Thursday, March 06, 2014

മേളപ്പെരുക്കത്തില്‍ സ്വപ്നത്തിന്റെ ഇതളുകള്‍

ആന്തരിക ജീവിതത്തെയും മൂല്യസംഘര്‍ഷങ്ങളെയും ആഴത്തിലന്വേഷിക്കുന്ന ചലച്ചിത്രകാരനാണ് ഷാജി എന്‍ കരുണ്‍. കേന്ദ്രകഥാപാത്രത്തിന്റെ ശരീര-ഭാവ ചലനങ്ങളെ സമന്വയിപ്പിച്ച് യാഥാര്‍ത്ഥ്യത്തെ സമഗ്രമായും ഇടമുറിയാതെയും പകര്‍ത്തുന്ന രീതിയാണ് സ്വീകരിക്കാറുള്ളത്. പിറവി, സ്വം, വാനപ്രസ്ഥം, കുട്ടിസ്രാങ്ക് എന്നീ നാല് മുന്‍ മലയാളചിത്രങ്ങള്‍ വ്യക്തിയുടെ/ കലാകാരന്റെ ജീവിതത്തിലെ പ്രഹരസ്വഭാവിയായ യാഥാര്‍ത്ഥ്യത്തെയാണ് അടയാളപ്പെടുത്തുന്നത്. പിറവിയില്‍ മകനെ കാത്തിരിക്കുന്ന അച്ഛന്റെയും സ്വമ്മില്‍ ഒരമ്മയുടെ നീറുന്ന മനസ്സും വാനപ്രസ്ഥത്തില്‍ കഥകളിനടന്റെ ജീവിതദുരന്തവും കുട്ടിസ്രാങ്കില്‍ കലാകാരന്റെ ജീവിതത്തിലൂടെ കടന്നുപോകുന്നവരിലൂടെ രൂപപ്പെടുന്ന ആത്മസംഘര്‍ഷവും ഭംഗിയായി അവതരിപ്പിച്ച ഷാജിയുടെ പുതിയ ചിത്രം സ്വപാനം പറയുന്നതും മുന്‍കാല ചിത്രങ്ങളുടെ തുടര്‍ച്ചതന്നെയാണ്. ഈ സിനിമയില്‍ ചെണ്ടക്കാരന്‍ ഉണ്ണിയുടെ ജീവിത സങ്കീര്‍ണ്ണതകളാണ് മുഖ്യപ്രമേയം. വാനപ്രസ്ഥവുമായി അടുത്തുനില്‍ക്കുന്ന കഥയും കഥാഗതിയും സ്വപാനത്തിലും സംവിധായകന്‍ പിന്തുടരുന്നുണ്ട്.

ഉണ്ണി മാരാരുടെ(ജയറാം) മോഹം മേളപ്പെരുക്കത്തില്‍ പൂര്‍ണ്ണത കൈവരിക്കലാണ്. അതിനുവേണ്ടി ഉണ്ണി ജീവിതം തന്നെ സമര്‍പ്പിക്കുന്നു. അസുരവാദ്യമായി കരുതുന്ന ചെണ്ടയില്‍ താളഘോഷങ്ങളുടെ വിസ്മയം തീര്‍ക്കാന്‍ ഉണ്ണിക്ക് സാധിക്കുന്നുണ്ട്. മേളപ്പെരുക്കത്തില്‍ ഉണ്ണി കുടുംബകാരണവരായ അപ്പുമാരാരെപ്പോലും പിറകിലാക്കുന്നുണ്ട്. ഉത്സവപ്രമാണത്തിന് ഉണ്ണിക്കാണ് പ്രിയം. ഇത് കുടുംബത്തില്‍ താളപ്പിഴക്ക് ആക്കം കൂട്ടുന്നുണ്ട്. ഇതൊക്കെ സ്വപാനത്തിന്റെ കഥയിലെ പ്രധാനകണ്ണികള്‍. ഗുരുനാഥന്റെ മകള്‍ കല്യാണി (ലക്ഷ്മി ഗോപാല സ്വാമി)യെ ഉണ്ണി വിവാഹം കഴിക്കുന്നു. വാനപ്രസ്ഥത്തിലെ നായിക കഥാപാത്രമായ അര്‍ജ്ജുനനെ സ്‌നേഹിക്കുകയും കലാകാരനെ അവഗണിക്കുയും ചെയ്യുന്നു. സ്വപാനത്തില്‍ ചെണ്ടയുടെ ശബ്ദംപോലും കല്യാണി വെറുക്കുന്നു. ഉണ്ണിയുടെ ചെണ്ടക്കമ്പം കല്യാണിയെ അയാളില്‍ നിന്നും അകറ്റുന്നു. തിരക്കഥാകൃത്ത് ഉണ്ണിക്കായി പിന്നീട് കണ്ടുവെക്കുന്നത് മോഹിനിയാട്ട കലാകാരി നളിനി (കാദംബരി)യെയാണ്. പാരമ്പര്യശാസ്ത്രവും ആധുനിക വിജ്ഞാനവും ഒരുപോലെ ഹൃദിസ്ഥമാക്കിയ നാരായണന്‍ നമ്പൂതിരിയുടെ (സിദ്ധീഖ്) സഹോദരിയാണ് നളിനി. നാരായണന്‍ നമ്പൂതിരിയെ വട്ടന്‍ എന്നാണ് നാട്ടുകാര്‍ പേരിട്ടുവിളിക്കുന്നത്.
കഥയുടെ കയറ്റിറക്കത്തില്‍ സംവിധായകനും തിരക്കഥാകൃത്തുകളും (ഹരികൃഷ്ണന്‍, സജീവ് പാഴൂര്‍) ചെണ്ടക്കാരനായ ഉണ്ണിയും മോഹിനിയാട്ട നര്‍ത്തകി നളിനിയും തമ്മിലുള്ള കണ്ടുമുട്ടലും തുടര്‍സംഘര്‍ഷങ്ങളും ഒരുക്കുന്നു. ഉണ്ണിയുടെ ഭാര്യ കല്യാണി കാര്‍ ഡ്രൈവര്‍ പ്രകാശന്റെ (ശരത്) കുട്ടിയെ ഗര്‍ഭം ധരിക്കുകയും അയാളോടൊത്ത് സേലത്തേക്ക് പോകുന്നു. അവര്‍ അവിടെ സുഖമായി ജീവിക്കുന്നു എന്ന് ചിത്രത്തിലൊരിടത്ത് ഉണ്ണിയുടെ വാക്കുകളിലൂടെ സംവിധായകന്‍ പ്രേക്ഷകരെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നുണ്ട്. 

വട്ടന്‍ നമ്പൂതിരിയുടെ ജ്യോതിഷപലകയില്‍ ഉണ്ണിയുടെ ജീവിതം ഗണിച്ച് കഥയില്‍ തുടര്‍ന്നുവരാവുന്ന ഗതിവിഗതികള്‍ ധ്വനിപ്പിക്കുന്നുണ്ട്. നളിനി അര്‍ദ്ധനാരീശ്വരനായ തുപ്പനെ (വിനീത്) വിവാഹം കഴിച്ചു. കഥാന്ത്യം ഉണ്ണിയുടെ ജീവിതത്തിലെ അഗ്നിപ്പടര്‍പ്പുകളിലാണ്. സേലത്ത് മനോരോഗികളെ അധിവസിപ്പിച്ച കേന്ദ്രത്തിലുണ്ടായ തീപ്പിടുത്തമായി (1980) ചേര്‍ത്തുനിര്‍ത്തുന്നു. ഉണ്ണിയുടെ നിസ്സഹായതയുടെ, ഉന്മാദത്തിന്റെ ബാക്കിപത്രമായി സ്വപാനത്തില്‍ ആദ്യാവസാനം തീപ്പടര്‍പ്പ് തെളിയുന്നു. 

സ്വപാനം വാദ്യകലാകാരന്റെ ദുരിതമാണ് സിിമ പറയാന്‍ ശ്രമിക്കുന്നത്. പക്ഷേ, പൊടിപ്പും തൊങ്ങലും ചേര്‍ക്കാതെ തന്നെ ഇത് മനോഹരമായി അവതരിപ്പിക്കാന്‍ ഷാജി എന്‍ കരുണിന് സാധിക്കും. അതിന് മികവുറ്റ ഉദാഹരണമാണ് വാനപ്രസ്ഥം. എന്നാല്‍ സ്വപാനം ചിത്രത്തിന്റെ ദൈര്‍ഘ്യം കൊണ്ടുതന്നെ വിരസമാകുന്നു. പ്രണയവും ജീവിതവും ഒറ്റപ്പെടലും എല്ലാം വാക്കുകളിലേക്ക് പകര്‍ത്തുമ്പോള്‍, ആഖ്യാതതാവിന്റെ വാക്കുകള്‍ ആത്മസംഗീതത്തിലേക്ക് വഴുതിവീഴാവുന്നതാണ്. എന്നാല്‍ ചിത്രത്തില്‍ മൗനത്തിന് ഇടം നല്‍കേണ്ട സന്ദര്‍ഭത്തില്‍ പോലും സംഭാഷണം തിരുകി കയറുന്നു. ഇങ്ങനെ മികച്ചൊരു ചിത്രത്തിനുവേണ്ടുന്ന ഘടകങ്ങളെല്ലാം ഉണ്ടായിട്ടും ഷാജി എന്‍ കരുണിന് സ്വപാനം ഉള്ളുപൊള്ളുന്ന ദൃശ്യാനുഭവമാക്കി മാറ്റാന്‍ സാധിച്ചില്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍, അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. രണ്ടരമണിക്കൂര്‍ സ്വപാനം നല്‍കുന്നതും മറ്റൊന്നല്ല.
ന്യൂജനറേഷന്‍ സിനിമ പിറക്കുമ്പോള്‍ അതിന്റെ വിദേശ മാതാപിതാക്കളെ അന്വേഷിക്കുന്നവര്‍ക്ക് സ്വപാനം കറക്കിക്കുത്താന്‍ മലയാളത്തില്‍ തന്നെ നിരവധി മുഹൂര്‍ത്തങ്ങളുണ്ട്. സിബി മലയിലിന്റെ ഭരതം (ഗായകരായ ജ്യേഷ്ഠാനുജന്മാര്‍), കമലദളം , രാജിവ്കുമാറിന്റെ ശേഷം എന്നിങ്ങനെയുള്ള മലയാള ചിത്രങ്ങള്‍ സ്വപാനം കാണുമ്പോള്‍ നമ്മുടെ മനസ്സിലൂടെ കടന്നുപോയേക്കാം. ചെറിയ സാജാത്യങ്ങള്‍ സിനിമ എന്ന കലാരൂപത്തില്‍ സ്വാഭാവികമാണ്. പക്ഷേ. അത്തരം നിമിഷങ്ങളെ അതിവര്‍ത്തിക്കാന്‍ ചിത്രത്തിന് സാധിക്കണം. സ്വപാനം ണ്ട് തിയേറ്റര്‍ വിട്ടുപോരുമ്പോള്‍ നമ്മുടെ കൂടെ നടക്കുന്നത് ഒറ്റ കഥാപാത്രമാണ്; നാരായണന്‍ നമ്പൂതിരി. നടന്‍ സിദ്ധീഖിന്റെ ഈ കഥാപാത്ര പരകായപ്രവേശ വിസ്മയമാണ് സ്വപാനത്തെ താങ്ങിനിര്‍ത്തുന്നത്. ജയറാമിന്റെ ചെണ്ടക്കാരനും കാദംബരിയുടെ നളിനിയും പലപ്പോഴും അതിഭാവുകത്വത്തിലേക്ക് കൂപ്പുകുത്തുന്നു. ഇന്ദ്രന്‍സ്, സജിത മഠത്തില്‍, സുരേഷ് കുറുപ്പ് തുടങ്ങിയവരോടൊപ്പം നിരവധി വാദ്യകലാകാരന്മാരും ചിത്രത്തില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

സ്വപാനം തിരക്കഥയിലും സംഭാഷണത്തിലും ആവിഷ്‌കാരത്തിലും ഏറ്റുവാങ്ങുന്ന പോരായ്മകള്‍ അതിജീവിക്കുന്നത് സംഗീതം (ശ്രീവത്സന്‍ ജെ. മേനോന്‍) , ഗാനം (കവി മനോജ് കുറൂര്‍) , ഛായാഗ്രഹണം (സജിത് നായര്‍) എന്നീ ഘടകങ്ങളാണ്. പ്രത്യേകിച്ചും ക്ലാസിക്കും ഫോക്കും കീര്‍ത്തനങ്ങളും പദങ്ങളുമെല്ലാം ഇഴചേര്‍ന്ന ഗാനങ്ങള്‍. പാലക്കാടന്‍ പ്രകൃതിഭംഗിപോലെ സംഭാഷണഭാഷയും സ്വപാനത്തില്‍ നിറഞ്ഞുനില്‍ക്കുന്നു.
കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ - 2014 മാര്‍ച്ച് 9/ ചന്ദ്രിക വാരാന്തപ്പതിപ്പ്

No comments: