Thursday, March 27, 2014

പി. ശങ്കരന്‍ /കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ സ്ഥാനാര്‍ത്ഥിയുടെ പങ്കപ്പാടുകള്‍

നാമനിര്‍ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയാകുന്നതോടെ സ്ഥാനാര്‍ത്ഥികള്‍ അനുഭവിക്കുന്ന പങ്കപ്പാടുകളെപ്പറ്റി മുന്‍ മന്ത്രി അഡ്വ. പി. ശങ്കരന്‍ അനുഭവം പങ്കുവെക്കുന്നുലോകസഭാ തെരഞ്ഞടുപ്പിന് ചൂട് പടരുമ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തകരുടെയും മനസ്സ് ചുട്ടുപൊള്ളുന്നു. ഓരോ സ്ഥാനാര്‍ത്ഥിയുടെയും ഹൃദയമിടിപ്പ് കൂടിവരുന്ന ദിവസങ്ങള്‍. ഏതാണ് തമാശ... ഏതാണ് കാര്യം എന്നൊന്നും വേണ്ടവിധത്തില്‍ ശ്രദ്ധിക്കാന്‍ പറ്റാത്ത അവസ്ഥ...എല്ലാം കൂടിക്കുഴഞ്ഞു കിടക്കുന്ന ദിനങ്ങളാണ് സ്ഥാനാര്‍ത്ഥിക്ക് തെരഞ്ഞെടുപ്പുകാലം... വോട്ടിംഗ് തിയതി അടുക്കുന്തോറും അറിയാതെ, അറിയാതെ യാന്ത്രികത്വം നിറയുന്ന ജീവിതം...
രാഷ്ട്രീയരംഗത്ത് വ്യത്യസ്തമായ ഒരു വഴിയിലൂടെ നടക്കാനിഷ്ടപ്പെടുന്ന പ്രവര്‍ത്തകനാണ് അഡ്വ. പി. ശങ്കരന്‍. ചരിത്രബോധവും രാഷ്ട്രീയാര്‍പ്പണ മനസ്സും അതിനോടുള്ള പ്രതിപത്തിയുമാണ് അദ്ദേഹത്തെ ശ്രദ്ധാര്‍ഹനാക്കുന്നത്...യു ഡി എഫിന്റെ കോഴിക്കോട് പാര്‍ലമെന്ററി മണ്ഡലം കണ്‍വീനറും മുന്‍ മന്ത്രിയുമായ പി. ശങ്കരന് പറയാനുള്ളത്:
നെഞ്ച് തുറന്ന് മിടിക്കുന്ന ഹൃദയം കാണിച്ചാലും ചിലപ്പോള്‍ ആളുകള്‍ വിശ്വസിക്കണമെന്നില്ല. നമ്മള്‍ പറയുന്നതും ചെയ്യുന്നതും ശരിയായിരിക്കും. പക്ഷേ, അതെല്ലാം അംഗീകരിച്ചു തരാന്‍ പലര്‍ക്കും സാധിക്കാറില്ല. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ മനസ്സില്‍ നേരിയ സങ്കടം തോന്നിയിട്ടുണ്ട്. അപ്പോഴൊക്കെ ഞാന്‍ എന്റെ റോള്‍ ഭംഗിയാക്കി എന്നു കരുതി സമാധാനിക്കും. സത്യം പറഞ്ഞാല്‍ സര്‍ജറിക്കു കയറുന്ന രോഗിയുടെ അവസ്ഥയായിരിക്കും. 
പഠനകാലത്ത് കോളജ് തെരഞ്ഞെടുപ്പില്‍ പങ്കെടുത്തിട്ടുണ്ട്. പിന്നീട് സാക്ഷാല്‍ നിയമസഭാ തെരഞ്ഞെടുപ്പിലും പങ്കെടുക്കാന്‍ അവസരം ലഭിച്ചു.അതുകൊണ്ട് തെരഞ്ഞെടുപ്പിനെ അതിന്റെ ആവേശത്തില്‍ എടുക്കും. വലിയ വേവലാതിയും കുറയും..
അടവുനയങ്ങളും തന്ത്രങ്ങളും
ഓരോ തെരഞ്ഞെടുപ്പു കാലത്തും എനിക്ക് തിരുമുറിവുകളായിരുന്നു. അടവുനയങ്ങളും തന്ത്രങ്ങളും എപ്പോഴും ഭംഗിയായി നോക്കണം. ആദര്‍ശം മാറ്റിവെച്ച് തല്‍ക്കാലം തന്ത്രങ്ങളെ സ്വീകരിച്ചപ്പോള്‍ തോറ്റുപോയിട്ടുണ്ട്. തന്റെ അമ്പും ആവനാഴിയും അസ്ത്രങ്ങളും എല്ലാം ഒരിക്കല്‍ നഷ്ടപ്പെട്ടത് കൊയിലാണ്ടിയിലാണ്. ഡി ഐ സി സ്ഥാനാര്‍ത്ഥിയായപ്പോള്‍.
ഉള്‍ക്കിടിലം
സ്ഥാനാര്‍ത്ഥിയാകുന്ന അവസരത്തില്‍ ഒരു ഉള്‍ക്കിടിലം ഉണ്ടാകും. എന്നെ എങ്ങനെ ജനങ്ങള്‍ കാണും. ഞാന്‍ ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിക്കാര്‍, അല്ലെങ്കില്‍ ഞങ്ങള്‍ ഉള്‍ക്കൊള്ളുന്ന മുന്നണിയിലെ ആളുകള്‍...അവര്‍ക്ക് ഞാന്‍ സ്വീകാര്യനാണോ? പ്രതിപക്ഷം എനിക്കെതിരെ എന്തൊക്കെ വിമര്‍ശനങ്ങളാണ് തൊടുത്തുവിടുന്നത്? അതിന് മറുപടി പറയുമ്പോള്‍ എനിക്കെതിരെ ആരോപണം വരാന്‍ സാധ്യതയുണ്ടോ? തന്റെ സമീപനത്തില്‍ വല്ല ന്യൂനതയുമുണ്ടോ...സഹപ്രവര്‍ത്തകര്‍ എന്നോട് പൂര്‍ണ്ണമായും സഹകരിക്കുന്നുണ്ടോ. അതെല്ലാം എന്റെ തോന്നല്‍ മാത്രമായിരിക്കുമോ? എന്നിങ്ങനെ ഒട്ടേറെ സംശയങ്ങള്‍. 
മത്സരിക്കുന്ന മണ്ഡലത്തിന്റെ സര്‍വ്വമൂലയിലും എത്തണം. കഴിയുന്നതും കൃത്യസമയത്തുതന്നെ. വല്ലവിധത്തിലും അല്‍പം വൈകിയാല്‍ ക്ഷമാപണം പറയാന്‍ വിട്ടുപോകരുത്. മരണവീടുകള്‍ ഒരു കാരണവശാലും മറന്നുപോകരുത്. സകലകാര്യങ്ങള്‍ക്കും മുന്‍പന്തിയിലുണ്ടാകണം. അല്ലെങ്കില്‍ മറുപക്ഷം തുരുപ്പുശീട്ടുകളിറക്കാം... അതിനാല്‍ ശരിയാംവിധത്തില്‍ ഭക്ഷണമോ, ഉറക്കമോ ഇല്ലാത്ത കാലം.
ചിരിയുടെ പൊരുള്‍
കവി പാടിയതുപോലെ- 'ഒരു ചിരി എന്തതിനര്‍ത്ഥമോര്‍ത്തു ഞാന്‍ പല രാത്രി നിദ്ര കടഞ്ഞൂ'. എന്നെ നോക്കി ചിരിക്കുന്നവര്‍ ആത്മാര്‍ത്ഥമായി സഹായിക്കുമോ, അല്ല വെളുക്കെ ചിരിക്കുകയും പുറകില്‍ നിന്നും കുത്തുകയും ചെയ്യുന്നവരാണോ? ഇങ്ങനെയുള്ള കാര്യങ്ങള്‍ ആലോചിച്ച് മനസ്സില്‍ അസ്വസ്ഥതയുണ്ടാക്കും. നടന്നും ഇരുന്നും ചിരിച്ചും കൈവീശിയും കൈകൊടുത്തും ശാരീരികമായി വല്ലാത്ത അവസ്ഥയിലാകുന്ന നാളുകള്‍... 
ആദ്യ തെരഞ്ഞെടുപ്പിന് ബാലുശ്ശേരി മത്സരിച്ചപ്പോള്‍ കന്നിക്കാരന്‍ എന്ന നിലയില്‍ വല്ലാത്ത സമ്മര്‍ദം ഉണ്ടായിരുന്നു. സാമാന്യം വെളുത്ത ദേഹപ്രകൃതിക്കാരനായ ഞാന്‍ തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ കറുത്തുപോയി. കണ്ടാല്‍ തിരിച്ചറിയാന്‍ സാധിക്കാത്ത പരുവത്തിലായി.
ദേഷ്യം പിടിച്ചുകെട്ടി
ആരോടും ദേഷ്യപ്പെടാന്‍ പറ്റില്ല. നമുക്ക് ദേഷ്യം വന്നാല്‍പോലും അത് മറച്ചുവെച്ച് അഭിനയിക്കേണ്ടി വരും. ചിലരുടെ മുഖഭാവം കാണുമ്പോള്‍ ഉള്ള് കിടുങ്ങും. ' ഇവന്‍ എവിടുന്നാ എഴുന്നള്ളിയത്... മറ്റുചിലര്‍ കുത്തുവാക്ക് പറയും...ഇവിടെ പാര്‍ട്ടിക്ക് വേണ്ടി അധ്വാനിച്ചവരൊക്കെ എത്രയുണ്ട്... പിന്നെ നിങ്ങളെന്തിനാണ് വന്നത്... വേറെ എവിടെയെങ്കിലും നിന്നൂടെ...അങ്ങനെ ചോദിക്കുമ്പോള്‍ നമുക്ക് കുറ്റബോധം വരാം... പക്ഷേ, അവിടെ ഞാന്‍ അല്ലെങ്കില്‍ മറ്റൊരാള്‍ വരും... അവിടെയുള്ളവരായിരിക്കണമെന്നില്ല. തെരഞ്ഞെടുപ്പിന്റെ ഒരു സ്വഭാവമാണത്...അതിനാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ എന്നെ അലട്ടാറില്ല. കാരണം പാര്‍ട്ടിക്കുവേണ്ടി വിദ്യര്‍ത്ഥിയായ സമയം മുതല്‍ ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 
കുശലം ചോദിക്കല്‍
കൂടെ വരുന്നവരെ വീണ്ടും വീണ്ടും പരിചയപ്പെടുന്ന സന്ദര്‍ഭങ്ങള്‍ ധാരാളമുണ്ടാകും. എല്ലാവരുടെയും കൈപിടിക്കും. ചിലപ്പോള്‍ കുശലം ചോദിക്കും. അവര്‍ എന്നോടൊപ്പെം വന്നവരായിരിക്കും. പക്ഷേ, ആള്‍ക്കൂട്ടത്തിനിടയിലൂടെ അവര്‍ വരുമ്പോള്‍ തിരിച്ചറിയാന്‍ സാധിക്കില്ല. അപ്പോള്‍ പുതുതായി കണ്ടുമുട്ടുന്നവരെപോലെ കൈ കൊടുത്ത് പരിചയപ്പെടും. ഹലോ... എന്ന് പറഞ്ഞ് കൈകൊടുക്കുമ്പോഴായിരിക്കും - ഞാന്‍ നിങ്ങളുടെ കൂടെ വന്നയാളാണെന്ന് പറയുന്നത്. അന്നേരം ചെറിയ ചമ്മല്‍...എങ്കിലും മുഖത്ത് കാണിക്കരുത്.
ടെന്‍ഷനില്‍ മുങ്ങുന്ന ദിനങ്ങള്‍
ശരിക്കു പറഞ്ഞാല്‍ നോമിനേഷന്‍ കൊടുത്തു തുടങ്ങിയാല്‍ ടെന്‍ഷനായിരിക്കും.. ജനങ്ങള്‍ അവരുടെ വിവിധ പ്രശ്‌നങ്ങള്‍ പറയും... ഇതൊക്കെ എനിക്ക് ചെയ്തു കൊടുക്കാന്‍ സാധിക്കുമോ... മുമ്പുണ്ടായിരുന്ന ജനപ്രതിനിധി എന്തുകൊണ്ടാണിത് പരിഹരിച്ചു കൊടുക്കാന്‍ ശ്രമിക്കാതിരുന്നത്... ഞാനെത്ര പരിശ്രമിച്ചാലും നിറവേറ്റിക്കൊടുക്കാന്‍ സാധിക്കുമോ എന്ന പേടിയുണ്ടാകും. ഇടവഴികളും ഊടുവഴികളും താണ്ടി വീടുകയറി വോട്ടു ചോദിക്കല്‍. രാത്രിയാകുമ്പോഴേക്കും തളര്‍ന്നു അവശനാകും. പക്ഷേ, ഏത് പാതിരാവിലും ആരെങ്കിലും വന്ന് എന്തെങ്കിലും പ്രശ്‌നം പറഞ്ഞാല്‍ അതു കേള്‍ക്കണം. ആരേയും പിണക്കാന്‍ പാടില്ല. അന്നൊക്കെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ധാരാളം ദിവസങ്ങളുണ്ടാകും വോട്ടെടുപ്പിന്. അത്രയും കാലം ടെന്‍ഷനും നീളും. ഇപ്പോള്‍ ദിവസം കുറഞ്ഞു. അത്രയും ആശ്വാസമാകും. യോഗങ്ങളിലെ പ്രസംഗങ്ങള്‍ കഴിഞ്ഞ് വീട്ടിെലത്തിയാല്‍ അടുത്ത ദിവസത്തെ തന്ത്രങ്ങള്‍ ആലോചിക്കണം. ചുരുക്കത്തില്‍ ഉറക്കം നഷ്ടപ്പെടുന്ന നാളുകളാണ് സ്ഥാനാര്‍ത്ഥിയുടേത്. മുഖ്യമായും നാക്കുപിഴക്കാതെ നോക്കണം. 
മറുപക്ഷത്തുള്ളവര്‍ കേമന്മാരാകുമ്പോള്‍
ആദ്യമായി ബാലുശ്ശേരിയില്‍ സ്ഥാനാര്‍ത്ഥിയായ പ്പോള്‍ എനിക്ക് വലിയ ടെന്‍ഷന്‍ ഇല്ലായിരുന്നു. നല്ലൊരു മത്സരം കാഴ്ചവെക്കുക മാത്രമായിരുന്നു എന്റെ ദൗത്യം. കാരണം ബാലുശ്ശേരി അന്ന് ഇടതുപക്ഷത്തിന്റെ ഉറച്ച സീറ്റായിരുന്നു. മാത്രമല്ല എ സി ഷണ്‍മുഖദാസ് ആ മണ്ഡലത്തില്‍ സുപരിചിതനും. അദ്ദേഹം മന്ത്രിയുമായിരുന്നു. ഞാന്‍ പുതുമുഖവും. അവിടെ അന്ന് ഷണ്‍മുഖദാസിന്റെ ഭൂരിപക്ഷം കുറക്കാന്‍ സാധിക്കുമോ എന്നായിരുന്നു ഞാന്‍ ചിന്തിച്ചത്. നല്ല പ്രവര്‍ത്തനം ഞങ്ങള്‍ നടത്തിയതിനാല്‍ ആ തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം നടത്താന്‍ യു ഡി എഫിന് കഴിഞ്ഞു. 
ഞാന്‍ സാധാരണക്കാരന്‍. അതിനാല്‍ എത്ര വോട്ടിന് പരാജയപ്പെടും എ
ന്നേ അറിയാനുണ്ടായിരുന്നുള്ളൂ. അന്ന് പാര്‍ലമെന്റിലും നിയമസഭയിലേക്കും ഒന്നിച്ചായിരുന്നു തെരഞ്ഞെടുപ്പ്. സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മിറ്റിയില്‍ ഞാന്‍ പ്രസംഗിച്ചു-ഞാന്‍ ബാലുശ്ശേരിയില്‍ മത്സരിക്കുന്നത് ജയിക്കാനാണ്. അതുകേട്ടപ്പോല്‍ എല്ലാവരും ചിരിച്ചു. പിന്നീടാണ് കൊയിലാണ്ടിയില്‍ മത്സരിച്ചത്. നല്ല ഭൂരിപക്ഷത്തിന് ജയിച്ചു.
വോട്ടു എണ്ണുന്ന ദിനം
ബി. പി കുതിച്ചു കയറുന്ന മറ്റൊരു സന്ദര്‍ഭം വോട്ടെണ്ണല്‍ ദിവസമാണ്. വോട്ടെണ്ണല്‍ നടക്കുന്ന കേന്ദ്രത്തിന് ചുറ്റും കൂടെയുള്ളവര്‍ തമ്പടിച്ചിരിക്കും. അപ്പോള്‍ വോട്ട് എണ്ണിക്കൊണ്ടിരിക്കുന്ന സമയത്ത് മനസ്സില്‍ വല്ലാത്ത അവസ്ഥയായിരിക്കും. ജയിക്കുമെന്ന് ഉറപ്പുണ്ടെങ്കിലും, അല്ലെങ്കില്‍ നമ്മള്‍ പരാജയപ്പെടുമെന്ന് മുമ്പേ തിരിച്ചറിയാമെങ്കിലും മറിച്ച് എന്തെങ്കിലും സംഭവിക്കുമോ എന്ന ആശങ്ക... 
മൊബൈലും ഇന്റര്‍നെറ്റും ചാനലുകളും എന്തൊക്കെയുണ്ടായാലും സ്ഥാനാര്‍ത്ഥികളുടെ നെഞ്ചിടിപ്പിന്റെ താളത്തിന് ഇപ്പോഴും മാറ്റമുണ്ടാകില്ല.
ചന്ദ്രിക വാരാന്തപ്പതിപ്പ്/ മാര്‍ച്ച് 30

No comments: