Saturday, January 23, 2010

ജന്മാന്തരങ്ങള്‍ക്ക്‌ വാഗ്‌ദാനം

സംഗീതം സ്‌നേഹമാണ്‌. സ്‌നേഹം പോലെ ജന്മസുകൃതമാണ്‌. ജാതിയുടെയും മതത്തിന്റെയുമൊക്കെ അതിരുകള്‍ കടന്ന്‌ അതു പ്രവഹിക്കുന്നു. അനാദിയായ കാലംപോലെ, ജന്മങ്ങളില്‍ നിന്നും ജന്മങ്ങളിലേക്ക്‌. യേശുദാസിനെക്കുറിച്ച്‌ പറയുമ്പോള്‍ ആദ്യം ഓര്‍മ്മവരുന്നത്‌, ദാസിനെ നേരില്‍ കണ്ട സന്ദര്‍ഭമാണ്‌.

നാല്‌പത്തിയഞ്ച്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പാണത്‌. ഞാന്‍ സിനിമയില്‍ അഭിനയിച്ചു തുടങ്ങുന്നതിന്‌ മുമ്പ്‌ നാടകത്തില്‍ അഭിനയിച്ചിരുന്നു. അത്‌ യാദൃശ്ചികമാണ്‌. മൂലധനം എന്ന നാടകത്തിനു വേണ്ടി പാട്ടുപാടാനായിരുന്നു എന്നോട്‌ പറഞ്ഞത്‌. പിന്നീട്‌ ആ നാടകത്തില്‍ അഭിനയിക്കേണ്ടിയും വന്നു. ഒരു നാടകഗാനം റെക്കോര്‍ഡ്‌ ചെയ്യാന്‍ ഞാന്‍ മദ്രാസിലെ സ്റ്റുഡിയോവില്‍ പോയിരുന്നു. പാട്ടിന്റെ റെക്കോര്‍ഡിംങ്ങ്‌ കഴിഞ്ഞ്‌ പുറത്തിറങ്ങി വരുമ്പോള്‍ തിയേറ്ററിനു പുറത്ത്‌ വൈറ്റും വൈറ്റും ധരിച്ച മെല്ലിച്ച ചെറുപ്പക്കാരന്‍ ഇരിക്കുന്നത്‌ കണ്ടു. ആരെയും ശ്രദ്ധിക്കാതെ പേപ്പര്‍ വായിച്ചിരിക്കുകയായിരുന്നു. യേശുദാസിനെപ്പറ്റി ഞാന്‍ നേരത്തെ കേട്ടിട്ടുണ്ടായിരുന്നു. സംഗീതപ്രിയരുടെ മനസ്സില്‍ പതിഞ്ഞ ശബ്‌ദം. അഗസ്റ്റിന്‍ ജോസഫിന്റെ മകന്‍ എന്ന നിലയിലും അറിയാമായിരുന്നു. എങ്കിലും നേരിട്ട്‌ കാണാന്‍ സാധിച്ചിട്ടില്ലായിരുന്നു. അങ്ങനെയൊക്കെയുള്ള ആളെയാണ്‌ നേരില്‍ കാണുന്നത്‌. ആ ഓര്‍മ്മ ഇപ്പോഴും മായാതെ മനസ്സില്‍ തങ്ങിനില്‍ക്കുന്നു.

സിനിമയില്‍ അഭിനയിച്ചു തുടങ്ങിയ കാലം മുതല്‍ ദാസിന്റെ പാട്ടുകളുടെ ആരാധികയാണ്‌ ഞാന്‍. ആദ്യകാലത്ത്‌ നായികയായി അഭിനയിച്ചപ്പോഴും ദാസ്‌ പാടിയ യുഗ്മഗാനരംഗങ്ങള്‍ക്കായി ആഗ്രഹിച്ചിരുന്നു. യേശുദാസിന്റെ ശബ്‌ദ മഹത്തവും ഈശ്വരാനുഗ്രഹം തന്നെ. ദാസിന്റെ പാട്ടുകള്‍ അന്നുമിന്നും ശ്രദ്ധിക്കാറുണ്ട്‌. പാട്ടുകളോടുള്ള ആത്മബന്ധം കുട്ടിക്കാലത്തു തന്നെയുള്ളതിനാല്‍ യേശുദാസിന്റെ ഗാനങ്ങള്‍ എന്നെ അത്ഭുതപ്പെടുത്തിയിരുന്നു.

അടുത്തകാലത്ത്‌ ആറാം തമ്പുരാനിലെ ഹരിമുരളീരവം പോലുള്ള പാട്ടുകള്‍ എത്ര കേട്ടാലും മതിവരില്ല. അതുപോലെ നന്ദനത്തിലെ ഗാനങ്ങളും. അദ്ദേഹത്തിന്റെ നാടകഗാനങ്ങളും എനിക്ക്‌ പ്രിയപ്പെട്ടതാണ്‌. ചിത്രമേള എന്ന സിനിമയിലെ ആകാശദീപമേ എന്ന ഗാനം ഒരുപാടു കാലം മനസ്സില്‍ തങ്ങിനിന്നിരുന്നു.സംഗീതത്തിലൂടെ മനുഷ്യനെ ഒന്നായി കാണാനും സ്‌നേഹിക്കാനും ഓര്‍മ്മപ്പെടുത്തുന്ന യേശുദാസിന്‌ മുന്നില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ വാതില്‍ അടഞ്ഞുകിടക്കുകയാണ്‌. കൃഷ്‌ണഗീതികള്‍ ഇത്രയും ആര്‍ദ്രമായി പാടിയ ഗായകന്‌ ദര്‍ശനാനുവാദം നല്‍കണമെന്നത്‌ സംഗീതത്തോട്‌ നാം കാണിക്കുന്ന ആദരവ്‌ കൂടിയാകും.

അക്കാര്യത്തില്‍ മറ്റു പ്രശ്‌നങ്ങള്‍ തടസ്സമാകരുത്‌. കൃഷ്‌ണഭക്തിയുടെ ചൈതന്യം തുളുമ്പുന്ന പാട്ടുകള്‍ യേശുദാസ്‌ നിരവധി പാടിയിട്ടുണ്ട്‌. അവ കേള്‍ക്കുമ്പോള്‍ ഭഗവാന്‍ മനസ്സില്‍ തിളങ്ങിനില്‍ക്കുന്ന അനുഭവമാണ്‌. സംഗീതത്തെ മാത്രം ഉപാസിക്കുന്ന യേശുദാസിന്റെ മതവും സംഗീതമാണ്‌. അത്‌ തിരിച്ചറിയാന്‍ നമുക്ക്‌ സാധിക്കണം. ആ ഗാനധാരകള്‍ തന്നെ അതിന്റെ തെളിവാണ്‌.യേശുദാസ്‌ പാടിയ ഗാനങ്ങള്‍ എത്ര കേട്ടാലും ഇപ്പോഴും മതിവരാറില്ല.

കര്‍ണ്ണാടക സംഗീതത്തിലും അദ്ദേഹത്തിന്റെ മികവ്‌ എടുത്ത പറയേണ്ടതാണ്‌. ചെമ്പൈ സ്വാമിയുടെ ശിഷ്യനായ ദാസിലൂടെ ശാസ്‌ത്രീയ സംഗീതം സാധാരണക്കാരായ മലയാളിക്കും ഭംഗിയായി ആസ്വദിക്കാന്‍ കഴിയുന്നു. സംഗീതം ഒരു സാന്ത്വനമാണ്‌. യേശുദാസിനെ പോലുള്ള ഒരാളുടെ ശബ്‌ദത്തിലൂടെ സംഗീതം അനുഭവിക്കാന്‍ സാധിക്കുന്നത്‌ മഹാഭാഗ്യമാണ്‌. വല്ലാത്തൊരു നിര്‍വൃതി തന്നെ. സംഗീതം സാധനയായി കരുതുന്ന ഏതൊരാള്‍ക്കും ദാസിന്റെ പാട്ടുകള്‍ മറക്കാന്‍ കഴിയില്ല. പ്രത്യേകിച്ച്‌ മലയാളിക്ക്‌.

സംഗീതത്തിന്റെ ഭാവഗോപുരങ്ങള്‍ ആര്‍ദ്രതയാലും വികാരനിര്‍ഭരതയാലും യേശുദാസ്‌ ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു. അതൊക്കെയാവാം മലയാളിയുടെ മനസ്സില്‍ കാലത്തിന്‌ മായ്‌ക്കാന്‍ കഴിയാത്തവിധം പ്രിയപ്പെട്ട ഗായകനായി യേശുദാസ്‌ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്നത്‌.- കവിയൂര്‍ പൊന്നമ്മ
(കുഞ്ഞിക്കണ്ണന്‍ വാണിമേലിന്റെ യേശുദാസ്‌: സംഗീതമേ ജീവിതം എന്ന പുസ്‌തകം).

No comments: