Thursday, July 23, 2009

എം. എം. റഹ്‌മാന്റെ വേറിട്ട കാഴ്‌ചകള്‍



‍ഇടപെടലുകളുടെ കലയാണ്‌ എം. എ. റഹ്‌മാന്റെ സര്‍ഗ്ഗപഥം. കേരളത്തില്‍ അനിവാര്യമാണോ എന്നു സംശയിച്ചുനില്‍ക്കുന്ന വിദ്യാഭ്യാസ സമ്പ്രദായവും, മലയാള സാഹിത്യവും, പക്ഷിപ്പാട്ടും, ചലച്ചിത്രപഠനവും എല്ലാം ആഴക്കാഴ്‌ചയുടെ അടിസ്ഥാനധാരയില്‍ നിര്‍ത്തി റഹ്‌മാന്‍ വിലയിരുത്തുന്നു. പത്തിലധികം സാഹിത്യകൃതികളും ബഷീര്‍ ദ മാന്‍, വയനാട്ടുകുലവന്‍ ഉള്‍പ്പെടെ പന്ത്രണ്ടോളം ഡോക്യുമെന്ററികളും ആനുകാലിക വിഷയങ്ങളില്‍ ഇടപെട്ടുകൊണ്ട്‌ നിരവധി ലേഖനങ്ങളും എം. എ. റഹ്‌മാന്‍ രചിച്ചിട്ടണ്ട്‌. കോളജ്‌ അദ്ധ്യാപകനായ റഹ്‌മാന്‍ കഴിഞ്ഞ വര്‍ഷം ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചു. അദ്ദേഹത്തിന്റെ സംഭാഷണത്തില്‍ നിന്ന്‌:

പഠിക്കാന്‍ സ്‌കൂളില്‍ പോകേണ്ടതുണ്ടോ?

1980-ല്‍ ഇവാന്‍ ഇല്ലിച്ച്‌ ഡീ സ്‌കൂളിനെ സംബന്ധിച്ച്‌ പുസ്‌തകം എഴുതി. അന്ന്‌ അദ്ദേഹം ഉയര്‍ത്തിയ ചിന്ത പലരിലും അല്‍ഭുതമുളവാക്കിയിരുന്നു. കേരളത്തില്‍ വനയാട്ടില്‍ ബേബിയുടെ കനവും, അട്ടപ്പാടിയിലെ സാരംഗ്‌ പോലുള്ള ഡീ സ്‌കൂള്‍ പദ്ധതികള്‍ നിലവിലുള്ള സ്‌കൂള്‍ പഠനസമ്പ്രദായത്തില്‍ അടിയുറച്ച നമ്മുടെ ആളുകള്‍ക്ക്‌ അല്‍ഭുതമായിരുന്നു. ഇങ്ങനെയുള്ള സ്‌കൂള്‍ സമ്പ്രദായം വിജയിക്കുമോ? മലയാളികള്‍ ഡീ സുകൂള്‍ പഠനരീതിയെ ഭയപ്പെടാന്‍ കാരണം ഭൂപരിഷ്‌കരണവും അനുബന്ധ മാറ്റങ്ങളും ഗള്‍ഫും ഒരു സുരക്ഷിത ഇടം നേടുക എന്ന ചിന്തകളിലേക്കാണ്‌ നമ്മെ നയിച്ചത്‌. സാധാരണ സമൂഹത്തിലെ ഉപരിവര്‍ഗ്ഗമാണ്‌, സാമ്പത്തികമായി ഉയര്‍ന്ന ആളുകളാണ്‌ മാറ്റങ്ങള്‍ക്ക്‌ മുന്നില്‍ നില്‍ക്കുക. കേരളത്തില്‍ അതുണ്ടായില്ല. പിന്നെ മധ്യവര്‍ത്തി സമൂഹം അല്‍ഭുതങ്ങള്‍ കാണിക്കാന്‍ തയ്യാറായില്ല. ഉന്നതരുടെ കുട്ടികള്‍ പഠിക്കുന്ന സ്ഥാപനങ്ങളില്‍ കുട്ടികളെ അയച്ചു പഠിപ്പിക്കാനുള്ള താല്‍പര്യം മധ്യവര്‍ഗ്ഗത്തിലേക്കും വ്യാപിച്ചു. അവര്‍ ഏറ്റവും വലിയ വിപണിയായി മാറി. സാധാരണക്കാര്‍ ഏറ്റവും ഭയപ്പെടുന്നത്‌ സമൂഹത്തില്‍ അവരെ താങ്ങിനിര്‍ത്തുന്ന ഇടങ്ങളാണ്‌. അഭിമാനബോധവും. പണക്കാരന്റെ മക്കള്‍ക്ക്‌ ലഭിക്കുന്ന കാര്യങ്ങളെല്ലാം തങ്ങളുടെ മക്കള്‍ക്കും ലഭ്യമാക്കാനുള്ള ശ്രമം നടത്തിക്കൊണ്ടിരുന്നു. അയല്‍ക്കാരന്റെ വീട്ടിലെ സൗകര്യങ്ങള്‍ സ്വന്തംവീട്ടിലും എന്ന ചിന്താഗതി മധ്യവര്‍ഗ്ഗത്തില്‍ വളര്‍ന്നു. അതിനാല്‍ കണ്‍സ്യൂമര്‍ സൊസൈറ്റി നിലവില്‍വന്നു. ആഗോളീകരണത്തിന്റെ സാന്നിദ്ധ്യം കൂടി വന്നതോടെ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളില്‍ കുട്ടികളെ പഠിപ്പിക്കുക എന്നതിലേക്ക്‌ സമൂഹം വളര്‍ന്നു. 95- കാലഘട്ടത്തില്‍ പുതിയ വിപണി സംസ്‌കാരം വിദ്യാഭ്യാസത്തില്‍ സ്വാധീനം ചെലുത്തി. വിദ്യാഭ്യാസകാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളും അടിസ്ഥാനപരമായി ഒരു മാറ്റവും വരുത്തിയില്ല. യഥാര്‍ത്ഥ വിദ്യാഭ്യാസ രീതി ഇല്ലാതാവുകയും ചെയ്‌തു. എന്നാല്‍ യൂറോപ്പ്‌, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ വിദ്യാഭ്യാസത്തില്‍ ഡീ സ്‌കൂള്‍ പദ്ധതി നേരത്തെ പ്രാബല്യത്തില്‍ വരുത്തിയിരുന്നു.വിദ്യാഭ്യാസത്തില്‍ കിട്ടേണ്ടതൊക്കെ ഇന്റര്‍നെറ്റില്‍ നിന്നും ലഭിക്കുമെന്നായപ്പോള്‍ പിന്നെ വിദ്യാഭ്യാസത്തിന്റെ പ്രസക്തിതന്നെ ചോദ്യം ചെയ്യപ്പെട്ടു. പക്ഷേ, നമ്മുടെ നാട്ടിലെ മധ്യവര്‍ത്തികളായ ഉദ്യോഗസ്ഥര്‍പോലും കുട്ടികളെ എന്‍ട്രന്‍സ്‌ പരീക്ഷകള്‍ക്ക്‌ തയ്യാറാക്കുക എന്ന അന്തരീക്ഷം സൃഷ്‌ടിച്ചു. ഇങ്ങനെയുള്ള ബോധത്തിന്റെ ഫലമായി വിദ്യാഭ്യാസത്തിന്റെ യഥാര്‍ത്ഥ മൂല്യം നഷ്യപ്പെട്ടു. ഇപ്പോള്‍ പുതിയ പദ്ധതി രസകരമായ മാറ്റമാണ്‌ ഉണ്ടാക്കിയത്‌. പണ്ട്‌ പത്താം ക്ലാസ്സ്‌ പഠനത്തോടെ ഒരു കുട്ടിക്ക്‌ സാമാന്യമായി ആവശ്യമുള്ള കാര്യങ്ങള്‍ ലഭിക്കുമെന്ന എന്ന രീതിമാറുകയും പ്ലടു ആണ്‌ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനമെന്ന അജണ്ട നടപ്പില്‍ വരുത്തുകയും ചെയ്‌തു. വോട്ടവകാശമുള്ള സാധാരണ പൗരന്‌ ഉണ്ടായിരിക്കേണ്ട അറിവുകളെല്ലാം ഇപ്പോള്‍ നേരത്തെതന്നെ ചടലുമായി പഠിക്കാന്‍ സാധിക്കുന്നു.നമ്മുടെ നാട്ടിലെ പെട്ടിക്കടയില്‍ പോലും എന്‍ട്രന്‍സും മറ്റും ചര്‍ച്ചചെയ്യുന്ന അവസ്ഥയാണ്‌. പഠനം ജോലിനേടുക എന്നതിനപ്പുറം മറ്റൊന്നുമല്ലെന്ന നിലയിലേക്ക്‌ വന്നു. പാശ്ചാത്യനാടുകളെപ്പോലെ നമ്മുടെ സമൂഹം വികസിച്ചില്ല. പഴയ ജാതീയപരമായ നിലയില്‍ ചെറിയ മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും കാര്യമായി വ്യത്യാസം വന്നിട്ടില്ല. അവര്‍ക്ക്‌ ലഭിക്കേണ്ടത്‌ ഇപ്പോഴൂം കിട്ടിയില്ല. ഉപരിവര്‍ഗ്ഗം കരുതുന്നത്‌പോലെ അടിസ്ഥാനപരമായി പലവിഭാഗങ്ങളും ഉയര്‍ന്നിട്ടില്ല.1921-നുശേഷമുള്ള കാലഘട്ടത്തില്‍ നിന്നും മുസ്‌ലിംങ്ങളും വലിയ മാറ്റത്തിലേക്ക്‌ ഉയര്‍ന്നിട്ടുണ്ടോ? സാമ്പത്തികമായി ഒരു വിഭാഗം ഉയര്‍ന്നു എന്നതൊഴിച്ചുനിര്‍ത്തിയാല്‍, കാര്യമായ മാറ്റം സംഭവിച്ചിട്ടില്ല. സ്‌കൂളില്‍ പോകാത്ത കുട്ടികള്‍ ഇപ്പോഴുമുണ്ട്‌. കഴിഞ്ഞ പത്തുവര്‍ഷം നമ്മുടെ കോളജുകളിലും മറ്റും അഡ്‌മിഷന്‍ ലഭിച്ചവരുടെ കണക്കെടുത്ത്‌ പരിശോധിച്ചാല്‍ വസ്‌തുതകള്‍ കുറെക്കൂടി വ്യക്തമാകും. ഇങ്ങനെയുള്ള വൈരുദ്ധ്യം നിലനില്‍ക്കുന്ന വിദ്യാഭ്യാസരംഗത്ത്‌ പരിഷ്‌കാരം നടക്കുന്നില്ല. അതായത്‌ പഴയ വിദ്യാഭ്യാസപദ്ധതിയുടെ ട്രക്‌ച്ചര്‍ മാറിയിട്ടില്ല. ഈ രംഗത്തും വലിയ സംഘര്‍ഷമാണ്‌ അനുഭവിക്കുന്നത്‌. നമ്മുടെ സര്‍ക്കാറ്‌ വിദ്യാഭ്യാസത്തില്‍ ലോവര്‍ പ്രൈമറിതലം തൊട്ടിട്ടില്ല. അവിടെ ഇംഗ്ലീഷ്‌ പഠനത്തിന്റെ ഘടന പരിശോധിച്ചാല്‍ ആ സമ്പ്രദായത്തിന്റെ ശോച്യാവസ്ഥ കാണാം. കമ്മ്യൂണിക്കേറ്റീവ്‌ ഇംഗ്ലീഷ്‌ പഠനമാണ്‌ നടക്കുന്നത്‌. മലയാളത്തിനും ഇതേ ഗതിയാണ്‌ വരുന്നത്‌. കോളജുകളില്‍ മലയാളം ഒഴിവാക്കുന്ന പദ്ധതിയാണിന്ന്‌. ഭാഷ മാറ്റിനിര്‍ത്തുമ്പോള്‍ സംസ്‌കാരമാണ്‌ നഷ്‌ടമാകുന്നത്‌. മലയാളവും ഇല്ലാതാവുന്നു. ഒരുതരത്തില്‍ മരിക്കുന്നു. സ്വാതന്ത്ര്യകാല കവിതകള്‍ ഉപയോഗിക്കപ്പെടാത്ത സ്ഥിതിയില്‍, സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രമാണ്‌ ഇല്ലാതാകുന്നത്‌. ഇത്‌ ശരിയായപഠനമല്ല. പ്രൊഫഷനുകളെ സൃഷ്‌ടിക്കുന്ന ശാസ്‌ത്രീയ പഠനം നല്ലതാണ്‌. പക്ഷേ, ശാസ്‌ത്രത്തിന്റെ വളര്‍ച്ചയോ, ഗവേഷണമോ അല്ല രക്ഷിതാക്കള്‍ പ്രതീക്ഷിക്കുന്നത്‌. കുട്ടികള്‍ ഡോക്‌ടറും എന്‍ജിനീയറും ആകണം എന്നുമാത്രം. ബുദ്ധിമാനല്ലാത്തവരെ കാണാപ്പാഠ സമ്പ്രദായത്തിലൂടെ പ്രൊഫഷനുകളാക്കുന്ന തെറ്റായ രീതിയാണ്‌ വിദ്യാഭ്യാസത്തില്‍ നടക്കുന്നത്‌. കഴിവുള്ളര്‍ അവഗണിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ.1970-കളില്‍ തന്നെ യൂറോപ്യന്‍ രാജ്യങ്ങളില്‍ കേബിള്‍ ടിവി ശൃംഖല നിലവില്‍വന്നു. അവിടെ ഫ്‌ലാറ്റ്‌ സമുച്ചയങ്ങളില്‍ കുട്ടികള്‍ക്ക്‌ ആവശ്യമായ വിദ്യാഭ്യാസ സംബന്ധവിഷയങ്ങള്‍ എത്തിച്ചുകൊടുത്തിരുന്നു. കുട്ടികളുടെ കരിക്കുലം കേബില്‍ടിവിയുടെ ദൈനംദിന പരിപാടിയായിരുന്നു. നമ്മുടെ നാട്ടില്‍ ഇപ്പോഴും വിഷ്വല്‍ മീഡിയകളില്‍ ഇത്‌ നടപ്പില്‍ വന്നില്ല. പത്രങ്ങളില്‍ ചെറിയതരത്തില്‍ വന്നുകൊണ്ടിരിക്കുന്നു എന്നു മാത്രം. വിവരം പൊതുബോധന മാധ്യമത്തിലൂടെ നല്‍കുമ്പോള്‍ ജാതിമതഭേദം ഇല്ലാതാകുന്നു. കേരളത്തിലെ മീഡിയകളില്‍ ഇത്തരം പരീക്ഷണങ്ങള്‍ നടക്കുന്നില്ല. ഏതെങ്കിലും ഒരു അദ്ധ്യാപകനെ പരീക്ഷാക്കാലത്ത്‌ വിളിച്ച്‌ കരിക്കുലം നല്‍കുന്നതുകൊണ്ട്‌ പ്രയോജനമില്ല. 1970-ല്‍ അമേരിക്കയില്‍ ഫലപ്രദമായി നടപ്പാക്കിയിരുന്നു. യാതൊരു പ്ലാനിംഗുമില്ലാത്ത വിദ്യാഭ്യാസ രീതിയാണ്‌ ഇവിടെ നടക്കുന്നത്‌. സിലബസ്സില്‍ സെമസ്റ്റര്‍പോലുള്ള മാറ്റങ്ങള്‍ വരുത്തുന്നുണ്ടെങ്കിലും അതൊന്നും വലിയ ഫലം നല്‍കാനിടയില്ല. ഈ രംഗത്ത്‌ വിഷ്വല്‍ മീഡിയകള്‍ക്ക്‌ വലിയ സംഭാവന നല്‍കാന്‍ സാധിക്കും. പത്രങ്ങള്‍ വിദ്യാഭ്യാസപരമായ ലേഖനങ്ങളിലൂടെ കുറേക്കൂടി വിവരങ്ങള്‍ പുറത്തേക്ക്‌ കൊണ്ടുവരുന്നുണ്ട്‌. ഒരുതരം ഭയപ്പാടോടുകൂടി വിദ്യാഭ്യാസത്തെ കാണുന്ന നമ്മുടെ നാട്ടില്‍ ഡീ സ്‌കൂള്‍ സമ്പ്രദായം നടപ്പില്‍ വരാനിടയില്ല.

സാഹിത്യത്തിന്‌ പ്രസക്തി നഷ്‌ടപ്പെടുന്നുണ്ടോ?

സാഹിത്യം സമൂഹത്തിന്‌ ആവശ്യമില്ല എന്നു പറയുന്നതിനോട്‌ യോജിപ്പില്ല. സാമൂഹിക പ്രശ്‌നങ്ങള്‍ സാഹിത്യത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്‌. പഴയകാലത്തെ ജാതിഭേദ പ്രശ്‌നങ്ങളും തൊട്ടുകൂടായ്‌മ പോലുള്ള ആചാരങ്ങളും നമ്മുടെ എഴുത്തുകാര്‍ പ്രശ്‌നവല്‍കരിച്ചിട്ടുണ്ട്‌. എം. ടി. വാസുദേവന്‍ നായര്‍ ആദ്യം എഴുതിയ നോവല്‍ നായന്മാര്‍ക്കെതിരെ ചെറുന്മാര്‍ നടത്തുന്ന കലാപമായിരുന്നു. അത്‌ പുറത്തുവന്നില്ല. അദ്ദേഹം പിന്നെ നാലുകെട്ട്‌ എഴുതി. ബഷീര്‍ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സോദേശ്യരചനകള്‍ നടത്തി. സാമൂഹിക തിന്മകള്‍ക്കെതിരെ എഴുത്തുകാര്‍ ധാര്‍മ്മികരോഷം കൊണ്ടു. ഇന്ന്‌ സാഹിത്യം ഒരു നിശ്ചലതയിലേക്ക്‌ വന്നിട്ടുണ്ട്‌. ഞാന്‍ മാത്രം എന്തിന്‌ പ്രശ്‌നം സൃഷ്‌ടിക്കണം എന്ന ചിന്ത പല എഴുത്തുകാര്‍ക്കുമുണ്ട്‌. അതിനാല്‍ ചെമ്മനം ചാക്കോ ഇപ്പോള്‍ എഴുതുന്ന രീതി തുടരട്ടെ എന്നാണ്‌ എന്റെ കാഴ്‌ചപ്പാട്‌. ബഷീര്‍ പുരോഗമസാഹിത്യകാരനായിരുന്നു എന്ന്‌ ഷെരീഫ്‌ എഴുതിയത്‌ ശരിയായിരിക്കാം. ബഷീര്‍ ഒരിക്കലും സാമൂഹിക പ്രശ്‌നങ്ങള്‍ ഉപേക്ഷിച്ചിട്ടില്ല. ഇന്നത്തെ പല നോവലുകളും ഉപരിവിപ്ലവമായി എഴുതിപ്പോകുന്നുണ്ട്‌. എഴുത്ത്‌ ചെറുതായി തീരുന്നു. അലസരചനകളായിമാറിയിട്ടുണ്ട്‌. അതിനര്‍ത്ഥം സമൂഹത്തിന്‌ സാഹിത്യത്തിന്റെ ആവശ്യമില്ല എന്നല്ല

.ചലച്ചിത്രപഠനം സ്‌കൂളുകളിലേക്ക്‌

ഡിജിറ്റല്‍ മേഖലയുടെ വളര്‍ച്ച സിനിമയില്‍ ഒരുപാടുമാറ്റങ്ങള്‍ കൊണ്ടു വന്നു. സിനിമ സ്‌കൂളുകളിലും സാധാരണക്കാര്‍ക്ക്‌ പ്രാപ്യമായി നിലയിലേക്കും മാറിയത്‌ നല്ലതാണ്‌. ഗുണകരമാണ്‌. എന്നാല്‍ കള്ളനാണയങ്ങള്‍ക്കും ഇടംനല്‍കും. സിനിമ സാമ്പത്തികമായ ഉല്‌പന്നമായതിനാല്‍ പലര്‍ക്കും അതിലേക്ക്‌ കടന്നുവരാന്‍ കഴിഞ്ഞിരുന്നില്ല. ഏത്‌ സിനിമയും സിഡിയിലാക്കാന്‍ സാധിച്ചതൊടുകൂടി ഒരു എളുപ്പപ്പണിയാണെന്ന തോന്നലും ഉണ്ടാക്കിയിട്ടുണ്ട്‌. ക്രിയേറ്റീവായി ഉപയോഗിച്ചാല്‍ ചലച്ചിത്രനിര്‍മ്മിതികള്‍ ഗുണം ചെയ്യും. പഠനത്തോടൊപ്പം സിനിമയും വരുമ്പോള്‍ ചലച്ചിത്ര സംബന്ധിയായ തുടര്‍ച്ചകിട്ടും. വിഷ്വല്‍ മീഡിയയുടെ ബാല്യകാലഘട്ടം കുറച്ചുകൂടി മെച്ചമായിരുന്നു. ഇന്ന്‌ പൂര്‍ണ്ണമായും വിപണിക്ക്‌ അടിപ്പെട്ടുകഴിഞ്ഞു.

പക്ഷിപ്പാട്ട്‌ നഷ്‌ടപ്പെട്ടു

കേരളത്തിന്‌ നാടോടി സംഗീതപാരമ്പര്യമാണ്‌. അത്‌ ചരിത്രപരമായി വിലയിരുത്താന്‍ കഴിയും. നമ്മുടെ സംഗീതത്തില്‍ നിറഞ്ഞുനില്‍ക്കുന്ന താളവും അതിന്‌ വ്യക്തമായ തെളിവുകളാണ്‌. അതുപോലെ മാപ്പളിപ്പാട്ട്‌ സംസ്‌കാരം അറബികളുടെ വരവോടുകൂടി രൂപപ്പെട്ട സംഗീതപാരമ്പര്യവും നാടോടിസംഗീതവും ഇടകലര്‍ന്ന രീതിയാണ.്‌ മാപ്പിളപ്പാട്ടില്‍ അത്‌ നിലനില്‍ക്കുന്നത്‌. എന്നാല്‍ പലതും കടലെടുത്തുപോയി. ലോകത്ത്‌ ഏറ്റവും വലിയ സാഹിത്യമുണ്ടായിരുന്നത്‌ ചൈനയിലും തമിഴ്‌നാട്ടിലുമായിരുന്നു. അവയില്‍ പലതും കടലെടുത്തു. ഗഹനമായ പഠനമോ, അന്വേഷണമോ നടക്കാത്തതുമൂലം മാപ്പിളപ്പാട്ടിനും ഇതേ സ്ഥിതിവരുന്നുണ്ട്‌. ഉദാഹരണത്തിന്‌ പക്ഷിപ്പാട്ട്‌. പക്ഷിപ്പാട്ട്‌ കര്‍ണ്ണാടകത്തിലെ യക്ഷഗാനരൂപത്തില്‍ കാസര്‍ക്കോട്ട്‌ അവതരിപ്പിക്കുന്നുണ്ട്‌.

- ചന്ദ്രിക വാരാന്തപ്പതിപ്പ്‌ 12/8/09

7 comments:

പാഥേയം ഡോട്ട് കോം said...

"എം. എം. റഹ്‌മാന്റെ വേറിട്ട കാഴ്‌ചകള്‍" എന്ന ലേഖനം അദ്ദേഹത്തെ പറ്റി കൂടുതല്‍ അറിയാന്‍ സഹായിച്ചു.

കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ said...

താങ്കളുടെ വായന കൂടുതല്‍ ഉത്തരവാദിത്വബോധം നല്‍കുന്നു. നന്ദി.

പ്രേമന്‍ മാഷ്‌ said...

സന്തോഷം.
പലതും ചുരുക്കി പറഞ്ഞതുകൊണ്ട് എവിടെയും തൊടാതെ പോയി.
മാഷെപ്പോലുള്ള ആക്ടിവിസ്ടുകളെ നിര്മിക്കുന്ന വിദ്യാഭ്യാസമാണ് നമുക്ക് വേണ്ടത്. പക്ഷെ എന്തുചെയ്യാം,നിഷ്കുണ പരബ്രഹ്മങ്ങളാണ് ഉണ്ടകുന്നത്.

നല്ല പോസ്റ്റ്. അഭിനന്ദനങ്ങള്.

പ്രേമന്‍ മാഷ്‌ said...

സന്തോഷം.
പലതും ചുരുക്കി പറഞ്ഞതുകൊണ്ട് എവിടെയും തൊടാതെ പോയി.
മാഷെപ്പോലുള്ള ആക്ടിവിസ്ടുകളെ നിര്മിക്കുന്ന വിദ്യാഭ്യാസമാണ് നമുക്ക് വേണ്ടത്. പക്ഷെ എന്തുചെയ്യാം,നിഷ്കുണ പരബ്രഹ്മങ്ങളാണ് ഉണ്ടകുന്നത്.

നല്ല പോസ്റ്റ്. അഭിനന്ദനങ്ങള്.

കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ said...

താങ്കളുടെ വായന പ്രചോദനമാകുമെന്ന്‌ തീര്‍ച്ച. മാഷെ പലപ്പോഴായി ബുദ്ധിമുട്ടിച്ചിട്ടുണ്ട്‌. അതിനാല്‍ ചുരുക്കിയെന്നുമാത്രം. ഇനിയും കാണണം. നന്ദി.

sudheesh kottembram said...

'kuppayam' kaanan vaiki...
ee sajeevathaykku ella aashamsakalum

മാഹിഷ്മതി said...

ഞാൻ സാറിന്റെ ഒരു ശിഷ്യനാണ് “മനീഷയിൽ” മലയാള ബിരുദം . മാഷ് അന്ന് മെഡിക്കൽ കോളേജിലും ജോലി ചെയ്യുന്നുണ്ടായിരുന്നു.അന്നേ വല്ലാതെ മടുപ്പൂളവാക്കുന്നു എന്നു ഞങളോടു പറഞ്ഞ ആ ജോലി ഉപേക്ഷിച്ചോ?

അട്ടപ്പാടിയിലെ സാരംഗിനെ പറ്റി വായിച്ചിരുന്നു ,വല്ലാതെ അത്ഭുതപെടുത്തിയ ഒരനുഭവം തന്നെയാണ് ആ വിദ്യാഭ്യാസ നയങ്ങൾ പക്ഷെ ഇത്തരം സ്ഥാപനങ്ങളിൽ വരാൻ കുട്ടികൾ ....പരിഷ്കൃത സമൂഹം ഉൾവലിയുന്ന ഈ സമയത്ത് ....കാലം കുറച്ചേറുമ്പോൾ ആരെങ്കിലും പൊടിതട്ടിയെടുക്കുമായിരിക്കാം?
മുസ്ലീംങ്ങൾ ക്കിടയിലെ വിദ്യാഭ്യാസം വല്ലാതെ കൂടി വരുന്നില്ലെ.അല്ലാതെ റ്ഹ്മാന്റെ വാദത്തോട് യോജിക്കാൻ പറ്റുന്നില്ല.സാമ്പത്തിക ശ്രോതസ്സുകളുടെ നിലക്കാത്ത ഉറവയും ,ഉലകം ചുറ്റലും,ആഗോളവൽകരണവും ,സ്വകാര്യവൽക്കരണവും തന്നെയാണ് സംസ്കാരങ്ങളെ മാറ്റി മറിക്കുന്നത്.ഈ കാലത്ത് പാരിസ്ഥിതിക‌-കൃഷി സംരക്ഷണത്തിനും കൂടുതൽ ശ്രദ്ധ ഈ സമയത്ത് സമുദായം കൊടുക്കുന്നു എന്നാണ് തോന്നുന്നത്.