Thursday, January 28, 2010

പാരക്കഥയും സലീംകുമാറും

ജീവിച്ചിരിക്കുമ്പോള്‍ നാട്ടുകാര്‍ക്കു മാത്രമല്ല സ്വന്തം കുടുംബത്തിലും പാര വെച്ച്‌ നാശം വിതച്ച ഒരു കാരണവരെപ്പറ്റി വി. പി. ശിവകുമാര്‍ ഒരു കഥ എഴുതിയിട്ടുണ്ട്‌. കാരണവര്‍ മരിച്ചതും മക്കള്‍ക്ക്‌ പാരവെച്ചുകൊണ്ടായിരുന്നു. വി. പി. ശിവകുമാറിന്റെ പാര എന്ന കഥയില്‍ നിന്നും: മക്കളും മരുമക്കളും അളിയന്മാരും കൂടി കോലാഹലത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു. കൈകാലുകള്‍ നാടയിട്ടു കൂട്ടിക്കെട്ടി. ഇക്കുറി അല്‌പം ബലപ്പിച്ചു തന്നെ. ശവത്തിനു വേദനയില്ലല്ലോ. കരുണനിറഞ്ഞ പരിഹാസത്തോടെ ഉദാരമായി പാര അടിച്ചുകയറ്റി കുടുംബത്തിന്റെ അന്തസ്സിനു നിരക്കുംവിധം നല്ല ഒരു മുണ്ടുടുപ്പിച്ച്‌ ഭസ്‌മ ചന്ദനാദികള്‍ പൂശി ചമയിപ്പിച്ച്‌ ഏഴുതിരിയിട്ട വിളക്കിനു ചുവട്ടില്‍ വാഴയിലയില്‍ കിടത്തി. ചുറ്റിനും ഉറുമ്പുപൊടി വിതറി. മാറി തൂണും ചാരി നിന്നു.

കരക്കാര്‍ കേട്ടറിഞ്ഞും ബന്ധുക്കള്‍ പറഞ്ഞറിഞ്ഞും വന്നു. ശവം കണ്ടു. ലോകം നല്‍കിയ ഉപഹാരം പോലെ ശവശരീരത്തില്‍ നിന്ന്‌ ലംബതലത്തില്‍ ഉദിച്ചുയര്‍ന്നു നില്‍ക്കുന്ന പാരയും കണ്ടു. സ്വാഭാവികമല്ലാത്ത ഈ ദൃശ്യത്തിന്റെ വിശദീകരണമാവശ്യപ്പെട്ടു. മരിച്ചയാളിന്റെ അന്ത്യാഭിലാഷമാണെന്ന മറുപടി ആര്‍ക്കും സ്വീകാര്യമായില്ല. പിറുപിറുപ്പായി, പ്രതിഷേധമായി. സ്വത്തിനു വേണ്ടി കൂട്ടായി നടത്തിയ കൊലപാതകമാണെന്ന്‌ കണ്ടവര്‍ സംശയിച്ചു. കേട്ടവര്‍ കേട്ടവര്‍ തലകുലുക്കി- (പാര). ശിവകുമാറിന്റെ കഥയില്‍ അച്ഛന്‍ തന്റെ അന്ത്യാഭിലാഷമായി പറഞ്ഞത്‌ മരിച്ചാല്‍ ആസനത്തില്‍ പാര കയറ്റി ശവമടക്കണമെന്നാണ്‌. മക്കള്‍ അത്‌ നിറവേറ്റി. ഒടുവില്‍ കേസ്സായി. അച്ഛന്റെ മരണം പോലും മക്കള്‍ക്ക്‌ പാരയായിട്ടായിരുന്നു.

ഈ കഥ ജീവിതത്തിലേക്ക്‌ ചേര്‍ത്തുപിടിക്കാവുന്ന സന്ദര്‍ഭങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്‌. ജീവിതത്തിന്റെ നാനാതുറയിലും പാര എന്ന രോഗം പിടര്‍ന്നുപിടിക്കുകയാണ്‌.മനുഷ്യസ്വഭാവത്തിന്റെ വൈചിത്ര്യമാണ്‌ ശിവകുമാര്‍ എഴുതിയത്‌. മനുഷ്യന്റെ മനനപ്രക്രിയയുടെ വികാസവും ഔന്നത്യവും അടയാളപ്പെടുത്തുന്നവരാണ്‌ എഴുത്തുകാര്‍. അതുകൊണ്ടാണ്‌ കൃതികള്‍ മനുഷ്യകഥാനുഗായികള്‍ എന്ന്‌ കുമാരനാശാന്‍ പേരിട്ടു വിളിച്ചത്‌.

വിവാദം
ഞാന്‍ ഏറ്റവും വെറുക്കുന്നതും പേടിക്കുന്നതും ഈ നിഷ്‌പക്ഷമതികള്‍ എന്നു വിളിക്കുന്ന ഒരു വിഭാഗമുണ്ടല്ലോ, അവരെയാണ്‌. ഏതു കാര്യമെടുത്താലും അതില്‍ നിഷ്‌പക്ഷരാണ്‌ എന്നു പറയുന്ന കുറേ കള്ളന്മാര്‍ ഇവിടെയുണ്ട്‌. ഇവരാണെല്ലോ ഇവിടുത്തെ ഭരണം നിയന്ത്രിക്കുന്നതും. കക്ഷിരാഷ്‌ട്രീയത്തിന്‌ മുകളിലാണ്‌ ഈ കള്ളന്മാര്‍ നില്‍ക്കുന്നത്‌. എനിക്ക്‌ ശത്രുവില്ലെന്ന്‌ പറയുന്നവന്‍ ലോക കള്ളനായിരിക്കും. അവന്‌ വ്യക്തിത്വമില്ല. നിലപാടില്ല. അസ്‌തിത്വം തന്നെയില്ല. മിത്രമില്ലാത്തവനെല്ലേ ശത്രുവും ഇല്ലാതിരിക്കൂ-(സലീംകുമാര്‍- അഭിമുഖം, മാതൃഭൂമി). ചലച്ചിത്രനടന്‍ സലീംകുമാര്‍ ഉന്നയിച്ചിരിക്കുന്ന പ്രശ്‌നത്തില്‍ വല്ല കഴമ്പുമുണ്ടോ? വികാരം വെടിഞ്ഞ്‌ വിവേകത്തോടെ ആലോചിക്കാന്‍ തയ്യാറായാല്‍ സലീംകുമാറിന്റെ നിരീക്ഷണത്തിന്‌ വര്‍ത്തമാനകാലത്ത്‌ ഏറെ പ്രാധാന്യമുണ്ടെന്ന്‌ വ്യക്തം. കലാകാരന്റെ സാമൂഹിക ഇടപെടല്‍. ചലച്ചിത്രനടന്മാരായതുകൊണ്ട്‌ ഇടപെടലിന്റെ ഇടം ഒഴിച്ചുനിര്‍ത്തുന്ന മലയാളത്തിന്റെ പരമ്പരാഗത ശീലമാണ്‌ സലീംകുമാര്‍ അട്ടിമറിക്കുന്നത്‌. മനുഷ്യനെ തിരിച്ചറിയുന്നതില്‍ അഥവാ വ്യക്തമാക്കുന്നതില്‍ അവന്റെ / അവളുടെ സാമൂഹിക നിലപാടുകള്‍ക്ക്‌ മുഖ്യപങ്കുണ്ട്‌.

നമ്മുടെ സാംസ്‌കാരികാന്തരീക്ഷം അനാവശ്യ ഒച്ചയിലും കാഴ്‌ചയിലും മുങ്ങിത്തുടങ്ങിയിരിക്കുന്നു. തീക്ഷ്‌ണമായ ചലനങ്ങളില്ലാത്ത ഒരവസ്ഥ മലയാളിയെ കീഴടക്കിക്കഴിഞ്ഞു. ഇതേക്കുറിച്ചുള്ള ആലോചനകള്‍ വിരളമാണ്‌. മലയാളി തിരിച്ചറിയേണ്ട നിരവധി വിഷയങ്ങള്‍ ഉത്തരവാദിത്വത്തോടെ തന്നെ സലീംകുമാര്‍ ഉന്നയിക്കുന്നുണ്ട്‌.

ഈ ആഴ്‌ചയിലെ കവിതകള്
‍വിജയലക്ഷ്‌മിയുടെ ആ പാട്ട്‌ എന്ന കവിത (കലാകൗമുദി 1795) തിരിഞ്ഞുനടത്തമാണ്‌. കാട്ടുമരം വിട്ടുപോന്ന പാട്ട്‌ വീര്‍പ്പുമുട്ടിന്റെ മിന്നല്‍ക്കയങ്ങള്‍ തുഴഞ്ഞുപോകുന്നത്‌ വിജയലക്ഷ്‌മി മനോഹരമായി അവതരിപ്പിക്കുന്നു. ഹൃദ്യതയോടെയും അര്‍ത്ഥഗരിമയോടെയും തന്നെ. ആ പാട്ട്‌ എന്ന കവിതയില്‍ നിന്നും:
നേരെ പറന്നു ശീലിച്ചൊരാപ്പാട്ടതിന്‍/
നേരമായ്‌ മൗനത്തിലേക്കസ്‌തമിക്കെയോ/ കൂട്ടുകാരാമെട്ടുദിക്കുകള്‍ മാത്രമേ,/
കേട്ടു മെരുങ്ങാക്കിനാവായ്‌പ്പൊലിഞ്ഞു ഞാന്‍.- വാക്‌ ചരിത്രത്തിന്റെ സാധ്യതകള്‍ വിപുലമായുപയോഗിച്ച്‌ മലയാളകവിതയെ ഉയരത്തില്‍ അടയാളപ്പെടുത്തുന്നവരുടെ നിരയിലാണ്‌ വിജയലക്ഷ്‌മി. ആ പാട്ട്‌ എന്ന കവിത അതിലേക്കുള്ള സൂചകമാണ്‌. മലയാളത്തില്‍ എഴുത്തിന്റെ ചരിത്രവല്‍ക്കരണത്തിന്റെ പാഠങ്ങളാണ്‌ വിജയലക്ഷ്‌മിയുടെ കവിത ഓര്‍മ്മപ്പെടുത്തുന്നത്‌.

നിര്‍വ്വചനങ്ങള്‍ (മലയാളം വാരിക) എന്ന കവിതയില്‍ പത്മദാസ്‌ പതിനാല്‌ ഖണ്‌ഡങ്ങളിലായി പ്രണയം മുതല്‍ കവിതവരെ വിശദീകരിക്കുന്നു. ഓരോരോന്നും ആറ്റിക്കുറുക്കി വാക്കുകളില്‍ ഇഴചേര്‍ത്തുവയ്‌ക്കുകയാണ്‌ പത്മദാസ്‌. എഴുത്തിന്റെ കരുത്തും ഭാവനയും വിശാലതയും ഈ കവിതയില്‍ പതിഞ്ഞുനില്‍പ്പുണ്ട്‌. പത്മദാസ്‌ വേട്ടക്കാരനെ എഴുതുന്നു: ഇരയായ്‌ത്തീരുംവരെ/
ചര്യ വേട്ടയാക്കിയോന്‍.- ഇരപിടുത്തത്തിന്റെ മന:ശാസ്‌ത്രം ലളിതമായി ആഖ്യാനിക്കുന്നു. മറ്റൊരു ഖണ്‌ഡത്തില്‍ കവിയെ എഴുതുന്നു: ഇരവിന്റെ മറുകരതാണ്ടാതെയും/
പകല്‍ വെളിച്ചത്തിലേക്ക്‌ കൂപ്പുകുത്തുവോന്‍.- പത്മദാസിന്റെ കാഴ്‌ചയില്‍ ഇരവിന്റെ മറുകര താണ്ടലാണ്‌ എഴുത്ത്‌. കവിയുടെയും കവിതയുടെയും ദൗത്യമാണത്‌. ജീവിതത്തിന്റെ മറുപുറം കാണാന്‍ കഴിയാത്തവരെ നാമെന്തു വിളിക്കണം? അക്ഷരത്തില്‍ കൂപ്പുകുത്തന്നവര്‍ എന്ന്‌ വിളിക്കാം. എഴുത്തിന്റെ നടപ്പുശീലത്തില്‍ ആധിപത്യം പുലര്‍ത്തുന്നവര്‍ക്ക്‌ ആലോചിക്കാനുള്ള വിഷയമാണ്‌ പത്മദാസ്‌ നിര്‍വ്വചനങ്ങള്‍ എന്ന കവിതയില്‍ തൂക്കിയിടുന്നത്‌.

നോവല്‍
സത്താര്‍ കിണാശ്ശേരിയുടെ ഞങ്ങള്‍ കച്ചേരിപ്പാടത്തുകാരില്‍ ചിലര്‍ എന്ന നോവല്‍ ഗ്രാമത്തിന്റെയും നഗരത്തിന്റെയും കഥ പറയുന്നു. മാറ്റങ്ങള്‍ക്ക്‌ മുമ്പില്‍ പകച്ചു നില്‍ക്കുന്നവരും മാറ്റത്തിനോടൊപ്പം സഞ്ചരിക്കുന്നവരും ഈ പുസ്‌തകത്തിലുണ്ട്‌. കച്ചേരിപ്പാടം എവിടെയുമാകാം. കച്ചേരിപ്പാടത്തുകാരും ആരുമാകാം. പക്ഷേ, നോവലിസ്റ്റ്‌ പറയുന്ന കാര്യങ്ങള്‍ക്കാണ്‌ പ്രസക്തി. ഈ പുസ്‌തകത്തെ ശ്രദ്ധേയമാക്കുന്നതും മറ്റൊന്നല്ല. കച്ചേരിപ്പാടത്തുകാര്‍ ജീവിതം തുഴന്നുതില്‍ കാണിക്കുന്ന ആവേശവും വേറിട്ടു നടപ്പും ഭംഗിയായി സത്താര്‍ കിണാശ്ശേരി ഈ പുസ്‌തകത്തില്‍ വിവരിക്കുന്നുണ്ട്‌.

നോവലില്‍ നിന്നും: തനിക്ക്‌ പറ്റിയ അമളിയെപറ്റി പറയണോ വേണ്ടയോ എന്ന്‌ അതൃമാന്‍കുട്ടി ഒരു നിമിഷം ശങ്കിച്ചു. അപരന്‍ കാര്യങ്ങളൊക്കെ പറഞ്ഞ സ്ഥിതിക്ക്‌ താന്‍ പറയാതിരിക്കുന്നത്‌ നന്നല്ല. അതുകൊണ്ട്‌ ചുരുക്കി പറഞ്ഞു. നന്നായെന്ന്‌ പിന്നീട്‌ തോന്നി. കാരണം അപകടം കൂടാതെ തിരിച്ച്‌ നാട്ടിലെത്താനുള്ള വിദ്യ തനിക്ക്‌ ഉപദേശിച്ച്‌ കിട്ടി. നഗരത്തില്‍ എവിടെ എങ്ങനെ ഇറങ്ങണം ഏത്‌ വഴിക്ക്‌ സ്റ്റേഷന്റെ പുറത്ത്‌ കടക്കണം എന്നുള്ള കാര്യങ്ങളൊക്കെ വളരെ കൃത്യമായി ആ മനുഷ്യന്‍ അതൃമാന്‍കുട്ടിയെ ഉപദേശിച്ചു.- ഇങ്ങനെ കഥയും കഥാപാത്രങ്ങളും വായനക്കാരുടെ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുംവിധത്തില്‍ അവതരിപ്പിക്കാന്‍ എഴുത്തുകാരന്‌ കഴിഞ്ഞിട്ടുണ്ട്‌- (മെലിന്‍ഡ, ബുക്‌സ്‌).-നിബ്ബ്‌, ചന്ദ്രിക 31-01-2010

Saturday, January 23, 2010

യേശുദാസ്‌ പാടുന്നു; രാഗം-ദേവപ്രിയ


`കരയും പെണ്ണിന്‍ കണ്ണീര്‍ക്കവിളിലൊരുമ്മ' എന്നു പാടുമ്പോള്‍, ചുണ്ട്‌ ഉമ്മപ്പാകത്തിലായി ഒരു പെണ്‍കവിളില്‍ നനുത്തുപതിയുന്നതിന്റെ ദൃശ്യം മനസ്സില്‍വിരിയിക്കുന്നതിനുതക്ക കഴിവ്‌, ഇനി ഈ മലയാള ചലച്ചിത്രഗാനസാമ്രാജ്യത്തില്‍ എത്രപേര്‍ക്കുണ്ടാവും എന്നറിയില്ല.യേശുദാസിന്റെ പാട്ടുകളുടെ പുല്‍ക്കൂട്‌ ഇവിടെയായതുകൊണ്ടുകൂടിയാണ്‌ ഈ തീരം ഇത്ര മനോഹരമായത്‌.
ഈ മനോഹരതീരത്തുതരുമോ ഇനിയൊരു ജന്മം കൂടി എന്ന്‌ വയലാറിനും പിന്നെ നമ്മളില്‍ ചിലര്‍ക്കും ചോദിക്കാന്‍ തോന്നുന്നുവെങ്കില്‍ ,അതിന്റെ കാരണങ്ങളിലൊന്ന്‌ തീര്‍ച്ചയായും ഈ പാട്ടുകാരന്റെ മരണമില്ലാത്ത പാട്ടുകളാണ്‌.യേശുദാസ്‌ എന്നു കേള്‍ക്കുമ്പോള്‍ ,ആ പഴയ, കിളുന്നു യേശുദാസ്‌ -പാട്ടുകളാണ്‌ എനിക്ക്‌ ഓര്‍ക്കാനിഷ്‌ടം. ഏതുകുപ്പിയുടെ രൂപത്തിലും മാറാന്‍ കഴിയുന്നവിധം ദ്രവരൂപത്തിലായ ശബ്‌ദമായിരുന്നു കിളുന്നു യേശുദാസിന്‌. കിളുന്നു യേശുദാസിന്റെ ശാരീരവും കുഞ്ഞുങ്ങളുടെ ശരീരവും തമ്മില്‍ നല്ല സാമ്യമുണ്ട്‌. കിളുന്നവസ്ഥയില്‍ തിരിഞ്ഞുമറിയലുകള്‍ എളുപ്പമാണ്‌. ശരീരത്തിലെങ്ങും ഒരുപിടുത്തവുമില്ലാത്തതു പോലെയാണ്‌ കുഞ്ഞുങ്ങളുടെ ചലനങ്ങള്‍.
ഭക്തിയോ പ്രണയമോ വിഷാദമോ തമാശയോ താരാട്ടോ വിപ്ലവമോ എന്തായാലും വേണ്ടില്ല അതനുസരിച്ച്‌ എത്രപെട്ടെന്നാണ്‌ കിളുന്നു യേശുദാസിന്റെ ശബ്‌ദത്തിലെ ഭാവം, എന്തിന്‌ ശബ്‌ദം തന്നെയും മാറിയിരുന്നത്‌. പാപ്പീ അപ്പച്ചാ എന്നും വൈദ്യരേ ,വൈദ്യരേ, വൈയ്യുമ്പം വൈയ്യുമ്പം വയറ്റിനകത്തൊരുരുണ്ടുകേറ്റം.. എന്നും ഒരുനിമിഷം തമാശക്കാരന്‍.പ്രാണസഖീ ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍ എന്നൊരുനിമിഷം പ്രേമലോലന്‍. നിത്യവിശുദ്ധയാം കന്യാമറിയമേ എന്നു പാടിയ അതേ നാവില്‍ ഗുരുവായൂരമ്പലനടയില്‍ എന്നു കൃഷ്‌ണഭക്തി, അടുത്തനിമിഷം നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു.. എന്നു പെരുന്നാളുകാരന്‍. മനുഷ്യനും മതങ്ങളും ദൈവങ്ങളും ചേര്‍ന്നു മണ്ണ്‌ പങ്കുവച്ചു എന്ന്‌ നാസ്‌തികനാകാനും കണ്ണുതുറക്കാത്ത ദൈവങ്ങളേ എന്നു ദൈവങ്ങളെവരെ വിമര്‍ശിക്കാനും വയലാറിന്റെ അക്ഷരങ്ങള്‍ക്കായി. എങ്കില്‍, അതേ കാര്യങ്ങള്‍ സ്വരവൈവിദ്ധ്യത്തിലൂടെ സാധിച്ചെടുക്കാന്‍ യേശുദാസിനായി.പത്മരാജന്റെ സിനിമയിലെന്നപോലെ കാറ്റാവാനും മിന്നാമിനുങ്ങാകാനും ചിത്രശലഭമാകാനും കഴിയും വിധം വൈവിദ്ധ്യം സാദ്ധ്യമായ സ്വരദേവന്‌ നല്‍കാന്‍, ഗാനഗന്ധര്‍വ്വന്‍ എന്ന പറഞ്ഞുപഴകിയ തൊപ്പിത്തൂവല്‍ -വിശേഷണത്തെ പിന്നിലാക്കുംവിധം പുതിയ വിശേഷണമൊന്ന്‌ കണ്ടുപിടിക്കാന്‍ തക്കവിധം മലയാളഭാഷ വളര്‍ന്നിട്ടില്ല.
പാമരനാംപാട്ടുകാരന്‍ എന്നു പാടിവന്ന്‌ അമരത്വത്തിലേക്ക്‌ ഈ പാട്ടുകാരന്‍ കയറിപ്പോകുന്നുവെങ്കില്‍, അതിനുകാരണം അന്നത്തെ കാലഘട്ടം ആവശ്യപ്പെടുന്നവിധത്തില്‍ പാടാനായി എന്നതുകൊണ്ടല്ല. കാലം ഇത്ര മുന്നോട്ടുകുതിച്ചിട്ടും റെക്കോഡിങ്ങില്‍ സാങ്കേതികമികവുകൊണ്ട്‌ അത്ഭുതങ്ങളുടെ മായാജാലം കാണിക്കാമെന്നായിട്ടും, ഈ പാട്ടുകാരന്‍ മലയാളത്തിന്റെ ഖല്‍ബിലെ പാട്ടുകാരനായി പുതിയ എതിരാളികളില്ലാതെയാണ്‌ നിലകൊള്ളുന്നത്‌.ഏതുകാലഘട്ടത്തിനും ഏതുദൈവത്തിനും മീതെ ഒഴുകിപ്പരക്കാന്‍ കെല്‍പുള്ള നാദപ്രപഞ്ചമാണ്‌ ഈ പാട്ടുകാരന്റേത്‌ . ഗുരുവായൂരമ്പലനടയില്‍ ഒരുദിവസം ഞാന്‍ പോകും, ഗോപകുമാരനെ കാണും എന്നു യേശുദാസ്‌ പാടുമ്പോഴൊക്കെ എന്റെ ഉള്ളില്‍ ചിരിയൂറും-അമ്പലനടയില്‍ ചെന്നാലേ യേശുദാസിന്‌ ഗോപകുമാരനെ കാണാനാകൂ എന്ന്‌ ആരുപറഞ്ഞു, യേശുദാസിന്റെ പാട്ടും മൂളി ഗുരുവായൂരെ കാസറ്റുകടകളുടെ പരിസരത്തൂകൂടി കളിച്ചുതിമര്‍ത്തുനടക്കുകയാണ്‌ കൃഷ്‌ണനെന്ന്‌ ഈ യേശുദാസിന്‌ ആരും പറഞ്ഞുകൊടുത്തിട്ടില്ലേ ആവോ? കാര്യം കഴിഞ്ഞാല്‍ കറിേവപ്പില എന്ന സങ്കുചിതപ്രമാണം ഏതായാലും കൃഷ്‌ണന്റേതല്ല, ഉറപ്പ്‌. - പ്രിയ എ. എസ്‌

( കുഞ്ഞിക്കണ്ണന്‍ വാണിമേലിന്റെ ` യേശുദാസ്‌: സംഗീതമേ ജീവിതം'- പുസ്‌തകം)

ജന്മാന്തരങ്ങള്‍ക്ക്‌ വാഗ്‌ദാനം

സംഗീതം സ്‌നേഹമാണ്‌. സ്‌നേഹം പോലെ ജന്മസുകൃതമാണ്‌. ജാതിയുടെയും മതത്തിന്റെയുമൊക്കെ അതിരുകള്‍ കടന്ന്‌ അതു പ്രവഹിക്കുന്നു. അനാദിയായ കാലംപോലെ, ജന്മങ്ങളില്‍ നിന്നും ജന്മങ്ങളിലേക്ക്‌. യേശുദാസിനെക്കുറിച്ച്‌ പറയുമ്പോള്‍ ആദ്യം ഓര്‍മ്മവരുന്നത്‌, ദാസിനെ നേരില്‍ കണ്ട സന്ദര്‍ഭമാണ്‌.

നാല്‌പത്തിയഞ്ച്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പാണത്‌. ഞാന്‍ സിനിമയില്‍ അഭിനയിച്ചു തുടങ്ങുന്നതിന്‌ മുമ്പ്‌ നാടകത്തില്‍ അഭിനയിച്ചിരുന്നു. അത്‌ യാദൃശ്ചികമാണ്‌. മൂലധനം എന്ന നാടകത്തിനു വേണ്ടി പാട്ടുപാടാനായിരുന്നു എന്നോട്‌ പറഞ്ഞത്‌. പിന്നീട്‌ ആ നാടകത്തില്‍ അഭിനയിക്കേണ്ടിയും വന്നു. ഒരു നാടകഗാനം റെക്കോര്‍ഡ്‌ ചെയ്യാന്‍ ഞാന്‍ മദ്രാസിലെ സ്റ്റുഡിയോവില്‍ പോയിരുന്നു. പാട്ടിന്റെ റെക്കോര്‍ഡിംങ്ങ്‌ കഴിഞ്ഞ്‌ പുറത്തിറങ്ങി വരുമ്പോള്‍ തിയേറ്ററിനു പുറത്ത്‌ വൈറ്റും വൈറ്റും ധരിച്ച മെല്ലിച്ച ചെറുപ്പക്കാരന്‍ ഇരിക്കുന്നത്‌ കണ്ടു. ആരെയും ശ്രദ്ധിക്കാതെ പേപ്പര്‍ വായിച്ചിരിക്കുകയായിരുന്നു. യേശുദാസിനെപ്പറ്റി ഞാന്‍ നേരത്തെ കേട്ടിട്ടുണ്ടായിരുന്നു. സംഗീതപ്രിയരുടെ മനസ്സില്‍ പതിഞ്ഞ ശബ്‌ദം. അഗസ്റ്റിന്‍ ജോസഫിന്റെ മകന്‍ എന്ന നിലയിലും അറിയാമായിരുന്നു. എങ്കിലും നേരിട്ട്‌ കാണാന്‍ സാധിച്ചിട്ടില്ലായിരുന്നു. അങ്ങനെയൊക്കെയുള്ള ആളെയാണ്‌ നേരില്‍ കാണുന്നത്‌. ആ ഓര്‍മ്മ ഇപ്പോഴും മായാതെ മനസ്സില്‍ തങ്ങിനില്‍ക്കുന്നു.

സിനിമയില്‍ അഭിനയിച്ചു തുടങ്ങിയ കാലം മുതല്‍ ദാസിന്റെ പാട്ടുകളുടെ ആരാധികയാണ്‌ ഞാന്‍. ആദ്യകാലത്ത്‌ നായികയായി അഭിനയിച്ചപ്പോഴും ദാസ്‌ പാടിയ യുഗ്മഗാനരംഗങ്ങള്‍ക്കായി ആഗ്രഹിച്ചിരുന്നു. യേശുദാസിന്റെ ശബ്‌ദ മഹത്തവും ഈശ്വരാനുഗ്രഹം തന്നെ. ദാസിന്റെ പാട്ടുകള്‍ അന്നുമിന്നും ശ്രദ്ധിക്കാറുണ്ട്‌. പാട്ടുകളോടുള്ള ആത്മബന്ധം കുട്ടിക്കാലത്തു തന്നെയുള്ളതിനാല്‍ യേശുദാസിന്റെ ഗാനങ്ങള്‍ എന്നെ അത്ഭുതപ്പെടുത്തിയിരുന്നു.

അടുത്തകാലത്ത്‌ ആറാം തമ്പുരാനിലെ ഹരിമുരളീരവം പോലുള്ള പാട്ടുകള്‍ എത്ര കേട്ടാലും മതിവരില്ല. അതുപോലെ നന്ദനത്തിലെ ഗാനങ്ങളും. അദ്ദേഹത്തിന്റെ നാടകഗാനങ്ങളും എനിക്ക്‌ പ്രിയപ്പെട്ടതാണ്‌. ചിത്രമേള എന്ന സിനിമയിലെ ആകാശദീപമേ എന്ന ഗാനം ഒരുപാടു കാലം മനസ്സില്‍ തങ്ങിനിന്നിരുന്നു.സംഗീതത്തിലൂടെ മനുഷ്യനെ ഒന്നായി കാണാനും സ്‌നേഹിക്കാനും ഓര്‍മ്മപ്പെടുത്തുന്ന യേശുദാസിന്‌ മുന്നില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ വാതില്‍ അടഞ്ഞുകിടക്കുകയാണ്‌. കൃഷ്‌ണഗീതികള്‍ ഇത്രയും ആര്‍ദ്രമായി പാടിയ ഗായകന്‌ ദര്‍ശനാനുവാദം നല്‍കണമെന്നത്‌ സംഗീതത്തോട്‌ നാം കാണിക്കുന്ന ആദരവ്‌ കൂടിയാകും.

അക്കാര്യത്തില്‍ മറ്റു പ്രശ്‌നങ്ങള്‍ തടസ്സമാകരുത്‌. കൃഷ്‌ണഭക്തിയുടെ ചൈതന്യം തുളുമ്പുന്ന പാട്ടുകള്‍ യേശുദാസ്‌ നിരവധി പാടിയിട്ടുണ്ട്‌. അവ കേള്‍ക്കുമ്പോള്‍ ഭഗവാന്‍ മനസ്സില്‍ തിളങ്ങിനില്‍ക്കുന്ന അനുഭവമാണ്‌. സംഗീതത്തെ മാത്രം ഉപാസിക്കുന്ന യേശുദാസിന്റെ മതവും സംഗീതമാണ്‌. അത്‌ തിരിച്ചറിയാന്‍ നമുക്ക്‌ സാധിക്കണം. ആ ഗാനധാരകള്‍ തന്നെ അതിന്റെ തെളിവാണ്‌.യേശുദാസ്‌ പാടിയ ഗാനങ്ങള്‍ എത്ര കേട്ടാലും ഇപ്പോഴും മതിവരാറില്ല.

കര്‍ണ്ണാടക സംഗീതത്തിലും അദ്ദേഹത്തിന്റെ മികവ്‌ എടുത്ത പറയേണ്ടതാണ്‌. ചെമ്പൈ സ്വാമിയുടെ ശിഷ്യനായ ദാസിലൂടെ ശാസ്‌ത്രീയ സംഗീതം സാധാരണക്കാരായ മലയാളിക്കും ഭംഗിയായി ആസ്വദിക്കാന്‍ കഴിയുന്നു. സംഗീതം ഒരു സാന്ത്വനമാണ്‌. യേശുദാസിനെ പോലുള്ള ഒരാളുടെ ശബ്‌ദത്തിലൂടെ സംഗീതം അനുഭവിക്കാന്‍ സാധിക്കുന്നത്‌ മഹാഭാഗ്യമാണ്‌. വല്ലാത്തൊരു നിര്‍വൃതി തന്നെ. സംഗീതം സാധനയായി കരുതുന്ന ഏതൊരാള്‍ക്കും ദാസിന്റെ പാട്ടുകള്‍ മറക്കാന്‍ കഴിയില്ല. പ്രത്യേകിച്ച്‌ മലയാളിക്ക്‌.

സംഗീതത്തിന്റെ ഭാവഗോപുരങ്ങള്‍ ആര്‍ദ്രതയാലും വികാരനിര്‍ഭരതയാലും യേശുദാസ്‌ ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു. അതൊക്കെയാവാം മലയാളിയുടെ മനസ്സില്‍ കാലത്തിന്‌ മായ്‌ക്കാന്‍ കഴിയാത്തവിധം പ്രിയപ്പെട്ട ഗായകനായി യേശുദാസ്‌ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്നത്‌.- കവിയൂര്‍ പൊന്നമ്മ
(കുഞ്ഞിക്കണ്ണന്‍ വാണിമേലിന്റെ യേശുദാസ്‌: സംഗീതമേ ജീവിതം എന്ന പുസ്‌തകം).

Thursday, January 21, 2010

പ്രതിരോധത്തിന്റെ ക്യാമറക്കാഴ്‌ചകള്‍

മഗ്‌രിബ്‌ രാജ്യങ്ങളുടെ ഭൂമിശാസ്‌ത്രപരവും രാഷ്‌ട്രീയപരവുമായ നേര്‍ക്കാഴ്‌ചകളിലൂടെ മഗ്‌രിബ്‌ സിനിമകളെ വിശകലനം ചെയ്യുകയാണ്‌ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ മഗ്‌രിബ്‌ സിനിമ ചരിത്രവും വര്‍ത്തമാനവും എന്ന പുസ്‌തകത്തില്‍.

മൊറോക്കോ, അള്‍ജീരിയ, ടുണീഷ്യ എന്നീ രാജ്യങ്ങളിലെ ചലച്ചിത്രങ്ങളെ വിശേഷിപ്പിക്കുന്നത്‌ മഗ്‌രിബ്‌ സിനിമകളെന്നാണ്‌. മഗ്‌രിബ്‌ ജനതയുടെ ചരിത്രത്തിലേക്കും ചലച്ചിത്ര സംസ്‌കാരത്തിലേക്കും വായനക്കാരെ നടത്തിക്കുകയാണ്‌ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍.


ലോകസിനിമയുടെ ഭൂപടത്തില്‍ മഗ്‌രിബ്‌ ചിത്രങ്ങളുടെ പ്രസക്തി ഈ പുസ്‌തകം ചര്‍ച്ചചെയ്യുന്നുണ്ട്‌.ഒരു ജനതയുടെ പൊള്ളുന്ന ജീവിതത്തിന്റെ അകം കാഴ്‌ചകള്‍ അഭ്രപാളിയിലൂടെ പ്രേക്ഷകരെ വിസ്‌മയിക്കുന്ന കാഴ്‌ചാനുഭവമാക്കുകയാണ്‌ മഗ്‌രിബിന്റെ സംവിധായകര്‍. ജീവിതത്തില്‍ ഇടപെടുകയും പ്രതികരിക്കുകയും ചെയ്യുന്ന സംവിധായകരുടെ സാന്നിദ്ധ്യമാണ്‌ മഗ്‌രിബിന്റെ സവിശേഷതകളിലൊന്ന്‌.

കണ്ണാടിക്കാഴ്‌ചയായി അവര്‍ സിനിമ തെരഞ്ഞെടുക്കുകയാണ്‌. ഒട്ടേറെ സാമൂഹിക പ്രതിസന്ധിപുരുഷകേന്ദ്രീകൃതമായ ഒരു സമൂഹത്തില്‍ നിന്നും ലോകസിനിമയുടെ സൗന്ദര്യശാസ്‌ത്രം അട്ടിമറിക്കുന്ന നിരവധി സംവിധായികമാര്‍ മഗ്‌രിബിലുണ്ട്‌.ആര്‍ക്കുവേണ്ടി? എന്തിനു വേണ്ടി സിനിമ ചെയ്യുന്നു എന്ന ചോദ്യത്തിന്‌ വ്യക്തമായ ഉത്തരം മഗ്‌രിബ്‌ സംവിധായകര്‍ നല്‍കുന്നുണ്ട്‌. ജീവിതത്തിന്റെ കള്‍ അതിജീവിച്ചുകൊണ്ടാണ്‌ മഗ്‌രിബിലെ ചലച്ചിത്രപ്രവര്‍ത്തകര്‍ ക്യാമറ പിടിക്കുന്നത്‌. രാഷ്‌ട്രീയവും മതപരവുമായ ചുറ്റുപാടുകളും മഗ്‌രിബ്‌ ചിത്രങ്ങള്‍ക്ക്‌ മുന്നിലുണ്ട്‌.


കൊളോണിയല്‍ കെട്ടുപാടുകളില്‍ നിന്നും സ്വാതന്ത്ര്യം നേടിയതോടുകൂടിയാണ്‌ മഗ്‌രിബില്‍ സിനിമകളുടെ മുന്നേറ്റും ആരംഭിച്ചത്‌. കൊളോണിയല്‍ സംസ്‌കാരത്തിനെതിരെ പോരടിച്ചു കൊണ്ടാണ്‌ മഗ്‌രിബ്‌ചലച്ചിത്ര പ്രവര്‍ത്തകര്‍ ഒരു ജനതയുടെ സ്വത്വാവബോധം അടയാളപ്പെടുത്താന്‍ തുടങ്ങിയത്‌. ഈ വിഷയത്തിലേക്കാണ്‌ പുസ്‌തകത്തിന്റെ ഉള്ളടക്കം ഊന്നല്‍ നല്‍കുന്നത്‌.

മൊറോക്കോ, അള്‍ജീരിയ, ടുണീഷ്യ എന്നീ രാജ്യങ്ങള്‍ മഗ്‌രിബില്‍ ഒരുമിച്ചു നില്‍ക്കുമ്പോഴും അതത്‌ രാജ്യങ്ങളുടെയും ജനതയുടെയും സാമൂഹികവും സാംസ്‌കാരികവുമായ വൈവിധ്യവും വ്യത്യസ്‌ത ജീവിത സമീപനവും പ്രതിഫലിപ്പിക്കുന്നുണ്ട്‌. മഗ്‌രിബ്‌ ചരിത്രം, സമൂഹം, രാഷ്‌ട്രീയം എന്നിവയിലൂന്നി പുതിയ പ്രതിസന്ധികളും പ്രശ്‌നങ്ങളും ശക്തമായി മഗ്‌രിബ്‌ ചിത്രങ്ങള്‍ ആവിഷ്‌കരിക്കുന്നു. മൊറോക്കോ ചിത്രങ്ങളുടെ ജാഗ്രതയ്‌ക്ക്‌ ലത്തീഫ്‌ ലാഹോര്‍, ഹസന്‍ ബിന്‍ജിലോഹ്‌, അഹ്‌മദ്‌ ബൗലിനി തുടങ്ങിയവരുടെ സിനിമകള്‍ ഉദാഹരണമാണ്‌.

ടുണീഷ്യന്‍ ചിത്രലോകം ജീവല്‍ പ്രതിസന്ധികളുടെ തിരഭാഷയാണ്‌ അനുഭവപ്പെടുത്തുന്നത്‌. അള്‍ജീരിയയിലും സിനിമ തീക്ഷ്‌ണമായ കലാബോധത്തോടെ തിരഭാഷയുടെ പാഠവും പാഠാന്തരവും വ്യക്തമാക്കുന്നു.ആശയാനുഭവങ്ങളുടെ കൂട്ടായ ചിത്രീകരണമാണ്‌ മഗ്‌രിബ്‌ പ്രവിശ്യയിലെ സിനിമകളെ ലോകവേദിയില്‍ ശ്രദ്ധാര്‍ഹമാക്കുന്നത്‌. മഗ്‌രിബ്‌ രാജ്യങ്ങളിലെ സമീപകാല ചരിത്രവും മനുഷ്യാവകാശ പ്രശ്‌നങ്ങളും സ്വത്വാവബോധവും സ്‌ത്രീ സമൂഹം നേരിടുന്ന പാര്‍ശ്വവല്‍കരണവും വിചാരണ ചെയ്യപ്പെടുന്ന ഈ പുസ്‌തകം ക്യാമറയുടെ പ്രതിഭാഷയാണ്‌ വായിച്ചെടുക്കുന്നത്‌.
മഗ്‌രിബ്‌ സിനിമ ചരിത്രവും വര്‍ത്തമാനവും എന്ന പുസ്‌തകം സാര്‍ത്ഥമാക്കുന്നത്‌ അന്വേഷണത്തിലും ആസ്വാദനത്തിലും ഗ്രന്ഥകാരന്‍ പ്രകടിപ്പിക്കുന്ന നിരീക്ഷണപാടവമാണ്‌.

അലിസൊവ, ദ സൈലന്‍സ്‌ ഓഫ്‌ പാലസ്‌, വാട്ട്‌ എ വണ്ടര്‍ഫുള്‍ വേള്‍ഡ്‌, ബ്ലഡ്‌ നമ്പര്‍ വണ്‍ തുടങ്ങിയ ചിത്രങ്ങളുടെ ഹ്രസ്വ വിവരണം വായനയില്‍ മികച്ച അനുഭവമാകുന്നു. സംവിധായകരായ റജി അമരി, നാദിയ ഇല്‍ ഫാനി, ഒസാമ മുഹമ്മദ്‌ എന്നിവരുമായുള്ള സംഭാഷണം പ്രത്യേകം പരാമര്‍ശിക്കേണ്ടതാണ്‌.കുഞ്ഞിക്കണ്ണന്‍ വാണിമേലിന്റെ സിനിമാ സംബന്ധിയായ പുതിയ കൃതിയാണിത്‌. ലോകസിനിമയുടെ ഭൂപടത്തില്‍ മഗ്‌രിബ്‌ സിനിമകള്‍ക്കുള്ള ഇടം ഗൗരവമായി ഈ പുസ്‌തകം സൂചിപ്പിക്കുന്നു. മഗ്‌രിബ്‌ സിനിമയെ അടുത്തറിയാന്‍ സഹായകമായ മലയാളത്തിലെ ആദ്യ പുസ്‌തകമാണ്‌ മഗ്‌രിബ്‌ സിനിമ: ചരിത്രവും വര്‍ത്തമാനവും.
-രാധാകൃഷ്‌ണന്‍ എടച്ചേരി,
ചന്ദ്രിക ദിനപത്രം 24-1-2010


മഗ്‌രിബ്‌ സിനിമ: ചരിത്രവും വര്‍ത്തമാനവും
കുഞ്ഞിക്കണ്ണന്‍ വാണിമേല്
‍അടയാളം പബ്ലിക്കേഷന്‍സ്‌, തൃശൂര് ,‍വില- 75 രൂപ

Wednesday, January 20, 2010

ഉച്ചപ്പടവും റിയാലിറ്റി ഷോയും

നോക്കൂ, ഞങ്ങള്‍ സ്ഥാപിച്ചിരിക്കുന്ന ഈ സ്‌തൂപം. അത്‌ ഒരു ശില്‍പിയുടെ ഭാവനയില്‍ നിന്നുണ്ടായതു മാത്രമല്ല. രാഷ്‌ട്രാന്തരീയ മാര്‍ക്കറ്റിലെ പുതിയ ഉപഭോഗത്തിന്റെ ചിഹ്നം എന്ന നിലയില്‍ ഞങ്ങളുടെ കോര്‍പറേറ്റ്‌ വികസിപ്പിച്ചെടുത്തതാണ്‌. ശില്‍പി ഞങ്ങളുടെ ഇംഗിതത്തിനനുസരിച്ച്‌ ചെയ്‌തു തന്നു എന്നേയുള്ളൂ. അയാളുടെ ഭാവനയില്‍പോലും ഞങ്ങള്‍ ശക്തമായി ഇടപെട്ടു.-(എം. എ. റഹ്‌മാന്റെ ശവം കായ്‌ക്കുന്ന മരം എന്ന നോവലെറ്റ്‌, മാധ്യമം). കലാകാരന്റെയും എഴുത്തുകാരന്റെയും ഭാവനയില്‍ ഇടപെടുന്നവരുടെ കാലത്തെയാണ്‌ റഹ്‌മാന്‍ സൂചിപ്പിച്ചത്‌. റിയാലിറ്റി ഷോയുടെ പേരില്‍ നടക്കുന്നതും ഇതുതന്നെ യല്ലേ?

നാട്ടുകാര്‍ വിധിപറയുന്നു
കേരളത്തില്‍ എല്ലാവരും പാട്ടുകരാണ്‌. പാട്ടുകാര്‍ ജഡ്‌ജിമാരും. ആര്‍ക്കും ആരെയും ഏതുവിധവും തേജോവധം നടത്താം. ഇരകള്‍ തലകുനിച്ചു നില്‍ക്കും. ചാനലുകളിലെ റിയാലിറ്റി ഷോ അടയാളപ്പെടുത്തുന്ന മുഖ്യക്രൂരതയാണിത്‌. ഇരയെ പരമാവധി പീഡിപ്പിച്ച്‌ രസിക്കുക. ആ മുതല്‍ ക്ഷ വരെയുള്ള പാട്ടുകാരും സംഗീതഭൗമന്മാരും സദാ റെഡി. മോനേ ഇങ്ങനെ പാടണം, മോളേ അവസാനത്തെ ആ വരി ഒന്നുകൂടി പാടൂ, അനുപല്ലവി ശരിയായില്ല, ചരണത്തില്‍ കുറച്ചുകൂടി ശ്രദ്ധിക്കാമായിരുന്നു. ആ നീട്ടലുണ്ടല്ലോ അത്‌ പാടുമ്പോള്‍ ശബ്‌ദം തുറന്നുപോകുന്നു..... എന്താ ജലദോഷം ഉണ്ടോ? മൂക്കടപ്പ്‌ വരാതെ നോക്കണം, പാട്ട്‌ തീരെ ശരിയായില്ല.... രാ രാ രാ... അത്‌ നീട്ടിയെടുക്കാമായിരുന്നു.... എന്തിനാണ്‌ മോനേ ഇതിന്‌ മിനക്കെടുന്നത്‌. കുടുംബത്തിന്റെ റൗണ്ടപ്പില്‍, അച്ഛനും അമ്മയും സഹോദരങ്ങളും ഉണ്ടല്ലോ.... ആ വേഷം അങ്ങ്‌ മാറ്റിയാല്‍ നിങ്ങള്‍ പുരുഷനെപ്പോലെയാണ്‌.. തുടങ്ങി ആകാശത്തിനു കീഴിലുള്ള സകല കാര്യങ്ങളെക്കുറിച്ച്‌ പറയാനും വിശദീകരിക്കാനും കഴിവുള്ള പണ്‌ഡിതശിരോമണിമാരാണ്‌ റിയാലിറ്റി ഷോകളില്‍ സ്ഥിരം വിധികര്‍ത്താക്കള്‍. അവര്‍ക്ക്‌ ഏതോ മോനേയും (പ്രാസമല്ല) മോളേയും ഏതുവിധത്തിലും ക്രൂശിക്കാം, പരസ്യമായി പരിഹസിക്കാം. അവമതിക്കാം എന്തും വിളിച്ചു പറയാം. ഇരയെ നോക്കി ഒരു ചിരിയും പാസ്സാക്കാം.

ക്യാമറ ഇരയുടെ മുഖത്തേക്ക്‌ തിരിയുമ്പോള്‍ കാണാം ചിലരുടെ കണ്ണുനിറയുന്നു, മുഖം വക്രീകരിക്കുന്നു, സ്‌കോര്‍ കുറയാതിരിക്കാന്‍ സകലതും സഹിച്ച്‌ ദയനീയ മുഖഭാവത്തില്‍ വിധി കര്‍ത്താക്കളുടെ മുഖത്തേക്ക്‌ കണ്ണു തുറന്നു നില്‍ക്കുന്നു, തലതാഴ്‌ത്തി സകലതും പറഞ്ഞു കൊള്ളൂ. എനിക്ക്‌ സ്‌കോര്‍ കുറക്കരുതെ എന്ന ഭാവത്തില്‍ നില്‍ക്കുന്നു. പാട്ടുപാടി എന്ന ഒരു തെറ്റുമാത്രം(?) ചെയ്‌ത കുട്ടികളെ ഇങ്ങനെ ക്രൂശിക്കാനുണ്ടോ, സാധാരണ വിധികര്‍ത്താക്കള്‍ ചെയ്യുന്നതുപോലെ തങ്ങളുടെ ധാരണയ്‌ക്കും അഭിരുചിക്കും ആസ്വാദനശേഷിക്കും അനുസരിച്ചുള്ള മാര്‍ക്ക്‌ നല്‍കി അവസാനിപ്പിച്ചാല്‍ പോരേ? കുറെ ആളുകളെ ചിരിപ്പിക്കാന്‍ ഈ രീതിയിലുള്ള ക്രൂരവിനോദത്തിന്‌ കലാകാരന്മാരും പാട്ടുകാരും കൂട്ടുനില്‍ക്കണോ, പ്രത്യേകിച്ചും സര്‍ഗപ്രകിയയുടെ പേരില്‍ നടക്കുന്ന വിപണനത്തില്‍. പോരായ്‌മകള്‍ ചൂണ്ടിക്കാണിക്കാം. പക്ഷേ, ഫ്യൂഡല്‍ കാലഘട്ടത്തിലെ പീഡനവ്യവസ്ഥയോട്‌ അടുത്തനില്‍ക്കുന്ന ഈ ആറാംമുറ കണ്ട്‌ എത്രകാലം നാട്ടുകാര്‍ ചിരിക്കും.

ഈ വിധികര്‍ത്താക്കളുടെ കാരുണ്യമല്ല പാട്ടുകാരനെ/പാട്ടുകാരിയെ സമ്മാനം നേടാന്‍ പ്രാപ്‌തമാക്കുന്നത്‌. അത്‌ എസ്‌. എം. എസിലൂടെ നാട്ടുകാരാണ്‌. പിന്നെന്തിന്‌ ഈ ക്രൂരവിനോദത്തിന്‌ കുട്ടികളെ സാര്‍വ്വഭൗമന്മാരുടെ മുന്നില്‍ ഒരുക്കി നിര്‍ത്തണം. ചാനല്‍ ക്യാമറയ്‌ക്ക്‌ മുന്നിലിരിക്കുമ്പോള്‍ പലപാട്ടുകാരും സംഗീതജ്ഞരും വിസ്‌മരിക്കുന്നതും മറ്റൊന്നല്ല. വിധികര്‍ത്താക്കള്‍ ക്യാമറയുടെ വെളിച്ചത്തില്‍ മത്സരാര്‍ത്ഥികളെ ചുട്ടുപൊള്ളിക്കുമ്പോള്‍ ഓര്‍ക്കേണ്ട പാഠാവലിയാണ്‌ കുഞ്ചന്‍ നമ്പ്യാര്‍ എഴുതിയത്‌: പൊണ്ണന്‍ മറിഞ്ഞങ്ങു വീഴ്‌വതു കണ്ടാല്‍, കണ്ണിനു സൗഖ്യം മഹാ ദേവ ശംഭോ!- (സഭാപ്രവേശം).

ഗോപിനാഥ്‌ മുതുകാട്‌ കഥപറയുമ്പോള്‍ അതിലൊരു ജീവിതപാഠമുണ്ട്‌. ആര്‍ദ്രതയുണ്ട്‌. മത്സരാര്‍ത്ഥിയെ തിരിച്ചറിവിലേക്ക്‌ നടത്തിക്കുന്ന വെളിച്ചവും. വിധിപ്രസ്‌താവം നടത്തുന്ന ഗജകേസരിമാരുടെ കീചകവധം കണ്ടിട്ടാകാം ജെറി അമല്‍ദേവില്‍ നിന്നും ഇങ്ങനെയൊരു ശബ്‌ദമുയര്‍ന്നത്‌: റിയാലിറ്റി ഷോകളിലേക്ക്‌ ക്ഷണം ലഭിക്കുന്നുണ്ട്‌. എസ്‌. എം. എസ്‌ എന്ന തട്ടിപ്പ്‌ അവസാനിപ്പിക്കുകയാണെങ്കില്‍ ഞാന്‍ ജഡ്‌ജ്‌ ആയി വരാം എന്നു പറഞ്ഞു. ഞങ്ങളെപ്പോലുള്ളവരെ അവിടെ പിടിച്ചിരുത്തി- '' മോനേ സംഗതി ശരിയായില്ല, ഇങ്ങനെ പാടൂ- അങ്ങനെ പാടരുത്‌ എന്നൊക്കെ പറയിപ്പിച്ച ശേഷം നാട്ടുകാര്‍ പറയുന്ന ആള്‍ക്കാണ്‌ സമ്മാനം കൊടുക്കുന്നത്‌. പിന്നെ ഞങ്ങളെപ്പോലുള്ളവരെ കാഴ്‌ച വസ്‌തുവാക്കി അവിടെ പിടിച്ചിരുത്തുന്നതെന്തിനാണ്‌? ഞങ്ങള്‍ പറയുന്നത്‌ അവര്‍ മാനിക്കുന്നില്ല എന്നത്‌ വ്യക്തമല്ലേ.- (മാധ്യമം ആഴ്‌ചപ്പതിപ്പ്‌). ആര്‍ജ്ജവം നഷ്‌ടപ്പെടുന്ന യുവത്വത്തെ ആര്‍ക്കും എന്തും വിളിക്കാം. റിയാലിറ്റി ഷോ വിധികര്‍ത്താക്കള്‍ നീണ്ടാള്‍ വാഴട്ടെ!!

കലോത്സവ കഥ
നാട്ടിലേക്ക്‌ മടങ്ങിവന്ന ഒരാള്‍ എന്നായിരുന്നു സ്‌കൂള്‍ കലോത്സവത്തില്‍ മലയാളം കഥാരചനയുടെ വിഷയം. പാലക്കാട്‌ ചെര്‍പ്പുളശ്ശേരി ഹൈസ്‌കൂളിലെ രാമദാസ്‌ കഥയെഴുതി ഒന്നാമനായി. രാമദാസും അയാളുടെ കഥയും മലയാളത്തിലെ പുതിയ കഥയെ നോക്കി ചിലതു പറയുന്നുണ്ട്‌. നിര്‍മല്‍കുമാറുമാരെ ജീവിതത്തിലേക്ക്‌ ഒന്നിങ്ങ്‌ തിരിഞ്ഞു നോക്കൂ എന്നാണ്‌ രാമദാസിനെപ്പോലുള്ള കുട്ടികള്‍ ഓര്‍മ്മപ്പെടുത്തുന്നത്‌

മലയാളകഥയ്‌ക്ക്‌ ഒന്നും സംഭവിച്ചില്ല. സംഭവിച്ചതെല്ലാം കഥയെഴുത്തുകാര്‍ക്കാണ്‌. കഥയുടെ വരള്‍ച്ചയ്‌ക്ക്‌ മികച്ച ഉദാഹരണമാണ്‌ കെ. പി. നിര്‍മ്മല്‍കുമാറിന്റെ ഇന്നത്തെ അതിഥി അതീത ശക്തി എന്ന കഥ (മാതൃഭൂമി).

രാമദാസിന്റെ കഥയില്‍ നിന്നും: അങ്ങനെ ഞാന്‍ നാട്ടില്‍ കാലുകുത്തി. എന്റമ്മോ. എന്തൊരു ദൗര്‍ഭാഗ്യം! ചവിട്ടിയതു ചാണകത്തില്‍ തന്നെ, ഹരിതഭംഗി ആസ്വദിച്ചാണിറങ്ങിയത്‌. അതുകൊണ്ടായിരിക്കും. ഞാന്‍ വേച്ച,്‌ വേച്ച്‌ പൈപ്പിനടുത്തേക്ക്‌ നടന്നു.ആരെങ്കിലും കണ്ടോ. ആരുമില്ല. പണിപ്പറ്റിച്ച കുറെ പശുക്കള്‍ മാത്രം....കഥാന്ത്യത്തില്‍ രാമദാസിന്റെ നായകന്‍ തിരിച്ചറിയുന്നു: ഞാന്‍ ആലോചിച്ച്‌, ആലോചിച്ച്‌ കാടുകയറി. വഴിതെറ്റിപ്പോയിരിക്കുന്നു. മനസ്സിലായി. എന്റെ തെറ്റ്‌. എല്ലാം എന്റെ തെറ്റ്‌. പകയും ദേഷ്യവും ഒരുത്തന്റെ ജീവിതം നശിപ്പിക്കുകയേയുള്ളൂ. ഞാന്‍ തെറ്റു മനസ്സിലാക്കുന്നു. ഞാന്‍ തിരിഞ്ഞു നടന്നു. നന്മയുടെ, സമാധാനത്തിന്റെ ഒരു ലോകത്തേക്ക്‌?- (കലാകൗമുദി).

ഉച്ചപ്പടം
ചുളിവുപറ്റാത്ത ഇസ്‌തിരിയിട്ട ചിന്തകളുടെ കാലത്ത്‌ കവിതയിലെ പുതുശബ്‌ദം തിരിച്ചറിയപ്പെടാന്‍ എളുപ്പമല്ല. വെളിച്ചത്തിനു നേരെ നടന്നെത്തുക എന്നത്‌ വലിയൊരു ദൗത്യമായി ഏറ്റെടുക്കേണ്ടുന്ന ബാധ്യത കൂടി പേറുന്നവരാണ്‌ മലയാളകവിതയിലെ പുതുതലമുറ. എഴുതുക എന്ന പോരാട്ടത്തിനപ്പുറം, വ്യത്യസ്‌ത ശബ്‌ദം കേള്‍പ്പിക്കുക എന്ന പ്രതിസന്ധി കൂടിനേരിടുന്ന തലമുറയുടെ പ്രാതിനിധ്യമാണ്‌ ഉച്ചപ്പടം എന്ന കവിതാസമാഹാരത്തിനുള്ളത്‌. കവിത കൊണ്ട്‌ ഇരുട്ടറ തുറക്കാന്‍ കഴിയുമെന്ന വിശ്വാസം ഇനിയും ഉപേക്ഷിച്ചിട്ടില്ലാത്തവരുടെ നിരയിലാണ്‌ ഉച്ചപ്പടത്തിന്റെ എഴുത്തുകാരന്‍ മുരളീകൃഷ്‌ണന്‍. ഉച്ചപ്പടം എന്ന പേരിനുപോലും കേരളത്തിന്റെ സാംസ്‌കാരിക ചരിത്ര സ്‌പര്‍ശമുണ്ട്‌. പ്രക്ഷുബ്‌ധതയുടെ കാലമാണ്‌ മലയാളസിനിമയുടെ എഴുപത്‌. അന്ന്‌ ഉച്ചപ്പടം എന്നു പറഞ്ഞാല്‍ അവാര്‍ഡ്‌ സിനിമകളാണ്‌. പിന്നീട്‌ ഉച്ചപ്പടം മസാല ചിത്രങ്ങളായി. മുരളീകൃഷ്‌ണന്റെ കവിതയില്‍ ജീവിതത്തിന്റെ പാഠപുസ്‌തകമായി.
മുരളീകൃഷ്‌ണന്‍ എഴുതി: മുഷിഞ്ഞാലും/ പിഞ്ഞിയാലും/ ചേര്‍ത്തണയ്‌ക്കുന്നു/ കടപ്പാടിന്റെ/ തീരാ കൗതുകം- (പുതപ്പ്‌ എന്ന കവിത). ജീവിതം ഒരു തീരാ കൗതുകമായി എഴുതിനിറയുകയാണ്‌ ഈ കവി. ജീവിതത്തിനുമേല്‍ പൊടിക്കുന്ന രചനകളെന്ന്‌ ഈ കവിതകളെ വിശേഷിപ്പിക്കാം.-(പായല്‍ ബുക്‌സ്‌).-നിബ്ബ്‌ ചന്ദ്രിക, 24-1-2010

Thursday, January 14, 2010

ആരാണ്‌ സാംസ്‌കാരികനായകന്‍

ഇങ്ങനെയൊരു ചോദ്യം ഇപ്പോള്‍ നിബ്ബ്‌ വായനക്കാരുടെ മുന്നില്‍വയ്‌ക്കുന്നത്‌ എന്തിനാണെന്ന്‌ സംശയിക്കാം. കാരണം ചില വിശേഷണപദങ്ങള്‍ സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിച്ച്‌ അര്‍ത്ഥലോപം വന്നുകൊണ്ടിരിക്കുകയാണ്‌. മലയാളത്തിലെ ചില പദപ്രയോഗങ്ങളുടെ അര്‍ത്ഥമില്ലായ്‌മയെക്കുറിച്ച്‌ ഡോ. സുകുമാര്‍ അഴീക്കോട്‌ ഉള്‍പ്പെടെയുള്ള അദ്ധ്യാപകര്‍ നേരത്തെ സൂചിപ്പിച്ചിട്ടുണ്ട്‌. അപ്പോഴൊക്കെ പലരും എഴുതാനോ, ഉയര്‍ത്തിക്കൊണ്ടു വരാനോ മടിച്ചിരുന്നത്‌ സാസ്‌കാരികനായകന്‍ എന്ന വിശേഷണത്തെ സംബന്ധിച്ചാണ്‌.

ഇപ്പോള്‍ എല്ലാറ്റിനും വ്യക്തതയും നിര്‍വ്വചനങ്ങളും ലഭ്യമാകുന്ന കാലമാണല്ലോ. വിവരാവകാശ കമ്മീഷന്‍ പറഞ്ഞത്‌ ഒരാളുടെ വരുമാനംപോലും രഹസ്യമായതൊന്നുമല്ലെന്നാണ്‌. ആ നിലയില്‍ നമുക്ക്‌ സ്വാഭാവികമായും സംശയിക്കാവുന്ന കാര്യമാണ്‌ ആരാണ്‌ സാംസ്‌കാരികനായകന്‍ (ഈ പ്രയോഗത്തില്‍ മാത്രം കേരളത്തിലെ ഫെമിനിസ്റ്റുകളും വനിതാ പ്രവര്‍ത്തകരും പ്രക്ഷോഭം തുടങ്ങിയിട്ടില്ല. സാംസ്‌കാരികനായിക എന്തുകൊണ്ട്‌ പ്രയോഗിക്കുന്നില്ലെന്ന്‌ സാറ ടീച്ചറും ചോദിച്ചതായി ശ്രദ്ധയില്‍പെട്ടില്ല). നമ്മുടെ മാധ്യമപ്രവര്‍ത്തകരും നോട്ടീസുകളും സമയവും സന്ദര്‍ഭവും നോക്കാതെ നിരന്തരമായി പ്രയോഗിക്കുന്ന വിശേഷണമാണ്‌ സാംസ്‌കാരികനായകന്‍. ഇതിന്റെ നിഷ്‌പത്തിയെപ്പറ്റിയൊന്നും നിബ്ബ്‌ ആഴത്തില്‍ അന്വേഷിക്കുന്നില്ല. അതിന്‌ ഡോക്‌ടര്‍മാരും ഗവേഷകരും കേരളത്തില്‍ ആവശ്യത്തിലധികമുണ്ടല്ലോ.

സമൂഹത്തെ സംസ്‌കാരസമ്പന്നമാക്കുന്നവരാണ്‌ സാംസ്‌കാരികനായകന്മാര്‍ എന്ന്‌ ലളിതമായി പറയാറുണ്ട്‌. എഴുത്ത്‌, പ്രസംഗം, സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കര്‍മ്മങ്ങളിലൂടെയാണ്‌ ഇവര്‍ സമൂഹത്തെ പ്രബുദ്ധമാക്കുന്നത്‌ എന്നാണ്‌ നാം മനസ്സിലാക്കിയത്‌. ഒരര്‍ത്ഥത്തില്‍ സ്വാര്‍ത്ഥതയില്ലാതെ, നിസ്‌തുല സേവനം നിര്‍വ്വഹിക്കുന്നവരാണിവര്‍. അപ്പോള്‍ ഒരാളെ എന്‍ജിനീയര്‍, ഡോക്‌ടര്‍ (കലാശാല ഡോക്‌ടര്‍മാരല്ല), എഴുത്തുകാരന്‍/ എഴുത്തുകാരി, കല്‍പ്പനിക്കാരന്‍, മത്സ്യത്തൊഴിലാളി, പുസ്‌തകപ്രസാധകന്‍ എന്നൊക്കെ സംശയമില്ലാതെ വിളിക്കാന്‍ സാധിക്കുന്നതുപോലെ സാംസ്‌കാരികനായകനെയും പേരിട്ടു വിളിക്കാന്‍ സാധിക്കണം. ഇവിടെ സൂചിപ്പിച്ച പല വിശേഷണപദങ്ങളും കൃത്യമായി വിശദമാക്കുമ്പോള്‍ സാംസ്‌കാരികനായകന്‍ എന്ന പ്രയോഗത്തിന്‌ മാത്രം അംഗീകൃത നിര്‍വ്വചനം നല്‍കാറില്ല. അഥവാ ഈ വിശേഷണപദം ഉപയോഗിക്കുമ്പോള്‍ അങ്ങനെ വിശേഷിപ്പിക്കപ്പെടുന്ന വ്യക്തി അതിന്‌ അര്‍ഹനാണോ എന്ന്‌ നാം ആലോചിക്കാറില്ല.

ഡോ. സുകുമാര്‍ അഴീക്കോട്‌, എം. ടി. വാസുദേവന്‍ നായര്‍, ടി. പത്മനാഭന്‍, എം. എന്‍. കാരശ്ശേരി. ഒ. എന്‍. വി. കുറുപ്പ്‌, സക്കറിയ, സുഗതകുമാരി തുടങ്ങിയ വ്യക്തിത്വങ്ങളെ സാംസ്‌കാരികനായകന്മാര്‍ എന്നു വിശേഷിപ്പിക്കുമ്പോള്‍ രണ്ടാമതൊന്ന്‌ ആലോചിക്കേണ്ടതില്ല. അവരുടെ കര്‍മ്മങ്ങള്‍ തന്നെ തെളിവ്‌ നല്‍കുന്നുണ്ട്‌. അതുപോലെ പ്രശസ്‌തരായ കോളമിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരും അദ്ധ്യാപകരും രാഷ്‌ട്രീയ പ്രവര്‍ത്തകരും മതനേതാക്കളും മറ്റും അവരവരുടെ കര്‍മ്മരംഗത്തെ അടിസ്ഥാനമാക്കി വിശേഷിപ്പിക്കപ്പെടുന്നു. അതിലും അതിശയോക്തിയില്ല. എന്നാല്‍ നമ്മുടെ നഗരങ്ങളിലും ഗ്രാമങ്ങളിലും(?) നടക്കുന്ന ചെറുതും വലുതുമായ കാക്കത്തൊള്ളായിരം പരിപാടികള്‍ (കായികപരിപാടിയും) സാംസ്‌കാരികനായകന്മാരെ കൊണ്ട്‌ നിറയുകയാണ്‌. ചുരുങ്ങിയത്‌ നോട്ടീസുകളിലും പത്ര-മാധ്യമങ്ങളിലും. ഇങ്ങനെ വിശേഷിപ്പിക്കപ്പെടുന്ന പലരുടെയും പ്രവര്‍ത്തനങ്ങളെ, സാമൂഹിക ഇടപെടലുകളെ ആരെങ്കിലും പരിശോധിച്ചാല്‍ നാം അല്‍ഭുതപ്പെടും. സാംസ്‌കാരികനായകന്‍ എന്ന ആനുകൂല്യത്തില്‍ ജനമദ്ധ്യത്തില്‍ പ്രത്യക്ഷപ്പെടുന്ന എത്രപേര്‍ സാംസ്‌കാരിക മുന്നേറ്റത്തിനു വേണ്ടിയോ, സാമൂഹികമായ ഉന്നമനത്തിനുവേണ്ടിയോ എന്തെങ്കിലും പ്രവര്‍ത്തനമോ, സംഭാവനയോ ചെയ്യുന്നുണ്ടോ? അഥവാ ചെയ്‌തിട്ടുണ്ടോ?

ചില വ്യക്തികള്‍ അവരുടെ തൊഴില്‍മേഖലയില്‍ പ്രശസ്‌തരാകാം. പക്ഷേ, വിശേഷണപദം പ്രയോഗിക്കുമ്പോള്‍ അവരുടെ തൊഴിലിടം ചേര്‍ത്ത്‌ പറയാം. അല്ലെങ്കില്‍ ഈ ഭൂമിമലയാളത്തില്‍ (കടപ്പാട്‌ ടി. വി. ചന്ദ്രനോട്‌) ഓരോ പൗരനേയും പൗരിയേയും സാംസ്‌കാരികനായകന്‍ എന്നു വിളിക്കേണ്ടി വരും. അങ്ങനെ ആര്‍ക്കും യഥേഷ്‌ടം എടുത്തുപ്രശംസിക്കാവുന്ന വിശേഷണപദമായി സാംസ്‌കാരികനായക പട്ടം മാറും. സാറ്‌, മാഷ്‌ തുടങ്ങിയ പ്രയോഗത്തിന്‌ വന്നുചേരുന്ന ഹാസ്യധ്വനി സിനിമകളിലും മിമിക്രികളിലും വേണ്ടുവോളമുണ്ടല്ലോ? ആ നിരയിലേക്ക്‌ സാംസ്‌കാരികനായകനും ഇടം നേടാം.

ബുദ്ധിജീവികളെ ആര്‍ക്കു വേണം എന്നൊരു ചോദ്യം സക്കറിയ സാക്ഷരകേരളത്തില്‍ ഉയര്‍ത്തിയപ്പോള്‍ പലരും കോപിച്ചു. ബുദ്ധിപ്രയോഗം കേവലം സ്‌തുതിവചനമായി മാറിക്കൊണ്ടിരുന്നപ്പോഴായിരുന്നു സക്കറിയയുടെ കമന്റ്‌. ഇതുപോലെ സാഹിത്യകാരന്‍ ആരുടെ പക്ഷത്ത്‌? എന്ന ചോദ്യത്തിന്‌ മനുഷ്യപക്ഷത്തെന്ന്‌ ഉത്തരം പറയാന്‍ കഴിഞ്ഞവര്‍ കേരളത്തില്‍ അധികമില്ലായിരുന്നു. സാമാന്യമായി പറയുമ്പോള്‍ ഇടപെടലിന്റെ കലയാണ്‌ സാംസ്‌കാരികപ്രവര്‍ത്തനം. സാമൂഹികരംഗത്ത്‌ ജീര്‍ണ്ണത നിലനില്‍ക്കുമ്പോള്‍ ഇടപെടാന്‍ മടിക്കുന്നവരെ നാമെന്തിന്‌ സാംസ്‌കാരികനായകനെന്ന്‌ വിശേഷിപ്പിക്കണം- (സാംസ്‌കാരികനായകന്റെ ജോലി പ്രതികരിക്കലല്ല, കലാപം സൃഷ്‌ടിക്കല്ല. അതൊക്കെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമാണ്‌ എന്ന്‌ ഘോഷിച്ച്‌ ചിലരെങ്കിലും ഇത്തരം ചോദ്യം അവഗണിക്കാം). നാം ആഘോഷിക്കുന്ന മിക്ക സാംസ്‌കാരികനായകന്മാരും സാമൂഹിക പ്രശ്‌നങ്ങള്‍ വരുമ്പോള്‍ മെയ്യനങ്ങാതെ, ഇതൊന്നും ഇവിടെയല്ല നടക്കുന്നത്‌ എന്ന രീതിയില്‍ (ചിലര്‍ പേരു നിലനില്‍ക്കാന്‍ മാധ്യമങ്ങളില്‍ പേരു വെളിപ്പെടുത്തി ആശ്വസിക്കും) ശബ്‌ദം പുറത്തറിയാതെ ഒളിഞ്ഞുനില്‍ക്കും. തെറ്റായ വഴിയില്‍ സഞ്ചരിക്കുന്ന ജനപ്രതിനിധികളെ വോട്ടര്‍മാര്‍ക്ക്‌ തിരിച്ചുവിളിക്കാന്‍ അനുവാദമില്ലാത്തതുപോലെ, കണ്‍മുമ്പില്‍ കാണുന്നവരെയെല്ലാം സാംസ്‌കാരികനായകന്‍ എന്ന തലപ്പാവ്‌ വിശേഷണം ചേര്‍ത്തുള്ള വിളി ഒഴിവാക്കാന്‍ വായനക്കാരനോ, കേള്‍വിക്കാരനോ സാധിക്കുന്നില്ല. കേരളത്തില്‍ ഇത്രയധികം ആളുകള്‍ സാംസ്‌കാരികനായകന്‍ എന്ന പദവിയില്‍ നില്‍ക്കുന്നുണ്ടോ? കുറഞ്ഞപക്ഷം ഈ വിശേഷണം സ്വയം എടുത്തണിയുന്നവര്‍ക്ക്‌ മനസ്സിലേക്ക്‌ നോക്കി ഇങ്ങനെയൊങ്കിലും ചോദിക്കാം- ഞാന്‍ സാംസ്‌കാരികനായകന്‍ എന്ന വിശേഷണത്തിന്‌ അര്‍ഹനാണോ എന്ന്‌.

സാംസ്‌കാരികാധിനിവേശം
ഷെരീഫ്‌ സാഗറിന്റെ നിരീക്ഷണത്തില്‍ നിന്നും: അധിനിവേശത്തിന്റെ ഏറ്റവും പുതിയ തന്ത്രങ്ങളിലൊന്ന്‌ മസ്‌തിഷ്‌കങ്ങളില്‍ കയറിക്കൂടുക എന്നതായിരുന്നു. സാംസ്‌കാരികാധിനിവേശം അതിനുപറ്റിയ ഏറ്റവും നല്ല മാധ്യമമാണ്‌. പാശ്ചാത്യ അധിനിവേശ രീതികള്‍ നാമറിയാതെ സംഭവിക്കുമ്പോള്‍ കേരളത്തില്‍ തീവ്രവാദത്തിന്റെ സാംസ്‌കാരികാധിനിവേശം ബോധപൂര്‍വ്വം നടക്കുന്ന പ്രക്രിയയാണ്‌-(തീവ്രവാദത്തിന്റെ സാംസ്‌കാരികാധിനിവേശം- മലയാളം വാരിക).- ഷെറീഫ്‌ സാഗറിന്റെ ചോദ്യത്തിന്‌ ഇരുതലമൂര്‍ച്ചയുണ്ട്‌. അധിനിവേശം ഏതൊക്കെ വഴിയിലാണ്‌ നമ്മെ കീഴടക്കുന്നത്‌. അത്‌ സാംസ്‌കാരികനായകന്റെയോ, സാംസ്‌കാരിക കുത്തകയുടെയോ രൂപത്തിലാകുമ്പോള്‍ തിരിച്ചറിയാന്‍ എളുപ്പമല്ല.

കെ. പി. അപ്പന്‍ സൂചിപ്പിച്ചതുപോലെ- പ്രസംഗത്തില്‍ പറയുന്ന കാര്യങ്ങളില്‍ ഒന്നുപോലും പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ പിന്നെന്തിന്‌ പ്രസംഗിക്കണം? (അപ്പന്‍സാര്‍ പ്രസംഗം നിര്‍ത്തിയത്‌ ഈ ചോദ്യം സ്വയം ചോദിച്ചതുകൊണ്ടായിരുന്നു- കടപ്പാട്‌ അഭിമുഖഭാഷണം). കെ. പി. അപ്പന്റെ സവിശേഷതയും മറ്റൊന്നല്ല. ഡോ. ജോര്‍ജ്ജ്‌ ഓണക്കൂര്‍ എഴുതുന്നു: ഞാനും അപ്പനും തമ്മില്‍ 20 വയസ്സിന്റെ വ്യത്യാസമേയുള്ളൂ. സ്വന്തമായി ഏതു സാഹചര്യങ്ങളേയും നേരിടാന്‍ എന്നെ സഹായിച്ചത്‌ അപ്പന്റെ നിലപാടുകളാണ്‌. എങ്കിലും ഉള്ളില്‍ അപ്പനെന്നോട്‌ വലിയ സ്‌നേഹമായിരുന്നു- (കലാകൗമുദി, 1793).

കവിതയിലെ പുതിയ ജാലകം
ആദ്യകവിതാ സമാഹാരത്തിന്‌ ഹൃദയക്കുന്നുകള്‍ എന്നാണ്‌ പുത്തൂര്‍ ഇബ്രാഹിംകുട്ടി പേരിട്ടത്‌. മലയാളകവിതയുടെ വര്‍ത്തമാനദശയില്‍ ഇങ്ങനെയൊരു പേര്‌ വായനക്കാര്‍ പ്രതീക്ഷിക്കാനിടയില്ല. കാരണം സാഹിത്യകൃതികളിലെ വിഷയം മാത്രമല്ല, അവയുടെ പേരുകളും അല്‍പം വ്യത്യസ്‌തമായാലേ ശ്രദ്ധിക്കപ്പെടൂ എന്ന ചിന്താഗതിക്കാണ്‌ പലരും ഊന്നല്‍ക്കൊടുക്കുന്നത്‌. കവിതയോ. കഥയോ പറയുന്ന ജീവിതത്തിനല്ല. എന്നാല്‍ പുത്തൂരിന്റെ മനസ്സ്‌ കവിതയെഴുത്തിന്റെ സാമ്പ്രദായിക രീതി അട്ടിമറിക്കുന്നു. പുതിയ കാലത്തിന്റെ വിമര്‍ശനം വാക്കുകളുടെ ചെരാതുകളിലൂടെ സമര്‍ത്ഥമായി നിര്‍വ്വഹിക്കുന്നു: ആര്‍പ്പുവിളികള്‍ പോലും/ അസ്വസ്ഥമാക്കുന്നില്ല/ ഈ അസുഖത്തിന്‌/ ഏതു മരുന്നാവും ഡോക്‌ടര്‍ കുറിക്കുക? (ഭയം എന്ന കവിത).- സ്വാതന്ത്ര്യം, പ്രണയം, പുഴ, നടത്തം, ഓര്‍മ്മ എന്നിങ്ങനെ ഏതു വിഷയത്തിലും ഒരു പൂത്തൂരന്‍ കാഴ്‌ചയാണ്‌ ഹൃദയക്കുന്നുകള്‍ വായനക്കാരന്‌ മുമ്പില്‍ നിവര്‍ത്തിയിടുന്നത്‌. നമുക്ക്‌ അവഗണിക്കാന്‍ സാധിക്കാത്ത പല ചോദ്യങ്ങളും ഈ കവിതാപുസ്‌തകത്തിലുണ്ട്‌.-(തുളുനാട്‌ ബുക്‌സ്‌, കാഞ്ഞങ്ങാട്‌്‌).-നിബ്ബ്‌, ചന്ദ്രിക 17-01-2010

Wednesday, January 06, 2010

സുദേവനും സക്കറിയയും പിന്നെ സുധീറിന്റെ തെയ്യവും

ഇങ്ങനെയൊരു വിചിത്രമായ തലക്കെട്ടിനെക്കുറിച്ച്‌ ചിലരെങ്കിലും സംശയിക്കും. അത്‌ സ്വാഭാവികം. മലയാളത്തിലിറങ്ങുന്ന ഏതെങ്കിലും നോവലിന്റെയോ, കഥയുടെയോ, കവിതയുടെയോ പേരാണെന്ന്‌ കരുതി ആശ്വസിക്കുകയുമാവും. എന്തെങ്കിലും വ്യത്യസ്‌തത വരുമ്പോഴാണെല്ലോ ശ്രദ്ധപിടിക്കാന്‍ സാധിക്കൂ. ഇവിടെ പരാമര്‍ശിക്കുന്നത്‌ ഈ ആഴ്‌ചത്തെ രണ്ട്‌ ആനുകാലികങ്ങളും രണ്ട്‌ വ്യക്തിചിത്രങ്ങളുമാണ്‌. അക്‌ബര്‍ കക്കട്ടിലിന്റെ സര്‍വ്വീസ്‌ സ്റ്റോറി- ബ്ലാക്ക്‌ ബോര്‍ഡ്‌ (മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌), സക്കറിയയുടെ ലേഖനം -മലയാളി സമൂഹം (കലാകൗമുദി), ഹ്രസ്വചിത്രങ്ങളുടെ സംവിധായകന്‍ സുദേവന്‍, കലാസംവിധായകനും തെയ്യം കലാകാരനുമായ സുധീര്‍ എടച്ചേരി എന്നിവരിലേക്ക്‌ ഒരു ദൂരക്കാഴ്‌ച.

സക്കറിയയുടെ ഇടപെടല്
‍സാംസ്‌കാരിക രംഗം ചടുലമാകുന്നു. പുതിയ കാലത്തിന്റെ തീക്ഷ്‌ണതയും എതിരെഴുത്തും കൊണ്ട്‌ സമ്പന്നമാണ്‌ മാധ്യമങ്ങള്‍. ഇടപെടലിന്റെ മൂന്നാം കണ്ണിലൂടെ വര്‍ത്തമാനകാല സംഭവങ്ങളെ വിലയിരുത്തുന്നതില്‍ സക്കറിയ കാണിക്കുന്ന ജാഗരൂകത ശ്രദ്ധേയമാണ്‌. കേരളത്തിലെ ചില സാമൂഹിക- രാഷ്‌ട്രീയ സംഭവങ്ങളില്‍ സക്കറിയയുടെ അക്ഷരവെളിച്ചം പതിയുമ്പോള്‍ വേറിട്ടൊരു വായനാനുഭവമാണ്‌ നമുക്ക്‌ ലഭിക്കുന്നത്‌. മലയാളിയുടെ ജീവിതത്തില്‍ വന്നുനിറഞ്ഞ കാപട്യവും തിരിച്ചറിവില്ലായ്‌മയും ശക്തമായി വിശകലനം ചെയ്യുകയാണ്‌ കലാകൗമുദി(1792)യിലെ ലേഖനത്തില്‍ (....മലയാള സമൂഹം). ഇരുളടഞ്ഞതും അത്യാപല്‍ക്കരവുമായ ഒരു പ്രാകൃത കാലഘട്ടത്തിലേക്കാണ്‌ മലയാളികളുടെ സംസ്‌കാരം വന്നെത്തി നില്‍ക്കുന്നത്‌ എന്നതില്‍ സംശയമില്ല.
.......
നാട്ടുകാരെ പ്രീണിപ്പിക്കാനായി നിരപരാധികളായ രണ്ട്‌ പൗരന്മാരെ അന്യായമായി അറസ്റ്റ്‌ ചെയ്യുകയും കസ്റ്റഡിയിലാക്കുകയും അവര്‍ക്ക്‌ മാനഭംഗം ഉണ്ടാക്കുകയും ചെയ്‌ത പോലീസുകാരുടെ ക്രിമിനല്‍ കുറ്റത്തെ ഏതു കോടതിയിലാണ്‌ ചോദ്യം ചെയ്യുക.- സക്കറിയയുടെ ഈ ചോദ്യം സമകാലിക സാമൂഹികാവസ്ഥയില്‍ പ്രസക്തമാണ്‌. പല സംഭവങ്ങളിലും വൈകാരിമായ സമീപനം അവസാനിക്കുമ്പോഴാണ്‌ യാഥാര്‍ത്ഥ്യം തെളിഞ്ഞു വരിക. ജനാധിപത്യ സംവിധാനത്തെക്കുറിച്ചും പൗരന്മാരുടെ അ വകാശത്തെ സംബന്ധിച്ചും കൃത്യമായി നമ്മുടെ ഭരണഘടന വിശദീകരിക്കുന്നുണ്ട്‌. ഇതേപ്പറ്റിയുള്ള തിരിച്ചറിവ്‌ പലപ്പോഴും നാം വിസ്‌മരിക്കും. ഈ മറവിയിലാണ്‌ സക്കറിയ ഇടപെടുന്നത്‌. അതാകട്ടെ സര്‍ഗ്ഗാത്മകമായൊരു ശൈലിയിലും.

ഗുളികകഴിക്കുന്ന പെണ്‍കുട്ടി
അക്‌ബര്‍ കക്കട്ടിലിന്റെ സര്‍വ്വീസ്‌ സ്റ്റോറിയിലൊരേട്‌- ബ്ലാക്ക്‌ ബോര്‍ഡ്‌ (മാതൃഭൂമി). നാട്ടുവഴിയിലേക്കും സ്‌കൂള്‍ മുറ്റത്തേക്കും ക്ലാസ്‌റൂമിലേക്കുമുള്ള വ്യത്യസ്‌തമായ ഇടനാഴിയാണ്‌ അക്‌ബറിന്റെ സര്‍വ്വീസ്‌ സ്റ്റോറി. തണല്‍മരങ്ങളും നെല്‍വയലുകളും മാത്രമല്ല, ഗ്രാമത്തിന്റെ അകത്തളം. സ്‌കൂളും സ്‌കൂള്‍ മുറ്റങ്ങളും ക്ലാസ്‌മുറികളും അദ്ധ്യാപഹന്മാരും .......പഹികളും (അക്‌ബര്‍ കക്കട്ടിലിനോട്‌ കടപ്പാട്‌) കുട്ടികളും നിറഞ്ഞലോകമാണത്‌. ജീവിതത്തിന്റെ ഒപ്പുകടലാസുകള്‍തന്നെ. അവിടെയാണ്‌ അക്‌ബര്‍ കക്കട്ടിലിന്റെ എഴുത്ത്‌ പുഷ്‌പിക്കുന്നത്‌. നിറമുറ്റ കുറെ ജീവിതങ്ങള്‍. വിചിത്ര സ്വഭാവങ്ങള്‍. അനന്തമജ്ഞാതമായ കുറെ മുഖങ്ങള്‍; ശരീരങ്ങള്‍. ഇതെല്ലാം എഴുത്തിന്റെ കാന്തികശക്തിയിലൂടെ നമ്മെ വിസ്‌മയിപ്പിച്ച്‌ അക്‌ബര്‍ അടയാളപ്പെടുത്തുന്നു. അക്‌ബര്‍ കക്കട്ടിലിന്റെ ലേഖനത്തില്‍ നിന്നും: സുഹൃത്ത്‌ എന്നോട്‌ തുടര്‍ന്ന്‌: സംഗതികള്‍ വിശദീകരിച്ച ശേഷം മൈമൂന പറഞ്ഞത്രെ: ഞാന്‍ മാത്രമല്ല, വേറെയും കുട്ടികള്‍ ഇങ്ങനെ പോകാറുണ്ട്‌. എന്റെ സുഹൃത്ത്‌ ചോദിച്ചു: അല്ല മോളേ നമ്മള്‍ പെണ്ണുങ്ങളല്ലേ.. എന്തെങ്കിലും സംഭവിച്ചാല്‍? മൈമൂന പറഞ്ഞു: ഒന്നും സംഭവിക്കില്ല. അവരെല്ലാം ഗുളിക കഴിക്കുന്നുണ്ട്‌.- മനസ്സിന്റെ അകത്തളങ്ങളെ ആകെയുലച്ച ഒരിടിവെട്ടായി സുഹൃത്തിന്റെ വാക്കുകള്‍. മറുമൊഴിക്കായി വാക്കുകള്‍ വഴങ്ങിയില്ല. പിന്നീടൊന്നും ചോദിക്കാനും തോന്നിയില്ല. ഫോണ്‍ താഴെ വെച്ചു.

വിവരണത്തിന്‌ ശേഷം അക്‌ബര്‍ വായനക്കാരെ ജീവിതത്തിന്റെ പരുത്തപ്രതലത്തിലേക്ക്‌ കൂട്ടിക്കൊണ്ടുപോകുന്നു.- കാലമൊരുക്കുന്ന നിറക്കൂട്ടുകളില്‍ കൂടുതല്‍ കൂടുതല്‍ കറുപ്പ്‌ കലരുകയാണോ? എനിക്കൊന്നും മനസ്സിലാകുന്നില്ല. സുഹൃത്തേ, നാം എങ്ങോട്ടേക്കാണ്‌ പോകുന്നത്‌?.- വര്‍ത്തമാനകാലത്തിനുനേരെയുള്ള എഴുത്തുകാരന്റെ ഉത്‌ക്കണ്‌ഠ. മനസ്സിലെവിടെയോ കണ്ണീരുപൊടിയുന്ന രംഗം.

പണം ആളെക്കൊല്ലും
പാലക്കാട്‌ ജില്ലയില്‍ പെരിങ്ങോടുള്ള സുദേവനും കൂട്ടുകാരും പൂന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട്‌, സ്‌കൂള്‍ ഓഫ്‌ ഡ്രാമ എന്നിവിടങ്ങളില്‍ നിന്നും പഠിച്ചിറങ്ങിയവരല്ല. എങ്കിലും അവര്‍ക്ക്‌ സിനിമ അറിയാമായിരുന്നു. സഹായിക്കാന്‍ റിയലന്‍സ്‌ ഉണ്ടായിരുന്നില്ല. എന്നാലും സിനിമ നിര്‍മ്മിച്ചു. അവര്‍ക്ക്‌ വേണ്ടി അക്കാദമികളോ, അവാര്‍ഡ്‌ ജൂറിമാരോ മുന്‍കൂട്ടി തയ്യാറെടുത്തിരുന്നില്ല. അവര്‍ പുരസ്‌കാരങ്ങള്‍ നിരവധി നേടി. ഇതെല്ലാം എന്തുകൊണ്ടെന്നല്ലേ? സുദേവനും കൂട്ടുകാരും സാധാരണ ജീവിതം അറിയുന്നവരായിരുന്നു. അവരുടെ മനസ്സില്‍ സിനിമ പതിഞ്ഞിരുന്നു. പ്രതിഭയും. തനി നാട്ടിന്‍പുറത്തുകാരായ കുറെ ചെറുപ്പക്കാര്‍. അവരുടെ ഇടയില്‍ കഥാകൃത്തും തിരക്കഥാകൃത്തും സംവിധായകനും- സുദേവന്‍. പക്ഷേ, മനസ്സിലുള്ളത്‌ പകര്‍ത്താന്‍ ക്യാമറയില്ല. പണമില്ല. ഉണ്ടായിരുന്നത്‌ ആത്മവിശ്വാസവും കൂട്ടായ്‌മയും. അതിന്റെ ബലത്തില്‍ സുദേവന്‍ തയ്യാറെടുത്തു.

സുദേവനില്‍ നിന്നും ലിറ്റില്‍ സിനിമകള്‍ രൂപപ്പെട്ടു. വരൂ, പ്ലാനിംഗ്‌, രണ്ട്‌ എന്നിങ്ങനെ. അവയത്രയും പ്രേക്ഷകര്‍ നെഞ്ചേറ്റി. ഒരാളെ അന്വേഷിച്ച്‌ വരുന്ന ചെറുപ്പക്കാരിലൂടെയാണ്‌ വരൂ എന്ന ചിത്രം തുടങ്ങുന്നത്‌. അയാള്‍ കാട്ടില്‍ ഒരാളെ കണ്ടെത്തുന്നു. ചെറുപ്പക്കാരനും അയാളും കാട്ടിലൂടെ ഒത്തിരി ദൂരം നടക്കുന്നു. ചെറുപ്പക്കാരന്‍ അന്വേഷിച്ച ആളെ കാണുന്നില്ല. സഹായി പല വഴി നിര്‍ദേശിക്കുന്നു. പല വഴി നടക്കുന്നു. ഒന്നിനും ഒരു ഉത്തരമില്ലാതെ. സ്വത്വപ്രതിസന്ധി അനുഭവിക്കുന്നവരുടെ പ്രതിനിധിയായി ചെറുപ്പക്കാരനും മാറുന്നു. യുവത്വത്തിന്റെ ഭാഗധേയമാണ്‌ വരൂ എന്ന ഹ്രസ്വചിത്രത്തിലെ ചെറുപ്പക്കാരന്‍ പങ്കുപറ്റുന്നത്‌.എല്ലാറ്റിനും സൂക്ഷ്‌മതയും പ്ലാനിംഗും വേണം. അത്‌ മോഷണത്തിനായാല്‍പോലും. പ്ലാനിംഗ്‌ എന്ന സിനിമയില്‍ രണ്ടു മോഷ്‌ടാക്കളുടെ കഥയാണ്‌ പറയുന്നത്‌. രണ്ടുപേരും ഒരു മുറിയില്‍ അകപ്പെടുന്നു. ചിലപ്പോള്‍ എത്ര ശ്രദ്ധിച്ചാലും അപ്രതീക്ഷിതമായി ചിലത്‌ സംഭവിക്കും. അതാണ്‌ ഈ സിനിമയിലെ രണ്ടുപേരും അനുഭവിക്കുന്നത്‌. സുദേവന്റെ പുതിയ ചിത്രമാണ്‌ രണ്ട്‌. പേരു സൂചിപ്പിക്കുന്നതുപോലെ രണ്ടു പേരെ കേന്ദ്രീകരിച്ചാണ്‌ ഈ സിനിമ മുന്നോട്ടുനീങ്ങുന്നത്‌. പോസ്റ്റുമാസ്റ്ററുടെ സ്ഥലത്ത്‌ കിണര്‍ കുഴിക്കുന്ന രണ്ടുപേര്‍. ഒരാള്‍ക്ക്‌ അമ്പതിനോടടുത്ത്‌ പ്രായം. മറ്റെയാള്‍ അല്‌പം ചെറുപ്പം. ഉച്ചമയക്കത്തില്‍ ചെറുപ്പക്കാരന്‍ കാണുന്ന സ്വപ്‌നമാണ്‌ ഈ സിനിമയിലെ മനുഷ്യരുടെ ഉള്ള്‌ ഉലയ്‌ക്കുന്നത്‌. പണത്തിനുവേണ്ടി കൊതിപൂണ്ട ചെറുപ്പക്കാരന്റെ സ്വപ്‌നത്തില്‍ നിറയെ പൊണ്‍പണം. അത്‌ സ്വന്തമാക്കാന്‍ അപരനെ അയാള്‍ കൊല്ലുന്നു. സ്വപ്‌്‌നം കൂടൊഴിഞ്ഞപ്പോള്‍ ചെറുപ്പക്കാരന്‌ ബോധോദയം. അയാള്‍ എരിപൊരി കൊള്ളുന്നു. കുറ്റബോധത്തിന്റെ ചൂട്‌ അയാളുടെ മനസ്സിലാണ്‌. ഉള്ളുരുകി വിയര്‍പ്പുതുള്ളികളായി മാറുന്ന ഒരു മനുഷ്യന്‍. പണം ആളെക്കൊല്ലും എന്ന ആപ്‌തവാക്യം മനോഹരമായി സുദേവന്‍ ഈ സിനിമയില്‍ അവതരിപ്പിക്കുന്നു. ലിറ്റില്‍ സിനിമയുടെ സൗന്ദര്യവും ഇടപെടലും ഭംഗിയായി സുദേവന്റെ ചിത്രലോകത്ത്‌ നിറഞ്ഞുനില്‍പ്പുണ്ട്‌. അര്‍പ്പണത്തിന്റെയും ഭാവനയുടെയും വിജയമാണ്‌ സുദേവന്റെ ചലച്ചിത്രകല. സുദേവന്‍ അടയാളപ്പെടുത്തുന്നതും മറ്റൊന്നല്ല. സ്വരലയ, അല തുടങ്ങിയ ചലച്ചിത്രമേളകളില്‍ സുദേവന്റെ ചിത്രങ്ങള്‍ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്‌. വരും കാലം സുദേവന്‍ വരച്ചുചേര്‍ക്കുന്ന ദൃശ്യപഥത്തിലൂടെ മാറുന്ന കാഴ്‌ചകള്‍ മലയാളത്തിലും പിറക്കാതിരിക്കില്ല.

തെയ്യവും കലാസംവിധാനവും
മുഖത്തെഴുത്തിന്റെ കലാചരിത്രമാണ്‌ സുധീര്‍ എടച്ചേരിയുടേത്‌. നിറങ്ങളുടെ കൂട്ടൊരുക്കില്‍ തെളിയുന്ന തെയ്യക്കോലങ്ങളില്‍ ഈ കലാകാരന്‍ വിസ്‌മയക്കാഴ്‌ചകളായി നിറന്നു നില്‍ക്കുന്നു. കലയോടുള്ള സുധീറിന്റെ അഭിനിവേശം തെയ്യത്തില്‍ മാത്രം തീരുന്നില്ല. അരങ്ങും അണിയറയും സര്‍ഗ്ഗാത്മകതയുടെ ദീപ്‌തി കൊണ്ട്‌ സുധീര്‍ ചൈതന്യമാക്കുന്നു. സിനിമ, നാടകം, റിയാലിറ്റി ഷോ, അഭിനയം, മിമിക്രി എന്നിങ്ങനെ സുധീറിന്‌ വഴങ്ങാത്ത കലയില്ല.നന്മ, സമുദ്രം, ചിത്രശലഭങ്ങളുടെ വീട്‌, വിലാപങ്ങള്‍ക്കപ്പുറം, മേഘതീര്‍ത്ഥം, നിറനിലാവ്‌, ജീവനം തുടങ്ങിയ സിനിമകളുടെയും വളകിലുക്കം, അറ എന്നീ ടെലിഫിലിമുകളുടെയും കലാസംവിധാനത്തില്‍ അസിസ്റ്റന്റ്‌ ഡയരക്‌ടര്‍. എം. ടി.വിയുടെ റിയാലിറ്റിഷോയുടെ കലാസംവിധാനം. നന്മ, സമുദ്രം, വിപാലപങ്ങള്‍ക്കപ്പുറം, മലബാറില്‍ നിന്നൊരു മണിമാരന്‍, ജീവനം, മേഘതീര്‍ത്ഥം, തമിഴ്‌ ചിത്രങ്ങളായ ഇരുവര്‍, മക്കളാഴ്‌ചി, മധുമഴ (ആല്‍ബം), ഏക വിദ്യാലയം (ടെലിസിനിമ) എന്നിവയില്‍ അഭിനയിച്ചു. ഓണക്കാഴ്‌ച എന്ന ആല്‍ബം സംവിധാനം ചെയ്‌തു.

സുധീറിന്റെ പ്രതിഭയുടെ വഴിയടയാളങ്ങളിലൂടെ നാം ഇടപഴകുന്നത്‌ കാലത്തിന്റെ നിഷേധാത്മകതയോട്‌ മാത്രമല്ല, അഭിരുചികളുടെ നേര്‍ക്ക്‌ കണ്ണുംകാതും കൂര്‍പ്പിച്ചിരിക്കുന്ന ഒരു കലാകാരന്റെ നിതാന്ത ജാഗ്രതയോടുമാണ്‌.

കവിതയുടെ പുതിയമുഖം
മലയാള കവിതയുടെ പുതിയ ഭാവുകത്വം അനുഭവിപ്പിക്കുന്ന എഴുത്തുകാരനാണ്‌ അസ്‌മോ പുത്തന്‍ചിറ. വാക്കുകളുടെ ഇഴയടുപ്പത്തിലും ചികഞ്ഞെടുപ്പിലും ഈ എഴുത്തുകാരന്‍ പുലര്‍ത്തുന്ന സൂക്ഷ്‌മത ശ്രദ്ധേയമാണ്‌. ജീവിതത്തിന്റെ മറുവായനയിലാണ്‌ അസ്‌മോ ഇറങ്ങിനില്‍ക്കുന്നത്‌. അസ്‌മോ പുത്തന്‍ചിറയുടെ സഹന എന്ന കവിതയില്‍ നിന്നും:നന്മ നിറഞ്ഞവള്‍ പീഡിതവെളുത്ത താമരപൂവ്‌പ്രണയിച്ച സൂര്യന്‍നിത്യം സത്യമാര്‍ഗമായ്‌ഞങ്ങള്‍ക്കു വെളിച്ചമാകുന്നു...........പ്രാര്‍ത്ഥനകളിലിറക്കിവെക്കുംതിക്തഭാരങ്ങളുരുകിയൊഴുകിസര്‍വ്വം ത്യജിക്കും യാത്രക്ക്‌ തുണയായ്‌എന്നും വസിക്കുന്ന തോല്‍വിയില്ലാത്തഅത്ഭുത തീരത്തണയുന്നു.-(ദേശാഭിമാനി വാരിക). സഹനത്തിന്റെയും സ്‌നേഹത്തിന്റെയും ജീവിതമുഖമാണ്‌ സ്‌ത്രീജീവിതത്തില്‍ നിന്നും കവി കണ്ടെടുക്കുന്നത്‌. മനോഹരമായ വാങ്‌മയചിത്രം.-നിബ്ബ്‌ ചന്ദ്രിക, 10-01-2010