Friday, July 10, 2009

ഡൈ ചെയ്‌ത വാക്കുകള്‍

‍ഇണയിലുള്ളം രമിച്ചു നിശീഥത്തില്‍/ പ്രണയഗാനമുണര്‍ന്നിതെന്നാത്മാവില്‍/ കനകദീപ്‌തിയില്‍ പൊതിഞ്ഞതന്‍/ പ്രണയലേഖനം തന്നൂ പുലരികള്‍- എന്നിങ്ങനെ പി. കുഞ്ഞിരാമന്‍ നായര്‍ എഴുതിയിട്ടുണ്ട്‌ (ഭര്‍ത്തൃഗ്രഹത്തിലേക്ക്‌ എന്ന കവിത). പ്രണയമനസ്സ്‌ ആയിരം തിരികളായ്‌ വിളയുന്ന കവന സിദ്ധിയാണ്‌ പി. കുഞ്ഞിരാമന്‍ നായര്‍ അടയാളപ്പെടുത്തിയത്‌. അസൂയാവഹമായ സൗന്ദര്യത്തിലൂന്നി തൊട്ടതെല്ലാം പൊന്നാക്കുന്ന എഴുത്തിന്റെ മാസ്‌മരവിദ്യയാണത്‌. മലയാളത്തിലെ പുതുകവികളുടെ വിരല്‍ത്തുമ്പില്‍ നിന്നും ചോര്‍ന്നുപോകുന്നതും മറ്റൊന്നല്ല. പലരുടെയും പേന കൂടുതുറന്നുവിട്ട കോഴികളെപ്പോലെ മതിലും തൊടിയും ചാടി കണ്ടതെല്ലാം കൊത്തിവിഴുങ്ങുന്നു. വാക്കുകള്‍ അടുക്കും ചിട്ടയുമില്ലാതെ പുറത്തുചാടുന്നു.

കവികള്‍ ഗൗരവക്കാരാവാനും സ്വയം മറന്ന്‌ ആശയങ്ങള്‍ ആവിഷ്‌കരിക്കാനും വാള്‍ട്ട്‌ വിറ്റ്‌മാന്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്‌. സ്വയം മറന്ന്‌ ആശയങ്ങള്‍ അവതരിപ്പിക്കാനുള്ള കഴിവാണ്‌ എഴുത്തിന്റെ സൗന്ദര്യത്തിന്‌ മാറ്റുകൂട്ടുന്ന ഘടകങ്ങളിലൊന്ന്‌. കഴിഞ്ഞ ആഴ്‌ചയില്‍ മലയാളത്തിലെ വിവിധ ആനുകാലികങ്ങളില്‍ എഴുതി നിറഞ്ഞവരുടെ നിരയില്‍ ഡി. വിനയചന്ദ്രന്‍, പി. കെ.ഗോപി, കെ. സി. മഹേഷ്‌, രാധാകൃഷ്‌ണന്‍ എടച്ചേരി, ശിവകുമാര്‍ അമ്പലപ്പുഴ, നാസര്‍ കൂടാളി, ടി. പി. അനില്‍കുമാര്‍, ശ്രീകുമാര്‍ കരിയാട്‌, ശാന്തി ജയകുമാര്‍, സി. എസ്‌. ജയചന്ദ്രന്‍ തുടങ്ങിയവരുണ്ട്‌. ``പ്രണയം ഒരു ഉമിനീരായി കാണുവോരുടെ'' ഇടയില്‍ നിന്നും ഡൈ ചെയ്‌ത പ്രണയകവിതകള്‍ വീണ്ടും അച്ചടിമഷി പുരളുന്നു.

ഡി. വിനയചന്ദ്രന്റെ രണ്ടു കവിതകളുണ്ട്‌. പ്രണയകമ്പളം നിവര്‍ത്തുന്ന ?മീനം പ്രണയത്തിന്റെ പ്രസ്സ്‌ റിലീസ്‌'' (മലയാളം-ജൂലൈ10), കവിതയില്‍ കാലം കുറുകിവരുന്ന ചിത്രം വരയ്‌ക്കാന്‍ ശ്രമിക്കുന്ന മീന്‍കൂമന്‍ ഡോക്യുമെന്ററി (മാധ്യമം ജൂലൈ13). അള്‍ട്രാവയലറ്റ്‌ രശ്‌മികളെ അതിജീവിക്കുന്ന/ ബാക്‌ടീരിയകളെ കേള്‍ക്കാത്ത പ്രേമ/ ശൂന്യാകാശത്ത്‌ അടര്‍ന്നു വീണ അക്ഷരത്തെറ്റുകള്‍ക്കിടയില്‍/ ഒളിച്ചു താമസിക്കണം/സ്വപ്‌നം എന്റെ വീട്ടിലേക്കു തന്നെ മടങ്ങി/ എന്നെ വായിക്കുന്ന പുസ്‌തകത്തില്‍ ഭയമില്ലാതെ ഇരുന്നു''. വിഷയം പ്രണയവും കാലവുമാണെന്ന്‌ കരുതി എന്തും കുത്തിനിറയ്‌ക്കുന്ന ഭാണ്‌ഡം പോലെയാണ്‌ വിനയചന്ദ്രന്റെ കവിത. ശിവകുമാര്‍ അമ്പലപ്പുഴ എഴുതി: ഇടമുറിയാത്ത മഴയുടെ/ ഇറവെള്ളത്തില്‍/ ഇടമുറിഞ്ഞ അര്‍ത്ഥങ്ങളുണ്ട്‌- (മഴനീര്‍ സംഭരണി- മലയാളം ജൂലൈ10). പി. കെ. ഗോപി വൃകോദര''ത്തില്‍ വരച്ചുചേര്‍ത്തത്‌: വൃകോദരങ്ങള്‍/ ചിറിനക്കി തുടച്ച്‌/ രാവെളുക്കും മുന്‍പ്‌ സ്ഥലംവിട്ടു- (മലയാളം ജൂലൈ 10). ശിവകുമാറും ഗോപിയും തെറ്റിദ്ധാരണകളില്‍ അകപ്പെട്ട്‌ അകം മാത്രമല്ല പുറവും കാണാത്ത പരുവത്തിലാണ്‌.

'പട്ടി ബ്രാന്റ്‌ ജീന്‍സിട്ടു നീ 'എന്ന രചനയില്‍ ശ്രീകുമാര്‍ കരിയാട്‌ പറയുന്നു: കണ്ണടച്ഛന്‍മുനി/ യപ്പുറമിരിക്കുന്നു/ കണ്ണടച്ചു ഞാന്‍ രുചി/ ലോകത്തെയറിയുന്നു- (മാധ്യമം, ജൂലൈ 13). കെ. സി. മഹേഷ്‌ മാതൃഭൂമിയിലെഴുതി: രാത്രി പറന്നുപോകുന്നതും/ മാനം തെളിയുന്നതും/ ഒരു വാതില്‍ തുറന്നുകിട്ടും പോലെയാണ്‌- (ഇരിപ്പ്‌ എന്ന കവിത). അടയിരിക്കുന്ന കിളിയെപ്പോലെയാണ്‌ രാത്രി എന്ന്‌ മഹേഷ്‌. ശ്രീകുമാറിന്റെയും മഹേഷിന്റെയും രചനകള്‍ക്ക്‌ ഗൗരവമുള്ള വായനാലോകത്ത്‌ കടന്നിരിക്കാനുള്ള കഴിവില്ല. ന്യൂസ്‌പ്രിന്റുകള്‍ക്ക്‌ ഭാരമാണിവ.

നാസര്‍ കൂടാളിയുടെ 'ആ മരത്തേയും കണ്ടു ഞാന്‍' (ആഴ്‌ചവട്ടം, തേജസ്‌- ജൂലൈ 5) യാത്രയില്‍ തെളിയുന്ന ഓര്‍മ്മകള്‍ ചേര്‍ത്തുവയ്‌ക്കുന്നു. ``കുഞ്ചിയമ്മ നട്ടുനനക്കുന്ന/ ആ ഐശ്വര്യത്തെ/ ഇലകളില്ലാത്ത ശാഖി കൊണ്ട്‌/ മകള്‍ വരഞ്ഞ ആദ്യ മരത്തെ/ ഓരോ യാത്രയിലും അതെന്നെ ഓര്‍മ്മിപ്പിക്കും''. ഒറ്റ മരവുമില്ലാത്ത വീടിന്റെ ടെറസ്സില്‍ ഒരു ബോണ്‍സായ്‌ മരമായ്‌ ഓര്‍മ്മകള്‍ സൂക്ഷിച്ചുവയ്‌ക്കുകയാണ്‌ നാസര്‍. രാധാകൃഷ്‌ണന്‍ എടച്ചേരിയുടെ രണ്ടു കവിതകള്‍ (ദേശാഭിമാനി വാരിക- ജൂലൈ 12), യാഥാര്‍ത്ഥ്യം (വര്‍ത്തമാനം ആഴ്‌ചപ്പതിപ്പ്‌ ജൂലൈ5). ``ഒന്നാമത്തെ കാല്‍വയ്‌പ്പില്‍ മുത്തശ്ശിയുടെ ചെല്ലവും/ രണ്ടാമത്തെ കാല്‍വയ്‌പ്പില്‍ മുത്തശ്ശന്റെ ചാരുകസേരയും/ തട്ടിയെടുത്ത വാമനാ/മൂന്നാമത്തെ കാല്‍വയ്‌ക്കാന്‍ ഇവിടെ/ ഒരു ശിരസ്സുപോലുമില്ലല്ലോ (രണ്ടുകവിതകള്‍-അധിനിവേശം). വൈയക്തികവും സാമൂഹ്യവുമായ രണ്ടുമുഖങ്ങളുണ്ട്‌ രാധാകൃഷ്‌ണന്റെ രചനയില്‍. മനുഷ്യന്റെ അപരാധബോധത്തിലേക്ക്‌ ഉള്ളുണര്‍ത്തുകയാണ്‌ എഴുത്തുകാരന്‍. ഇല്ലം ചാടിക്കടക്കുന്നവന്റെ മുന്നില്‍ ലക്ഷ്യമേയുള്ളൂ. അനിധിവേശത്തിന്റെ നഖചിത്രമാണിത്‌.

സി. എസ്‌. ജയചന്ദ്രന്‍ `പലിശക്കാരന്റെ പാട്ട്‌' എന്ന കാവ്യരൂപത്തില്‍: ``മുട്ടു ന്യായങ്ങളും/ നീളുമവധിയും ഒട്ടുമേ വേണ്ടെടോ''- (ദേശാഭിമാനി, ജൂലൈ12). 'കെട്ടുകാഴ്‌ച'യില്‍ ശാന്തി ജയകുമാര്‍ പ്രാര്‍ത്ഥിക്കുന്നു:'' നടവഴിപ്പന്തല്‍ തീരുന്നു/ ഈശ്വരന്‍, ഉടല്‍വെടിഞ്ഞന്യമാകുന്നു/ നിങ്ങളും, പഴയബിംബവും ഞാനുമേകാകികള്‍''- (കലാകൗമുദി, ജൂലൈ 12). ജയചന്ദ്രന്റെയും ശാന്തി ജയകുമാറിന്റെയും വരികള്‍ പകര്‍ച്ചവ്യാധികളാണ്‌. സൂക്ഷ്‌മതയോടെ ചെയ്‌തെടുക്കുന്ന പ്രക്രിയയാണ്‌ കവിത. ആറ്റൂര്‍ രവിവര്‍മ്മ ഓര്‍മ്മിപ്പിക്കുന്നു: കണ്ണടച്ചാലും തുറന്നാലും/ ഒന്നുപോലായോരിരുട്ടത്ത്‌/ പറഞ്ഞതുതന്നെ പറയുന്നു/ പെരുമഴ നിര്‍ത്താതെന്‍ കാതില്‍''-( പിറവി).

കവി വീക്ഷണത്തിന്റെ തിളക്കം പതിഞ്ഞുനില്‍ക്കുന്ന രചനയാണ്‌ ടി. പി. അനില്‍കുമാറിന്റെ സെമിത്തേരിയിലെ നട്ടുച്ച''.-കല്ലറയില്‍ പനിനീര്‍പ്പൂക്കള്‍ വെച്ച്‌/ കുനിഞ്ഞുമ്മ വെക്കുമ്പോള്‍/ ചുട്ടുപൊള്ളുന്ന സിമന്റ്‌/ നിന്റെ ചുണ്ടുകളോട്‌/ പറഞ്ഞതെന്താണ്‌- (മാധ്യമം- ജൂലൈ 13). നിഴലുകള്‍ അവനവനിലേക്ക്‌ മാത്രം നീളുകയോ, ചുരുങ്ങുകയോ ചെയ്യുന്ന സ്ഥലമെന്ന്‌ സെമിത്തേരിയെ കവി പേരിട്ടു വിളിക്കുന്നു.

സൂചന: ജോണ്‍ ഹോളന്‍ഡര്‍ക്കും പി. കുഞ്ഞിരാമന്‍ നായര്‍ക്കും-സൗവര്‍ണ്ണരാജിയിലൂടെ ഒരു അര്‍ത്ഥാന്വേഷണമാണ്‌ പ്രണയകവിത. ഡി. വിനയചന്ദ്രന്‌ ജീവനില്ലാത്ത ഡൈ ചെയ്‌ത വാക്കുകളും.

പുതുവഴി
പുതുവഴിയില്‍ അഞ്ച്‌ രചനകള്‍ ഉള്‍പ്പെടുത്തി. ഇ. ജി. സ്വരൂപിന്റെ നിസ്സഹായത, ശകീല്‍ കരിപ്പൂരിന്റെ കണ്ണ്‌, അല്‍ത്വാഫിന്റെ ശ്വസിക്കരുത്‌, മുഹമ്മദ്‌ മുസ്‌തഫയുടെ പാതകം, സാലിം യു. വി. യുടെ മഴത്തുള്ളിയോട്‌ എന്നിവ. ജീവിതത്തിന്റെ അര്‍ദ്ധപ്രകാശ വിതാനങ്ങള്‍ പുതുവഴിക്കാരുടെ വാങ്‌മയങ്ങളില്‍ തെളിഞ്ഞു വരുന്നുണ്ട്‌. നിസ്സഹായതയില്‍ സ്വരൂപ്‌ ഇടംതേടലിന്റെ വേലിപ്പടര്‍പ്പുകള്‍ അടുക്കിവയ്‌ക്കുന്നു. പക്ഷേ ഇഴയടുപ്പമില്ല സ്വരൂപിന്റെ രചനയില്‍. ആര്‍ദ്രതയുടെ ഷട്ടര്‍ ഇടയ്‌ക്കിടെ പൊട്ടിയൊലിക്കുന്ന കണ്ണിന്റെ ചിത്രമാണ്‌ ശകീല്‍ കരിപ്പൂര്‍ എഴുതിയത്‌. ആശയങ്ങള്‍ക്ക്‌ പിറകെ പോകുമ്പോള്‍ കവിത തളര്‍ന്നുപോയത്‌ ശകീല്‍ അറിയുന്നില്ല. ഓര്‍മ്മ ചിത്രങ്ങളെല്ലാം ചിതലെടുത്തുപോയതിലാണ്‌ അല്‍ത്വാഫിന്‌ പ്രയാസം. ഇനിയും ജീവിതത്തില്‍ തൂത്തുവാരാനുണ്ടെന്ന്‌ എഴുത്തുകാരന്‍ തിരിച്ചറിയേണ്ടതുണ്ട്‌. രണ്ടു പേര്‍ മഴ എഴുതുന്നു. മുഹമ്മദ്‌ മുസ്‌തഫയും സാലിമും. മനുഷ്യനായി പിറക്കാതിരിക്കാനാണ്‌ മുഹമ്മദ്‌ മുസ്‌തഫയുടെ ശപഥം. ബാഷ്‌പമായ്‌ ഉയര്‍ന്നുപോകാന്‍ സാലിം മഴത്തുള്ളിയോട്‌ പറയുന്നു. ഈ എഴുത്തുകാര്‍ക്ക്‌ മണ്ണില്‍ നില്‍ക്കാന്‍ മോഹമില്ല. എന്നാല്‍ വിണ്ണിലൂടെ പറക്കാനും കഴിയുന്നില്ല. എഴുത്തിന്റെ വയക്കമില്ലായ്‌മതന്നെ പ്രശ്‌നം. കടമ്മനിട്ടയുടെ ഈ വരികള്‍: ഇല്ല നമുക്കായൊരു സന്ധ്യ, രാപ്പാതി/ യല്ലാതെ മറ്റൊന്നുമില്ലെന്നെന്നിരിക്കിരിക്കിലും/ വിസ്‌മയം പോലെ ലഭിക്കും നിമിഷത്തി/ ന്നര്‍ത്ഥം കൊടുത്തു പൊലിപ്പിച്ചെടുക്ക നാം- (ശാന്ത എന്ന കവിത). എഴുതിത്തുടങ്ങുന്നവര്‍ക്കും ബാധകമാണ്‌.

കവിതകള്

‍നിസ്സഹായത
ഇ. ജി. സ്വരൂപ്‌, വടകര
മഞ്ഞുതുള്ളി
സൂര്യപ്രകാശത്തിനോട്‌
പരിഭവിച്ചുനീ കനിഞ്ഞു നല്‍കിയ
എന്റെയീ തിളക്കം
നിന്റെ കാപട്യമാണ്‌
അതോടൊപ്പം
നീയെന്റെ
മരണവും ആഗ്രഹിക്കുന്നു
സന്ധ്യ
അവള്‍
എത്ര സുന്ദരിയാണ്‌പക്ഷേ,
അവളുടെ നെറ്റിയില്‍കാണുന്ന സിന്ദൂരം
എന്റെ രക്തമാണെന്ന്‌
നിനക്കറിയാമോതന്റെ
നിസ്സഹായത വെളുപ്പടുത്തിസൂര്യന്‍മറഞ്ഞു.
തിളക്കംനഷ്‌ടപ്പെട്ടമഞ്ഞുതുള്ളി
ഇലയില്‍ നിന്നുംഭൂമിയിലേക്ക്‌
ചാടിആത്മഹത്യചെയ്‌തു.

കണ്ണ്‌
ശകീല്‍ കരിപ്പൂര്‍(ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ അക്കാദമി, ചെമ്മാട്‌)ആഗ്രഹങ്ങളുടെ
മൂര്‍ദ്ധന്യശിഖരങ്ങളില്‍നുരഞ്ഞ്‌
പതഞ്ഞ്‌ഇരമ്പിയൊഴുകുന്ന വികാരങ്ങള്‍ക്ക്‌ഒരണക്കെട്ടാണ്‌കണ്ണ്‌.
ഉള്ളിലൊതുങ്ങാത്ത ചിലസ്വപ്‌നഭാരം തികട്ടുമ്പോള്‍സന്തോഷത്തിന്റെ
സന്താപത്തിന്റെആര്‍ദ്രതയുടെ
ഷട്ടറുകള്‍ഇടക്കിടെ
പൊട്ടിയൊലിക്കുന്നു.

ശ്വസിക്കരുത്‌
അല്‍ത്വാഫ്‌ റഹ്‌മാന്‍, പതിനാറുങ്ങല്
‍പ്രായം ചുളിച്ച
ഹൃദയധമനികളില്‍
നഷ്‌ടബോധത്തിന്റെ
നിശ്വാസങ്ങള്‍നര പിടിച്ചെടുത്ത
തലമുടിയില്‍തിരിച്ചറിവിന്റെ
നേര്‍രേഖകള്‍പ്രാണന്‍ പിരിഞ്ഞ
ഹൃദയാന്തരത്തില്
‍പ്രണയം കൊഴിഞ്ഞ
ബാല്യസ്‌മൃതികള്‍പുരികം ചുറ്റിയ
വാല്‍ക്കണ്ണില്‍വിരഹദു;ഖത്തിന്റെ
കരിങ്കൊടികള്‍പീലി കൊഴിഞ്ഞ
കണ്‍തടത്തില്‍മഴയായ്‌ പൊഴിയും
വിലാപകണങ്ങള്
‍പല്ലടര്‍ന്ന വായയ്‌ക്കുള്ളില്‍
തുരുമ്പെടുത്ത പ്രേമമൊഴികള്‍തകര്‍ന്ന
മനസ്സിന്‌ അകത്തളത്തില്‍നിശ്ശബ്‌ദ നിലവിളികള്‍
ഇന്നാണിതെല്ലാമൊന്ന്‌
തൂത്തുവാരിയത്‌ചിതലെടുത്തയെന്നോര്‍മ്മ ചിത്രങ്ങളെ.

പാതകം
മുഹമ്മദ്‌ മുസ്‌തഫ കെ.ടി.
തലേന്ന്‌പെയ്‌ത മഴയെ
ചീത്ത വിളിച്ചതിലുംപ്രകൃതിയുടെ
മേല്‍കടന്നാക്രമണം
നടത്തിയതിലുംമനോവേദനയുണ്ടെന്നോ?
പുറത്തുപറയണ്ടചെയ്‌തത്‌.
അപരാധം,
മഹാപാതകംമാപ്പു പറയുക,
ശപതം ചെയ്‌ത്‌തൃപ്‌തിപ്പെടുത്തുക
മനുഷ്യജന്മം പുല്‍കില്ലെന്ന്‌.

മഴത്തുള്ളിയോട്
‌സാലിം യു. വി. വേങ്ങര(സി. എം. മഖാം കോളജ്‌, മടവൂര്‍)പരിശുദ്ധമാം മഴത്തുള്ളീ
ദൈവസന്നധിയില്‍ നിന്നും
വിരുന്നു വന്ന നിന്റെ ഉള്ളത്തിലുള്ള
ഉദ്ദേശ്യംതമ്മില്‍ തല്ലലും ചീത്തപറയലുംപതിവാക്കിയവര്‍,
അവരൊഴുകിയ
രക്തത്തിന്‍ കറകളെ
കഴുകിവെടിപ്പാക്കാന്‍ എത്തിയതാണോ നീ
അതോ,അവരുടെ കരങ്ങളാല്‍ പിടഞ്ഞ്‌ വീണുഅന്ത്യവിശ്രമത്തിലായിടും
അപരാധികളെന്ന്‌
മുദ്രകുത്തിയനിരപരാധികളുടെ
ശവക്കല്ലറയില്‍സാന്ത്വനച്ചെടികള്‍ക്ക്‌
ജന്മമേകാന്‍സാമാധാന ഗീതം
ചൊല്ലീടുവാന്‍വന്നണയുകയാണോ നീ..
വരള്‍ച്ചയില്‍ കുടുങ്ങി
കഷ്‌ടതയില്‍ മുങ്ങിഒരു തുള്ളി
പുതുമഴയും കാത്തിരിക്കുന്നക്രൂരനാം
മനുഷ്യന്റെ കിണറുകളില്‍വിശ്രമം
കൊതിച്ച്‌ വന്നതാണോ നീ..
അരുത്‌ മഴത്തുള്ളീ അത്‌ ചെയ്യരുത്‌ദയവായി
അവര്‍ക്ക്‌ മുന്നില്‍ കണ്‍തുറക്കരുത്‌.
എന്തിനീ മണ്ണില്‍ വിരുന്നു വന്നുവിശ്രമം
നിനക്ക്‌ ആവശ്യമെങ്കില്‍ആ
ചേമ്പിന്റെ കുമ്പിളില്‍ ഇരുന്നിടൂ.
ബാഷ്‌പമായി മാറിടൂ.
-ചന്ദ്രിക വാരാന്തപ്പതിപ്പ്‌

No comments: