Wednesday, June 24, 2009

കാവ്യമാലിന്യം പെരുകുന്നു

ചാലേ കവടിയെടുക്കുന്നവരതി,നാലേ ഗണകരുമെന്നുവരാമോ, ധാര്‍ഷ്‌ട്യം കാട്ടുകയെന്നതൊഴിഞ്ഞൊരു, കൂട്ടംപോലുമവന്നറിയില്ല?- എന്നിങ്ങനെ വ്യാജരൂപങ്ങളെപ്പറ്റിയാണ്‌ കുഞ്ചന്‍ നമ്പ്യാര്‍ വിവരിച്ചത്‌. നമ്പ്യാരുടെ വിശേഷണം മലയാളത്തിലെ പല കവികള്‍ക്കും ഇണങ്ങും. അക്ഷരങ്ങള്‍ക്കൊണ്ട്‌ തലപ്പന്ത്‌ കളിക്കുന്നവരെ കാണുമ്പോള്‍ കുഞ്ചന്റെ പരാമര്‍ശം വായനക്കാരുടെ ഓര്‍മ്മയിലെത്താതിരിക്കില്ല.

വായനാവാരത്തില്‍ കേരളം കണിക്കണ്ടുണര്‍ന്നത്‌ കാവ്യമാലിന്യത്തിലേക്കായിരുന്നു. മാലിന്യനിക്ഷേപകരില്‍ കെ. സച്ചിദാനന്ദനും ദേശമംഗലം രാമകൃഷ്‌ണനും ശിഹാബുദ്ദീന്‍ പൊയ്‌ത്തുംകടവും പി. എന്‍. ഗോപീകൃഷ്‌ണനും പവിത്രന്‍ തീക്കുനിയും അന്‍വര്‍ അലിയും മുന്‍നിരയിലുണ്ട്‌. സ്റ്റീവന്‍ഗ്രീനും കരേന്‍മിന്‍കോവിസ്‌കിയും സിംഹവാലന്‍ കുരങ്ങുകളെപ്പറ്റി പഠനം നടത്തിയത്‌ അവയെ സംരക്ഷിക്കാന്‍ വേണ്ടിയായിരുന്നു. മലയാളകവികള്‍ എഴുതുന്നത്‌ ഭാഷയെ മലിനമാക്കാനും.

ദേശമംഗലം രാമകൃഷ്‌ണന്‍ 'മൂന്നുകവിതക' ളില്‍-(മലയാളം-ജൂണ്‍26)എഴുതുന്നു:
സ്വപ്‌നമിനിയും ബാക്കിയാണ്‌, ഓര്‍മ്മയിനിയും ബാക്കിയാണ്‌, അതെന്തെന്നു മാത്രമറിയാതെയീ, ഫ്രെയിമില്‍ നോക്കിയിരിപ്പാണ്‌ ഞാന്‍-ദേശമംഗലത്തിന്‌ ഓര്‍മ്മപ്പിശകില്ലെന്ന്‌ വ്യക്തം. മൂന്നുകവിതകള് ‍പോലുള്ള ചാപിള്ളകള്‍ മാത്രമാണ്‌ രാമകൃഷ്‌ണന്‍ നാളിതുവരെ എഴുതി നിറച്ചത്‌. സച്ചിദാനന്ദന്റെ വൃത്തം-(മാതുഭൂമി-ജൂണ്‍28) എന്ന കവിത തുടങ്ങുന്നത്‌
നിന്നെ ഞാനോര്‍ക്കുന്നു-ഹൃദ്യമായ വരിയില്‍. കവി വായനക്കാരെ ഓര്‍മ്മയുടെ ആഴങ്ങളിലേക്ക്‌ കൂട്ടിക്കൊണ്ടു പോകുന്നു. കവിതയുടെ തുടര്‍ന്നുള്ള വരികള്‍ അക്ഷരപീഡനമാണ്‌.
‌നൃത്തം ചെയ്യൂ, നിറത്തില്‍, ഭൂമിയില്‍, ആകാശത്തില്‍, ജലത്തില്‍, കാറ്റില്‍, അഗ്നിയില്‍, കാലത്തില്‍, കാലാതീതത്തില്‍?. നൃത്തം'' പോലുള്ള രചനകളില്‍ നിന്നും വായനക്കാരെ രക്ഷിക്കാനായിരിക്കാം, കവികളെ നാട്ടില്‍ നിന്നും ഓടിക്കണമെന്ന്‌ നൂറ്റാണ്ടുകള്‍ക്കു മുമ്പ്‌ പ്ലാറ്റോ വാശിപ്പിടിച്ചത്‌.

ആവര്‍ത്തനം കൊണ്ട്‌ എഴുത്തുകാരന്‌ കാവ്യമാലിന്യം പെരുപ്പിക്കാന്‍ എളുപ്പമാണെന്നതിന്‌ ഉത്തമോദാഹരണമാണ്‌ പവിത്രന്‍ തീക്കുനി എഴുതിയ ശിഥിലകാണ്‌ഡം(കലാകൗമുദി-ജൂണ്‍28).
കടം കൊണ്ട്‌, പണിതവീട്ടില്‍, കണ്ണീര്‌ കത്തുന്നു- അക്ഷരമറിയാവുന്ന ആര്‍ക്കും എഴുതിപ്പിടിക്കാവുന്ന വരികള്‍, എഴുത്തുകാരന്റെ ഉദാസീനതയക്ക്‌ ഈടുറ്റ അടയാളമാണിത്‌. അന്‍വര്‍ അലി പള്ളിപ്പുറം വണ്ടിയാപ്പീസ്‌-(മാധ്യമം- ജൂണ്‍ 29) എന്ന കാവ്യപ്രേതത്തിന്റെ നെറ്റിത്തടത്തിലെഴുതി:
ഇംഗ്ലീഷ്‌ വിളക്കുകാല്‍ പണ്ടത്തെ, പുങ്ക്‌ ചൊറിഞ്ഞു തുരുമ്പിച്ച്‌. മലയാളകവിത കീറച്ചാക്കാക്കി മാറ്റുന്നതില്‍ പള്ളിപ്പുറം വണ്ടിയാപ്പീസ്‌പോലുള്ള രചനകള്‍ വഹിക്കുന്ന പങ്ക്‌ ചെറുതല്ല.

പുനത്തില്‍ കുഞ്ഞബ്‌ദുള്ള കഥ, നോവല്‍, ആത്മകഥ എന്നിവ കൂടാതെ മരുന്നുംമന്ത്രവും എഴുതുന്നു. പുനത്തില്‍ എഴുതുന്നതെന്തായാലും അതിലൊക്കെ സര്‍ഗ്ഗാത്മകതയുടെ സാന്നിദ്ധ്യമുണ്ട്‌. വായനയില്‍ പുതുമയും. മലയാളത്തില്‍ ഇടയ്‌ക്കെങ്കിലും ഭേദപ്പെട്ട കഥയെഴുതുന്നവരില്‍ ശിഹാബുദ്ദീന്‍ പൊയ്‌ത്തുംകടവിന്റെ പേരും ഉള്‍പ്പെടുന്നു. ശിഹാബുദ്ദീന്റെ കഥകള്‍ മാത്രമല്ല, ആത്മകഥ വരെ (ഭാഷാപോഷിണി- വാര്‍ഷികപ്പതിപ്പ്‌ 09) വായനയില്‍ ഇടം നേടുന്നു. പക്ഷേ, ശിഹാബുദ്ദീന്‍ കവിതയെഴുതുമ്പോള്‍ വായനക്കാരുടെ മൂക്കില്‍ ഓടകളുടെ മണംമാത്രമല്ല, കവിതയില്‍ കീടനാശിനിപ്രവാഹവുമാണ്‌ അനുഭവപ്പെടുത്തുന്നത്‌. ഇതിന്‌ ദൃഷ്‌ടാന്തമാണ്‌ വാരാദ്യമാധ്യമത്തില്‍ (ജൂണ്‍ 21-ലക്കം 1112) ശിഹാബുദ്ദീന്‍ എഴുതിയ `കടലറിവ്‌' എന്ന കവിത.``മരിച്ച ഏതോ വൃക്ഷത്തിന്റെ, മഴക്കാലത്തെ ശവാവശിഷ്‌ടങ്ങളായിരുന്നു., കടലേ, നമുക്ക്‌ പോകാം, എനിക്ക്‌ നീയും നിനക്ക്‌ ഞാനും, മാത്രം സ്വന്തം'' കടലിന്റെ അക്കരയില്ലായ്‌മ തൊട്ടറിയുന്നു കവി. കെട്ടൊടുങ്ങിയ മരത്തിന്റെ അവശിഷ്‌ടമാണ്‌ ഇലകളും പൂക്കളും എന്ന്‌ തിരിച്ചറിഞ്ഞ്‌ മായാഭ്രമത്തില്‍ മുഴുകുന്ന കവിയുടെ ചിന്താപഥം ശൂന്യമാണെന്ന്‌ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടേണ്ടിവരില്ല. കടലിനെ ചൊല്ലി ഡി. വിനയചന്ദ്രനും വിപലിക്കുന്നുണ്ട്‌. കടലൊരു കണ്ണാടി എന്ന കവിത (തോര്‍ച്ച മാസിക ജൂണ്‍09). ``മരണത്തെ, നേര്‍ക്കുനേര്‍ കണ്ട കണ്ണാടി, ഭയം കൊണ്ട്‌ പൊട്ടിത്തെറിച്ചു, കടല്‍ ഇന്നും കടല്‍ തന്നെ''. കടല്‍ ഉപേക്ഷിക്കപ്പെട്ട കണ്ണാടിക്കാഴ്‌ചയിലൂടെയാണ്‌ വിനയചന്ദ്രന്‍ സഞ്ചരിക്കുന്നത്‌. വിനയചന്ദ്രന്റെ വഴിയിലൊരിടത്തും കവിതയില്ല. കവിതയിലേക്കുള്ള അക്ഷരപ്പടര്‍പ്പുകള്‍ കൊണ്ട്‌ ഇരുളാണ്ട കുഴിയിലാണ്‌ ലബ്‌ധപ്രതിഷ്‌ഠനായ വിനയചന്ദ്രനെന്ന്‌ `കടലൊരു കണ്ണാടി' വിളിച്ചുപറയുന്നു.

കവിതകളുടെ മാലിന്യക്കൂമ്പാരത്തിനിടയിലും എഴുത്തിന്റെ വിരല്‍സ്‌പര്‍ശം കെ. പി. റഷീദ്‌ അടയാളപ്പെടുത്തി:
കടലാസിനേക്കാള്‍, കാറ്റലയും തിരയും, നിന്റെ ഞരമ്പില്‍ തന്നെ മരമേ, എന്റെ പച്ചവനമേ-( മരമേ എന്ന കവിത -മാധ്യമം ). വനം കടലാസായി എഴുതിനിറയുന്ന ചിത്രം.

പുതുവഴി
പുതുവഴിയില്‍ നാല്‌ കവിതകളാണ്‌ ഉള്‍പ്പെടുത്തിയത്‌. സേറയുടെ `സാക്ഷി', മൊയ്‌തു തിരുവള്ളൂരിന്റെ `പേനയുടെ സംവാദം', യു. വി. എം. സാലിയുടെ `നൊമ്പരങ്ങള്‍', ദിലീപ്‌ ഇരിങ്ങാവൂരിന്റെ `കണ്ണാടി' എന്നിവ. സാക്ഷിയില്‍ എഴുത്തുകാരന്‍ ചരിത്രത്തിനും മനുഷ്യനും ഇടയില്‍ യഥാര്‍ത്ഥ സാക്ഷി ആരെന്ന്‌ അന്വേഷിക്കുന്നു. കവിതയില്‍ ഉള്‍ക്കിടിലം പൂണ്ട അന്വേഷണങ്ങള്‍ സ്വാഭാവികമാണ്‌. സേറയുടെ അന്വേഷണം കാവ്യരൂപത്തിലല്ല, പ്രബന്ധത്തിലാണ്‌. ഇത്‌ ചരിത്രത്തില്‍ മനുഷ്യനെ കാണാത്ത ചരിത്രപണ്‌ഡിതന്മാര്‍ക്കുള്ള വാറോലയാണ്‌. മൊയ്‌തുവിന്റെ പേന കൃപാണമാണ്‌. ഇതിന്റെ കുത്തേല്‍ക്കാതെ വായനക്കാര്‍ ജാഗ്രത പാലിക്കുക. യു. വി. എം. സാലിം മരീചികയ്‌ക്ക്‌ രൂപം വരക്കാന്‍ ശ്രമിക്കുന്നു. ഫലം കണ്ടില്ല. കൊലക്കത്തി മാറില്‍പ്പതിഞ്ഞ ഇരയുടെ നിലവിളി ദിലീപ്‌ കേള്‍ക്കുന്നു. പുതുവഴിക്കാരുടെ കാവ്യമോഹം ശ്രദ്ധേയം. കവിതയെഴുതാന്‍ പേനയും കടലാസ്സും മാത്രം മതിയാവില്ല. ഇവര്‍ക്കായ്‌ എന്‍. എന്‍. കക്കാടിന്റെ വരികള്‍ കുറിക്കുന്നു:
ഓരോ തവണയും, ജീവനൊരു ദാനമായ്‌, വിലകൂടി നീണ്ടുകിട്ടുന്നു, തീരാക്കടങ്ങള്‍ തന്‍ വന്‍കൂട്ടുപലിശയായ്‌, അറിയാതെ ഭീതി വളരുന്നു-(മൂല്യം -എന്ന കവിത).

സൂചന: എയ്‌ഡ്‌സ്‌വൈറസിനെക്കുറിച്ചുള്ള ഭീതിയാണ്‌ സാഹിത്യഭാഷയെ പിടികൂടുന്നതെന്ന്‌ -സൂസന്‍ സൊന്റാഗ്‌ പറഞ്ഞുവെച്ചിട്ടുണ്ട്‌. മലയാളകവിത ഭയപ്പെടുന്നത്‌ പി. എന്‍. ഗോപീകൃഷ്‌ണന്റെ `ഹൃദയംമാഷ്‌' (മാധ്യമം-ജൂണ്‍29)പോലുള്ള കാവ്യവൈറസ്സുകളെയാണ്‌.

കവിതകള്
‍സാക്ഷി
സേറ
(ഗവേഷക വിദ്യാര്‍ത്ഥി, നെഹ്‌റു യൂനിവേഴ്‌സിറ്റി, ന്യൂഡല്‍ഹി)മനുഷ്യര്‍ ചരിത്രത്തിന്‌സാക്ഷിയാവാറുണ്ട്‌.
ചരിത്രത്തിന്‌ മനുഷ്യര്‍സാക്ഷിയാവാറുണ്ട്‌.
പക്ഷേ, ചരിത്രം മറക്കുന്നമനുഷ്യര്‍ക്കും,
മനുഷ്യരെ മറക്കുന്നചരിത്രത്തിനും
യഥാര്‍ത്ഥ സാക്ഷി ആരായിരിക്കും?
രക്തസാക്ഷിയോ
അതോദൃക്‌സാക്ഷിയോ?

പേനയുടെ സംവാദം
മൊയ്‌തു തിരുവള്ളൂര്
‍പേനയ്‌ക്ക്‌ ജീവനുണ്ട്‌.
ചലിക്കുകയുംചലിപ്പിക്കുകയും ചെയ്യും
.ശക്തി-രക്തവുമാണ്‌.
ചുവപ്പായുംപച്ചയായും
നീലയായും കറുപ്പായും
നിര്‍ഗളിക്കാറുണ്ട്‌.
അതിന്റെവിസര്‍ജ്ജനംചിലപ്പോള്
‍പ്രതികരണങ്ങളുംപ്രക്ഷോഭങ്ങളും
യുദ്ധങ്ങളുമുണ്ടാക്കും.
ഹൃദയത്തിന്‌ മുറിവുണ്ടാക്കുന്നകൂര്‍ത്ത- കൂര്‍ത്തമുനയുണ്ടതിന്‌.
എപ്പോഴുമതിന്‌മുന്നറിയിപ്പില്ലാത്ത
ആക്രമണത്തിന്റെറോളാണ്‌.

നൊമ്പരങ്ങള്‍
യു. വി. എം. സാലിം വേങ്ങര
(സി. എം. മഖാം കോളജ്‌, മടവൂര്‍)
മനസ്സിനോട്‌ ഞാന്‍ നൊമ്പരപ്പെടാന്‍ പറഞ്ഞു.
ഒരു നഗ്ന സത്യം തിരിച്ചറിഞ്ഞതിന്‌തുറന്നെഴുതാന്‍ മടിയുണ്ടെങ്കിലുംമനസ്സിന്റെ വിങ്ങലുകള്‍ക്ക്‌
വിശ്രമമേകാന്‍ചുറ്റും
നിഴല്‍പോല്‍ നിലയുറപ്പിച്ച
ചോദ്യചിഹ്നങ്ങള്‍ക്കുത്തരം
നല്‍കാന്‍ചലിപ്പിക്കുന്നു
ഞാനെന്റെ തൂലികചുരത്തുന്ന
അതിന്റെ പൊന്‍പീലികള്‍..
അവള്‍ അന്ന്‌ ചിരിച്ചതും
പിരിയുമ്പോള്‍ ടാറ്റാ കാണിച്ചതും
അവളെ പെറ്റുവളര്‍ത്തിയ
അണയാത്ത വാത്സല്യം
ചാര്‍ത്തിയപൊന്നമ്മയോടാണ്‌ പോലും!
എന്നാല്‍,മനസ്സ്‌
തള്ളിയെന്റെ അഭ്യര്‍ത്ഥനകൊഞ്ഞനം കാട്ടീ,
അത്‌ കേട്ടമാത്രയില്‍ശക്തമാം
നെടുവീര്‍പ്പോടെയുംഅതിലേറെ
വേദനയോടൊയുംഓര്‍ക്കുന്നു
ഞാന്‍ വീണ്ടും ആ നെരിപ്പോടുകള്‍
ഇന്നും മായാത്ത മറയാത്ത
കരിമ്പടങ്ങള്‍ഏകനായി
ജനല്‍പാളി തുറന്നിട്ട്‌
ഏപ്രിലിലെ മീനച്ചൂടില്
‍ഏകാന്തതയില്‍
കണ്ണുംനട്ട്‌മരീചികയ്‌ക്ക്‌
രൂപം വരച്ചപ്പോഴും
എന്റെ മനസ്സിനെ ഞാന്‍ കണ്ടു,
വീണ്ടും മുഖംപൊത്തിരിച്ചിരിക്കുന്നതായി..

കണ്ണാടി
ദിലീപ്‌ ഇരിങ്ങാവൂര്
‍ചോര കിനിയുന്നൊരുപാദത്തിന്റെ
കാലൊച്ചഉള്‍ക്കണ്ണാടിയില്‍ പ്രതിധ്വനിക്കുന്നു.
കൊലക്കളം കണ്ട്‌ മനംമടുത്ത ബുദ്ധന്‍അകലേയ്‌ക്ക്‌..
തൂവല്‍പോലെ ഓര്‍മ്മകൊഴിഞ്ഞുവിഴുന്നു.
സുഹൃത്തിന്റെ വാക്കിന്റെ
ഉടഞ്ഞ കണ്ണാടിനോക്കുമ്പോള്‍കൊലക്കത്തി മാറില്‍ആഴ്‌ന്നിറങ്ങിയനിലവിളി കോള്‍ക്കുന്നു.
-നിബ്ബ്‌-ചന്ദ്രിക വാരാന്തപ്പതിപ്പ്‌,21/6/09

6 comments:

chithrakaran:ചിത്രകാരന്‍ said...

രോഗ ഗ്രസ്തമായ കവി മനസ്സുകളേ ബാധിച്ചിരിക്കുന്ന മഹാമാരികളെ വിവിധ പരിശോധനാമുറകളിലൂടെ
“കാവ്യ മാലിന്യ വിശകലനം”പുറത്തുകൊണ്ടുവന്നിരിക്കുന്നു :)

kadathanadan said...

തിരിഞ്ഞും മറിഞ്ഞും നോക്കാതെ പോകുന്നത്‌ അത്രശരിയല്ല .വണിമേലേക്ക്‌ പോകേണ്ടത്‌ എടച്ചേരി വഴിയാണെന്ന് ഓർമ്മ വേണം.

chithrakaran:ചിത്രകാരന്‍ said...

hahaha...അതു ശരി... നാട്ടുകാരാണല്ലേ :)

കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ said...

താങ്കളുടെ നിര്‍ദേശങ്ങള്‍ പരിഗണിക്കുന്നു. നിബ്ബ്‌ പംക്തി വായിച്ചതില്‍ സന്തോഷം. പുകഴ്‌ത്തലും ഇകഴ്‌ത്തലും ലക്ഷ്യമല്ല. കാഴ്‌ച, വായന ചെറിയ നിലയില്‍ നിന്ന്‌ തിരിച്ചറിയാന്‍ ശ്രമിക്കുന്നു. നന്ദി.

തറവാടി said...

:)

കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ said...

തറവാടിയുടെ മൗനം വാക്കിനേക്കാള്‍ അര്‍ത്ഥം നല്‍കുന്നു.