Thursday, December 31, 2009

അറയും അട്ടപ്പാടിയും പഴശ്ശിരാജാ വിമര്‍ശനവും

ഈ ലക്കം നിബ്ബിന്‌ എന്തിനാണ്‌ ഇത്ര നീണ്ട പേര്‌ എന്ന്‌ ആരെങ്കിലും സംശയിച്ചേയ്‌ക്കും. പേരിലെന്തിരിക്കുന്നു എന്നൊക്കെ പറയാം. എങ്കിലും പുതിയ വര്‍ഷമല്ലേ. എല്ലാം മാറുമ്പോള്‍ നിബ്ബും മാറണ്ടെ? മാറ്റം എപ്പോഴും രൂപത്തിലും ഭാവത്തിലുമാണെല്ലോ! മാറ്റത്തിനു മാത്രം മാറ്റമില്ല എന്ന ആപ്‌തവാക്യം ഓര്‍ത്തുകൊണ്ട്‌ പ്രതിപാദ്യവിഷയത്തിലേക്ക്‌ കടക്കാം.

പഴശ്ശിരാജയെ വെട്ടിനിരത്തുന്നു
ഡോ. എം. ജി.എസ്‌. നാരായണന്‍ പഴശ്ശിരാജയ്‌ക്കെതിരെ ചരിത്രത്തിന്റെ സിംഹഗര്‍ജ്ജനം തൊടുത്തുവിട്ടിരിക്കുന്നു. സിനിമയുടെ കുലപതികളായ സംവിധായകനും അണിയറ പ്രവര്‍ത്തകരും കുറിച്യപ്പടയുടെ അകമ്പടിയോടെ എം. ജി. എസിനെ നേരിടുന്നത്‌ നമുക്ക്‌ ഭാവനയില്‍ കാണാം. എം. ജി. എസ്‌ സംവിധായകന്‍ ഹരിഹരന്റെ കരണക്കുറ്റിക്ക്‌ തന്നെയാണ്‌ തലോടിയത്‌. പഴശ്ശിരാജവല്ല. യുദ്ധവും നടത്തിയിട്ടില്ല. അയാള്‍ക്ക്‌ അത്തരമൊരു ആവശ്യവുമുണ്ടായിരുന്നില്ല. എം. ജി. എസ്‌ എഴുതി: പഴശ്ശിരാജ ഒരിക്കലും രാജ്യം ഭരിച്ച രാജാവായിരുന്നില്ല. നാടുവാഴി കുടുംബത്തില്‍ മൂത്തയാളാണല്ലോ രാജാവാകുന്നത്‌. അദ്ദേഹത്തിന്‌ അങ്ങനെ ഒരു സന്ദര്‍ഭമുണ്ടായില്ല. കോട്ടയം രാജകുടുംബത്തിലെ പഴശ്ശി കോവിലകത്തെ (പൈച്ചി എന്ന്‌ ഇംഗ്ലീഷ്‌ കമ്പനി രേഖകള്‍) ഒരംഗമെന്ന നിലയ്‌ക്കാണ്‌ രാജശബ്‌ദം പ്രയോഗിക്കുന്നത്‌. രാജ്യമോ, രാജകീയ സൈന്യമോ ഉണ്ടായിരുന്നില്ല. കുതിരപ്പുറത്തു യുദ്ധത്തിന്‌ അവസരമുണ്ടായില്ല. ഒരു യുദ്ധവും അദ്ദേഹം നയിച്ചില്ല. (തൂലിക മാസിക ഡിസം. ലക്കം).

മലയാളത്തില്‍ തിരക്കഥയുടെ കുലപതി എം. ടി. വാസുദേവന്‍ നായരാണ്‌ പഴശ്ശിരാജയ്‌ക്ക്‌ തിരഭാഷ ഒരുക്കിയത്‌. അദ്ദേഹത്തിന്‌ എളുപ്പത്തില്‍ തെറ്റുപറ്റാനിടയില്ല. ചരിത്രം പലതരത്തില്‍ വായിക്കാം. അങ്ങനെയൊരു വായന മാത്രമായി എം. ജി. എസിനെ തള്ളാന്‍ പറ്റുമോ? അതാണ്‌ കാഴ്‌ചക്കാരെയും വായനക്കാരെയും കുഴക്കുന്നത്‌. എം. ജി. എസ്‌ ഇന്ത്യാ ഉപഭൂഖണ്‌ഡത്തിലെങ്കിലും അറിയപ്പെടുന്ന ചരിത്രപണ്‌ഡിതനാണെല്ലോ. അപ്പോള്‍ തെറ്റുപറ്റാന്‍ സാദ്ധ്യത കുറയും. മറുഭാഗത്ത്‌ എം. ടി ആണ്‌. അദ്ദേഹം കാര്യം നന്നായി ഗ്രഹിച്ചല്ലാതെ ഒന്നും കുറിക്കില്ല. പിന്നെ ആര്‍ക്കായിരിക്കും പിഴവു വന്നത്‌. സിനിമയുടെ രൂപരേഖ മുഴുവനായും സ്വന്തം കണ്ണിലൂടെ കാണുന്ന സംവിധായകനോ? പഴശ്ശിരാജ പ്രദര്‍ശനത്തിനെത്തി. ഏതാണ്ട്‌ അമ്പത്‌ ദിവസം ഒപ്പിച്ചെടുക്കുന്ന ബദ്ധപ്പാടിലുമാണ്‌. ചിലരെങ്കിലും 2009-ലെ സൂപ്പര്‍ ഹിറ്റെന്നും വിധിയെഴുതിക്കഴിഞ്ഞു. ചിത്രം തിയേറ്ററുകളിലെത്തിയപ്പോള്‍ സാക്ഷാല്‍ നടികര്‍ തിലകം മമ്മൂട്ടിയെക്കാള്‍ പ്രാധാന്യം തമിഴ്‌ പേശുന്ന ശരത്‌ കുമാറിനാണ്‌ എന്നുള്ള ചര്‍ച്ചയും പൊടിപ്പും തൊങ്ങലുമായി നടന്നതും ഒ. എന്‍. വിയെ ഇളയരാജ വിമര്‍ശിച്ചതും ഓര്‍ക്കുക. ഇതൊക്കെയും സ്‌നേഹപൂര്‍വ്വം മമ്മൂക്കയും ഫാന്‍സുകാരും അങ്ങ്‌ സഹിച്ചു. മുതല്‍ മുടക്കിയവര്‍ എങ്ങനെയെങ്കിലും മുടക്കുമുതല്‍ തിരിച്ചുപിടിക്കാനുള്ള തത്രപ്പാടിലാണ്‌. അപ്പോഴാണ്‌ നമ്മുടെ ചരിത്രപണ്‌ഡിതന്‍ ഇങ്ങനെപ്രഖ്യാപിച്ചത്‌. അതും ചരിത്രനിരീക്ഷണത്തിലും.

പഴശ്ശിരാജയുടെ പരാജയം ആദ്യം ആഘോഷിച്ചത്‌ ജി. പി. രാമചന്ദ്രനായിരുന്നു- (ദേശാഭിമാനി വാരിക- ലേഖനം). അതിന്‌ അമര്‍ന്നിരുന്ന്‌ ഒത്തടിവെച്ച്‌ ഉയര്‍ന്ന്‌ ചാടി മാതൃഭൂമിയില്‍ മറുപടിയും വന്ന്‌. പക്ഷേ പാവം വായനക്കാര്‍ മാതൃഭൂമിയില്‍ കത്തുകളായി പ്രത്യക്ഷപ്പെട്ടു. പഴശ്ശിരാജയെ ഇങ്ങനെ കീറിമുറിക്കുന്നതെന്തിനാണ്‌. ലഗാനും അക്‌ബറും അശോകയും വന്നപ്പോള്‍ കാണാത്ത ഈ ആവേശം ഇപ്പോള്‍ പഴശ്ശിയ്‌ക്കെതിരെ ഉയരാന്‍ കാരണമെന്ത്‌? ഗോവയില്‍ പനോരമയില്‍ ഇടം കിട്ടാതെ വന്നപ്പോള്‍ മലയാളസിനിമയിലെ ചെറുപ്പക്കാര്‍ക്ക്‌ കലിയടക്കാന്‍ കഴിഞ്ഞില്ല. പഴശ്ശി കേരളത്തിന്റെ പതിനാലാമത്‌ ചലച്ചിത്രമേളയില്‍ ലോകസിനിമയുടെ ഭാഗമായി വന്നപ്പോള്‍ എത്രപേര്‍ ഹരിഹരന്റെ മൂന്നുമണിക്കൂര്‍ ചിത്രത്തിന്റെ മുന്നിലിരുന്നു? നമുക്ക്‌ പലപ്പോഴും ചരിത്രവും സിനിമയും യാഥാര്‍ത്ഥ്യബോധവും അല്ല പ്രശ്‌നം. നാലാള്‍ അറിയുന്ന വാര്‍ത്തകളുണ്ടാക്കുന്നതിലാണ്‌. പാവം പഴശ്ശിരാജയും ആ വഴിയിലേക്ക്‌ ചെന്നു വീഴുമോ? എം. ജി. എസിലേക്ക്‌ തിരിച്ചുവരാം. ഒരു ഫിനാന്‍സ്‌ കമ്പനി 27 കോടി മുടക്കി പഴശ്ശി നിര്‍മ്മിച്ചിട്ടും ആ സിനിമയെ വിടാതെ പിന്തുടരുന്ന ആരോപണങ്ങള്‍ ആര്‍ക്കാണ്‌ ഗുണം ചെയ്യുക.

ഹരിഹരന്‌ സിനിമ അറിയില്ലെന്ന്‌ ആരെങ്കിലും പറയുമോ? അദ്ദേഹം വടക്കനും തെക്കനും വെള്ളംപോലെ കൈകാര്യം ചെയ്യും. ഒരു നഖക്ഷതംപോലും ഏല്‍പ്പിക്കാതെ തന്നെ. പക്ഷേ, പഴശ്ശിരാജയില്‍ ഹരിഹരന്‍ പിന്നോക്കം മാറിയോ? ഇല്ലെന്നാണ്‌ അദ്ദേഹം പറഞ്ഞുകൊണ്ടിരിക്കുന്നത്‌. ഒളിയുദ്ധത്തിന്റെ തന്ത്രങ്ങള്‍ ഒരുക്കുന്നതിനിടയില്‍ ചലച്ചിത്രഭാഷ വിസ്‌മരിച്ചുവെങ്കില്‍ ഹരിഹരനെ കുറ്റപ്പെടുത്താന്‍ പാടില്ല. കാരണം മലയാളത്തില്‍ യുദ്ധചിത്രം ഒരുക്കിയ ശീലം മേജര്‍രവിയെപ്പോലെ ഹരിഹരന്‌ ഇല്ലല്ലോ. അദ്ദേഹം വടക്കന്‍ കളരിയുടെ ആശാനാണെല്ലോ. ഇതൊന്നും തിരിച്ചറിയാതെയാണോ എം. ജി. എസ്‌ ഇങ്ങനെയൊരു ലേഖനം എഴുതിയത്‌. കൊട്ടാരക്കരയുടെ പഴശ്ശിരാജ വൈരമോതിരം വിഴുങ്ങി ആത്മഹത്യ ചെയ്‌തു. മമ്മൂട്ടിയുടെ പഴശ്ശി വെടിയേറ്റ്‌ വിജയം ആഘോഷിക്കുമ്പോഴും, പഴശ്ശി യുദ്ധസാമര്‍ത്ഥ്യമുള്ള ആളാണോ എന്ന ചോദ്യം ചരിത്രം നമുക്ക്‌ മുന്നില്‍ തൂക്കിയിടുന്നു. കെ. കെ. എന്‍. കുറുപ്പും എം. ജി. എസും ചെറുതും വലുതുമായ സകല ചരിത്രപണ്‌ഡിതന്മാരും ഇനിയെങ്കിലും വാസ്‌തവത്തിലേക്ക്‌ പ്രവേശിക്കുമെന്ന്‌ കരുതാം.

അറ
അറ എന്നു കേള്‍ക്കുമ്പോള്‍ രണ്ടു സംഗതികളാണ്‌ ആദ്യം ഓര്‍മ്മ വരിക. മുസ്‌ലിം വിവാഹവുമായി ബന്ധപ്പെടുന്ന പദം. പുതുമണവാളനെ അറിയിലിരുത്തുക എന്ന ചടങ്ങ്‌. മറ്റൊന്ന്‌ പി. കെ. പാറക്കടവിന്റെ അറ എന്ന കഥ.അറ എന്ന കഥയില്‍ നിന്നും: നോക്കിയിരിക്കെ അയാളുടെ മുഖത്ത്‌ രണ്ടു കൊമ്പുകള്‍ മുളയ്‌ക്കുന്നു.
ഇപ്പോള്‍ വാക്കുകളില്ല.
പകരം മുക്രയിടുന്ന ശബ്‌ദം.
ദൈവമേ, ഇനി താമസിച്ചു കൂടാ.
ഞാന്‍ കട്ടിലിനടിയില്‍ കരുതിവെച്ച കയറെടുക്കുന്നു.
മുക്രയിടുന്ന ജന്തുവിനെ കുടുക്കുന്നു.***
നോക്കൂ, അമ്മയും അച്ഛനും ഉടപ്പിറന്നോരും ശിലകളായി പുറത്ത്‌- ശിലകളില്‍ കണ്ണീരിന്റെ നനവ്‌. എന്റെ കെട്ടുപോകാത്ത ബോധം തിരിച്ചറിയുന്നു. ഇത്‌ മറ്റൊരറ.
പി. കെ. പാറക്കടവിന്റെ കഥയ്‌ക്ക്‌ ടി. പി. ചെറുപ്പയും സുരേഷ്‌ അച്ചൂസും തിരക്കഥ ഒരുക്കി. ആംബിയലിന്റെ ബാനറില്‍ സുരേഷ്‌ അച്ചൂസ്‌ സംവിധാനം ചെയ്‌ത അറ എന്ന ടെലിഫിലിം കാഴ്‌ചയില്‍ വേറിട്ടൊരു അനുഭവമാകുന്നു. ദൃശ്യാഖ്യാനത്തിന്റെ കരുത്താണ്‌ അറയെ മറ്റ്‌ ടെലിഫിലിംമുകളില്‍ നിന്നും വ്യത്യസ്‌തമാക്കുന്നത്‌. അറയുടെ വിഷയം മലബാറിലെ സ്‌തീധന സമ്പ്രദായം തന്നെ. സുകൂളില്‍ പഠിക്കുമ്പോള്‍ തന്നെ അവള്‍ക്ക്‌ പോത്തിനെ പേടിയാണ്‌. വിവാഹം കഴിഞ്ഞ്‌ ആദ്യരാത്രി. മണവാളന്‍ അവള്‍ അണിഞ്ഞ പൊന്നിന്റെ തൂക്കം നോക്കുന്നിടത്താണ്‌ അവളുടെ കണ്ണില്‍ പോത്ത്‌ വന്നു നിറയുന്നത്‌. പോത്ത്‌ അവളെയും ചുഴറ്റി ഓടുന്നു. അവളും മനോരോഗാശുപത്രിയിലെ അഴികള്‍ക്കിടയിലൂടെ ഒഴുകിയെത്തുന്ന സുഗതകുമാരി കവിതക്ക്‌ കേള്‍വിയാകുന്നു. സ്‌ത്രീജീവിതത്തിന്റെ പൊള്ളുന്ന ചിത്രം. അറയായി നമ്മുടെ കണ്ണില്‍ വന്നുതറയ്‌ക്കുന്നു. മനസ്സിലും. എളുപ്പത്തില്‍ അടര്‍ത്തിമാറ്റാന്‍ കഴിയാത്തവിധത്തില്‍.

അട്ടപ്പാടി
ബഷീര്‍ മാടാല അട്ടപ്പാടിയുടെ സമഗ്ര ചിത്രമാണ്‌ വികസനത്തിന്റെ രാസവിദ്യ എന്ന പുസ്‌തകത്തില്‍ എഴുതുന്നത്‌. പുസ്‌തകത്തില്‍ നിന്നും: ജപ്പാന്‍ ബാങ്കുകാരുടെ ഉദ്ധാരണ ശ്രമങ്ങള്‍ക്കൊടുവില്‍ അട്ടപ്പാടിയുടെ കാര്‍ഷികോല്‍പ്പാദന രംഗം തകര്‍ന്നു കഴിഞ്ഞു. ആദിവാസി വികസന പദ്ധതികളുടെ പേരില്‍ ഒരു നിര്‍ദ്ദിഷ്‌ട ആദിവാസി സമൂഹത്തെ ലോകസാമ്പത്തിക ശക്തികള്‍ എങ്ങനെ കഴുത്തു ഞെരിച്ചു എന്നതിന്‌ ആധുനിക അട്ടപ്പാടി സാക്ഷി.- എന്നിങ്ങനെ ബഷീര്‍ മാടാല അട്ടപ്പാടിയുടെ മനസ്സും നഭസ്സും ആഴത്തില്‍ വിശകലനം ചെയ്യുന്നു.ബഷീറിനെപ്പോലെ അട്ടപ്പാടിയുടെ ഭൂപ്രകൃതിയും സാംസ്‌കാരിക ഭൂമികയും തൊട്ടറിയുന്നവര്‍ വിരളമാണ്‌. സൈലന്റ്‌ വാലിയുടെ ഹരിതവനവും മഴനിഴല്‍ക്കാടുകളും പ്രാദേശികമായ സാമ്പത്തികനിലകളും വിഭവസമൃദ്ധിയും ദൃശ്യരേഖയിലെന്നപോലെയാണ്‌ ബഷീര്‍ മാടാല ഈ പുസ്‌തകത്തില്‍ പ്രതിപാദിക്കുന്നത്‌.-(ലിപി ബുക്‌സ്‌)

കവിത
തണല്‍ തേടുന്ന ശിഖരങ്ങള്
‍സി. പി. ദിനേശ്‌
തണുത്തു പെയ്യുന്ന കര്‍ക്കിട മഴ
കേട്ടുകുതിര്‍ന്ന വിത്തിന്‍
മനമൊന്നുണര്‍ന്നു.
പത്തായപ്പുരയുടെ ഇരുണ്ട ഗന്ധം
ഊഷര സ്വപ്‌നമായ്‌ നോക്കിച്ചിരിപ്പൂ!
കൊമ്പിലെ ഉപ്പന്റെ നേര്‍ത്ത
ഞരക്കംദുശ്ശകുനംപോലെ പൊള്ളിച്ചു പെയ്‌തു!
തെറ്റുശരികള്‍ തൂക്കിയെടുത്തപ്പോള്‍
മഴയുടെ ശരികള്‍ വരമ്പുകള്‍ തീര്‍ത്തു.
ഉള്ളിലെ ഉറവകള്‍ വറ്റിതുടങ്ങുമ്പോള്‍
ഒട്ടും മടങ്ങിപ്പോകാനാവാതെ,
പത്തായപ്പുരയുടെ മാറാല സ്വപ്‌നത്തിലേറ്റി,
കടുത്ത കവചത്തിലൊതുങ്ങി ഒടുങ്ങി!.
- നിബ്ബ്‌ ചന്ദ്രിക 03-01-2010

No comments: