Wednesday, June 03, 2009

ഭൂമിമലയാളം

ഉമിത്തീപോലെയാണ്‌ ടി.വി. ചന്ദ്രന്റെ `ഭൂമിമലയാളം'. പ്രേക്ഷമനസ്സിലേക്ക്‌ പതിയെകത്തിക്കയറുന്ന ചിത്രം. കേരളീയ സാമൂഹികജീവിതത്തിലെ ചില ഏടുകള്‍ തുറന്നിട്ടിരിക്കുകയാണ്‌ ഈ ചിത്രത്തില്‍. 1948 മുതല്‍ 1980 വരെയുള്ള കേരളീയ ജീവിതഭൂമികയിലെ ചിന്തോദ്ദീപകവും സങ്കീര്‍ണ്ണവുമായ പല പ്രശ്‌നങ്ങളും സ്‌പര്‍ശിച്ചുണര്‍ത്തുന്ന `ഭൂമിമലയാളം' വ്യത്യസ്‌തതലങ്ങളിലൂന്നി സ്‌ത്രീജീവിതം വായിച്ചെടുക്കുകയാണ്‌. കേരളത്തിന്റെ ആറുപതിറ്റാണ്ടിലൂടെ കറങ്ങുന്ന ക്യാമറ ഇരുണ്ടതും തെളിഞ്ഞതുമായ നിരവധി ഭയപ്പാടുകള്‍ അടയാളപ്പെടുത്തുന്നു. 1948ല്‍ തില്ലങ്കേരിയില്‍ നടന്ന കമ്മ്യൂണിസ്റ്റ്‌വേട്ട മുതല്‍ സമകാലീന സംഭവങ്ങള്‍ വരെ ഈ സിനിമയുടെ തിരഭാഷയില്‍ പതിഞ്ഞുനില്‍ക്കുന്നു.

സിനിമയെ കലാപത്തിന്റെയും പ്രതിരോധത്തിന്റെയും മാര്‍ഗ്ഗമായി കണ്ടെടുക്കുന്ന ടി.വി.ചന്ദ്രന്‍ വ്യത്യസ്‌ത കാലങ്ങളിലും ദേശങ്ങളിലും ജീവിക്കുന്ന ഏഴു പെണ്‍കുട്ടികളിലൂടെയാണ്‌ കേരളീയ ജീവിതത്തിന്റെ ദുരന്തമുഖം അനാവരണം ചെയ്യുന്നത്‌. സ്‌ത്രീ ജീവിതം ചോദ്യചിഹ്നമാക്കി നിര്‍ത്തുന്ന പതിവു വഴക്കം `ഭൂമിമലയാള'ത്തിലും ടി.വി. ചന്ദ്രന്‍ തെറ്റിക്കുന്നില്ല. സൂസന്നമാരും മങ്കമ്മമാരും പിന്തുടര്‍ന്ന പാതയിലേക്ക്‌ ഒരുപറ്റം പെണ്‍കുട്ടികള്‍ വന്നുനിറയുകയാണ്‌ ഈ ചിത്രത്തില്‍. അവര്‍ ഓരോരുത്തരും നേരിടുന്ന പ്രതിസന്ധികള്‍ അടിസ്ഥാനപരമായി ഒന്നുതന്നെയാണ്‌. അധികാരത്തിന്റെയും പുരുഷന്റെയും ചൂഷണം. ഭൂമിമലയാളത്തിലെ നിര്‍മ്മലയും ആനിജോസഫും എല്ലാം സാഹചര്യത്തിന്റെ ഇരകളാണ്‌. മീനാക്ഷി, സതി, ജാനകി, ഫൗസിയ, ആനിജോസഫ്‌, ആന്‍സി വര്‍ക്കി, നിര്‍മ്മല എന്നിവര്‍ ഓരോ ദേശത്തിന്റെയും പ്രതിനിധികളാണ്‌. ഇവരുടെ മനസ്സുകള്‍ പങ്കുപറ്റുന്ന ഏകവികാരം ഭയമാണ്‌. അധികാരിവര്‍ഗ്ഗത്തിനെതിരെ പടയൊരുക്കം നടത്തിയ അനന്തന്‍ മാസ്റ്ററുടെ ഭാര്യ മീനാക്ഷി, അടിസ്ഥാനവര്‍ഗ്ഗത്തിന്റെ മോചനത്തിനായി ഇറങ്ങിപ്പുറപ്പെട്ട ഭര്‍ത്താവിന്റെ തിരിച്ചുവരവും കാത്തിരിക്കുന്ന ഗര്‍ഭിണിയാണ്‌. ഒറ്റപ്പെട്ടരാത്രിയുടെ ഉത്‌കണ്‌ഠയും ആധിയും വഹിക്കുന്ന മീനാക്ഷിക്ക്‌ ഭര്‍ത്താവ്‌ അനന്തന്‍ മാസ്റ്ററെ തിരിച്ചുകിട്ടുന്നില്ല. അധികാരിയുടെ നീതി നടപ്പാക്കിയ പോലീസിന്റെ വെടിയേറ്റ്‌ അനന്തന്‍ മാസ്റ്ററും തില്ലങ്കേരിയിലെ സഖാക്കളും മരണം വരിക്കുന്നു. കേരളചരിത്രത്തില്‍ കമ്മ്യൂണിസം നേരിട്ട വെല്ലുവിളികളില്‍ നിന്നും സ്‌ത്രീമനസ്സുകളും വിട്ടുനില്‍ക്കുന്നില്ല. തില്ലങ്കേരി സംഭവം ഉള്‍പ്പെടെ അധികാരിവര്‍ഗ്ഗത്തിന്റെ ചൂഷണത്തിനെതിരെ പടപൊരുതിയ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ ത്യാഗോജ്ജ്വലമുന്നേറ്റത്തില്‍ നിലംപതിക്കുന്നത്‌ പുരുഷന്മാര്‍ മാത്രമല്ല, മീനാക്ഷിമാരുമാണ്‌. അവരുടെ കാത്തിരിപ്പ്‌, ഉത്‌കണ്‌ഠയ്‌ക്ക്‌ ശമനമില്ല. വലിയൊരു സമരപാതയിലാണ്‌ സ്‌ത്രീജീവിതങ്ങളും.

1948-ല്‍ തില്ലങ്കേരിയില്‍ ഭൂവുടകളുടെ കിരാതവാഴ്‌ചയെ നേരിടാന്‍ തയ്യാറെടുക്കുന്ന തൊഴിലാളിവര്‍ഗ്ഗം. അവര്‍ക്ക്‌ മാര്‍ഗ്ഗം ദര്‍ശകനായി അനന്തന്‍ മാസ്റ്ററും. അധികാരികളുടെ കണ്ണിലെ കരടായി മാറിയ അനന്തന്‍ മാസ്റ്ററെയും സംഘത്തെയും വകവരുത്താന്‍ തന്ത്രങ്ങള്‍ മെനയുന്ന ജന്മിമാരും പോലീസ്സും. കോണ്‍ഗ്രസ്സിന്റെ ദുര്‍ഭരണത്തിനെ നാട്ടിലെങ്ങറും പ്രതിഷേധത്തിന്റെ ഇരമ്പം. `കോണ്‍ഗ്രസ്‌ ഭരണം മര്‍ദ്ദക ഭരണം..' കോണ്‍ഗ്രസ്സിനും നെഹ്‌റുവിനുമെതിരെ പ്രകടനം നടത്തിയ തൊഴിലാളികള്‍ക്കു നേരെ പോലീസ്‌ നിറയൊഴിച്ചു. മരിച്ചുവീണത്‌ അനന്തന്‍ മാസ്റ്റര്‍ ഉള്‍പ്പെടെ നിരവധി സഖാക്കള്‍. മര്‍ദ്ദകര്‍ക്കെതിരെയുള്ള സമരത്തിന്‌ ഇറങ്ങിപ്പുറപ്പെട്ട ഭര്‍ത്താവിനെ കാത്തരിക്കുകയായിരുന്നു മീനാക്ഷി. അവള്‍ അനുഭവിക്കുന്ന വേവലാതി ഇന്നും തുടരുന്നു. തിരിച്ചുവരാത്തവര്‍ക്കായി വവിയിലേക്ക്‌ കണ്ണുംനട്ടിരിക്കാന്‍ വിധിക്കപ്പെട്ട സ്‌ത്രീജീവിതങ്ങളുടെ അകംനീറ്റലാണ്‌ സംവിധായകന്‍ വടക്കേമലബാറിലെ മീനാക്ഷിയിലൂടെ പറയുന്നത്‌. നിര്‍മ്മലയ്‌ക്ക്‌ നേര്‍ക്കാനുള്ളത്‌ തലശ്ശേരിയിലെ രാഷ്‌ട്രീയകലാപമാണ്‌. കണ്‍മുമ്പില്‍ വെട്ടിവീഴുത്തുന്ന യൗവ്വനങ്ങളുടെ ചോരപ്പാടുകള്‍. നിര്‍മ്മലയുടെ അനുജനും പകപോക്കലിന്റെ കുരുതിയില്‍ പിടഞ്ഞുമരിക്കുന്നു. ജന്മിക്ക്‌ പകരംമതഭ്രാമ്‌തും കാവിരാഷ്‌ട്രീയവുമാണ്‌ പുതിയകാലത്തിന്റെ കലാപം വിതയ്‌ക്കുന്നത്‌. എല്ലാം നേര്‍ക്കാനും എതിര്‍ക്കാനും വര്‍ഗ്ഗാവബോധത്തിന്റെ പ്രവര്‍ത്തകരും. അവര്‍ക്കു സംഭവിക്കുന്ന ഓരോ മുറിപ്പാടുകളും നീറ്റലായി എതിരേക്കേണ്ടിവരുന്ന നിര്‍മ്മലമാര്‍ സമകാലീന കേരളത്തിന്റെ ചിത്രത്തിലുണ്ട്‌.

മനുഷ്യസത്തയുടെ സനാതനമായ സ്ഥിരീകരണത്തിലേക്ക്‌ `ഭൂമിമലയാള'ത്തിന്റെ ഫ്രെയിമുകള്‍ നീണ്ടുചെല്ലുന്നു.കുടിയേറ്റ മേഖലയിലെ കര്‍ഷകജീവിതത്തിന്റെ പൊള്ളുന്ന മനസ്സാണ്‌ ആനിജോസഫിലൂടെ പ്രതിഫലിപ്പിക്കുന്നത്‌. ലോങ്‌ജംബ്‌ താരമായി ആനിജോസഫ്‌ ഹൈറേഞ്ചിലെ കടക്കെണിയുടെ ഇരയാണ്‌. സ്‌പോര്‍ട്‌സില്‍ തിളങ്ങിയ ആനിയുടെ ജീവിതം പണയപ്പെടലിന്റെ ഉപഭോഗസംസ്‌കാരത്തിലേക്ക്‌ പതിക്കുന്നു. സ്‌ത്രീയെ അവള്‍ അര്‍ഹിക്കുന്ന നിലയില്‍ പുലരാന്‍ അനുവദിക്കാത്ത വ്യവസ്ഥിതിക്ക്‌ നേരെ പ്രതികരിക്കുന്ന കഥാപാത്രങ്ങളാണ്‌ ആനിജോസഫും ഫൗസിയയും. ആനിക്ക്‌ ലോംങ്‌ജംബ്‌ താരമാകുക എന്ന സ്വപ്‌നം ഉപേക്ഷിക്കേണ്ടി വരുന്നു. സ്‌ത്രീ വെച്ചുവിളമ്പാനും കൂടെക്കിടക്കാനുമുള്ള ഉപകരണം മാത്രമായി കഴിയുന്ന ഭര്‍ത്താവിന്റെ വിളിപ്പുറത്ത്‌ ജീവിക്കേണ്ടി വരുന്ന ആനി ജോസഫ്‌ സ്വാതന്ത്ര്യത്തിലേക്കു കുതിക്കുന്നു. പക്ഷേ, അവളുടെ ചാട്ടം ഫലവത്താകുമോ എന്നൊരു ചോദ്യം `ഭൂമിമലയാള'ത്തിന്റെ തിരശ്ശീലയില്‍ വീണുകിടപ്പുണ്ട്‌. ചാനല്‍ റിപ്പോര്‍ട്ടറായി ജോലി ചെയ്യുന്ന ഫൗസിയ നേരിടുന്നത്‌ തൊഴില്‍ ചെയ്യാനുള്ള സ്വാതന്ത്ര്യം തന്നെ. ആക്‌ടിവിസ്റ്റായ ഫൗസിയ ചാനല്‍റിപ്പോര്‍ട്ട്‌ സാമൂഹ്യ ഇടപെടലിന്റെ ഇടക്കണ്ണിയായി കണ്ടെടുക്കുന്നു. നിര്‍മ്മലയുടെ ദുരിതവും കാമ്പസ്സുകളിലെ പ്രശ്‌നങ്ങളും ഇടവകകളിലെ അധികാരതര്‍ക്കങ്ങളും റിപ്പോര്‍ട്ട്‌ ചെയ്യാനെത്തുന്ന ഫൗസിയയും ക്യാമറ കൈകാര്യം ചെയ്യുന്ന ഷര്‍മ്മിളയും സാഹസികരംഗങ്ങളെ നേര്‍ക്കുന്നുണ്ട്‌. ഫൗസിയയുടെ ജോലിക്ക്‌ മുഖ്യ തടസ്സമാകുന്നത്‌ ഭര്‍ത്തൃപിതാവാണ്‌. അയാള്‍ മുസ്‌ലിം പെണ്‍കുട്ടി ജോലി പോകുന്നത്‌ അംഗീകരിക്കാന്‍ കഴിയുന്നില്ല. പിതാവിന്റെ നിര്‍ദേശത്തിന്‌ അനുസരിക്കുന്നതിലാണ്‌ വിദേശത്ത്‌ ജോലിചെയ്യുന്ന ഫൗസിയയുടെ ഭര്‍ത്താവിനും കമ്പം. ഒടുവില്‍ ഭര്‍ത്താവില്‍ നിന്നും മോചിതയാവാനും ഫൗസിയ താല്‌പര്യം പ്രകടിപ്പിക്കുന്നു.

`ഭൂമിമലയാള'ത്തിന്റെ അകവഴിയില്‍ ഇനിയും വേരുറപ്പുള്ള സ്‌ത്രീ മുഖങ്ങളുണ്ട്‌. പട്ടാളക്കാരനായ കാമുകന്റെ മരണവാര്‍ത്ത എതിരേല്‍ക്കുന്ന സതി. പോലീസ്സുകാര്‍ ഓടിച്ച്‌ പുഴയിലേക്ക്‌ എടുത്തുചാടിയ, നീന്തലറിയാത്ത യുവാവിന്റെ മുങ്ങിമരണത്തിന്‌ കണ്‍നേര്‍ക്കുന്ന പെണ്‍കുട്ടി, ചേര്‍ത്തലയിലെ ജന്മി ജീവനോടെ ചെളിയിലേക്ക്‌ ചവുട്ടിത്താഴ്‌ത്തിയ പെണ്‍കുട്ടിയെക്കുറിച്ചോര്‍ത്ത്‌ ഉല്‍കണ്‌ഠപ്പെടുന്ന ആന്‍സി വര്‍ക്കി. പുരുഷ ചൂഷണത്തോട്‌ കലഹിക്കുകയും പേടിയുടെ തടവറിയില്‍ എരിയുകയും ചെയ്യുകയാണ്‌ ആന്‍സി വര്‍ക്കി. അവള്‍ ഒരു ഘട്ടത്തില്‍ പിതാവിനെ ചോദ്യം ചെയ്യാനും മടിക്കുന്നില്ല. കാസര്‍കോട്‌ മുതല്‍ പാറശ്ശാല വരെയുള്ള പെണ്‍ലോകത്തെ പ്രതിനിധാനം ചെയ്യുന്ന ഇവര്‍ അഭിമുഖീകരിക്കുന്നത്‌ ലിംഗനീതി സംബന്ധിച്ചുള്ള ചോദ്യങ്ങളാണ്‌.

സാമ്പ്രദായിക മാമൂലുകളിലേക്കും പാരിസ്ഥിതിക പ്രശ്‌നങ്ങളിലേക്കും സുതാര്യമായ രീതിയിലൂടെ ഇറങ്ങിനില്‍ക്കുന്ന സംവിധായകന്റെ ക്യാമറക്കാഴ്‌ച ഭൂമിമലയാളത്തിലുണ്ട്‌. കാസര്‍കോട്‌ ജില്ലയിലെ എന്‍ഡോസള്‍ഫൈന്‍ ദുരന്തം, കേരളത്തില്‍ നടന്ന കര്‍ഷക ആത്മഹത്യ, പുഴയില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന്‌ മുഖ്യമന്ത്രിയുടെ ഫണ്ടില്‍ നിന്നും അനുവദിച്ച സഹായധനം കൈപ്പറ്റാന്‍ സെക്രട്ടേറിയറ്റിലേക്ക്‌ തീരായാത്ര നടത്തുന്ന ഗോപിയാശാന്‍ (വേണു) തുടങ്ങി നിരവധി സന്ദര്‍ഭങ്ങളിലും സാമൂഹികാവസ്ഥയുടെ പ്രതിഫനം അടയാളപ്പെടുത്തുന്നു. ആറുപതിറ്റാണ്ടിന്റെ നേര്‍ക്കാഴ്‌ചയിലേക്ക്‌ വികസിക്കുന്ന ഭൂമിമലയാളത്തിന്റെ ദൃശ്യപഥം സമകാലിക മലയാളസിനിമയിലെ ക്വട്ടേഷന്‍ സംസ്‌കാരത്തിനുള്ള എതിര്‍രേഖയുമാണ്‌.

സ്‌ത്രീയുടെ അനുഭവലോകത്തിന്റെ തുറന്ന ഫ്രെയിമുകളാണ്‌ സിനിമയില്‍ ടി. വി. ചന്ദ്രന്‍ ഉപയോഗിച്ചിരിക്കുന്നത്‌. സ്‌ത്രീയുടെ വ്യക്തിത്വവും, സ്വാതന്ത്ര്യവും അസ്വസ്ഥജനകമായ മനസ്സും, ശരീരഭാഷയും പുരുഷനോട്ടങ്ങളും വിശകലനം ചെയ്യുന്ന സംവിധായകന്‍ മലയാളസിനിമ നിര്‍മ്മിക്കപ്പെട്ടുകഴിഞ്ഞ സ്‌ത്രീമുഖങ്ങളിലേക്കല്ല ക്യാമറ പിടിക്കുന്നത്‌. നിര്‍മ്മിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സ്‌ത്രീവ്യക്തിത്വങ്ങളിലേക്കാണ്‌. അഥവാ പുതിയ കാലത്തിന്റെ ഭാഗധേയം ഏറ്റെടുക്കാന്‍ തയ്യാറാകുന്ന പെണ്‍മലയാളത്തിലൂടെയാണ്‌ യാത്ര ചെയ്യുന്നത്‌. ജാഗ്രതയോടൊപ്പം ഇടര്‍ച്ചകളും ഇഴചേര്‍ന്ന `ഭൂമിമലയാളം 'പ്രത്യശാസ്‌ത്ര സമീപനത്തിന്റെ ചിഹ്നസമന്വയമാണ്‌.

ആലീസിന്റെ അന്വേഷണം, മങ്കമ്മ, സൂസന്ന, പാഠം ഒന്ന്‌ ഒരു വിലാപം, ആടും കൂത്ത്‌, വിലാപങ്ങള്‍ക്കപ്പുറം തുടങ്ങിയ ചിത്രങ്ങളില്‍ സംവിധാകന്‍ വരച്ചുചേര്‍ത്ത സ്‌ത്രീജീവിതത്തില്‍ നിന്നും പുതിയ സിനിമയിലെത്തുമ്പോള്‍ ചുറ്റിക്കറങ്ങുന്ന ക്യാമറയും ദൃശ്യാംശത്തില്‍ കാത്തുസൂക്ഷിക്കുന്ന ജാഗ്രതയും ഭൂമിമലയാളത്തിലും പിന്തുടരുന്നു. ഭൂമിമലയാളത്തില്‍ കാര്യങ്ങള്‍ സുതാര്യതയില്‍ അവതരിപ്പിക്കാനുള്ള ചലച്ചിത്രകാരന്റെ വെമ്പല്‍ ശ്രദ്ധേയമാണ്‌. സ്‌ത്രീപക്ഷ ചിത്രമെന്ന ഖ്യാതിയല്ല, ഭൂമിമലയാളത്തിന്‍രെ മേന്മ. ചരിത്രത്തിലേക്കും വര്‍ത്തമാനത്തിലേക്കും മാറിമാറി നോക്കുന്ന പ്രവണതയില്‍ നിന്നും ചരിത്രം മാറുന്നില്ല എന്ന തിരിച്ചറിവിലേക്കുള്ള കുതിപ്പാണ്‌ ഈ സിനിമ. പുരുഷകാഴ്‌ചയില്‍ തളിര്‍ത്ത അധികാരഘടനയും അനീതിയുടെ സാക്ഷ്യപത്രങ്ങളും മനമുരുക്കത്തിന്റെ തിണര്‍പ്പുകളും പൊന്തന്‍മാട, ഡാനി, കഥാവശേഷന്‍ എന്നീ ചിത്രങ്ങളില്‍ ടി.വി.ചന്ദ്രന്‍ പറഞ്ഞിട്ടുണ്ട്‌. സംവിധായകന്റെ പ്രത്യയശാസ്‌ത്ര നിലപാടുകളുടെ നീട്ടിയും കു#െരുക്കിയുമുള്ള സെല്ലുലോയിഡ്‌ ഭാഷ്യമാണ്‌ ഓര്‍മ്മകളുണ്ടായിരിക്കണം എന്ന സിനിമ. സമൂഹത്തിന്റെ അകക്കണ്ണിലേക്ക്‌ തീവ്രതയോടെ പതിക്കുന്ന ദൃശ്യരേഖയാണ്‌ ഭൂമിമലയാളം. അതിവര്‍ത്തനത്തിന്റെയും പ്രതിബോധത്തിന്റെയും തിളച്ചുമറിയലിന്റെയും മൗനംകൊള്ളലിന്റെയും സമീപകാല ചലച്ചിത്രമുദ്ര. ഇനിയും പുലരേണ്ട നീതിക്കായി പോടാടുന്ന പെണ്‍മയുടെ ഭീതിയുടെയും ചെറുത്തുനില്‌പിന്റെയും ദൃശ്യാവിഷ്‌കാരം. ഈ സിനിമ ആരുടെ കാഴ്‌ചയിലേക്കാണ്‌ കനല്‍ച്ചീലുകളെറിയുന്നത്‌? ചലച്ചിത്രകലയുടെ പുതിയ ദൗത്യ#ം ഉത്തരം നല്‌കലല്ല, ചോദ്യം ഉന്നയിക്കാനുള്ള സംവിധാകന്റെ കരളുറപ്പാണ്‌. ടി. വി. ചന്ദ്രന്റെ `ഭൂമിമലയാള'വും ഈ നിരയില്‍ നില്‌ക്കുന്നു.

7 comments:

Raghunath.O said...

സിനിമ കണ്ടതുപോലെ ................

കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ said...

tanx

chithrakaran:ചിത്രകാരന്‍ said...

ഹൃദ്യമായ ഭാഷയില്‍ ഭംഗിയായി എഴുതിയിരിക്കുന്നു.ഒരോ വരിക്കൊപ്പവും എഴുത്തുകാരന്‍ വായനക്കാരന്റെ കൂടെ കഥപറഞ്ഞുകൊണ്ട് കൂട്ടുകാരനെപ്പോലെ നടക്കുന്ന അനുഭവം.
ചിത്രകാരന്റെ അഭിനന്ദനങ്ങള്‍ !!!

cloth merchant said...

കാണണം എന്ന ആഗ്രഹം ഒന്ന് കൂടി ഈ നിരൂപണം വായിച്ചപ്പോള്‍.ചിത്രകാരനാണ് ഇവിടെ എത്തിച്ചത്.നന്ദി.

കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ said...

താങ്കളുടെ കുറിപ്പിന്‌ നന്ദി. ബ്ലോഗില്‍ കാണണം, കൂടുതല്‍ അറിയണം. അതൊരു കൂട്ടായ്‌മയാകട്ടെ. ചിന്ത പണയം വയ്‌ക്കാത്ത തലമുറയാണ്‌ കാലഘട്ടത്തിന്‌ ആവശ്യം. താങ്കളെപ്പോലുള്ളവര്‍ അതിനു ശ്രമിക്കുമെന്ന്‌ കരുതുന്നു. നിബ്ബ്‌- പംക്തി, ശ്രദ്ധിക്കുമല്ലോ. സ്‌നേഹത്തോടെ.

Blog Academy said...

ശ്രീ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍,
ബ്ലോഗ് അക്കാദമിയും സന്ദര്‍ശിക്കു.
താങ്കളുടെ ബ്ലോഗ് മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടാനായി
മറ്റു ബ്ലോഗുകളില്‍ താങ്കളുടെ കുറച്ച് കമന്റ് ഉണ്ടാകുന്നത് ഗുണം ചെയ്യും.കൂടാതെ ബ്ലോഗിലേക്കാവശ്യമായ സെറ്റിങ്ങ്സുകളെക്കുറിച്ചുള്ള വിവരങ്ങളും,
മറ്റു പ്രധാന ബ്ലോഗര്‍മാരുടെ സാന്നിദ്ധ്യവും ബ്ലോഗിങ്ങിന്
ആവശ്യമായ സെറ്റിങ്ങുകളെക്കുറിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും
അവിടെ ലഭ്യമാണ്.
ആശംസകള്‍ !!!

കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ said...

അക്കാദമിയുടെ നിര്‍ദേശങ്ങള്‍ക്കും സ്‌നേഹത്തിനും നന്ദി.