`കുഴിച്ചിട്ട ജീവിതത്തിന്റെ നൂലാമാല' എന്നര്‍ത്ഥത്തില്‍ സ്റ്റാന്‍ലി ക്യൂനിറ്റ്‌സ് കവിതയെ വിശേഷിപ്പിച്ചിട്ടുണ്ട്. അനുഭവത്തെ, കാഴ്‌ചയെ പുളിപ്പിച്ച് പിശുക്കിയെടുക്കലിന്റെ കലയാണ് കവിതയെന്ന് വൈലോപ്പിള്ളിയും ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്. പദങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും ചേര്‍ത്തുവെയ്‌ക്കുന്നതിലും കവികള്‍ സൂക്ഷ്‌മത പുലര്‍ത്തണമെന്ന് സാരം. പുറത്തിരിക്കുന്നവരുടെ അകത്തിരിക്കുന്നതെന്തെന്ന അന്വേഷണമാണ് കവിതയുടെ വഴികളിലൊന്ന്. എഴുത്തിന്റെ അകമന്വേഷിക്കുമ്പോള്‍ അനുഭവങ്ങള്‍ വായനക്കാരോട് സംസാരിക്കുന്നു. കവിയുടെ ഭാവന, യുക്തി, സങ്കല്‍പം, സങ്കല്‍പനം തുടങ്ങിയവയിലൂടെ ജീവിതത്തിന്റെ കണ്ണാടികള്‍ ആഴത്തില്‍ നോക്കുമ്പോള്‍ മാത്രമാണ് കവിത അതെന്താണോ; അതിനുമപ്പുറത്തേക്ക് നമ്മെ നടത്തിക്കുന്നത്. കാവ്യകലയുടെ വിശാലതയിലേക്ക് ഇറങ്ങിനില്‍ക്കാന്‍ സാധിക്കുന്നില്ല എന്നതാണ് മലയാളത്തിലെ പുതുകവികളുടെ പരിമിതികളിലൊന്ന്.
അക്ഷരങ്ങള്‍ കൂട്ടിയെഴുതാന്‍ മാത്രമായി കവിത കണ്ടെടുക്കുന്നവരുടെ നീണ്ടനിര തന്നെ മലയാളകവിതയുടെ മുന്‍നിരയിലുണ്ട്. പുതിയ എഴുത്തുകാര്‍ കവിതയില്‍ പ്രകടിപ്പിക്കുന്ന നിസ്സംഗതയ്‌ക്ക് മികച്ച ഉദാഹരണമാണ് പി. രാമന്റെ ``രണ്ടു കവിതകള്‍''- (മാതൃഭൂമി ആഴ്‌ചപ്പതിപ്പ്-ജൂണ്‍7). ``ഉറങ്ങണം എന്ന് നിര്‍ബന്ധമായതുകൊണ്ട്, ഉറക്കം നഷ്‌ടപ്പെട്ട മുഴുവന്‍ രാത്രികളെയും പുച്ഛിച്ചു തള്ളി'' എന്നിങ്ങനെ രാമന്റെ കവിത വായിച്ചു തുടങ്ങുന്നവര്‍ പിന്തിരിഞ്ഞു നോക്കാന്‍പോലും ധൈര്യമില്ലാതെ ഓടി രക്ഷപ്പെടും. പി. രാമനൊക്കെ കവിത എഴുതുന്നത് പേന കൊണ്ടല്ല, പിക്കാസുകൊണ്ടാണെന്നതിന് ഇതിലും വലിയ തെളിവ് മറ്റൊന്നുവേണോ?
``ആകാശം വേഗം വന്ന്, ഭൂമിയുടെ കണ്ണ് പൊത്തിയതാണ്, വിറങ്ങലിച്ച ദൂര വൃക്ഷങ്ങള്‍, നടക്കാന്‍ മറന്ന, മനുഷ്യരെ ഓര്‍മ്മിപ്പിക്കുന്നു''- (ആവി എന്ന കവിത- ബിജോയ് ചന്ദ്രന്‍, സമയം മാസിക മെയ് 09). ``ചിറകില്ലാത്ത പറവയില്‍, ആകാശത്തിന്റെ ചില്ല, മുളപ്പിച്ചെടുക്കുന്നൊരു സ്വപ്‌നത്തിനിടയില്‍''- നൗഷാദ് പത്തനാപുരത്തിന്റെ ?കൊളസ്‌ട്രോള്‍' എന്ന കവിത.(സമയം മാസിക-മെയ്09). ഈ രചനകള്‍ മനസ്സിരുത്തി വായിച്ചതിനു ശേഷം പ്രസിദ്ധീകരണത്തിന് അയച്ചിരുന്നെങ്കില്‍ കവിതയോട് ഏറെഅടുത്തുനില്‍ക്കാതിരിക്കില്ല.
വ്യവസ്ഥയുടെ മറുപുറം കാഴ്‌ചയിലേക്കുള്ള നിറവാണ് കവിത. വാക്കിന്റെ അര്‍ത്ഥഗരിമയുടെ ആഴക്കാഴ്‌ചയില്‍ എഴുത്തുകാര്‍ വിസ്‌മയിച്ചതും മറ്റൊന്നല്ല. പുതിയ കവിതയെഴുത്തുകാര്‍ക്ക് വാക്കുകള്‍ ഗണിതക്ലാസ്സിലെ അക്കങ്ങളായി മാറുന്നു. സബിത ടി. പി.യുടെ കവിതയില്‍ എഴുതി: : ജയിലിനുള്ളിലേക്ക്, വിപ്ലവംപോലെ മെലിഞ്ഞ്, ചിന്നിച്ചിതറിയെത്തിയ, ഒറ്റയൊറ്റ സൂര്യരശ്‌മികള്‍, അമ്പരപ്പോടെ ചോദിച്ചു.''- (ബിനായക് സെന്നിന്- മാതൃഭൂമി,മെയ് 31). ആലങ്കാരിക സൂചകങ്ങളാവാം. പക്ഷേ, അവ വരച്ചിടുന്ന ഭാവുകത്വം തിരിച്ചറിയുമ്പോഴാണ് എഴുത്തുകാരുടെ മാധ്യമാവബോധം പ്രതിഫലിക്കുന്നത്. സബിതയുടെ രചനയില്‍ ഇല്ലാത്തതും കവിമനസ്സിന്റെ ജാഗ്രതയാണ്.
- ചന്ദ്രിക വാരാന്തപ്പതിപ്പ്
2 comments:
നല്ല ലേഖനം.കവിത പേനകൊണ്ട് കടലാസിലല്ല,മനസ്സ് കൊണ്ട് മനസ്സ് കോണ്ട് മനസ്സിലാണെന്‍ഴുതേണ്ടതെന്ന് കുഞ്ഞുണ്ണി മാഷ്.
നല്ല കാഴ്‌ചപ്പാട്. നന്ദി
Post a Comment