങ്ങള്‍ പൂവിട്ടാലോ/ വാക്കുകള്‍ കായകളായാലോ- എന്നിങ്ങനെ സംശയത്തിന്റെ തിരയിളക്കം തീര്‍ക്കുന്നു. മനസ്സ്‌ എന്ന രചനയില്‍ അനുപമ സി. എസ്‌., പാലക്കാട്‌: അറിയുകതെന്നെ നീയെന്നും/ അതെ, ഞാനാണ്‌ നിന്റെ മനസ്സ്‌.- പാരസ്‌പര്യംത്തിന്റെ ദിശാസൂചികയിലേക്ക്‌ ഒരെത്തിനോട്ടമാണിത്‌. ദീപ എം, മലപ്പുറത്തിന്‌ എഴുതാനുള്ളത്‌: തുമ്പിക്കിരിക്കാന്‍ തുമ്പപ്പൂക്കളില്ല/ അകലത്തു ടെറസില്‍ കണ്ട/ ഓര്‍ക്കിഡിലിരുന്ന/ തുമ്പി പിടഞ്ഞുവീണു/ അതൊരാത്മഹത്യയായിരുന്നു!- (രണ്ടുകവിതകള്‍): ചോദ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട്‌ രഹസ്യങ്ങള്‍ കണ്ടെത്താനായി മനുഷ്യമനസ്സ്‌ നടത്തിയ സാഹസിക യാത്രയാണ്‌ കവിത നിര്‍മ്മിച്ചത്‌.- (കെ. പി. അപ്പന്‍, കലഹവും വിശ്വാസവും)-നിബ്ബ്‌ 11-10-2009

Wednesday, September 30, 2009

അക്ഷരങ്ങള്‍ പോകുന്നിടം


ക്യാമറയുടെ ഭാഷ.ഫെര്‍ണോ ഒരു സാധ്യതയാണ്‌. ഹിമപര്‍വ്വത പിളര്‍പ്പില്‍ അകപ്പെട്ടുപോയവന്റെ വിഹ്വലതകളാണ്‌ അയാളുടെ കുട്ടിക്കാലത്തിന്‌. മഴനനയുന്ന, ഇരുണ്ട സന്ധ്യകള്‍. നെഞ്ചെരിഞ്ഞു തേങ്ങുന്ന കുട്ടിക്കാലത്തിന്റെ ദൃശ്യപഥങ്ങളില്‍ നിന്നാണ്‌ നാം കണ്ടു തുടങ്ങുന്നത്‌.നിങ്ങള്‍ നോവല്‍ വായിക്കുകയല്ല. ക്യാമറയുടെ ഭാഷ കാണുകയാണ്‌. ഒരു കലാകാരന്‍ എന്ന നിലയില്‍ എനിക്ക്‌ എന്നോടുതന്നെ വലിയ സത്യസന്ധത കാണിക്കേണ്ടതുണ്ട്‌. ഞാനുണ്ടാക്കുന്ന സിനിമയില്‍ ഞാന്‍ അനുഭവിച്ച ജീവിതം തിരിച്ചറിയാന്‍ കഴിയണമെന്നു മാത്രമല്ല, എന്റെ പ്രേക്ഷകരെ അത്‌ അനുഭവിപ്പിക്കണമെന്നും എനിക്ക്‌ നിര്‍ബന്ധമുണ്ട്‌.- ഇത്‌ വി. ആര്‍. സുധീഷിന്റെ വിധേയം എന്ന ലഘുനോവലിലെ ഒരു സന്ദര്‍ഭം. എഴുതുന്ന വിഷയം വായനക്കാരുടെ മനസ്സില്‍ പതിയണമെന്ന ആഗ്രഹം മലയാളത്തിലെ എത്ര കവികള്‍ക്കുണ്ട്‌? ഇത്തരമൊരു ചിന്ത ഒട്ടുമിക്ക എഴുത്തുകാര്‍ക്കുമില്ല. സൗന്ദര്യബോധത്തിന്റെ വെളിപാടിലേക്ക്‌ എത്താന്‍ കഴിയാത്തവിധം നമ്മുടെ കവികള്‍ കടുത്ത യുക്തിയുടെ ശാഠ്യങ്ങളില്‍ അകപ്പെട്ടിരിക്കുന്നു. അത്‌ പച്ചിലകളിലും ദര്‍ഭപ്പുല്ലിലും പരിഹരിക്കാന്‍ കഴിയില്ല. വന്യമായ നോവിന്റെ ഇളകിയാടലിലാണ്‌ കവിതയുടെ വ്യത്യസ്‌തമാനം തെളിയുന്നത്‌. പുതിയ കവിതയുടെ ഈയൊരു വിതാനത്തിലെത്താന്‍ മലയാളത്തിലെ പുതുകവിതകള്‍ക്ക്‌ സാധിക്കുന്നില്ല. നക്ഷത്രങ്ങളെ വിതാനിച്ചുകൊണ്ടുള്ള കവിതയെന്ന്‌ പേരിട്ടുവിളിക്കാന്‍ സാധിക്കുന്ന കുറെ രചനകളുമായി കഴിഞ്ഞവാരം ആനുകാലികങ്ങളെത്തി. ഗിരീഷ്‌ പുത്തഞ്ചേരി കഠിനോപനിഷത്ത്‌ എന്ന രചനയില്‍ എഴുതി: അഭിശാപജാതകത്തിന്റെ/ ചിതലരിച്ച പനയോലമേല്‍/ ഗണിതം തെറ്റിപ്പോയൊരു/ ജീവിതത്തിന്റെ ഫലിതം/ പേര്‍ത്തെടുക്കുന്ന ഞാനോ- (മലയാളം വാരിക, ഒക്‌ടോ.2). തിരക്കഥയിലും പാട്ടുകളിലും മാത്രമല്ല, കവിതയിലും ഗിരീഷിന്റെ അഭിശാപജാതക ചിന്ത ഒഴിയുന്നില്ല. എരിക്കിന്‍പൂക്കള്‍ എന്ന കവിതയില്‍ ലക്ഷ്‌മി ദേവി പറയുന്നു: കരളിന്റെ മുറിവിന്റെ പിളരുന്ന നോവിനെ/ തറയോടു പാകി ഞാന്‍ മൂടി/ അതിലൂടെയെങ്കിലുംമൊലിച്ചിറങ്ങുന്നെന്റെ/ കടലാസിലേക്കിറ്റു രുധിരം, വിങ്ങി/ യെരിയുന്ന ഹൃത്തിന്റെ മധുരം- (കലാകൗമുദി 1778). അയ്യപ്പപ്പണിക്കര്‍ ഈ കവിത വായിക്കാന്‍ ഇടവരാത്തത്‌ നന്നായി. രാത്രികള്‍ പകലുകള്‍ ഒരാവര്‍ത്തി വായിക്കാന്‍ പ്രചോദനമാകട്ടെ.

സച്ചിദാനന്ദന്‍ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ പനി എഴുതിയിട്ടും കേരളത്തില്‍ പനി വ്യാപാരം തുടരുന്നു. പിന്നെന്തിന്‌ രാഘവന്‍ അത്തോളി എഴുതാതിരിക്കണം? സ്‌തുതിപാടുക നാം സ്‌തുതി പാടുക (അയ്യപ്പപ്പണിക്കരോട്‌ കടപ്പാട്‌). രാഘവന്‍ അത്തോളിയുടെ പനികള്‍ സമകാലീനപനികളെല്ലാം വിവരിക്കുന്നു: രാഷ്‌ട്രീയ ദുഷ്‌ടലാക്കു പനികളാകുന്നു/ വംശവെറികളും പനികളാകുന്നു/ മഴകളൊക്കെയും പനികളാകുന്നു/ ഉദയസൂര്യനും ഉദിക്കുന്ന ചന്ദ്രനും/ ഇദയരാഗവും പനികളാകുന്നു/ പനികളൊക്കെയും ശനികളാകുന്നു- (കലാകൗമുദി 1778). ഉറങ്ങുന്ന സുന്ദരി എന്ന വി. എം. ഗിരിജയുടെ കവിതയ്‌ക്ക്‌ മൂന്നുഖണ്‌ഡങ്ങളുണ്ട്‌. ഉറങ്ങുന്ന സുന്ദരി, ഉറങ്ങുന്ന സുന്ദരി കുട്ടികള്‍, അഹല്യ എന്നിവ. അഹല്യയില്‍ ഗിരിജ എഴുതി: ഇല്ല പറയുവാന്‍, ഒന്നു തലോടുവാന്‍/ ഇല്ലാ പരസ്‌പരമൊന്നും/ എന്തിനു പിന്നെയുണര്‍ത്തി, നീയാശ്രമ/ മണ്ണില്‍പ്പറിച്ചുനടാനോ- (മാതൃഭൂമി, ഒക്‌ടോ.4). ഗിരിജയുടെ ചോദ്യമുന രാമന്മാരുടെ മനസ്സ്‌ തുറപ്പിക്കുമെന്ന്‌ പ്രതീക്ഷിക്കാം.യോഗമുദ്രയില്‍ രജനി ആന്‍ഡ്രൂസ്‌: കാലം വിസ്‌തൃതപ്പാത/ ഇറങ്ങേണ്ടിടം പറയാതെ/ നീണ്ടു തരുന്നൂ മുന്നിലേക്ക്‌.- (മാതൃഭൂമി). എന്നിട്ടും ജീവിതം നീണ്ടുപോകുന്നു. തോര്‍ച്ച മാസികയുടെ സപ്‌തംബര്‍ ലക്കത്തില്‍ നിന്നും: മഷി നിറച്ചു വരുമ്പോഴേക്കും/ നീലനിറമുള്ള നിശ്വാസങ്ങള്‍ക്ക്‌/ ലീക്കടിക്കാന്‍ തുടങ്ങിയിരിക്കും- (അജിതന്‍ ചിറ്റാട്ടുകര). എസ്‌. ജോസഫ്‌: എലിയെ പിന്തുടര്‍ന്ന്‌ ഗോവണി/ കേറിപ്പോയ കണ്ണുകള്‍/ ഓടിട്ട മേല്‍ക്കൂരയില്‍/ പുക കേറുക മൂലം/ ചെമ്പിച്ച നിറം കൊണ്ട ചില്ലിലെ/ ചന്ദ്രനെത്തട്ടി നിന്നു. എഴുത്ത്‌ എന്ന രചനയില്‍ രോഷ്‌നി സ്വപ്‌ന എഴുതി: പറഞ്ഞുതീരും മുമ്പ്‌/ കണ്ണടയും/ അടഞ്ഞുതീരും മുമ്പ്‌/ ഉള്ളതും ഇല്ലാത്തതും/ ഒക്കെക്കൂടിയ/ ഒരു തണുത്ത മൗനം മൂടും. പുതുകവിതയുടെ കരുത്ത്‌ തിരിച്ചറിയാന്‍ വിമുഖതകാണിക്കുന്ന രാജേന്ദ്രന്‍ എടത്തുംകരയ്‌ക്കുള്ള(മലയാളം വാരിക-ലേഖനം) മറുപടി തോര്‍ച്ചയിലുണ്ട്‌. നിരൂപകന്‍ വരയ്‌ക്കുന്ന കള്ളിയില്‍ എഴുതുന്നവരല്ല എഴുത്തുകാര്‍. നിരൂപകരെ അധികവായനയിലേക്ക്‌ നടത്തിക്കുന്നവരാണ്‌. പതിരുകള്‍ പുതിയകാലത്തു മാത്രമല്ല, ടി. പത്മനാഭന്‍ കവിത വായിച്ചുശീലിച്ച സംശുദ്ധതയുടെ ശോഭനകാലത്തും ഉണ്ടായിരുന്നു. കാലം തന്നെ കളപറിക്കുമ്പോള്‍ നിരൂപകനെന്തു ജോലി? ഉത്തരം ലളിതം- സ്വന്തമായൊരു സൗന്ദര്യബോധം. കെ. പി. അപ്പന്റെ വാക്കുകള്‍: പുതുതായി എന്തെങ്കിലും പറയാനില്ലെങ്കില്‍ ഞാന്‍ എഴുതുകയില്ല. ശൂന്യമായ പെട്ടി തുറന്നു കാണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.- (വരകളും വര്‍ണ്ണങ്ങളും).കവിതാപുസ്‌തകം: സഹനം കണ്ട വിറകുകൊള്ളികള്‍ നീറി നീറി തേങ്ങുന്നതിന്റെ ഒച്ചനക്കമാണ്‌ സക്കീര്‍ഹുസൈന്‍ എന്ന എഴുത്തുകാരന്‍ കേള്‍പ്പിക്കുന്നത്‌. എവിടെനിന്നും എപ്പോഴും ഉയരുന്ന തന്റെ കൈകളില്‍ ജീവനുള്ള കവിതയുണ്ടെന്ന്‌ ആത്മവിശ്വാസത്തോടെ വിളിച്ചു പറയുന്നു കവി. മുപ്പത്തിയഞ്ച്‌ കവിതകളുടെ സമാഹാരത്തിന്‌ അക്ഷരങ്ങള്‍ പോകുന്നിടം എന്നാണ്‌ സക്കീര്‍ ഹുസൈന്‍ പേരിട്ടുവിളിച്ചത്‌. ജെ. ആര്‍. പ്രസാദിന്റെ കവിതപറയുന്ന ചിത്രങ്ങളും സക്കീറിന്റെ വരികളുടെ ആഴം അനുഭവപ്പെടുത്തുന്നു. കാഴ്‌ചകള്‍ക്കപ്പുറത്തേക്ക്‌ വായനക്കാരെ നടത്തിക്കുന്ന കവിതകള്‍. പി. കെ. ഗോപി അവതാരികയില്‍: ഭാഷയില്‍ എവിടെയും കുഴിച്ചു നോക്കുക, കവിത കിട്ടും. പക്ഷേ, ജീവിതത്തിന്റെ നന്മയിലും നൈര്‍മല്യത്തിലും വിശ്വാസമുണ്ടാകണമെന്നുമാത്രം. ജീവിത്തിലുള്ള ആത്മവിശ്വാസമാണ്‌ സക്കീറിന്റെ കവിതകളുടെ കരുത്ത്‌- (ഒലിവ്‌, 40രൂപ). ബ്ലോഗ്‌കവിത: ബൂലോകകവിതാ ബ്ലോഗില്‍ നിന്നും രണ്ടുകവിതകള്‍. ഹരീഷ്‌ കീഴാവൂര്‍ എഴുതുന്നു: വെയിലും/ മഴയും/ പിന്നെ കണ്ടവന്റെ/ കണ്ണേറും കൊണ്ട്‌/ നല്ലതാകാതിരിക്കാനായി/ ചീത്തകളെ/ നമ്മള്‍ പൊതിഞ്ഞ്‌/ പിടിക്കുന്നത്‌. കാവ്യാന്ത്യത്തില്‍ ഹരീഷ്‌ ചോദിക്കുന്നു: കവിതയൊരു മുഴുത്ത ചീത്തയാകുമോ?. വി. മോഹനകൃഷ്‌ണന്‍: ഞാന്‍ തൊലിയടര്‍ത്തി നോക്കി/ അപ്പോള്‍ ഉള്ളികള്‍ പറഞ്ഞു/ അടര്‍ന്ന തൊലികളാണ്‌/ ഞങ്ങളുടെ അര്‍ത്ഥം. പുതുകവിതാ ബ്ലോഗില്‍ ടി. എ. ശശിയുടെ കവിതയില്‍ നിന്നും: ഒരിടത്ത്‌ കാറ്റിന്‍/ ശിഷ്‌ടമുണ്ടോ/ ഒരുപിടി മണ്ണില്‍/ അതില്‍ ധൂളിയായ്‌/ തരികളായ്‌ തീര്‍ന്ന/ ശവശിഷ്‌ടം പോലെ.നീഹാരി ബ്ലോഗില്‍ മഹി എഴുതുന്നു: കടലാസുകളില്‍ അവര്‍ പറയുന്നു/ അവര്‍ നിങ്ങളുടെ മിത്രങ്ങളാണെന്ന്‌/ അവര്‍ നിങ്ങള്‍ക്കായി സമാധാനം/ കൊണ്ടുവരുമെന്ന്‌/ ചരിത്രത്തിന്റെ ഓരോ വയലുകളിലും/ അമര്‍ന്ന്‌ നിശബ്‌ദമാവുന്നതിനെക്കുറിച്ച്‌/ നിങ്ങളെക്കാള്‍ നന്നായി ആരറിയാനാണ്‌?- (ആരറിയാനാണ്‌). തര്‍ജ്ജനിയില്‍ നവീന്‍ ജോര്‍ജ്ജ്‌: മരത്തെ ഓക്കാനിച്ചു/ കളയുന്നതിന്റെ ഒരു പാട്‌/ ഇല്ലെങ്കില്‍/ മരം തള്ളുന്നതിന്‌/മരം മണക്കുന്നതിന്‌/ പഴി കേട്ടെന്നു വരും!- (മരം കയറ്റവും മറ്റും.)-നിബ്ബ്‌ 4-10-2009

Friday, September 25, 2009

കഥ: ആയുസ്സിന്റെ അടയാളം

അന്തൂക്ക പെന്‍സില്‍പോലെ മെലിഞ്ഞ ഒരു ചെറുപ്പക്കാരനേയും കൂട്ടി എന്നെ കാണാന്‍ വന്നു. വ്‌ന്റെ നിക്കാഹാണ്‌. പ്രഫസര്‍ ഇവനെ ഒന്നു തടിപ്പിച്ചു തരണം. ഇങ്ങനെയുള്ളവര്‍ക്ക്‌ കോര്‍ട്ടിസോണ്‍ കൊടുത്താല്‍ പെട്ടെന്ന്‌ തടി വെയ്‌ക്കും. കോര്‍ട്ടിസോണ്‍ കൊടുക്കാന്‍ പാടില്ലാത്തതാണ്‌. ചെറുപ്പക്കാരന്റെ നിക്കാഹിന്‌ അധികം മാസങ്ങളുമില്ല. പുതുമാപ്ലയായ താന്‍ ഇത്തിരി മസിലോ, തടിയോ കൊതിച്ചുപോയതില്‍ തെറ്റുണ്ടോ എന്ന ഭാവത്തില്‍ ചെറുപ്പക്കാരന്‍ നോക്കിയതോടെ എന്റെ മനസ്സലിഞ്ഞു. ഞാന്‍ കോര്‍ട്ടിസോണ്‍ ഗുളികകള്‍ കുറിച്ചു കൊടുത്തു.മൂന്നാനാലു മാസങ്ങള്‍ കൊണ്ടു കോര്‍ട്ടിസോണ്‍ പണിപറ്റിച്ചു. പുയ്യാപ്ല കൊഴുത്തുതടിച്ചു. ഇംഗ്ലീഷ്‌ സിനിമകളിലെ നായകന്മാരെപ്പോലെയായി. ഈ ഗുട്ടന്‍സും കൊള്ളാമല്ലോ. അപ്പോഴാണ്‌ മെലിഞ്ഞിരിക്കുന്നതിനാല്‍ നിക്കാഹ്‌ ശരിയാകാതിരുന്ന കുറെ പെണ്ണുങ്ങളുടെ മുഖങ്ങള്‍ അന്തൂക്കയുടെ മുന്നിലൂടെ ഫാസ്റ്റ്‌ ഫോര്‍വേര്‍ഡ്‌ അടിച്ചു പോയത്‌. അന്തൂക്ക പ്രശ്‌നത്തിലിടപ്പെട്ടു. കോര്‍ട്ടിസോണ്‍ ഗുളികകള്‍ ഡോക്‌ടറുടെ കുറിപ്പടി പ്രകാരമേ മെഡിക്കല്‍ സ്റ്റോറില്‍ നിന്ന്‌ കിട്ടൂ.അന്തൂക്കയുടെ മെഡിക്കല്‍ സ്വാധീനം അതിനെയൊക്കെ നിഷ്‌പ്രഭമാക്കി. 1 പോലെയിരുന്ന പെണ്ണുങ്ങള്‍ ഠ പോലെ തടിച്ചു. ദേഹമൊക്കെ നന്നാക്കി. അവര്‍ കല്യാണബ്രോക്കര്‍മാരുടെ നോട്ടപ്പുള്ളികളായി പരിലസിച്ചു. നാട്ടില്‍ അന്തൂക്കയുടെ ജനപ്രീതി കുത്തനെ ഉയര്‍ന്നു- ഇത്‌ ഡോ. സി.കെ. രാമചന്ദ്രന്റെ അലിവുള്ള അന്തൂക്ക എന്ന ലേഖനത്തില്‍ നിന്ന്‌. ചികിത്സിച്ചും ചിരിച്ചും (മനോരമ) പോകുന്ന മനോധര്‍മ്മവും ചികിത്സാ വഴക്കവുമുള്ള ഒരു ഡോക്‌ടറുടെ വിവരണം. കഥയിലൂടെ കാര്യം പറച്ചിലിന്റെ ചാരുതയും ഹൃദ്യതയും ഡോ. സി. കെ. രാമചന്ദ്രന്റെ ലേഖനത്തില്‍ പതിഞ്ഞുനില്‍പുണ്ട്‌. പറച്ചിലിന്റെ ഈ ലാളിത്യവും സംവേദനക്ഷമതയും ഒത്തിണങ്ങിയ എത്ര കഥകളും കഥാകാരന്മാരും മലയാളത്തിലുണ്ട്‌. പ്രശസ്‌ത കഥാകൃത്ത്‌ ടി. പത്മനാഭന്‍ മുതല്‍ തനൂജ വരെയുള്ളവരുടെ ലിസ്റ്റ്‌ തയ്യാറാക്കിയാല്‍ അവരുടെ എണ്ണം രണ്ടു കൈവിരലില്‍ എണ്ണിത്തീര്‍ക്കാവുന്നതേയുള്ളൂ. മലയാളകഥയുടെ പുതിയ വഴി അത്രമാത്രം ശോഭനമല്ലെന്നാണ്‌ കഴിഞ്ഞമാസത്തെ ആനുകാലികങ്ങള്‍ നല്‍കുന്ന വായനാനുഭവം. ഭേദപ്പെട്ടവ ചികഞ്ഞെടുക്കുമ്പോള്‍ വായനയില്‍ തങ്ങിനില്‍ക്കുന്ന കുറച്ചു കഥയും കഥാകൃത്തുക്കളും ആശ്വാസമാകുന്നു. ഓണപ്പതിപ്പുകളില്‍ വീണ്ടും വായിക്കാന്‍ പ്രേരിപ്പിക്കുന്നവയില്‍ ചിലത്‌. എന്‍. എസ്‌. മാധവന്‍ മനോരമ വാര്‍ഷികത്തില്‍ എഴുതിയ കടപ്പുറത്ത്‌ ഒരു സായാഹ്നം പറയുന്നത്‌ ഭീകരതയുടെ പിന്നാമ്പുറമാണ്‌. കഥാകാരന്‍ എഴുതി: ദൂരം ഞങ്ങളെ വല്ലാതെ അകറ്റിക്കഴിഞ്ഞു വെന്ന്‌ എനിക്ക്‌ ആദ്യമായി തോന്നി. അല്ലെങ്കിലും ദൂരത്തിന്റെ ധര്‍മ്മം അകറ്റുക എന്നല്ലേ? എന്റെ കണ്ണു നിറയുന്നത്‌ കണ്ട്‌ സൈറ എന്നോടു ചേര്‍ന്നിരുന്നു.- കടല്‍ക്കരയില്‍ നിന്നും കുട്ടികളുടെ ഭാവമാറ്റത്തിലേക്ക്‌ കണ്ണോടിക്കുന്ന കുടുംബം. പരസ്‌പരം അപരിചിതരായി മാറുന്ന തലമുറയുടെ ചിത്രമാണ്‌ എന്‍. എസ്‌. മാധവന്‍ അടയാളപ്പെടുത്തിയത്‌. കഥ കാലിക വിഷയത്തിലേക്ക്‌ ശക്തമായി തിരിച്ചുവരികയാണ്‌.ഭീകരതയും വിധ്വംസക പ്രവര്‍ത്തനങ്ങളുമാണ്‌ മലയാളകഥയുടെ പുതിയമുഖം എഴുതിനിറയുന്നത്‌. മാധ്യമം വാര്‍ഷികപതിപ്പില്‍ കെ. രേഖ എഴുതിയ കാലാകില്ല എന്ന കഥയും സൂചിപ്പിക്കുന്നത്‌ മറ്റൊന്നല്ല. കഥാകാരി പറയുന്നു: പ്രതികാരം ഒരു വലിയ തമാശയാണ്‌. ബി. കെ. ജയ്‌നിനെ വീഴ്‌ത്തുക അജയനെ സംബന്ധിച്ച്‌ അത്ര പ്രയാസമുള്ള സംഗതിയല്ല. പിഴച്ചു പോകുന്ന ചില കണക്കുകള്‍.- വിഷയം മുംബൈ സ്‌ഫോടനം തന്നെ. ഇരുട്ടിന്റെ ചരിത്രമുറങ്ങുന്ന കാലാകില്ലകള്‍. അയാള്‍ നടത്തത്തിന്റെ വേഗത കൂട്ടി. പലരും ഈ വേഗതയ്‌ക്ക്‌ ആക്കം കൂട്ടിക്കൊണ്ടിരിക്കുന്ന വിഷമവൃത്തത്തിലേക്കാണ്‌ കഥാകാരി വായനക്കാരുടെ ശ്രദ്ധക്ഷണിക്കുന്നത്‌.ഭീകരതയും കൊലപാതകവും മാത്രമല്ല, എല്ലാ ബഹളത്തിനുമപ്പുറം ഒറ്റപ്പെടുന്ന മനുഷ്യരുടെ ആത്മരോദനവും കഥ കേള്‍പ്പിക്കുന്നുണ്ട്‌. പെരുമ്പടവം ശ്രീധരന്‍ മാധ്യമം വാര്‍ഷികത്തിലെഴുതിയ ഘനശ്യാമം എന്ന കഥ നോക്കുക: വീടു പൂട്ടിയിറങ്ങുമ്പോള്‍ അയാള്‍ക്കുതോന്നി. താന്‍ ജീവിതത്തില്‍ നിന്ന്‌ ഇറങ്ങിപ്പോവുകയാണെന്ന്‌. എല്ലാ ബന്ധങ്ങളും നഷ്‌ടപ്പെട്ട്‌ തികച്ചും ഏകാകിയായി തീര്‍ന്നതിന്റെ വ്യസനം അയാള്‍ക്ക്‌ സഹിക്കാവുന്നതിലുമപ്പുറമായിരുന്നു... എന്നിങ്ങനെ പെരുമ്പടവം കഥ പറഞ്ഞു തുടങ്ങുന്നു. നഗരത്തിന്റെ ഒഴുകിപ്പരപ്പില്‍ സ്വയം തിരിച്ചറിയാന്‍ സാധിക്കാത്തവന്റെ നിലവിളിയിലാണ്‌ ഈ കഥ അവസാനിക്കുന്നത്‌.- നഗരത്തിന്റെ തിരക്കുകള്‍ക്കിടയിലൂടെ അയാള്‍ കിഴവനെ അന്വേഷിച്ചു നടന്നു. ഒരു സംശയവും ഒരു ചോദ്യവും കൊണ്ട്‌. ആത്മാലാപത്തിന്റെ മഞ്ഞുവീഴ്‌ചയാണ്‌ ഈ കഥ.പാരിസ്ഥിതിക പ്രശ്‌നത്തിലേക്കും ഫ്‌ളാറ്റ്‌ ജീവിതത്തിന്റെ അസഹ്യതയിലേക്കും വാതില്‍ തുറന്നിടുന്ന രണ്ടു കഥകള്‍. സിത്താര. എസ്‌ മാധ്യമം വാര്‍ഷികത്തിലെഴുതിയ ഭൂമിയുടെ അവകാശികള്‍ എന്ന രചന പേരുകൊണ്ട്‌ ബഷീറിനെ കൂടെനടത്തുന്നുണ്ട്‌. പക്ഷേ, വിഷയാവതരണത്തില്‍ സിത്താര പ്രകടിപ്പിക്കുന്ന വൈദഗ്‌ധ്യം മലയാളകഥയുടെ കരുത്ത്‌ വ്യക്തമാക്കുന്നു. കഥയിലൊരിടത്ത്‌ നിന്നും: വലിയൊരു മീനിനെപ്പോലെ ഞാനും ഒഴിഞ്ഞ മനസ്സോടെ, ബാലന്‍സില്ലാതെ, ചേറില്‍ പുതഞ്ഞു നിന്നു. എനിക്കൊഴിച്ച്‌ മറ്റെല്ലാര്‍ക്കും അവകാശമുള്ള മണ്ണ്‌. എന്റെ കാലുകള്‍ക്കിടയില്‍ നിന്നും കുത്തിയൊലിച്ചുപോയി. മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ (സപ്‌തം.27) സുസ്‌മേഷ്‌ ചന്ത്രോത്ത്‌ എഴുതിയ കഥയിലും വിഷയം ആധുനികജീവിതത്തിന്റെ പരിച്ഛേദമാണ്‌. സുസ്‌മേഷ്‌ എഴുതി: കൊറേ മരങ്ങളൊക്കെ നില്‍ക്കുന്ന സ്ഥലമാ. വെലയല്ല. ആ മരങ്ങളൊക്കെ സംരക്ഷിക്കപ്പെടണമെന്നാ അതിന്റെ ഉടസ്ഥര്‍ക്ക്‌. അരവിന്ദാക്ഷനാവുമ്പോ അതൊന്നും വെട്ടിമുറിക്കുകേലല്ലോ- ഞാനൊന്നും പറഞ്ഞില്ല. രാജന്‍പിള്ളയോട്‌ സുമന എന്തൊക്കെയോ ആവേശത്തോടെ സംസാരിക്കുന്നുണ്ട്‌. ചെമ്പകപുഷ്‌പസുവാസിതയാമം മൂളിക്കൊണ്ട്‌ ഞാന്‍ കഴുത്തുപൊക്കി നോക്കി. ഏഴാംനിലയില്‍ നിന്ന്‌ ഇലകള്‍ താഴേക്കു നോക്കി തലയാട്ടുന്നു - (ഹരിതമോഹനം). ഒരു സിനിമയിലെന്നപോലെ മാറുന്ന കാലത്തിന്റെ മുഖത്തെഴുത്താണ്‌ ഈ കഥ. യുവകഥയെഴുത്തുകാരുടെ കാര്‍ക്കശ്യവും ആവിഷ്‌ക്കാരത്തിന്റെ സൗന്ദര്യവും ഒത്തിണങ്ങിയ കഥയും കഥപറച്ചിലും.ചന്ദ്രമതിക്കും ശിഹാബുദ്ദീന്‍ പൊയ്‌ത്തുംകടവിനും പറയാനുള്ളത്‌ മറ്റൊന്ന്‌. ചന്ദ്രമതി പേന വീടകത്തിലേക്ക്‌ തിരിച്ചുപിടിക്കുന്നു. മനോരമ വാര്‍ഷികത്തിലെ പരമ്പരാഗതമായ പ്രായോഗികഗുണങ്ങള്‍ എന്ന കഥയില്‍. സീരിയലുകള്‍ക്കു മുന്നില്‍ ജീവിതം കൊഴിഞ്ഞുതീരുന്ന ജന്മങ്ങളുടെ കഥ. സ്വകാര്യതപോലും നഷ്‌ടമാകുന്ന കാലം. ഇതെല്ലാം വീടിന്റെ അന്തരീക്ഷത്തില്‍ കൂട്ടിയിണക്കുകയാണ്‌ ചന്ദ്രമതി. കഥാകാരി എഴുതുന്നു: ശാന്തമായുറങ്ങുന്ന ഭാര്യയെ നോക്കി ഉറക്കമില്ലാതെ രാജഗോപാലന്‍ സാര്‍ കിടന്നു. അദ്ദേഹത്തിന്റെ മനസ്സില്‍ ഒരേയൊരു പ്രശ്‌നമായിരുന്നു. സ്വഭാവങ്ങളെ ഉരുക്കി ഐസ്‌ക്രീമാക്കി തിന്നുന്ന ആ രാക്ഷസനെ എങ്ങനെ കണ്ടെത്താനൊക്കും?- അയാള്‍ രാക്ഷസനെ സ്വപ്‌നം കാണുന്നു. ഇത്‌ വര്‍ത്തമാനകാലത്തിന്റെ സ്‌പന്ദനമാണ്‌. ശിഹാബുദ്ദീന്‍ പൊയുത്തുംകടവ്‌ പറയുന്നത്‌ തകര്‍ന്നുപോകുന്ന വ്യവസ്ഥിതിയെപ്പറ്റിയാണ്‌. അതിന്‌ കഥാകൃത്ത്‌ കൂട്ടുപിടിക്കുന്നത്‌ തന്റെ കൂടെ പത്രത്തില്‍ ജോലിചെയ്‌ത കുട്ടിയുടെ കഥയാണ്‌. കഥാകാരന്‍ ഫ്‌ളൈറ്റിന്‌ കാത്തുനില്‍ക്കുന്നു. ഫ്‌ളൈറ്റ്‌ വന്നു അയാള്‍ക്ക്‌ കയറാനുള്ള ഊഴമായി. എയര്‍ഹോസ്റ്റസുമാരുടെ സ്‌നേഹാഭിവാദ്യം സ്വീകരിക്കുന്നു. സുരക്ഷയെക്കുറിച്ചുള്ള വേവലാതിയിലേക്ക്‌ കഥാകാരന്‍ ഇറങ്ങിനില്‍ക്കുന്നു. അപ്പോഴാണ്‌ പത്രത്തില്‍ ഫ്രൂഫ്‌ റീഡറായ കുട്ടിയുടെ ചിത്രം ഓര്‍മ്മയിലെത്തുന്നത്‌. ശിഹാബുദ്ദീന്‍ ആ രംഗം വര്‍ണ്ണിക്കുന്നു: നമുക്കെന്ത്‌ ചെയ്യാന്‍ പറ്റും. ദൈവം സ്വന്തം തടി കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്തം ഏറ്റവും കൂടുതല്‍ നല്‍കിയത്‌ അവനവനു തന്നെ ആയിപ്പോയല്ലോ.- (ഫ്രാഡ്‌- മാധ്യമം ഓണപ്പതിപ്പ്‌) കുട്ടിയുടെ വാക്കുകളില്‍ യുദ്ധവും കലാപവും അനിവാര്യമായിരുന്നു. അയാള്‍ ലോകചരിത്രം നിവര്‍ത്തിപ്പറഞ്ഞത്‌ അയാള്‍ ഓര്‍ത്തു. പത്രം പൂട്ടി മള്‍ട്ടി നാഷണല്‍ ഷോപ്പിംങ്‌ സെന്ററായി മാറിയെങ്കിലും കുട്ടി നല്‍കിയ ലോകത്തിന്റെ ചിത്രം അയാള്‍ക്ക്‌ മറക്കാന്‍ കഴിയുന്നില്ല. ആധുനികകാലത്തിന്റെ വാങ്‌മയചിത്രം. കഥയെഴുത്തിന്റെ തീക്ഷ്‌ണത നല്‍കുന്ന രചനകളിലൊന്ന്‌.കഥയെഴുത്തില്‍ സ്വന്തമായൊരു തട്ടകം കാത്തുസൂക്ഷിക്കുന്ന എഴുത്തുകാരനാണ്‌ അക്‌ബര്‍ കക്കട്ടില്‍. മാധ്യമം വാര്‍ഷികത്തിലെ കക്കട്ടിലിന്റെ കഥയില്‍ നിന്ന്‌: എന്തിനാണ്‌ പയ്യന്‍ പരിസര നിരീക്ഷണം നടത്തുന്നതെന്നറിയാതെ സരള ടീച്ചര്‍ ചുറ്റിലും നോക്കി. പെട്ടെന്ന്‌ അവന്‍ ശബ്‌ദം താഴ്‌ത്തി പറഞ്ഞു- ടീച്ചര്‍ വേഗം പോയ്‌ക്കോ. നമ്മള്‍ രണ്ടാളെയും ഇവിടെ ഈ അവസ്‌ഥേല്‌ ഒന്നിച്ചു കണ്ടാല്‍ ആളുകള്‍ സംശിയിക്കും.-(കുറ്റബോധത്തോടെ സാഗര്‍). സിഗരറ്റ്‌ വലിയില്‍ കമ്പം കയറിയ സാഗറിനെ കഥാകാരന്‍ പ്രതിഷ്‌ഠിക്കുന്നത്‌ യു. പി. സ്‌കൂളില്‍ തന്നെ. പുകവലിയില്‍ ബിരുദം നേടിയ സാഗറിന്‌ ജീവിതത്തിന്റെ വഴിത്തിരിവില്‍ ഡോക്‌ടര്‍ നല്‍കിയ ഉപദേശം പാലിക്കാന്‍ സാധിക്കുന്നില്ല.- സാഗറിന്‌ ടെന്‍ഷന്‍ ആളുകയാണ്‌. ഡോക്‌ടര്‍ പോയപ്പോള്‍ ആരോടെന്നില്ലാതെ പറഞ്ഞു: ഞാന്‍ ബാത്‌റൂമില്‍ പോയി ഒരു സിഗരറ്റ്‌ വലിച്ചുവരട്ടെ! അക്‌ബര്‍ ക്കഥയുടെ നര്‍മ്മവും കാര്യവും ഭംഗിയായി പ്രതിഫലിക്കുന്ന രചന.ഇന്ദു മേനോന്‍ മനോരമയിലെഴുതിയ രക്തകാളീ രക്തകാളീ എന്ന കഥയില്‍ നിന്നൊരു ഭാഗം: അയാളുടെ പ്രേമം കേട്ടപ്പോള്‍ കമല പൊട്ടിച്ചിരിച്ചു. മുല്ലപ്പൂ വിടര്‍ത്തിയ ചുണ്ടുകള്‍ക്കിരുപുറത്തും പുച്ഛരസം വീണുകിടന്നു. ചിരി തീരുംവരെ അയാള്‍ പരിഭ്രമിച്ചുതന്നെ നിന്നു.- കഥാന്ത്യത്തില്‍ : അവള്‍ അയാളുടെ ശവക്കുഴി മാന്താന്‍ തുടങ്ങി. അവളുടെ മടിക്കെട്ടഴിഞ്ഞ്‌ വസൂരി മണക്കുന്ന ഒരു കാറ്റ്‌ അവിടെ നിറഞ്ഞു. - അനുരാഗത്തിന്റെ കരിക്കിന്‍വെള്ളം വറ്റിപ്പോയ കാലത്തിന്റെ സാക്ഷ്യപത്രം. ഈ കഥയോട്‌ ചേര്‍ത്തുവായിക്കാവുന്ന മറ്റൊരു കഥ ദേശാഭിമാനിയില്‍(സപ്‌തം.2) കൃഷ്‌ണന്‍ കണ്ണോത്ത്‌ എഴുതിയിട്ടുണ്ട്‌. മണിയനെ കൊല്ലാന്‍ കൃഷ്‌ണമ്മയ്‌ക്ക്‌ കഴിയോ?.കാനേഷ്‌ പൂനൂരിന്റെ ബ്യൂട്ടിപാര്‍ലര്‍ (മാധ്യമം വാര്‍ഷികം) എന്ന കഥയില്‍ ദാരിദ്ര്യത്തിന്റെ കറുത്തചിത്രം തെളിയുന്നു: ഇന്നലെ അമ്മ വൈകിയാണെത്തിയത്‌. കൈയിലെ സഞ്ചിയില്‍ പാതിയോളം അരി. അപ്പോഴെ വിചാരിച്ചു. അടുത്തവീട്ടിലെ പിന്നാമ്പുറത്തു നിന്ന്‌ കുറച്ചു പച്ചമുളക്‌ പൊട്ടിക്കാം. കുറ്റിയില്‍ ഉപ്പ്‌ കാണാതിരിക്കില്ല. ചമ്മന്തിയും കൂട്ടി. -കഥയിലെ ചിന്നനെന്ന കുട്ടിയുടെ ചിന്തകള്‍ ഇങ്ങനെ പോകുന്നു. ബാലമനസ്സാണ്‌ കാനേഷ്‌ എഴുതിയത്‌. ഹൃദ്യമായ രീതിയില്‍തന്നെ.കഥാപുസ്‌തകം: ഇടപെടലിന്റെ 12 കഥകള്‍. ആയുസ്സിന്റെയും കാലത്തിന്റെയും അടയാളങ്ങളാണ്‌ കഥകളെന്ന്‌ സാക്ഷ്യപ്പെടുത്തുന്ന പുസ്‌തകം. കഥയ്‌ക്ക്‌ ചന്ദ്രന്‍ പൂക്കാട്‌ പേരിട്ടുവിളിക്കുന്നത്‌ ആയുസ്സിന്റെ അടയാളങ്ങള്‍ എന്നാണ്‌. ജീവിതം എഴുതുന്നത്‌ കഥയുടെ ദാര്‍ശനിക കണ്ണാടിക്കാഴ്‌ചയിലൂടെയാണ്‌. പ്രതിരോധത്തിന്റെയും പ്രതിബോധത്തിന്റെയും പരാഗങ്ങള്‍ വീണുകിടക്കുന്ന കഥാപുസ്‌തകം. മരുഭൂമി ഹരിതകങ്ങള്‍ അപഹരിക്കുമ്പോള്‍ നോക്കുകുത്തിയായി മാറിനില്‍ക്കേണ്ടി വരുന്നവരുടെ ഗദ്‌ഗദം പൂക്കാടിന്റെ കഥകളില്‍ മുഴങ്ങുന്നു. കഥാപ്രവാഹം വായനക്കാരുടെ മനസ്സുകള്‍ കവിഞ്ഞൊഴുകുന്നു. കഥപറച്ചിലും കഥകളും ഹൃദ്യമാക്കുന്ന കൃതി.-(പൂര്‍ണ, 65രൂപ).

ബ്ലോഗ്‌കഥ: തര്‍ജ്ജനിയില്‍ എം. ഫൈസലിന്റെ കഥ വര്‍ത്തമാനകാലത്തിലേക്കാണ്‌ ഇറങ്ങിനില്‍ക്കുന്നത്‌. സാമൂഹ്യപാഠങ്ങളുടെ വായന എന്നാണ്‌ കഥയ്‌ക്ക്‌ ഫൈസല്‍ പേരിട്ടിരിക്കുന്നത്‌. മകന്‍ സോഷ്യല്‍സ്റ്റഡീസ്‌ പുസ്‌തകം സ്‌കൂളിലേക്ക്‌ കൊണ്ടുപോകാന്‍ മറന്നു. അതേപ്പറ്റി വെറോണിക്കയും ഭര്‍ത്താവ്‌ ഹുമയൂണും തമ്മില്‍ നടക്കുന്ന സംഭാഷണമാണ്‌ കഥാവിഷയം. കഥ പറച്ചിലിനിടയില്‍ ഇന്ത്യയും രാഷ്‌ട്രീയവും വിദ്യാഭ്യാസവും എല്ലാം കടന്നുവരുന്നു. കഥ ഒരു പ്രബന്ധമായി നീണ്ടുനീണ്ടുപോകുന്നു. ഫൈസലിന്‌ ലക്ഷ്യമില്ലാതിരിക്കില്ല. പക്ഷേ, കഥ പറച്ചിലിനു കടമ്പകളേറെയുണ്ട്‌. ബ്ലോഗിലെ മിക്ക കഥാകാരന്മാരുടെയും സ്ഥിതി ഇതുതന്നെ. മനസ്സില്‍ കഥയുണ്ട്‌. അത്‌ സ്‌ക്രീനിലേക്ക്‌ പകര്‍ത്തുമ്പോള്‍ വായനക്കാര്‍ ഞെട്ടുന്നു. കഥ കാണുമ്പോള്‍ ഓടിരക്ഷപ്പെടുന്നു. മറ്റൊരു കഥയിലേക്ക്‌, കഥയുടെ പേര്‌ മരിയവേഗസ്‌. എഴുതിയത്‌ ഇഞ്ചിപ്പെണ്ണ്‌. മധു എന്ന യുവാവ്‌ ഒരു ഹോട്ടലില്‍ വേശ്യയായ മരിയയുമായി ചെലവിടുന്ന മണിക്കൂറുകള്‍ വിവരിക്കുന്ന കഥ. ഇതിലും കഥയുടെ പുതുമയോ, ആവിഷ്‌ക്കാര വൈഭവമോ ഇല്ല.- നിബ്ബ്‌ 29/9/09

Thursday, September 17, 2009

കവിത പൊട്ടുന്നത്‌

അച്ഛന്റെ വ്രതനിഷ്‌ഠകള്‍ നോക്കിപ്പഠിച്ച്‌ ശിവരാജന്‍ കൂടെത്തന്നെയുണ്ട്‌. മറ്റെല്ലാ തെയ്യവും കെട്ടിയാടുമെങ്കിലും പന്നിക്കുളത്തു ചാമുണ്‌ഡിയായി ഉറഞ്ഞാടാന്‍ ഇതുവരെയും ശിവരാജന്‌ ധൈര്യമുണ്ടായില്ല. അത്രയധികം ശക്തിസ്വരൂപിണിയാണ്‌ അമ്മ.മുറ്റത്ത്‌ ക്യാമറ തയ്യാറാക്കി സെയ്‌ദ്‌ മുഹമ്മദും സംഘവും നില്‌പുണ്ട്‌. എന്താണ്‌ പന്നിക്കുളത്തമ്മയുടെ കഥ? സെയ്‌ദ്‌ മുഹമ്മദ്‌ ലളിതയോട്‌ ചോദിച്ചു.ദാരികനെ കൊല്ലാന്‍ ദുര്‍ഗ ഉഗ്രമൂര്‍ത്തിയായി അവതരിച്ചു. മൂന്നുലോകവും വിറപ്പിച്ച്‌ ദേവി തുളുസ്വരൂപത്തിലെത്തി. രാവും പകലുമല്ലാത്ത നേരത്ത്‌ ആകാശത്തിലും ഭൂമിയിലുമല്ലാതെ ചാമുണ്‌ഡി ദാരികനെ വധിച്ച്‌ രക്തം പാനം ചെയ്‌തു.- ലളിത വിശദീകരിച്ചു.വ്രതപ്പുരയില്‍ നിന്ന്‌ ശിവരാജന്‍ അവള്‍ക്കരികിലേക്ക്‌ വന്നു. ലളിത ശിവരാജനോട്‌ ചോദിച്ചു: മുഖത്തെഴുതി വേഷമണിഞ്ഞ്‌ തെയ്യമായി മാറുമ്പോള്‍ എന്താണ്‌ അകത്തുണ്ടാവുക?അല്‌പനേരം ആലോചിച്ചു ശിവരാജന്‍ പറഞ്ഞു: തെയ്യങ്ങള്‍ നമുക്കുള്ളിലുള്ളതാണ്‌. അതുണര്‍ത്തിയെടുക്കലാണ്‌ ആചാരത്തിലൂടെയും തോറ്റത്തിലൂടെയും ചെയ്യുന്നത്‌. ഏതൊരു വേഷം അണിയുമ്പോഴും അതിനുള്ളിലെ മറുശക്തി നമ്മുടെ ഇന്ദ്രിയങ്ങളെ പ്രകൃതിയിലേക്കുണര്‍ത്തും. ആ ഉണര്‍വ്വിന്റെ താളത്തില്‍ പഞ്ചഭൂതങ്ങളും ജ്വലിക്കും. ആ ജ്വലനമാണ്‌ അകത്ത്‌ സംഭവിക്കുന്നത്‌.- ഇത്‌ എം. ചന്ദ്രപ്രകാശിന്റെ ദൈവപ്പനിയിലെ ഒരു സന്ദര്‍ഭം. സര്‍ഗാത്മകതയുടെ അകമെരിച്ചലിലേക്കാണ്‌ നോവലിസ്റ്റ്‌ വായനക്കാരുടെ ഉള്ളുണര്‍ത്തിയത്‌. മലയാളത്തിലെ പുതുകവികളുടെ രചനകളില്‍ ഉള്ളുണര്‍ത്തലിലേക്കുള്ള ചോദ്യമുനകളാണ്‌ തേഞ്ഞുപോകുന്നത്‌. അക്ഷരത്തിന്റെ ദീപ്‌തി കണ്ടെടുക്കലാണ്‌ എഴുത്ത്‌. കവിതയും വ്യത്യസ്‌തമല്ല.

ഓണം കഴിഞ്ഞുണര്‍ന്ന ആനുകാലികങ്ങളില്‍ കവിത എന്ന വ്യാജേന അക്ഷരം കൂട്ടിയെഴുതിയവരുടെ നിരയില്‍ ശ്രീകുമാര്‍ കരിയാട്‌, എല്‍. തോമസ്‌കുട്ടി, ബി. ശ്രീരേഖ, ബിന്ദു ഒ. എന്‍, കെ. സി. ചന്ദ്രന്‍, മൈനാഗപ്പള്ളി ശ്രീരംഗന്‍ തുടങ്ങിയവര്‍ മുന്നിലുണ്ട്‌. എഴുത്തിനോടും പ്രമേയത്തോടുമുള്ള ആത്മാര്‍ത്ഥയുടെ ഭാഗമാണ്‌ കവിത. ഒട്ടുമിക്ക എഴുത്തുകാരും സജീവമായി നില്‍ക്കുന്നു. പക്ഷേ, ജീവിതത്തിന്റെ ഉരുണ്ടുപോക്കില്‍ കവിതയോട്‌ സത്യസന്ധത പുലര്‍ത്താന്‍ പലര്‍ക്കും സാധിക്കുന്നില്ല.

അക്ഷരങ്ങള്‍ കൊണ്ടല്ല; അക്ഷരങ്ങള്‍ക്കിടയിലെ മൗനം കൊണ്ടാണ്‌ കവിത രചിക്കേണ്ടത്‌. വാക്കിന്റെ തുയിലുണര്‍ത്തു കേള്‍പ്പിക്കുന്ന നിശ്ചലദൃശ്യങ്ങള്‍ എന്ന കവിതയില്‍ പ്രഭാവര്‍മ്മ: എങ്കിലും വീണ്ടും/ ക്യൂവില്‍ നില്‍ക്കുന്നു/ നേരം പോവാ-/നെന്തിതിന്മീതേയൊരു/ സംഗതിയിരിക്കുന്നു- (മലയാളംവാരിക, സപ്‌തം.18). കവിത ആഘോഷങ്ങളില്ലാതെ, നിവര്‍ന്നു നില്‍ക്കുമ്പോള്‍ ചന്തമേറും. ജീവിതത്തിന്റെ ചുമരെഴുത്ത്‌ നടത്തിയ നീലന്‍: അശ്ലീല നഗ്നമാം/ വിള്ളല്‍ മറച്ചു/തൂക്കാം/ നമ്മുടെയീ ചുമരില്‍/നാളെയോര്‍മിപ്പി-/ച്ചൊരക്കക്കലണ്ടര്‍- (ചുമരുകള്‍- മാതൃഭൂമി, സപ്‌തം.20). ഓരോ നിമിഷത്തിലും, വിട്ടുപോകുന്ന ഇടങ്ങളിലും ഇടപെടുന്ന ഒരു എഴുത്തുകാരന്റെ സാന്നിദ്ധ്യം രാവുണ്ണിയുടെ കവിതകളിലുണ്ട്‌. ഒഴിവുകാലം എന്ന കവിതയില്‍ രാവുണ്ണി എഴുതി: ജീവിതത്തില്‍ ഒഴിവുകാലമില്ലല്ലോ/ മരണത്തിനും ഒഴിവുകാലമില്ലല്ലോ.-(ഭാഷാപോഷിണി സപ്‌തംബര്‍).

കവിത ജീവിതത്തിന്റെ നേര്‍ക്കുള്ള കണ്‍നേര്‍പ്പാണ്‌ കാഴ്‌ചയിലും കേള്‍വിയിലും പതിഞ്ഞ വഴികളിലൂടെയുള്ള ഒരു സഞ്ചാരം. വാക്കുകളുടെ വനാന്തരങ്ങളിലൂടെയാണ്‌ ലളിതാ ലെനിന്‍ യാത്ര നടത്തുന്നത്‌. വഴിയറിയാതെ എന്ന രചനയില്‍ ലളിതാലെനില്‍: കല്ലുകളും ചവിട്ടി/വിശന്ന്‌ തളര്‍ന്ന്‌/ നടക്കുക തന്നെ/ വാക്കിന്‍ വിപിനത്തിലൂടെ/ വഴിയറിയാതെ നടക്കുക തന്നെ !-(കലാകൗമുദി 1776).അനിത തമ്പി: നീയില്ല;/ കണ്ണെത്തുന്നിടത്തെങ്ങും കരയില്ല/ കരതേടുന്ന കടല്‍ക്കാക്കകളുമില്ല./ അങ്ങനെയാണ്‌/ ഇത്രമേല്‍ ആഴത്തില്‍/ഞാന്‍/ഒറ്റക്കായത്‌-(കടലിന്റെ അടിത്തട്ടില്‍, മാധ്യമം ആഴ്‌ചപ്പതിപ്പ്‌). ഒറ്റപ്പെടലിന്റെ കാവ്യഭാഷ്യം. ഹൃദ്യവും തീക്ഷ്‌ണവുമാണിത്‌.

ശ്രീകുമാര്‍ കരിയാട്‌: ഇടയ്‌ക്കു മാത്രം/ ഒരു പടക്കം പൊട്ടുംപോലെ/ പണക്കാര്‍/ മിഠായിയുമായെത്തി/ ചിരിക്കുന്നു- ( മനുഷ്യത്തുമ്പികള്‍, ഭാഷാപോഷിണി). എല്‍. തോമസുകുട്ടി: എങ്കിലും/ മണ്ണ്‌/ വേരിനെ/ അറിഞ്ഞു കൊണ്ടേയിരിക്കും/ അറ്റുവീണതിന്‍/ ശേഷവും- (വേര്‌, ഭാഷാപോഷിണി).കെ. സി. ചന്ദ്രന്‍ ദേശാഭിമാനിയിലും (ഇല്ല,നിങ്ങള്‍ക്ക്‌ തോല്‍പിക്കാനാവില്ല), ഭാഷാപോഷിണിയില്‍ ബി. ശ്രീരേഖയും (ദൂരത്ത്‌), ബിന്ദു ഒ. എന്‍ (കറുപ്പ്‌), മൈനാഗപ്പള്ളി ശ്രീരംഗന്റെ അരൂപിയും (ദേശാഭിമാനി) തുടങ്ങിയവ മലയാളകവിതയുടെ മരണ വെപ്രാളം പ്രകടിപ്പിക്കുന്നു.

കവിതാ പുസ്‌തകം

സുറാബിന്റെ പുതിയ കവിതാ സമാഹാരത്തിന്‌ പൊട്ടുന്നത്‌ എന്നാണ്‌ പേരിട്ടത്‌. കടലും കരയും, കവിയരങ്ങ്‌, ഭാവങ്ങള്‍, ഉത്സവങ്ങള്‍, പുതിയ വര്‍ത്തമാനം, കൂട്ടക്ഷരങ്ങള്‍ എന്നിങ്ങനെ ആറുഭാഗങ്ങളില്‍ എഴുപതിലധികം കവിതകള്‍. പ്രവാസം എന്ന കവിതയില്‍ സുറാബ്‌ എഴുതി: കേള്‍ക്കുന്നില്ലേ, എന്റെ കുര/ ഞാനിപ്പോഴും ഈ വരാന്തയില്‍/ ഒറ്റയ്‌ക്കാണ്‌, കാവലാണ്‌.- കവി കാലത്തിന്റെ ശബ്‌ദം കേള്‍പ്പിക്കുന്നു. ജീവിതത്തിന്റെ കാവല്‍ക്കാരനുമാകുന്നു. ഒരു ജന്മത്തില്‍ രണ്ടുവേഷം ആടിത്തീര്‍ക്കുന്നവന്റെ ആത്മവ്യഥയും ആത്മഹര്‍ഷവും ഈ പുസ്‌തകത്തിലുണ്ട്‌. പൊള്ളുന്ന അക്ഷരങ്ങള്‍ കൊണ്ട്‌ കുറിച്ചിട്ട വാക്കുകള്‍ക്ക്‌ കവിതയെന്നു പേരിടുന്നു- അവതാരിക എഴുതിക്കാത്ത കാവ്യസമാഹാരത്തില്‍ സുറാബിന്റെ പിന്‍കുറിപ്പ്‌ ഭംഗിയും അഗാധതയും അനുഭവപ്പെടുത്തുന്നു. പ്രണയിനിക്ക്‌ കാതുമുറിച്ചു കൊടുത്ത കാമുകന്‍- വിന്‍സന്റ്‌ വാന്‍ഗോഗ്‌ കവിതയില്‍ ഒരു കടങ്കഥയായി മാറുന്ന രസതന്ത്രമാണ്‌ ഈ കൃതി.(പ്രസാ: ഒലിവ്‌. 60രൂപ)

ബ്ലോഗ്‌ കവിത

സ്വന്തം വഴിയിലൂടെ തിരുത്തും വെട്ടും ശീലിച്ച്‌ സഞ്ചരിക്കുന്നവരാണ്‌ ബ്ലോഗെഴുത്തുകാര്‍. ഉല്‍ക്കട വിഷാദവും കടുത്ത അതിജീവനത്വരയും ബ്ലോഗുകളില്‍ കൂടുതലായി അനുഭവപ്പെടുന്നു. ഉണങ്ങാത്ത മുറിവുമായി സഞ്ചരിക്കുന്നവരാണ്‌ ബ്ലോഗിലധികവും. സ്വാതന്ത്ര്യവും തടവറയും ജീവിതവും ഒരുമിച്ച്‌ വിധിച്ച്‌ പങ്കുപറ്റുന്നവര്‍. കെ. പി. റഷീദും രഘുനാഥും രാധാമണിയും സാജൂസോമനും എല്ലാം ഓര്‍മ്മപ്പെടുത്തുന്നതും മറ്റൊന്നല്ല. പുതുകവിതാബ്ലോഗ്‌ പെരുന്നാള്‍ പതിപ്പായി അറബ്‌ കവിതകളുടെ മലയാളവിവര്‍ത്തനം ഒരുക്കിയിരിക്കുന്നു.

ബ്ലോഗില്‍ കെ. പി. റഷീദ്‌ എഴുതി: മണ്ണിന്‍ മറവിയില്‍നിന്ന്‌/ പുനര്‍ജനിക്കും/ അന്നേരം ചില കിളിപ്പേച്ചുകള്‍-(കിളി, ചിലപ്പോള്‍). പുതുകവിതാബ്ലോഗില്‍ രഘുനാഥ്‌ ഒ. എഴുതി: പ്രണയത്തിനകല/ മിരു മിഴി ദൂരം/സൗഹൃദത്തിനു/മൗനം.-(അകലം).ബൂലോക കവിതാബ്ലോഗില്‍ നിന്നും: അമ്മ പിന്നെയും/ പാലൂട്ടും നാള്‍/ അമ്മയില്ലാത്ത കുട്ടിക്ക്‌/ പിറന്നാളില്ല- (രാധാമണി അയിങ്കലത്ത്‌- പിറന്നാള്‍).ചിന്തയിലെ തര്‍ജ്ജനിയില്‍ നിന്നും: എന്നാകിലും/ നഷ്‌ടസന്ധ്യയില്‍/ കരഞ്ഞ പെണ്ണിന്റെ/ നീരുണങ്ങാത്ത/ മുഖമാണ്‌ മഴയ്‌ക്ക്‌- (സാജൂ സോമന്‍- മഴ).-നിബ്ബ്‌ 20/09/09

Saturday, September 12, 2009

റേഷന്‍കാര്‍ഡിലെ കവിത

വിശ്വസനീയതയോടെ ഞാന്‍ ആ മനുഷ്യനെ സൂക്ഷിച്ചുനോക്കി. ഒരു നേര്‍ത്ത ചിരിയോടെ എന്റെ മുമ്പില്‍ അയാള്‍ നിന്നു.ഈ ജീവിതം എന്തൊക്കെ അല്‍ഭുതങ്ങളാണ്‌, വിചിത്രമായ കാഴ്‌ചകളാണ്‌ നമുക്ക്‌ തരുന്നത്‌. അയാളോടൊപ്പം അയാളുടെ സാധുവായ ഭാര്യയും പതിമൂന്നും പതിനഞ്ചും വയസ്സ്‌ പ്രായമുള്ള പെണ്‍മക്കളും ഉണ്ടായിരുന്നു. ഇന്നലെ രാവിലെ എന്റെ സുഹൃത്ത്‌ ഇല്യാസ്‌ വന്നു പറയുന്നതുവരെ ഇങ്ങനെയൊരു മനുഷ്യന്‍ ഈ ഭൂമുഖത്തുണ്ടാകുമെന്ന്‌ ഞാന്‍ ചിന്തിച്ചിട്ടുപോലുമുണ്ടാകില്ല- ഇത്‌ സംവിധായകന്‍ കമലിന്റെ ഓര്‍മ്മച്ചിത്രം. പെരുമഴക്കാലം എന്ന സിനിമയിലെ അക്‌ബര്‍ എന്ന നായക കഥാപാത്രം മനസ്സില്‍ വന്നുനിറഞ്ഞതിനെപ്പറ്റിയാണ്‌ കമല്‍ പറഞ്ഞത്‌. കല മനസ്സില്‍ വന്നുനിറയലാണ്‌. കവിതയും വ്യത്യസ്‌തമല്ല. പുതുകവികളില്‍ എത്രപേര്‍ക്ക്‌ ഇത്തരമൊരു കണ്ടെടുക്കലിന്റെ സിദ്ധിയുണ്ട്‌? ഉത്തരം വിരലിലെണ്ണാവുന്നവര്‍ എന്നാകും.
കഴിഞ്ഞ ആഴ്‌ചയിലെ ആനുകാലികങ്ങളും ബ്ലോഗുകളും കുറെ നല്ല കാവ്യരചനകളുമായി പുറത്തിറങ്ങി. വായനക്കാര്‍ക്ക്‌ അത്രയും ആശ്വാസം. കവിത എന്ന പേരില്‍ അക്ഷരങ്ങള്‍ കൊണ്ട്‌ കാല്‍പ്പന്തു കളിച്ചവരും നിരവധി. ബാലചന്ദ്രന്‍ ചുള്ളിക്കാട്‌, പി. എന്‍. ഗോപീകൃഷ്‌ണന്‍, സി. പി. അബുബക്കര്‍, പി. കെ. ഗോപി എന്നിവര്‍ ആദ്യ വിഭാഗത്തില്‍ മുന്നില്‍ നില്‍ക്കുന്നു. രണ്ടാമത്തെ വിഭാഗത്തില്‍ സഹീറാ തങ്ങളും അമൃതയും പന്ന്യന്‍ രവീന്ദ്രനും രാഘവന്‍ അത്തോളിയും മേലൂര്‍വാസുദേവനും സജീവമായി നില്‍ക്കുന്നു.
ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ മണിനാദം എന്ന കവിതയില്‍ എഴുതി: നൃത്തവേദിയില്‍ മിന്നി/ നില്‍ക്കുമിക്കുമാരിതന്‍/ സ്വപ്‌നദീപ്‌തമാം മുഖം/ മറന്നു കഴിഞ്ഞെന്നോ?- (മാതൃഭൂമി, സപ്‌തം:13). പോയകാലത്തിന്റെ പ്രണയപഥം വായിച്ചെടുക്കാനൊരു ശ്രമം. പക്ഷേ, ഇതൊക്കെ ഭംഗിയായി പഴയ കവിതയില്‍ ബാലചന്ദ്രന്‍ തന്നെ പറഞ്ഞതുപോലെ വരണ്ടുപോയിരിക്കുന്നു. സി. പി. അബൂബക്കര്‍ പുതിയകാലത്തിന്റെ ചിത്രം നല്‍കുന്നതിങ്ങനെ: കടം വന്ന ശരീരങ്ങള്‍/ തൂങ്ങിക്കിടന്നു/ പാവം പന്നികള്‍/ ബുദ്ധിജീവികളെപ്പോലെ/ ആരെയോ പഴിച്ചുകൊണ്ടിരുന്നു- (പന്നികളിറങ്ങിയ രാത്രികള്‍- ദേശാഭിമാനി ,സപ്‌തം:13). ഇതേലക്കത്തില്‍ പി. കെ. ഗോപിയും (ഭൂതക്കണ്ണാടിയിലെ ഫോസിലുകള്‍), മേലൂര്‍ വാസുദേവനും (കെണിക്കാലം) എഴുതിയിട്ടുണ്ട്‌. നോക്കെഴുത്തിന്റെ പുതിയ പാഠങ്ങളാണിവ.
അസ്‌മോ പുത്തന്‍ചിറ വാരാദ്യമാധ്യമത്തില്‍: പാപത്തിലേക്ക്‌ നടക്കരുതേയെന്ന്‌/ കാലുകളോട്‌ പറഞ്ഞ്‌/ സ്വര്‍ഗവാതില്‍/ തുറന്നുകൊടുക്കുന്നു.- (വ്രതം). ഇനിയെങ്കിലും ജീവിതമൊന്ന്‌ കരകയറട്ടെ. മാര്‍ഗനിര്‍ദേശവുമായി അസ്‌മോ നില്‍ക്കുന്നുണ്ട്‌.ഇരട്ടക്കവിതകളോട്‌ നമ്മുടെ എഴുത്തുകാര്‍ക്കും പത്രാധിപര്‍ക്കും പ്രിയം കൂടിയിരിക്കുന്നു! ഇതിന്‌ വേണ്ടത്ര തെളിവ്‌ സമീപകാലത്തുണ്ട്‌. അവയില്‍ രണ്ടെണ്ണം. സഹീറാ തങ്ങള്‍ രണ്ടുകവിതകളില്‍ (വാരാദ്യമാധ്യമം ,സപ്‌തംബര്‍6): മുല്ലവള്ളിക്കു പടരാന്‍/ ഒരു തേന്മാവിന്‍ വിത്തുണ്ടവിടെ- (ഗാര്‍ഡന്‍ ലാന്‍ഡ്‌). പരിപൂര്‍ണതയില്‍/ കോപിച്ചാണോ/ ദൈവം ആ ദ്വീപിനെ-/ ഒഴുക്കിക്കളയുന്നതെന്ന്‌/ ഞാന്‍ ചോദിച്ചില്ല/ നീ പറഞ്ഞതുമില്ല.-(സ്വപ്‌ന ദ്വീപ്‌).തേജസിന്റെ ആഴ്‌ചവട്ട(സപ്‌തം:6)ത്തില്‍ രാഘവന്‍ അത്തോളി എഴുതുന്നു: എന്നോടാരും മിണ്ടാനുള്ളത്‌/ കുന്നോടൊത്ത്‌ കുലുങ്ങിക്കോ/ കന്നുകളൊക്കെ മുളച്ചാല്‍ പിന്നെ/ കിന്നാരങ്ങള്‍ക്കെന്തു രസം- (രസം). ചത്തതാരെന്നു/ കൊന്നവന്‍ ക്ഷോഭിച്ചു/ കൊന്നതാരെന്ന്‌/ ചത്തവനങ്ങനെ/ വാര്‍ത്തയാകുവാന്‍/ പത്രമെത്ര വിചിത്രം- (പത്രം).

പി. കെ. ഗോപി എഴുതുന്നു: വെയിലും മഴയും/ മാറി മാറി വന്ന്‌/ കാതില്‍ മന്ത്രിച്ചതൊന്നും/ ആരുടെയും/ ഓര്‍മ്മകളില്ലായിരുന്നു-(കൊമ്പും കുളമ്പും, മാധ്യമം സപ്‌തം:14). ഓര്‍മ്മകളുണ്ടായിരിക്കണമെന്ന്‌ ടി. വി. ചന്ദ്രന്‍ എത്ര ഉറപ്പിച്ചു പറഞ്ഞിട്ടും ജനത്തിനു ബോധ്യമായില്ലെന്ന്‌ കണ്ടിട്ടാകാം ഗോപിയും അതേറ്റു പറഞ്ഞത്‌.

കേരളത്തില്‍ ഒരു കവിതയെങ്കിലും എഴുതാത്തവരുണ്ടോ? ഇങ്ങനെയുള്ള ചോദ്യം അപ്രസക്തമാണെന്ന്‌ ആരും പറയും. കാരണം കാസര്‍ക്കോടു മുതല്‍ തിരുവനന്തപുരം വരെ കവികളെക്കൊണ്ടു നിറഞ്ഞിരിക്കുകയാണ്‌. ആഗോളമായാലും ആസിയാനായാലും കവിതയില്‍ മുഖ്യം പ്രണയം തന്നെ. പിന്നെ മൊബൈലും ഇന്റര്‍നെറ്റുമാകുമ്പോള്‍ സംഗതിയൊന്നു കൊഴുക്കും. പന്ന്യന്‍ രവീന്ദ്രനും ഒരു കവിത ഇങ്ങനെ കുറിക്കുന്നു: പണ്ടൊരു പ്രണയത്തിന്‍ ദൂതുമായരയന്നം/ ഇന്നിതാ പ്രണയത്തിന്‍ മന്ത്രമായ്‌ മൊബൈല്‍ഫോണും- (മൊബൈല്‍പ്രണയം-കലാകൗമുദി ലക്കം1775) സിനിമ കാണാന്‍ തിയേറ്ററില്‍പോയ സന്ദര്‍ഭമാണ്‌ കവിതയ്‌ക്ക്‌ ആധാരം. ദയവു ചെയ്‌ത്‌ ഇതുപോലുള്ള കവിത എഴുതികൊല്ലരുതെന്നാണ്‌ വായനക്കാരുടെ പക്ഷം. രേവതി സംവിധാനം ചെയ്‌ത മിത്ര്‌ എന്ന സിനിമ സഖാവ്‌ ഒന്നു കണ്ടാല്‍ തീരുന്ന പ്രശ്‌നമേയുള്ളൂ. പന്ന്യന്‍ പ്രത്യയശാസ്‌ത്രം മാത്രമല്ല, നളചരിതവും പഠിച്ചിട്ടുണ്ടെന്ന്‌ വ്യക്തം.

അമൃത: തപം ചെയ്‌തെടുക്കട്ടെ ഞാന്‍/ ഇനിയും വറ്റാത്ത കാല്‍പനിക പ്രണയത്തിന്റെ/ മധ്യമഞ്ഞുതുള്ളി കാത്തുവയ്‌ക്കുന്നു ഞാന്‍- (കാല്‍പനികം- മാധ്യമം ആഴ്‌ചപ്പതിപ്പ്‌, സപ്‌തം: 14). പറച്ചിലിന്റെ സുഖം ഈ രചനയ്‌ക്ക്‌ ഉണ്ടോ? അമൃത തന്നെ തീരുമാനിക്കട്ടെ.

കവിതാപുസ്‌തകം

വിമീഷ്‌ മണിയൂരിന്റെ ആദ്യ കവിതാ സമാഹാരത്തിന്‌ റേഷന്‍ കാര്‍ഡ്‌ എന്ന്‌ പേരിട്ടുവിളിച്ചു. സാധാരണക്കാര്‍ക്കും പരിചിതമായ പേരുതന്നെ. പുസ്‌തകത്തിന്റെ ഉള്ളടക്കപേജ്‌ മറിക്കുമ്പോള്‍ 30 കവിതകള്‍. ഓരോ കവിതയും വായിക്കുമ്പോള്‍ മനസ്സിലൊരു പെടപെടപ്പ്‌. വീണ്ടും വീണ്ടും വായിക്കാന്‍ പ്രേരിപ്പിക്കുന്ന കുറെ നല്ല കവിതകള്‍. നിശ്ചലം ദൂരം/ ഞാനോ കുതിക്കുന്നു/ വിട്ടുപോയൊരു വാക്കിന്‍/ വള്ളിച്ചെരുപ്പുമായ്‌-(വിമാനം). ഗിമ്മിക്കുകളൊന്നുമില്ല. എല്ലാം നെഞ്ചിടിപ്പിന്റെ താളത്തിലും ജീവിതത്തിന്റെ വൃത്തത്തിലും എഴുതിയിരിക്കുന്നു. ഇനി വൃത്തത്തിലെഴുതിയില്ലെന്ന്‌ പണ്‌ഡിത ശിരോമണി മഹാരഥന്മാര്‍ ആക്രോശിക്കേണ്ടെന്ന്‌ സാരം. പുതുകവിതയുടെ മാത്രമല്ല പുതുജീവിതത്തിന്റെയും ചൂരുംചൂടും ഈ പുസ്‌തകത്തിലുണ്ട്‌.-(പ്രസാ: പായല്‍. 40 രൂപ).

ബ്ലോഗ്‌കവിത

പുതുകവിതാബ്ലോഗില്‍ നിന്നും: ടെലിഫോണ്‍/ എറിഞ്ഞുടച്ച ഒരാള്‍ക്ക്‌/ നോബല്‍ സമ്മാനം ലഭിച്ചേക്കും/ ഒച്ചയില്‍ നിന്നും/ നിശബ്‌ദത കണ്ടെത്തിയതിന്‌- (പി. എന്‍. ഗോപീകൃഷ്‌ണന്‍- അങ്ങനെയും ഒരു ലോകമുണ്ട്‌)ബൂലോകകവിതാ ബ്ലോഗില്‍ ഹാരിസ്‌ എടവന: വാക്കിനെ മെരുക്കി/ കവിതയാക്കിയൊന്നടുക്കി വെക്കുവാന്‍/ രാവിലുറങ്ങാതിരിക്കുമ്പോഴും/ ഉമ്മ മാത്രമൊരു വരിയായെത്തുന്നില്ല.-(ഉമ്മ സ്വപ്‌നം). ചിന്തയിലെ തര്‍ജ്ജനിയില്‍ നിന്നും ടി. പി. വിനോദ്‌: നമ്മളെക്കുറിച്ചുള്ള/ സ്വപ്‌നത്തില്‍ വീഴ്‌ത്തണം/ ജീവിതം ചൊവ്വിനു/ പഠിപ്പിക്കാന്‍ നമ്മളെ- (അനുശീലനം).ബ്ലോഗില്‍ നിലവാരമുള്ള കവിതകള്‍ രംഗപ്രവേശം തുടങ്ങിയിരിക്കുന്നു. നൂറും നൂറ്റൊന്നും വരട്ടുകവിതകളെഴുതി വായനക്കാരെ ബോറടിപ്പിക്കുന്ന ക്രൂരത ഒഴിഞ്ഞു കിട്ടുന്നു എന്നു മാത്രമല്ല, പി. എന്‍. ഗോപീകൃഷ്‌ണന്‍ ഉള്‍പ്പെടെയുള്ള എഴുത്തുകാര്‍ സജീവമായി ഇടപെടുകയും ചെയ്യുന്നത്‌ ആശ്വാസമാണ്‌. പുതുകവിതാബ്ലോഗില്‍ ഓണക്കാലം ഭംഗിയാക്കിയവരില്‍ മുന്നില്‍ നില്‍ക്കുന്നത്‌ ഗോപീകൃഷ്‌ണനാണ്‌. ബുലോക കവിതാബ്ലോഗില്‍ ഹാരിസ്‌ എടവന എഴുതിയ കവിത- ഉമ്മ സ്വപ്‌നവും തര്‍ജ്ജനിയില്‍ ടി. പി. വിനോദ്‌ എഴുതിയ അനുശീലനവും ന്യൂസ്‌ പ്രിന്റുകള്‍ ഓണക്കാലത്ത്‌ നടത്തിയകഴുത്തറപ്പന്‍ വിനോദത്തില്‍ നിന്നും വായനക്കാരെ രക്ഷിക്കുന്നു (മലയാളത്തിലെ ആനുകാലികങ്ങളുടെ പത്രാധിപര്‍ കോപിക്കാതിരിക്കുക). വാക്കിന്റെ കരുത്തും എഴുത്തിന്റെ അടയിരിപ്പും തെളിഞ്ഞുനില്‍ക്കുന്ന രചനകളാണ്‌ ഓണക്കാലത്ത്‌ ബ്ലോഗുകളില്‍ അടയാളപ്പെട്ടത്‌.-നിബ്ബ്‌

Monday, September 07, 2009

കവിതയില്‍ വീണ്ടും ധൂമകേതു



വീഡിയോ ലൈബ്രറിയില്‍ നിന്ന്‌ എപ്പോഴും അടുപൊളിപ്പടങ്ങളുടെ കാസറ്റുകള്‍ മാത്രമെടുത്തു കണ്ടിരുന്ന മകളെ ഞാന്‍ ഉപദേശിച്ചു. മോളേ ആലചാര്യാല്‌ ചാണകമേ മണക്കൂ; ചന്ദനം മണക്കണമെങ്കില്‍ ചന്ദനം തന്നെ ചാരണം. അപ്പോള്‍ അവള്‍ എന്നോടു ചോദിച്ചു: ആലയുടെ തൂണ്‌ ചന്ദനം കൊണ്ടാണെങ്കിലോ ഉപ്പാവാ?അതിനു ശേഷം ഞാനവളെ ഉപദേശിക്കാറില്ല- ഇത്‌ അക്‌ബര്‍ കക്കട്ടിലിന്റെ ഉപദേശം എന്ന കഥ. കഥാകാരന്റെ ഭാഷയില്‍ തോക്കില്‍ക്കയറി വെടിപൊട്ടിക്കുന്ന തലമുറ. ഏതാണ്ടിതുപോലെയാണ്‌ മലയാളത്തിലെ ഒട്ടുമിക്ക പുതുകവികളും. ആത്മബോധം കൈവെടിഞ്ഞ്‌ എഴുത്തിന്റെ കാര്‍ക്കശ്യം വിസ്‌മരിക്കുന്നു.
നൂറുകവിതകള്‍ മുതല്‍ പുരീഷ കവിത വരെ കുത്തിനിറച്ചുകൊണ്ടാണ്‌ കഴിഞ്ഞവാരം കാവ്യവണ്ടി മാര്‍ക്കറ്റിലെത്തിയത്‌. മാതൃഭൂമി ടി. പി. രാജീവനെക്കൊണ്ട്‌ നൂറുകവിതയാണ്‌ എഴുതിച്ചത്‌ (മാതൃഭൂമി ഓണപ്പതിപ്പ്‌). മാതൃഭൂമി ആരോഗ്യമാസികയുടെ പഴയ ലക്കങ്ങള്‍ പരിശോധിച്ചാല്‍ ഡോ. കെ. ആര്‍. രാമന്‍ നമ്പൂതിരിയുടെ നൂറ്റൊന്ന്‌ ഒറ്റമൂലികള്‍ വിവരണം ഉണ്ടാകുമായിരുന്നു. നമ്മുടെ ഓരോ കവിയും ഒരു രചനവീതം നടത്തി വായനക്കാരെ ശ്വാസം മുട്ടിക്കുമ്പോഴാണ്‌ ടി. പി. രാജീവനും പത്രാധിപരും ഇരകള്‍ക്ക്‌ നേരെ ഏകപക്ഷീയമായ ഭീകരാക്രമണം നടത്തിയത്‌. ഇറാഖില്‍ അമേരിക്കപോലും ഇത്രയും ക്രുരമായ അവകാശലംഘനം നടത്തിയിട്ടില്ല. പാലേരിയില്‍പോലും ഇവ്വിധം പീഡനം നടന്നിട്ടില്ലെന്നാണ്‌ കേള്‍വി (പാലേരിമാണിക്യത്തില്‍ രഞ്‌ജിത്ത്‌ എന്തൊക്കെ കാണിക്കുമെന്ന്‌ കാത്തിരുന്നു കാണാം). ഞാന്‍ സഞ്ചരിക്കുന്ന കുതിരവണ്ടി മുതല്‍ ഞാനൊരു ദൈവമായിരുന്നെങ്കില്‍ വരെയാണ്‌ രാജീവന്റെ നൂറുതിരുവോല. ഒടുവില്‍ എഴുത്തുകാരന്‍ സമാധാനം കൊള്ളുന്നതിങ്ങനെ: എല്ലാ ചുമതലകളും/ ആ ദൈവത്തെ ഏല്‌പിച്ച്‌/ നിന്റെ കണ്ണില്‍ മാത്രം/ നോക്കിയിരിക്കും.- പക്ഷേ, അസഹ്യതയുടെ പാരമ്യതയില്‍ കണ്ണുകളില്‍ ജീവനുണ്ടായിരിക്കാനിടയില്ല.
പച്ചക്കുതിര മാസിക വായനക്കാരില്‍ പലപ്പോഴും ആദരവുണ്ടാക്കിയിട്ടുണ്ട്‌. പ്രത്യേകിച്ചും അതില്‍ വരുന്ന വിഭവങ്ങള്‍. ഓഗസ്റ്റ്‌ ലക്കം പച്ചക്കുതിരയുടെ മനോഹരമായ രണ്ടുപേജുകള്‍ അപഹരിച്ചിക്കുന്നു സുകേതു. പുരീഷമെഴുത്തിന്‌ മലയാളകവിതയിലും പുതുമയില്ല. വൈലോപ്പിള്ളിയുടെ മാമ്പഴത്തിലും സഹ്യന്റെമകനിലും ഭംഗിയായി കവി അത്‌ നിര്‍വ്വഹിച്ചിട്ടുണ്ട്‌. സുകേതുവിന്റെ വരികള്‍ കവിതയല്ല. കവിത എന്ന തെറ്റിദ്ധാരണയില്‍ എഴുതിപ്പോയ പാഷാണമാണ്‌. പച്ചക്കുതിര വില്‍ക്കുന്ന ന്യൂസ്‌സ്റ്റാളുകളുടെ അടുക്കല്‍ ആളുകള്‍ മൂക്കുപൊത്തിയാണ്‌ നടക്കുന്നത്‌. മലയാളകവിതയില്‍ അടുത്തകാലത്തിറങ്ങിയ ധൂമകേതു പുരീഷ വര്‍ണ്ണനയുടെ രൂപത്തിലാണ്‌ എത്തിയത്‌. ഹ്രസ്വരൂപത്തില്‍ വര്‍ത്തമാനകാലത്തിനോട്‌ പ്രതികരിക്കാനറിയുന്ന സുകേതുവാണ്‌ എഴുതിയത്‌. എഴുത്തുകാരന്റെ വകയിലൊരു ഭീഷണിയും- എങ്കില്‍ മറ്റൊരു കഥപറഞ്ഞുതരാം അടുത്തലക്കത്തിലെന്ന്‌!
എ. അയ്യപ്പന്‍ കുലം എന്ന രചനയില്‍ എഴുതി: മറയ്‌ക്കരുത്‌ മക്കളേ/ മഷി വീണു പടര്‍ന്ന ഭൂപടം/ ഞാന്‍/ ദാഹത്തിന്‌/ അരുചി/ ഉപ്പുവറ്റിയ/ ഉടല്‍-(മലയാളംവാരിക ഓണപ്പതിപ്പ്‌). വിജയലക്ഷ്‌മിയുടെ അലക്ക്‌ എന്ന കവിതയില്‍ നിന്ന്‌: വസ്‌ത്രങ്ങളോടു സംസാരിപ്പൂ ഞാന്‍/ വെയിലുച്ചമായെന്ന്‌ കഴുകിയുണങ്ങുവാന്‍/ ഇത്തരിനേരെമേയുള്ളെന്ന്‌ കാറ്റിന്റെ/ കൊച്ചു വിരല്‍ത്തുമ്പു യാത്രയാവുന്നെന്ന്‌/ മുറ്റത്തു വീഴുന്നിതാ നിഴല്‍പ്പാടെന്ന്‌-(കലാകൗമുദി, സപ്‌തംബര്‍6). മലയാളത്തില്‍ വീണ്ടും കവിതയുടെ തളിര്‍പ്പാണ്‌ ഈ രചനകള്‍.വീരാന്‍കുട്ടി എഴുതുന്നു: മേഘങ്ങള്‍/ മലകളായി രൂപം മാറി/ അവള്‍ക്ക്‌ മുന്നിലൂടെ/ ഒഴുകി നീങ്ങും/ നദിയെപ്പറ്റി- (രണ്ടുകവിതകള്‍, മാധ്യമം ഓണപ്പതിപ്പ്‌). ഒ. വി. ഉഷ അദൃശ്യത്തില്‍ പറയുന്നു: വെട്ടമായ്‌ക്കാണ്‍മൂ കാണേണ്ടതൊക്കെയും/ തിട്ടമായ്‌ത്തന്നെ വേണ്ട നേരങ്ങളില്‍/ ആകയാലുറപ്പാണു പോന്നെത്തുന്ന/ വേളയില്‍ ദൃശ്യമദൃശ്യവും- (മാധ്യമം ഓണപ്പതിപ്പ്‌). അബ്‌ദുള്ള പേരാമ്പ്ര എഴുതി: ഇലകള്‍ കൊണ്ട്‌ ആകാശത്തോടും/ വേരുകളാല്‍ മണ്ണിനോടും സംസാരിക്കുന്നുണ്ട്‌ ഒരു മരം-( ഭാഷ, ഗ്രന്ഥാലോകം ഓഗസ്റ്റ്‌ ലക്കം). പുതുകവിതയുടെ കരുത്തും ഭാവനാവിശാലതയും അനുഭവിപ്പിക്കുകയാണ്‌ ഇവ.
ആത്മഹത്യക്കുമുമ്പ്‌ എന്ന രചനയില്‍ എം. എം. സചീന്ദ്രന്‍ എഴുതി: പലവട്ടമെന്തിന്‌ വെട്ടും തിരുത്തലും/ ആത്മഹത്യക്കുമുമ്പവസാനമായി/ ആര്‍ക്കുമൊന്നും എഴുതിവെക്കരുത്‌-(ജനയുഗം വാരാന്തപ്പതിപ്പ്‌). കെ. എന്‍. ഷാജികുമാര്‍: കവിതയെഴുതുമ്പോള്‍/ ഇടത്തും വലത്തും കൊതുകുകള്‍/ പാറിപ്പറന്നു വന്നരിക്കുന്നു-(കൊതുകുകള്‍- ജനയുഗം ഓഗസ്റ്റ്‌23). സോമന്‍ കടലൂര്‍ തോര്‍ച്ച മാസികയില്‍(ഓഗസ്റ്റ്‌): കഷ്‌ടപ്പെട്ട്‌/ എട്ട്‌ സെന്റ്‌ സ്ഥലം/ സ്വന്തമാക്കുമ്പോള്‍/ കണ്ണുനിറഞ്ഞു/ മരിച്ചുവീഴാന്‍ ഒരിടമായി.-(നഷ്‌ടപ്പാടുകള്‍). ഇത്തരം രചനകള്‍ അബദ്ധത്തില്‍ വായിച്ച്‌ മുറിവേറ്റുപിടയുന്ന വായനക്കാരെ ആര്‌ ശ്രദ്ധിക്കുന്നു!

യാത്രയില്‍ കണ്ണില്‍ പതിയുന്ന കാഴ്‌ചകളിലേക്ക്‌ പൂനൂര്‍ കെ. കരുണാകരന്‍ വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുന്നതിങ്ങനെ: മുനകള്‍ തേയുന്ന/ വാക്കുകളാല്‍ നഷ്‌ട/ വിനിമയത്തിന്റെ/ ഭാരമേറ്റുന്നു നാം- (യാത്രയുടെ കാണാപ്പുറങ്ങള്‍- മാധ്യമം വാര്‍ഷികം). കരുണാകരന്‍ മനോഹരമായി ദൃശ്യപംക്തികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്‌.
കവിതകളുടെ ഓണപ്പാച്ചിലില്‍ നിന്നും വേറിട്ടു നില്‍ക്കുന്നൊരു രചനയില്‍ നിന്നും: ഈ ഫാനിന്റെയുള്ളില്‍ നിന്ന്‌/ വീശിയെത്തുന്നത്‌/ ചുടുനിശ്വാസമാണ്‌/ ഈ പേനയിലൂടെ/ ഒഴുകി വീഴുന്നത്‌/ ചുടുമഷിയാണ്‌/ ഈ മുറിയൊരു മരുഭൂമിയാണ്‌.-(മോഹനകൃഷ്‌ണന്‍ കാലടി- മരീചിക, ഇന്ന്‌മാസിക ഓണപ്പതിപ്പ്‌). പുസ്‌തകത്തിന്റെയും എഴുത്തിന്റെയും വായനയുടെയും പൊള്ളുന്ന ചിത്രമാണിത്‌.
ബ്ലോഗ്‌കവിത
ബ്ലോഗില്‍ ഇപ്പോള്‍ ഓണപ്പതിപ്പുകളുടെ കാലമാണ്‌. ആചാരങ്ങളുടെ പുറംപൂച്ചുകളില്‍ നിന്നും മോചനം കിട്ടുമെന്ന പ്രതീക്ഷയിലാണ്‌ പലപ്പോഴും ബ്ലോഗ്‌ വായനയിലെത്തുന്നത്‌. അവിടെയും ആചാരവെടികളുടെ ശബ്‌ദകോലാഹലം! ഒരു കവി നൂറുകവിത എഴുതി വായനക്കാരെ പേടിപ്പിക്കുന്ന പതിപ്പുകളുടെ ഭീകരത ബ്ലോഗിലില്ലെന്ന ധാരണയിലാണ്‌ ബുലോക കവിതാബ്ലോഗ്‌ തുറന്നത്‌. അവിടെ പതിവുവഴക്കങ്ങളുടെ ചെടിപ്പുകള്‍ തന്നെ. ഓണപ്പുലരിയില്‍ ചാന്ദ്‌നി: കടലിനെ കരയെന്ന്‌ വിളിയ്‌ക്കാന്‍/ കടം കൊള്ളാതൊരു പുഞ്ചിരി/ കരുതണമെന്നും കൊതിച്ചതാണ്‌.പിറവിയില്‍ മുഹമ്മദ്‌ കവിരാജ്‌ എഴുതുന്നു: വാരിക്കൊടുത്ത/ ഓരോ പൊതിച്ചോറിലും/ മല്ലിക്കും മുളകിനുമൊപ്പം/ ഓരോ വീട്ടിലും രുചിഭേദങ്ങളായി/ തിളച്ചു മറിഞ്ഞു.സറീന അകംവാഴ്‌വില്‍ കുറിച്ചിടുന്നു: ഒരു മരം തളിര്‍ക്കുംപോലെ/ അകം നിറയെ ചിരിയ്‌ക്കുന്നുണ്ട്‌/ ഒരിയ്‌ക്കലും ഭൂമിയുടെ വെട്ടിമറിയാത്ത ഒരുവള്‍/ കഴുകിക്കമഴ്‌ത്തിയ പാത്രത്തില്‍ ഒരു തുണ്ട്‌. ചിന്തയിലെ തര്‍ജ്ജനിയില്‍ നിന്നും അനൂപ്‌ ചന്ദ്രന്‍: ഓരോ ഷോപ്പിങ്‌ മാളിലേക്കു കയറുമ്പോഴും/ താനിതിനു പാകമാകാത്തതെന്നു/ ഉള്ളിലേക്കവന്‍ തുറിച്ചുനോക്കി-(ഹോട്ട്‌ ഡോഗ്‌). പുതുകവിതാബ്ലോഗില്‍ നിന്നും: സിനു കക്കട്ടില്‍ മൈക്കിള്‍ ജാക്‌സണിനെ എഴുതുന്നു: മെലിഞ്ഞുണങ്ങിയ/ ദേഹവുമായി/ നിദ്രക്കുവേണ്ടി/ കേണുകൊണ്ട്‌/ ജാക്‌സണ്‍/ നീയെന്റെ സ്വപ്‌നത്തില്‍ വന്നുപാടുന്നു/ എന്റെ, ആത്മവിശ്വാസവുമതുപോലെയാണ്‌.
സൂചന: നാമെല്ലാം വര്‍ത്തമാനപത്രങ്ങളില്‍ നിന്ന്‌ അയല്‍ക്കാരനെ അറിയുന്നവരാണ്‌. പക്ഷേ, ഒരു കലാകാരന്‍ തന്റെ നഗ്നമായ കാലടികള്‍ കൊണ്ട്‌, തന്റെ കവചരഹിതമായ ശരീരം കൊണ്ട്‌, തന്റെ കൈയുറയിടാത്ത കൈകള്‍ കൊണ്ട്‌, തന്റെ വേദന അറിയുന്ന മനസ്സുകൊണ്ട്‌ ഈ ലോകത്തിന്റെ ചലനങ്ങള്‍ അറിയാന്‍ വിധിക്കപ്പെട്ടവനാണ്‌- എം. എന്‍ .വിജയന്‍ (വര്‍ണ്ണങ്ങളുടെ സംഗീതം എന്ന പുസ്‌തകം).-നിബ്ബ്‌

Thursday, August 27, 2009

ഇങ്ങനെയും ചില കവിത


ഓരോ കഥപറയുമ്പോഴും അവള്‍ പേരയ്‌ക്ക തിന്നുന്നതും ആ പരല്‍ക്കണ്ണുകള്‍ ചലിക്കുന്നതും അവന്‍ കണ്ടിരുന്നു. ഹോ! എന്തു ഭംഗിയാണതിന്‌.ഒരാള്‍ ഇത്ര ഭംഗിയായി തിന്നുന്നതുപോലും അവന്‍ ആദ്യമായി കാണുകയാണ്‌. അവന്റെ പപ്പപോലും ഭക്ഷണം കഴിക്കുന്നത്‌ വലിയ ശബ്‌ദത്തിലാണ്‌.കഥകള്‍ ഉണ്ടാക്കുമ്പോള്‍ ഒരിക്കല്‍, ഒരിടത്ത്‌, പണ്ടൊരിക്കല്‍ തുടങ്ങിയ വാക്കുകള്‍ ലാസര്‍ ബോധപൂര്‍വ്വം ഒഴിവാക്കുമായിരുന്നു. അങ്ങനെ പറഞ്ഞാല്‍ കഥ ഉണ്ടാക്കിയതാണെന്നു അവള്‍ക്കു തോന്നിയാലോ എന്നായിരുന്നു ലാസറിന്റെ പേടി- വി. എച്ച്‌. നിഷാദിന്റെ പേരയ്‌ക്ക എന്ന നോവലിലെ ലാസറിന്റെ സംശയം. ഇങ്ങനെയൊരു സംശയം മലയാളത്തിലെ പുതുകവികള്‍ക്കും ഉണ്ടായിരുന്നെങ്കില്‍ കാവ്യമാലിന്യങ്ങള്‍ കുറയുമായിരുന്നു.
കെ. ജി. ശങ്കരപ്പിള്ളയുടെ ഓണസമ്മാനമിങ്ങനെ: മഴ നനയാതിരിക്കാന്‍/ ഞാനെപ്പോഴും ശ്രദ്ധിക്കും/വെയിലേറ്റ്‌ കറുക്കാതിരിക്കാനും/ പഴിയോ വിമര്‍ശനമോ പറഞ്ഞ്‌/ പ്രമുഖരെ ദുര്‍മുഖരാക്കാതിരിക്കാന്‍/ ഞാനെപ്പോഴും മനസ്സ്‌/ തിരിതാഴ്‌ത്തിവെക്കും-(എന്താ ഡോക്‌ടര്‍ എനിക്കിങ്ങനെ-മലയാളമനോരമ വാര്‍ഷികം). വര്‍ത്തമാനകാല മനുഷ്യന്റെ അകംപൊരുളാണ്‌ കെ. ജി. എസ്‌. കുറിച്ചിട്ടത്‌. എഴുത്തുകാര്‍ക്കും മുഖംനോക്കാനുള്ള നല്ലൊരു കണ്ണാടി.
കുഞ്ഞപ്പ പട്ടാന്നൂര്‍ പനി എഴുതി: വളരുകയാണ്‌/ വിളിപ്പേരില്ലാത്ത/ വൈറസ്സിന്റെ പേരക്കുട്ടിയായ്‌/ വിനാശത്തിന്റെ/ പടവേറിയെത്തുമ്പോള്‍- (കലാകൗമുദി,ഓഗസ്‌റ്റ്‌്‌30). ഇനി പനി നോവലും കഥയും സിനിമയും കഥകളിയും കൂടി വന്നാല്‍ പന്നിപ്പനിപോലും ഭയന്ന്‌ കേരളം വിടും. വായനക്കാര്‍ മാത്രമല്ല, ആരോഗ്യവകുപ്പും രക്ഷപ്പെടും.
കാനായി കുഞ്ഞിരാമന്‍ കവിത (കലാകൗമുദി) എന്ന പേരിലെഴുതിയ അക്ഷരക്കളിയില്‍ നിന്നും: കളിചിത്രമായി/ ചിത്രം മിത്രമായി/ മിത്രം ആത്മമിത്രം/ ഇതാ എന്റെ/ ആത്മസൃഷ്‌ടി, കലാസൃഷ്‌ടി-(കലിഭാഷ). ശില്‍പകലയില്‍ ഔന്നത്യമാര്‍ജ്ജിക്കുന്ന കലാകാരന്‍ കവിതയെഴുതി ഉയരംകുറയ്‌ക്കുന്നത്‌ കാണുമ്പോള്‍ വായനക്കാരോടൊപ്പം ന്യൂസ്‌പ്രിന്റുകളും മനംപൊട്ടിച്ചിരിക്കുന്നു. കടമ്മനിട്ടയും അയ്യപ്പപ്പണിക്കരും മികച്ച കവിതകളെഴുതി എന്നതൊഴിച്ചാല്‍ വലിയ പാതകം മലയാളഭാഷയോട്‌ ചെയ്‌തിട്ടില്ല. പക്ഷേ, അവരുടെ പേര്‌ സൂചിപ്പിച്ച്‌ അന്‍ലര്‍ അലി തയ്യാറാക്കിയ ഹരജി കാണുക: കാതിലിരുന്നാ കൊച്ചേട്ടാ/ കണ്ണുകലങ്ങിക്കഴുവേറികള്‍/ ഒരു വണ്ടിക്കവികള്‍..(രാമകൃഷ്‌ണയ്യപ്പപ്പണിക്കം ഒരു ചാവുപാട്ട്‌, മനോരമ വാര്‍ഷികം). അന്‍വര്‍ അലി എഴുതി: ശ്ശെടാ.. ഇവിടെ മുഴുവന്‍/ വെള്ളമാണല്ലോ/ ചേട്ടാ, എന്റെ വീടൊന്ന്‌ കാണിച്ച്‌/ തരാവോ... ചേട്ടാ/ ഇവിടെയായിരുന്നല്ലോ-( ഒരിച്ചരെ സ്വാതന്ത്ര്യം, മലയാളം ഓഗസ്‌റ്റ്‌ 28).
പി. രാമന്‍ ഇപ്പോള്‍ തിരിച്ചുപോക്കിന്റെ ബദ്ധപ്പാടിലാണ്‌ (മാതൃഭൂമി ആഴ്‌ചപ്പതിപ്പും ഭാഷാപോഷിണിയും പത്രാധിപ സാര്‍വ്വഭൗമരും കോപിക്കാതിരിക്കട്ടെ!). തെറിക്കെട്ടിടത്തില്‍ പി. രാമന്‍ എഴുതി: വര്‍ഷങ്ങള്‍ക്കു ശേഷം എന്റെയൊരു കത്ത്‌/ ഇന്നു നിനക്കു കിട്ടും/ വിളവെടുത്തു വിട്ട പടലോരം വാടുകയാവും/ എന്റെ കൈപ്പടയുടെ രൂപത്തില്‍-(മനോരമ വാര്‍ഷികം). എഴുത്തുകാരന്റെ കൈപ്പട മാത്രമല്ല, മലയാളഭാഷയും വാടാതിരക്കില്ല.
കവിത എന്ന പേരില്‍ അക്ഷരക്കൂട്ടങ്ങള്‍ക്കൊണ്ട്‌ ഇങ്ങനെയും കളിക്കാം. വികടകാവ്യരൂപങ്ങളുടെ പകര്‍ച്ചപ്പനിതന്നെയാണ്‌ കഴിഞ്ഞ ആഴ്‌ചയിലെ ആനുകാലികങ്ങളില്‍. ചില ഉദാഹരണങ്ങള്‍-ജനശക്തിയില്‍ (ഓഗസ്‌റ്റ്‌22) പ്രവീണ്‍ പുതുശ്ശേരി: ജീവിതം സമരമായ/ നാള്‍ മുതല്‍/ പതാക തേടിയാണ്‌/ നടത്തം-(പതാക). ദേശമംഗലം രാമകൃഷ്‌ണന്‍ ചിറകിലേക്കു നടക്കണം എന്ന രചനയില്‍ പറയുന്നതിങ്ങനെ: അവരുടെ കൂടെ ഞാന്‍ നടക്കും/ അവരെന്നെ കൊണ്ടുപോവാതെങ്ങാവോ/ കൊടും മഞ്ഞുകട്ടയായ്‌ പൊട്ടിച്ചിതറുന്നുവോ/ എന്‍ മിത്രരോദനം-(മലയാളം, ഓഗസ്‌റ്റ്‌്‌28). ലത്തീഫ്‌ പറമ്പില്‍ പഴയവീടിനെക്കുറിച്ച്‌ എഴുതി: ഉപ്പയുടെ ഓര്‍മ്മകളില്‍/ അടയിരുന്ന്‌/ ഉമ്മ നാളുകളെണ്ണി./ ഉപ്പപോയ വഴിയേ/ ഇപ്പോള്‍ ഉമ്മയും/യാത്രയായി-( വാരാദ്യമാധ്യമം,ഓഗസ്‌റ്റ്‌23). ഉപ്പ നിര്‍മ്മിച്ച വീട്‌ ഗള്‍ഫുകാരന്‍ ജ്യേഷ്‌ഠന്‍ പൊളിച്ചുപണിയുന്ന ചിത്രമാണ്‌ ലത്തീഫ്‌ വരച്ചത്‌.
ആദിശങ്കരന്‍ എഴുതിയ പ്രബന്ധത്തില്‍ നിന്നും: അപ്പോള്‍ ദൈവം അവര്‍ക്കു വേണ്ടി ടി. വി കണ്ടുപിടിച്ചു.-(ദൈവം ആനിമേഷന്‍ പഠിച്ചകാലത്ത്‌). ശ്രീകുമാര്‍ കരിയാട്‌: പാഠങ്ങളൊക്കെ മറന്നേക്കൂ/ പാടക്കതിരും കളഞ്ഞേക്കൂ/ കോരിച്ചൊരിയും മഴവന്നു കൂടുവാന്‍/ കാമിച്ചനൃത്തം തടര്‍ന്നോളൂ-(പച്ചക്കുതിര, ഓഗസ്റ്റ്‌). വിജിലേഷ്‌ ചെറുവണ്ണൂര്‍: പുഴ മുറിഞ്ഞ/ ആഴത്തില്‍ നാമിന്ന്‌/ തിരിച്ചെത്താത്തതിരയില്‍/കണ്ണുംനട്ട്‌-(യുവധാര, ഓഗസ്റ്റ്‌). ഗിരിജ പി. പാതേക്കര: ഞാനിപ്പോള്‍ പിറന്നതേയുള്ളൂ/ പറഞ്ഞു തുടങ്ങുന്നതേയുള്ളൂ/ നടന്നു പഠിക്കുന്നതേയുള്ളൂ/ ഇനി! ഊഴം എന്റെതാണ്‌-( ഭാഷാപോഷിണി). ഈ വക രചനകള്‍ വഹിച്ച്‌ മലയാളകവിതയുടെ നടുവൊടിഞ്ഞുകൊണ്ടിരിക്കുന്നു. പൊള്ളയായ രചനകള്‍ തൂത്തുവാരാന്‍ എഴുത്തിന്റെ ഒരു കൊടുങ്കാറ്റാണ്‌ വായനക്കാര്‍ കാത്തിരിക്കുന്നത്‌.
വാക്കളിയുടെ (പ്രയോഗം കുഞ്ഞുണ്ണി മാഷ്‌) വേട്ടയാടലില്‍ നിന്നും വായനക്കാരുടെ രക്ഷക്ക്‌ സുഗതകുമാരിയുടെ ഒരു കാവ്യസ്‌പര്‍ശം: കണ്‍നിറയുകയാലോ പെട്ടെന്നു പൊന്നോണത്തിന്‍/ മഞ്ഞവെയില്‍ മുഷിയുന്നു മങ്ങുന്നു പിന്‍വാങ്ങുന്നു- (ഇന്ന്‌ മാസിക, ഓഗസ്റ്റ്‌). കാവ്യരൂപത്തിലുള്ള ചവറുകള്‍ നിറഞ്ഞ്‌ ഓണനിറവുപോലും വറ്റിപ്പോകുന്ന കാലത്തിന്റെ ചിത്രം.
ബ്ലോഗ്‌കവിത
പുതുകവിതാബ്ലോഗില്‍ നിന്നും ഒരു കാവ്യരൂപം: പറയൂ/ ഏതാണു വിശുദ്ധ ജീവിതം/ ഒരേ നേര്‍രേഖയില്‍ ജീവിച്ചു/ പൊഴിഞ്ഞ ഇലകളോ/പലതായി പടര്‍ന്ന്‌/ ഇരുട്ടിലേക്കാഴ്‌ന്ന വേരുകളോ- (അനൂപ്‌ ചന്ദ്രന്‍- മരിച്ചവരുടെ പരേഡ്‌.ഓഗസ്‌റ്റ്‌17).
ബൂലോകകവിതാ ബ്ലോഗില്‍ പി. എ. അനീഷ്‌: സ്വന്തമല്ലൊരു വീടു/മെന്നറിഞ്ഞാല്‍പ്പിന്നെ/യെന്തിനു വിഷമിക്കണം-(പ്രായമാകുന്നവരുടെശ്രദ്ധയ്‌ക്ക്‌).
ചിന്തയിലെ തര്‍ജ്ജനിയില്‍ നിന്നും: എതിര്‍പ്പിന്റെ ഇരമ്പം മാത്രം/ ചോരയില്‍ നങ്കൂരമിട്ട്‌/ നമ്മുടേതായിട്ടു ശേഷിക്കും/ എന്തിനുനേരെയും/ തിളച്ചു തൂകാവുന്ന ഒന്നായി- (ഡി. യേശുദാസ്‌-രണ്ടുകവിതകള്‍,ബാക്കി). ആശയം വിസ്‌മരിച്ച്‌ അക്ഷരഭ്രമത്തില്‍ കൂപ്പുകുത്തുകയാണ്‌ മിക്ക ബ്ലോഗെഴുത്തുകാരും. വാക്കിന്റെ ഉചിതമായ പ്രയോഗം കവിതയില്‍ പ്രധാനമാണ്‌. ബ്ലോഗെഴുത്തുകാരില്‍ മിക്കവരും ഇക്കാര്യം തിരിച്ചറിയുന്നില്ല.
സൂചന: കവിത എനിക്ക്‌ ഉപ്പാണ്‌. സന്തോഷത്തിന്റെതായാലും സന്താപത്തിന്റെതായാലും. അശ്രുനീര്‍ വാറ്റിയ പരല്‍രൂപത്തില്‍ ഉണ്ടായിത്തീരുന്ന ഉപ്പ്‌- ഒ. എന്‍. വി. കുറുപ്പ്‌ (അക്‌ബര്‍കക്കട്ടിലിന്റെ സര്‍ഗസമീക്ഷ എന്ന പുസ്‌തകം)

Saturday, August 22, 2009

ക്രൂരമീ കാവ്യകിറ്റ്‌

വിളിച്ചു വരുത്തി. വയറുനിറയെ ഭക്ഷണം നല്‍കി. യാത്രയയ്‌ക്കുമ്പോള്‍ പിന്നില്‍ നിന്ന്‌ നടുപ്പുറത്തൊരു ചവിട്ട്‌. ഏതാണ്ടിതുപോലെയാണ്‌ ഈ വര്‍ഷത്തെ ആദ്യ ഓണക്കിറ്റ്‌. മലയാളകവിതയുടെ പൂക്കാലം വിരിയിക്കുന്ന ആറ്റൂര്‍ രവിവര്‍മ്മ, റഫീഖ്‌ അഹ്‌മദ്‌, യൂസഫലി മുതല്‍ റോഷ്‌നി സ്വപ്‌നവരെയുള്ള കാവ്യപഥികരെ യഥാസ്ഥാനത്തിരുത്തിയ കാവ്യകിറ്റിലാണ്‌ (മാധ്യമം വാര്‍ഷികപ്പതിപ്പ്‌) കവികളുടെ നടുപ്പുറത്ത്‌ ചവിട്ടുന്നത്‌. പതിപ്പിലെ മുഖലേഖനം കവിതയുടെ കഷ്‌ടകാലമാണ്‌. എഴുതിയത്‌ സാക്ഷാല്‍ ടി. പത്മനാഭനും! ആറ്റൂരും, ഒ. എന്‍. വി.യും ഒക്കെ അണിനിരക്കുന്ന കാവ്യപൂക്കളത്തില്‍ കുസൃതിയോടെ കാറിത്തുപ്പി മലയാളകവിതയെ നോക്കി ആരോ ഊറിച്ചിരിക്കുന്നു. അത്‌ പത്മനാഭനോ അല്ലെങ്കില്‍ പത്രാധിപരോ?
ഓണപ്പതിപ്പില്‍ മുങ്ങിമരിക്കുന്ന കുറെ കവികളെ തൊട്ടുകൊണ്ടാണ്‌ ഓഗസ്റ്റ്‌ 17-ന്റെ പുലരിപിറന്നത്‌. ആറ്റൂര്‍, കെ. ജി. ശങ്കരപ്പിള്ള, യൂസഫലി, പി. കെ. ഗോപി, വി. എം. ഗിരിജ, പൂനൂര്‍ കെ. കരുണാകരന്‍, പന്തളം സുധാകരന്‍, അന്‍വര്‍ അലി, പി. രാമന്‍ (മനോരമ വാര്‍ഷികം) തുടങ്ങിയവര്‍ ഓണക്കിറ്റിന്റെ ആദ്യവിതരണത്തില്‍ മുന്‍നിരയില്‍ ഇടംപിടിച്ചു. ഊതിവീര്‍പ്പിച്ച ബലൂണുകളെപ്പോലെ മലയാള അക്ഷരങ്ങള്‍ തലങ്ങും വിലങ്ങും കൂട്ടിയൊപ്പിച്ചെടുക്കുന്നതിലായിരുന്നു എഴുത്തുകാര്‍ ജാഗ്രത പുലര്‍ത്തിയത്‌. മലയാളകവിതയുടെ വര്‍ത്തമാനമുഖം പ്രതിഫലിപ്പിക്കുന്നതും മറ്റൊന്നല്ല.
ആറ്റൂര്‍ എക്കരെ എന്ന കവിതയില്‍ എഴുതി: ഒറ്റക്കിരിക്കെയുണ്ടാവുന്നു വിഭ്രമം/ എങ്ങു, ഞാനിന്നു ദൂരെയോ ചാരെയോ!- (മാധ്യമം വാര്‍ഷികപ്പതിപ്പ്‌). ഒറ്റയ്‌ക്കിരിപ്പിന്റെ വേവലാതി എഴുതി നിറയലാണ്‌ ആറ്റൂരിന്റെ പുതിയ കാഴ്‌ച. കവിതയുടെ നീരൊഴുക്കുണ്ട്‌. എങ്കിലും കവിയുടെ വാക്കുകള്‍ക്ക്‌ മങ്ങലേറ്റിരിക്കുന്നു. ഈ രചന വായിച്ച്‌ ദിക്ക്‌ തിരിയാതെ ഉഴലുകയാണ്‌ വായനക്കാരും.
മണ്ണും മനുഷ്യനും തമ്മിലുള്ള ആര്‍ദ്രസ്‌പര്‍ശാനുഭവത്തിലേക്ക്‌ അക്ഷരജാലകം തുറക്കുകയാണ്‌ ആലങ്കോട്‌ ലീലാകൃഷ്‌ണന്‍. കാട്ടുപ്പുല്ലുകള്‍ എന്ന രചനയില്‍: കാലില്‍ കെട്ടിപ്പിടിക്കുന്നു/ പിന്നെയും കാട്ടുപ്പുല്ലുകള്‍/ സോദരാ മണ്ണില്‍ നിന്നു ഞാന്‍/ നിന്നെ വിട്ടെങ്ങുപോകുവാന്‍-(ഭാഷാപോഷിണി,ഓഗസ്റ്റ്‌). പി. പി. രാമചന്ദ്രന്‍: തുപ്പുന്ന പാവക്കവിളത്തടിക്കുവാന്‍/മറ്റൊന്നു വെച്ചതാം കാലം!- രണ്ടുശില്‌പങ്ങള്‍ (ഭാഷാപോഷിണി). പറയിപെറ്റ പന്തിരുകുലവും കുറ്റിപ്പുറംപാലവും വള്ളുവനാടന്‍ കവിമനസ്സും രാമചന്ദ്രന്‌ അപരിചിതമല്ല. എന്നിട്ടും രണ്ടുശില്‌പങ്ങള്‍ ശൂന്യമായി. രാമചന്ദ്രന്‌ തന്നെ ആലോചിക്കാവുന്നതേയുള്ളൂ.
നടന്നും കിടന്നും ഓടിയും കവിത കുറിക്കാം. എന്നാല്‍ പറന്ന്‌ കവിത എഴുതുന്ന ഒരു കവി മലയാളത്തിലുണ്ട്‌- ഡി. വിനയചന്ദ്രന്‍. ഭൂതക്കണ്ണാടിയില്‍: ഹൃദയം അതിന്റെ തുരുമ്പിച്ച/ ആലയില്‍ നിന്ന്‌ എന്നിട്ടും ഭാവിയിലേക്ക്‌/ ചാര റൊബോട്ടുകള്‍ അയക്കുന്നു-(ഹൃദയങ്ങളും,മാതൃഭൂമി-ഓഗസ്റ്റ്‌25). വായനക്കാരുടെ ഹൃദയം നിലയ്‌ക്കുന്ന കാര്യം വിനയചന്ദ്രന്‍ പരിഗണിച്ചാല്‍ മലയാളഭാഷ ഇനിയും ജീവിക്കും.
മലയാളകവിതയില്‍ വാക്കും അര്‍ത്ഥവും തിരിച്ചറിയുന്ന അപൂര്‍വ്വം കവികളിലൊരാളാണ്‌ മണമ്പൂര്‍ രാജന്‍ബാബു. അദ്ദേഹത്തിന്റെ കവിതയെ നെഞ്ചേറ്റി ലാളിക്കുന്നവരെ നിരാശപ്പെടുത്തുകയാണ്‌ പുതിയ രചന: കാണാതെ, ചിരിക്കാതെ/മൊഴിയാതെ, എഴുതാതെ/ ചോദിക്കാതെ, കൊടുക്കാതെ/ പ്രണയപ്പണ്ടമായവനേ-( അഗാധം, പ്രണയഭരിതം-മാധ്യമം വാര്‍ഷികം). നിസ്സംഗതയുടെ പരപ്പാണ്‌ മണമ്പൂര്‍ കുറിച്ചിടുന്നത്‌. അത്‌വാക്കുകളുടെ പകിടകളിയായിമാറുന്നത്‌ കവിപോലും തിരിച്ചറിഞ്ഞില്ല.
കൈതപ്രം മാധ്യമ(ഓഗസ്റ്റ്‌ 17)ത്തില്‍ എഴുതി: ഇന്റര്‍ വെല്ലിനു/ മുമ്പേയറിയാം/ സ്രഷ്‌ടാവിന്റെ/ കണ്ണിലെ ക്ലാപ്‌ബോര്‍ഡില്‍/ നോക്കിയാല്‍ മതി/ പോക്കറ്റിലും- (ഐരാവതം). സംഗീതതാളത്തിലൂടെയുള്ള യാത്ര കൈതപ്രം ഹൃദ്യവും മനോഹരവുമായി എഴുതിയിരിക്കുന്നു. കവിതയുടെ തളിര്‍പ്പും ആഴക്കാഴ്‌ചയും കൈതപ്രം അനുഭവപ്പെടുത്തുന്നു.
എഴുത്തിന്റെ ബാലപാഠം ഇനിയും തെളിഞ്ഞുകിട്ടാത്തവരുടെ പടപ്പുറപ്പാടായിരുന്നു ഓണക്കിറ്റികള്‍ക്കപ്പുറത്ത്‌. റിസോര്‍ട്ടിലെ പെണ്‍കുട്ടി (മലയാളം, ഓഗസ്റ്റ്‌ 21) എന്ന രചനയില്‍ ബി. എസ്‌. രാജീവ്‌ എഴുതി: ഒരു പുസ്‌തകത്തില്‍ നിന്നും/ മറ്റൊന്നിലേക്ക്‌/ ഇഴഞ്ഞുപോകുന്ന/ പുഴുവായും/ സങ്കല്‌പിക്കാം. പെണ്‍കുട്ടി നഗ്നയായി റിസോര്‍ട്ട്‌ മുറിയില്‍. മഴപെയ്യുമ്പോള്‍ വി. ബി. ഉണ്ണികൃഷ്‌ണന്‍ കാണുന്നത്‌: ഇന്ന്‌ മറന്ന താളത്തില്‍ മഴപെയ്യുമ്പോള്‍/ ഞാനെന്റെ സ്‌ഫടികജാലകം തുറന്നുവയ്‌ക്കുന്നു/ ഒരു തുള്ളി/ എന്റെ കണ്ണില്‍ വീണു തിളക്കുന്നു-( മലയാളംവാരിക).
പവിത്രന്‍ തീക്കുനി പാനൂരില്‍ നിന്നൊരാത്മാവില്‍ (കലാകൗമുദി, ഓഗസ്റ്റ്‌ 16): ഒറ്റവെട്ടിന്‌ തീരണം/ നിരപരാധിയായിരിക്കണം/ ആളുമാറിപ്പോയിരിക്കണം/ അപ്പുറമിപ്പുറം തുല്യമായിരിക്കണം. പവിത്രമായ മനസ്സില്‍ ഇനിയും കവിത വറ്റിയിട്ടില്ലെന്നതിന്‌ മികച്ച ഉദാഹരണമാണിത്‌.
നീലമ്പേരൂര്‍ മധുസൂദനന്‍ നായര്‍ നയം വ്യക്തമാക്കുന്നതിങ്ങനെ: മുദ്രയായ്‌ നിന്‍പടം/ നെഞ്ചില്‍പ്പതിച്ചു വയ്‌ക്കേണം/ അത്രയേ വേണ്ടൂ! മറവിതന്നാഴത്തില്‍-(കലാകൗമുദി). സുബൈദ വീട്‌ (ചന്ദ്രിക വാരാന്തപ്പതിപ്പ്‌,ഓഗസ്റ്റ്‌16) എന്ന രചനയില്‍ കുറിച്ചിടുന്നു: കാലവര്‍ഷത്തിന്റെ/താണ്‌ഡവമേറ്റ്‌/ മുറിവായില്‍ നിന്ന്‌ ചോരപോലെ/ പുഴയുടെ നിറംചുവന്നിരിക്കുന്നു. ചോരപ്പുഴ നീന്താനുള്ള പുറപ്പാട്‌. കവിത നേരമ്പോക്കായി കാണുന്നവരാണ്‌ നീലമ്പേരൂരും സുബൈദയും.
മാധ്യമത്തില്‍ ഷിബു ഷണ്‍മുഖം എഴുതി: അച്ഛന്‍ മരിച്ചു കിടന്നപ്പോഴാണ്‌ ആ മറുക്‌/ ഇതുവരെയും കണ്ണില്‍ പെട്ടില്ലല്ലോ എന്നു കണ്ടത്‌/ ചേട്ടന്‌ ആറുവിരലുണ്ടെന്നറിഞ്ഞത്‌/ കരണത്തടിവീഴുമ്പോഴാണ്‌/ മണല്‍ത്തരികള്‍ തമ്മില്‍ ഒരു ബന്ധവുമില്ല/ വെറുതെ കൂടിക്കിടന്ന്‌ തെറ്റിദ്ധാരണയുണ്ടാക്കുന്നുവെന്നേയുള്ളൂ.- (മുഖച്ഛായ). റഫീഖ്‌ അഹ്‌മദ്‌ മാതൃഭൂമിയില്‍: ഒരു സഹതാപ വോട്ടെങ്കിലും വീണ്‌/ സഫലമായെങ്കിലും, വീണ്‌/ സഫലമായെങ്കിലെന്നോര്‍ത്തതാണു ഞാന്‍/വെറുസാധുവായ്‌ തീരാമതെങ്കിലും-(അസാധു,ഓഗസ്റ്റ്‌ 16).റഫീഖ്‌ അഹ്‌മദ്‌്‌ പകരത്തില്‍ പറയുന്നു: ഏറെനാള്‍ പൊറുത്തൊരു വീടിന്‌ മുറിക്കെന്തു/ പകരം നിനക്കുമീയെനിക്കും പുല്‍ത്തുമ്പിനും!-(മാധ്യമം വാര്‍ഷികം). പുതുകവിതയുടെ പൂക്കാലം വിതാനിക്കുന്ന രചനകളാണിത്‌.
രോഷ്‌നി സ്വപ്‌നയുടെ രണ്ടു കവിതകള്‍: പഴകിയ/ ഒരു ഇരുമ്പു താക്കോലുണ്ട്‌/ എന്നിലേക്ക്‌/ എത്ര ഉരുകിയിറങ്ങിയാലും/ എന്നെ തുറക്കാന്‍ കഴിയാത്തത്‌- (തുരുമ്പ്‌, മാധ്യമം). നിശ്ചലം നഗരം മരണസുഗന്ധം/ പ്രണയമൊഴിഞ്ഞ പ്രാവുകള്‍/ ഇരുട്ടുമൂടുന്ന പകല്‍/ രാത്രിമണക്കുന്ന സന്ധ്യ/ നിഴല്‍വേര്‍പെട്ട ഞാന്‍/നടന്നുതീരാത്ത തേക്കിന്‍കാട്‌- (തേക്കിന്‍കാട്‌ മൈതാനത്ത്‌, മാധ്യമംആഴ്‌ചപ്പതിപ്പ്‌). കുട എന്ന രചനയില്‍ അസ്‌മോ പുത്തന്‍ചിറ: ഒരിക്കലും/അവധിയെടുക്കാത്ത/മഴയും വെയിലും/ കൊള്ളാത്ത/ അവധൂതനായ്‌/ സഹനത്തിലേക്ക്‌-( കലാകൗമുദി, ഓഗസ്റ്റ്‌ 23). അമൃതയുടെ നിന്നെ തിരിച്ചറിയാതെ പറയുന്നു: നിന്നെ ഞാന്‍ തിരിച്ചറിഞ്ഞില്ല/ എന്റെ പിഴ.. എന്റെ പിഴ/ എന്റെ വലിയ പിഴ -(കലാകൗമുദി). വാക്കുകള്‍ കളിപ്പാട്ടമായി കാണുകയാണ്‌ റോഷ്‌നിയും അമൃതയും അസ്‌മോയും.
ബ്ലോഗ്‌കവിത
പുതുകവിതാബ്ലോഗില്‍ നിന്ന്‌: രാത്രിയില്‍/ നെഞ്ചില്‍ മുഖമമര്‍ത്തി നീ/ പതുക്കെ ചോദിക്കുന്നു/ പുഴയെന്നാല്‍/ ഒഴുകുന്ന ജലം മാത്രം- പുഴ കാണല്‍, അബ്‌ദുസ്സലാം). മുയ്യം രാജന്‍: മരിച്ചവരെക്കുറിച്ചായിരുന്നു/ ഇന്നലത്തെ ചര്‍ച്ച മുഴുവനും/ സ്‌മരണകളില്‍ ചിലര്‍/ പുലികളായി.../ മറ്റുചിലര്‍ എലികളും..(വെറും പൂച്ചക്കാര്യങ്ങള്‍).
ബൂലോക കവിതാബ്ലോഗില്‍ എം. ആര്‍. വിഷ്‌ണുപ്രസാദ്‌: വലതുകൈപ്പത്തി/ വയറിനോട്‌ ചേര്‍ത്തുവെച്ച്‌/ അവള്‍ നക്ഷത്രമെണ്ണുന്നു/ഓരോ വിരല്‍ത്തുമ്പിലും/ നിലയുറപ്പിക്കുന്നതുപോലെ- (ചന്ദ്രബിംബം). ബ്ലോഗെഴുത്തിലെ ഏകാധിപത്യത്തൊപ്പിയൂരിവെച്ച്‌ മുയ്യം രാജനും വിഷ്‌ണു പ്രസാദും യാഥാര്‍ത്ഥ്യത്തിലേക്ക്‌ കണ്ണയച്ചാല്‍ ഭാഷയ്‌ക്കും ബ്ലോഗിനും ആശ്വാസം കിട്ടും.
മഴക്കൂണുകളായി മുളച്ച്‌ പട്ടുപോകുന്ന വാക്‌ധോരണികളുടെ അപശബ്‌ദത്തില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന കവിതയുടെ മുഴക്കമാണ്‌ യൂസഫലി കേച്ചേരിയുടെ ഒന്നുകൂടി: അന്നോളം കാണാത്ത താരകങ്ങള്‍ കോര്‍ത്തു/ മന്നുമാകാശവും തമ്മിലൊന്നാകവേ/ കേട്ടു ഞാന്‍ നിന്നന്തരാത്മ വിപഞ്ചിക/ മീട്ടും സ്വയംദൂരതികൂജനം-( മാധ്യമം വാര്‍ഷികം). കാല്‍പനികഛവികലര്‍ന്നതാണെങ്കിലും സര്‍ഗാത്മകതയുടെ ദീപ്‌ത ചിത്രമാണിത്‌.
സൂചന: നമ്മുടെ ഇന്നത്തെ മലയാളകവികള്‍ക്ക്‌ ഇത്‌ സാധിക്കുമോ? വൃത്തനിബദ്ധമായ നാലുവരികളെങ്കിലും എഴുതാന്‍ അവര്‍ക്ക്‌ കഴിയുമോ? കഴിഞ്ഞെങ്കിലെന്ന്‌ ഞാന്‍ ആശിക്കുന്നു. നമ്മുടെ കവിതക്ക്‌ നഷ്‌ടപ്പെട്ട സുവര്‍ണ്ണകാല ശോഭ തിരിച്ചുകിട്ടട്ടേ എന്ന്‌ പ്രാര്‍ത്ഥിക്കുന്നു- ടി. പത്മനാഭന്‍ (കവിതയുടെ കഷ്‌ടകാലം-മാധ്യമം വാര്‍ഷികപ്പതിപ്പ്‌)-നിബ്ബ്‌