മലയാളസിനിമയില്‍ വില്ലന്‍ വേഷത്തിന് പ്രേക്ഷകമനസ്സില്‍ ഇടംനേടിക്കൊടുത്ത നടനാണ് രാജന് പി. ദേവ്. ഇന്ദ്രജാലം എന്ന സിനിമയിലെ കാര്‍ലോസിലൂടെ മലയാളിക്ക് പുതുമ നിറഞ്ഞ വില്ലന്മുഖം കാഴ്ചവെക്കുകയായിരുന്നു രാജന് പി. ദേവ്. നാടകരംഗത്തുനിന്നും സിനിമയിലെത്തിയ ഈ നടന് അരങ്ങിലെന്നപോലെ സിനിമയും അഭിനയിച്ചു കീഴ്പ്പെടുത്തി. കാട്ടുകുതിര എന്ന നാടകത്തിലെ കൊച്ചുവാവ അരങ്ങില്‍ ഉണര്‍ത്തിയ നവീന ഭാവുകത്വം കാഴ്ചയുടെ ഉത്സവവും അഭിനയത്തിന്റെ പാഠപുസ്തകവുമാണ്.
ഇന്ദ്രജാലത്തിലെ കാര്ലോസു രാജന് പി.യുടെ കരിയറില്‍ മാത്രമല്ല, തെന്നിന്ത്യന്‍ സിനിമയില്‍ തന്നെ വേറിട്ടൊരു മാനറിസത്തിന് തുടക്കമിട്ടു. കമ്മിഷണര്‍, കുടുംബവിശേഷം, രൗദ്രം, നാട്ടുരാജാവ്, അലിഭായ്, മായാബസാര്‍, ഐ.ജി., കയ്യെത്തും ദൂരത്ത്, പട്ടണത്തില്‍ ഭൂതം, സി.ബി. ഐ. ഡയറിക്കുറിപ്പ്, കരുമാടിക്കുട്ടന്, ദാദാസാഹിബ് എന്നിങ്ങനെ നൂറ്റമ്പതിലധികം ചിത്രങ്ങളില്‍ രാജന്. പി. അഭിനയിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ തലയെടുപ്പുള്ള കഥാപ്രത്രങ്ങളില്‍ ശോഭിച്ച രാജന്. പി. ദേവ് നാടകനടനും സംവിധാകനുമാണ്. തെലുങ്കില്‍ നായകനെക്കാള്‍ പ്രാധാന്യം പ്രേക്ഷകരില്‍ നിന്നും തന്റെ വില്ലന്‍വേഷത്തിന് ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. നാടകത്തെ ഉള്ളില്‍ കൊണ്ടുനടക്കുകയും ചലച്ചിത്രത്തിലെ മാറ്റങ്ങളെ കണ്‍തുറന്ന് നേര്‍ക്കുകയും ചെയ്ത് രാജന്. പി ടൈപ്പ് കഥാപാത്രങ്ങളില്‍ നിന്നും വിടുതല്‍ നേടാന്‍ ശ്രമിച്ചിരുന്നു. ക്രൂരനായ പോലീസ് ഉദ്യോഗസ്ഥനായും, തന്ത്രശാലിയായ ബിനിനസ്സുകാരനായും രാഷ്ട്രീയക്കാരന്റെ വേഷത്തിലും ഈ നടന് വരുമ്പോള്‍ പല സന്ദര്‍ഭത്തിലും തിരശ്ശീലയില്‍ വിസ്മയം തീര്‍ത്തിരുന്നു. സ്ഫടികത്തിലെ മണിമല വക്കച്ചനും, തൊമ്മനും മക്കളിലെ തൊമ്മനും ഛോട്ടാമുംബൈയിലെ പാമ്പ് ചാക്കോച്ചനും നാദിയ കൊല്ലപ്പെട്ട രാത്രിയിലെ മയില്‍വാഹനം കതിശേനും രാജന് പി. യുടെ മികച്ച വേഷങ്ങളാണ്.
തമിഴില്‍ നാങ്കള് എന്ന സിനിമയിലൂടെയാണ് രാജന്. പി. അരങ്ങേറ്റംകുറിച്ചത്. വസന്തകാല പറവൈയിലെ അഭിനയംകൊണ്ട് തമിഴിലെ സ്ഥിരം വില്ലന്‍വേഷത്തിന് എതിരെഴുത്ത് നടത്തി. ശിവാജിഗണേശന് ഉള്‍പ്പെടെയുള്ള നടനകുലപതികളുമായി ദൃശ്യപഥത്തില്‍ മാറ്റുരയ്ക്കാന്‍ ചേര്‍ത്തലയുടെ നാടകപാടവം രാജന്. പി.ക്ക് ബലംനല്‍കി. ശരീരഭാഷയും കനത്തശബ്ദവും ഏതുരസവും വിരിയിച്ചെടുക്കാന്‍ സാധിക്കുന്ന മുഖഭാവവും രാജന്. പി.യുടെ സവിശേഷതയാണ്. ചുവന്ന കണ്ണിലെ ചിരിയില്‍ ക്രൂരതയ്ക്കുപോലും ആകര്‍ഷണീയതയേറിയിരുന്നു. ദാര്‍ഢ്യം കലര്‍ത്തി, ഊന്നിനില്ക്കുന്ന വാചകങ്ങള്‍ കഥാപാത്രത്തിന്റെ ശക്തി പ്രേക്ഷകമനസ്സില്‍ ആഞ്ഞുപതിപ്പിക്കാന്‍ ദേവിന് സഹായകമായിരുന്നു.
വില്ലന്‍ സങ്കല്പത്തിന് ഇടപെടലിന്റെ ജാഗരൂകതയിലൂടെ ഈ നടന് പുതുമ വരച്ചുചേര്ത്തുകൊണ്ടിരുന്നു. തൊമ്മനും മക്കളും, ഛോട്ടാമുംബൈ പോലുള്ള സിനിമയില്‍ നന്മയുടെ നിറവിലേക്ക് ഇറങ്ങിനില്ക്കുകയും ഹാസ്യചേരുവയില് തന്റേടിത്തത്തിന്റെ കനത്തശബ്ദം കേള്‍പ്പിക്കുകയും ചെയ്തു. അനിയന് ബാവ ചേട്ടന്‍ബാവ എന്ന ചിത്രത്തില്‍ മികവുറ്റ ഹാസ്യനടന്റെ ഭാവുകത്വങ്ങള്‍ അവതരിപ്പിച്ചു. നടന്, ഗാനരചയിതാവ്, സംഗീതസംവിധായകന് തുടങ്ങിയ നിലകളിലും രാജന്. പി. ദേവിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. അച്ചാമ്മക്കുട്ടിയുടെ അച്ചായന് എന്ന ചിത്രവും സംവിധാനം ചെയ്തു.
ഇരുപതുവര്‍ഷത്തിലേറെ അരങ്ങിലും വെള്ളിത്തിരയിലും സജീവമായി നിന്ന രാജന്. പി. ദേവിന് രണ്ടു തവണ നാടകാഭിനയത്തിന് സംസ്ഥാന പുരസ്കാരം ലഭിച്ചിട്ടുണ്ട്. അഭിനയകലയുടെ ബഹുവിധമാനങ്ങള്‍ അനായാസമായി കൈകാര്യം ചെയ്ത ഈ നടന് എന്‍. എന്‍. പിള്ള, എസ്. എല്‍. പുരം തുടങ്ങിയവരുടെ നാടകങ്ങളില്‍ കരുത്തുറ്റ വേഷങ്ങളിലൂടെയാണ് തിളങ്ങിയത്. അഭിനയകലയുടെ രസതന്ത്രം തീര്‍ത്ത രാജന് പി. ദേവ് മലയാളസിനിമയുടെയും നാടകത്തിന്റെയും ചരിത്രവിഹിതത്തില്‍ തിളങ്ങിനില്ക്കും.-ചന്ദ്രിക 30/7/2009
2 comments:
oo.comചന്ദ്രികയില്‍ പത്തുമിനുട്ട് മുമ്പ് ഇത് വായിച്ചതേയുള്ളൂ.
കുറിപ്പ് നന്നായി... നിബ്ബും വളരെ നന്ന്, ആശംസകളോടെ.
താങ്കള്‍ വായിച്ചു എന്നറിയുന്നതില്‍ സന്തോഷം.
Post a Comment