Tuesday, March 18, 2014

അഭിമുഖം സെബാസ്റ്റിയന്‍ പോള്‍/കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ പത്രപ്രവര്‍ത്തനത്തില്‍ ജനാധിപത്യവല്‍കരണം


പത്ര/ മാധ്യമപ്രവര്‍ത്തനത്തിലെ മാറ്റം?
പത്രപ്രവര്‍ത്തനം സദാ പരിവര്‍ത്തനത്തിനു വിധേയമാണ്. നാനൂറ് വര്‍ഷത്തെ ചരിത്രമാണ് പത്രപ്രവര്‍ത്തനത്തിനുള്ളത്. ഗുട്ടന്‍ബര്‍ഗില്‍നിന്നു തുടങ്ങി ഗൂഗിളില്‍ എത്തിനില്‍ക്കുന്ന മാധ്യമലോകം സാങ്കേതികവിദ്യ നിരന്തരം തുറക്കുന്ന അപരിചിതമായ വഴികളിലൂടെയാണ് മുന്നേറുന്നത്. നേരവും ദൂരവും അപ്രസക്തമാകുന്ന കാലത്ത് പത്രപ്രവര്‍ത്തനത്തില്‍ പുതിയ പ്രവണതകള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അര നൂറ്റാണ്ട് മുമ്പ് ഞാന്‍ പത്രപ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് വാര്‍ത്ത എത്തിക്കണമെങ്കില്‍ ആറു മണിക്കൂര്‍ വേണമായിരുന്നു. ഇന്ന് എല്ലാം ഞൊടിയിടയില്‍ സംഭവിക്കുന്നു. എഡിഷനുകള്‍ പലതുള്ളതിനാല്‍ പത്രം അച്ചടിക്കുന്നതിനും വിതരണം ചെയ്യുന്നതിനും സാവകാശമുണ്ട്. ഭൗതികസാഹചര്യങ്ങളില്‍ വന്ന മാറ്റങ്ങള്‍ പത്രപ്രവര്‍ത്തനത്തിന്റെ സ്വഭാവത്തെയും ബാധിക്കും. ഭാഷയിലും അവതരണത്തിലും മൗലികമായ മാറ്റമുണ്ടായി. തലക്കെട്ടിലും രൂപകല്‍പനയിലും വന്ന മാറ്റങ്ങള്‍ ശ്രദ്ധേയമാണ്. പത്രപ്രവര്‍ത്തനത്തില്‍ അടിസ്ഥാനയോഗ്യതയുള്ളവരും സര്‍വകലാശാലാവിദ്യാഭ്യാസം നേടിയവരും ധാരാളമായി പ്രതിജ്ഞാബദ്ധതയോടെ കടന്നുവന്നത് ഈ പരിവര്‍ത്തനത്തിനു കാരണമായിട്ടുണ്ട്. 

വാര്‍ത്തകള്‍ മാറുന്നു- സൃഷ്ടിക്കുന്ന കാലം?

വാര്‍ത്തയിലെ വൈവിധ്യത്തിലൂടെയാണ് പത്രപ്രവര്‍ത്തനത്തിലെ വിപ്‌ളവകരമായ മുന്നേറ്റം സംഭവിച്ചത്. അടിയന്തരാവസ്ഥയിലെ സെന്‍സര്‍ഷിപ് സ്വതന്ത്രമായ പത്രപ്രവര്‍ത്തനത്തിന് തടസ്സമായെങ്കിലും വാര്‍ത്തയുടെ പുനര്‍നിര്‍വചനത്തിനു സഹായകമായി. വ്യത്യസ്തമായ വിഷയങ്ങള്‍ വ്യത്യസ്തമായ രീതിയില്‍ പത്രത്താളുകളിലേക്കു കടന്നുവന്നു. സാക്ഷരതയുടെ വ്യാപനം നിമിത്തം വായനക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായി. അതോടെ വ്യത്യസ്തവിഭാഗങ്ങള്‍ക്ക് പത്രങ്ങളില്‍ ഇടമുണ്ടായി. പത്രപ്രവര്‍ത്തനത്തിലെ ജനാധിപത്യവല്‍കരണമാണ് ഇതോടെ സംഭവിച്ചത്. പ്രചാരവും വരുമാനവും വര്‍ദ്ധിച്ചതോടെ പത്രം വ്യവസായമായി. മൂലധനത്തിന്റെ അധിനിവേശത്തില്‍ പരമ്പരാഗതമായ മൂല്യങ്ങള്‍ അപ്രത്യക്ഷമായി. ലാഭേച്ഛയുടെ ആധിക്യത്തില്‍ സാമ്പത്തികവിഭാഗം വാര്‍ത്താവിഭാഗത്തെ കീഴ്‌പ്പെടുത്തിയെന്നതാണ് ആധുനികകാലത്തെ അപചയം. പ്രമുഖപത്രങ്ങള്‍ക്ക് പത്രാധിപര്‍ ഇല്ലാതായി. പ്രചാരം വര്‍ദ്ധിപ്പിക്കുന്നതിനുള്ള വ്യഗ്രതയില്‍ വാര്‍ത്തയെന്നത് വില്‍പനയ്ക്കുള്ള ഉല്‍പന്നമായി. പലവിധ ഉദ്ദേശ്യങ്ങളെ അടിസ്ഥാനമാക്കി വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെടുകയും യഥാര്‍ത്ഥ വാര്‍ത്തകള്‍ തമസ്‌കരിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടായി. വാര്‍ത്തയും വീക്ഷണവും വേറിട്ടു നില്‍ക്കണമന്ന സി പി സ്‌കോട്ടിന്റെ തത്വം പൂര്‍ണമായും വിസ്മരിക്കപ്പെട്ടു. അനുനിമിഷം വാര്‍ത്ത നല്‍കികൊണ്ടിരിക്കുന്ന ടെലിവിഷനുമായുള്ള മത്സരത്തില്‍ വാര്‍ത്തയുടെ സ്വഭാവത്തില്‍ അനിവാര്യമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. തലേന്ന് അറിഞ്ഞ വിശേഷം അടുത്ത പ്രഭാതത്തില്‍ വായനയ്ക്കായി നിലനില്‍ക്കണമെങ്കില്‍ വീക്ഷണവും വ്യാഖ്യാനവും ഉള്‍ച്ചേര്‍ക്കേണ്ടിവരും. എന്നാല്‍ പരിധി വിട്ട് പെയ്ഡ് ന്യൂസിന്റെ തലത്തിലേക്ക് ഈ അവസ്ഥ മാറുമ്പോള്‍ പത്രപ്രവര്‍ത്തനത്തില്‍ അവശ്യം വേണ്ടതായ വിശ്വാസ്യത നഷ്ടമാകുന്നു. മര്യാദയുടെ സീമ ലംഘിക്കുന്നതും സ്വകാര്യതയെ മാനിക്കാത്തതുമായ പത്രപ്രവര്‍ത്തനം അസ്വീകാര്യമാണ്. കരുത്തനായ മര്‍ഡോക്കിനുപോലും അടി പതറിയത് വിശ്വാസ്യത നഷ്ടമായപ്പോഴാണ്. അറിയുന്നതിനുള്ള മൗലികമായ അവകാശത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മാധ്യമലോകം വാര്‍ത്തയെ മലിനപ്പെടുത്തുമ്പോള്‍ സമൂഹവുമായുള്ള ഭരണഘടനാപരമായ ഉടമ്പടിയാണ് ലംഘിക്കപ്പെടുന്നത്.

സോഷ്യല്‍ നെറ്റ്‌വര്‍ക്കിലേക്കുള്ള മാറ്റം- ഇടപെടല്‍? 

പത്രം, റേഡിയോ, ടെലിവിഷന്‍ എന്നീ വാര്‍ത്താമാധ്യമങ്ങള്‍ക്കു പിന്നാലെ വാര്‍ത്താലോകത്തെ നിയന്ത്രിക്കുന്ന പുതിയ സംവിധാനമാണ് ഇന്റര്‍നെറ്റ്. ഫേസ്ബുക്, ട്വിറ്റര്‍, യുട്യൂബ് എന്നിങ്ങനെ നിരവധി ഇന്റര്‍നെറ്റ് സൈറ്റുകള്‍ ചേര്‍ന്ന് രൂപപ്പെട്ട ഡിജിറ്റല്‍ മീഡിയ പുതിയ സാധ്യതകള്‍ അനുദിനം കണ്ടെത്തുന്നു. എന്നാല്‍ ഈ നവമാധ്യമം പരമ്പരാഗത വാര്‍ത്താമാധ്യമങ്ങള്‍ക്കു പകരമാകുമോ?പ്രഫഷണല്‍ വൈദഗ്ധ്യമോ ഉത്തരവാദിത്വമോ ഇല്ലാതെ ആര്‍ക്കും എന്തും പ്രചരിപ്പിക്കാന്‍ കഴിയുമെന്നല്ലാതെ ഇവയ്ക്ക് മാധ്യമലോകവുമായി ബന്ധമില്ല. അതേസമയം പത്രപ്രവര്‍ത്തകരും ബ്‌ളോഗര്‍മാരും തമ്മില്‍ ഒരു പാരസ്പര്യം വളര്‍ന്നു വന്നിട്ടുണ്ട്. പത്രപ്രവര്‍ത്തനത്തിലെ തത്വങ്ങളും മര്യാദകളും ഇന്റര്‍നെറ്റ് സൈറ്റുകളില്‍ കാണുന്നില്ല. സെന്‍സര്‍ഷിപ് തുടങ്ങിയ നിയന്ത്രണങ്ങളെ അതിജീവിക്കാനുള്ള കഴിവാണ് ഇന്റര്‍നെറ്റിനെ ശ്രദ്ധേയമാക്കുന്നത്. ഇന്റര്‍നെറ്റ് പത്രങ്ങളും വെബ് സൈറ്റുകളും ദ്രുതഗതിയിലുള്ള വിവരവിനിമയത്തിനു കാരണമാകുന്നുണ്ട്. പൊതുജനാഭിപ്രായം രൂപീകരിക്കുന്ന ആശയസംവാദത്തിനും കൂടിച്ചേരലുകള്‍ക്കും ഡിജിറ്റല്‍ മീഡിയ സഹായകമാകുന്നു എന്നതിനപ്പുറം ഇന്നത്തെയോ നാളത്തെയോ മാധ്യമമായി സോഷ്യല്‍ നെറ്റ്‌വര്‍ക്കിനെ കാണാനാവില്ല. ഉത്തരവാദിത്വമുള്ള എഡിറ്റോറിയല്‍ നിയന്ത്രണമാണ് മാധ്യമസ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനം. ഈ നിയന്ത്രണത്തിന്റെ അഭാവമാണ് സോഷ്യല്‍ മീഡിയയെ ബദല്‍ മീഡിയമാക്കി മാറ്റാത്തത്. 
ചന്ദ്രിക വാരാന്തപ്പതിപ്പ്.മാര്‍ച്ച് 16

No comments: