Wednesday, January 06, 2010

സുദേവനും സക്കറിയയും പിന്നെ സുധീറിന്റെ തെയ്യവും

ഇങ്ങനെയൊരു വിചിത്രമായ തലക്കെട്ടിനെക്കുറിച്ച്‌ ചിലരെങ്കിലും സംശയിക്കും. അത്‌ സ്വാഭാവികം. മലയാളത്തിലിറങ്ങുന്ന ഏതെങ്കിലും നോവലിന്റെയോ, കഥയുടെയോ, കവിതയുടെയോ പേരാണെന്ന്‌ കരുതി ആശ്വസിക്കുകയുമാവും. എന്തെങ്കിലും വ്യത്യസ്‌തത വരുമ്പോഴാണെല്ലോ ശ്രദ്ധപിടിക്കാന്‍ സാധിക്കൂ. ഇവിടെ പരാമര്‍ശിക്കുന്നത്‌ ഈ ആഴ്‌ചത്തെ രണ്ട്‌ ആനുകാലികങ്ങളും രണ്ട്‌ വ്യക്തിചിത്രങ്ങളുമാണ്‌. അക്‌ബര്‍ കക്കട്ടിലിന്റെ സര്‍വ്വീസ്‌ സ്റ്റോറി- ബ്ലാക്ക്‌ ബോര്‍ഡ്‌ (മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌), സക്കറിയയുടെ ലേഖനം -മലയാളി സമൂഹം (കലാകൗമുദി), ഹ്രസ്വചിത്രങ്ങളുടെ സംവിധായകന്‍ സുദേവന്‍, കലാസംവിധായകനും തെയ്യം കലാകാരനുമായ സുധീര്‍ എടച്ചേരി എന്നിവരിലേക്ക്‌ ഒരു ദൂരക്കാഴ്‌ച.

സക്കറിയയുടെ ഇടപെടല്
‍സാംസ്‌കാരിക രംഗം ചടുലമാകുന്നു. പുതിയ കാലത്തിന്റെ തീക്ഷ്‌ണതയും എതിരെഴുത്തും കൊണ്ട്‌ സമ്പന്നമാണ്‌ മാധ്യമങ്ങള്‍. ഇടപെടലിന്റെ മൂന്നാം കണ്ണിലൂടെ വര്‍ത്തമാനകാല സംഭവങ്ങളെ വിലയിരുത്തുന്നതില്‍ സക്കറിയ കാണിക്കുന്ന ജാഗരൂകത ശ്രദ്ധേയമാണ്‌. കേരളത്തിലെ ചില സാമൂഹിക- രാഷ്‌ട്രീയ സംഭവങ്ങളില്‍ സക്കറിയയുടെ അക്ഷരവെളിച്ചം പതിയുമ്പോള്‍ വേറിട്ടൊരു വായനാനുഭവമാണ്‌ നമുക്ക്‌ ലഭിക്കുന്നത്‌. മലയാളിയുടെ ജീവിതത്തില്‍ വന്നുനിറഞ്ഞ കാപട്യവും തിരിച്ചറിവില്ലായ്‌മയും ശക്തമായി വിശകലനം ചെയ്യുകയാണ്‌ കലാകൗമുദി(1792)യിലെ ലേഖനത്തില്‍ (....മലയാള സമൂഹം). ഇരുളടഞ്ഞതും അത്യാപല്‍ക്കരവുമായ ഒരു പ്രാകൃത കാലഘട്ടത്തിലേക്കാണ്‌ മലയാളികളുടെ സംസ്‌കാരം വന്നെത്തി നില്‍ക്കുന്നത്‌ എന്നതില്‍ സംശയമില്ല.
.......
നാട്ടുകാരെ പ്രീണിപ്പിക്കാനായി നിരപരാധികളായ രണ്ട്‌ പൗരന്മാരെ അന്യായമായി അറസ്റ്റ്‌ ചെയ്യുകയും കസ്റ്റഡിയിലാക്കുകയും അവര്‍ക്ക്‌ മാനഭംഗം ഉണ്ടാക്കുകയും ചെയ്‌ത പോലീസുകാരുടെ ക്രിമിനല്‍ കുറ്റത്തെ ഏതു കോടതിയിലാണ്‌ ചോദ്യം ചെയ്യുക.- സക്കറിയയുടെ ഈ ചോദ്യം സമകാലിക സാമൂഹികാവസ്ഥയില്‍ പ്രസക്തമാണ്‌. പല സംഭവങ്ങളിലും വൈകാരിമായ സമീപനം അവസാനിക്കുമ്പോഴാണ്‌ യാഥാര്‍ത്ഥ്യം തെളിഞ്ഞു വരിക. ജനാധിപത്യ സംവിധാനത്തെക്കുറിച്ചും പൗരന്മാരുടെ അ വകാശത്തെ സംബന്ധിച്ചും കൃത്യമായി നമ്മുടെ ഭരണഘടന വിശദീകരിക്കുന്നുണ്ട്‌. ഇതേപ്പറ്റിയുള്ള തിരിച്ചറിവ്‌ പലപ്പോഴും നാം വിസ്‌മരിക്കും. ഈ മറവിയിലാണ്‌ സക്കറിയ ഇടപെടുന്നത്‌. അതാകട്ടെ സര്‍ഗ്ഗാത്മകമായൊരു ശൈലിയിലും.

ഗുളികകഴിക്കുന്ന പെണ്‍കുട്ടി
അക്‌ബര്‍ കക്കട്ടിലിന്റെ സര്‍വ്വീസ്‌ സ്റ്റോറിയിലൊരേട്‌- ബ്ലാക്ക്‌ ബോര്‍ഡ്‌ (മാതൃഭൂമി). നാട്ടുവഴിയിലേക്കും സ്‌കൂള്‍ മുറ്റത്തേക്കും ക്ലാസ്‌റൂമിലേക്കുമുള്ള വ്യത്യസ്‌തമായ ഇടനാഴിയാണ്‌ അക്‌ബറിന്റെ സര്‍വ്വീസ്‌ സ്റ്റോറി. തണല്‍മരങ്ങളും നെല്‍വയലുകളും മാത്രമല്ല, ഗ്രാമത്തിന്റെ അകത്തളം. സ്‌കൂളും സ്‌കൂള്‍ മുറ്റങ്ങളും ക്ലാസ്‌മുറികളും അദ്ധ്യാപഹന്മാരും .......പഹികളും (അക്‌ബര്‍ കക്കട്ടിലിനോട്‌ കടപ്പാട്‌) കുട്ടികളും നിറഞ്ഞലോകമാണത്‌. ജീവിതത്തിന്റെ ഒപ്പുകടലാസുകള്‍തന്നെ. അവിടെയാണ്‌ അക്‌ബര്‍ കക്കട്ടിലിന്റെ എഴുത്ത്‌ പുഷ്‌പിക്കുന്നത്‌. നിറമുറ്റ കുറെ ജീവിതങ്ങള്‍. വിചിത്ര സ്വഭാവങ്ങള്‍. അനന്തമജ്ഞാതമായ കുറെ മുഖങ്ങള്‍; ശരീരങ്ങള്‍. ഇതെല്ലാം എഴുത്തിന്റെ കാന്തികശക്തിയിലൂടെ നമ്മെ വിസ്‌മയിപ്പിച്ച്‌ അക്‌ബര്‍ അടയാളപ്പെടുത്തുന്നു. അക്‌ബര്‍ കക്കട്ടിലിന്റെ ലേഖനത്തില്‍ നിന്നും: സുഹൃത്ത്‌ എന്നോട്‌ തുടര്‍ന്ന്‌: സംഗതികള്‍ വിശദീകരിച്ച ശേഷം മൈമൂന പറഞ്ഞത്രെ: ഞാന്‍ മാത്രമല്ല, വേറെയും കുട്ടികള്‍ ഇങ്ങനെ പോകാറുണ്ട്‌. എന്റെ സുഹൃത്ത്‌ ചോദിച്ചു: അല്ല മോളേ നമ്മള്‍ പെണ്ണുങ്ങളല്ലേ.. എന്തെങ്കിലും സംഭവിച്ചാല്‍? മൈമൂന പറഞ്ഞു: ഒന്നും സംഭവിക്കില്ല. അവരെല്ലാം ഗുളിക കഴിക്കുന്നുണ്ട്‌.- മനസ്സിന്റെ അകത്തളങ്ങളെ ആകെയുലച്ച ഒരിടിവെട്ടായി സുഹൃത്തിന്റെ വാക്കുകള്‍. മറുമൊഴിക്കായി വാക്കുകള്‍ വഴങ്ങിയില്ല. പിന്നീടൊന്നും ചോദിക്കാനും തോന്നിയില്ല. ഫോണ്‍ താഴെ വെച്ചു.

വിവരണത്തിന്‌ ശേഷം അക്‌ബര്‍ വായനക്കാരെ ജീവിതത്തിന്റെ പരുത്തപ്രതലത്തിലേക്ക്‌ കൂട്ടിക്കൊണ്ടുപോകുന്നു.- കാലമൊരുക്കുന്ന നിറക്കൂട്ടുകളില്‍ കൂടുതല്‍ കൂടുതല്‍ കറുപ്പ്‌ കലരുകയാണോ? എനിക്കൊന്നും മനസ്സിലാകുന്നില്ല. സുഹൃത്തേ, നാം എങ്ങോട്ടേക്കാണ്‌ പോകുന്നത്‌?.- വര്‍ത്തമാനകാലത്തിനുനേരെയുള്ള എഴുത്തുകാരന്റെ ഉത്‌ക്കണ്‌ഠ. മനസ്സിലെവിടെയോ കണ്ണീരുപൊടിയുന്ന രംഗം.

പണം ആളെക്കൊല്ലും
പാലക്കാട്‌ ജില്ലയില്‍ പെരിങ്ങോടുള്ള സുദേവനും കൂട്ടുകാരും പൂന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട്‌, സ്‌കൂള്‍ ഓഫ്‌ ഡ്രാമ എന്നിവിടങ്ങളില്‍ നിന്നും പഠിച്ചിറങ്ങിയവരല്ല. എങ്കിലും അവര്‍ക്ക്‌ സിനിമ അറിയാമായിരുന്നു. സഹായിക്കാന്‍ റിയലന്‍സ്‌ ഉണ്ടായിരുന്നില്ല. എന്നാലും സിനിമ നിര്‍മ്മിച്ചു. അവര്‍ക്ക്‌ വേണ്ടി അക്കാദമികളോ, അവാര്‍ഡ്‌ ജൂറിമാരോ മുന്‍കൂട്ടി തയ്യാറെടുത്തിരുന്നില്ല. അവര്‍ പുരസ്‌കാരങ്ങള്‍ നിരവധി നേടി. ഇതെല്ലാം എന്തുകൊണ്ടെന്നല്ലേ? സുദേവനും കൂട്ടുകാരും സാധാരണ ജീവിതം അറിയുന്നവരായിരുന്നു. അവരുടെ മനസ്സില്‍ സിനിമ പതിഞ്ഞിരുന്നു. പ്രതിഭയും. തനി നാട്ടിന്‍പുറത്തുകാരായ കുറെ ചെറുപ്പക്കാര്‍. അവരുടെ ഇടയില്‍ കഥാകൃത്തും തിരക്കഥാകൃത്തും സംവിധായകനും- സുദേവന്‍. പക്ഷേ, മനസ്സിലുള്ളത്‌ പകര്‍ത്താന്‍ ക്യാമറയില്ല. പണമില്ല. ഉണ്ടായിരുന്നത്‌ ആത്മവിശ്വാസവും കൂട്ടായ്‌മയും. അതിന്റെ ബലത്തില്‍ സുദേവന്‍ തയ്യാറെടുത്തു.

സുദേവനില്‍ നിന്നും ലിറ്റില്‍ സിനിമകള്‍ രൂപപ്പെട്ടു. വരൂ, പ്ലാനിംഗ്‌, രണ്ട്‌ എന്നിങ്ങനെ. അവയത്രയും പ്രേക്ഷകര്‍ നെഞ്ചേറ്റി. ഒരാളെ അന്വേഷിച്ച്‌ വരുന്ന ചെറുപ്പക്കാരിലൂടെയാണ്‌ വരൂ എന്ന ചിത്രം തുടങ്ങുന്നത്‌. അയാള്‍ കാട്ടില്‍ ഒരാളെ കണ്ടെത്തുന്നു. ചെറുപ്പക്കാരനും അയാളും കാട്ടിലൂടെ ഒത്തിരി ദൂരം നടക്കുന്നു. ചെറുപ്പക്കാരന്‍ അന്വേഷിച്ച ആളെ കാണുന്നില്ല. സഹായി പല വഴി നിര്‍ദേശിക്കുന്നു. പല വഴി നടക്കുന്നു. ഒന്നിനും ഒരു ഉത്തരമില്ലാതെ. സ്വത്വപ്രതിസന്ധി അനുഭവിക്കുന്നവരുടെ പ്രതിനിധിയായി ചെറുപ്പക്കാരനും മാറുന്നു. യുവത്വത്തിന്റെ ഭാഗധേയമാണ്‌ വരൂ എന്ന ഹ്രസ്വചിത്രത്തിലെ ചെറുപ്പക്കാരന്‍ പങ്കുപറ്റുന്നത്‌.എല്ലാറ്റിനും സൂക്ഷ്‌മതയും പ്ലാനിംഗും വേണം. അത്‌ മോഷണത്തിനായാല്‍പോലും. പ്ലാനിംഗ്‌ എന്ന സിനിമയില്‍ രണ്ടു മോഷ്‌ടാക്കളുടെ കഥയാണ്‌ പറയുന്നത്‌. രണ്ടുപേരും ഒരു മുറിയില്‍ അകപ്പെടുന്നു. ചിലപ്പോള്‍ എത്ര ശ്രദ്ധിച്ചാലും അപ്രതീക്ഷിതമായി ചിലത്‌ സംഭവിക്കും. അതാണ്‌ ഈ സിനിമയിലെ രണ്ടുപേരും അനുഭവിക്കുന്നത്‌. സുദേവന്റെ പുതിയ ചിത്രമാണ്‌ രണ്ട്‌. പേരു സൂചിപ്പിക്കുന്നതുപോലെ രണ്ടു പേരെ കേന്ദ്രീകരിച്ചാണ്‌ ഈ സിനിമ മുന്നോട്ടുനീങ്ങുന്നത്‌. പോസ്റ്റുമാസ്റ്ററുടെ സ്ഥലത്ത്‌ കിണര്‍ കുഴിക്കുന്ന രണ്ടുപേര്‍. ഒരാള്‍ക്ക്‌ അമ്പതിനോടടുത്ത്‌ പ്രായം. മറ്റെയാള്‍ അല്‌പം ചെറുപ്പം. ഉച്ചമയക്കത്തില്‍ ചെറുപ്പക്കാരന്‍ കാണുന്ന സ്വപ്‌നമാണ്‌ ഈ സിനിമയിലെ മനുഷ്യരുടെ ഉള്ള്‌ ഉലയ്‌ക്കുന്നത്‌. പണത്തിനുവേണ്ടി കൊതിപൂണ്ട ചെറുപ്പക്കാരന്റെ സ്വപ്‌നത്തില്‍ നിറയെ പൊണ്‍പണം. അത്‌ സ്വന്തമാക്കാന്‍ അപരനെ അയാള്‍ കൊല്ലുന്നു. സ്വപ്‌്‌നം കൂടൊഴിഞ്ഞപ്പോള്‍ ചെറുപ്പക്കാരന്‌ ബോധോദയം. അയാള്‍ എരിപൊരി കൊള്ളുന്നു. കുറ്റബോധത്തിന്റെ ചൂട്‌ അയാളുടെ മനസ്സിലാണ്‌. ഉള്ളുരുകി വിയര്‍പ്പുതുള്ളികളായി മാറുന്ന ഒരു മനുഷ്യന്‍. പണം ആളെക്കൊല്ലും എന്ന ആപ്‌തവാക്യം മനോഹരമായി സുദേവന്‍ ഈ സിനിമയില്‍ അവതരിപ്പിക്കുന്നു. ലിറ്റില്‍ സിനിമയുടെ സൗന്ദര്യവും ഇടപെടലും ഭംഗിയായി സുദേവന്റെ ചിത്രലോകത്ത്‌ നിറഞ്ഞുനില്‍പ്പുണ്ട്‌. അര്‍പ്പണത്തിന്റെയും ഭാവനയുടെയും വിജയമാണ്‌ സുദേവന്റെ ചലച്ചിത്രകല. സുദേവന്‍ അടയാളപ്പെടുത്തുന്നതും മറ്റൊന്നല്ല. സ്വരലയ, അല തുടങ്ങിയ ചലച്ചിത്രമേളകളില്‍ സുദേവന്റെ ചിത്രങ്ങള്‍ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്‌. വരും കാലം സുദേവന്‍ വരച്ചുചേര്‍ക്കുന്ന ദൃശ്യപഥത്തിലൂടെ മാറുന്ന കാഴ്‌ചകള്‍ മലയാളത്തിലും പിറക്കാതിരിക്കില്ല.

തെയ്യവും കലാസംവിധാനവും
മുഖത്തെഴുത്തിന്റെ കലാചരിത്രമാണ്‌ സുധീര്‍ എടച്ചേരിയുടേത്‌. നിറങ്ങളുടെ കൂട്ടൊരുക്കില്‍ തെളിയുന്ന തെയ്യക്കോലങ്ങളില്‍ ഈ കലാകാരന്‍ വിസ്‌മയക്കാഴ്‌ചകളായി നിറന്നു നില്‍ക്കുന്നു. കലയോടുള്ള സുധീറിന്റെ അഭിനിവേശം തെയ്യത്തില്‍ മാത്രം തീരുന്നില്ല. അരങ്ങും അണിയറയും സര്‍ഗ്ഗാത്മകതയുടെ ദീപ്‌തി കൊണ്ട്‌ സുധീര്‍ ചൈതന്യമാക്കുന്നു. സിനിമ, നാടകം, റിയാലിറ്റി ഷോ, അഭിനയം, മിമിക്രി എന്നിങ്ങനെ സുധീറിന്‌ വഴങ്ങാത്ത കലയില്ല.നന്മ, സമുദ്രം, ചിത്രശലഭങ്ങളുടെ വീട്‌, വിലാപങ്ങള്‍ക്കപ്പുറം, മേഘതീര്‍ത്ഥം, നിറനിലാവ്‌, ജീവനം തുടങ്ങിയ സിനിമകളുടെയും വളകിലുക്കം, അറ എന്നീ ടെലിഫിലിമുകളുടെയും കലാസംവിധാനത്തില്‍ അസിസ്റ്റന്റ്‌ ഡയരക്‌ടര്‍. എം. ടി.വിയുടെ റിയാലിറ്റിഷോയുടെ കലാസംവിധാനം. നന്മ, സമുദ്രം, വിപാലപങ്ങള്‍ക്കപ്പുറം, മലബാറില്‍ നിന്നൊരു മണിമാരന്‍, ജീവനം, മേഘതീര്‍ത്ഥം, തമിഴ്‌ ചിത്രങ്ങളായ ഇരുവര്‍, മക്കളാഴ്‌ചി, മധുമഴ (ആല്‍ബം), ഏക വിദ്യാലയം (ടെലിസിനിമ) എന്നിവയില്‍ അഭിനയിച്ചു. ഓണക്കാഴ്‌ച എന്ന ആല്‍ബം സംവിധാനം ചെയ്‌തു.

സുധീറിന്റെ പ്രതിഭയുടെ വഴിയടയാളങ്ങളിലൂടെ നാം ഇടപഴകുന്നത്‌ കാലത്തിന്റെ നിഷേധാത്മകതയോട്‌ മാത്രമല്ല, അഭിരുചികളുടെ നേര്‍ക്ക്‌ കണ്ണുംകാതും കൂര്‍പ്പിച്ചിരിക്കുന്ന ഒരു കലാകാരന്റെ നിതാന്ത ജാഗ്രതയോടുമാണ്‌.

കവിതയുടെ പുതിയമുഖം
മലയാള കവിതയുടെ പുതിയ ഭാവുകത്വം അനുഭവിപ്പിക്കുന്ന എഴുത്തുകാരനാണ്‌ അസ്‌മോ പുത്തന്‍ചിറ. വാക്കുകളുടെ ഇഴയടുപ്പത്തിലും ചികഞ്ഞെടുപ്പിലും ഈ എഴുത്തുകാരന്‍ പുലര്‍ത്തുന്ന സൂക്ഷ്‌മത ശ്രദ്ധേയമാണ്‌. ജീവിതത്തിന്റെ മറുവായനയിലാണ്‌ അസ്‌മോ ഇറങ്ങിനില്‍ക്കുന്നത്‌. അസ്‌മോ പുത്തന്‍ചിറയുടെ സഹന എന്ന കവിതയില്‍ നിന്നും:നന്മ നിറഞ്ഞവള്‍ പീഡിതവെളുത്ത താമരപൂവ്‌പ്രണയിച്ച സൂര്യന്‍നിത്യം സത്യമാര്‍ഗമായ്‌ഞങ്ങള്‍ക്കു വെളിച്ചമാകുന്നു...........പ്രാര്‍ത്ഥനകളിലിറക്കിവെക്കുംതിക്തഭാരങ്ങളുരുകിയൊഴുകിസര്‍വ്വം ത്യജിക്കും യാത്രക്ക്‌ തുണയായ്‌എന്നും വസിക്കുന്ന തോല്‍വിയില്ലാത്തഅത്ഭുത തീരത്തണയുന്നു.-(ദേശാഭിമാനി വാരിക). സഹനത്തിന്റെയും സ്‌നേഹത്തിന്റെയും ജീവിതമുഖമാണ്‌ സ്‌ത്രീജീവിതത്തില്‍ നിന്നും കവി കണ്ടെടുക്കുന്നത്‌. മനോഹരമായ വാങ്‌മയചിത്രം.-നിബ്ബ്‌ ചന്ദ്രിക, 10-01-2010

5 comments:

നന്ദന said...

കുഞിക്കണ്ണൻ സർ,
വിലയിരുത്തലുകൽ നന്നായിരിക്കുന്നു.
ഇതുപൊലെ ഇടയ്ക്ക് ബ്ലൊഗ് എഴുത്തുകളെ വിലയിരുത്തിയാൽ നന്നായിരുന്നു

കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ said...

അധികം വൈകാതെ ബ്ലോഗുകളും വരും. ബ്ലോഗുകളില്‍ പുതിയ പോസ്‌റ്റും വരട്ടെ. കുറെ ബ്ലോഗെഴുത്തുകാരെ പഠിച്ചു കൊണ്ടിരിക്കുന്നു. വായനയ്‌ക്ക്‌ നന്ദി.

തെക്കേടന്‍ / ഷിബു മാത്യു ഈശോ തെക്കേടത്ത് said...
This comment has been removed by the author.
തെക്കേടന്‍ / ഷിബു മാത്യു ഈശോ തെക്കേടത്ത് said...

:)

ലേബലിന്റെ കൂട്ടത്തിലുള്ള ‘നിബ്ബ്‌ ‘ എന്താണ് ?

കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ said...

ചന്ദ്രിക ദിനപത്രത്തില്‍ എന്റെ പ്രതിവാര പംക്തിയുടെ പേരാണ്‌ നിബ്ബ്‌. വാരാന്തപ്പതിപ്പിലാണ്‌ ഈ പംക്തി. കുപ്പായത്തില്‍ അത്‌ ഓരോ ആഴ്‌ചയും പ്രസിദ്ധപ്പെടുത്തുന്നു. താങ്കളുടെ ശ്രദ്ധയ്‌ക്ക്‌ നന്ദി.