Wednesday, December 23, 2009

ജീവിതം കവിതയോട്‌പറഞ്ഞത്‌

ചോദ്യം: വിശ്വസാഹിത്യകാരനായ തകഴിയെ കുറെ വര്‍ഷങ്ങളായി നിങ്ങള്‍ കുറ്റം പറയുന്നു. നിങ്ങള്‍ക്ക്‌ ചെമ്മീന്‍ പോലെ ഒരു പുസ്‌തകമെഴുതാന്‍ കഴിയുമോ?ഉത്തരം: സര്‍ഗ്ഗാത്മകത വേറെ, വിമര്‍ശനപ്രക്രിയ വേറെ. അമ്പലപ്പുഴ ബ്രദേഴ്‌സ്‌ നാഗസ്വരം വായിക്കുമ്പോള്‍ താളം തെറ്റിയാല്‍ എനിക്ക്‌ പറയാന്‍ സാധിക്കും. ഞാന്‍ താളം തെറ്റിയെന്നു പറഞ്ഞാല്‍ കുഴല്‍ പിടിച്ചു വാങ്ങിച്ച്‌ എന്റെ നേരെ നീട്ടി എന്നാല്‍ നീയൊന്ന്‌ ഊതെടാ എന്നു പറഞ്ഞാല്‍ ഞാന്‍ ചുറ്റിപ്പോവുകയില്ലെ- ഇത്‌ എം. കൃഷ്‌ണന്‍ നായരുടെ സാഹിത്യവാരഫലത്തില്‍ നിന്നും (മലയാളം വാരിക, 2006). വായനയുടെ വിശാലതയിലേക്ക്‌ മനസ്സ്‌ ചേര്‍ക്കാതെ, സംശയത്തിന്റെ ആനുകൂല്യം പിന്‍പറ്റുന്ന എഴുത്തുകാരും/ വായനക്കാരും ബോധപൂര്‍വ്വം മറക്കുന്നതും മറ്റൊന്നല്ല.
ആനുകാലികം
എ. അയ്യപ്പന്റെ ജീവിതം കവിതയോട്‌ പറഞ്ഞത്‌ എന്ന കവിതയില്‍ നിന്നും:പുഴ
മരിച്ചു
അക്കരെയെത്താന്‍ വഞ്ചിവേണ്ട
ചകോരം
നിലാവിനെത്തിന്നു
തീര്‍ക്കുമ്പോള്‍
മുളന്തണ്ടില്‍രന്ധ്രങ്ങള്‍
നിര്‍മിക്കുകയായിരുന്നു ഞാന്‍****
മൃത്യുവിനെ ഭയന്നില്ല
ശവങ്ങളെത്തിന്നുന്നതീയുടെ
നാവുകള്‍കറുത്തു.- (മാതൃഭൂമി, ഡിസം.6) താക്കോല്‍ നഷ്‌ടപ്പെട്ട അടഞ്ഞ വാതിലായി ജീവിതത്തെ നോക്കിക്കാണുന്ന കവിയുടെ വേപഥുകളും പ്രതിരോധവും ഈ കവിത ഓര്‍മ്മപ്പെടുത്തുന്നു.അറവ്‌ എന്ന കവിതയില്‍ വിനു ജോസഫ്‌ എഴുതുന്നു:
അറവു പല്ലുകള്‍തിരിയുന്ന
തടിമില്ലില്‍വേരറ്റ്‌
തലയറ്റ്‌ഒരു മരം-( സമയം മാസിക).- മരത്തിന്‌ പകരം ജീവിതം ചേര്‍ത്ത്‌ വായിക്കുമ്പോഴാണ്‌ വിനു ജോസഫിന്റെ കവിതയുടെ ആഴവും പരപ്പും വ്യക്തമാകുന്നത്‌.
ഉയിര്‍ത്തെഴുന്നല്‍പ്‌ എന്ന കവിതയില്‍ ആലംങ്കോട്‌ ലീലാകൃഷ്‌ണന്‍:
ഒരിളം കുഞ്ഞിന്‍
ചിരിതെളിഞ്ഞു കാണുന്നുണ്ട്‌
ഘോരാന്ധകാരങ്ങള്‍ക്ക്‌
ഗോവിനുമങ്ങേക്കരെ****ആകയാല്‍ മരിച്ച ഞാ-നുയിര്‍ക്കാതിരിക്കില്ല.പ്രാണനില്‍ തറച്ചതാംയുഗവേദനയ്‌ക്കൊപ്പം- (ഗ്രന്ഥാലോകം, നവം.)- മനുഷ്യജന്മത്തിന്റെ അപരതീരങ്ങളിലൂടെ വായനക്കാരെ നടത്തിക്കുകയാണ്‌ ആലംങ്കോട്‌ ലീലാകൃഷ്‌ണന്‍.
ശിവദാസ്‌ പുറമേരിയുടെ കവിതയില്‍ നിന്നും:
ചില്ലയില്‍ തളിര്‍-പ്പച്ച
തഴച്ചിടുംപുത്തനായ്‌
മാറുമെല്ലാംകരുത്തിന്റെവിത്തുകായ്‌ച്ചിടും
ഓരോ മനസ്സിലും- (മണ്ണെഴുത്ത്‌, മലയാളംവാരിക ഡിസം.11)
പി. പി. രാമചന്ദ്രന്‍ (കേരളപ്പിറവി, മാതൃഭൂമി)എഴുതി:
എങ്ങനെ പുറത്തെടുക്കേണ്ടൂ
ഞാന്‍ ചങ്കിനുമുള്ളില്‍ത്തങ്ങുമീ
ദുരന്തത്തെദുര്‍ബല പദങ്ങളില്‍?- കവിതയുടെയും കവിയുടെയും ഉള്ളുനീറ്റല്‍ അനുഭവപ്പെടുത്തുന്ന കവിത.
കവിതാപുസ്‌തകങ്ങള്
ദാരിദ്ര്യത്തിനും കരിങ്കൊടിക്കും ഇടയിലുള്ള ദൂരമാണ്‌ ഷൗക്കത്തലീഖാന്റെ കവിതകള്‍. ജീവിതത്തിന്റെ വലിഞ്ഞുമുറുകല്‍. അതിനാല്‍ നിസ്സംഗതയും ചോദ്യമുനകളും കൊണ്ട്‌ തുളവീണ ജീവിതമാണ്‌ ഷൗക്കത്തലീഖാന്‍ എഴുതുന്നത്‌. പ്രഥമ കാവ്യസമാഹാരത്തിന്‌ ആസുരനക്രങ്ങള്‍ എന്നാണ്‌ പേരിട്ടു വിളിക്കുന്നത്‌. ആസുരകാലത്തിന്റെ താളവും താളഭംഗവും അടയാളപ്പെടുത്തുന്ന 32 കവിതകളാണ്‌ ഈ പുസ്‌തകത്തിലുള്ളത്‌. അവ വിപണിയുടെ വേതാളക്കാഴ്‌ചകളിലേക്കും മാനുഷികമൂല്യങ്ങള്‍ വിളറിക്കൊണ്ടിരിക്കുന്ന വ്രണിതമുഖങ്ങളിലേക്കും വെളിച്ചംവീശുന്നു. അഥവാ ബീഭത്സ കാഴ്‌ചകളും ജീവിതസംഘര്‍ഷങ്ങളും നിറഞ്ഞുനില്‍ക്കുന്ന കാലത്തിന്റെ സ്‌പന്ദനമാണ്‌ ഷൗക്കത്തലീഖാന്‍ കേള്‍പ്പിക്കുന്നത്‌. ദലമര്‍മ്മരങ്ങള്‍പോലെ. വെളിച്ചം അലിഞ്ഞു പോകുന്ന ഇരുട്ട്‌ ഈ എഴുത്തുകാരനെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. അവ ഇരുട്ടുകുഴികളായി ജീവിതത്തിന്റെ വഴിയിടങ്ങളില്‍ പതുങ്ങിനില്‍പ്പുണ്ടെന്ന്‌ ഷൗക്കത്തലീഖാന്‍ തിരിച്ചറിയുന്നു. കാലത്തിന്റെ ക്രൂരതകളെപ്പറ്റിയുള്ള അറിവടയാളമാണ്‌ ആസുരനക്രങ്ങളിലെ കവിതകള്‍. ദാരിദ്ര്യത്തിന്റെ ജിംനേഷ്യത്തില്‍ സ്വപ്‌നത്തിന്റെ മസ്സില്‍ പെരുക്കങ്ങള്‍ക്ക്‌ കണ്‍നേര്‍ക്കുകയും ജപ്‌തിയുടെ മുട്ടുവിളികള്‍ക്ക്‌ കാതോര്‍ക്കുകയും ചെയ്യുന്ന ഒരു മനുഷ്യാത്മാവിന്റെ വിങ്ങലും തേങ്ങലും പോരാട്ടവീര്യവുമാണ്‌ ഈ കൃതി.ഉണര്‍വ്വിന്റെ ബാധ്യതയാണ്‌ എഴുത്ത്‌. നിറകണ്‍ ജാഗ്രതയുടെ മുദ്രയുമാണത്‌. അതുകൊണ്ട്‌ ഷൗക്കത്തലീഖാന്‍ തന്റെ ദൗത്യം ഇങ്ങനെ വ്യക്തമാക്കുന്നു: രുധിരം തിളയ്‌ക്കുന്ന ഹരിതതീരങ്ങളെ/ പിന്‍തുടരേണ്ടത്‌/ എന്റെ/ ഉണര്‍വ്വിന്റെ ബാദ്ധ്യത- (ഉണര്‍വ്വിന്റെ ബാദ്ധ്യത എന്ന കവിത). കാല്‍പനികതക്കും യാഥാര്‍ത്ഥ്യത്തിന്റെ തിളച്ചു മറിയലിനുമിടയില്‍ തലകീഴ്‌മറിയുന്ന കാലത്തിന്റെ ഒതുക്കുകല്ലില്‍ ജീവിതം വിറങ്ങലിച്ചുനില്‍ക്കുന്ന ചിത്രമാണ്‌ ഈ പുസ്‌തകത്തിലെ കവിതകളില്‍ പ്രതിഫലിക്കുന്നത്‌. അവതാരിക കെ. ഇ. എന്‍.-(ചിന്ത, 35 രൂപ)
ബാലസാഹിത്യത്തിന്റെ പെരുപ്പം അനുഭവിക്കുമ്പോഴും മലയാളത്തില്‍ ഈടുറ്റ ബാലസാഹിത്യ കൃതികളുടെ എണ്ണം കുറവാണ്‌. മിക്ക ബാലസാഹിത്യ പുസ്‌തകങ്ങളും മുതിര്‍ന്നവര്‍ മുതിര്‍ന്നവര്‍ക്ക്‌ വേണ്ടി രചിച്ച്‌ ബാലസാഹിത്യം എന്ന ലേബല്‍ ഒട്ടിച്ച്‌ പുറത്തിറക്കുന്നവയാണ്‌. കുഞ്ഞുമനസ്സുകളെ തൊട്ടറിയുകയും അവരുടെ ഭാവനയിലേക്ക്‌ ഇഴചേര്‍ന്നു നില്‍ക്കുകയും ചെയ്യുന്ന മികച്ച ബാലരചനകളുടെ മുന്‍നിരയില്‍ സ്ഥാനം നേടുന്ന കൃതിയാണ്‌ മണമ്പൂര്‍ രാജന്‍ബാബുവിന്റെ ആനയും കുഞ്ഞുറുമ്പും. മണമ്പൂരിന്റെ ഇരുപത്തിയഞ്ച്‌ കുട്ടിക്കവിതകളുടെ സമാഹാരം. കവിതകളോളം പൊക്കംവരുന്ന ചിത്രങ്ങളും ഈ പുസ്‌തകത്തിലുണ്ട്‌.മലയാളത്തില്‍ വാക്കിന്റെ കരുത്തും അര്‍ത്ഥവിശാലതയും കണ്ടെടുക്കുന്ന കവികളിലൊരാളാണ്‌ മണമ്പൂര്‍ രാജന്‍ബാബു. അദ്ദേഹത്തിന്റെ കുട്ടിക്കവിതകള്‍ക്കും രാഗവും താളവും മാത്രമല്ല, ധ്വനിസാന്ദ്രതയും ഉണ്ട്‌. വരികളുടെ ധാരാളിത്തമല്ല; കവിത്വസിദ്ധിയാണ്‌ എഴുത്തുകാരന്റെ മൂലധനം. മണമ്പൂരിന്റെ രചനകളില്‍ അതുണ്ട്‌. അതീവ സൂക്ഷ്‌മതയോടെ വാക്കുകള്‍ ചേര്‍ത്തുവയ്‌ക്കുന്നു. കുട്ടികള്‍ക്ക്‌ ആനന്ദവും അറിവും പകര്‍ന്നുനല്‍കുന്ന ഈ കവിതകള്‍ക്ക്‌ മഴവില്ലിന്റെ മനോഹാരിതയുമുണ്ട്‌. മഴയെക്കുറിച്ച്‌ എഴുതിയത്‌ നോക്കുക: ഇമ പൂട്ടാതെ/യിരുന്നീ മഴയുടെ/ കിന്നാരത്തിന്നു / കാതോര്‍ക്കല്‍!- ഈ കാതോര്‍പ്പ്‌ പ്രപഞ്ചത്തിലെ സകല ജീവികളുടെയും ജീവന്റെ വില തുല്യമാണെന്ന്‌ ഓര്‍മ്മപ്പെടുത്തുന്നു. ആനച്ചേട്ടനും കുഞ്ഞുനുറുമ്പിനും ഒരേ ജീവന്‍. മികച്ച പാഠാവലികളാണ്‌ ബാലമനസ്സുകളുമായി ഈ പുസ്‌തകം പങ്കുവയ്‌ക്കുന്നത്‌.-(എന്‍ ബി എസ്‌, 30രൂപ).
ബ്ലോഗ്‌കവിത
ബൂലോക കവിതാബ്ലോഗില്‍ ടി. എ. ശശി എഴുതിയ ചോദ്യം എന്ന കവിത നിശ്ശബ്‌ദതയെച്ചൊല്ലിയുള്ള ആകുലതകളാണ്‌. ചോദ്യം ഉത്തരം തേടിയുള്ള അന്വേഷണമാണ്‌. കവിതയില്‍ നിന്നും:
താങ്കള്‍ കണ്ണട ഊരുമ്പോഴൊവയക്കുമ്പോഴൊ
അതല്ലെങ്കില്‍ക
ണ്ണടവയ്‌ക്കാതിരുന്നകാലത്തോ
കണ്ടിട്ടുണ്ടോ
ഇത്തരം നിശ്ശബ്‌ദതകള്‍.- അസഹ്യമായ നിശ്ശബ്‌ദതകളോട്‌ പൊരുതി ജയിക്കാനുള്ള വെമ്പലാണ്‌ ശശിയുടെ ചോദ്യത്തിലും ജീവിതം തുഴയുന്നത്‌.
കാവ്യനിരീക്ഷണം
കവിതകള്‍ പിറക്കുന്നത്‌ സങ്കല്‌പ വായുവിമാനങ്ങളില്‍ സഞ്ചരിക്കുമ്പോഴല്ല. ജീവിതപരമാര്‍ത്ഥങ്ങളില്‍ സ്വയം പൊട്ടിപ്പിളരുമ്പോഴാണ്‌. കീഴാളരെ സംബന്ധിച്ചിടത്തോളം അത്‌ ഭാവിക്കുവേണ്ടിയുള്ള ബലിയാണ്‌. ഇക്കിളികളിലല്ല, സൂചിമുനയുടെ മൂര്‍ച്ചകളിലാണത്‌ കൂര്‍ത്തുനില്‍ക്കുന്നത്‌.- കെ. ഇ. എന്‍- നിബ്ബ്‌ ചന്ദ്രിക, 20-12-2009

No comments: