Thursday, March 20, 2014

പുസ്തകപരിചയം കടമ്മനിട്ടക്കവിത സ്ത്രീ വായിക്കുമ്പോള്‍



വിട്ടുവീഴ്ചയില്ലാത്ത കാഴ്ചപ്പാടുകളുടെ ശിക്ഷണ തീവ്രതയോടെ സ്ഥാപനവല്‍കരിക്കപ്പെട്ട കവിതാ വായനക്കും ദാര്‍ശനികശീലങ്ങള്‍ക്കുമെതിരെ ശബ്ദമുയര്‍ത്തിക്കൊണ്ടാണ് ഡോ. ബെറ്റിമോള്‍ മാത്യു മലയാള നിരൂപണത്തില്‍ ശ്രദ്ധേയയാകുന്നത്. മൂല്യങ്ങളെ പുരുഷപക്ഷത്തുനിര്‍ത്തി വിഗ്രഹവല്‍കരിക്കുന്ന കാവ്യശീലം ജീര്‍ണ്ണവും മാനസികഷണ്ഡത്തവും സൃഷ്ടിക്കുകയാണെന്നും, നാം ആര്‍ജ്ജിക്കുന്ന അറിവിന്റെ ഏറിയ പങ്കും കവിതയ്ക്കു പുറത്തു നിന്നാണെന്നും ബെറ്റിമോള്‍ ഈ പുസ്തകത്തില്‍ സൂചിപ്പിക്കുന്നു. കടമ്മനിട്ടയുടെ കവിതകള്‍ ചരിത്രം,വര്‍ത്തമാനം, സ്ത്രീപക്ഷം എന്നീ നിലകളില്‍ നോക്കിക്കാണുകയാണ് ഗവേഷണവിഷയാധിഷ്ഠിതമായ ഈ കൃതിയില്‍.
‘ഭാഷയിലും ‘ഭാവനയിലും കടമ്മനിട്ട നടത്തുന്ന ഇടപെടലുകളും പ്രതികരണങ്ങളും അവ പ്രകടിപ്പിക്കുന്ന മൗലികതയും എടുത്തുപറയുന്നുണ്ട്. എഴുത്തിനെ സംബന്ധിച്ച് ഗ്രന്ഥകാരിയുടെ തികഞ്ഞ സ്ത്രീപക്ഷ നിലപാട് ഈ പുസ്തകത്തിലുണ്ട്. വിമര്‍ശനം ജീവിതത്തിന്റെ കലയാണ്; അത് നിഴല്‍ച്ചിത്രമല്ല. വിമര്‍ശനത്തില്‍ മനസ്സ് മനസ്സിനോട് സംസാരിച്ചു കൊണ്ടിരിക്കണം. കടമ്മനിട്ടക്കവിതകളുടെ ഉളളറകള്‍ തുറന്നിട്ടുകൊണ്ട് ആ ലക്ഷ്യം സാധൂകരിക്കുകയാണ് ബെറ്റിമോള്‍ മാത്യു.

പുസ്തകത്തിന്റെ ആമുഖത്തില്‍ പറയുന്നു: 'മലയാളത്തിലെ ആധുനിക കവികളില്‍ ശ്രദ്ധേയനും വ്യത്യസ്തനുമാണ് കടമ്മനിട്ട രാമകൃഷ്ണന്‍. മലയാളത്തിന്റെ തനതായ ചൊല്ലിയാട്ട പാരമ്പര്യം പ്രിന്റിംഗ് ടെക്‌നോളജിയുടെ ആവിര്‍ഭാവത്തോടെ ഏറക്കുറെ അപ്രത്യക്ഷമായിക്കഴിഞ്ഞ ഘട്ടത്തിലാണ് കവിത പാടിക്കേള്‍പ്പിച്ചു കൊണ്ട് കടമ്മനിട്ട കടന്നുവരുന്നത്. ഇതിലൂടെ ആധുനികതയുടെ അക്കാദമീകാന്തരീക്ഷത്തിന് പുറത്തേക്ക് തന്റെ കവിതയെ എത്തിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.'‘-എന്നിങ്ങനെ കാലികമായാലും നിരന്തരമായാലും കടമ്മനിട്ടക്കവിതകള്‍ പ്രതിഫലിപ്പിക്കുന്ന നീതിബോധത്തെയും ധിഷണയെയും നിര്‍മ്മാണപ്രക്രിയയെയും സര്‍ഗാത്മകതയെയും വിശകലനം ചെയ്യുകയാണ് 'കടമ്മനിട്ടയുടെ കവിതകള്‍ ഒരു സ്ത്രീപക്ഷ വായന.'
സംവാദാത്മക സ്ത്രീവാദം, സ്ത്രീവാദം ചരിത്രവും വികാസവും, സ്ത്രീവാദം വ്യത്യസ്തധാരകള്‍, പുനര്‍വിചാരണകള്‍ തുടങ്ങി വിവിധ പഠനങ്ങളില്‍ സ്ത്രീജീവിതവും ചിന്താപദ്ധതിയും അടയാളപ്പെടുത്തുന്നു. ഈ യുക്തി വിചാരങ്ങള്‍ കടമ്മനിട്ടക്കവിതകളുമായി ചേര്‍ത്തുനിര്‍ത്തി പരിശോധിക്കുകയാണ് ഡോ. ബെറ്റിമോള്‍ മാത്യു. വിമര്‍ശനത്തിന്റെ സാങ്കേതികമായ ചില വിചാരങ്ങള്‍ മാത്രമല്ല; കവിതയുടെ സാഫല്യങ്ങള്‍ അന്വേഷിക്കുന്ന ഒരു മനസ്സിന്റെ തീക്ഷ്ണ സാന്നിധ്യവും ഈ പുസ്തകത്തിലുണ്ട്.
പരമ്പരാഗ സാഹിത്യ സമീപനങ്ങളെയും ദാര്‍ശനികധാരകളെയും പുനര്‍വായനക്ക് വിധേയമാക്കുന്നതില്‍ ബെറ്റിമോള്‍ പ്രകടിപ്പിക്കുന്ന ജാഗ്രത പുസ്തകത്തിലുടനീളം തെളിഞ്ഞുനില്‍ക്കുന്നുണ്ട്. കവിതയുടെയും ജീവിതത്തിന്റെയും വായന പുതിയ വിതാനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. നിരൂപണത്തില്‍ നിന്നും നാം പ്രതീക്ഷിക്കുന്നതും ഇത്തരത്തിലുള്ള വേറിട്ട വിലയിരുത്തലാണ്. കടമ്മനിട്ടയുടെ കവിതകള്‍ പൂര്‍വ്വനിശ്ചിതമല്ലാത്തവിധത്തില്‍ അവതരിപ്പിക്കുന്നിടത്താണ് ഡോ.ബെറ്റിമോളുടെ സാഹിത്യനിരീക്ഷണ ഗരിമ അനുഭവപ്പെടുന്നത്.

ജീവിതം കൊണ്ടും എഴുത്തുകൊണ്ടും കാലത്തെ സ്വാധീനിച്ച കടമ്മനിട്ടയുടെ ആണെഴുത്തധികാരത്തെ വിലയിരുത്തുകയും കവിതയെ വ്യത്യസ്തമായൊരു സൗന്ദര്യപക്ഷത്തുനിര്‍ത്തി വായനയ്‌ക്കെടുക്കുകയുമാണ് ഗ്രന്ഥകാരി. പെണ്‍പക്ഷ കാഴ്ചപ്പാടിലേക്ക് അലമുറകളില്ലാതെ പുതിയൊരു വായനാനുഭവം തുറന്നിടുന്നു. കടമ്മനിട്ടക്കവിതയുടെ സൂക്ഷ്മാപഗ്രഥനത്തിലേക്കും സമഗ്രതയിലേക്കും ഒരേസമയം ബെറ്റിമോള്‍ മാത്യു വായനക്കാരെ നടത്തിക്കുന്നു. 

കടമ്മനിട്ടയുടെ കവിതകളിലെ ജീവിതനിരീക്ഷണത്തിലും പ്രതിമാനങ്ങളിലും മിത്തുകളിലും കാമനകളിലും ഒളിച്ചുറങ്ങുന്ന വസ്തുതകള്‍ ചികഞ്ഞെടുക്കുന്നു. ഇത്തരമൊരു വായന മലയാളത്തില്‍ ഇത:പര്യന്തമല്ല; എങ്കിലും കവിതകളിലൂടെ, ലോകസാഹിത്യത്തില്‍ നിന്നും കടഞ്ഞെടുത്ത ചില നൂതന ചിന്താധാരകള്‍ അടിസ്ഥാനമാക്കിയുള്ള കാവ്യപാരായണം അപൂര്‍വ്വമാണ്. ബെറ്റിമോള്‍ മാത്യുവിന്റെ ' കടമ്മനിട്ടയുടെ കവിതകള്‍ ഒരു സ്ത്രീപക്ഷ വായന' എന്ന പുസ്തകം ഗവേഷകരുടെയും സാഹിത്യവിദ്യാര്‍ത്ഥികളുടെയും കാവ്യാസ്വാദകരുടെയും ശ്രദ്ധനേടുന്നതും മറ്റൊന്നല്ല.
ചന്ദ്രിക വാരാന്തപ്പതിപ്പ് 2014 മാര്‍ച്ച് 23

കടമ്മനിട്ടയുടെ കവിതകള്‍
ഒരു സ്ത്രീപക്ഷ വായന

ബെറ്റിമോള്‍ മാത്യു
ഡിസി ബുക്‌സ് കോട്ടയം. 110രൂപ

2 comments:

Anwar Shah Umayanalloor (Poet) said...

ശ്രദ്ധനേടട്ടെയുലകിലുന്നതമായിതെന്നു-
മാദ്യമേയോതുന്നനുമോദനങ്ങളായുളളം
ഹ‍ൃദ്യമത്യന്തമിതെന്നുരചെയ്‌വിതേനും;
സദ്യപോലാസ്വദിച്ചീടാമിതുചിലരെങ്കിലും.

അന്‍വര്‍ ഷാ ഉമയനല്ലൂര്‍ (Poet Umayanalloor)
http://anwarshahumayanalloorpoet.blogspot.in

കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ said...

tanx dear