Thursday, July 02, 2009

ഒരു കവിത അതുമതി

ഭാഷ ഒരു ജനതയുടെ ചരിത്രമാണ്‌. അത്‌ നാഗരികതയിലേക്കും, സംസ്‌ക്കാരത്തിലേക്കുമുള്ള രാജപാതയാണ്‌- എന്ന്‌ അലക്‌സാണ്ടര്‍ കുപ്രീന്‍ വിശേഷിപ്പിച്ചിട്ടുണ്ട്‌. ഭാഷാവബോധത്തെപ്പറ്റിയാണ്‌ കുപ്രീന്‍ സൂചിപ്പിച്ചത്‌. മലയാളത്തിലെ പുതുകവികളില്‍ മിക്കവര്‍ക്കും ഇല്ലാത്തതും മറ്റൊന്നല്ല.

വിലാപകാവ്യങ്ങളുടെ ബൃഹത്തായ ചരിത്രം ലോകസാഹിത്യത്തിലുണ്ട്‌. മലയാളത്തിലും കുറവല്ല. പ്രിയപ്പെട്ടവരുടെ വേര്‍പാട്‌ എഴുത്തുകാരുടെ മനസ്സിലുണ്ടാക്കുന്ന വേദനയും ഓര്‍മ്മകളുമാണ്‌ വിലാപങ്ങളുടെ അടിസ്ഥാനധാര. ടെന്നിസനും കീറ്റ്‌സുമൊക്കെ എഴുതിച്ചേര്‍ത്ത വിലാപഗീതികളോട്‌്‌ താരതമ്യപ്പെടുത്തേണ്ടവയല്ലെങ്കിലും മലയാളത്തിലും പ്രരോദനവും (കുമാരനാശാന്‍) കണ്ണുനീര്‍ത്തുള്ളിയും (നാലപ്പാട്ട്‌) ഒരു വിലാപവും(വി. സി. ബാലകൃഷ്‌ണപ്പണിക്കര്‍) രമണനും (ചങ്ങമ്പുഴ) രചിക്കപ്പെട്ടിട്ടുണ്ട്‌. ഇഷ്‌ടതോഴന്റെ വേര്‍പാട്‌, വിധുരവിലാപം എന്നിങ്ങനെ വ്യത്യസ്‌ത പ്രമേയം എഴുതിയാലും അവയിലെല്ലാം കവിമനസ്സിന്റെ ആത്മസ്‌പര്‍ശം നിറഞ്ഞുനില്‍ക്കുന്നു. കണ്ണീരുപ്പ്‌ കലര്‍ന്ന കാവ്യവിലാപങ്ങളുടെ അഭാവമാണ്‌ സമകാലികകവിത നല്‍കുന്ന പാഠങ്ങളിലൊന്ന്‌.

മാധവിക്കുട്ടിയെ അനുസ്‌മരിച്ച്‌ നിരവധി കാവ്യരൂപങ്ങള്‍ മലയാളത്തിലെ ആനുകാലികങ്ങളില്‍ നിറഞ്ഞാടി. അവയില്‍ ചില മാതൃകകള്‍: മഹിളാ ചന്ദ്രികയില്‍ (ജൂലൈ ലക്കം09) പി. കെ. ഗോപി എഴുതി: ആറടി മണ്ണിന്റെ/ തരിശില്‍ നിന്ന്‌/ അശരീരിച്ചൈതന്യം/ മനുഷ്യകാന്തിയുടെ/ ദ്രുതികിരണമായി/ തൂലികക്കണ്ണിലേക്ക്‌/ പ്രവേശിക്കുന്നു''.-(അനന്തതയുടെ പ്രണയപ്പൂക്കള്‍ എന്ന കവിത). കണിമോള്‍ മലയാളം വാരിക(ജൂലൈ 3)യിലൂടെ കരയുന്നതിങ്ങനെ: ഒരു ദളം തരൂ കടല്‍ നിമന്ത്രിച്ചു/ പ്രണയമീയുപ്പുപരലില്‍ ധ്യാനിച്ച്‌/ മണക്കുമോര്‍മ്മകള്‍ പൊഴിച്ചു പൂമരം/ മറവിപോലും മുന്മദം മനോഹരം- (മണക്കുംപൂവ്‌). കെ. പി. സദാനന്ദന്റെ `നീര്‍മാതള'ത്തില്‍-(കേരള കൗമുദി, വാരാന്തപ്പതിപ്പ്‌, ജൂണ്‍28): നിന്റെ പേരെന്താണ്‌/ മാധവിക്കുട്ടി/ കമലാദാസ്‌/ കമലാസുരയ്യ/ നീ ഏതു പേരിലും/ നീര്‍മാതളം''. മാധവിക്കുട്ടിയുടെ ശരീരഭാഷ മുതല്‍ അവരുടെ കൃതികളുടെ അകംകാഴ്‌ചകള്‍ വരെ നമ്മുടെ കവികള്‍ വിളിച്ചുപറയുന്നു. രണ്ടു തരത്തിലാണ്‌ മാധവിക്കുട്ടിയെ കവികള്‍ ഉത്സവമാക്കുന്നത്‌. വേഷഭൂഷാദി വര്‍ണ്ണനയിലും നീര്‍മാതള സംബോധനയിലും. പി. കെ. ഗോപിയുടെ പക്വതയുള്ള തൂലികത്തുമ്പില്‍ നിന്നും ചുരന്നൊഴുകിയ രചനയില്‍ കമലാദാസിനെ വെറുതെ എഴുതിപ്പോവുകയാണ്‌. കവിയുടെയും കവിതയുടെയും ആറ്റിക്കുറുക്കല്‍ ഗോപിയുടെ വരികളില്‍ പതിഞ്ഞില്ല. കണിമോളുടെ കവിത ഉണ്ണുന്തോറും കൂടുതല്‍ ചടയ്‌ക്കുകയും കുടിക്കുന്തോറും ദാഹം പെരുകുകയും ചെയ്യുന്ന പക്ഷിയുടെ അവസ്ഥയാണ്‌ അനുഭവപ്പെടുത്തുന്നത്‌. കെ. പി. സദാനന്ദന്‍ എന്താണ്‌ വിളിച്ചുപറയുന്നതെന്ന്‌ അയാള്‍ക്കുപോലും നിശ്ചയമില്ലാത്ത സ്ഥിതിയിലാണ്‌. ആരു മരിച്ചാലും ഇതുപോലുള്ള വരികള്‍ കുത്തിക്കുറിക്കാന്‍ എഴുത്തുകാരുടെ ആവശ്യമില്ല. പാകപ്പെടാത്ത ഇത്തരം കാവ്യരൂപങ്ങള്‍ ഭക്ഷിക്കാന്‍ വിധിക്കപ്പെട്ട വായനക്കാര്‍ക്ക്‌ അജീര്‍ണ്ണം ബാധിക്കാതിരിക്കട്ടെ.

പോയവാരത്തില്‍ വിവിധ ആനുകാലികങ്ങളില്‍ കവിതകളുമായി വായനയുടെ മുഖ്യധാരയില്‍ ഇടപെട്ടവരില്‍ വിജയലക്ഷ്‌മി, എസ്‌. ജോസഫ്‌, കുഞ്ഞപ്പ പട്ടാന്നൂര്‍, ബിജീഷ്‌ ബാലകൃഷ്‌ണന്‍, എസ്‌. പി. രമേശ്‌, സിബു മോടയില്‍, ബിനു എം. പള്ളിപ്പാട്‌, ആര്യാംബിക തുടങ്ങിയവരുണ്ട്‌. വിജയലക്ഷ്‌മി നിദ്ര' എന്ന കവിതയില്‍ (കലാകൗമുദി ജൂലൈ5) നിദ്രാവിഹീനമായ കാലത്തെ എഴുതുന്നു. മുഴങ്ങും മാറ്റൊലി! അനന്തമാം ചോദ്യം? മറുപടി! കൂട്ടച്ചിറകടി മാത്രം.'' കവിത അനന്തതയിലേക്ക്‌ നീണ്ടുചെല്ലുന്ന ചോദ്യാവലികൂടിയാണ്‌. ഉത്തരങ്ങളില്‍ നിന്നും പുതിയ ചോദ്യങ്ങളിലേക്കുള്ള യാത്ര. രാത്രി സ്വപ്‌നത്തെപ്പറ്റിയാണ്‌ കുഞ്ഞപ്പ പട്ടാന്നൂര്‍ എഴുതിയത്‌. ഗദ്യകവിത -(ഒരു സ്വപ്‌ന വിസ്‌താരം- കലാകൗമുദി ജൂലൈ5). ഉറക്കത്തില്‍ പിന്നാമ്പുറത്ത്‌/ പുറമ്പോക്കില്‍ പിന്‍നിലാവു/ പോലെ ഒരു സംശയം അപ്പോഴും ശേഷിക്കുന്നു/ ഇതും ഒരു സ്വപ്‌നം തന്നെയോ''. ബിജീഷ്‌ ബാലകൃഷ്‌ണന്‌ വാക്കുകളുടെ കരുത്ത്‌ ഇനിയും നിറന്നുകിട്ടിയിട്ടില്ല. രണ്ടുകവിതകള്‍ (തേജസ്‌, ആഴ്‌ചവട്ടം ജൂണ്‍28) കൊടും വേനലാളീടുകില്‍/ കരിഞ്ഞേപോകും പുല്ലെല്ലാം'' എന്ന്‌ എഴുതിവിടുമ്പോള്‍ രണ്ടാമതൊന്നു വായിക്കാന്‍ തുനിഞ്ഞെങ്കിലെന്ന്‌ വായനക്കാര്‍ ആലോചിച്ചു പോകുന്നതില്‍ അല്‍ഭുതമില്ല. ജലസേചനം എന്ന കവിതയില്‍ പഴയകവി ഓര്‍മ്മിപ്പിച്ചു: കൊല്ലുന്ന ചൂടിനാല്‍ മാമരം വേവുന്നു/പുല്ലിന്റെ കാര്യമെന്തു ചൊല്ലൂ- ഇത്‌ ബിജീഷിനും ബാധകമാണ്‌. എസ്‌. പി. രമേശിന്‌ എഴുത്തുവഴങ്ങില്ലെന്ന്‌ വ്യക്തമാക്കുന്നു എന്റെ ഗോപന്‍' (മലയാളം-ജൂലൈ3). സിബു 'കേമത്ത'ത്തില്‍ (മാധ്യമം ജൂലൈ 6) അധികാരത്തിന്റെ പിന്നാമ്പുറം തേടുന്നു. മുഴുത്ത കേമനാണെന്ന്‌ പറഞ്ഞിട്ട്‌ മുറ്റത്ത്‌ മൂത്രമൊഴിക്കുന്നതിനെ കവി ചോദ്യം ചെയ്യുന്നു. ബിനു 'സ്‌കൂള്‍' (മാധ്യമം ജൂലൈ 6) എന്ന രചനയില്‍ പഠിച്ച സ്‌കൂളിന്റെ ജനാലയില്‍ ഇരുന്ന്‌ മലവിസര്‍ജ്ജം നടത്തുമ്പോള്‍ വെള്ളത്തില്‍ തെളിയുന്ന സ്‌കൂളിന്റെ ചിത്രം കണ്ടെടുക്കുന്നു. വെയിലിന്റെ വിരല്‍സ്‌പര്‍ശം വരച്ചുചേര്‍ക്കുകയാണ്‌ ആര്യാംബിക (വെയില്‍ വളര്‍ത്തിയത്‌- മാധ്യമം ജൂലൈ6). സിബുവിന്റെയും ബിനുവിന്റെയും സര്‍ഗ്ഗാത്മകത ചോദ്യം ചെയ്യേണ്ടതില്ല. ഇവര്‍ മലയാളഭാഷയെ പേനയ്‌ക്ക്‌ പകരം കോടാലി കൊണ്ട്‌ വെട്ടിക്കീറുകയാണ്‌.

കവിതയിലെ പതിരുകള്‍ക്കിടയില്‍ വായനക്കാര്‍ക്ക്‌ നിയോഗംപോലെ തെളിഞ്ഞുകിട്ടിയ കതിര്‍ക്കുല ഒന്നുമാത്രം. എസ്‌. ജോസഫ്‌ മാതൃഭൂമിയിലെഴുതിയ (ജൂലൈ 5) 'പകല്‍'. ഒരു കൊച്ചുനോട്ടം കൊണ്ട്‌/ അത്രയും കൊണ്ട്‌/ ഈ കവിതയിലേക്കുള്ള/ മറുപാതി ദൂരവും താണ്ടാന്‍ കഴിയും. പകലറിവിന്റെ മനോഹരമായ ചിത്രം. തീക്ഷ്‌ണവും ഭാവാത്മകവുമാണിത്‌.

സൂചന: 1918-ല്‍ ഏ. ആര്‍. രാജരാജവര്‍മ്മ നിര്യാതനായി. കുമാരാനാശാന്‍ പ്രരോദനം 1919-ല്‍ എഴുതി. ഇന്നത്തെ കവികള്‍ മരണഘോഷം'' പത്രറിപ്പോര്‍ട്ടുപോലെ തയ്യാറാക്കുന്നു.

പുതുകവിത
പുതുകവിതയില്‍ ഈയാഴ്‌ച നാസര്‍ ഇബ്രാഹിം, അലിഹസന്‍ ടി., മുഗീസ്‌ മുഹമ്മദ്‌, ഉമര്‍ മുഖ്‌താര്‍ എന്നിവരുടെ രചനകളാണ്‌ ഉള്‍പ്പെടുത്തിയത്‌. കവിതയെഴുത്തിനെപ്പറ്റിയാണ്‌ നാസര്‍ പറയാന്‍ ശ്രമിക്കുന്നത്‌. കൊടും വിഷാദത്തിന്റെ അഴിമുഖത്ത്‌ തലവാചകമില്ലാതെ പ്രത്യക്ഷപ്പെടാതെപോയ കാവ്യമാണ്‌ എഴുത്തുകാരന്‍ ഓര്‍മ്മിച്ചെടുക്കുന്നത്‌. പച്ചപ്പ്‌ നല്‍കുന്നതൊക്കെയും നഷ്‌ടപ്പെടുന്ന കാലത്തിലേക്ക്‌ കണ്ണയക്കുകയാണ്‌ അലിഹസന്‍. കുളിര്‍കോരിനിറയ്‌ക്കുന്ന പുഴയും തണല്‍ വിരിക്കുന്ന മരവും കവിക്ക്‌ കണ്ടെത്താന്‍ സാധിച്ചില്ല. ഇല്ലായ്‌മകളുടെ പരിദേവനം കവിതയില്‍ നല്ല ആശയമാണ്‌. പക്ഷേ എഴുത്തിലേക്ക്‌ അലിഹസന്‌ ഇനിയും കടമ്പകളുണ്ട്‌. മുഗീസ്‌ മുഹമ്മദ്‌ സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥരാശി തിരയുന്നു. അടിമത്തത്തിന്റെ വേലിപ്പടര്‍പ്പുകള്‍ ഈ രചനയിലുണ്ട്‌. അവ ചിലന്തിവല പോലെ വായനക്കാരുടെ മുഖത്ത്‌ പതിക്കും. 'എന്റെ കവിത'യില്‍ ഉമര്‍ മുഖ്‌താര്‍ കവിത സ്വയം നിര്‍വ്വചിക്കുന്നു. സര്‍ഗ്ഗാത്മകതയുടെ നേരിയ വെളിച്ചം നിഴലിക്കുന്നത്‌ നൂറുദ്ദീനിന്റെ 'മഴ'യിലാണ്‌. കവിതയുടെ തുടക്കം ആര്‍ദ്രതയുടെ ചിത്രത്തിലാണ്‌. കീറിമുറിഞ്ഞ മേഘക്കൂട്ടങ്ങളെ ഉമ്മ തുന്നിച്ചേര്‍ത്തത്‌ നീ കരയാതിരിക്കാനാണ്‌. തുടര്‍ന്നുള്ള മഴയെഴുത്ത്‌ നൂറുദ്ദീന്റെ പേനയില്‍ നിന്നും തെന്നിപ്പോകുന്നു. പുതുവഴിക്കാരുടെ ഓര്‍മ്മയിലേക്ക്‌ ജി. ശങ്കരക്കുറുപ്പിന്റെ വരികള്‍ കുറിക്കുന്നു: പകരുകെന്‍ ചിന്തകളി/ ലക്ഷീണമെന്‍ ഭാവനയെ/ മുകളിലേയ്‌ക്കെറിയുക/ നിന്‍ ചിറകേറി.''
കവിതകള്

‍ബ്രയിന്‍ മോപ്പിംഗ്‌
നാസര്‍ ഇബ്രാഹിം
ഒരുനാള്‍ബ്രയിന്‍മോപ്പിംഗിന്റെ
മുദ്രചാര്‍ത്തുകളിലൂടെകടന്നുപോയനുറുങ്ങിയ ഹൃദയം.
വരികള്‍ക്കിടയില്‍കുടുങ്ങിയ
കൊടും വിഷാദത്തിന്റെഅഴിമുഖങ്ങളില്‍.
തലവാചകങ്ങളില്ലാതെതല
നീട്ടാതെപോയകവിതകളില്‍,
തീക്ഷ്‌ണാനുഭവങ്ങളുടെതീപിടിച്ച അടരുകളെഅമര്‍ത്തിപ്പിടിച്ചകടലാസുകളില്‍,
ഇപ്പോഴുംഒരു കപ്പല്‍ച്ചേതത്തിന്റെപ്രേതംഒളിഞ്ഞിരിപ്പുണ്ട്‌.
കറുത്ത തിരിയിളക്കത്തിന്റെ
അഴലാഴികടക്കുവാന്‍സ്വപ്‌നം
കട്ടമരത്തെപിടിവള്ളിയാക്കുന്നു.

കാണ്മാനില്ല
അലിഹസന്‍ ടി.
ഓര്‍മ്മയുടെഇറയത്ത്‌
ആര്‍ത്തു ചിരിക്കുന്നആകാശത്തെയും
പരല്‍മീനുകളെപേറുന്ന
ജീവനുള്ളപുഴകളെയും
തണല്‍പെയ്യുന്ന
തലനരക്കാത്തമരങ്ങളേയുംകാണ്മാനില്ല.

അടിമത്തം
മുഗീസ്‌ മുഹമ്മദ്‌, താനൂര്
‍സൂര്യന്‍ മറഞ്ഞുമനസ്സിന്റെ
ആകാശത്തിന്‌പടിഞ്ഞാറന്‍
സംസ്‌കാരംചുവപ്പ്‌ ഛായ പകര്‍ന്നു.
മടുത്തു, ഈ കൃത്രിമസംസ്‌ക്കാരംതിരിഞ്ഞുനടന്നു, വാതിലടഞ്ഞു.കട്ടിലില്‍ അപസ്വരങ്ങള്‍.
മനസ്സ്‌ ചെവിയോര്‍ത്തുമലയാള
കളകൂജനംനിശ്ശബ്‌ദത
ഭഞ്‌ജിച്ചെത്തിഅന്ധന്‍
മൂങ്ങയുടെകരകരസ്വരം.
ശാന്തിതേടി ചുവടുകള്‍ബാറിലേക്ക്‌..
ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം-
അവിടെ കണ്ട വരികള്‍കുടിച്ചാശ്വസിച്ചാടാനും
വൈദേശിക സഹായംയഥാര്‍ത്ഥ
സ്വാതന്ത്ര്യമെന്ന്‌?

മഴ
നൂറുദ്ദീന്‍ മോങ്ങം
(ദാറുല്‍ഹുദാ, ചെമ്മാട്‌)
കീറിമുറിഞ്ഞമേഘക്കൂട്ടങ്ങളെ
ഉമ്മ തുന്നിക്കൂട്ടിയത്‌നീ കരയാതിരിക്കാനായിരുന്നു.
പഴുത്തൊലിക്കുന്നസൂര്യകിരണങ്ങളെ
കുഴിച്ച്‌ മൂടിയത്‌നിന്നെ
നോവിപ്പിക്കാരിക്കാനായിരുന്നു.
കുഞ്ഞിക്കാറ്റ്‌നിന്റെ ചെവിയില്‍
സ്വകാര്യം പറഞ്ഞത്‌
നിന്നെ സാന്ത്വനിപ്പിക്കാനായിരുന്നു.
എന്നിട്ടുംഎന്തിനായിരുന്നു
ചില്ലു കഷ്‌ണങ്ങളില്‍
നനഞ്ഞനിന്റെ സ്വപ്‌നങ്ങള്‍
ചിന്നിച്ചിതറിയെന്ത്‌?

എന്റെ കവിത
ഉമര്‍ മുഖ്‌താര്‍ രണ്ടത്താണി
ദുര്‍ലഭ സാഹചര്യത്തില്‍
ദുര്‍ബല മനസ്സില്‍
നിന്നൊഴുകുന്നധര്‍മ്മസമരത്തിന്‍
ഈണങ്ങളാണ്‌കവിത
സ്‌നേഹംദാഹിക്കുന്ന
ഹൃദയങ്ങളില്‍ മോഹങ്ങള്‍ദഹിപ്പിച്ച
അഗ്നി കുണ്‌ഡങ്ങളില്‍ദയാദാക്ഷണ്യമായ്‌ പൊഴിയുന്നസ്‌ഫുലിംഗങ്ങളാണ്‌ കവിത
വേര്‍പാടുകള്‍ ഹൃദയപ്പച്ചപ്പ്‌
കാര്‍ന്നുതിന്നുമ്പോള്‍ഒരു സംഗീര്‍ത്തനമായി
ചിരിക്കുന്ന പൊന്‍പുഷ്‌പമാണ്‌
കവിതഅപക്വ മനസ്സിനെ
പൂശകര്‍കൊത്തിവലിക്കുമ്പോള്
‍അവര്‍ക്ക്‌ സായൂജ്യം നല്‍കും
പച്ചപ്പുല്‍ മേടുകളാണ്‌കവിതഊര്‍വരത തേടും പഥികന്‌മരുപ്പച്ചയാണ്‌കവിത
ശകാരങ്ങള്‍ ക്രൂരമ്പുകളായ്‌പെയ്യും
ആര്‍ദ്രതാ പരിചയായ്‌നില്‍ക്കുന്ന
സുന്ദരസങ്കല്‍പമാണ്‌കവിത... കവിത
-നിബ്ബ്‌,ചന്ദ്രിക വാരാന്തപ്പതിപ്പ്‌

3 comments:

mary lilly said...

പ്രിയ കുഞ്ഞിക്കണ്ണന്‍,

ഇന്നാണ് താങ്കളുടെ ബ്ലോഗ്‌
ആദ്യമായി കാണുന്നത്.
ഇപ്പോള്‍ എവിടെയാണ്?
ചന്ദ്രികയില്‍ തന്നെയാണോ?

കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ said...

അതെ. താങ്കള്‍ ഇപ്പോള്‍ എവിടെയാണ്‌. ജന്മം ഇവിടെ എരിഞ്ഞും പുകഞ്ഞും തീരുന്നു. ബ്ലോഗ്‌ താങ്കളുടെ ശ്രദ്ധയില്‍ പതിഞ്ഞതില്‍ സന്തോഷിക്കുന്നു. നന്ദി.

mary lilly said...

http://wwww.kaivella.blogspot.com
http://www.marylillyentekaazhchakal.blogspot.com

ഇതാണ് എന്‍റെ ബ്ലോഗ്‌ അഡ്രസ്‌.
ഞാന്‍ ഇപ്പോള്‍ കൊച്ചിയില്‍ ആണ്