![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgZc-UPDo8WQfCAlYvhNNP390CBWx4ufeXLlq2u6K4lZb9KahyyhyphenhyphenWtpApXYsPGjactgAch73LhKhSP60HKhvpbONibCf-hSekhx1JrivokOxrW7zechEUKOxtZTw5i6wAQ2OCV/s320/padmanaban.jpg)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhaaMmRSy10swWEGTmXCJsu2QPoRXVVQOAbOPpg1RC7kfBUQXPPqz24M1v0ia3RC57q3cb2iWsMm-d9w8XSrxGQRBPMn5wRRh1I0bZI3bI1gE7kiWHKzRWDRXW6dTuX3wqO03o4/s1600/salimkumar.jpg)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgLrKN3Wm4KVCaXrXU9Zb9qHbs3oExglslB_MVGuNp6aFlOlhlJou0JOyKoPwciVxLCmjStM35OHQBZy3sbfsIGwqYwomfhAko3FYGNCcI2ZLGDuFCq0ycDRlme8uiEwWh93PRT/s320/saheera+thangal.jpg)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj3EVEAPwtpXkPzsGq9lJzmQwMypHxknEo-H6-HmrPhv5bM2SgX5fALlbF-pEbylItJjBnvUnl2q6u5sjqFO6P5pj2qFZ4_1xxGkxeRuyaKpEXaYSWtLs0DN08EECOoJ87adFrs/s320/P_N_Gopikrishnan.jpg)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiag9zPARaPw7QJ7WeOgco_6EcqbV2O63JXT9cvXiMLIAnt8AzpGOZYs1dC-yMfZpuCjMljUEtS8YFWsh4MciK3gRo4NFdGqjDVcQGKqtJme765jA3beUzMPYSWfs91tgwQpPO0/s1600/indu-menon.jpg)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjdUuDa_vL0HgDOGeRoEgqKJ4pD5RHbkHTx8T8HqWz_btbrp5jBi1iiLazPP6TMqNG9ImUMQJLUgfpP4B26sGpHLZBuiG88DMgQX9SeROcWsc5ylbIPrIyklfc89Vy8mFC0Cc5w/s1600/indrana.jpg)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg-WFhYNYtlJHE0VRwD_NQ9azfj8D0MBgPytXwl1ufsqDCWbSzvAHcvoL4LcThTs1mPOD-g-ZIgSBUFYHIZh2AjMR0gec9Cf3SQvp9Z8B1_bjOu_mgtqfT42ZHbDqipl_xRSs1V/s1600/anand.jpg)
'ഓര്‍മകള്‍ സൂക്ഷിക്കാനുള്ള പോരാട്ടത്തില്‍ പിന്നീടൊരു നാള്‍ പെട്ടെന്ന്, പരാജിതരായി. എല്ലാം ഇട്ടെറിഞ്ഞ്, അവര്‍ അവിടെ നിന്ന് ഇറങ്ങിപ്പോയി. ധൗളാവീരാ ധൗളാവീരായില്‍ത്തന്നെ കുഴിച്ചു മൂടപ്പെട്ടു. അവരുടെ ഭാഷയും ലിപിയും പിന്നീട്, പഞ്ചാബിലും സിന്ധിലും ഗുജറാത്തിലും രാജസ്ഥാനിലും ഉടലെടുത്ത ഭാഷകളുടെയും ലിപികളുടെയും അടിയില്‍ കുഴിച്ചുമൂടപ്പെട്ടു. കണ്ടെത്തിയിട്ട് മുക്കാല്‍ നൂറ്റാണ്ട് ആകാറായിട്ടും ആര്‍ക്കും ഡിസൈഫര്‍ ചെയ്യുവാന്‍ കഴിഞ്ഞിട്ടില്ലാത്ത അക്ഷരങ്ങളില്‍ എഴുതിയ ഒരു വലിയ സൈന്‍ബോര്‍ഡ് ഉണ്ട് അവിടെ. ഒരു വലിയ ലോകത്തിലേക്കുള്ള ക്ഷണവും. അതിന്റെ താക്കോലും. ദില്ലിയിലെ നാഷനല്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുള്ള അത് പോയി കാണണമെന്ന് ഞാന്‍ മനസ്സില്‍ കുറിച്ചിട്ടു. വെറുതെ കാണുവാന്‍.' എന്നെഴുതി ചേര്‍ത്താണ് ആനന്ദിന്റെ 'വിഭജനങ്ങള്‍' എന്ന നോവല്‍ അവസാനിക്കുന്നത്. ഓര്‍മകളുടെയും ചരിത്രത്തിന്റെയും കലവറ തുറന്നിടുന്ന അകംകാഴ്ചയിലേക്ക് വായനയെ ചേര്‍ത്തുനിര്‍ത്തിയത് പി.എസ് രാധാകൃഷ്ണന്റെ ' രാജ്യത്തെ പ്രവചിച്ച രാഷ്ട്രീയസാഹിത്യം' (മാതൃഭൂമി ആഴ്ചപ്പതിപ്പ്) എന്ന ലേഖനമാണ്. വി.കെ എന്നിന്റെ രചനകളുടെ സവിശേഷതകളിലേക്കാണ് രാധാകൃഷണന്‍ വായനക്കാരനെ നടത്തിക്കുന്നത്.
ചരിത്രവും ഇന്ത്യന്‍ജീവിതവും അപഗ്രഥിച്ച എഴുത്തുകാരനായിരുന്നു വി.കെ എന്‍. ഇന്ത്യന്‍ രാഷ്ട്രീയവും ജീവിതവും വി.കെ.എന്നിനെപോലെ ആഴത്തില്‍ അടയാളപ്പെടുത്താന്‍ സാധിച്ച എഴുത്തുകാര്‍ അധികമില്ല. ലേഖനത്തിലൊരിടത്ത് രാധാകൃഷ്ണന്‍ എഴുതി:”'ഇന്നിപ്പോള്‍ ആരും ഏകവചനത്തില്‍ ചരിത്രം പറയുന്നില്ല. ഒറ്റയടിപ്പാതയിലൂടെയുള്ള പ്രയാണം ഇനി ചരിത്രകഥനങ്ങള്‍ക്ക് അസാധ്യം. രാജകീയം വിട്ട് കഥ ജനകീയമായതോടെ ആഖ്യാനവഴികളില്‍ സംഘര്‍ഷം പെരുകി...ദേശീയരാഷ്ട്രീയ ജീവിതത്തെ പ്രവചിക്കുകയും വരാനിരിക്കുന്ന പരിഹാസ്യ നിമിഷങ്ങളെയോര്‍ത്ത് ചിരിക്കുകയും ചെയ്തു...'. ഒരര്‍ത്ഥത്തില്‍ വി.കെ എന്‍ കൃതികള്‍ അകംപൊള്ളുന്ന ഒരു ചിരിയാണ്. ചരിത്രത്തിലേക്കും വര്‍ത്തമാനത്തിലേക്കും ശാഖകള്‍ നീട്ടിനില്‍ക്കുന്ന വടവൃക്ഷം തന്നെ.
പാലക്കാട്ട് നിന്നും പ്രസിദ്ധീകരിക്കുന്ന ശാന്തം മാസികയിലെ 'സമകാലികം' പംക്തി ശ്രദ്ധേയമാണ്. സാംസ്‌കാരിക വിശകലനം ഒരു ഇടപെടലിനപ്പുറം നിരൂപണദൗത്യമായി സമകാലികം ഏറ്റെടുക്കുന്നുണ്ട്. മാര്‍ച്ച് മാസത്തെ സാംസ്‌കാരികരംഗത്തെ മുരളി എസ് കുമാര്‍, ശ്രീജിത്ത് രാമന്‍ എന്നിവര്‍ അവലോകനം ചെയ്യുന്നു. പുതിയകവികള്‍ വിട്ടുപോകാതെ വായിച്ചിരിക്കേണ്ട ചില കാര്യങ്ങളാണ് സമകാലികം ഓര്‍മപ്പെടുത്തുന്നത്. ' മലയാളത്തില്‍ഒരു വാചകം പോലും തെറ്റു കൂടാതെ എഴുതാന്‍ സാധിക്കാത്തവരാണ് കവികളായി ഞെളിയുന്നത്. കുറെ വരികളെഴുതി അത് നാലായി മുറിച്ചാല്‍ കവിതയാകുമോ?..'(ടി.പത്മനാഭന്‍- കലാപൂര്‍ണ മാസിക, ഫെബ്രുവരി). കഥാകൃത്ത് ടി.പത്മനാഭന്റെ വാക്കുകള്‍ എത്ര ശരിയാണെന്ന് വീണ്ടും വീണ്ടും ചിന്തിപ്പിക്കുന്നു ആനുകാലികങ്ങളില്‍ വന്നുനിറയുന്ന (അ)വിശുദ്ധ കവിതകള്‍'. കഥാകൃത്ത് ടി. പത്മനാഭന്റെയും ശാന്തം മാസികയിലെ ലേഖകരുടെയും പുതുകവിതാ നിരീക്ഷണത്തിന് എത്രമാത്രം കാലിക പ്രസക്തിയുണ്ടെന്ന് ആത്മവിശകലനം നടത്തേണ്ടത് കവികളാണ്. വാക്കുകള്‍ ചേര്‍ത്തെഴുതി എങ്ങനെ കവിത സൃഷ്ടിക്കാം എന്ന ആലോചനയ്ക്കും ഇത്തരം പരാമര്‍ശങ്ങള്‍ സഹായകമാകുമെങ്കില്‍ അത് മലയാളകവിതക്കും ഗുണം ചെയ്യാതിരിക്കില്ല.
അഭിമുഖങ്ങളില്‍ വ്യത്യസ്ത വായനാനുഭവമാണ് ' തൊഴിലിടത്തെ പീഡനം സഹിച്ച് ഇന്ദുമേനോന്‍' (ഇന്ദു മേനോന്‍/ വി ജി നകുല്‍, കലാകൗമുദി, ലക്കം 2119). 'കപ്പലിനെക്കുറിച്ചൊരു വിചിത്ര പുസ്തകം' എന്ന ഇന്ദുമേനോന്റെ പുതിയ നോവലിന്റെ രചനാ പശ്ചാത്തലവും എഴുത്തുകാരിയുടെ നിലപാടുകളും വ്യക്തമാക്കുന്നു. സംഭാഷണത്തിലൊരിടത് ഇന്ദു മേനോന്‍:'വിശക്കുമ്പോള്‍ പലവിധ ആഹാരം പാകം ചെയ്ത് കഴിക്കുന്ന അത്ര ലാഘവത്വത്തോടെ സംഭവിക്കുന്ന ഒന്നല്ല എഴുത്ത്. പത്രാധിപരുടെ ആവശ്യമോ പ്രസാധകന്റെ നിര്‍ബന്ധമോ അല്ല യഥാര്‍ത്ഥമായ എഴുത്തിന്റെ പുറകില്‍. അത് സ്വത്വപ്രകാശനമാണ്...' എഴുത്തിന്റെ സംബന്ധിച്ചുള്ള കാഴ്ചപ്പാടാണ് ഇന്ദുമേനോന്‍ സൂചിപ്പിച്ചത്.
നടന്മാരായ ഇന്ദ്രന്‍സ്, സലിംകുമാര്‍, കവി പി എന്‍ ഗോപീകൃഷ്ണന്‍ എന്നിവരുടെ അഭിമുഖലേഖനങ്ങളും ശ്രദ്ധാര്‍ഹമാണ്. ' എന്റെ രൂപത്തില്‍ നിന്നുണ്ടായ ശബ്ദവും വെളിച്ചവും തന്നെയാണ് ഞാന്‍' (ഇന്ദ്രന്‍സ്/സി.എച്ച് മുഹമ്മദ് തസ്‌നീം, മാധ്യമം ആഴ്ചപ്പതിപ്പ്). ന്യൂജനറേഷനെപ്പറ്റി ഇന്ദ്രന്‍സ് പറയുന്നു:' ഈ അവസ്ഥ എല്ലാ കാലങ്ങളിലും ഉണ്ടായിരുന്നു. ഞാനും ഒരു ന്യൂജനറേഷന്‍ പറയുന്ന കാലത്താണ് വന്നത്. അന്ന് ഇംഗ്ലീഷില്‍ പറഞ്ഞില്ലെന്നേ ഉള്ളൂ. ഞാന്‍ വന്നപ്പോള്‍ എല്ലും തോലും കുഴിഞ്ഞ കണ്ണുകളും കണ്ട് ഒരുത്തന്‍ വന്നിരിക്കുന്നു. ഈ മാലപ്പടക്കം, പൂരപ്പടക്കം അതിപ്പോ തീരും. ഇങ്ങനെയൊക്കെ പറയുമായിരുന്നു.ഓരോരുത്തര്‍ വരുമ്പോള്‍ ഇതിങ്ങനെ പറയും.'- ഇന്ദ്രന്‍സ് ഓര്‍മപ്പെടുത്തിയത് എല്ലാ രംഗത്തുമെന്നതുപോലെ ചലച്ചിത്രത്തിലും സംഭവിക്കുന്നത് സ്വാഭാവികമായ കാര്യങ്ങള്‍ മാത്രമാണെന്നാണ്.
സലിംകുമാറുമായി ഫഹീം ചമ്രവട്ടം നടത്തിയ അഭിമുഖത്തില്‍ (മാടമ്പിത്തങ്ങളുടെ മലയാളസിനിമയും മാറാന്‍ സമയമായിരിക്കുന്നു-മാധ്യമം ആഴ്ചപ്പതിപ്പ്) അവാര്‍ഡുമായി ബന്ധപ്പെട്ട ഒരു പരാമര്‍ശമുണ്ട്.' എന്നെ ഞാനാക്കിയ 'ആദാമിന്റെ മകന്‍ അബു' പിന്നീട് അറിയാതെ ഞാനല്ലാതാക്കുകയും ചെയ്തു. മിമിക്രി ഹാസ്യതാരങ്ങളെ പുച്ഛത്തോടെ കണ്ടിരുന്ന അവാര്‍ഡ് കമ്മിറ്റിയുടെ ശീലങ്ങളെ പൊളിച്ചെടുത്തത് ഒരുപക്ഷേ, എന്നിലൂടെയായിരിക്കും'. അവാര്‍ഡിന്റെ അതിര്‍ത്തിക്കപ്പുറം ഇടം നല്‍കിയവരെ കൂടി പരിഗണിക്കപ്പെടേണ്ടി വന്നു എന്നത് ഈ രംഗത്തെ കലാകാരന്മാര്‍ക്കുള്ള അംഗീകാരം കൂടിയാണ്.
സാഹിത്യഅക്കാദമി അവാര്‍ഡ് ലഭിച്ച കവി പി. എന്‍ ഗോപീകൃഷ്ണന്റെ സംഭാഷണം (നൈതിക പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന കവിത കവിതയല്ല- ഗോപീകൃഷ്ണന്‍/എസ്.കലേഷ്, മലയാളം വാരിക) കവികള്‍ക്കും കവിതാവായനക്കും ചില തുറസ്സുകള്‍ നല്‍കുന്നുണ്ട്. പുതുമക്കുവേണ്ടിമാത്രം ഭാഷ മാറ്റുന്ന പുതിയ കവികള്‍ക്കുള്ള മുന്നറിയിപ്പുകൂടി ഗോപീകൃഷ്ണന്‍ നല്‍കുന്നു:' നാളത്തെ കവിത നമ്മുടെ ബോധ്യത്തിനപ്പുറത്തു നിന്നാണ് തുടങ്ങേണ്ടത്. ഇന്നത്തെ ചീത്ത കവിതപോലും ഇന്നലത്തെ നല്ല കവിതയുടെ ബോധ്യത്തിനപ്പുറത്തു നിന്നേ തുടങ്ങാന്‍ പറ്റൂ. പ്രാദേശിക പ്രയോഗങ്ങളെ ആദര്‍ശവല്‍ക്കരിക്കുന്നത് മാനകഭാഷയെ തള്ളിപ്പറഞ്ഞാവരുത്. മാനകഭാഷ സവര്‍ണ്ണഭാഷയോ, കൂലീനഭാഷയോ അല്ല. അത് ഒരു പൊതുമണ്ഡലമാണ്.'
ഈ ആഴ്ചയിലെ കഥകളില്‍ മികച്ച വായനാനുഭവമാകും തോമസ് ജോസഫിന്റെ 'പ്രിയപ്പെട്ട പുതപ്പുവില്‍പ്പനക്കാരാ' (മലയാളം വാരിക). ' അപ്പോ എല്ലാം പറഞ്ഞതുപോലെ '(പി.എന്‍ വിജയന്‍, ചന്ദ്രിക ആഴ്ചപ്പതിപ്പ്) എന്നിവ. കവിതകളില്‍ രചനാഭംഗിയുള്ളവയാണ് സഹീറാ തങ്ങള്‍ രചിച്ച 'രണ്ടു കവിതള്‍' (മാധ്യമം ആഴ്ചപ്പതിപ്പ്), ഡോ.ദീപാസ്വരന്റെ 'വാക്ക്' (ചന്ദ്രിക ആഴ്ചപ്പതിപ്പ്).
ചന്ദ്രിക വാരാന്തപ്പതിപ്പ്-നിബ്ബ്,2404/2016
കുഞ്ഞിക്കണ്ണന്‍ വാണിമേല്‍
No comments:
Post a Comment