ജീവിതം ഒഴുകിപ്പരക്കുന്ന രചനകളിലൂടെ മലയാള സിനിമയില്‍ നിറഞ്ഞുനിന്ന ലോഹിതദാസ് വിസ്‌മയങ്ങളുടെ കാഴ്‌ചക്കാരനായിരുന്നു. നാട്യങ്ങളില്ലാത്ത മലയാളത്തനിമയാര്‍ന്ന ആത്മാന്വേഷണങ്ങളുടെ ഭൂമികയാണ് ലോഹിതദാസിന്റെ രചനകള്‍. മനുഷ്യമനസ്സിന്റെ സങ്കീര്‍ണ്ണ ഭാവങ്ങള്‍ സിനിമയുടെ അകക്കണ്ണാടിയിലൂടെ ഈ ചലച്ചിത്രകാരന്‍ കണ്ടെടുത്തു. ആദ്യ തിരക്കഥ `തനിയാവര്‍ത്തനം' മുതല്‍ ലോഹി സഞ്ചരിച്ചത് മനസ്സിന്റെ വര്‍ണ്ണവൈവിധ്യങ്ങളിലൂടെയാണ്. അകമെരിയുന്ന ജീവിതങ്ങള്‍ പല ഭാവത്തിലും രൂപത്തിലും ഈ കലാകാരന്റെ കൃതികളില്‍ പതിഞ്ഞുനിന്നു. മാനവികതയുടെ ഹൃദയകവാടം പ്രേക്ഷകരുടെ മുമ്പില്‍ തുറന്നിടുകയാണ് ലോഹിതദാസ് ചെയ്‌തത്. കലയുടെയും വിനോദത്തിന്റെയും ചേരുവകള്‍ കോര്‍ത്തിണക്കി മലയാളത്തില്‍ പുതിയൊരു ദൃശ്യസംസ്‌കാരം അവതരിപ്പിക്കുന്നതില്‍ ലോഹിതദാസിന് കഴിഞ്ഞു.
അരങ്ങിന്റെയും അഭിനയത്തിന്റെയും ഭൂതകാലമുള്ള ലോഹിതദാസ് തിരക്കഥയിലും സംവിധാനകലയിലും സ്വന്തമായ വഴികള്‍ മലയാളത്തിന്റെ ദൃശ്യപഥത്തിലും എഴുതിച്ചേര്‍ത്തു. ജീവിതത്തിന്റെ ഉള്ളറകള്‍ കാട്ടിത്തരുന്നവയാണ് ലോഹിയുടെ ചിത്രപഥം.സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ തലത്തില്‍ ലോഹിതദാസിന്റെ രചനകള്‍ ഊന്നിനില്‍ക്കുന്നത് അകമെരിയുന്ന മനുഷ്യരിലാണ്. ജീവിതപാഠങ്ങള്‍ സിനിമയുടെ അനുഗ്രഹമാക്കി ക്യാമറക്കാഴ്‌ചയുടെ നിറസാന്നിദ്ധ്യമായി പുനരാവിഷ്‌കരിച്ചു. വ്യക്തിജീവിതത്തിന്റെയും സമൂഹജീവിതത്തിന്റെയും ഉരക്കല്ലായി ഈ ചലച്ചിത്രകാരന്‍ കാണുന്നത് കുടുംബത്തെയാണ്. പുറമേക്ക് അലകളില്ലാത്ത, ശാന്തമായ ചട്ടക്കൂടുകളായി എളുപ്പം എഴുതപ്പെടുന്ന കുടുംബം സംഘര്‍ഷങ്ങളുടെ ഞെരിപ്പോടുകളാണെന്ന് നിരവധി സിനിമകളിലൂടെ ലോഹിതദാസ് അനുഭവപ്പെടുത്തി.
കണ്ണീരും ഏറ്റുപറച്ചിലും നിറഞ്ഞ ഈ അവസ്ഥ ചലച്ചിത്രകാരനെ സംബന്ധിച്ചിടത്തോളം ഒരേസമയം ബാധ്യതയും നേട്ടവുമാണ്. ജീവിത ഭാഷയില്‍ ഹൃദയസ്‌പര്‍ശമുള്ള കഥയും കഥാപാത്രങ്ങളും മലയാളത്തില്‍ മുന്‍നിരയില്‍ തന്നെയാണ് സ്ഥാനം നേടിയത്. യാന്ത്രിക ജീവിതത്തിന്റെ ഭീഷണമായ മനുഷ്യവിരുദ്ധതകള്‍ക്കു മുന്നില്‍ നില്‍ക്കുമ്പോഴും ഗ്രാമ്യതയും വിശുദ്ധ സ്‌നേഹവും കാപട്യങ്ങളുടെ ആഴക്കയങ്ങളും സര്‍ഗാത്മകമായ വിരല്‍പ്പാടുകളിലൂടെ ലോഹിതദാസ് തൊട്ടറിഞ്ഞു. `തനിയാവര്‍ത്തനം' മുതല്‍ `നിവേദ്യം' വരെയുള്ള ചലച്ചിത്രങ്ങളില്‍ പ്രേക്ഷകര്‍ അനുഭവിച്ചറിയുന്നതും മറ്റൊന്നല്ല.
തിരക്കഥയെപ്പറ്റി ലോഹിതദാസ് സൂചിപ്പിച്ചതിങ്ങനെ: `സിനിമ ആദ്യം ജനിക്കുന്നത് മനസ്സിലാണെന്നും മനസ്സിലെ സിനിമ കടലാസിലേക്ക് പകര്‍ത്തുന്നതാണ് തിരക്കഥയെന്നും അത് തികച്ചും ഒരു സാഹിത്യരചന തന്നെയാണ്.' നാടകങ്ങള്‍ അരങ്ങിന്റെ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നതുപോലെ തിരക്കഥ ചലച്ചിത്രത്തിന്റെ മാനദണ്ഡങ്ങള്‍ ഉള്‍ക്കൊള്ളുന്നു. എം.ടി. വാസുദേവന്‍ നായര്‍, പി. പത്മരാജന്‍ എന്നിവരുടെ തിരക്കഥകള്‍ പോലെ മലയാളത്തിന്റെ മുദ്രകളും ജീവിതവും അടയാളപ്പെടുത്തിയ തിരക്കഥകളാണ് ലോഹിതദാസിന്റേത്. ലോഹിയുടെ തിരക്കഥകളില്‍ മനുഷ്യസഹജമല്ലാത്ത വികാരങ്ങളില്ല. പ്രണയവും പ്രതികാരവും ഏകാന്ത വിഹ്വലതകളും സംഭവിക്കുന്നതും പരിണമിക്കുന്നതും സ്വാഭാവികമായാണ്. ജീവിതത്തില്‍ നിന്ന് വേറിട്ട് അവക്ക് നിലനില്‍പ്പില്ല. `മന്ദാര പുഷ്‌പം പോലെ പ്രണയത്തെ കാണാന്‍ എനിക്ക് കഴിയില്ല'-എന്നിങ്ങനെ ലോഹിതദാസ് പറഞ്ഞുവെച്ചിട്ടുണ്ട്. പ്രണയം ഒരു ജന്മം മുഴുവന്‍ മധുരമായ, ശാന്തമായ നൊമ്പരക്കടലു പോലെ അനുഭവിച്ചു തീര്‍ക്കാനുള്ളതാണെന്ന് ഈ ചലച്ചിത്രകാരന്റെ രചനകള്‍ സാക്ഷ്യപ്പെടുത്തുന്നു.
ജീവിതത്തിന്റെ പ്രതിസന്ധികള്‍ക്ക് മുന്നില്‍ അതിജീവനത്തിന്റെ കരുത്ത് പകരുന്നത് ഈ തീവ്രാനുരാഗമാണ്. `ഓര്‍മ്മച്ചെപ്പു'കളുടെ ചിത്രഭാഷ്യം നമ്മെ ഓര്‍മ്മിപ്പിക്കുന്നതും സ്‌നേഹക്കടലിന്റെ ദൃശ്യതലമാണ്.വിജയവും പരാജയവും കൊണ്ട് എഴുതിനിറയുന്ന കഥാപ്രപഞ്ചമാണ് ലോഹിയുടെ ഇഷ്‌ട വിഷയം. `കിരീട'ത്തിലെ സേതുമാധവനും അച്യുതന്‍ നായരും `വാത്സല്യ'ത്തിലെ വല്യേട്ടനായ രാഘവനും എല്ലാം നിയോഗം പോലെ എതിരേല്‍ക്കുന്നു. അമരം, അരയന്നങ്ങളുടെ വീട്, ഭൂതക്കണ്ണാടി, ഭരതം, കസ്‌തൂരിമാന്‍, കമലദളം എന്നിങ്ങനെ നാല്‍പത്തിനാല് തിരക്കഥകളിലും ലോഹിതദാസ് സങ്കീര്‍ണ്ണതകളുടെ നൂല്‍പ്പാലത്തിലൂടെ സഞ്ചരിക്കുന്ന മനസ്സുകളെയാണ് എഴുതിയത്.
വിട്ടുവീഴ്‌ചകള്‍ക്ക് തയ്യാറാകാത്ത വ്യക്തമായ നിലപാട് ചലച്ചിത്ര രചനയില്‍ ലോഹിതദാസ് പുലര്‍ത്തി. അതെല്ലാം തൊഴിലുമായി ബന്ധപ്പെട്ടതായിരുന്നു. എഴുത്ത് ആത്മനിവേദനത്തിന്റെ സാക്ഷ്യപത്രമായിരിക്കണമെന്ന് ലോഹി ഉറച്ചു വിശ്വസിച്ചു. നാടകാനുഭവങ്ങളിലൂടെയാണ് ലോഹിതദാസ് സിനിമയിലെത്തിയത്. തോപ്പില്‍ഭാസിയാണ് തന്റെ നാടക ഗുരുവെന്ന് ലോഹിതദാസ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. സമൂഹത്തെ ഇളക്കി മറിച്ച ഭാസിയോടുള്ള ആദരവ് ലോഹിതദാസിന്റെ രചനാപാടവത്തിന് കരുത്ത് പകര്‍ന്നു. ഭാസിയെപ്പോലെ ഒരു നാടകമെഴുതാന്‍ തനിക്ക് സാധിക്കുന്നില്ല, എന്ന് തുറന്നു പറയാനും ലോഹി തയ്യാറായിരുന്നു.
`തനിയാവര്‍ത്തന'ത്തിലൂടെ സിനിമയിലെത്തിയ ലോഹിതദാസ് സംവിധായകന്റെ വേഷത്തിലെത്തിയത് `ഭൂതക്കണ്ണാടി' എന്ന ചിത്രത്തിലാണ്. മലയാളത്തിലെ മികച്ച സിനിമകളിലൊന്നായ `ഭൂതക്കണ്ണാടി' വിഹ്വലതകളുടെ പാഠപുസ്‌തകമാണ്. വിദ്യാധരന്റെ ഭയപ്പാടുകളില്‍ നിന്നു കേരളീയ മനസ്സുകള്‍ക്ക് മോചനം എളുപ്പമല്ല. മനസ്സിന്റെ ഇഴയടുപ്പവും ഇടര്‍ച്ചകളും മനോഹരമായി ആവിഷ്‌കരിച്ച `ഭൂതക്കണ്ണാടി' ലോഹിതദാസിന്റെ ചലച്ചിത്ര ജീവിതത്തില്‍ ഔന്നത്യത്തിന്റെ തെളിച്ചമായി നിലനില്‍ക്കും.
കാല്‍നൂറ്റാണ്ടോളം മലയാള സിനിമയുടെ അവിസ്‌മരണീയ ഘടകമായി പ്രവര്‍ത്തിച്ച ലോഹിതദാസ് `അക്ഷരകല'യുടെ സൗഭാഗ്യമായിരുന്നു. ജീവിത സങ്കല്‍പങ്ങളും മൂല്യബോധവും കരുപ്പിടിപ്പിക്കാന്‍ സിനിമക്ക് കഴിയണമെന്ന് വിശ്വസിച്ച ലോഹിയുടെ ഇഷ്‌ട മാതൃകകള്‍ സത്യജിത് റേയും കുറസോവയുമാണ്. സിനിമ ജനസാമാന്യത്തോട് നേരിട്ട് സംവദിക്കുന്ന കലയാണെന്ന് ലോഹി തന്റെ ചലച്ചിത്ര ജീവിതത്തിലൂടെ വ്യക്തമാക്കി. മലയാളത്തിലും തമിഴിലും ലോഹിതദാസിന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. ജീവിതത്തിലേക്കൊരു സൂക്ഷ്‌മ ദര്‍ശനമായി ചലച്ചിത്ര കലയെ നോക്കിക്കണ്ട ലോഹിതദാസിനെ തേടി നിരവധി പുരസ്‌കാരങ്ങളെത്തി. എഴുത്തുകാരന്റെ മനസ്സ് സിനിമയുടെ ആഘോഷങ്ങള്‍ക്ക് വിട്ടുകൊടുക്കാത്ത ഈ കലാകാരന്‍ മീരാജാസ്‌മിന്‍ ഉള്‍പ്പെടെയുള്ള അഭിനേതാക്കളെ മലയാള സിനിമയിലെത്തിച്ചു. തിരക്കഥാകാരന്‍, സംവിധായകന്‍, ഗാനരചയിതാവ്, നടന്‍ എന്നിങ്ങനെ വിവിധ തരത്തില്‍ ചലച്ചിത്രവുമായി ഇഴചേര്‍ന്ന ലോഹിതദാസിന്റെ സ്വപ്‌നം `ഭീഷ്‌മരെ' അവതരിപ്പിക്കാനായിരുന്നു. ഉള്ളുലയാത്ത ഭീഷ്‌മ ദര്‍ശനം സിനിമാ മോഹം പോലെ ലോഹിയുടെ ജീവിതത്തിനും ചലച്ചിത്ര സപര്യക്കും ഇണങ്ങും. കാലം മായ്‌ക്കാത്ത ജീവിത രേഖയായി ലോഹിയും രചനകളും മലയാള ചരിത്രത്തില്‍ നിലനില്‍ക്കും.
- ചന്ദ്രിക 29/6/09
1 comment:
നല്ല അനുസ്മരണം! മലയാളസിനിമയിലെ കള്ളനാണയങ്ങള്‍ക്ക് കിട്ടിയ അത്ര അംഗീകാരം അദ്ദേഹത്തിന് ജീവിച്ചിരുന്ന കാലത്ത് കിട്ടിയില്ലെങ്കിലും ‘കിരീട’വും ‘ഭൂതക്കണ്ണാടി’യുമൊക്കെ സംഭാവന ചെയ്ത അദ്ദേഹത്തെ മലയാളത്തിന് മറക്കാനാവില്ല.
Post a Comment