Thursday, June 18, 2009
കവിതയുടെ ശവഘോഷയാത്ര
`ആശയങ്ങളേക്കാള്‍ അനുഭവങ്ങളുടേതായ ഒരു ജീവിതം'- എന്നിങ്ങനെ കാവ്യകലയെ കീറ്റ്സ് വിശേഷിപ്പിച്ചിട്ടുണ്ട്.
ജീവിതമെഴുത്തെന്ന് കവിതയെ പേരിട്ടു വിളിക്കാം.
ജീവിതത്തിന്റെ കുതിപ്പും കിതപ്പും ചാരുതയായും പ്രശ്നോത്തരങ്ങളായും കണ്ടെടുക്കുന്ന വിളവെടുപ്പാണ് കവിതയെന്ന് ഇടശ്ശേരിയും പറഞ്ഞുവെച്ചിട്ടുണ്ട്. ``ഇരുളിന്റെ നേര്‍ക്കായൊരായിരം, ശരനികരം തൂകിക്കൊണ്ടുയരും ഭാനുമാന്''- (പ്രഭാതം എന്ന കവിത). ഓരോ കവിതയിലും ജീവിതത്തിന്റെതായ കുടിയിരുത്തലും കുടിയിറക്കവുമുണ്ട്. ഇത് തെളിമയോടെ അവതരിപ്പിക്കുന്ന എഴുത്തുകാരന്റെ വരികള്‍ വായനക്കാരുടെ മനസ്സില്‍ കുളിര്‍മയുടെ ഒരടരയായി അടയാളപ്പെടുന്നു. കവിതയുടെ ഈ നീരിറക്കത്തില്‍ ഉള്ളുരയുടെ കാര്‍ക്കശ്യവും മനോഹാരിതയും പതിഞ്ഞുനില്‍ക്കും. മലയാളത്തിലെ പുതുകവികളുടെ രചനകളില്‍ നിന്നും ചോര്‍ന്നുപോകുന്നത് സര്‍ഗ്ഗാത്മകതയുടെ ഈ പശിമയാണ്.
2009 ജൂണ്‍15 തിങ്കളാഴ്ച മലയാളികള്‍ കണ്‍തുറന്നത് കവിതയുടെ ശവഘോഷയാത്രയിലേക്കാണ്. കവിതയുടെ ശവമഞ്ചം വഹിച്ചവരുടെ മുന്‍നിരയില്‍ സെബാസ്റ്റ്യനും രാജലക്ഷ്മിയും എ. സി. ശ്രീഹരിയും ബാലകൃഷ്ണന് മൊകേരിയുമാണ്. ഉള്ളനങ്ങുമ്പോഴൊക്കെ വളര്‍ന്നു വരുന്ന ഒരു ഹനുമല്‍ ചിത്രം ഇടശ്ശേരിയുടെ കവിതകളിലുണ്ട്. കവിയുടെയും കവിതയുടെയും കരുത്തിന്റെ സ്പന്ദനമാണത്. സെബാസ്റ്റ്യന്റെ `റിയല്‍ എസ്റ്റേറ്റ്'-(മാധ്യമം ജൂണ്‍ 22- ലക്കം),`ആരണ്യകം'-(കലാകൗമൂദി, ജൂണ്‍ 21), `ഒരു പാനപാത്രത്തിന്റെ മടക്കയാത്ര' (രാജലക്ഷ്മി- മലയാളം വാരിക ജൂണ്‍ 19), `പുസ്തകമേ' -(എ.സി.ശ്രീഹരി- പച്ചക്കുതിര, ജൂണ്‍ ലക്കം), `കാവ്യനീതി'-(ബാലകൃഷ്ണന് മൊകേരി- പച്ചക്കുതിര, ജൂണ്‍ ലക്കം) എന്നീ രചനകള്‍ കവിതയുടെ ശവപ്പെട്ടിയില്‍ അടിച്ച തുരുമ്പാണികളാണ്.
ദിവസം കഴിയുന്തോറും പൊടിഞ്ഞില്ലാതാകുന്നവ.എന്‍. വി. കൃഷ്ണവാരിയര്‍ ടി. എസ്. എലിയറ്റിനെ തൊട്ടെഴുതിയാണ് ആധുനികകവിതയുടെ പടിപ്പുരയില്‍ പരസ്യപ്പലക നാട്ടിയത്. അതിപ്പോഴും വായനക്കാരുടെ മനസ്സില്‍ മുനകൂര്‍പ്പിച്ചുനില്‍പ്പുണ്ട്. ഭാഷയിലേക്കും ഭാവത്തിലേക്കും പരകായപ്രവേശം എന്‍. വി. അനായാസം സാധിച്ചെടുത്തു. പുതുകവികള്‍ക്ക് അന്യരുടെ ജീവിതം നോക്കിയെഴുതാനോ, സ്വയം കാഴ്ചയിലേക്ക് അടയിരിക്കാനോ കഴിയുന്നില്ലെന്നതിന് ദൃഷ്ടാന്തം വായനക്കാര്‍ മറ്റെങ്ങും അന്വേഷിക്കേണ്ടതില്ല- സെബാസ്റ്റ്യന്റെ `റിയല്‍എസ്റ്റേറ്റ്' എന്ന കവിത മുന്നിലുണ്ട്. ``വിറ്റും വാങ്ങിയും, തീര്‍ന്നുപോയ ഭൂമിയുടെ, ഇടപാടുകാരേ, കണ്ണുവെക്കല്ലേ, ഈ മുതലിനെ''- കവിയുടെ വിലാപം ശ്രദ്ധേയം. എല്ലാം ആഹരിച്ചുപോകുന്ന മാഫിയാവല്‍ക്കരണത്തെ ധ്വനിപ്പിക്കാനുള്ള ഈ എഴുത്തുകാരന്റെ യത്നം കവിതയാകുന്നില്ല. തലതല്ലിക്കരച്ചിലിന്റെയും മുഖംമൂടിയുരിയലിന്റെയും മര്‍മ്മരങ്ങള്‍ക്ക് കവിതയുടെ ചരിത്രത്തിലും താഴ്വേരുകളുണ്ട്. തിരസ്കരണത്തിന്റെ വിനിയ വൈഷമ്യം കൊണ്ട് സെബാസ്റ്റ്യന്റെ കവിത കോടാലിപോലെ വായനക്കാരന് മുന്നില്‍ തിളങ്ങിനില്ക്കുന്നു.
`ആരണ്യക'ത്തില്‍ ``പെട്ടെന്ന് മഴ പെയ്യും, ചൂളംവിളിച്ച് പാഞ്ഞുപോകും, തീവണ്ടിയായി തീര്‍ന്ന കടല്‍'' എന്ന് സെബാസ്റ്റ്യന്റെ വരികള്‍ വായിക്കുമ്പോള്‍, നിലാവില് മുങ്ങിനില്ക്കുന്ന അമ്പലമുറ്റം പാല്‍ക്കടലാണെന്ന് ധരിച്ച് മുങ്ങിമരിച്ച പഴയ കവിഭാവന വായനക്കാരുടെ ഓര്‍മ്മയില്‍ തെളിയാതിരിക്കില്ല. പദങ്ങള്‍ അവയുടെ സ്ഥായീഭാവത്തില്‍ നിന്നും മോചനം നേടി നക്ഷത്രങ്ങളാകുമ്പോള്‍ കവിത വിരിയും. കടമ്മനിട്ട വാക്കുകളെ കര്‍പ്പൂരദീപമായും കസ്തൂരിഗന്ധമായും കണ്ടെടുത്തു. സെബാസ്റ്റ്യന്‍ അവയെ ഇഷ്ടികക്കട്ടയായി കവിതയില്‍ വിന്യസിച്ചിരിക്കുന്നു.
സായിപ്പ് മലയാളം പഠിച്ച് ബോധംകെട്ടത് അക്കിത്തത്തിന്റെ ?ഇരുപതാം നൂറ്റാണ്ട്' വായിച്ചിട്ടായിരുന്നു. സായിപ്പിന്റെ ഉള്ളിലൊരു ചിരിയും- ഇംഗ്ലീഷ് മലയാളത്തിലെഴുതിയതില്‍. `പാനപാത്രത്തിന്റെ മടക്കയാത്ര'യില്‍ രാജലക്ഷ്മി എഴുതി-``ഭാഷയോടുള്ള, ആത്മബന്ധം, ഉപേക്ഷിച്ചിരിക്കുന്നു, ഏതു പദവും, നിര്‍മ്മമതയോടെ, ഉപയോഗിക്കാന്‍, എനിക്കാവുന്നു, പദങ്ങള്‍ ചൂണ്ടുപലക, പദങ്ങള്‍, കറ്റച്ചൂട്ട്''. മലയാള അക്ഷരങ്ങള്‍ രാജലക്ഷ്മിയെ കാണുമ്പോള്‍ പ്രാണഭയത്താല്‍ ഓടിയൊളിക്കാതിരിക്കില്ല. ``ചിത കത്തിത്തീരും വരേക്കു നമ്മള്, ചിതമായ് പെരുമാറാം ദോഷമില്ല''എന്ന് (ചാക്കാല) കടമ്മനിട്ട എഴുതിയത് രാജലക്ഷ്മിയുടെ കാവ്യപ്രേതത്തെ മുന്‍കൂട്ടികണ്ടിട്ടാകാം.
ബാലകൃഷ്ണന് മൊകേരിയുടെ `കാവ്യനീതി'യുടെ ആദ്യവരി കാവ്യജൂസുപോലെ മധുരമാണ്-``മരമാണ് രാവണന്''. തുടര്‍ന്നുള്ള വരികള്‍ മധുരമാണെന്ന് തെറ്റിദ്ധരിച്ച് അകത്താക്കാതിരിക്കുക.``വനനാശം രാജനീതി താന്‍, അവനീനാശമതില്‍പരം, കാവ്യനീതി നമുക്കാശ, മരമാകുന്നു രാവണന്''-എന്നിങ്ങനെ കവിതയിലൂടെയല്ലാതെ കാവ്യശില്പത്തിലൂടെ കവി കരയുമ്പോള്‍ വായനക്കാര്‍ കാതുകള്‍ മാത്രമല്ല കണ്ണുകളും പൊത്തും. പദതാളത്തില്‍ രമിക്കാതെ കാവ്യദൃശ്യം അനാവരണം ചെയ്യാനുള്ള ജാഗ്രതയാണ് ബാലകൃഷ്ണനെപോലുള്ള എഴുത്തുകാര്‍ക്ക് നഷ്ടമാകുന്നത്.
ശ്രീഹരിയുടെ വിലാപം-``പുസ്തകമേ, പുനര്ജ്ജനിക്കായി, പ്രാര്‍ത്ഥിക്കുന്നുണ്ട്, പുസ്തകമേളകള്‍''. ശ്രീഹരിയുടെ പേനത്തുമ്പില്‍ വിരിഞ്ഞത് കാവ്യചഷകമല്ല; കുരുഡാനാണ്. ഭാവനയെ തീപിടിപ്പിച്ച ഒരു അനുഭവം- എന്നൊരിടത്ത് റൊളാങ് ബാര്‍ത്ത് എഴുതിയിട്ടുണ്ട്. ശ്രീഹരി അതിനെ വായനക്കാരന്റെ നെഞ്ചിലേക്ക് കുത്തിയിറക്കുന്ന വാരിക്കുന്തമാക്കുന്നു.
കവിതയുടെ ശവഘോഷയാത്രയില്‍ നിന്നും മാറിനില്‍ക്കുന്ന എഴുത്തുകാരുടെ സാന്നിദ്ധ്യവും മലയാളത്തിലുണ്ട്. അവരുടെ നിരയില്‍ വിജയലക്ഷ്മി നില്‍ക്കുന്നതിങ്ങനെ:``ഉച്ചരിക്കാത്ത വാക്കിന്റെ, ചൂടായ് മാറാത്ത രാപ്പനി, ദൂരദൂരം പറന്നിട്ടും, കൊമ്പത്തെത്താത്ത കാക്കകള്‍ ''-(പറന്നിട്ടും- മാതൃഭൂമി, ജൂണ്‍ 21).തന് ചിതയ്ക്ക് സ്വയം തീകൊളുത്തുന്ന ജന്മത്തെപ്പറ്റി ഹൃദ്യമായൊരു ചിത്രം വിജയലക്ഷ്മി വരച്ചിടുന്നു.
പുതുവഴി
പുതുവഴിയില്‍ വഴി (അലി കെ.വാളാട്),രണ്ടു കവിതകള്‍ (അബ്ദുള്ള നസീഫ്), മൂന്നുകവിതകള്(ഇ.എം.ഹസ്സന്) എന്നീ രചനകളാണ് ഉള്‍പ്പെടുത്തിയത്. ജനനം മുതല്‍ മരണംവരെ ഒരാളോടൊപ്പം നടക്കുന്ന വഴിയെക്കുറിച്ചാണ് അലി എഴുതിയത്. മനുഷ്യന്റെ മറുപുറം കാണാനുള്ള വെമ്പലാണ് അബ്ദുള്ള നസീഫിന്. അന്ത്യയാത്രയുമായി ബന്ധപ്പെട്ടാണ് ഇ.എം.ഹസ്സന് ചിന്തിക്കുന്നത്. ഈ എഴുത്തുകാര്‍ക്ക് ജീവിതത്തില്‍ ഇടപെടണമെന്ന മോഹമുണ്ട്. കവിതയുടെ പ്രമേയങ്ങളില്‍ ഈ ധാരകളുമുണ്ട്. പക്ഷേ കവിതയെഴുത്തിന്റെ കരപറ്റാന്‍ അലിക്കും അബ്ദുള്ളക്കും ഹസ്സനും നടക്കാനുള്ള ദൂരം ആര്‍ക്കും തിട്ടപ്പെടുത്താന്‍ കഴിയില്ല. കവിത കണ്ണാടിയായി കണ്ടെടുക്കാന്‍ സാധിക്കുമെങ്കില്‍, വൈലോപ്പിള്ളി എഴുതിയിട്ടുണ്ട്: 'ചെറ്റയാംവിടന്‍ ഞാനെനിമേല്‍, കഷ്ടമെങ്ങനെ കണ്ണാടിനോക്കും??. ഈ വരികള്‍ പുതുവഴിയിലെ എഴുത്തുകാര്‍ക്കും ബാധകമാണ്. അക്ഷരങ്ങളെ കഴുത്തുഞെരിച്ചു കൊല്ലുന്നതിനും, പേനയില്‍ കാളകൂടം നിറയ്ക്കുന്നതിനും ഉത്തമോദാഹരണമാണ് പുതുവഴിയില്‍ ചേര്‍ത്ത കവിതാരൂപങ്ങള്‍.
സൂചന: ഖലീല്‍ജിബ്രാന്റെയും റൂമിയുടെയും നാട്ടുകാര്‍ മലയാളം വായിക്കാന്‍ പഠിച്ചാല്‍, അവരില്‍ പലര്‍ക്കും ഹൃദയസ്തംഭനം വരും. രോഗകാരണം വടക്കന്‍കവികളുടെ പുസ്തകങ്ങളല്ലാതെ മറ്റൊന്നായിരിക്കില്ല.
-നിബ്ബ്, ചന്ദ്രിക വാരാന്തപ്പതിപ്പ് 21/6
കവിതകള്‍
വഴി
അലി കെ. വാളാട്
വളഞ്ഞും തിരിഞ്ഞും
ചിലപ്പോള്‍ നേരെയുംവഴികള്‍
പലതായിപിരിഞ്ഞു പോകുന്നു.
ദൂരക്കാഴ്ചയില്‍മണ്ണിരയെപ്പോലെ പുളഞ്ഞും.
അടുക്കുമ്പോള്‍ അകന്നകന്ന്അഹങ്കരിക്കുന്നു വഴി.
നടന്നകലുമ്പോള്‍പലതിനും
സാക്ഷിയായ്ഓര്‍മ്മയെ വിലക്കെടുത്ത്
വഴിനീളെ നാഴികക്കല്ലുകള്‍.വഴിമുട്ടിയും
പുതിയവ തുറന്നുംനടന്ന് തീര്‍ക്കുമ്പോള്‍ഉ
ടലിലേറ്റാന്‍ കഴിയാത്ത ദൂരമായി
മനസ്സില്‍ കനക്കും.
ഒരു വഴി അവസാനംമറ്റൊരു വഴി തുടക്കം.
തീരാതെ മനസ്സില്‍ വഴി
വീണ്ടുംനീണ്ടും നിവര്‍ന്നും.വളഞ്ഞും
തിരിഞ്ഞും വഴിഇടകലര്‍ന്നു നീളുമ്പോള്‍ജീവിതത്തിനുപമയായിവഴിയമ്പലങ്ങള്‍.
ഇനി നിത്യശാന്തിക്ക് പാഥേയമൊരുക്കാം
അന്ത്യയാത്രക്കായ് അല്പം കാത്തിരിക്കാം.
രണ്ട് കവിതകള്‍
അബ്ദുള്ള നസീഫ് എസ്.എ
(എന്‍.എസ്. എസ് കോളജ്, മഞ്ചേരി)ആര്‍ക്കറിയാം
സന്തോഷംഅതിരുവിടുമ്പോള്‍,
കരയാറുണ്ട്എന്നാല്‍,
സങ്കടംഏതറ്റം കണ്ടാലുംചിരിപ്പിക്കാറില്ല,
എന്താണാവോ? ആര്‍ക്കറിയാം.
ഇനി
ഇനിയൊരിക്കലും
ഞാന്‍കള്ളം പറയില്ല
അതിരാവിലെ, ഞാന്‍പ്രതിജ്ഞയെടുത്തു.
രാത്രി മെത്തയില്‍കിടന്നു ഞാനോര്‍ത്തു.
ഇങ്ങനെയെത്ര കള്ളം!
ഇനിയെത്ര കള്ളം,ഇല്ലെയില്ല,
ഇനിയൊരിക്കലുംഇങ്ങനെ പറയില്ല.
മൂന്നു കവിതകള്‍
ഇ. എം. ഹസ്സന്
യാത്ര
എത്ര വിചിത്രമെന്‍ യാത്ര
സത്രമൊഴിഞ്ഞു.
മിത്രങ്ങളെ വെടിഞ്ഞു.
പുത്രകളത്രാദികളാരു-
മില്ലാത്തേടത്തേക്കൊരു യാത്ര.
ഭവനം
കുടുസ്സായ കല്ലറഇല്ല,
അറയില്‍തെല്ലുംവെളിച്ചം,
തെളിച്ചംകാറ്റില്ല,
പറ്റിയസീറ്റില്ല,
ഉറ്റവരുടയവരില്ല.
കൂട്ടുകാര്‍
സല്‍ക്കര്‍മ്മങ്ങള്‍
സല്സന്താനങ്ങള്
സദഖകള്‍ അല്ലാതൊന്നും
ഒട്ടുമേ കൂട്ടിനില്ലതിട്ടം
ചിട്ടയോടെ ചരിക്കൂ.
Subscribe to:
Post Comments (Atom)
10 comments:
എഴുത്തിന്റെ ആഴം കണ്ടു.
വായനയുടെ പരപ്പും കാണുന്നു.
കൊള്ളാം.
പിന്നെ വരാം.ക്ഷേമാശംസകള്‍ !!!
നന്ദി, നിങ്ങള്‍ വളര്‍ത്തിയെടുത്ത ഈ നല്ല സംവേദന ശീലത്തിന്...സന്തോഷത്തോടെ പറയാനഗ്രഹിക്കുന്നു ഇതാ വായനയുടെ വഴിയില്‍ ഞാനിഷ്ടപ്പെടുന്ന ഒരു കൂട്ടുകാരന് കൂടി...പറയമല്ലോ ല്ലെ...? സ്നേഹത്തോടെ...
താങ്കളെപ്പോലുള്ളവരുടെ പ്രോത്സാഹനം കരുത്തു നല്‍കുമെന്ന് തീര്‍ച്ച. ആഴ്ചതോറും കാണണം. നന്ദി.
താങ്കളെപ്പോലുള്ളവരുടെ പ്രോത്സാഹനം കരുത്തു നല്‍കുമെന്ന് തീര്‍ച്ച. ആഴ്ചതോറും കാണണം. നന്ദി.
സ്വയം കാഴ്ച്ചക്കും പരകായപ്രവേശത്തിനും ഇടക്കെവിടെയോ ഗതി കിട്ടാതെ അലയുന്ന പ്രേതങ്ങളാണ് നമ്മുടെ യുവ പ്രതിഭകളെന്ന് തോന്നുന്നു. ഇത് കവിതയുടെ കാര്യത്തില്‍ മാത്രമല്ല കേട്ടോ...
ശവങ്ങളെ പോസ്റ്റ്മാര്‍ട്ടം ചെയ്തതിന് നന്ദി. ഘോഷയാത്രയുമായി പോയവര്‍ ഈ റിപ്പോര്‍ട്ട് നോക്കുമെന്നും അതില്‍ നിന്നും പാഠം ഉള്‍ക്കൊള്ളുമെന്നും ആശിക്കുന്നു.
താങ്കളുടെ കുറിപ്പ് വായിച്ചു. ചിന്ത ആര്‍ക്കും പണയം വയ്ക്കാത്ത തലമുറയാണ് കാലഘട്ടത്തിന് ആവശ്യം. അതിന്റെ ശബ്ദം താങ്കളില്‍ നിന്നും കേള്‍ക്കുമ്പോള്‍ സന്തോഷിക്കുന്നു.
"ഖലീല്‍ജിബ്രാന്റെയും റൂമിയുടെയും നാട്ടുകാര്‍ മലയാളം വായിക്കാന്‍ പഠിച്ചാല്‍, അവരില്‍ പലര്‍ക്കും ഹൃദയസ്തംഭനം വരും."
പുതുവഴിയിലെ കവിതകള്‍ ഇവയുടെ വികലമായ അനുകരണങ്ങളാണെന്നാണോ താങ്കള്‍ ഉദ്ദേശിച്ചത്.
മുഖം നോക്കാതെയുള്ള വിമര്‍ശനം നന്നാകുന്നു.പലപ്പോഴും രചയിതാവിന്റെ പേരിനാണ് രചനകളേക്കാള്‍ പ്രാമുഖ്യം എന്ന് തോന്നിപ്പോകും മുഖ്യധാര മാധ്യമങ്ങളിലെ കവിതകള്‍ വായിക്കുമ്പോള്‍.
മുഖ്യധാരാ കവികളുടെ രചനാവൈഭവം വായനക്കാര്‍ക്ക് സുപരിചിതമാണ്. അതിനാല്‍ അവരുടെ പുതിയ കവിത സൂചിപ്പിക്കുമ്പോള്‍ പേര് മാത്രം നല്കുമ്പോള് വായനക്കാരുടെ മനസ്സില്‍ കവിത തെളിയുമെന്ന് കരുതുന്നു. മാത്രമല്ല ഓരോ കവിതയും വിശാലമായി വിലയിരുത്താനുള്ള സ്ഥലവുമില്ല, ഒരു തരത്തില്‍ ഞാണിന്മേല്ക്കളി. ചെറിയ സ്പര്‍ശം വലുതിലേക്കുള്ള വാതിലുകള്‍ മാത്രമായി കാണുക. താങ്കളുടെ നിര്‍ദ്ദേശം പ്രാധാന്യത്തോടെ സ്വീകരിക്കുന്നു. നന്ദി.
താങ്കള്‍ എന്റെ വാക്കുകള്‍ തെറ്റിദ്ധരിച്ചെന്ന് തോന്നുന്നു.താങ്കളുടെ നിരൂപണത്തെ അല്ല, പ്രസിദ്ധനായ കവിയുടെ കവിത നല്ലതല്ലെങ്കില്‍ കൂടെ അച്ചടിച്ച് വരുന്നതാണ് സൂചിപ്പിച്ചത്.
പലപ്പോഴും വിലയിരുത്തപ്പെടുന്നത് പേരുകളാണ്, സാഹിത്യത്തിലേ തീരാശാപമായി ഈ പ്രവണത തുടരുന്നു. ഇത് ചോദ്യം ചെയ്യുന്നവര്‍ പലപ്പോഴും മുഖ്യധാരകളില്‍ നിന്നും പുറത്താകുന്നു. താങ്കള്‍ തിരിച്ചറിഞ്ഞതില്‍ സന്തോഷം. കവിതയും കഥകളും അച്ചടിച്ചു വരുന്നതില്‍ പ്രധാനമായും വലിയ പേരുകളും അല്ലെങ്കില്‍ പേരുകളുടെ നിര്‍ദ്ദേശങ്ങളും പരിഗണനാവിഷയമാകുന്നു. രചന വായിക്കുന്ന സംസ്ക്കാരത്തിലേക്ക് വായന മാറിവരികയാണ് വേണ്ടത്. നന്ദി.
Post a Comment