Thursday, December 31, 2009

കവിത-2009. കവിത കൊണ്ട്‌ ജീവിതം തൊടുന്നവര്‍


നെറികെട്ട കാലത്തോടുള്ള ദാക്ഷിണ്യമില്ലാത്ത പോരാട്ടമാണ്‌ 2009-ലെ മലയാളം കവിതയുടെമുഖമെഴുത്ത്‌. ഭാഷണ പാരമ്പര്യവും എഴുത്ത്‌ പാരമ്പര്യവും ചോദ്യം ചെയ്യുന്ന രചനകളുടെ അടയാളപ്പെടാലായിരുന്നു പിന്നിട്ട വര്‍ഷത്തെ കവിതകളുടെ സവിശേഷതകളിലൊന്ന്‌. കവിത യുക്തികൊണ്ട്‌ കാലത്തെയും ജീവിതത്തെയും സംശയിച്ച നാളുകളിലൂടെയാണ്‌ മലയാളി കടന്നുപോയത്‌. ഉള്ളറിവുകൊണ്ട്‌ ഉച്ച-നീചത്വങ്ങളെ അട്ടിമറിച്ച കവിതകള്‍ വായനയില്‍ ഇടംനേടിയിട്ടുണ്ട്‌. ജീവിതത്തിന്റെ കറുപ്പും വെളുപ്പും വേര്‍തിരിച്ചെടുക്കുന്നതിലും വാക്കുകളില്‍ അടയാളപ്പെടുത്തുന്നതിലും കവികള്‍ ജാഗരൂകരായിരുന്നു. നോവല്‍, കഥ എന്നീ ഇതര സാഹിത്യരൂപങ്ങളെ എണ്ണംകൊണ്ട്‌ എളുപ്പത്തില്‍ പിന്നിലാക്കാന്‍ കവിത എക്കാലത്തും മുന്നിലാണ്‌. 2009-ലും ആ പതിവ്‌ തെറ്റിച്ചില്ല. എളുപ്പത്തില്‍ എഴുതിനിറയാന്‍ സാധിക്കുന്ന രൂപമാണ്‌ കവിതയുടേതെന്ന തെറ്റിദ്ധാരണയും കവികളുടെ എണ്ണത്തിലുള്ള വര്‍ദ്ധവിന്‌ ആക്കംകൂട്ടി. വ്യാജ കാവ്യരൂപങ്ങള്‍ മാറ്റിനിര്‍ത്തിയാലും സര്‍ഗ്ഗാത്മകതയുടെ രസതന്ത്രം പതിഞ്ഞുനില്‍ക്കുന്ന നിരവധി കവിതകള്‍ പോയവര്‍ഷവും മലയാളത്തിലുണ്ടായി. പരമ്പരാഗത നിരൂപണത്തെ ചൊടിപ്പിച്ചെങ്കിലും വായനയും എഴുത്തിന്റെ രാശിചക്രവും തിരുത്തിയത്‌ കവികളായിരുന്നു. (നോവലില്‍ അംബികാസുതന്‍ മാങ്ങാടിന്റെ എന്‍മകജെയും വി. അരവിന്ദാക്ഷന്റെ ഭോപ്പാലും വിസ്‌മരിക്കുന്നില്ല). 2009-ല്‍ കവിതയുടെ മുഖ്യധാരയില്‍ ഋതുഭേദത്തിന്‌ പ്രതലമൊരുക്കിയവരില്‍ നിന്നും ഓര്‍മ്മയില്‍ നിറയുന്ന ഏതാനും രചനകളാണ്‌ ഈ കുറിപ്പിന്‌ ആധാരമാക്കിയത്‌.
ജീവിതംപോലെ മികച്ച കവിതകളും എഴുത്തുകാരും ഓര്‍മ്മകള്‍പ്പുറത്തുണ്ട്‌. അനുഭവത്തിന്റെ അക്ഷരച്ചീളുകളിലൂടെ ജീവിതത്തിന്റെ പുതിയ വഴികള്‍ അപഗ്രഥിക്കുകയാണ്‌ കല്‍പ്പറ്റ നാരായണന്‍ ഛായാഗ്രഹിണി എന്ന കവിതയില്‍. കല്‍പ്പറ്റ കണ്ണാടി പിടിക്കുന്നത്‌ നോക്കുക:
നിഴല്‍പിടിച്ചു നിര്‍ത്തുന്ന
ഈ രാക്ഷസിയെവീട്ടുചുമരില്‍
തറച്ചതെന്തിന്‌ഇപ്പോഴെന്തിനും
ഏതിനുംഈ മൂധേവിയെ മുഖം കാട്ടണം.
പുറത്തിറങ്ങാനാദ്യംഇവളുടെ
ദേഹപരിശോധന കഴിയണം
...........
എത്ര വായിച്ചാലും തീരില്ല
എത്ര പഠിച്ചാലും പഠിയില്ല
എത്ര കണ്ടാലും
ഓര്‍മിക്കാനാവില്ല
വഴിയില്‍ കണ്ടാലറിയില്ല.- (മാതൃഭൂമി). -ഇങ്ങനെ മനുഷ്യന്‍ നേരിടുന്ന നിഴല്‍യുദ്ധത്തിന്റെ ഭീതി അവതരിപ്പിക്കുകയാണ്‌ ഈ കവിത.
രാഷ്‌ട്രീയ വായന കവിതയില്‍ എക്കാലത്തും സജീവമാണ്‌. നവീന കാലത്തിന്റെ രാഷ്‌ട്രീയ പുസ്‌തകത്തിലേക്കാണ്‌ എന്‍. പ്രഭാകരന്റെ ബാബേല്‍ വായനക്കാരെ നയിച്ചത്‌. പ്രഭാകരന്റെ കവിതയില്‍ നിന്നും:
ഇങ്ങേ പണിക്കാര്‍ മാര്‍ക്‌സ്‌ എന്നു പറയുമ്പോള്‍
അങ്ങേ പണിക്കാര്‍ ഹെഗല്‍ എന്നു കേള്‍ക്കുന്നു
......
എങ്കിലും, സ്വര്‍ഗ്ഗത്തേക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍ ഇപേക്ഷിക്കേണ്ടതില്ല
പണി പക്ഷേ, മേലിലെങ്കിലും കരാറുകാരെ ഏല്‌പിക്കരുത്‌
മേസ്‌തിരിമാര്‍ മീശ പിരിക്കുകയുമരുത്‌- (മാതൃഭൂമി). തലകീഴ്‌മറിയുന്ന പ്രത്യയശാസ്‌ത്രമാണ്‌ കവി വരച്ചുചേര്‍ത്തത്‌.
എല്ലാം കടലെടുത്തു പോകുന്ന ദശാസന്ധിയില്‍ സ്‌നേഹം കൊതിക്കുന്ന മനസ്സാണ്‌ പി. കെ. പാറക്കടവ്‌ നമ്മുടെ കണ്‍മുന്നില്‍ തൂക്കിനിര്‍ത്തുന്നത്‌. സ്‌നേഹം കായ്‌ക്കുന്ന മരം എന്ന കവിതയില്‍ സൂചിപ്പിക്കുന്നതുപോലെ:
ഏതോ സുകൃതികളുടെ പ്രതിഫലമായി
നീ തുറന്നുതന്ന സ്വര്‍ഗ്ഗത്തില്‍
നീ പറഞ്ഞതെല്ലാമുണ്ട്‌
.........
ദൈവമേ
എനിക്കൊന്നും വേണ്ട
നീയെനിക്കൊരു
നീര്‍മാതളംനട്ടുതരിക
നിറയെ സ്‌നേഹം കായ്‌ക്കുന്ന
നീര്‍മാതളം-(ഭാഷാപോഷിണി). സ്‌നേഹത്തിന്റെ നീര്‍മാതളം നട്ടുവളര്‍ത്താന്‍ കഴിഞ്ഞെങ്കിലെന്ന്‌ ആഗ്രഹിച്ചുപോകുന്ന കാലത്തിനുനേരെയുള്ള നോക്കിയിരിപ്പാണ്‌ എഴുത്തുകാരന്‍ കുറിക്കുന്നത്‌.
പുതിയ കവിയും കവിതയും സ്വയം പ്രകടിപ്പിക്കുന്ന തിരിച്ചറിവാണ്‌. കൊല്ലുന്നതിനു മുന്‍പെ എന്ന രചനയിലൂടെ സത്യചന്ദ്രന്‍ പൊയില്‍ക്കാവ്‌ എഴുതി:
കൊല്ലുന്നതിനു മുന്‍പെ
പൂവന്‍കോഴി പറഞ്ഞു
ഒരു മിനിറ്റേ ഞാനൊന്ന്‌
ഉദയാ സ്റ്റുഡിയോയുടെ
മുദ്രയാവട്ടെമൗനം സമ്മതമാക്കി
പൂവന്‍ കൂവിനിന്നും.
പ്രേനസീറും ജയനുംഗോവിന്ദന്‍കുട്ടിയും
എഴുപതുകളും ഓര്‍ത്ത്‌
വിരുന്നുകാരനെ മറന്നു ഞാന്‍-(മാതൃഭൂമി).സ്വപ്‌നങ്ങള്‍ക്കൊണ്ട്‌ യാഥാര്‍ത്ഥ്യങ്ങളെ എതിരേല്‍ക്കുന്ന ദുരിതത്തിന്റെ പച്ചിലയാണ്‌ സത്യചന്ദ്രന്റെ കവിത.
കേരളപ്പിറവിയില്‍ പി. പി. രാമചന്ദ്രന്‍:
എങ്ങനെ പുറത്തെടുക്കേണ്ടൂ
ഞാന്‍, ചങ്കിനുള്ളില്‍ത്തങ്ങുമീ ദുരന്തത്തെ
ദുര്‍ബലപദങ്ങളില്‍- (മാതൃഭൂമി). ചിതലരിക്കുന്ന ഓര്‍മ്മകള്‍ക്കും കായംകലക്കുന്ന കാഴ്‌ചകള്‍ക്കും ഇടയിലൂടെ സഞ്ചരിക്കാന്‍ വിധിക്കപ്പെട്ടവരുടെ വൃത്താന്തമാണ്‌ പി. പി. രാമചന്ദ്രന്‍ അനുഭവപ്പെടുത്തുന്നത്‌.
ഭാവനയില്‍ ഉടക്കിനില്‍ക്കുന്ന ഭൗതികപ്രതലത്തിലേക്കാണ്‌ പവിത്രന്‍ തീക്കുനി വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നത്‌. പുക്കളുടെ അച്ഛന്‍ എന്ന കവിതയില്‍ പവിത്രന്‍ തീക്കുനി:
ഓര്‍മ്മകളുടെഅങ്ങേ
അറ്റത്ത്‌ചരിഞ്ഞ്‌
കത്തുന്ന ഒരു നദിയുണ്ട്‌
അതിനു കുറുകെചുവന്ന കൈവരികളുള്ള
ഒരിടുങ്ങിയ സ്വപ്‌നമുണ്ട്‌
............
ഈ സ്വപ്‌നങ്ങളുടെയൊക്കെ
അച്ഛനാരാണ്‌-(പച്ചക്കുതിര മാസിക). അധികാരത്തിനും അണിയറനീക്കങ്ങള്‍ക്കും നേര്‍ക്കുള്ള എതിരെഴുത്താണ്‌ പവിത്രന്റെ ശബ്‌ദം.
എല്ലാം ഒടുങ്ങുമ്പോഴും നന്മയ്‌ക്കായി വിത്തൊരിത്തിരി കരുതി വയ്‌ക്കുന്നതില്‍ ജാഗ്രത പ്രകടിപ്പിക്കുന്ന കവിയാണ്‌ ആലംങ്കോട്‌ ലീലാകൃഷ്‌ണന്‍. സൊബര്‍യുഗത്തിലും വെള്ളിനിലാവും കിളിശബ്‌ദവും അരുവിയുടെ കിലുക്കവും ഈ കവി കരുതി വയ്‌ക്കുന്നു. നന്മകള്‍ക്കായി ഒരു പേജ്‌ മണല്‍പ്പരിപ്പിലും കണ്ടെടുക്കുന്നു. ആലംങ്കോടിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്‌ എന്ന കവിതയില്‍ നിന്നും:
ഒരിളം കുഞ്ഞിന്‍ ചിരിതെളിഞ്ഞു കാണുന്നുണ്ട്‌ഘോരാന്ധകാരങ്ങള്‍ക്കും
നോവിനുനങ്ങേക്കരെ
ഒരു കൈത്തിരിയാരോകത്തിച്ചു വച്ചിട്ടുണ്ട്‌
.............
ആകയാല്‍, മരിച്ച ഞാ-
നുയിര്‍ക്കാതിരിക്കില്ലപ്രാണനില്‍ തറച്ചതാം
യുഗവേദനയ്‌ക്കൊപ്പം- (ഗ്രന്ഥാലോകം).മലയാളകവിതയിലെ വിവരണാത്മകതയോട്‌ പോരടിക്കുന്ന എഴുത്തുകാരനാണ്‌ മണമ്പൂര്‍ രാജന്‍ബാബു. കവിതയുടെ സംക്ഷിപ്‌ത നിറഞ്ഞാടുന്ന കവിതാക്കാഴ്‌ചയുമാണത്‌.
മണമ്പൂരിന്റെ പ്രചോദനം എന്ന കവിതയില്‍ എഴുതി:
മൂകമുറങ്ങുംസാഗരമാണെ
ന്‍കീഴ്‌മേല്‍ മറിയുംമന,
മെന്നാല്‍നിന്‍ നിഴലിന്‍ ചെറുമിന്നായത്തില്‍തിരതല്ലുന്ന
പെരുമ്പറയാം
.........
ഏതു ശിലാഹൃദ-യത്തിനു
കഴിയുംകാതുകള്‍
പൂട്ടിയുറങ്ങീടാന്‍- (ഗ്രന്ഥാലോകം). മനമുരുക്കത്തിന്റെ തീക്ഷ്‌ണതയാണ്‌ ഈ കവിത നേദിക്കുന്നത്‌.കെ.ടി. സൂപ്പിയുടെ ഒഴിവ്‌ എന്ന കവിത (മലയാളം വാരിക) ഉറക്കത്തിന്റെ വിവിധമാനങ്ങളിലേക്കാണ്‌ വായനക്കാരെ നയിക്കുന്നത്‌.
കവിത വാക്കുകളുടെ ശില്‍പമാണ്‌. കെ. ടി. സൂപ്പിയുടെ കവിത പ്രതിഫലിപ്പിക്കുന്നതും വാങ്‌മയത്തിന്റെ മനോഹാരിതയും ആശയധാരയുമാണ്‌. കവി ഉറങ്ങാതിരിക്കുന്നു. പക്ഷേ, എഴുന്നേല്‍ക്കുന്നതില്‍ അസ്വാഭാവികതയൊന്നുമില്ല. പതിവുപോല ഉറക്കമുണരുന്നു. ഉറക്കത്തിന്റെയും ഉറക്കമില്ലായ്‌മയുടെയും ഇരുകാലങ്ങളാണ്‌ ഈ കവിത ചര്‍ച്ചചെയ്യുന്നത്‌. സ്വപ്‌നഭരിതമായ ഒരു രാവിന്റെ പകര്‍പ്പെഴുത്താണ്‌ ഒഴിവ്‌. ആരും ആരെയും ഭയപ്പെടാത്ത സ്വപ്‌നത്തിന്റെ തെരുവിലൂടെ നടക്കുമ്പോള്‍ വ്യക്തികള്‍ക്ക്‌ ഒരു നിറമാണെന്ന്‌ കവി തിരിച്ചറിയുന്നു. വരികള്‍ക്കിടയില്‍ വിരിയുന്ന പ്രകൃതിമുഖമാണ്‌ കെ. ടി. സൂപ്പിയുടെ ഒഴിവ്‌ എന്ന കവിതയും അനുഭവപ്പെടുത്തുന്നത്‌. കവിതയില്‍ നിന്നും:ഉറങ്ങാതെയാണ്‌നേരം വെളുത്തതെങ്കിലുംഉറക്കമുണര്‍ന്നപോലെ എണീറ്റിരുന്നു.-ചില നിമിഷത്തിന്റെ തോന്നലുകളാണ്‌ കവിത. ഇത്തരമൊരു ചിത്രത്തില്‍ നിന്നും ഈ എഴുത്തുകാരന്‍ തെന്നിമാറുന്നതിങ്ങനെ:ഉറങ്ങുമ്പോളെന്തായാലുംആരും ആരേയും ഭരിക്കുന്നില്ലസ്വപ്‌നത്തെരുവുകളില്‍മേഞ്ഞുനടക്കുമ്പോള്‌!എല്ലാവരുംരാജാക്കന്മാര്‍ തന്നെ.- കവിയുടെ ചോദ്യം മുനകൂര്‍ത്തു വരുന്നുണ്ട്‌. പകല്‍ ഓടിക്കൊണ്ടിരിക്കുന്നത്‌ രാത്രിയുടെ കയ്യൊപ്പ്‌ വാങ്ങാനോ? അടയാളപ്പെടലാണ്‌ ജീവിതത്തിന്റെ ലക്ഷ്യമെന്ന്‌ ധ്വനിപ്പിക്കാന്‍ ഒഴിവിന്‌ കഴിയുന്നു.
മലയാളകവിതയില്‍ നിവര്‍ന്നെഴുത്തിന്‌ ഉദാഹരണമാണ്‌ റോഷ്‌നി സ്വപ്‌നയും മുഞ്ഞിനാട്‌ പത്മകുമാറും. പക്ഷംചായുന്നതിലല്ല, പറയേണ്ടത്‌ പറയുന്നതിലാണ്‌ ഈ കവികള്‍ക്ക്‌ താല്‍പര്യം. റോഷ്‌നി സ്വപ്‌നയുടെ കവിതയില്‍ പറയുന്നു:പഴകിയഒരു ഇരുമ്പ്‌ താക്കോലുണ്ട്‌എന്നിലേക്ക്‌എത്ര ഉരുകിയിറങ്ങിയാലുംഎന്നെ തുറക്കാന്‍ കഴിയാത്തത്‌...........എന്റെ ഓര്‍മ്മഉരച്ചുരച്ച്‌ആ തുരുമ്പു കളയാമോആ ഓര്‍മ്മയാല്‍ത്തന്നെമറവിയുടെയൊരിമ്പു ദണ്‌ഡ്‌ഉണ്ടാക്കാമോ.- (തുരുമ്പ്‌- മാധ്യമം വാര്‍ഷികപ്പതിപ്പ്‌). അനിശ്ചിതത്വത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പാണ്‌ തുരുമ്പിലൂടെ റോഷ്‌നി വ്യക്തമാക്കുന്നത്‌.
മിശിഹായും പൂവും എന്ന കവിതയില്‍ മുഞ്ഞിനാട്‌ പത്മകുമാറിന്റെ കവിതയിലെ പ്രണയ പര്‍വ്വത്തില്‍ പറയുന്നു:ഞാന്‍സമുദ്രം വിട്ടിറങ്ങിയതിമിംഗലമാണെന്ന്‌ നീ.നീജലാശയത്തില്‍ മുങ്ങിമരിച്ചകിനാവാണെന്നു ഞാന്‍നമ്മളെങ്ങനെ പ്രണയിക്കും.- എയ്‌തു മുറിക്കുന്ന ചോദ്യാവലിയാണ്‌ പത്മകുമാര്‍ അനുഭവപ്പെടുത്തുന്നത്‌.
കവിതാ ബാലകൃഷ്‌ണന്‍ സാരിയുടെ സാധ്യതകള്‍ എന്ന കവിതയില്‍ എഴുതി:വെള്ളം കുടത്തിന്റെആകൃതിയെടുക്കുംപോലെഅത്‌ എന്റെ മനോമുകുരത്തിന്റെആകൃതിയെടുക്കുന്നുഎത്രായിരം സാദ്ധ്യതകള്‍.-(മാധ്യമം ആഴ്‌ചപ്പതിപ്പ്‌). ഉയിരിന്‍ കൊലക്കുടുക്കാകുന്നതും സാരി തന്നെ എന്നിടമാണ്‌ ഈ കവിത ധ്വനിപ്പിക്കുന്നത്‌. മറുപുറം കാഴ്‌ചയുടെ അടയാളവാക്യമാണ്‌ കവിതാ ബാലകൃഷ്‌ണന്റെ കവിത.
കാലത്തിന്റെ വേദനാഭരിതമായ അവസ്ഥ പ്രതിഫലിപ്പിച്ച രചനകള്‍ കൊണ്ട്‌ ശ്രദ്ധേയരായ കവികളുടെ നിരയില്‍ ലളിതാ ലെനില്‍ (ആദിയില്‍ മുറിഞ്ഞവാക്ക്‌), കുഞ്ഞപ്പ പട്ടാന്നൂര്‍ (ഉപമകള്‍ക്കൊപ്പം), റോസ്‌മേരി (അപൂര്‍വ്വമായൊരു വനപുഷ്‌പം), റഫീഖ്‌ അഹ്‌മദ്‌ (താര്‍ക്കികം), എസ്‌. ജോസഫ്‌ (രണ്ട്‌ നഗരങ്ങള്‍ക്കിടയില്‍), രാവുണ്ണി (പരിപാലനം), പി. കെ. ഗോപി (ഭാഷ), നൗഷാദ്‌ പത്തനാപുരം (ചോറിലേയ്‌ക്കുള്ള പടികള്‍), പി. ആര്‍. രതീഷ്‌ (രക്തസാക്ഷികളുടെ വീട്‌), സാദിര്‍ തലപ്പുഴ (നാട്ടുപൂവ്‌), ശ്രീജിത്ത്‌ അരിയല്ലൂര്‍ (മൂന്ന്‌ കവിതകള്‍), സി. പി. അബൂബക്കര്‍ (കണ്ണി), ചി. പി. സബിത (അമ്പിളിനടത്തം), ആര്യാഗോപി(ഇളംതൂവലുകള്‍) എന്നിവരുണ്ട്‌.
ടി. പി. രാജീവന്‍, കെ. വി. ബേബി, വീരാന്‍ കുട്ടി, വി. എം. ഗിരിജ, സെബാസ്റ്റ്യന്‍, ശിവദാസ്‌ പുറമേരി, വിഷ്‌ണുപ്രസാദ്‌, ബിജോയ്‌ ചന്ദ്രന്‍, രാധാകൃഷ്‌ണന്‍ എടച്ചേരി, ബാലകൃഷ്‌ണന്‍ മൊകേരി, ബിന്ദു കൃഷ്‌ണന്‍ എന്നിവരും കവിതകളിലൂടെ വാമൊഴിവഴക്കത്തിലും വായനയുടെ രീതിശാസ്‌ത്രത്തിലും ഇടപെട്ടു- വര്‍ത്തമാനം ആഴ്‌ചപ്പതിപ്പ്‌ 03-01-2010.

3 comments:

വെയില് said...

അച്ചടി മാധ്യമങ്ങളില്‍ വന്നതേ കാണൂ എന്നത് വളരെ വളരെ കഷ്ടമായി തോന്നുന്നു...

ningalude said...
This comment has been removed by the author.
കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ said...

അച്ചടിയില്‍ വന്നത്‌ രണ്ടാമതൊന്ന്‌ വായിക്കാന്‍ അവസരം കിട്ടും. ബ്ലോഗില്‍ വരുന്നത്‌ വളരെ ചുരുങ്ങിയ നാളുകളില്‍ പിന്നാമ്പുറ പേജുകളിലേക്ക്‌ പോകും. പിന്നെ അവ തിരിച്ചെടുക്കാനുള്ള സമയം അച്ചടിക്ക്‌ വേണ്ടി എഴുതുമ്പോള്‍ ലഭിക്കാറില്ല. ബ്ലോഗിലെ കവിത മികച്ചവയുണ്ടെന്ന്‌ എന്നും ഓര്‍ക്കാറുണ്ട്‌. അത്‌ കുപ്പായത്തില്‍ പ്രതിപാദിക്കാറുമുണ്ട്‌. കുപ്പായത്തിന്റെ മുന്‍പേജുകള്‍ കണ്ടാല്‍ സംശയം നീങ്ങുമെന്ന്‌ കരുതുന്നു. വെയിലിന്റെ വായന സന്തോഷം തരുന്നു.