Wednesday, July 29, 2009

ചുവന്നകണ്ണിലെ ചിരി



മലയാളസിനിമയില്‍ വില്ലന്‍ വേഷത്തിന്‌ പ്രേക്ഷകമനസ്സില്‍ ഇടംനേടിക്കൊടുത്ത നടനാണ്‌ രാജന്‍ പി. ദേവ്‌. ഇന്ദ്രജാലം എന്ന സിനിമയിലെ കാര്‍ലോസിലൂടെ മലയാളിക്ക്‌ പുതുമ നിറഞ്ഞ വില്ലന്‍മുഖം കാഴ്‌ചവെക്കുകയായിരുന്നു രാജന്‍ പി. ദേവ്‌. നാടകരംഗത്തുനിന്നും സിനിമയിലെത്തിയ ഈ നടന്‍ അരങ്ങിലെന്നപോലെ സിനിമയും അഭിനയിച്ചു കീഴ്‌പ്പെടുത്തി. കാട്ടുകുതിര എന്ന നാടകത്തിലെ കൊച്ചുവാവ അരങ്ങില്‍ ഉണര്‍ത്തിയ നവീന ഭാവുകത്വം കാഴ്‌ചയുടെ ഉത്സവവും അഭിനയത്തിന്റെ പാഠപുസ്‌തകവുമാണ്‌.


ഇന്ദ്രജാലത്തിലെ കാര്‍ലോസു രാജന്‍ പി.യുടെ കരിയറില്‍ മാത്രമല്ല, തെന്നിന്ത്യന്‍ സിനിമയില്‍ തന്നെ വേറിട്ടൊരു മാനറിസത്തിന്‌ തുടക്കമിട്ടു. കമ്മിഷണര്‍, കുടുംബവിശേഷം, രൗദ്രം, നാട്ടുരാജാവ്‌, അലിഭായ്‌, മായാബസാര്‍, ഐ.ജി., കയ്യെത്തും ദൂരത്ത്‌, പട്ടണത്തില്‍ ഭൂതം, സി.ബി. ഐ. ഡയറിക്കുറിപ്പ്‌, കരുമാടിക്കുട്ടന്‍, ദാദാസാഹിബ്‌ എന്നിങ്ങനെ നൂറ്റമ്പതിലധികം ചിത്രങ്ങളില്‍ രാജന്‍. പി. അഭിനയിച്ചു. മലയാളം, തമിഴ്‌, തെലുങ്ക്‌, കന്നഡ ഭാഷകളില്‍ തലയെടുപ്പുള്ള കഥാപ്രത്രങ്ങളില്‍ ശോഭിച്ച രാജന്‍. പി. ദേവ്‌ നാടകനടനും സംവിധാകനുമാണ്‌. തെലുങ്കില്‍ നായകനെക്കാള്‍ പ്രാധാന്യം പ്രേക്ഷകരില്‍ നിന്നും തന്റെ വില്ലന്‍വേഷത്തിന്‌ ലഭിച്ചിട്ടുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞിട്ടുണ്ട്‌. നാടകത്തെ ഉള്ളില്‍ കൊണ്ടുനടക്കുകയും ചലച്ചിത്രത്തിലെ മാറ്റങ്ങളെ കണ്‍തുറന്ന്‌ നേര്‍ക്കുകയും ചെയ്‌ത്‌ രാജന്‍. പി ടൈപ്പ്‌ കഥാപാത്രങ്ങളില്‍ നിന്നും വിടുതല്‍ നേടാന്‍ ശ്രമിച്ചിരുന്നു. ക്രൂരനായ പോലീസ്‌ ഉദ്യോഗസ്ഥനായും, തന്ത്രശാലിയായ ബിനിനസ്സുകാരനായും രാഷ്‌ട്രീയക്കാരന്റെ വേഷത്തിലും ഈ നടന്‍ വരുമ്പോള്‍ പല സന്ദര്‍ഭത്തിലും തിരശ്ശീലയില്‍ വിസ്‌മയം തീര്‍ത്തിരുന്നു. സ്‌ഫടികത്തിലെ മണിമല വക്കച്ചനും, തൊമ്മനും മക്കളിലെ തൊമ്മനും ഛോട്ടാമുംബൈയിലെ പാമ്പ്‌ ചാക്കോച്ചനും നാദിയ കൊല്ലപ്പെട്ട രാത്രിയിലെ മയില്‍വാഹനം കതിശേനും രാജന്‍ പി. യുടെ മികച്ച വേഷങ്ങളാണ്‌.


തമിഴില്‍ നാങ്കള്‍ എന്ന സിനിമയിലൂടെയാണ്‌ രാജന്‍. പി. അരങ്ങേറ്റംകുറിച്ചത്‌. വസന്തകാല പറവൈയിലെ അഭിനയംകൊണ്ട്‌ തമിഴിലെ സ്ഥിരം വില്ലന്‍വേഷത്തിന്‌ എതിരെഴുത്ത്‌ നടത്തി. ശിവാജിഗണേശന്‍ ഉള്‍പ്പെടെയുള്ള നടനകുലപതികളുമായി ദൃശ്യപഥത്തില്‍ മാറ്റുരയ്‌ക്കാന്‍ ചേര്‍ത്തലയുടെ നാടകപാടവം രാജന്‍. പി.ക്ക്‌ ബലംനല്‍കി. ശരീരഭാഷയും കനത്തശബ്‌ദവും ഏതുരസവും വിരിയിച്ചെടുക്കാന്‍ സാധിക്കുന്ന മുഖഭാവവും രാജന്‍. പി.യുടെ സവിശേഷതയാണ്‌. ചുവന്ന കണ്ണിലെ ചിരിയില്‍ ക്രൂരതയ്‌ക്കുപോലും ആകര്‍ഷണീയതയേറിയിരുന്നു. ദാര്‍ഢ്യം കലര്‍ത്തി, ഊന്നിനില്‍ക്കുന്ന വാചകങ്ങള്‍ കഥാപാത്രത്തിന്റെ ശക്തി പ്രേക്ഷകമനസ്സില്‍ ആഞ്ഞുപതിപ്പിക്കാന്‍ ദേവിന്‌ സഹായകമായിരുന്നു.


വില്ലന്‍ സങ്കല്‌പത്തിന്‌ ഇടപെടലിന്റെ ജാഗരൂകതയിലൂടെ ഈ നടന്‍ പുതുമ വരച്ചുചേര്‍ത്തുകൊണ്ടിരുന്നു. തൊമ്മനും മക്കളും, ഛോട്ടാമുംബൈ പോലുള്ള സിനിമയില്‍ നന്മയുടെ നിറവിലേക്ക്‌ ഇറങ്ങിനില്‍ക്കുകയും ഹാസ്യചേരുവയില്‍ തന്റേടിത്തത്തിന്റെ കനത്തശബ്‌ദം കേള്‍പ്പിക്കുകയും ചെയ്‌തു. അനിയന്‍ ബാവ ചേട്ടന്‍ബാവ എന്ന ചിത്രത്തില്‍ മികവുറ്റ ഹാസ്യനടന്റെ ഭാവുകത്വങ്ങള്‍ അവതരിപ്പിച്ചു. നടന്‍, ഗാനരചയിതാവ്‌, സംഗീതസംവിധായകന്‍ തുടങ്ങിയ നിലകളിലും രാജന്‍. പി. ദേവിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. അച്ചാമ്മക്കുട്ടിയുടെ അച്ചായന്‍ എന്ന ചിത്രവും സംവിധാനം ചെയ്‌തു.


ഇരുപതുവര്‍ഷത്തിലേറെ അരങ്ങിലും വെള്ളിത്തിരയിലും സജീവമായി നിന്ന രാജന്‍. പി. ദേവിന്‌ രണ്ടു തവണ നാടകാഭിനയത്തിന്‌ സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്‌. അഭിനയകലയുടെ ബഹുവിധമാനങ്ങള്‍ അനായാസമായി കൈകാര്യം ചെയ്‌ത ഈ നടന്‍ എന്‍. എന്‍. പിള്ള, എസ്‌. എല്‍. പുരം തുടങ്ങിയവരുടെ നാടകങ്ങളില്‍ കരുത്തുറ്റ വേഷങ്ങളിലൂടെയാണ്‌ തിളങ്ങിയത്‌. അഭിനയകലയുടെ രസതന്ത്രം തീര്‍ത്ത രാജന്‍ പി. ദേവ്‌ മലയാളസിനിമയുടെയും നാടകത്തിന്റെയും ചരിത്രവിഹിതത്തില്‍ തിളങ്ങിനില്‍ക്കും.-ചന്ദ്രിക 30/7/2009

Thursday, July 23, 2009

എം. എം. റഹ്‌മാന്റെ വേറിട്ട കാഴ്‌ചകള്‍



‍ഇടപെടലുകളുടെ കലയാണ്‌ എം. എ. റഹ്‌മാന്റെ സര്‍ഗ്ഗപഥം. കേരളത്തില്‍ അനിവാര്യമാണോ എന്നു സംശയിച്ചുനില്‍ക്കുന്ന വിദ്യാഭ്യാസ സമ്പ്രദായവും, മലയാള സാഹിത്യവും, പക്ഷിപ്പാട്ടും, ചലച്ചിത്രപഠനവും എല്ലാം ആഴക്കാഴ്‌ചയുടെ അടിസ്ഥാനധാരയില്‍ നിര്‍ത്തി റഹ്‌മാന്‍ വിലയിരുത്തുന്നു. പത്തിലധികം സാഹിത്യകൃതികളും ബഷീര്‍ ദ മാന്‍, വയനാട്ടുകുലവന്‍ ഉള്‍പ്പെടെ പന്ത്രണ്ടോളം ഡോക്യുമെന്ററികളും ആനുകാലിക വിഷയങ്ങളില്‍ ഇടപെട്ടുകൊണ്ട്‌ നിരവധി ലേഖനങ്ങളും എം. എ. റഹ്‌മാന്‍ രചിച്ചിട്ടണ്ട്‌. കോളജ്‌ അദ്ധ്യാപകനായ റഹ്‌മാന്‍ കഴിഞ്ഞ വര്‍ഷം ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചു. അദ്ദേഹത്തിന്റെ സംഭാഷണത്തില്‍ നിന്ന്‌:

പഠിക്കാന്‍ സ്‌കൂളില്‍ പോകേണ്ടതുണ്ടോ?

1980-ല്‍ ഇവാന്‍ ഇല്ലിച്ച്‌ ഡീ സ്‌കൂളിനെ സംബന്ധിച്ച്‌ പുസ്‌തകം എഴുതി. അന്ന്‌ അദ്ദേഹം ഉയര്‍ത്തിയ ചിന്ത പലരിലും അല്‍ഭുതമുളവാക്കിയിരുന്നു. കേരളത്തില്‍ വനയാട്ടില്‍ ബേബിയുടെ കനവും, അട്ടപ്പാടിയിലെ സാരംഗ്‌ പോലുള്ള ഡീ സ്‌കൂള്‍ പദ്ധതികള്‍ നിലവിലുള്ള സ്‌കൂള്‍ പഠനസമ്പ്രദായത്തില്‍ അടിയുറച്ച നമ്മുടെ ആളുകള്‍ക്ക്‌ അല്‍ഭുതമായിരുന്നു. ഇങ്ങനെയുള്ള സ്‌കൂള്‍ സമ്പ്രദായം വിജയിക്കുമോ? മലയാളികള്‍ ഡീ സുകൂള്‍ പഠനരീതിയെ ഭയപ്പെടാന്‍ കാരണം ഭൂപരിഷ്‌കരണവും അനുബന്ധ മാറ്റങ്ങളും ഗള്‍ഫും ഒരു സുരക്ഷിത ഇടം നേടുക എന്ന ചിന്തകളിലേക്കാണ്‌ നമ്മെ നയിച്ചത്‌. സാധാരണ സമൂഹത്തിലെ ഉപരിവര്‍ഗ്ഗമാണ്‌, സാമ്പത്തികമായി ഉയര്‍ന്ന ആളുകളാണ്‌ മാറ്റങ്ങള്‍ക്ക്‌ മുന്നില്‍ നില്‍ക്കുക. കേരളത്തില്‍ അതുണ്ടായില്ല. പിന്നെ മധ്യവര്‍ത്തി സമൂഹം അല്‍ഭുതങ്ങള്‍ കാണിക്കാന്‍ തയ്യാറായില്ല. ഉന്നതരുടെ കുട്ടികള്‍ പഠിക്കുന്ന സ്ഥാപനങ്ങളില്‍ കുട്ടികളെ അയച്ചു പഠിപ്പിക്കാനുള്ള താല്‍പര്യം മധ്യവര്‍ഗ്ഗത്തിലേക്കും വ്യാപിച്ചു. അവര്‍ ഏറ്റവും വലിയ വിപണിയായി മാറി. സാധാരണക്കാര്‍ ഏറ്റവും ഭയപ്പെടുന്നത്‌ സമൂഹത്തില്‍ അവരെ താങ്ങിനിര്‍ത്തുന്ന ഇടങ്ങളാണ്‌. അഭിമാനബോധവും. പണക്കാരന്റെ മക്കള്‍ക്ക്‌ ലഭിക്കുന്ന കാര്യങ്ങളെല്ലാം തങ്ങളുടെ മക്കള്‍ക്കും ലഭ്യമാക്കാനുള്ള ശ്രമം നടത്തിക്കൊണ്ടിരുന്നു. അയല്‍ക്കാരന്റെ വീട്ടിലെ സൗകര്യങ്ങള്‍ സ്വന്തംവീട്ടിലും എന്ന ചിന്താഗതി മധ്യവര്‍ഗ്ഗത്തില്‍ വളര്‍ന്നു. അതിനാല്‍ കണ്‍സ്യൂമര്‍ സൊസൈറ്റി നിലവില്‍വന്നു. ആഗോളീകരണത്തിന്റെ സാന്നിദ്ധ്യം കൂടി വന്നതോടെ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളില്‍ കുട്ടികളെ പഠിപ്പിക്കുക എന്നതിലേക്ക്‌ സമൂഹം വളര്‍ന്നു. 95- കാലഘട്ടത്തില്‍ പുതിയ വിപണി സംസ്‌കാരം വിദ്യാഭ്യാസത്തില്‍ സ്വാധീനം ചെലുത്തി. വിദ്യാഭ്യാസകാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളും അടിസ്ഥാനപരമായി ഒരു മാറ്റവും വരുത്തിയില്ല. യഥാര്‍ത്ഥ വിദ്യാഭ്യാസ രീതി ഇല്ലാതാവുകയും ചെയ്‌തു. എന്നാല്‍ യൂറോപ്പ്‌, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ വിദ്യാഭ്യാസത്തില്‍ ഡീ സ്‌കൂള്‍ പദ്ധതി നേരത്തെ പ്രാബല്യത്തില്‍ വരുത്തിയിരുന്നു.വിദ്യാഭ്യാസത്തില്‍ കിട്ടേണ്ടതൊക്കെ ഇന്റര്‍നെറ്റില്‍ നിന്നും ലഭിക്കുമെന്നായപ്പോള്‍ പിന്നെ വിദ്യാഭ്യാസത്തിന്റെ പ്രസക്തിതന്നെ ചോദ്യം ചെയ്യപ്പെട്ടു. പക്ഷേ, നമ്മുടെ നാട്ടിലെ മധ്യവര്‍ത്തികളായ ഉദ്യോഗസ്ഥര്‍പോലും കുട്ടികളെ എന്‍ട്രന്‍സ്‌ പരീക്ഷകള്‍ക്ക്‌ തയ്യാറാക്കുക എന്ന അന്തരീക്ഷം സൃഷ്‌ടിച്ചു. ഇങ്ങനെയുള്ള ബോധത്തിന്റെ ഫലമായി വിദ്യാഭ്യാസത്തിന്റെ യഥാര്‍ത്ഥ മൂല്യം നഷ്യപ്പെട്ടു. ഇപ്പോള്‍ പുതിയ പദ്ധതി രസകരമായ മാറ്റമാണ്‌ ഉണ്ടാക്കിയത്‌. പണ്ട്‌ പത്താം ക്ലാസ്സ്‌ പഠനത്തോടെ ഒരു കുട്ടിക്ക്‌ സാമാന്യമായി ആവശ്യമുള്ള കാര്യങ്ങള്‍ ലഭിക്കുമെന്ന എന്ന രീതിമാറുകയും പ്ലടു ആണ്‌ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനമെന്ന അജണ്ട നടപ്പില്‍ വരുത്തുകയും ചെയ്‌തു. വോട്ടവകാശമുള്ള സാധാരണ പൗരന്‌ ഉണ്ടായിരിക്കേണ്ട അറിവുകളെല്ലാം ഇപ്പോള്‍ നേരത്തെതന്നെ ചടലുമായി പഠിക്കാന്‍ സാധിക്കുന്നു.നമ്മുടെ നാട്ടിലെ പെട്ടിക്കടയില്‍ പോലും എന്‍ട്രന്‍സും മറ്റും ചര്‍ച്ചചെയ്യുന്ന അവസ്ഥയാണ്‌. പഠനം ജോലിനേടുക എന്നതിനപ്പുറം മറ്റൊന്നുമല്ലെന്ന നിലയിലേക്ക്‌ വന്നു. പാശ്ചാത്യനാടുകളെപ്പോലെ നമ്മുടെ സമൂഹം വികസിച്ചില്ല. പഴയ ജാതീയപരമായ നിലയില്‍ ചെറിയ മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും കാര്യമായി വ്യത്യാസം വന്നിട്ടില്ല. അവര്‍ക്ക്‌ ലഭിക്കേണ്ടത്‌ ഇപ്പോഴൂം കിട്ടിയില്ല. ഉപരിവര്‍ഗ്ഗം കരുതുന്നത്‌പോലെ അടിസ്ഥാനപരമായി പലവിഭാഗങ്ങളും ഉയര്‍ന്നിട്ടില്ല.1921-നുശേഷമുള്ള കാലഘട്ടത്തില്‍ നിന്നും മുസ്‌ലിംങ്ങളും വലിയ മാറ്റത്തിലേക്ക്‌ ഉയര്‍ന്നിട്ടുണ്ടോ? സാമ്പത്തികമായി ഒരു വിഭാഗം ഉയര്‍ന്നു എന്നതൊഴിച്ചുനിര്‍ത്തിയാല്‍, കാര്യമായ മാറ്റം സംഭവിച്ചിട്ടില്ല. സ്‌കൂളില്‍ പോകാത്ത കുട്ടികള്‍ ഇപ്പോഴുമുണ്ട്‌. കഴിഞ്ഞ പത്തുവര്‍ഷം നമ്മുടെ കോളജുകളിലും മറ്റും അഡ്‌മിഷന്‍ ലഭിച്ചവരുടെ കണക്കെടുത്ത്‌ പരിശോധിച്ചാല്‍ വസ്‌തുതകള്‍ കുറെക്കൂടി വ്യക്തമാകും. ഇങ്ങനെയുള്ള വൈരുദ്ധ്യം നിലനില്‍ക്കുന്ന വിദ്യാഭ്യാസരംഗത്ത്‌ പരിഷ്‌കാരം നടക്കുന്നില്ല. അതായത്‌ പഴയ വിദ്യാഭ്യാസപദ്ധതിയുടെ ട്രക്‌ച്ചര്‍ മാറിയിട്ടില്ല. ഈ രംഗത്തും വലിയ സംഘര്‍ഷമാണ്‌ അനുഭവിക്കുന്നത്‌. നമ്മുടെ സര്‍ക്കാറ്‌ വിദ്യാഭ്യാസത്തില്‍ ലോവര്‍ പ്രൈമറിതലം തൊട്ടിട്ടില്ല. അവിടെ ഇംഗ്ലീഷ്‌ പഠനത്തിന്റെ ഘടന പരിശോധിച്ചാല്‍ ആ സമ്പ്രദായത്തിന്റെ ശോച്യാവസ്ഥ കാണാം. കമ്മ്യൂണിക്കേറ്റീവ്‌ ഇംഗ്ലീഷ്‌ പഠനമാണ്‌ നടക്കുന്നത്‌. മലയാളത്തിനും ഇതേ ഗതിയാണ്‌ വരുന്നത്‌. കോളജുകളില്‍ മലയാളം ഒഴിവാക്കുന്ന പദ്ധതിയാണിന്ന്‌. ഭാഷ മാറ്റിനിര്‍ത്തുമ്പോള്‍ സംസ്‌കാരമാണ്‌ നഷ്‌ടമാകുന്നത്‌. മലയാളവും ഇല്ലാതാവുന്നു. ഒരുതരത്തില്‍ മരിക്കുന്നു. സ്വാതന്ത്ര്യകാല കവിതകള്‍ ഉപയോഗിക്കപ്പെടാത്ത സ്ഥിതിയില്‍, സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രമാണ്‌ ഇല്ലാതാകുന്നത്‌. ഇത്‌ ശരിയായപഠനമല്ല. പ്രൊഫഷനുകളെ സൃഷ്‌ടിക്കുന്ന ശാസ്‌ത്രീയ പഠനം നല്ലതാണ്‌. പക്ഷേ, ശാസ്‌ത്രത്തിന്റെ വളര്‍ച്ചയോ, ഗവേഷണമോ അല്ല രക്ഷിതാക്കള്‍ പ്രതീക്ഷിക്കുന്നത്‌. കുട്ടികള്‍ ഡോക്‌ടറും എന്‍ജിനീയറും ആകണം എന്നുമാത്രം. ബുദ്ധിമാനല്ലാത്തവരെ കാണാപ്പാഠ സമ്പ്രദായത്തിലൂടെ പ്രൊഫഷനുകളാക്കുന്ന തെറ്റായ രീതിയാണ്‌ വിദ്യാഭ്യാസത്തില്‍ നടക്കുന്നത്‌. കഴിവുള്ളര്‍ അവഗണിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ.1970-കളില്‍ തന്നെ യൂറോപ്യന്‍ രാജ്യങ്ങളില്‍ കേബിള്‍ ടിവി ശൃംഖല നിലവില്‍വന്നു. അവിടെ ഫ്‌ലാറ്റ്‌ സമുച്ചയങ്ങളില്‍ കുട്ടികള്‍ക്ക്‌ ആവശ്യമായ വിദ്യാഭ്യാസ സംബന്ധവിഷയങ്ങള്‍ എത്തിച്ചുകൊടുത്തിരുന്നു. കുട്ടികളുടെ കരിക്കുലം കേബില്‍ടിവിയുടെ ദൈനംദിന പരിപാടിയായിരുന്നു. നമ്മുടെ നാട്ടില്‍ ഇപ്പോഴും വിഷ്വല്‍ മീഡിയകളില്‍ ഇത്‌ നടപ്പില്‍ വന്നില്ല. പത്രങ്ങളില്‍ ചെറിയതരത്തില്‍ വന്നുകൊണ്ടിരിക്കുന്നു എന്നു മാത്രം. വിവരം പൊതുബോധന മാധ്യമത്തിലൂടെ നല്‍കുമ്പോള്‍ ജാതിമതഭേദം ഇല്ലാതാകുന്നു. കേരളത്തിലെ മീഡിയകളില്‍ ഇത്തരം പരീക്ഷണങ്ങള്‍ നടക്കുന്നില്ല. ഏതെങ്കിലും ഒരു അദ്ധ്യാപകനെ പരീക്ഷാക്കാലത്ത്‌ വിളിച്ച്‌ കരിക്കുലം നല്‍കുന്നതുകൊണ്ട്‌ പ്രയോജനമില്ല. 1970-ല്‍ അമേരിക്കയില്‍ ഫലപ്രദമായി നടപ്പാക്കിയിരുന്നു. യാതൊരു പ്ലാനിംഗുമില്ലാത്ത വിദ്യാഭ്യാസ രീതിയാണ്‌ ഇവിടെ നടക്കുന്നത്‌. സിലബസ്സില്‍ സെമസ്റ്റര്‍പോലുള്ള മാറ്റങ്ങള്‍ വരുത്തുന്നുണ്ടെങ്കിലും അതൊന്നും വലിയ ഫലം നല്‍കാനിടയില്ല. ഈ രംഗത്ത്‌ വിഷ്വല്‍ മീഡിയകള്‍ക്ക്‌ വലിയ സംഭാവന നല്‍കാന്‍ സാധിക്കും. പത്രങ്ങള്‍ വിദ്യാഭ്യാസപരമായ ലേഖനങ്ങളിലൂടെ കുറേക്കൂടി വിവരങ്ങള്‍ പുറത്തേക്ക്‌ കൊണ്ടുവരുന്നുണ്ട്‌. ഒരുതരം ഭയപ്പാടോടുകൂടി വിദ്യാഭ്യാസത്തെ കാണുന്ന നമ്മുടെ നാട്ടില്‍ ഡീ സ്‌കൂള്‍ സമ്പ്രദായം നടപ്പില്‍ വരാനിടയില്ല.

സാഹിത്യത്തിന്‌ പ്രസക്തി നഷ്‌ടപ്പെടുന്നുണ്ടോ?

സാഹിത്യം സമൂഹത്തിന്‌ ആവശ്യമില്ല എന്നു പറയുന്നതിനോട്‌ യോജിപ്പില്ല. സാമൂഹിക പ്രശ്‌നങ്ങള്‍ സാഹിത്യത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്‌. പഴയകാലത്തെ ജാതിഭേദ പ്രശ്‌നങ്ങളും തൊട്ടുകൂടായ്‌മ പോലുള്ള ആചാരങ്ങളും നമ്മുടെ എഴുത്തുകാര്‍ പ്രശ്‌നവല്‍കരിച്ചിട്ടുണ്ട്‌. എം. ടി. വാസുദേവന്‍ നായര്‍ ആദ്യം എഴുതിയ നോവല്‍ നായന്മാര്‍ക്കെതിരെ ചെറുന്മാര്‍ നടത്തുന്ന കലാപമായിരുന്നു. അത്‌ പുറത്തുവന്നില്ല. അദ്ദേഹം പിന്നെ നാലുകെട്ട്‌ എഴുതി. ബഷീര്‍ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സോദേശ്യരചനകള്‍ നടത്തി. സാമൂഹിക തിന്മകള്‍ക്കെതിരെ എഴുത്തുകാര്‍ ധാര്‍മ്മികരോഷം കൊണ്ടു. ഇന്ന്‌ സാഹിത്യം ഒരു നിശ്ചലതയിലേക്ക്‌ വന്നിട്ടുണ്ട്‌. ഞാന്‍ മാത്രം എന്തിന്‌ പ്രശ്‌നം സൃഷ്‌ടിക്കണം എന്ന ചിന്ത പല എഴുത്തുകാര്‍ക്കുമുണ്ട്‌. അതിനാല്‍ ചെമ്മനം ചാക്കോ ഇപ്പോള്‍ എഴുതുന്ന രീതി തുടരട്ടെ എന്നാണ്‌ എന്റെ കാഴ്‌ചപ്പാട്‌. ബഷീര്‍ പുരോഗമസാഹിത്യകാരനായിരുന്നു എന്ന്‌ ഷെരീഫ്‌ എഴുതിയത്‌ ശരിയായിരിക്കാം. ബഷീര്‍ ഒരിക്കലും സാമൂഹിക പ്രശ്‌നങ്ങള്‍ ഉപേക്ഷിച്ചിട്ടില്ല. ഇന്നത്തെ പല നോവലുകളും ഉപരിവിപ്ലവമായി എഴുതിപ്പോകുന്നുണ്ട്‌. എഴുത്ത്‌ ചെറുതായി തീരുന്നു. അലസരചനകളായിമാറിയിട്ടുണ്ട്‌. അതിനര്‍ത്ഥം സമൂഹത്തിന്‌ സാഹിത്യത്തിന്റെ ആവശ്യമില്ല എന്നല്ല

.ചലച്ചിത്രപഠനം സ്‌കൂളുകളിലേക്ക്‌

ഡിജിറ്റല്‍ മേഖലയുടെ വളര്‍ച്ച സിനിമയില്‍ ഒരുപാടുമാറ്റങ്ങള്‍ കൊണ്ടു വന്നു. സിനിമ സ്‌കൂളുകളിലും സാധാരണക്കാര്‍ക്ക്‌ പ്രാപ്യമായി നിലയിലേക്കും മാറിയത്‌ നല്ലതാണ്‌. ഗുണകരമാണ്‌. എന്നാല്‍ കള്ളനാണയങ്ങള്‍ക്കും ഇടംനല്‍കും. സിനിമ സാമ്പത്തികമായ ഉല്‌പന്നമായതിനാല്‍ പലര്‍ക്കും അതിലേക്ക്‌ കടന്നുവരാന്‍ കഴിഞ്ഞിരുന്നില്ല. ഏത്‌ സിനിമയും സിഡിയിലാക്കാന്‍ സാധിച്ചതൊടുകൂടി ഒരു എളുപ്പപ്പണിയാണെന്ന തോന്നലും ഉണ്ടാക്കിയിട്ടുണ്ട്‌. ക്രിയേറ്റീവായി ഉപയോഗിച്ചാല്‍ ചലച്ചിത്രനിര്‍മ്മിതികള്‍ ഗുണം ചെയ്യും. പഠനത്തോടൊപ്പം സിനിമയും വരുമ്പോള്‍ ചലച്ചിത്ര സംബന്ധിയായ തുടര്‍ച്ചകിട്ടും. വിഷ്വല്‍ മീഡിയയുടെ ബാല്യകാലഘട്ടം കുറച്ചുകൂടി മെച്ചമായിരുന്നു. ഇന്ന്‌ പൂര്‍ണ്ണമായും വിപണിക്ക്‌ അടിപ്പെട്ടുകഴിഞ്ഞു.

പക്ഷിപ്പാട്ട്‌ നഷ്‌ടപ്പെട്ടു

കേരളത്തിന്‌ നാടോടി സംഗീതപാരമ്പര്യമാണ്‌. അത്‌ ചരിത്രപരമായി വിലയിരുത്താന്‍ കഴിയും. നമ്മുടെ സംഗീതത്തില്‍ നിറഞ്ഞുനില്‍ക്കുന്ന താളവും അതിന്‌ വ്യക്തമായ തെളിവുകളാണ്‌. അതുപോലെ മാപ്പളിപ്പാട്ട്‌ സംസ്‌കാരം അറബികളുടെ വരവോടുകൂടി രൂപപ്പെട്ട സംഗീതപാരമ്പര്യവും നാടോടിസംഗീതവും ഇടകലര്‍ന്ന രീതിയാണ.്‌ മാപ്പിളപ്പാട്ടില്‍ അത്‌ നിലനില്‍ക്കുന്നത്‌. എന്നാല്‍ പലതും കടലെടുത്തുപോയി. ലോകത്ത്‌ ഏറ്റവും വലിയ സാഹിത്യമുണ്ടായിരുന്നത്‌ ചൈനയിലും തമിഴ്‌നാട്ടിലുമായിരുന്നു. അവയില്‍ പലതും കടലെടുത്തു. ഗഹനമായ പഠനമോ, അന്വേഷണമോ നടക്കാത്തതുമൂലം മാപ്പിളപ്പാട്ടിനും ഇതേ സ്ഥിതിവരുന്നുണ്ട്‌. ഉദാഹരണത്തിന്‌ പക്ഷിപ്പാട്ട്‌. പക്ഷിപ്പാട്ട്‌ കര്‍ണ്ണാടകത്തിലെ യക്ഷഗാനരൂപത്തില്‍ കാസര്‍ക്കോട്ട്‌ അവതരിപ്പിക്കുന്നുണ്ട്‌.

- ചന്ദ്രിക വാരാന്തപ്പതിപ്പ്‌ 12/8/09

ശൈലപര്‍വ്വം


ഇരുപത്തിയഞ്ച്‌ കവിതകളാണ്‌ താമ്രപര്‍ണിയിലുള്ളത്‌. ഭാവരൂപങ്ങളില്‍ വിഭിന്നത പുലര്‍ത്തുന്ന കവിതകളാണിവ. വാക്കുകളുടെ എതിര്‍വായന നടത്താനും മറുഭാഷ കണ്ടെടുക്കാനും ശൈലന്‍ പ്രകടിപ്പിക്കുന്ന ജാഗ്രതതന്നെയാണ്‌ ഈ പുസ്‌തകത്തെ വേറിട്ടൊരു വായനാനുഭവമാക്കുന്നത്‌. ചെറുചെറു വൈകല്യങ്ങള്‍ക്കകത്ത്‌ വലിയ അനുഭവങ്ങളും കാഴ്‌ചകളും നമ്മളോട്‌ സംസാരിക്കുന്നു. കാവ്യഭൂപടങ്ങളിലെല്ലാം വിശുദ്ധമായ ഒരു മാറ്റത്തിനുവേണ്ടിയുള്ള ജാഗരൂകത ഈ കവി പുലര്‍ത്തുന്നു. മനസ്സില്‍പ്പതിഞ്ഞ ഭാവധാരകള്‍ ഭാഷാന്തരപ്പെടുത്തുന്നിടത്ത്‌ എഴുത്തിന്റെ തീക്ഷ്‌ണതയും സൂക്ഷ്‌മതയും അടയാളപ്പെടുത്താന്‍ ശൈലന്റെ പദപ്രയോഗ സാമര്‍ത്ഥ്യം ശ്രദ്ധേയമാണ്‌. ഒരര്‍ത്ഥത്തില്‍ വീണ്ടെടുപ്പുകളുടെ പുസ്‌തകമാണ്‌ താമ്രപര്‍ണി.


``വിറ്റഴിയാതെ/ പൊടിപിടിച്ച/ കാവ്യപുസ്‌തകത്തണലില്‍/ അട്ടപ്പേറിട്ട്‌/പൊരുന്നയിരുന്നൂ/ കവിരേവാപ്രജാപതി...''-(കാളിദാസസ്യ). പാരമ്പര്യത്തെ അട്ടിമറിച്ച്‌ കവിതയുടെ ജൈവധാരയില്‍ ഇടപെട്ടുള്ള ശൈലന്റെ കുതിപ്പ്‌ പലപ്പോഴും പുതുവഴിവെട്ടുന്നവന്റെ ഊറ്റം പ്രത്യക്ഷപ്പെടുത്തുന്നതിങ്ങനെ: കവിത/ നാലുവരി വായിച്ചപ്പോള്‍/ തെളിമ പോരെന്നും പറഞ്ഞ്‌/ കട്ടിള പിളര്‍ന്നുചാടി/ കവിയുടെ കുടലുമാല/ മാറിലണിഞ്ഞു/ നരസിംഹം...(നീര്‍ക്കുറുക്കന്‍). മറ്റൊരിടത്ത്‌ ഇല്ലായ്‌മയുടെ ചിത്രമെഴുതുകയാണ്‌ ശൈലന്‍: ഒന്നുമുണ്ടായില്ല/ തിരിച്ചുപോരുമ്പോള്‍? ഓര്‍മ്മകളില്‍-(താമ്രപര്‍ണി). ഓര്‍മ്മകളും ഹൃദ്യചിത്രങ്ങളും കൊണ്ട്‌ സമ്പന്നമാകുന്ന മനസ്സുകളില്‍ നിന്നും വ്യതിരിക്തനായ ഒരു എഴുത്തുകാരന്റെ ഉള്ളുരകളാണ്‌ താമ്രപര്‍ണിയിലെ കവിതകളില്‍ പതിഞ്ഞുനില്‍ക്കുന്നത്‌.


കാല്‍പനികഭാവങ്ങളില്‍ മേഞ്ഞുനടക്കാതെ, യാഥാര്‍ത്ഥ്യത്തിന്റെ പൊള്ളലേല്‍ക്കാന്‍ ജീവിതത്തിലേക്ക്‌ ഇറങ്ങിനില്‍ക്കുകയാണ്‌ കവി. പൊന്നോണം എന്ന കവിത നോക്കുക: ഒരുക്കത്തിന്റെ/ വ്യാജവാഷ്‌ മുഴുവന്‍/കുടിച്ചുവറ്റിച്ച്‌/റങ്കുമൂത്ത/കാട്ടാനക്കൂട്ടം.-എന്നിങ്ങനെ വാക്കുകള്‍ക്ക്‌ ചില ഇടവഴികളുണ്ടെന്ന്‌ എഴുത്തുകാരന്‍ പറയുന്നു. ഇല്ലായ്‌മകളും വല്ലായ്‌മകളും കാറ്റത്തിട്ട്‌ കണ്ണീരൊഴുക്കാനല്ല; ജീവിതമെടുത്ത്‌ അമ്മാനമാടി പൂത്തിരിക്കത്തിക്കുകയാണ്‌. കവിതകള്‍ക്ക്‌ ചിത്രമെഴുതിയ വി.കെ. ശ്രീരാമന്‍ സൂചിപ്പിക്കുന്നു: 'അക്കരപ്പച്ചയും ഇക്കരെച്ചോപ്പുമായി മുരുക്കിന്‍തയ്യേ നിന്നുടെ ചോട്ടില്‍ മുറുക്കിത്തുപ്പുന്നു ഞാന്‍.' കളിദാസസ്യ, താജ്‌മഹല്‍, ഗുണ്ടാത്മകന്‍, സമ്മതി-ദാനം, ലേ-ഒട്ട്‌, സ്വന്തം ക്ലീഷേ, ഉപജീവനം, ബൈബിള്‍, ശൈവം, സഫേദ്‌ മുസലി, അല്‍ജസീറ തുടങ്ങിയ കവിതകള്‍ കാലത്തിലേക്ക്‌ നീട്ടിയെറിയുന്ന ചോദ്യാവലിയാണ്‌. ഉത്തരം നല്‍കാത്ത എയ്‌ത്‌ മുറിക്കുന്ന ചോദ്യങ്ങള്‍. വായനക്കാരുടെ മനസ്സില്‍ പ്രപഞ്ചത്തോളം ചുറ്റളവില്‍ അബോര്‍ട്ട്‌ ചെയ്യപ്പെട്ട കുറെ ഓര്‍മ്മകള്‍ ബാക്കിവെക്കുന്ന കാവ്യസമാഹാരം. 'താമ്രപര്‍ണി'യുടെ മൂന്നാംപതിപ്പ്‌.


താമ്രപര്‍ണി

ശൈലന്

‍ഫേബിയന്‍ ബുക്‌സ്‌

വില- 45 രൂപ

എഡിറ്റിംഗില്ലാത്ത കവിതകള്‍


‍ഇതാണോ പുതപ്പ്‌! ഇതു പോത്തിനെ പുതപ്പിക്കാനല്ലേ കൊള്ളാവൂ!- മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ലാലുപ്രസാദ്‌ യാദവ്‌ ജഹാനാബാദ്‌ ജില്ലാ മജിസ്‌ട്രേറ്റിനുനേരെ ആക്രോശിച്ചത്‌ ചരിത്രവിഹിതം(1987). ഏതാണ്ടിതുപോലെ ഇമേജിസത്തിന്റെ അമരത്ത്‌ നിലയുറപ്പിച്ച എസ്രാ പൗണ്ട്‌ എഴുതി: 'കവിത കുറുകി ഉറച്ചിരിക്കണം. ഒരു കവിക്ക്‌ സംഗീതജ്ഞന്റെ താളബോധമാവശ്യമാണ്‌. വിവരണങ്ങളില്‍ നല്ല കവി ഭ്രമിക്കുകയില്ല'. ലാലുവിന്റെയും എസ്രാപൗണ്ടിന്റെയും വാശികള്‍ തമ്മില്‍ പൊരുത്തപ്പെടുന്നുണ്ട്‌- അവതരണത്തിനു സഹായകമാകാത്ത യാതൊന്നും ഉപയോഗിക്കരുതെന്നിടത്ത്‌. വാക്കുകള്‍ റബ്ബര്‍പന്തുകളാണെന്ന്‌ ലാലുവും പൗണ്ടും ഓര്‍മ്മപ്പെടുത്തുന്നു. മലയാളത്തിലെ പുതുകവികള്‍ തിരിച്ചറിയാത്തതും മറ്റൊന്നല്ല.


വാക്കിന്റെ ജീവധാരയിലേക്ക്‌ കണ്ണയക്കലാണ്‌ കവിത. അത്‌ ഏകാന്തതയില്‍ വായനക്കാരുടെ ബോധത്തെ ശല്യപ്പെടുത്തി കൊണ്ടേയിരിക്കും. ?അറിയുമേ ഞങ്ങളറിയും നീതിയും നെറിയും കെട്ടൊരു പിറന്നനാടിനെ'-(ആസാംപണിക്കാര്‍ -വൈലോപ്പിള്ളി). ഈ കുരുത്തംകെട്ട തിരിച്ചറിവ്‌ തന്നെയാണ്‌ കവിത പ്രസരിപ്പിക്കുന്ന വെളിച്ചം. കാവ്യരചനയുടെ വഴിയില്‍ ഉഷ്‌ണിച്ച മനസ്സുകള്‍ നിറഞ്ഞ മലയാളത്തില്‍, കവിത യെഴുത്ത്‌ എളുപ്പപ്പണിയാണെന്ന്‌ വിശ്വസിക്കുന്ന എഴുത്തുകാര്‍ അക്ഷരങ്ങള്‍ തുന്നിക്കെട്ടിയത്‌ കണ്ടുകൊണ്ടാണ്‌ ജൂലൈ 20 പുലര്‍ന്നത്‌. വാക്കുകളെ പുതപ്പിച്ചു കിടത്തിയവരില്‍ കെ. ജയകൂമാര്‍, എ. അയ്യപ്പന്‍, മഞ്ചു വെള്ളായണി, ഈശ്വരമംഗലം, പത്മദാസ്‌, കുഞ്ഞപ്പ പട്ടാന്നൂര്‍, ശ്രീധരന്‍ ചെറുവണ്ണൂര്‍ തുടങ്ങിയവരും ഉള്‍പ്പെടുന്നു.


വാക്കുകളെ താറാവുക്കൂട്ടങ്ങളെപ്പോലെ ആട്ടിത്തെളിച്ചവരുടെ നിരയിലും വലിയതിരക്കാണ്‌ അനുഭവപ്പെട്ടത്‌. ആ കൂട്ടത്തില്‍ നൗഷാദ്‌ പത്തനാപുരം, അബ്‌ദുള്ള പേരാമ്പ്ര, വി. എച്ച്‌. നിഷാദ്‌. റഫീക്ക്‌ തിരുവള്ളൂര്‍, എം. ആര്‍. രേണുകുമാര്‍, മധു ആലപ്പടമ്പ്‌ എന്നിവരുണ്ട്‌. കാവ്യ രചനയില്‍ പുലര്‍ത്തുന്ന അലസതയ്‌ക്ക്‌ മികച്ച ഉദാഹരണങ്ങളാണ്‌ ഈ എഴുത്തുകാരുടെ പുതിയ പറച്ചിലുകള്‍.


മികവുറ്റ ചലച്ചിത്രഗാനങ്ങളും കവിതകളുമായി വായനക്കാരുടെ മനസ്സില്‍ സ്‌പര്‍ശിച്ചു നില്‍ക്കുന്ന കവിയാണ്‌ കെ. ജയകുമാര്‍. പക്ഷേ, അദ്ദേഹത്തിന്റെ പുതിയ രചന കാണുമ്പോള്‍ വായനക്കാരുടെ നെഞ്ചിടിപ്പ്‌ വര്‍ദ്ധിക്കും: ഗതിമാറിയൊഴുകുന്ന ചോരയുടെ വഴികളില്‍/ വികലകാലത്തിന്റെ ദുരിതമേധം/ മദമാര്‍ന്നു നുരയുന്ന മൃതകാല സന്ധിയുടെ/ ചെകിളയില്‍പ്പൊട്ടുന്നു രുധിരപടലം- (കലാകൗമുദി, ജൂലൈ26)-ജയകുമാര്‍ ഇതുപോളുള്ള വികൃതികള്‍ പരസ്യപ്പെടുത്തുന്നത്‌; അദ്ദേഹത്തിന്റെ മുന്‍കാല കവിതകളോടുള്ള വെല്ലുവിളിയാണ്‌. എ. അയ്യപ്പന്‌ നിയമാവലികള്‍ ബാധകല്ലെന്നത്‌ സുവിധം. അയ്യപ്പന്‍ കുറിച്ചിടുന്നതൊക്കെ കവിതയാണെന്ന്‌ കരുതുന്നത്‌ അതിലേറെ അബദ്ധം. മാധ്യമത്തില്‍ എ. അയ്യപ്പന്‍ എഴുതിയ ദംഷ്‌ട്ര നോക്കുക: മൃഗമുണ്ടോ അറിയുന്നു/ മനുഷ്യന്റെ ചിരിയിലൊളിപ്പിച്ചിരിക്കുന്നു/ കൂര്‍ത്ത പല്ലുകളെ.- ഈ വരികള്‍ കുറിക്കാന്‍ അയ്യപ്പന്റെ ആവശ്യമുണ്ടോ.


മഞ്ചു വെള്ളായണി (കേരള കൗമുദി വാരാന്തപ്പതിപ്പ്‌ ജൂലൈ19) ഭൂമിയെപ്പറ്റി കുറിച്ചിടുന്നു: ഇടിമിന്നലില്ലാത്ത തക്കം/ മേഘമൊഴിഞ്ഞൊരു നേരം/മുറുക്കിത്തുപ്പിയാകാശം/ കാതിലടക്കം പറഞ്ഞു/ ഭൂമിനിന്‍ പെറ്റമ്മയല്ലോ.- എത്രതവണ പലരും ഇങ്ങനെകരഞ്ഞു. മഞ്ചുവിന്‌ മാത്രം കേള്‍ക്കാന്‍ കഴിഞ്ഞില്ല. പ്രകൃതിയെ കേള്‍ക്കാന്‍ ചെവിമാത്രംപോര. തുറന്നുവെച്ച മനസ്സുവേണം. മഞ്ചുവിന്‌ ഇല്ലാത്തതും വള്ളത്തോളിന്‌ ലഭിച്ച വരദാനവും(അരിപ്രാവ്‌) അതാണ്‌.


ഈശ്വരമംഗലത്തിന്റേതായി കുറെ അക്ഷരക്കൂട്ടം: ഞാനായ തങ്കക്കിനാവു പാലികയോ/ ഞാനാം നിഴലിനെ രൂപാവതാരമോ- (നിര്‍ന്നിമേഷം, ആഴ്‌ചവട്ടം-തേജസ്‌ ജൂലൈ 19). മലയാളം വാരികയില്‍ (ജൂലൈ24 ലക്കം) പത്മദാസ്‌ പറയുന്നു: വരൂ സഖീ, നാം തിരിച്ചുപോകാമിനി നീ/ അരിയ ഭൂതകാലത്തിനാരാമത്തില്‍/ കൊടിയവേനലില്‍ ശക്തനാമാരുണന്റെ/കിരണമേറ്റേറ്റു വാടുന്നപൂക്കള്‍. (മാണിക്യം തേടുന്ന നാഗങ്ങള്‍). ഈ എഴുത്തുകാരുടെ പീഡനം സഹിച്ച്‌ മലയാളഭാഷ ഫണം വിടര്‍ത്താതിരിക്കട്ടെ.


രാഷ്‌ട്രീയകവിതകള്‍ മലയാളത്തില്‍ എഴുതപ്പെടുന്നില്ല. ഇടയ്‌ക്കെങ്കിലും രാഷ്‌ട്രീയം കവിതയില്‍ കൂടുവയ്‌ക്കുന്നത്‌ ശ്രദ്ധിക്കപ്പെടും. കുഞ്ഞപ്പ പട്ടാന്നൂര്‍ ശ്രമിച്ചു പരാജയപ്പെടുന്നതും രാഷ്‌ട്രീയമെഴുത്തിലാണ്‌. സാഹോദരങ്ങളെ കൊലചെയ്യുന്നവര്‍ എന്ന രചനയില്‍ കുഞ്ഞപ്പ പട്ടാന്നൂര്‍: വൈറസ്സുകള്‍/ വേട്ടക്കിറങ്ങുന്ന/ പോക്കുവെയില്‍ നേരം/ ഒരിക്കല്‍ ചിരികള്‍ പൂത്തുനിന്ന മുഖങ്ങള്‍/ ഓരോന്നായ്‌/ കറുത്തുകരുവാളിക്കുന്നു-(ജനശക്തി, ജൂലൈ 16). അബ്‌ദുള്ള പേരാമ്പ്രയുടെ അത്രതന്നെ, ശ്രീധരന്‍ ചെറുവണ്ണൂരിന്റെ മനുഷ്യനിലേക്ക്‌, നൗഷാദ്‌ പത്തനാപുരത്തിന്റെ കടങ്കഥ.. എന്നീ രചനകള്‍ (ദേശാഭിമാനി വാരിക) പുതുകവിതയുടെ ചടച്ച ശരീരം വ്യക്തമാക്കുന്നു.


ആര്യാഗോപിയുടെ മറവി(ഇന്ന്‌ മാസിക, ജൂണ്‍)യില്‍ പറയുന്നു: ഉദിക്കാന്‍ മറക്കാറില്ല/വാക്കുകള്‍/അസ്‌തമിക്കാനാണ്‌/മറന്നുപോകുന്നത്‌. കടല്‍ എന്ന രചനയില്‍ മധു ആലപ്പടമ്പ്‌: കടല്‍ കണ്ടുകണ്ട്‌/ അമ്മയുടെ കണ്ണില്‍/കടലൊരുങ്ങി കണ്ണീരായി-(കടല്‍-ഇന്ന്‌ മാസിക, ജൂലൈ) എന്നിവ ഹ്രസ്വത കൊണ്ട്‌ സവിശേഷത പുലര്‍ത്തുന്നു. അല്‌പം സൂക്ഷ്‌മത പാലിച്ചാല്‍ കവിതയോട്‌ അടുത്തുനില്‍ക്കാന്‍ കഴിയുമെന്നതിന്‌ ദൃഷ്‌ടാന്തമാണ്‌ നൗഷാദ്‌ പത്തനാപുരത്തിന്റെ വരികള്‍: കഞ്ഞിക്കലങ്ങള്‍/ എത്ര പിഞ്ഞാണങ്ങളില്‍/ പകര്‍ന്നുവച്ചിട്ടും/ ആറിക്കിട്ടാത്ത സങ്കടങ്ങള്‍. -(ഭക്ഷ്യശൃഖംല- കലാകൗമുദി, ജൂലൈ 26).


പുതുകവിതാ ബ്ലോഗില്‍ (ജൂലൈ 15) നിന്നും മൂന്നുകവിതകള്‍. കുട്ടപ്പാട്ടില്‍ വി. എച്ച്‌. നിഷാദ്‌: മഴയെ മറന്നാലും/ കുടയെ മറക്കില്ല./ വെയിലില്‍/ ഇല്ലേപ്പിന്നെ/ നനഞ്ഞു കുളിക്കില്ലേ. നോട്ടം എന്ന രചനയില്‍ റഫീക്ക്‌ തിരുവള്ളൂര്‍ :ഏതു പുരുഷന്റേയും/ നോട്ടത്തിനു മുന്നില്‍/ ഒരു സ്‌ത്രീയുണ്ട്‌. എം. ആര്‍. രേണുകൂമാര്‍ എഴുതുന്നു: കുട്ടിക്കാലത്ത്‌/ നീന്തല്‍ പഠിച്ചു കൂടെ/ മുങ്ങിച്ചാകാന്‍ കൂടി/ പഠിക്കണമായിരുന്നു.


ജീവിതത്തിന്‌ ഇങ്ങനെയും ഒരു വശമുണ്ടോ? എന്ന ചോദ്യം സൈബര്‍ നിലാവ്‌ എന്ന കവിതയില്‍ ആലങ്കോട്‌ ലീലാകൃഷ്‌ണന്‍ വരിച്ചിടുന്നു: അന്തിചാഞ്ഞ വിരിപ്പുപാടങ്ങളില്‍/ പുഞ്ചദാഹിച്ചു കേഴും തടങ്ങളില്‍/ വേര്‍പ്പു തേവിത്തളര്‍ന്നു വരുന്നൊരാള്‍/ നേര്‍ത്ത സൈബര്‍ നിലാവില്‍ തെളിഞ്ഞുവോ-(മാതൃഭൂമി, ജൂലൈ27)- ആശയങ്ങളുടെ ആവിര്‍ഭാവവും സമൃദ്ധമായ ഒഴുക്കും അടയാളപ്പെടുത്തുന്ന കവിത.


സൂചന: അസ്ഥികൂടം പുറത്തായിരിക്കുന്ന ചിലയിനം ജീവികളെപ്പോലെയാണ്‌ കവിത- ജോണ്‍ ഹോളന്‍ഡര്‍. അസ്ഥികൂടം അകത്തുതന്നെയിരിക്കണമെന്ന കരുതലാണ്‌ എഴുത്ത്‌. കവിതയും വ്യത്യസ്‌തമല്ല.


എഡിറ്റിംഗില്ലാത്ത കവിതകള്

‍ഇമേജിസ്റ്റായ എസ്രാപൗണ്ടിനെ ചുവന്നമഷിയുള്ള പേന എന്ന്‌ വിശേഷിപ്പിച്ചത്‌ കവിതകളോട്‌ പുലര്‍ത്തിയ നിലപാടുകള്‍ കൊണ്ടായിരുന്നു. അനാവശ്യവാക്കുകള്‍ എഡിറ്റു ചെയ്യുന്നതില്‍ പൗണ്ട്‌ ജാഗ്രത കാണിച്ചിരുന്നു. മാതൃഭൂമിയില്‍ എന്‍. വി. കൃഷ്‌ണവാരിയര്‍ ജോലിചെയ്‌തിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ വിരള്‍സ്‌പര്‍ശമേറ്റ്‌ മലയാളത്തില്‍ കുറെ കവികളുണ്ടായി. ചിലരെങ്കിലും എഴുത്തുനിര്‍ത്തി. പുതിയ കാലത്ത്‌ പേനയ്‌ക്ക പകരം മൗസ്‌ എഡിറ്റിംഗ്‌ ടേബില്‍ ഭരിക്കുമ്പോള്‍ കവിതയുടെ പേരില്‍ നിരവധി പ്രബന്ധങ്ങള്‍ പുറത്തുവരുന്നു. ഇത്‌ തെറ്റിദ്ധരിപ്പിക്കുന്നത്‌ എഴുതിത്തുടങ്ങുന്നവരെയാണ്‌. എഴുതിക്കഴിഞ്ഞാല്‍ പല തവണ വായിച്ച്‌ സ്വയം ബോധ്യപ്പെട്ടാല്‍ മാത്രം പ്രസിദ്ധീകരണത്തിന്‌ അയച്ചുകൊടുക്കാന്‍ ശ്രമിച്ചാല്‍ കാവ്യഭീകരതയില്‍ നിന്ന്‌ വായനക്കാര്‍ രക്ഷപ്പെടും.


പുതുവഴിയില്‍ നാല്‌ രചനകളാണ്‌ ഉള്‍പ്പെടുത്തിയത്‌. മഴയെക്കുറിച്ചോര്‍ക്കുമ്പോള്‍ (രമേഷ്‌ ബേപ്പൂര്‍), രണ്ടു കവിതകള്‍ (ബാരിമോന്‍ ഇരിങ്ങല്ലൂര്‍), അ എന്ന വാക്ക്‌ (നജീബ്‌ മഞ്ചേരി),സ്‌ഫോടനം (അമീന്‍) എന്നിവ. മഴയെപ്പറ്റി രമേഷിന്‌ ചിലതൊക്കെ പറയാനുണ്ട്‌. അത്‌ ഭാഷാന്തരീകരിക്കുമ്പോള്‍ പറയാനുള്ളത്‌ എവിടെയോ നഷ്‌ടമാകുന്നു. രണ്ടു കവിതകളിലും സംഭവിക്കുന്നത്‌ ഇതേ പ്രശ്‌നമാണ്‌. പുതുമ എന്നു കരുതി എഴുതുന്നതെല്ലാം കവിതയാകില്ലെന്നതിന്‌ തെളിവാണ്‌ നജീവ്‌ മഞ്ചേരിയുടെ അ എന്ന വാക്ക്‌. അമീന്‍ എന്തൊക്കെയാണ്‌ എഴുതിയത്‌. ശാന്തമായി ഒരിടത്തിരുന്ന്‌ വായിച്ചുനോക്കിയാല്‍ ഇങ്ങനെയൊരു രചന ആവശ്യമില്ല എന്ന്‌ അമീന്‌ തന്നെ ബോധ്യപ്പെടും. ഈ എഴുത്തുകാരുടെ കാവ്യവെട്ടത്തിലേക്ക്‌ സച്ചിദാനന്ദന്റെ വരികള്‍ കുറിക്കുന്നു: എന്റെ കവിതയില്‍ ഞാന്‍/ വാക്കുകള്‍ അടുക്കിയടുക്കിവെക്കുന്നു/പച്ചവിറകുകള്‍പോലെ- (ദേശാടനം എന്ന കവിത). ചേര്‍ത്തുവായിക്കാന്‍ മറ്റൊരു നക്ഷത്രദീപ്‌തി- വിവേകശാലിയായ വായനക്കാരാ എന്ന പുസ്‌തകത്തിന്റെ ആമുഖത്തില്‍ കെ. പി. അപ്പന്‍ എഴുതി: എന്റെ നിലപാടുകളെ വിവേകത്തോടെ സ്വാഗതം ചെയ്യുകയും വിവേകത്തോടെ എതിര്‍ക്കുകയും ചെയ്‌ത വായനക്കാരെയാണ്‌ ഈ ഗ്രന്ഥത്തിലെ ആശയങ്ങള്‍ അഭിസംബോധന ചെയ്യുന്നത്‌.- ഇതിലടങ്ങിയ ആശയം പുതുവഴിക്കാര്‍ തിരിച്ചറിയണം.


കവിതകള്


‍മഴയെ കുറിച്ചോര്‍ക്കുമ്പോള്‍

രമേഷ്‌ ബേപ്പൂര്

‍ആകാശത്തിന്‌ മണ്ണിനോടുള്ള,അടക്കാനാവാത്ത,

അഭിനിവേശ-മാണ്‌ മഴ! ഇവ ജലനൂല്‍

തോരാ-ണങ്ങളായി പെയ്‌തിറങ്ങുമ്പോള്

‍അടങ്ങാത്ത അനുഭൂതികള്‍ നല്‌കുന്നുഇഷ്‌ടമായതൊക്കെ അരികിലുണ്ടെങ്കിലുംമാരിയുടെ

ഗൃഹാതുരത്വംനഷ്‌ടവസന്തമാണ്‌!ഏതോ ഒരു കര്‍ക്കിടകമഴയില്‍പിതൃത്വം പടിയിറങ്ങിയ

ഈറന്‍സന്ധ്യയും ഇടവഴിക്കോണിയുമുണ്ട്‌!

പിന്നെ അമ്മയുടെ നനഞ്ഞമിഴിയുടെസാക്ഷിയുമുണ്ട്‌!

വര്‍ഷം നിര്‍ത്താതെ-തിമിര്‍ത്തു പെയ്യുമ്പോള്‍പാടവക്കത്തെ മണ്‍കുടിലുംപുഴയ്‌ക്കക്കര വീടുകളുംപുതച്ചെടുക്കുന്നതായി തോന്നും!

മഴ ജീവന്റെ സ്‌പന്ദനമാണ്‌താളവും ഗീതവുമുള്ള

അതില്‍ബീജത്തിന്റെ ഉറവിടമുണ്ട്‌

അളക്കാനാവാത്ത പ്രതിഭാസമാണ്‌ മഴ!

ഗോവര്‍ദ്ധനമുടികുടയാക്കി, ഇടയന്‍രക്ഷകനായ കഥ ആര്‍ദ്രസ്‌നേഹത്തിന്റെഹൃദയസ്‌പര്‍ശം മാത്രമാണ്‌.


രണ്ടു കവിതകള്

‍ബാരിമോന്‍ ഇരിങ്ങല്ലൂര്

‍കണക്ക്‌കൂടിയാല്‍ തെറ്റ്‌കുറഞ്ഞാല്‍

കുറ്റംപിരിച്ചും ഹരിച്ചുംഅവള്‍

നാളുകള്‍തള്ളുന്നു

.ഈ അടുക്കളവല്ലാത്തൊരുകണക്കു

പാഠശാല തന്നെ.കണ്ണുനീര്‍ഉപ്പു കുറഞ്ഞതിന്‌അവനെറിഞ്ഞ

പിഞ്ഞാണത്തിലൂറ്റിയകണ്ണുനീരിന്‌

നല്ലഉപ്പു രുചിയുണ്ട്‌.സമൃദ്ധി നടിച്ച്‌

പട്ടിണി കിടന്ന്‌ അവന്‍തിന്നെണീറ്റ പാത്രംമോറിയപ്പോളുറ്റിയകണ്ണുനീരിന്‌ തേനിനേക്കാള്‍മാധുര്യവുമുണ്ട്‌.


അ എന്ന വാക്ക്‌

നജീബ്‌ മഞ്ചേരി

അ ഒരു അക്ഷരമല്ലഅ

ഒരു വാക്കാകുന്നു.അതില്‍

ആത്മീയതയുണ്ട്‌അശ്ലീലതയുമുണ്ട്‌

വ്യഭിചരിക്കപ്പെടുന്നവാക്കുകളിലെവലിയ ഇരയാകുന്നു അ.സുഹൃത്തേ,എന്റെയീ മൗനം പോലും

അശ്ലീലമെന്നോ!എന്നോട്‌ ക്ഷമിക്കുക

ഇവിടെ രക്ഷയില്ലമനുഷ്യനുംഭൂമിയേക്കാള്‍

തൂക്കമുള്ളൊരീയൂക്കന്‍ വാക്കിനും.


സ്‌ഫോടനം

അമീന്‍ ഖാസിയാറകം

കടലില്‍ അലറുന്നുതിരമാലകള്‍

ഒപ്പംഏ.കെ. 47നും അനേകംഭാവി

ജഡങ്ങളുംകാണാമറയത്ത്‌ മറയുന്നഅപരിചിതര്‍ രാത്രിപൊക്കിയെടുത്ത മനസ്സുകള്‍പിറ്റേന്ന്‌ നഗരങ്ങളില്‍ചിന്നിച്ചിതറിഅടര്‍ന്നുപോകുന്നവേരുകള്‍, ഉതിര്‍ന്നുവീഴുന്ന പഴങ്ങള്‍, കൊഴിഞ്ഞുപോകുന്ന

ഇലകള്‍എല്ലാം പരസ്‌പരബന്ധിതംബാക്കിയുണ്ട്‌

നമുക്ക്‌ വിലപിക്കാന്‍തെറിപറയാന്

‍വോട്ടുബാങ്കുകള്‍ തിട്ടപ്പെടുത്താന്‍.

-26/7/09

Thursday, July 16, 2009

മറ്റൊരു മഴനൃത്തം


കവിതയുടെ ഉള്ളടക്കം എന്നും മാറിക്കൊണ്ടിരിക്കും.

കാവ്യധര്‍മ്മം ഒരിക്കലും മാറുകയില്ല- എന്ന്‌ കാവ്യസിദ്ധാന്ത വിശകലനത്തില്‍ റഷ്യന്‍ ഫോര്‍മലിസ്റ്റായ ജക്കോബ്‌സന്‍ എഴുതിയിട്ടുണ്ട്‌. എഴുത്തില്‍ പതിഞ്ഞിരിക്കുന്ന ഉള്‍ക്കാഴ്‌ചയാണ്‌ ജക്കോബ്‌സന്‍ ഓര്‍മ്മപ്പെടുത്തുന്നത്‌. ഉത്തമമായ കവിത മനുഷ്യാത്മാവിന്റെ എല്ലാവാതിലുകളും മുട്ടിവിളിക്കുന്നുവെന്ന്‌ എം. എന്‍. വിജയനും പറഞ്ഞുവെച്ചിട്ടുണ്ട്‌. ``അകതളിരെയറുപ്പു ഹന്ത!ധീ/ വികലതയേകി വലുപ്പവെത്രതാന്‍''-(ലീല) എന്ന്‌ കുമാരനാശാന്‍ സ്വയം ചോദിച്ചുകൊണ്ടിരുന്നത്‌ കവിതയുടെ രഥ്യയെപ്പറ്റിയാണ്‌. മലയാളത്തിലെ മിക്ക കവികള്‍ക്കും യൗവ്വനത്തില്‍ മാത്രമല്ല, വാര്‍ദ്ധക്യത്തിലും ഇത്തരം ചോദ്യം നേരിടേണ്ടിവരില്ല!


പണ്ട്‌ കുതിരക്കൂറില്‍ സംഘടിപ്പിച്ച മഴനൃത്തം പരക്കെ വിമര്‍ശിക്കപ്പെട്ടു. സാംസ്‌കാരികനായകരും ടി.വി. ചാനലുകളുമാണ്‌ വിമര്‍ശനശരവുമായി സംഘാടകരെ നേരിട്ടത്‌. ഏതാണ്ട്‌ ഇതുപോലൊരു മഴനൃത്തം കോവളത്തെ അശോക്‌ ബീച്ച്‌ റിസോര്‍ട്ടില്‍ സംഘടിപ്പിച്ചത്‌ വാര്‍ത്തകളില്‍ ഇടംപിടിച്ചു. സ്റ്റാര്‍ ടിവിയുടെ ഒരു കോണ്‍ഫ്രറന്‍സിനോട്‌ അനുബന്ധമായിട്ടായിരുന്നു പരിപാടി. മഴിയില്ലാതിരുന്നതിനാല്‍ ഒരു ഉപകരണം കൊണ്ട്‌ പരസ്‌പരം വെള്ളം ചാമ്പിയായിരുന്നു സംഘാംഗങ്ങള്‍ നൃത്തമാടിയത്‌. മലയാളകവിതയില്‍ ഇപ്പോള്‍ നടക്കുന്നതും മറ്റൊന്നല്ല. കവിത എന്ന പേരില്‍ വലുതും ചെറുതുമായ എഴുത്തുകാര്‍ പരസ്‌പരം വാക്കുകള്‍ ചാമ്പിക്കളിക്കുന്നു.


എഴുത്തുകാരെയും അവരുടെ ജനാധിപത്യ അവകാശങ്ങളെയും ബഹുമാനിക്കുന്ന വായനക്കാരുടെ കാരുണ്യം കൊണ്ട്‌ വാക്കുകള്‍ കുത്തിനിറയ്‌ക്കാന്‍ ഭാഗ്യം ലഭിച്ച കുറെ കവികളുടെ പ്രവാഹമാണ്‌ കഴിഞ്ഞവാരം മലയാളത്തിലെ ആനുകാലികങ്ങളില്‍ നിറഞ്ഞുനിന്നത്‌. കെ. സച്ചിദാനന്ദന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്‌, കല്‌പറ്റ നാരായണന്‍, കെ. വി. ബേബി, ഡി. വിനയചന്ദ്രന്‍, രാഘവന്‍ അത്തോളി, മുയ്യം രാജന്‍, അസ്‌മോ പുത്തന്‍ചിറ, സുനില്‍കുമാര്‍ എം. എസ്‌, എല്‍. തോമസ്‌കുട്ടി, വി. മോഹനകൃഷ്‌ണന്‍, ബിജോയ്‌ ചന്ദ്രന്‍, ബാലകൃഷ്‌ണന്‍ മൊകേരി, വിനോദ്‌കുമാര്‍ എടച്ചേരി, രാജശ്രീ വാരിയര്‍ എം. ആര്‍. വിഷ്‌ണു പ്രസാദ്‌, സി. എസ്‌. ജയചന്ദ്രന്‍ എന്നിവര്‍ ചാമ്പിക്കളിയില്‍ മുന്‍നിരയിലുണ്ട്‌.


സച്ചിദാനന്ദന്‍ 'ഭാഗവതം' എന്ന രചനയില്‍ (മാധ്യമം ജൂലൈ 20) വേഷപ്പകര്‍ച്ചയിലേക്കാണ്‌ വായനക്കാരെ നടത്തിക്കുന്നത്‌: പച്ച അഴിച്ചുവെച്ചു വാളുമെടുത്ത്‌/ അടുത്ത കളിയിലെ/ കല്‍ക്കിവേഷത്തിനു മേയ്‌ക്കപ്പിടുന്നു. സച്ചിദാനന്ദന്‍ കവിതയ്‌ക്ക്‌ മേക്കപ്പിടുന്നത്‌ കാണുമ്പോള്‍ വായനക്കാര്‍ പ്രാണഭീതിയില്‍ പൊറുതിമുട്ടുകയാണ്‌. ബാലചന്ദ്രന്‍ ചുള്ളിക്കാടും ഡി. വിനയചന്ദ്രനും മാധവിക്കുട്ടിയെ അനുസ്‌മരിക്കുകയാണ്‌. ബാലചന്ദ്രന്‍ ഇംഗ്ലീഷില്‍ കരയുന്നു. ഭാഷാപോഷിണിയില്‍ (കമല എന്ന കവിത, ജൂലൈ ലക്കം): യൂ റിട്ടേണ്‍ഡ്‌/ വെന്‍ ഐ കോള്‍ യൂ. മഴയായും കാറ്റായും മരിച്ചുപോയവരെ പലവട്ടം മലയാളത്തില്‍ വിളിച്ചുകൂവിയതു കൊണ്ടായിരിക്കാം ബാലചന്ദ്രന്‍ ആംഗലേയ ഭാഷയിലെഴുതിയത്‌. ഡി. വിനയചന്ദ്രന്‌ ഇത്‌ പെരുകവിതക്കാലമാണ്‌. ഭാഷാപോഷിണിയില്‍: ഓരോ മരണവും ചന്ദ്രന്റെ കളങ്കത്തില്‍/ ഒരു കുളിര്‍വെളിച്ചം പുതച്ചുപോകുന്നു- (വേലിയേറ്റങ്ങള്‍) എന്നെഴുതി വിനയം കാണിക്കുകയാണ്‌ വിനയചന്ദ്രന്‍. ആരു മരിച്ചാലും കവിതയെഴുതിയിരിക്കണമെന്ന്‌ തീരുമാനിച്ചുറച്ചതുപോലെ. അവരവരുടെ ആത്മബലം വര്‍ദ്ധിപ്പിക്കലാണ്‌ എഴുത്തിന്റെയും പ്രധാനഘടകങ്ങളിലൊന്ന്‌. പക്ഷേ, ഇത്തരം രചനകള്‍ ആത്മവിശ്വാസമില്ലായ്‌മയുടെ നിലവിളിയാണ്‌.


മാതൃഭൂമിയില്‍ കല്‌പറ്റ നാരായണന്‍ ഇങ്ങനെ എഴുതി: നടക്കുന്നത്‌/എവിടെയും എത്താനല്ല/ കുമ്പിടുന്നത്‌/ ഒന്നും എടുക്കാനല്ല/ ചാടുന്നത്‌/ ഒന്നിലുമെത്താനല്ല''-(വ്യായാമം എന്ന കവിത, ജൂലൈ12). കായിന്‍പേരില്‍ പൂ മതിക്കുവോര്‍ എന്ന്‌ വൈലോപ്പിള്ളി ഒറ്റവരിയില്‍ എഴുതി. 'സമയപ്രഭു'വിന്‌ എഴുപത്തിയാറ്‌ വരിയില്‍ പറയേണ്ടിവന്നു. കാവ്യരചനയില്‍ കല്‌പറ്റ നാരായണന്‌ ഇനി വ്യായാമക്കാലമാണെന്ന്‌ വ്യക്തം. 'അഭയ'ത്തില്‍ കെ. വി. ബേബി എഴുതി: നിന്റെ ഭാഷ ഞാന്‍/ സ്വായത്തമാക്കിയതിനാലോ/ അല്ല, മറിച്ച്‌ അറവുശാലയില്‍/ വെച്ചുതന്നെ-(കലാകൗമുദി-ജൂലൈ 19). ബേബി കവിതയില്‍ ഇപ്പോഴും ബേബി തന്നെയെന്ന്‌ അഭയവും സൂചിപ്പിക്കുന്നു.


'സ്‌പെഡര്‍ വുമന്‍' എന്ന രചനയില്‍ എം. ആര്‍. വിഷ്‌ണുപ്രസാദ്‌ പറയുന്നതിങ്ങനെ: എളുപ്പത്തില്‍ /ജയിക്കുകയും/ തോല്‍ക്കുകയും ചെയ്യുന്നത്‌.- (മാധ്യമം-ജൂലൈ 20) അഞ്ചാമത്തെ പീരിഡിന്റെ മദ്ധ്യത്തില്‍ ക്ലാസ്‌ടീച്ചര്‍ സ്‌പെഡര്‍ വുമന്‍ ആകുന്നു. സി. എസ്‌. ജയചന്ദ്രന്‍ 'റക്‌സിന്‌ എന്തുസംഭവിച്ചു' എന്ന കാവ്യരൂപത്തില്‍: റക്‌സിനെ നേരില്‍/ കണ്ടേമതിയാവൂന്ന്‌/ റക്‌സിന്റെ വിമര്‍ശകന്‍/ റക്‌സിനോടെന്തോ/ കുമ്പസാരിക്കാനുണ്ടുപോലും-(മാധ്യമം). 'നല്ലപിള്ള'യില്‍ ബാലകൃഷ്‌ണന്‍ മൊകേരി കുറിച്ചതിങ്ങനെ: നീരിറ്റുന്ന/ നാവിനാലിടയ്‌ക്കോരിയിട്ടീടവെ/ഒന്നു മാത്രമുറച്ചു ഞാനെപ്പോഴും/ നല്ല പിള്ളയായ്‌ മാറാതിരിക്കുവാന്‍-(തൂലിക മാസിക, ജൂലൈ). വിനോദ്‌കുമാര്‍ എടച്ചേരിയുടെ വരികള്‍: കാര്യം കഴിഞ്ഞാല്‍/ ആട്ടും തുപ്പും സഹിച്ച്‌/ഓച്ഛാനിച്ചു/ എന്നും പടിക്കു പുറത്ത്‌. (തൂലിക മാസിക). 'ഒരില'യില്‍ രാജശ്രീ വാരിയര്‍: ഇത്‌ ഞാന്‍/മേഘത്തില്‍ തൊട്ട്‌, അങ്ങ്‌ /താഴെ മണ്ണില്‍ പൂണ്ടു ഞാന്‍/ ശക്തനാണങ്ങ്‌ വീഴരുത്‌/കാത്തിരിക്കാം ഞാന്‍/പക്ഷേ, ഇനിയത്തെ മഴ. -(കലാകൗമുദി ജൂലൈ19). ഈ എഴുത്തുകാരുടെ കവിത അടിത്തറയില്ലാത്ത മേല്‍പ്പുരയാണ്‌.


അസ്‌മോ പുത്തന്‍ചിറയുടെ 'വകതിരിവ്‌'(വാരാദ്യമാധ്യമം ജൂലൈ12)- നോട്ടങ്ങളുടെ വ്യതിരേകം വിവരിക്കുന്നു. പിന്നില്‍ നിന്നും മുന്നില്‍ നിന്നും നോക്കുമ്പോഴുള്ള കാഴ്‌ചയുടെ അവസ്ഥാന്തരമാണ്‌ അസ്‌മോ പറയുന്നത്‌: അത്യാവശ്യം/ പറഞ്ഞപ്പോള്‍/തിരിച്ചറിഞ്ഞു/ ആളാരെന്ന്‌-(വകതിരിവ്‌). വി. മോഹനകൃഷ്‌ണന്‍: എങ്കിലും/ ഗീതാടാക്കീസ്‌/പിരിയാന്‍ വിടാത്ത കാമുകി- (നഗരം നഗരം മഹാസാഗരം, പച്ചക്കുതിര, ജൂലൈ). എല്‍. തോമസ്‌കുട്ടി: അതിസാധാരണമീ/ ഇരപിടുത്തം/ പശപ്പാര്‍ന്ന നാവില്‍/ നൊടിവേഗമാശ്ചര്യം. മുയ്യം രാജന്‍ 'ഇന്ന്‌ മാസിക'യിലെഴുതി: മനസ്സിനെ/ മാനഭംഗപ്പെടുത്തിയാണ്‌/സ്വപ്‌നങ്ങളെ/ അറസ്റ്റു ചെയ്‌തത്‌. അരിയാട്ടുകല്ലിന്റെ കഥ പറയുകയാണ്‌ സുനില്‍കുമാര്‍ എം. എസ്‌. (കല്ല്‌ കൊത്തുന്നവര്‍- ആഴ്‌ചവട്ടം,തേജസ്സ്‌ ജൂലൈ12). കല്ലുകൊത്തുകാര്‍ നിശ്ചലരാകുന്നിടത്ത്‌ സുനില്‍കുമാറിന്റെ വാക്‌ധോരണി അവസാനിക്കുന്നു. ഒപ്പം വായനക്കാര്‍ നെടുവീര്‍പ്പിടുകയും. രാഘവന്‍ അത്തോളിയുടെ 'കലഹമഴ'യില്‍(ദേശാഭിമാനി വാരിക) ജീവിതമുണ്ട്‌. കവിതയുടെ നീരൊഴുക്കില്ല.


സവിശേഷമായ വെല്ലുവിളികള്‍ നേരിടുന്ന പുതുകവിതയില്‍ വേറിട്ടൊരു ശബ്‌ദമാണ്‌ 'കമ്മ്യൂണിസ്റ്റ്‌ പച്ച'യില്‍ ബിജോയ്‌ചന്ദ്രന്‍ വരച്ചുചേര്‍ത്തത്‌: കുട്ടികളൊളിച്ചിരുന്ന്‌/ ഗൊറില്ല യുദ്ധമുറകള്‍/പരിശീലിക്കുന്നത്‌/ ഇപ്പോഴും ഇതിന്റെ/ പൊന്തക്കാട്ടിലാണ്‌/ പഴയ ഏതോ മാസികയുടെ/ മണ്ണുതിന്ന കഷണങ്ങള്‍/ സിഗരറ്റ്‌കുറ്റികള്‍ ഒക്കെ/ അവര്‍ പക്ഷേ, ശ്രദ്ധിക്കാതെ പോകും. -വിപ്ലവകാരികളുടെ ജീവിതത്തിലേക്ക്‌ നീട്ടിയെറിയുന്ന ഗതകാലത്തിന്റെ ശേഷപത്രം.


സൂചന: താമ്രപര്‍ണി എന്ന പുസ്‌തകത്തില്‍ ശൈലന്‍ എഴുതി: നാലുവരികള്‍ കൂടി/ മായ്‌ച്ചഴിച്ച്‌/കളഞ്ഞിരുന്നെങ്കില്‍/ കണക്കെഴുതാ-/ നെടുക്കാമായിരുന്നീ/കവിതാപുസ്‌തക-/പ്പുതുമയെ -(ലേ ഔട്ട്‌). സച്ചിദാനന്ദനും വിനയചന്ദ്രനും ബാലചന്ദ്രനും ഈ വരികള്‍ വായിച്ചിരുന്നെങ്കില്‍!


പുതുവഴി

പുതുവഴിയില്‍ നാല്‌ കവിതകളാണ്‌ ഉള്‍പ്പെടുത്തിയത്‌. പ്രണയം (ഭാസ്‌കരന്‍ അരയാല), നഷ്‌ടബോധം (താഹിര്‍ കാരാട്‌), മിഥ്യകള്‍(നസ്സീബലി), കനവ്‌(മുഫ്‌ലി) എന്നിവ. പ്രണയത്തിന്റെ മഴസ്‌പര്‍ശവും വിരഹത്തിന്റെ വേനല്‍ക്കനവും അയവിറക്കുകയാണ്‌ ഭാസ്‌കരന്‍. നഷ്‌ടബോധം എന്ന കവിത എഴുതുന്നതിന്‌ മുമ്പ്‌ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ താതവാക്യം ഒരാവര്‍ത്തി താഹിര്‍ വായിച്ചിരുന്നെങ്കില്‍ ഇതുപോലെ ചെളിപ്പാടത്തില്‍ വാക്കുകള്‍ വിന്യസിക്കുമായിരുന്നില്ല. ജീവിതത്തിന്റെ നാല്‍ക്കവലയില്‍ നടക്കാനിറങ്ങിയ നസ്സീബലിക്കു കൈകളില്‍ മാത്രമല്ല, ചിന്തയിലും ഒന്നും ലഭിക്കുന്നില്ല. വെറും മനസ്സോടെ തിരിച്ചുവരുന്നു- മിഥ്യകള്‍ എന്ന രചനപോലെ. ആര്‍ക്കും എപ്പോഴും എവിടെവച്ചും കിനാവ്‌ കാണാം. പക്ഷേ, അത്‌ മറ്റുള്ളവര്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുന്നവിധത്തിലാകരുത്‌. മുഫ്‌ലിയുടെ 'കനവ്‌' വായിക്കാനിടയുള്ളവരും അടക്കം പറയുക ഇതുതന്നെയായിരിക്കാം. എഴുത്തിന്റെ ജാഗ്രതയിലേക്ക്‌ കണ്ണയക്കുന്ന നാലുവരികള്‍ കുറിക്കുന്നു: കരളിനെക്കുത്തുന്ന/ ചോദ്യങ്ങളായിരം/ കാട്ടുകടന്നലാ-/യെന്നെപ്പൊതിയുന്നു.- (സരയുവിലേക്ക്‌ - ഒ. എന്‍. വി. കുറുപ്പ്‌).


കവിതകള്‍

പ്രണയം

ഭാസ്‌കരന്‍ അരയാല

പ്രണയം മഴപോലെയാണെന്നും

വിരഹം വേനല്‍പോലെയാണെന്നും

നീ പറഞ്ഞത്‌

ഒരു പെരുമഴയുടെ

അവസാനത്തെനെടുവീര്‍പ്പിലായിരുന്നു.

അപരിചിതത്വത്തിന്റെ

ഉടയാടകള്‍പറിച്ചെറിഞ്ഞ്‌

പ്രണയത്തിന്റെ ഊഷ്‌മാവളന്ന്‌

വേനലിന്റെ തീക്ഷ്‌ണദാഹമായി

മഴയുടെ ഉന്മാദനൃത്തമായി

അനാദിയിലേക്ക്‌

നാം തുഴഞ്ഞു തുഴഞ്ഞ്‌.

ഒടുവില്‍ഒരിക്കലും പെയ്‌തൊടുങ്ങാത്ത

മഴയുംവരണ്ട വേനലുംഹൃദയത്തില്‍

ബാക്കിവെച്ച്‌ജീവിതത്തിന്റെ

പെരുവഴിയില്‍

ഒരു വേനല്‍ക്കിനാവായ്‌

നീ തനിച്ചങ്ങിനെ.


നഷ്‌ടബോധം

താഹിര്‍ കാരാട്‌

ക്ഷണിക ജീവിതത്തിലെന്നോ

നഷ്‌ടപ്പെടുത്തിയറിവിന്റെ

ബോധം വൈകിത്തെളിഞ്ഞു

നഷ്‌ടബോധത്തിലൊന്നെ

നിക്കത്‌ഹൃത്തടമറിഞ്ഞച്ഛന്റെ

വാക്കു തോക്കിനുമുമ്പില്‍

പകച്ചൊരാം മകന്റെ വിരഹാര്‍ത്തദു:ഖം

കലര്‍ന്ന വാക്കുകളിലെന്നോമറന്നിട്ടറവിന്റെ നേട്ടം കുറ്റബോധമായിമനസ്സില്‍ പിറന്നതും നഷ്‌ടബോധത്തിലാം.

മനസ്സലിഞ്ഞച്ഛന്റെ വാക്കിനു ചെവി-

കൊണ്ടിരുന്നങ്കിലിന്നെനിക്ക്‌ കുറ്റബോധ-

ത്തെ ഹനിക്കാമായിരുന്നു.

പള്ളിക്കൂടത്തിലന്ന്‌ തൊട്ടിന്നിത്‌വരെ യെത്ര-

സഹപാഠികളെ തഴുകിയതാണവരിന്നെന്റെയോര്‍മയില്‍, നഷ്‌ടബോധത്തില്‍കുറിച്ചിടാന്‍,

പള്ളിക്കൂടവും സഹപാഠികളും.

സൗഭാഗ്യമെന്നില്‍ പിറന്നോരു

നിമിഷമറിയാതെമന്ത്രിച്ച വാക്കിനു മുമ്പില്‍ കരയേണ്ടിവന്നുസ്‌നേഹിതിക്കെന്റെ കത്ത്‌,

അറിയാതുരുവായ-

വാക്കിനുനെറുകയില്‍മാഞ്ഞുപോയ

സൗഹൃദം തിരിച്ചറിവ്‌ വീണ്ടെടുക്കുമ്പോഴൊക്കെ നഷ്‌ട-ബോധമെന്നെ വേട്ടയാടുന്നു.


മിഥ്യകള്

‍നസ്സീബലി, തൃശൂര്

‍ജീവിതത്തിന്‍

നാല്‍ക്കവലയില്‍

നടക്കാനിറങ്ങിയ

ഞാന്‍വഴിയില്‍ കണ്ടവനു

ഹൃദയം പണയം വെച്ചുമുപ്പത്‌

വെള്ളിക്കാശിന്‌നാട്യത്തിന്‍

ദല്ലാള്‍ തെരുവില്‍സൗഹൃദമെന്ന

ഒറ്റമൂലിനീരാളിക്കൊകളുമായി

പിടികൂടിചുവടുമാറ്റി ചവുട്ടിയും ഇണങ്ങിയും പിണങ്ങിയുംമുകംമൂടിയണിഞ്ഞ

രണ്ട്‌ മനുഷ്യകോലങ്ങള്‍

മുടിയഴിച്ചിട്ടാടി,

എഴുതാപ്പുറങ്ങളില്‍സൗഹൃദമെന്ന

ഏതോ, മോഹത്തിന്‍

മുനമ്പില്‍ കുത്തിയിരുന്നു ഞാന്‍.


കനവ്‌

മുഫ്‌ലി

എന്‍ മനസ്സിന്‍മരതകത്തില്‍

ഒളിപ്പിച്ചഎന്‍ കനവുകള്‍ നിന്നരികിലേക്കയക്കാന്

‍കൊതിച്ചുപോയ്‌അറിയാതെ ഞാന്‍.

ഞാന്‍ കാത്തിരുന്നുനിന്നെ

ഒന്നു കാണുവാന്‍

എന്‍ കാതുകള്‍ കൊതിച്ചുപോയ്‌

നിന്‍ മധുരനാദം കേള്‍ക്കാന്

‍എന്‍ ആശകള്‍ അലയുകയാണ്‌,

വിണ്ണിലെ മഴവില്ലുപോല്‍ജ്വലിച്ചു

നില്‍ക്കയായ്‌വരൂ നീ

ആ മധുരം നുകരുവാന്‍.

Friday, July 10, 2009

ഡൈ ചെയ്‌ത വാക്കുകള്‍

‍ഇണയിലുള്ളം രമിച്ചു നിശീഥത്തില്‍/ പ്രണയഗാനമുണര്‍ന്നിതെന്നാത്മാവില്‍/ കനകദീപ്‌തിയില്‍ പൊതിഞ്ഞതന്‍/ പ്രണയലേഖനം തന്നൂ പുലരികള്‍- എന്നിങ്ങനെ പി. കുഞ്ഞിരാമന്‍ നായര്‍ എഴുതിയിട്ടുണ്ട്‌ (ഭര്‍ത്തൃഗ്രഹത്തിലേക്ക്‌ എന്ന കവിത). പ്രണയമനസ്സ്‌ ആയിരം തിരികളായ്‌ വിളയുന്ന കവന സിദ്ധിയാണ്‌ പി. കുഞ്ഞിരാമന്‍ നായര്‍ അടയാളപ്പെടുത്തിയത്‌. അസൂയാവഹമായ സൗന്ദര്യത്തിലൂന്നി തൊട്ടതെല്ലാം പൊന്നാക്കുന്ന എഴുത്തിന്റെ മാസ്‌മരവിദ്യയാണത്‌. മലയാളത്തിലെ പുതുകവികളുടെ വിരല്‍ത്തുമ്പില്‍ നിന്നും ചോര്‍ന്നുപോകുന്നതും മറ്റൊന്നല്ല. പലരുടെയും പേന കൂടുതുറന്നുവിട്ട കോഴികളെപ്പോലെ മതിലും തൊടിയും ചാടി കണ്ടതെല്ലാം കൊത്തിവിഴുങ്ങുന്നു. വാക്കുകള്‍ അടുക്കും ചിട്ടയുമില്ലാതെ പുറത്തുചാടുന്നു.

കവികള്‍ ഗൗരവക്കാരാവാനും സ്വയം മറന്ന്‌ ആശയങ്ങള്‍ ആവിഷ്‌കരിക്കാനും വാള്‍ട്ട്‌ വിറ്റ്‌മാന്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്‌. സ്വയം മറന്ന്‌ ആശയങ്ങള്‍ അവതരിപ്പിക്കാനുള്ള കഴിവാണ്‌ എഴുത്തിന്റെ സൗന്ദര്യത്തിന്‌ മാറ്റുകൂട്ടുന്ന ഘടകങ്ങളിലൊന്ന്‌. കഴിഞ്ഞ ആഴ്‌ചയില്‍ മലയാളത്തിലെ വിവിധ ആനുകാലികങ്ങളില്‍ എഴുതി നിറഞ്ഞവരുടെ നിരയില്‍ ഡി. വിനയചന്ദ്രന്‍, പി. കെ.ഗോപി, കെ. സി. മഹേഷ്‌, രാധാകൃഷ്‌ണന്‍ എടച്ചേരി, ശിവകുമാര്‍ അമ്പലപ്പുഴ, നാസര്‍ കൂടാളി, ടി. പി. അനില്‍കുമാര്‍, ശ്രീകുമാര്‍ കരിയാട്‌, ശാന്തി ജയകുമാര്‍, സി. എസ്‌. ജയചന്ദ്രന്‍ തുടങ്ങിയവരുണ്ട്‌. ``പ്രണയം ഒരു ഉമിനീരായി കാണുവോരുടെ'' ഇടയില്‍ നിന്നും ഡൈ ചെയ്‌ത പ്രണയകവിതകള്‍ വീണ്ടും അച്ചടിമഷി പുരളുന്നു.

ഡി. വിനയചന്ദ്രന്റെ രണ്ടു കവിതകളുണ്ട്‌. പ്രണയകമ്പളം നിവര്‍ത്തുന്ന ?മീനം പ്രണയത്തിന്റെ പ്രസ്സ്‌ റിലീസ്‌'' (മലയാളം-ജൂലൈ10), കവിതയില്‍ കാലം കുറുകിവരുന്ന ചിത്രം വരയ്‌ക്കാന്‍ ശ്രമിക്കുന്ന മീന്‍കൂമന്‍ ഡോക്യുമെന്ററി (മാധ്യമം ജൂലൈ13). അള്‍ട്രാവയലറ്റ്‌ രശ്‌മികളെ അതിജീവിക്കുന്ന/ ബാക്‌ടീരിയകളെ കേള്‍ക്കാത്ത പ്രേമ/ ശൂന്യാകാശത്ത്‌ അടര്‍ന്നു വീണ അക്ഷരത്തെറ്റുകള്‍ക്കിടയില്‍/ ഒളിച്ചു താമസിക്കണം/സ്വപ്‌നം എന്റെ വീട്ടിലേക്കു തന്നെ മടങ്ങി/ എന്നെ വായിക്കുന്ന പുസ്‌തകത്തില്‍ ഭയമില്ലാതെ ഇരുന്നു''. വിഷയം പ്രണയവും കാലവുമാണെന്ന്‌ കരുതി എന്തും കുത്തിനിറയ്‌ക്കുന്ന ഭാണ്‌ഡം പോലെയാണ്‌ വിനയചന്ദ്രന്റെ കവിത. ശിവകുമാര്‍ അമ്പലപ്പുഴ എഴുതി: ഇടമുറിയാത്ത മഴയുടെ/ ഇറവെള്ളത്തില്‍/ ഇടമുറിഞ്ഞ അര്‍ത്ഥങ്ങളുണ്ട്‌- (മഴനീര്‍ സംഭരണി- മലയാളം ജൂലൈ10). പി. കെ. ഗോപി വൃകോദര''ത്തില്‍ വരച്ചുചേര്‍ത്തത്‌: വൃകോദരങ്ങള്‍/ ചിറിനക്കി തുടച്ച്‌/ രാവെളുക്കും മുന്‍പ്‌ സ്ഥലംവിട്ടു- (മലയാളം ജൂലൈ 10). ശിവകുമാറും ഗോപിയും തെറ്റിദ്ധാരണകളില്‍ അകപ്പെട്ട്‌ അകം മാത്രമല്ല പുറവും കാണാത്ത പരുവത്തിലാണ്‌.

'പട്ടി ബ്രാന്റ്‌ ജീന്‍സിട്ടു നീ 'എന്ന രചനയില്‍ ശ്രീകുമാര്‍ കരിയാട്‌ പറയുന്നു: കണ്ണടച്ഛന്‍മുനി/ യപ്പുറമിരിക്കുന്നു/ കണ്ണടച്ചു ഞാന്‍ രുചി/ ലോകത്തെയറിയുന്നു- (മാധ്യമം, ജൂലൈ 13). കെ. സി. മഹേഷ്‌ മാതൃഭൂമിയിലെഴുതി: രാത്രി പറന്നുപോകുന്നതും/ മാനം തെളിയുന്നതും/ ഒരു വാതില്‍ തുറന്നുകിട്ടും പോലെയാണ്‌- (ഇരിപ്പ്‌ എന്ന കവിത). അടയിരിക്കുന്ന കിളിയെപ്പോലെയാണ്‌ രാത്രി എന്ന്‌ മഹേഷ്‌. ശ്രീകുമാറിന്റെയും മഹേഷിന്റെയും രചനകള്‍ക്ക്‌ ഗൗരവമുള്ള വായനാലോകത്ത്‌ കടന്നിരിക്കാനുള്ള കഴിവില്ല. ന്യൂസ്‌പ്രിന്റുകള്‍ക്ക്‌ ഭാരമാണിവ.

നാസര്‍ കൂടാളിയുടെ 'ആ മരത്തേയും കണ്ടു ഞാന്‍' (ആഴ്‌ചവട്ടം, തേജസ്‌- ജൂലൈ 5) യാത്രയില്‍ തെളിയുന്ന ഓര്‍മ്മകള്‍ ചേര്‍ത്തുവയ്‌ക്കുന്നു. ``കുഞ്ചിയമ്മ നട്ടുനനക്കുന്ന/ ആ ഐശ്വര്യത്തെ/ ഇലകളില്ലാത്ത ശാഖി കൊണ്ട്‌/ മകള്‍ വരഞ്ഞ ആദ്യ മരത്തെ/ ഓരോ യാത്രയിലും അതെന്നെ ഓര്‍മ്മിപ്പിക്കും''. ഒറ്റ മരവുമില്ലാത്ത വീടിന്റെ ടെറസ്സില്‍ ഒരു ബോണ്‍സായ്‌ മരമായ്‌ ഓര്‍മ്മകള്‍ സൂക്ഷിച്ചുവയ്‌ക്കുകയാണ്‌ നാസര്‍. രാധാകൃഷ്‌ണന്‍ എടച്ചേരിയുടെ രണ്ടു കവിതകള്‍ (ദേശാഭിമാനി വാരിക- ജൂലൈ 12), യാഥാര്‍ത്ഥ്യം (വര്‍ത്തമാനം ആഴ്‌ചപ്പതിപ്പ്‌ ജൂലൈ5). ``ഒന്നാമത്തെ കാല്‍വയ്‌പ്പില്‍ മുത്തശ്ശിയുടെ ചെല്ലവും/ രണ്ടാമത്തെ കാല്‍വയ്‌പ്പില്‍ മുത്തശ്ശന്റെ ചാരുകസേരയും/ തട്ടിയെടുത്ത വാമനാ/മൂന്നാമത്തെ കാല്‍വയ്‌ക്കാന്‍ ഇവിടെ/ ഒരു ശിരസ്സുപോലുമില്ലല്ലോ (രണ്ടുകവിതകള്‍-അധിനിവേശം). വൈയക്തികവും സാമൂഹ്യവുമായ രണ്ടുമുഖങ്ങളുണ്ട്‌ രാധാകൃഷ്‌ണന്റെ രചനയില്‍. മനുഷ്യന്റെ അപരാധബോധത്തിലേക്ക്‌ ഉള്ളുണര്‍ത്തുകയാണ്‌ എഴുത്തുകാരന്‍. ഇല്ലം ചാടിക്കടക്കുന്നവന്റെ മുന്നില്‍ ലക്ഷ്യമേയുള്ളൂ. അനിധിവേശത്തിന്റെ നഖചിത്രമാണിത്‌.

സി. എസ്‌. ജയചന്ദ്രന്‍ `പലിശക്കാരന്റെ പാട്ട്‌' എന്ന കാവ്യരൂപത്തില്‍: ``മുട്ടു ന്യായങ്ങളും/ നീളുമവധിയും ഒട്ടുമേ വേണ്ടെടോ''- (ദേശാഭിമാനി, ജൂലൈ12). 'കെട്ടുകാഴ്‌ച'യില്‍ ശാന്തി ജയകുമാര്‍ പ്രാര്‍ത്ഥിക്കുന്നു:'' നടവഴിപ്പന്തല്‍ തീരുന്നു/ ഈശ്വരന്‍, ഉടല്‍വെടിഞ്ഞന്യമാകുന്നു/ നിങ്ങളും, പഴയബിംബവും ഞാനുമേകാകികള്‍''- (കലാകൗമുദി, ജൂലൈ 12). ജയചന്ദ്രന്റെയും ശാന്തി ജയകുമാറിന്റെയും വരികള്‍ പകര്‍ച്ചവ്യാധികളാണ്‌. സൂക്ഷ്‌മതയോടെ ചെയ്‌തെടുക്കുന്ന പ്രക്രിയയാണ്‌ കവിത. ആറ്റൂര്‍ രവിവര്‍മ്മ ഓര്‍മ്മിപ്പിക്കുന്നു: കണ്ണടച്ചാലും തുറന്നാലും/ ഒന്നുപോലായോരിരുട്ടത്ത്‌/ പറഞ്ഞതുതന്നെ പറയുന്നു/ പെരുമഴ നിര്‍ത്താതെന്‍ കാതില്‍''-( പിറവി).

കവി വീക്ഷണത്തിന്റെ തിളക്കം പതിഞ്ഞുനില്‍ക്കുന്ന രചനയാണ്‌ ടി. പി. അനില്‍കുമാറിന്റെ സെമിത്തേരിയിലെ നട്ടുച്ച''.-കല്ലറയില്‍ പനിനീര്‍പ്പൂക്കള്‍ വെച്ച്‌/ കുനിഞ്ഞുമ്മ വെക്കുമ്പോള്‍/ ചുട്ടുപൊള്ളുന്ന സിമന്റ്‌/ നിന്റെ ചുണ്ടുകളോട്‌/ പറഞ്ഞതെന്താണ്‌- (മാധ്യമം- ജൂലൈ 13). നിഴലുകള്‍ അവനവനിലേക്ക്‌ മാത്രം നീളുകയോ, ചുരുങ്ങുകയോ ചെയ്യുന്ന സ്ഥലമെന്ന്‌ സെമിത്തേരിയെ കവി പേരിട്ടു വിളിക്കുന്നു.

സൂചന: ജോണ്‍ ഹോളന്‍ഡര്‍ക്കും പി. കുഞ്ഞിരാമന്‍ നായര്‍ക്കും-സൗവര്‍ണ്ണരാജിയിലൂടെ ഒരു അര്‍ത്ഥാന്വേഷണമാണ്‌ പ്രണയകവിത. ഡി. വിനയചന്ദ്രന്‌ ജീവനില്ലാത്ത ഡൈ ചെയ്‌ത വാക്കുകളും.

പുതുവഴി
പുതുവഴിയില്‍ അഞ്ച്‌ രചനകള്‍ ഉള്‍പ്പെടുത്തി. ഇ. ജി. സ്വരൂപിന്റെ നിസ്സഹായത, ശകീല്‍ കരിപ്പൂരിന്റെ കണ്ണ്‌, അല്‍ത്വാഫിന്റെ ശ്വസിക്കരുത്‌, മുഹമ്മദ്‌ മുസ്‌തഫയുടെ പാതകം, സാലിം യു. വി. യുടെ മഴത്തുള്ളിയോട്‌ എന്നിവ. ജീവിതത്തിന്റെ അര്‍ദ്ധപ്രകാശ വിതാനങ്ങള്‍ പുതുവഴിക്കാരുടെ വാങ്‌മയങ്ങളില്‍ തെളിഞ്ഞു വരുന്നുണ്ട്‌. നിസ്സഹായതയില്‍ സ്വരൂപ്‌ ഇടംതേടലിന്റെ വേലിപ്പടര്‍പ്പുകള്‍ അടുക്കിവയ്‌ക്കുന്നു. പക്ഷേ ഇഴയടുപ്പമില്ല സ്വരൂപിന്റെ രചനയില്‍. ആര്‍ദ്രതയുടെ ഷട്ടര്‍ ഇടയ്‌ക്കിടെ പൊട്ടിയൊലിക്കുന്ന കണ്ണിന്റെ ചിത്രമാണ്‌ ശകീല്‍ കരിപ്പൂര്‍ എഴുതിയത്‌. ആശയങ്ങള്‍ക്ക്‌ പിറകെ പോകുമ്പോള്‍ കവിത തളര്‍ന്നുപോയത്‌ ശകീല്‍ അറിയുന്നില്ല. ഓര്‍മ്മ ചിത്രങ്ങളെല്ലാം ചിതലെടുത്തുപോയതിലാണ്‌ അല്‍ത്വാഫിന്‌ പ്രയാസം. ഇനിയും ജീവിതത്തില്‍ തൂത്തുവാരാനുണ്ടെന്ന്‌ എഴുത്തുകാരന്‍ തിരിച്ചറിയേണ്ടതുണ്ട്‌. രണ്ടു പേര്‍ മഴ എഴുതുന്നു. മുഹമ്മദ്‌ മുസ്‌തഫയും സാലിമും. മനുഷ്യനായി പിറക്കാതിരിക്കാനാണ്‌ മുഹമ്മദ്‌ മുസ്‌തഫയുടെ ശപഥം. ബാഷ്‌പമായ്‌ ഉയര്‍ന്നുപോകാന്‍ സാലിം മഴത്തുള്ളിയോട്‌ പറയുന്നു. ഈ എഴുത്തുകാര്‍ക്ക്‌ മണ്ണില്‍ നില്‍ക്കാന്‍ മോഹമില്ല. എന്നാല്‍ വിണ്ണിലൂടെ പറക്കാനും കഴിയുന്നില്ല. എഴുത്തിന്റെ വയക്കമില്ലായ്‌മതന്നെ പ്രശ്‌നം. കടമ്മനിട്ടയുടെ ഈ വരികള്‍: ഇല്ല നമുക്കായൊരു സന്ധ്യ, രാപ്പാതി/ യല്ലാതെ മറ്റൊന്നുമില്ലെന്നെന്നിരിക്കിരിക്കിലും/ വിസ്‌മയം പോലെ ലഭിക്കും നിമിഷത്തി/ ന്നര്‍ത്ഥം കൊടുത്തു പൊലിപ്പിച്ചെടുക്ക നാം- (ശാന്ത എന്ന കവിത). എഴുതിത്തുടങ്ങുന്നവര്‍ക്കും ബാധകമാണ്‌.

കവിതകള്

‍നിസ്സഹായത
ഇ. ജി. സ്വരൂപ്‌, വടകര
മഞ്ഞുതുള്ളി
സൂര്യപ്രകാശത്തിനോട്‌
പരിഭവിച്ചുനീ കനിഞ്ഞു നല്‍കിയ
എന്റെയീ തിളക്കം
നിന്റെ കാപട്യമാണ്‌
അതോടൊപ്പം
നീയെന്റെ
മരണവും ആഗ്രഹിക്കുന്നു
സന്ധ്യ
അവള്‍
എത്ര സുന്ദരിയാണ്‌പക്ഷേ,
അവളുടെ നെറ്റിയില്‍കാണുന്ന സിന്ദൂരം
എന്റെ രക്തമാണെന്ന്‌
നിനക്കറിയാമോതന്റെ
നിസ്സഹായത വെളുപ്പടുത്തിസൂര്യന്‍മറഞ്ഞു.
തിളക്കംനഷ്‌ടപ്പെട്ടമഞ്ഞുതുള്ളി
ഇലയില്‍ നിന്നുംഭൂമിയിലേക്ക്‌
ചാടിആത്മഹത്യചെയ്‌തു.

കണ്ണ്‌
ശകീല്‍ കരിപ്പൂര്‍(ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ അക്കാദമി, ചെമ്മാട്‌)ആഗ്രഹങ്ങളുടെ
മൂര്‍ദ്ധന്യശിഖരങ്ങളില്‍നുരഞ്ഞ്‌
പതഞ്ഞ്‌ഇരമ്പിയൊഴുകുന്ന വികാരങ്ങള്‍ക്ക്‌ഒരണക്കെട്ടാണ്‌കണ്ണ്‌.
ഉള്ളിലൊതുങ്ങാത്ത ചിലസ്വപ്‌നഭാരം തികട്ടുമ്പോള്‍സന്തോഷത്തിന്റെ
സന്താപത്തിന്റെആര്‍ദ്രതയുടെ
ഷട്ടറുകള്‍ഇടക്കിടെ
പൊട്ടിയൊലിക്കുന്നു.

ശ്വസിക്കരുത്‌
അല്‍ത്വാഫ്‌ റഹ്‌മാന്‍, പതിനാറുങ്ങല്
‍പ്രായം ചുളിച്ച
ഹൃദയധമനികളില്‍
നഷ്‌ടബോധത്തിന്റെ
നിശ്വാസങ്ങള്‍നര പിടിച്ചെടുത്ത
തലമുടിയില്‍തിരിച്ചറിവിന്റെ
നേര്‍രേഖകള്‍പ്രാണന്‍ പിരിഞ്ഞ
ഹൃദയാന്തരത്തില്
‍പ്രണയം കൊഴിഞ്ഞ
ബാല്യസ്‌മൃതികള്‍പുരികം ചുറ്റിയ
വാല്‍ക്കണ്ണില്‍വിരഹദു;ഖത്തിന്റെ
കരിങ്കൊടികള്‍പീലി കൊഴിഞ്ഞ
കണ്‍തടത്തില്‍മഴയായ്‌ പൊഴിയും
വിലാപകണങ്ങള്
‍പല്ലടര്‍ന്ന വായയ്‌ക്കുള്ളില്‍
തുരുമ്പെടുത്ത പ്രേമമൊഴികള്‍തകര്‍ന്ന
മനസ്സിന്‌ അകത്തളത്തില്‍നിശ്ശബ്‌ദ നിലവിളികള്‍
ഇന്നാണിതെല്ലാമൊന്ന്‌
തൂത്തുവാരിയത്‌ചിതലെടുത്തയെന്നോര്‍മ്മ ചിത്രങ്ങളെ.

പാതകം
മുഹമ്മദ്‌ മുസ്‌തഫ കെ.ടി.
തലേന്ന്‌പെയ്‌ത മഴയെ
ചീത്ത വിളിച്ചതിലുംപ്രകൃതിയുടെ
മേല്‍കടന്നാക്രമണം
നടത്തിയതിലുംമനോവേദനയുണ്ടെന്നോ?
പുറത്തുപറയണ്ടചെയ്‌തത്‌.
അപരാധം,
മഹാപാതകംമാപ്പു പറയുക,
ശപതം ചെയ്‌ത്‌തൃപ്‌തിപ്പെടുത്തുക
മനുഷ്യജന്മം പുല്‍കില്ലെന്ന്‌.

മഴത്തുള്ളിയോട്
‌സാലിം യു. വി. വേങ്ങര(സി. എം. മഖാം കോളജ്‌, മടവൂര്‍)പരിശുദ്ധമാം മഴത്തുള്ളീ
ദൈവസന്നധിയില്‍ നിന്നും
വിരുന്നു വന്ന നിന്റെ ഉള്ളത്തിലുള്ള
ഉദ്ദേശ്യംതമ്മില്‍ തല്ലലും ചീത്തപറയലുംപതിവാക്കിയവര്‍,
അവരൊഴുകിയ
രക്തത്തിന്‍ കറകളെ
കഴുകിവെടിപ്പാക്കാന്‍ എത്തിയതാണോ നീ
അതോ,അവരുടെ കരങ്ങളാല്‍ പിടഞ്ഞ്‌ വീണുഅന്ത്യവിശ്രമത്തിലായിടും
അപരാധികളെന്ന്‌
മുദ്രകുത്തിയനിരപരാധികളുടെ
ശവക്കല്ലറയില്‍സാന്ത്വനച്ചെടികള്‍ക്ക്‌
ജന്മമേകാന്‍സാമാധാന ഗീതം
ചൊല്ലീടുവാന്‍വന്നണയുകയാണോ നീ..
വരള്‍ച്ചയില്‍ കുടുങ്ങി
കഷ്‌ടതയില്‍ മുങ്ങിഒരു തുള്ളി
പുതുമഴയും കാത്തിരിക്കുന്നക്രൂരനാം
മനുഷ്യന്റെ കിണറുകളില്‍വിശ്രമം
കൊതിച്ച്‌ വന്നതാണോ നീ..
അരുത്‌ മഴത്തുള്ളീ അത്‌ ചെയ്യരുത്‌ദയവായി
അവര്‍ക്ക്‌ മുന്നില്‍ കണ്‍തുറക്കരുത്‌.
എന്തിനീ മണ്ണില്‍ വിരുന്നു വന്നുവിശ്രമം
നിനക്ക്‌ ആവശ്യമെങ്കില്‍ആ
ചേമ്പിന്റെ കുമ്പിളില്‍ ഇരുന്നിടൂ.
ബാഷ്‌പമായി മാറിടൂ.
-ചന്ദ്രിക വാരാന്തപ്പതിപ്പ്‌

Saturday, July 04, 2009

ബഷീറിലേക്ക്‌വീണ്ടും ചില നടപ്പാതകള്‍


വൈക്കം മുഹമ്മദ്‌ബഷീറിന്റെ പതിനഞ്ചാം ചരമവാര്‍ഷികം


ബഷീറിലേക്ക്‌വീണ്ടും ചില നടപ്പാതകള്


‍അനേകം വാതിലുകളും ജനാലകളുമുള്ള മഹാസൗധമാണ്‌ ബഷീറിന്റെ ലോകം. കഥ പറച്ചിലിന്റെ അനായാസ രീതിയായിരുന്നു ബഷീറിന്റെ രചനകളുടെ സവിശേഷത. ലളിതമായി, തികച്ചും സാധാരണതയോടെ ആരംഭിച്ച്‌ മാനുഷികഭാവത്തിന്റെ ഉദാത്തകളിലേക്ക്‌ വികസിക്കുന്ന ശൈലി. മനുഷ്യസമുദായത്തിന്റെ നിമയാവലികള്‍ക്കുള്ളില്‍ മുനിഞ്ഞുകത്തുന്ന എണ്ണവിളക്കുകളാണവ.


എം. എന്‍. വിജയന്‍ എഴുതുന്നു: ?അനര്‍ഘ നിമിഷം എഴുതിയത്‌ ബഷീറാണ്‌ സൂഫികളുടെ കൂടെ നടന്നത്‌ ബഷീറിന്റെ ഒരംശമാണ്‌. സന്യാസികളുടെ കൂടെ നടന്നതും ബഷീറിന്റെ ഒരംശമാണ്‌. മരുന്നു കച്ചവടം നടത്തി എന്നതും ബഷീറിന്റെ ഒരംശമാണ്‌. ലോക്കപ്പിലിട്ട്‌ പോലീസുകാര്‍ തല്ലി എന്നതും ബഷീറിന്റെ ഒരംശമാണ്‌. ഇതിന്റെയൊക്കെ ആകെത്തുകയാണ്‌ ബഷീറിന്റെ കൃതികള്‍. എല്ലാം കൂടിച്ചേരുമ്പോഴാണ്‌ എഴുത്തുകാരന്റെ ആവിഷ്‌കരണത്തിന്റെ അളവ്‌ നാം കാണുന്നത്‌. അതില്‍ സ്വപ്‌നങ്ങളും ഭാവനകളും അയാള്‍ സഞ്ചരിച്ച ലോകങ്ങളും Total personality യുടെ ലോകമാണ്‌''-(മരുഭൂമികള്‍ പൂക്കുമ്പോള്‍).


മലയാളസാഹിത്യത്തില്‍ ഞാന്‍ എന്ന ഉത്തമപുരുഷസര്‍വ്വനാമം സവിശേഷമായ രീതിയിലാണ്‌ ബഷീര്‍ കൃതികളില്‍ അനുഭവപ്പെടുത്തിയത്‌. തന്റേതായ രീതില്‍ സാഹിത്യസംസ്‌ക്കാരവും സൗന്ദര്യശാസ്‌ത്രവും എഴുതിച്ചേര്‍ത്തു. ``ഞാന്‍ ഒരുപാടുകാലം രാജ്യങ്ങളായ രാജ്യങ്ങളെല്ലാം ചുറ്റിക്കറങ്ങിയിട്ടുള്ളതുകൊണ്ട്‌ എനിക്ക്‌ ധാരാളം അനുഭവങ്ങളുണ്ട്‌. എഴുതുന്നതിലധികവും എന്റെ അനുഭവങ്ങളായിരിക്കുമെന്ന്‌ ഞാന്‍ പറഞ്ഞല്ലോ.''- (സര്‍ഗസമീക്ഷ- അക്‌ബര്‍ കക്കട്ടില്‍).


നിരീക്ഷണത്തിന്റെയും കണ്ടെടുക്കലിന്റെയും തീക്ഷ്‌ണത എഴുതിനിറഞ്ഞ ബഷീറിന്റെ രചനകള്‍ അപൂര്‍വ്വമായ വാങ്‌മയങ്ങളുടെ നിറസാന്നിദ്ധ്യമാണ്‌. വാമൊഴിയും വരമൊഴിയും ഇടകലര്‍ന്ന്‌ തികച്ചും വ്യത്യസ്‌തമായ സംവേദനമണ്‌ഡലത്തിലേക്ക്‌ വായനക്കാരെ കൂട്ടിക്കൊണ്ടുപോകുകയാണ്‌ ബഷീര്‍. മരണത്തിന്റെയും സ്വപ്‌നത്തിന്റെയും യാഥാര്‍ത്ഥ്യത്തിന്റെയും പരുപരുത്തതും ആര്‍ദ്രവുമായ ജീവിതമുഖങ്ങളിലേക്ക്‌. ?അനര്‍ഘനിമിഷ?ത്തില്‍ ബഷീര്‍ എഴുതി:``കാലമിത്രയും നീ എന്നെ അപാരമായ കാരുണ്യത്തോടെ സ്‌നേഹിച്ചു, സഹിച്ചു. എന്നെപ്പറ്റി നിനക്കെല്ലാം അറിയാം. ഇനിയും സൗകര്യംപോലെ വായിക്കാവുന്ന ഒരു ലഘുഗ്രന്ഥമാണെല്ലോ ഞാന്‍. നീ എനിക്കിപ്പോഴും ഒരു മഹാരഹസ്യം''. ജീവിത്തില്‍ തൊട്ടുകൊണ്ട്‌ ഈ എഴുത്തുകാരന്‍ പലവട്ടം ചോദിച്ചുകൊണ്ടിരുന്നത്‌ ജീവിതത്തെപ്പറ്റിയായിരുന്നു: ? എന്താണ്‌ ജീവിതം? ഈ കഴിയലിന്റെ അര്‍ത്ഥമെന്താണ്‌? ഒരുദ്ദേശ്യവും ഇല്ലേ?.. ഒരു സത്യാന്വേഷണമാണ്‌ അവന്‌ ജീവിതം. അവന്‍ വേവലാതിയോടെ ഓടിനടന്നു തിരക്കുന്നു. ജ്ഞാനത്തിന്റെ ഉറവിടം ആരാഞ്ഞലയുന്നു. മതങ്ങള്‍ എല്ലാം സൗമ്യതയോടെ വിളിച്ചുപദേശിക്കുകയാണ്‌''.-( അനര്‍ഘനിമഷം).


ബഷീറിന്റെ എഴുത്തിലെ മുഖ്യപ്രമേയങ്ങളിലൊന്ന്‌ ആത്മാവും ശരീരവും വിശപ്പുമായിരുന്നു. ഇവ പരസ്‌പരം പൂരിപ്പിക്കുന്നു. അവയുടെ പാരസ്‌പര്യം അന്വേഷിക്കുന്ന തീര്‍ത്ഥാടക ജന്മമെന്ന്‌ കഥാകാരനെ പേരിട്ടുവിളിക്കാം. ഇരമ്പുകയും ഓടുകയും മറക്കുകയും ലഹരിപിടിപ്പിക്കുകയും ചെയ്യുന്ന ജീവിതത്തില്‍ അതിജീവനത്തിന്റെ ബദ്ധപ്പാടില്‍ നഷ്‌ടപ്പെടുന്നത്‌ സ്‌നേഹമാണ്‌. മനസ്സില്‍ സൗന്ദര്യവും ഉടലില്‍ ഉന്മത്തതയും നിറയുമ്പോള്‍ പിന്‍വാങ്ങുന്നത്‌ പലപ്പോഴും തത്വശാസ്‌ത്രമാണ്‌. ``ഈ ജീവിതത്തിന്‌ സുഖം വേണമെങ്കില്‍ സ്വന്തമായ അഭിപ്രായം ഒന്നും ഉണ്ടാവാതിരിക്കുക. നിങ്ങളുടെ ചുറ്റും ``ഠ'' വട്ടത്തിലുള്ള സ്ഥലം മാത്രമേ ഭൂലോകമായുള്ളൂ എന്നും വിചാരിക്കുക. വെട്ടിയോ, കിളച്ചോ നട്ടുനനച്ചോ ജീവിക്കാനും ശ്രമിക്കുക''-( മരണത്തിന്റെ നിഴലില്‍).


മനുഷ്യനെ സംബന്ധിക്കുന്ന സകലകാര്യങ്ങളും എഴുത്തിലേക്ക്‌ യഥേഷ്‌ടം ഉപയോഗിച്ച ബഷീര്‍ ഭാഷയിലെ ഉച്ചനീചത്വത്തിന്റെ അതിര്‍രേഖ മായ്‌ച്ചു. പുതിയ നീതിബോധത്തിന്റെ ഇടപെടുലുകള്‍ കൊണ്ട്‌ മലയാളസാഹിത്യത്തെ ചടുലമാക്കിക്കൊണ്ടിരുന്നു. പച്ചയായ മനുഷ്യന്റെ ദൈന്യതയിലേക്കായിരുന്നു ഈ കഥാകാരന്‍ പേന നീട്ടിപ്പിടിച്ചത്‌. നര്‍മ്മവും വേദനയും തിളച്ചുമറിയുന്ന രചനകളുടെ അകത്തളത്തില്‍ കണ്ണീരുപ്പ്‌ പതിഞ്ഞുനില്‍പ്പുണ്ട്‌.``മതങ്ങളില്‍ പലതിലും കൊള്ളരുതായ്‌മകളുണ്ട്‌. അന്ധവിശ്വാസങ്ങളും ഉണ്ട്‌. അതിന്റെയൊക്കെ അടിയില്‍ പരമ സത്യവുമുണ്ട്‌! വൃക്ഷങ്ങളും ഈ പേരയും എങ്ങനെയുണ്ടായി. സ്വയം ഭൂവല്ലേ! ഈശ്വരന്‍ മാത്രമേ സ്വയം ഭൂവായുള്ളൂ. ബാക്കി എല്ലാം ഈശ്വരന്റെ സൃഷ്‌ടി. ഇതാണെന്റെ വിശ്വാസം. വാദപ്രതിവാദത്തിന്റെ ആവശ്യമില്ല......''-(ചിരിക്കുന്ന പാവ).ഉത്തമമനുഷ്യനിലേക്കുള്ള രാജപാതയായിരുന്നു ബഷീറിന്‌ വിശ്വാസപ്രമാണ്‌. ആത്മനിവേദനത്തിന്റെ മാറ്റുരതന്നെയാണത്‌.-പതിമൂന്ന്‌ നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ ഒരു മനുഷ്യന്‍ നിവര്‍ന്നുനിന്ന്‌ പറഞ്ഞു: ഞാന്‍ നശ്വരനായ ഒരു മനുഷ്യന്‍ മാത്രമാണ്‌. പക്ഷേ, പ്രപഞ്ച സ്രഷ്‌ടാവ്‌ അവന്റെ സന്ദേശം നിങ്ങള്‍ക്കെത്തിക്കുവാന്‍ എന്നെ ഭരമേല്‌പിച്ചിരിക്കുന്നു. നിങ്ങള്‍ അവന്റെ സൃഷ്‌ടിപദ്ധതിക്കനുസരിച്ച്‌ ഐക്യത്തില്‍ ജീവിക്കാന്‍ വേണ്ടിയാണിത്‌''.- (ഓര്‍മ്മയുടെ അറകള്‍)


ആത്മാന്വേഷണത്തിന്റെ തിളച്ചുമറിയലുകളിലൂടെ കടന്നുപോകുന്ന ഒരു മനസ്സ്‌ ബഷീറിന്റെ രചനകളില്‍ നിതാന്തസാന്നിദ്ധ്യമാണ്‌. ജന്മദിനത്തിലൊരിടത്ത്‌ അദ്ദേഹം പറഞ്ഞുവയ്‌ക്കുന്നതിങ്ങനെ: വല്ലവര്‍ക്കും വല്ല അല്ലലുമുണ്ടോ? ജീവിതം ഉല്ലാസകരം. ഞാന്‍ ഒരു ചെറിയ ചായ്‌ക്ക്‌ എന്തുവഴി എന്ന്‌ ആലോചിക്കുകയായിരുന്നു.-(ജന്മദിനം). അന്നം മനുഷ്യന്റെ അസ്‌തിത്വം നിര്‍ണ്ണയിക്കുന്ന സന്ദര്‍ഭങ്ങളും ബഷീറിന്റെ കഥാലോകത്ത്‌ വിവിധമാനങ്ങളില്‍ കൂടുവെക്കുന്നു: ``അവള്‍ എന്റെ ഒരു ബന്ധുവാണെന്നും പറഞ്ഞ്‌ എന്നെ കാണാന്‍ വന്നു. സബ്ബ്‌ജയിലിന്റെ അടുത്തായതുകൊണ്ട്‌ ദിവസവും നല്ല ആഹാരം പാകം ചെയ്‌ത്‌ അവള്‍തന്നെ കൊണ്ടുവന്നു തുടങ്ങി''.-( വിഢ്‌ഡികലുടെ സ്വര്‍ഗ്ഗം).


മറ്റൊരിടത്ത്‌ കഥാകൃത്ത്‌ എഴുതി: ഞാന്‍ ദിവസവും മാതൃഭൂമി, മനോരമ, ജനയുഗം, കേരളകൗമുദി, ചന്ദ്രിക എന്നീ പത്രങ്ങള്‍ വായിക്കാറുണ്ട്‌. കേരളകൗമുദിയും ജനയുഗവും ചന്ദ്രികയും പോസ്റ്റല്‍ വരുന്നതാണ്‌. ഇന്ത്യന്‍ എക്‌സ്‌പ്രസില്‍ വിദേശ ന്യൂസുകള്‍ അധികമുണ്ടാവും. ആ പത്രം ഞാന്‍ ഊണു കഴിഞ്ഞു കിടക്കയില്‍ കിടന്നു വായിക്കും. ഊണ്‌ എന്നു പറഞ്ഞാല്‍ രാത്രി ഏറിയ കൂറും ഊണില്ല. കഞ്ഞിയായിരിക്കും. ഉണക്കമുളകും കൂട്ടി അരിഞ്ഞ പപ്പടം കാച്ചിയാണ്‌ കൂട്ടാന്‍''.-( ഭൂമിയുടെ അവകാശികള്‍)...........മുറ്റത്തിന്റെ അരികിലുള്ള പ്ലാവ്‌ വൃദ്ധദശ കടന്നതാണ്‌. എങ്കിലും ചക്കകളുണ്ട്‌. എത്ര ആടുകള്‍ക്കു വേണമെങ്കിലും കൊടുക്കാന്‍ പ്ലാവിലയുമുണ്ട്‌. ആടു പ്ലാവിലയെല്ലാം വേഗം തിന്നുതീര്‍ത്തിട്ട്‌, മുറ്റത്തിന്റെ അരികിലുള്ള ചാമ്പമരത്തിന്റെ ചുവട്ടിലേക്കു ചെല്ലും. അവിടെ വീണുകിടക്കുന്ന ചാമ്പങ്ങ എല്ലാം തിന്നും''.- ( പാത്തുമ്മയുടെ ആട്‌).


ചിലനേരങ്ങളില്‍ മനുഷ്യ.ന്‍ സ്വയം വെളിപ്പെടുന്നത്‌ ബഷീറിന്റെ സ്റ്റൈലില്‍ നോക്കുക: ?ആനവാരിക്കെന്തോ ആകെ ഒരു എന്താ പറയുക? മധുരിച്ചിട്ടിറക്കാനും വയ്യ. കഴിച്ചിട്ട്‌ തുപ്പാനും വയ്യ എന്നു പറഞ്ഞമാതിരി. പൊന്‍കുരിശു കാണിച്ച വകതിരിവു കണ്ടോ. ആ കൊച്ചുത്രേസ്യാ പെണ്ണ്‌ ചുട്ടുതല്ലിക്കൊണ്ടു വന്ന അണ്ടി ആരെയെല്ലാം കൊണ്ടാണു തീറ്റിച്ചത്‌.....കണ്ടമ്പറയന്‍ തിന്നു. ആനവാരി തിന്നു. പൊന്‍കുരിശു തിന്നു. എട്ടുകാലി തിന്നു. മണ്ടനും തിന്നു''.- (സ്ഥലത്തെ പ്രധാനദിവ്യന്‍)കഥാകാരന്‍ ആടിത്തീര്‍ക്കാത്ത വേഷങ്ങളില്ല- നിങ്ങളാരെങ്കിലും ആനപ്പൂട കണ്ടിട്ടുണ്ടോ. തൊട്ടു നോക്കീട്ടുണ്ടോ. സദസ്സ്‌ ഒന്നും പറഞ്ഞില്ല. നിശ്ശബ്‌ദം. ഞാന്‍ വലിയ ഒരാനവാല്‍ രാധാമണിക്കു കൊടുത്തു. എന്നിട്ട്‌ സദസ്സിനോടും ലോകത്തിനോടുമായി പറഞ്ഞു: ബ്ലൂങ്കോ''.- ( ആനപ്പൂട).


സ്വന്തമായി ഒരു സൗന്ദര്യബോധം എഴുതിച്ചേര്‍ക്കുന്നവനാണ്‌ എഴുത്തുകാരന്‍. മലയാളത്തില്‍ കാര്‍ക്കശ്യമാര്‍ന്ന സൗന്ദര്യശാസ്‌ത്രം ബഷീറിന്റെ അടയാളപ്പെടുത്തി: ഞാന്‍ എന്റെ ലോക്കപ്പില്‍ച്ചെന്നു. വൃത്തികേടിന്റെ കശ! ഞാന്‍ അതെല്ലാം തൂത്തുവാരി വെടിപ്പാക്കി. കിടക്ക കുറെക്കാലമായിട്ടു ശരിക്കൊന്നു കുടഞ്ഞുവിരിച്ചു. ലോക്കപ്പിനകം ആകെ ഒരു ചിട്ടയും ചന്തവും ഒക്കെ വരുത്തി. എന്നിട്ടു ദൂരെ മതിലിന്റെ മുകളിലായി ആകാശത്തു നോക്കി ഇരിപ്പായി. ഉണങ്ങിയ കമ്പ്‌ ഉയരുന്നതു കാണുന്നില്ല. ദൈവമേ! നാരായണീ തന്റെ കാര്യം മറന്നുപോയോ?''-( മതിലുകള്‍)


അനുരാഗത്തിന്റെ ആഴവും പരപ്പും സംഗീതാത്മകമായി ബഷീര്‍ ചിത്രീകരിച്ചിട്ടുണ്ട്‌: ജീവിതം യൗവ്വനതീക്ഷ്‌ണണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭ കാലഘട്ടത്തില്‍- പറഞ്ഞില്ലേ, നമ്മള്‍ തന്നെയാണ്‌ പ്രേമലേഖനം''- (പ്രേമലേഖനം).തനിക്കു നേര്‍ക്കാന്‍ കഴിഞ്ഞ ലോകത്തുനിന്നും സൃഷ്‌ടിച്ചെടുക്കുന്ന കഥാപാത്രങ്ങളും അവരുടെ ശബ്‌ദവുമാണ്‌ അദ്ദേഹം എഴുതിയത്‌: ഞാന്‍ നിന്ന ഹോട്ടല്‍ പുകയില്‍ മൂടി. തീയും കത്തിതുടങ്ങി. ചുമച്ചുകൊണ്ടു കണ്ണു കാണാതെ തട്ടിയും മുട്ടിയും എല്ലാവരും ഇറങ്ങി ഓടാന്‍ ശ്രമിക്കയാണ്‌. ഞാനും ഇറങ്ങി ഓടി. ലക്കും തിട്ടവുമില്ലാതെ ഓടി. ആത്മരക്ഷ! തീയില്‍ ചാടി. തീ കത്തി പറക്കുന്ന വസ്‌ത്രങ്ങളോടെ ഞാന്‍ ഓടി''- (ശബ്‌ദങ്ങള്‍).


എഴുത്ത്‌ ജീവിതത്തെ തൊട്ടറിയലാണ്‌. ബഷീറിന്റെ രചനകളുടെ കരുത്തും മറ്റൊന്നല്ല: ?ആയിഷ ചോദിച്ചു; ത്ത്‌ത്തായുടെ ഉമ്മാ എന്തിനാ ഞങ്ങളുടെ മുമ്പിലുള്ള വെള്ളമില്ലാത്ത ആ ചെറിയ തോട്ടില്‍ വന്നു വെളിക്കിരിക്കുന്നത്‌. അത്‌ ഞങ്ങ്‌ലാത്തിരി നാട്ടുവഴീ ഇരിക്കും. പകലായിട്ടാ! അതുകൊള്ളാം. മനുഷ്യര്‍ക്കു നടക്കാനുള്ള നാട്ടുവഴിയില്‍ കക്കൂസു ചെയ്യുന്നതു കൊള്ളാം. ഈ നാട്ടില്‍ എല്ലാവരും നാട്ടുവഴിയിലാണോ. (ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു).


അകംമുറിയുമ്പോള്‍ മനുഷ്യന്റെ തേങ്ങലിന്‌ രക്തക്കലര്‍പ്പുണ്ട്‌: തൊട്ടതുപോലെ ഒറ്റക്കണ്ണന്‍ പോക്കര്‍ ഒന്നു ചൂളി. ഇരുപത്തിരണ്ടു കൊല്ലത്തെ മുച്ചീട്ടുകളിയില്‍, ഒറ്റക്കണ്ണന്‍ പോക്കരുടെ അറിവോ, സമ്മതമോ കൂടാതെ ആരും തന്നെ രൂപച്ചീട്ടിന്റെ പുറത്തു പണം വെച്ചിട്ടില്ല. എങ്കിലും ചിലപ്പോള്‍ ചിലരുടെ ഭാഗ്യത്തിന്‌ അങ്ങനെ സംഭവിച്ചിട്ടില്ലേ. ഒറ്റക്കണ്ണന്‍ പോക്കരിന്‌ ഓര്‍ക്കാന്‍ കഴിയുന്നില്ല''- (മുച്ചീട്ടുകളിക്കാരന്റെ മകള്‍).സാഹിത്യം ഒരു പാചകക്രിയയായി വായിച്ചെടുത്ത കഥാകാരനാണ്‌ ബഷീര്‍. ഭാഷയില്‍ തീര്‍ക്കുന്ന ശില്‍പ്പമായിരുന്നു അദ്ദേഹത്തിന്‌ സാഹിത്യം. രക്തഛ്‌ചവികലര്‍ന്ന വാക്കുളുടെ ഇഴയടുപ്പം.


ബഷീറിന്റെ കലാദര്‍ശത്തിന്‌ ഒരു ഉദാഹരണം: മഹത്തായ ഒരു സംഗതിയാണ്‌ കല. അതിന്റെ ഉദ്ദേശ്യം കുഞ്ഞുമോള്‍ക്കു സ്വര്‍ണ്ണാഭരണത്തിനു പഴയ ഇരുപത്തിരണ്ട്‌ കാരറ്റ്‌ സ്വര്‍ണ്ണം വാങ്ങുക എന്നതല്ല. കേള്‍ക്കടീ, കലയുടെ ഉദ്ദേശ്യം കെട്ടിയോള്‍ക്കു പുതിയ തയ്യല്‍ മിഷ്യന്‍ വാങ്ങിച്ചു കൊടുക്കുക എന്നതുമല്ല. ഛേ! കുറച്ചില്‌! കലയെ നീ അധ:പതിപ്പിക്കല്ലേ''-( ഒരു ഭഗവത്‌ഗീതയും കുറെ മുലകളും).


കലങ്ങിമറിഞ്ഞ നദിയിലേക്ക്‌ ഇറങ്ങിനില്‍ക്കാന്‍ യ്‌ത്‌നിക്കുന്നവരാണ്‌ ബഷീറിന്റെ അനുരാഗിണികള്‍. അവര്‍ക്ക്‌ പ്രതിബന്ധങ്ങളും സ്വാസ്ഥ്യവും വേറിട്ടുനില്‍ക്കുന്നില്ല. ബാല്യകാലസഖി നോക്കുക: നിറഞ്ഞ നനയനങ്ങളോടെ ചെമ്പരത്തിയില്‍ പിടിച്ചുകൊണ്ട്‌ പൂന്തോട്ടത്തില്‍ സുഹ്‌റ, പറയാന്‍ തുടങ്ങിയത്‌ അപ്പോഴും അവളുടെ മനസ്സിലുണ്ടായിരുന്നിരിക്കണം. എന്തായിരുന്നു അത്‌. ഒടുവിലായി സുഹ്‌റ പറയാന്‍ തുടങ്ങിയത്‌?.അകവെളിച്ചമാണ്‌ എഴുത്തിന്റെയും വായനയുടെയും ശേഷപത്രം. അത്‌ അകംപുറം കാഴ്‌ചയുടെ ഭൂമികയുമാണ്‌. അതിലേക്ക്‌ ഊന്നിനില്‍ക്കുന്ന ഒരു ബഷീറിയന്‍ കാഴ്‌ച ഇങ്ങനെ: ഇംഗ്ലീഷിലെന്നല്ല, ലോകത്തിലെ എല്ലാ ഭാഷയിലേയും ചെറുകഥകളോടു മത്സരിക്കത്തക്ക നല്ല ചെറുകഥകള്‍ നമ്മുടെ ഭാഷയില്‍ ഇന്നുണ്ട്‌. നിങ്ങള്‍ എന്തു കൊണ്ട്‌ വായിക്കുന്നില്ല''- (ജന്മദിനം). ആറ്റിക്കുറുക്കി ജീവിതം കുറിച്ചിട്ട ബഷീര്‍ ഓര്‍മ്മയായിട്ട്‌ ഒന്നര ദശാബ്‌ദമായി.

- അജിത കോമത്ത്‌ (കെ.കെ.വി)

Thursday, July 02, 2009

ഒരു കവിത അതുമതി

ഭാഷ ഒരു ജനതയുടെ ചരിത്രമാണ്‌. അത്‌ നാഗരികതയിലേക്കും, സംസ്‌ക്കാരത്തിലേക്കുമുള്ള രാജപാതയാണ്‌- എന്ന്‌ അലക്‌സാണ്ടര്‍ കുപ്രീന്‍ വിശേഷിപ്പിച്ചിട്ടുണ്ട്‌. ഭാഷാവബോധത്തെപ്പറ്റിയാണ്‌ കുപ്രീന്‍ സൂചിപ്പിച്ചത്‌. മലയാളത്തിലെ പുതുകവികളില്‍ മിക്കവര്‍ക്കും ഇല്ലാത്തതും മറ്റൊന്നല്ല.

വിലാപകാവ്യങ്ങളുടെ ബൃഹത്തായ ചരിത്രം ലോകസാഹിത്യത്തിലുണ്ട്‌. മലയാളത്തിലും കുറവല്ല. പ്രിയപ്പെട്ടവരുടെ വേര്‍പാട്‌ എഴുത്തുകാരുടെ മനസ്സിലുണ്ടാക്കുന്ന വേദനയും ഓര്‍മ്മകളുമാണ്‌ വിലാപങ്ങളുടെ അടിസ്ഥാനധാര. ടെന്നിസനും കീറ്റ്‌സുമൊക്കെ എഴുതിച്ചേര്‍ത്ത വിലാപഗീതികളോട്‌്‌ താരതമ്യപ്പെടുത്തേണ്ടവയല്ലെങ്കിലും മലയാളത്തിലും പ്രരോദനവും (കുമാരനാശാന്‍) കണ്ണുനീര്‍ത്തുള്ളിയും (നാലപ്പാട്ട്‌) ഒരു വിലാപവും(വി. സി. ബാലകൃഷ്‌ണപ്പണിക്കര്‍) രമണനും (ചങ്ങമ്പുഴ) രചിക്കപ്പെട്ടിട്ടുണ്ട്‌. ഇഷ്‌ടതോഴന്റെ വേര്‍പാട്‌, വിധുരവിലാപം എന്നിങ്ങനെ വ്യത്യസ്‌ത പ്രമേയം എഴുതിയാലും അവയിലെല്ലാം കവിമനസ്സിന്റെ ആത്മസ്‌പര്‍ശം നിറഞ്ഞുനില്‍ക്കുന്നു. കണ്ണീരുപ്പ്‌ കലര്‍ന്ന കാവ്യവിലാപങ്ങളുടെ അഭാവമാണ്‌ സമകാലികകവിത നല്‍കുന്ന പാഠങ്ങളിലൊന്ന്‌.

മാധവിക്കുട്ടിയെ അനുസ്‌മരിച്ച്‌ നിരവധി കാവ്യരൂപങ്ങള്‍ മലയാളത്തിലെ ആനുകാലികങ്ങളില്‍ നിറഞ്ഞാടി. അവയില്‍ ചില മാതൃകകള്‍: മഹിളാ ചന്ദ്രികയില്‍ (ജൂലൈ ലക്കം09) പി. കെ. ഗോപി എഴുതി: ആറടി മണ്ണിന്റെ/ തരിശില്‍ നിന്ന്‌/ അശരീരിച്ചൈതന്യം/ മനുഷ്യകാന്തിയുടെ/ ദ്രുതികിരണമായി/ തൂലികക്കണ്ണിലേക്ക്‌/ പ്രവേശിക്കുന്നു''.-(അനന്തതയുടെ പ്രണയപ്പൂക്കള്‍ എന്ന കവിത). കണിമോള്‍ മലയാളം വാരിക(ജൂലൈ 3)യിലൂടെ കരയുന്നതിങ്ങനെ: ഒരു ദളം തരൂ കടല്‍ നിമന്ത്രിച്ചു/ പ്രണയമീയുപ്പുപരലില്‍ ധ്യാനിച്ച്‌/ മണക്കുമോര്‍മ്മകള്‍ പൊഴിച്ചു പൂമരം/ മറവിപോലും മുന്മദം മനോഹരം- (മണക്കുംപൂവ്‌). കെ. പി. സദാനന്ദന്റെ `നീര്‍മാതള'ത്തില്‍-(കേരള കൗമുദി, വാരാന്തപ്പതിപ്പ്‌, ജൂണ്‍28): നിന്റെ പേരെന്താണ്‌/ മാധവിക്കുട്ടി/ കമലാദാസ്‌/ കമലാസുരയ്യ/ നീ ഏതു പേരിലും/ നീര്‍മാതളം''. മാധവിക്കുട്ടിയുടെ ശരീരഭാഷ മുതല്‍ അവരുടെ കൃതികളുടെ അകംകാഴ്‌ചകള്‍ വരെ നമ്മുടെ കവികള്‍ വിളിച്ചുപറയുന്നു. രണ്ടു തരത്തിലാണ്‌ മാധവിക്കുട്ടിയെ കവികള്‍ ഉത്സവമാക്കുന്നത്‌. വേഷഭൂഷാദി വര്‍ണ്ണനയിലും നീര്‍മാതള സംബോധനയിലും. പി. കെ. ഗോപിയുടെ പക്വതയുള്ള തൂലികത്തുമ്പില്‍ നിന്നും ചുരന്നൊഴുകിയ രചനയില്‍ കമലാദാസിനെ വെറുതെ എഴുതിപ്പോവുകയാണ്‌. കവിയുടെയും കവിതയുടെയും ആറ്റിക്കുറുക്കല്‍ ഗോപിയുടെ വരികളില്‍ പതിഞ്ഞില്ല. കണിമോളുടെ കവിത ഉണ്ണുന്തോറും കൂടുതല്‍ ചടയ്‌ക്കുകയും കുടിക്കുന്തോറും ദാഹം പെരുകുകയും ചെയ്യുന്ന പക്ഷിയുടെ അവസ്ഥയാണ്‌ അനുഭവപ്പെടുത്തുന്നത്‌. കെ. പി. സദാനന്ദന്‍ എന്താണ്‌ വിളിച്ചുപറയുന്നതെന്ന്‌ അയാള്‍ക്കുപോലും നിശ്ചയമില്ലാത്ത സ്ഥിതിയിലാണ്‌. ആരു മരിച്ചാലും ഇതുപോലുള്ള വരികള്‍ കുത്തിക്കുറിക്കാന്‍ എഴുത്തുകാരുടെ ആവശ്യമില്ല. പാകപ്പെടാത്ത ഇത്തരം കാവ്യരൂപങ്ങള്‍ ഭക്ഷിക്കാന്‍ വിധിക്കപ്പെട്ട വായനക്കാര്‍ക്ക്‌ അജീര്‍ണ്ണം ബാധിക്കാതിരിക്കട്ടെ.

പോയവാരത്തില്‍ വിവിധ ആനുകാലികങ്ങളില്‍ കവിതകളുമായി വായനയുടെ മുഖ്യധാരയില്‍ ഇടപെട്ടവരില്‍ വിജയലക്ഷ്‌മി, എസ്‌. ജോസഫ്‌, കുഞ്ഞപ്പ പട്ടാന്നൂര്‍, ബിജീഷ്‌ ബാലകൃഷ്‌ണന്‍, എസ്‌. പി. രമേശ്‌, സിബു മോടയില്‍, ബിനു എം. പള്ളിപ്പാട്‌, ആര്യാംബിക തുടങ്ങിയവരുണ്ട്‌. വിജയലക്ഷ്‌മി നിദ്ര' എന്ന കവിതയില്‍ (കലാകൗമുദി ജൂലൈ5) നിദ്രാവിഹീനമായ കാലത്തെ എഴുതുന്നു. മുഴങ്ങും മാറ്റൊലി! അനന്തമാം ചോദ്യം? മറുപടി! കൂട്ടച്ചിറകടി മാത്രം.'' കവിത അനന്തതയിലേക്ക്‌ നീണ്ടുചെല്ലുന്ന ചോദ്യാവലികൂടിയാണ്‌. ഉത്തരങ്ങളില്‍ നിന്നും പുതിയ ചോദ്യങ്ങളിലേക്കുള്ള യാത്ര. രാത്രി സ്വപ്‌നത്തെപ്പറ്റിയാണ്‌ കുഞ്ഞപ്പ പട്ടാന്നൂര്‍ എഴുതിയത്‌. ഗദ്യകവിത -(ഒരു സ്വപ്‌ന വിസ്‌താരം- കലാകൗമുദി ജൂലൈ5). ഉറക്കത്തില്‍ പിന്നാമ്പുറത്ത്‌/ പുറമ്പോക്കില്‍ പിന്‍നിലാവു/ പോലെ ഒരു സംശയം അപ്പോഴും ശേഷിക്കുന്നു/ ഇതും ഒരു സ്വപ്‌നം തന്നെയോ''. ബിജീഷ്‌ ബാലകൃഷ്‌ണന്‌ വാക്കുകളുടെ കരുത്ത്‌ ഇനിയും നിറന്നുകിട്ടിയിട്ടില്ല. രണ്ടുകവിതകള്‍ (തേജസ്‌, ആഴ്‌ചവട്ടം ജൂണ്‍28) കൊടും വേനലാളീടുകില്‍/ കരിഞ്ഞേപോകും പുല്ലെല്ലാം'' എന്ന്‌ എഴുതിവിടുമ്പോള്‍ രണ്ടാമതൊന്നു വായിക്കാന്‍ തുനിഞ്ഞെങ്കിലെന്ന്‌ വായനക്കാര്‍ ആലോചിച്ചു പോകുന്നതില്‍ അല്‍ഭുതമില്ല. ജലസേചനം എന്ന കവിതയില്‍ പഴയകവി ഓര്‍മ്മിപ്പിച്ചു: കൊല്ലുന്ന ചൂടിനാല്‍ മാമരം വേവുന്നു/പുല്ലിന്റെ കാര്യമെന്തു ചൊല്ലൂ- ഇത്‌ ബിജീഷിനും ബാധകമാണ്‌. എസ്‌. പി. രമേശിന്‌ എഴുത്തുവഴങ്ങില്ലെന്ന്‌ വ്യക്തമാക്കുന്നു എന്റെ ഗോപന്‍' (മലയാളം-ജൂലൈ3). സിബു 'കേമത്ത'ത്തില്‍ (മാധ്യമം ജൂലൈ 6) അധികാരത്തിന്റെ പിന്നാമ്പുറം തേടുന്നു. മുഴുത്ത കേമനാണെന്ന്‌ പറഞ്ഞിട്ട്‌ മുറ്റത്ത്‌ മൂത്രമൊഴിക്കുന്നതിനെ കവി ചോദ്യം ചെയ്യുന്നു. ബിനു 'സ്‌കൂള്‍' (മാധ്യമം ജൂലൈ 6) എന്ന രചനയില്‍ പഠിച്ച സ്‌കൂളിന്റെ ജനാലയില്‍ ഇരുന്ന്‌ മലവിസര്‍ജ്ജം നടത്തുമ്പോള്‍ വെള്ളത്തില്‍ തെളിയുന്ന സ്‌കൂളിന്റെ ചിത്രം കണ്ടെടുക്കുന്നു. വെയിലിന്റെ വിരല്‍സ്‌പര്‍ശം വരച്ചുചേര്‍ക്കുകയാണ്‌ ആര്യാംബിക (വെയില്‍ വളര്‍ത്തിയത്‌- മാധ്യമം ജൂലൈ6). സിബുവിന്റെയും ബിനുവിന്റെയും സര്‍ഗ്ഗാത്മകത ചോദ്യം ചെയ്യേണ്ടതില്ല. ഇവര്‍ മലയാളഭാഷയെ പേനയ്‌ക്ക്‌ പകരം കോടാലി കൊണ്ട്‌ വെട്ടിക്കീറുകയാണ്‌.

കവിതയിലെ പതിരുകള്‍ക്കിടയില്‍ വായനക്കാര്‍ക്ക്‌ നിയോഗംപോലെ തെളിഞ്ഞുകിട്ടിയ കതിര്‍ക്കുല ഒന്നുമാത്രം. എസ്‌. ജോസഫ്‌ മാതൃഭൂമിയിലെഴുതിയ (ജൂലൈ 5) 'പകല്‍'. ഒരു കൊച്ചുനോട്ടം കൊണ്ട്‌/ അത്രയും കൊണ്ട്‌/ ഈ കവിതയിലേക്കുള്ള/ മറുപാതി ദൂരവും താണ്ടാന്‍ കഴിയും. പകലറിവിന്റെ മനോഹരമായ ചിത്രം. തീക്ഷ്‌ണവും ഭാവാത്മകവുമാണിത്‌.

സൂചന: 1918-ല്‍ ഏ. ആര്‍. രാജരാജവര്‍മ്മ നിര്യാതനായി. കുമാരാനാശാന്‍ പ്രരോദനം 1919-ല്‍ എഴുതി. ഇന്നത്തെ കവികള്‍ മരണഘോഷം'' പത്രറിപ്പോര്‍ട്ടുപോലെ തയ്യാറാക്കുന്നു.

പുതുകവിത
പുതുകവിതയില്‍ ഈയാഴ്‌ച നാസര്‍ ഇബ്രാഹിം, അലിഹസന്‍ ടി., മുഗീസ്‌ മുഹമ്മദ്‌, ഉമര്‍ മുഖ്‌താര്‍ എന്നിവരുടെ രചനകളാണ്‌ ഉള്‍പ്പെടുത്തിയത്‌. കവിതയെഴുത്തിനെപ്പറ്റിയാണ്‌ നാസര്‍ പറയാന്‍ ശ്രമിക്കുന്നത്‌. കൊടും വിഷാദത്തിന്റെ അഴിമുഖത്ത്‌ തലവാചകമില്ലാതെ പ്രത്യക്ഷപ്പെടാതെപോയ കാവ്യമാണ്‌ എഴുത്തുകാരന്‍ ഓര്‍മ്മിച്ചെടുക്കുന്നത്‌. പച്ചപ്പ്‌ നല്‍കുന്നതൊക്കെയും നഷ്‌ടപ്പെടുന്ന കാലത്തിലേക്ക്‌ കണ്ണയക്കുകയാണ്‌ അലിഹസന്‍. കുളിര്‍കോരിനിറയ്‌ക്കുന്ന പുഴയും തണല്‍ വിരിക്കുന്ന മരവും കവിക്ക്‌ കണ്ടെത്താന്‍ സാധിച്ചില്ല. ഇല്ലായ്‌മകളുടെ പരിദേവനം കവിതയില്‍ നല്ല ആശയമാണ്‌. പക്ഷേ എഴുത്തിലേക്ക്‌ അലിഹസന്‌ ഇനിയും കടമ്പകളുണ്ട്‌. മുഗീസ്‌ മുഹമ്മദ്‌ സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥരാശി തിരയുന്നു. അടിമത്തത്തിന്റെ വേലിപ്പടര്‍പ്പുകള്‍ ഈ രചനയിലുണ്ട്‌. അവ ചിലന്തിവല പോലെ വായനക്കാരുടെ മുഖത്ത്‌ പതിക്കും. 'എന്റെ കവിത'യില്‍ ഉമര്‍ മുഖ്‌താര്‍ കവിത സ്വയം നിര്‍വ്വചിക്കുന്നു. സര്‍ഗ്ഗാത്മകതയുടെ നേരിയ വെളിച്ചം നിഴലിക്കുന്നത്‌ നൂറുദ്ദീനിന്റെ 'മഴ'യിലാണ്‌. കവിതയുടെ തുടക്കം ആര്‍ദ്രതയുടെ ചിത്രത്തിലാണ്‌. കീറിമുറിഞ്ഞ മേഘക്കൂട്ടങ്ങളെ ഉമ്മ തുന്നിച്ചേര്‍ത്തത്‌ നീ കരയാതിരിക്കാനാണ്‌. തുടര്‍ന്നുള്ള മഴയെഴുത്ത്‌ നൂറുദ്ദീന്റെ പേനയില്‍ നിന്നും തെന്നിപ്പോകുന്നു. പുതുവഴിക്കാരുടെ ഓര്‍മ്മയിലേക്ക്‌ ജി. ശങ്കരക്കുറുപ്പിന്റെ വരികള്‍ കുറിക്കുന്നു: പകരുകെന്‍ ചിന്തകളി/ ലക്ഷീണമെന്‍ ഭാവനയെ/ മുകളിലേയ്‌ക്കെറിയുക/ നിന്‍ ചിറകേറി.''
കവിതകള്

‍ബ്രയിന്‍ മോപ്പിംഗ്‌
നാസര്‍ ഇബ്രാഹിം
ഒരുനാള്‍ബ്രയിന്‍മോപ്പിംഗിന്റെ
മുദ്രചാര്‍ത്തുകളിലൂടെകടന്നുപോയനുറുങ്ങിയ ഹൃദയം.
വരികള്‍ക്കിടയില്‍കുടുങ്ങിയ
കൊടും വിഷാദത്തിന്റെഅഴിമുഖങ്ങളില്‍.
തലവാചകങ്ങളില്ലാതെതല
നീട്ടാതെപോയകവിതകളില്‍,
തീക്ഷ്‌ണാനുഭവങ്ങളുടെതീപിടിച്ച അടരുകളെഅമര്‍ത്തിപ്പിടിച്ചകടലാസുകളില്‍,
ഇപ്പോഴുംഒരു കപ്പല്‍ച്ചേതത്തിന്റെപ്രേതംഒളിഞ്ഞിരിപ്പുണ്ട്‌.
കറുത്ത തിരിയിളക്കത്തിന്റെ
അഴലാഴികടക്കുവാന്‍സ്വപ്‌നം
കട്ടമരത്തെപിടിവള്ളിയാക്കുന്നു.

കാണ്മാനില്ല
അലിഹസന്‍ ടി.
ഓര്‍മ്മയുടെഇറയത്ത്‌
ആര്‍ത്തു ചിരിക്കുന്നആകാശത്തെയും
പരല്‍മീനുകളെപേറുന്ന
ജീവനുള്ളപുഴകളെയും
തണല്‍പെയ്യുന്ന
തലനരക്കാത്തമരങ്ങളേയുംകാണ്മാനില്ല.

അടിമത്തം
മുഗീസ്‌ മുഹമ്മദ്‌, താനൂര്
‍സൂര്യന്‍ മറഞ്ഞുമനസ്സിന്റെ
ആകാശത്തിന്‌പടിഞ്ഞാറന്‍
സംസ്‌കാരംചുവപ്പ്‌ ഛായ പകര്‍ന്നു.
മടുത്തു, ഈ കൃത്രിമസംസ്‌ക്കാരംതിരിഞ്ഞുനടന്നു, വാതിലടഞ്ഞു.കട്ടിലില്‍ അപസ്വരങ്ങള്‍.
മനസ്സ്‌ ചെവിയോര്‍ത്തുമലയാള
കളകൂജനംനിശ്ശബ്‌ദത
ഭഞ്‌ജിച്ചെത്തിഅന്ധന്‍
മൂങ്ങയുടെകരകരസ്വരം.
ശാന്തിതേടി ചുവടുകള്‍ബാറിലേക്ക്‌..
ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം-
അവിടെ കണ്ട വരികള്‍കുടിച്ചാശ്വസിച്ചാടാനും
വൈദേശിക സഹായംയഥാര്‍ത്ഥ
സ്വാതന്ത്ര്യമെന്ന്‌?

മഴ
നൂറുദ്ദീന്‍ മോങ്ങം
(ദാറുല്‍ഹുദാ, ചെമ്മാട്‌)
കീറിമുറിഞ്ഞമേഘക്കൂട്ടങ്ങളെ
ഉമ്മ തുന്നിക്കൂട്ടിയത്‌നീ കരയാതിരിക്കാനായിരുന്നു.
പഴുത്തൊലിക്കുന്നസൂര്യകിരണങ്ങളെ
കുഴിച്ച്‌ മൂടിയത്‌നിന്നെ
നോവിപ്പിക്കാരിക്കാനായിരുന്നു.
കുഞ്ഞിക്കാറ്റ്‌നിന്റെ ചെവിയില്‍
സ്വകാര്യം പറഞ്ഞത്‌
നിന്നെ സാന്ത്വനിപ്പിക്കാനായിരുന്നു.
എന്നിട്ടുംഎന്തിനായിരുന്നു
ചില്ലു കഷ്‌ണങ്ങളില്‍
നനഞ്ഞനിന്റെ സ്വപ്‌നങ്ങള്‍
ചിന്നിച്ചിതറിയെന്ത്‌?

എന്റെ കവിത
ഉമര്‍ മുഖ്‌താര്‍ രണ്ടത്താണി
ദുര്‍ലഭ സാഹചര്യത്തില്‍
ദുര്‍ബല മനസ്സില്‍
നിന്നൊഴുകുന്നധര്‍മ്മസമരത്തിന്‍
ഈണങ്ങളാണ്‌കവിത
സ്‌നേഹംദാഹിക്കുന്ന
ഹൃദയങ്ങളില്‍ മോഹങ്ങള്‍ദഹിപ്പിച്ച
അഗ്നി കുണ്‌ഡങ്ങളില്‍ദയാദാക്ഷണ്യമായ്‌ പൊഴിയുന്നസ്‌ഫുലിംഗങ്ങളാണ്‌ കവിത
വേര്‍പാടുകള്‍ ഹൃദയപ്പച്ചപ്പ്‌
കാര്‍ന്നുതിന്നുമ്പോള്‍ഒരു സംഗീര്‍ത്തനമായി
ചിരിക്കുന്ന പൊന്‍പുഷ്‌പമാണ്‌
കവിതഅപക്വ മനസ്സിനെ
പൂശകര്‍കൊത്തിവലിക്കുമ്പോള്
‍അവര്‍ക്ക്‌ സായൂജ്യം നല്‍കും
പച്ചപ്പുല്‍ മേടുകളാണ്‌കവിതഊര്‍വരത തേടും പഥികന്‌മരുപ്പച്ചയാണ്‌കവിത
ശകാരങ്ങള്‍ ക്രൂരമ്പുകളായ്‌പെയ്യും
ആര്‍ദ്രതാ പരിചയായ്‌നില്‍ക്കുന്ന
സുന്ദരസങ്കല്‍പമാണ്‌കവിത... കവിത
-നിബ്ബ്‌,ചന്ദ്രിക വാരാന്തപ്പതിപ്പ്‌