Thursday, July 16, 2009

മറ്റൊരു മഴനൃത്തം


കവിതയുടെ ഉള്ളടക്കം എന്നും മാറിക്കൊണ്ടിരിക്കും.

കാവ്യധര്‍മ്മം ഒരിക്കലും മാറുകയില്ല- എന്ന്‌ കാവ്യസിദ്ധാന്ത വിശകലനത്തില്‍ റഷ്യന്‍ ഫോര്‍മലിസ്റ്റായ ജക്കോബ്‌സന്‍ എഴുതിയിട്ടുണ്ട്‌. എഴുത്തില്‍ പതിഞ്ഞിരിക്കുന്ന ഉള്‍ക്കാഴ്‌ചയാണ്‌ ജക്കോബ്‌സന്‍ ഓര്‍മ്മപ്പെടുത്തുന്നത്‌. ഉത്തമമായ കവിത മനുഷ്യാത്മാവിന്റെ എല്ലാവാതിലുകളും മുട്ടിവിളിക്കുന്നുവെന്ന്‌ എം. എന്‍. വിജയനും പറഞ്ഞുവെച്ചിട്ടുണ്ട്‌. ``അകതളിരെയറുപ്പു ഹന്ത!ധീ/ വികലതയേകി വലുപ്പവെത്രതാന്‍''-(ലീല) എന്ന്‌ കുമാരനാശാന്‍ സ്വയം ചോദിച്ചുകൊണ്ടിരുന്നത്‌ കവിതയുടെ രഥ്യയെപ്പറ്റിയാണ്‌. മലയാളത്തിലെ മിക്ക കവികള്‍ക്കും യൗവ്വനത്തില്‍ മാത്രമല്ല, വാര്‍ദ്ധക്യത്തിലും ഇത്തരം ചോദ്യം നേരിടേണ്ടിവരില്ല!


പണ്ട്‌ കുതിരക്കൂറില്‍ സംഘടിപ്പിച്ച മഴനൃത്തം പരക്കെ വിമര്‍ശിക്കപ്പെട്ടു. സാംസ്‌കാരികനായകരും ടി.വി. ചാനലുകളുമാണ്‌ വിമര്‍ശനശരവുമായി സംഘാടകരെ നേരിട്ടത്‌. ഏതാണ്ട്‌ ഇതുപോലൊരു മഴനൃത്തം കോവളത്തെ അശോക്‌ ബീച്ച്‌ റിസോര്‍ട്ടില്‍ സംഘടിപ്പിച്ചത്‌ വാര്‍ത്തകളില്‍ ഇടംപിടിച്ചു. സ്റ്റാര്‍ ടിവിയുടെ ഒരു കോണ്‍ഫ്രറന്‍സിനോട്‌ അനുബന്ധമായിട്ടായിരുന്നു പരിപാടി. മഴിയില്ലാതിരുന്നതിനാല്‍ ഒരു ഉപകരണം കൊണ്ട്‌ പരസ്‌പരം വെള്ളം ചാമ്പിയായിരുന്നു സംഘാംഗങ്ങള്‍ നൃത്തമാടിയത്‌. മലയാളകവിതയില്‍ ഇപ്പോള്‍ നടക്കുന്നതും മറ്റൊന്നല്ല. കവിത എന്ന പേരില്‍ വലുതും ചെറുതുമായ എഴുത്തുകാര്‍ പരസ്‌പരം വാക്കുകള്‍ ചാമ്പിക്കളിക്കുന്നു.


എഴുത്തുകാരെയും അവരുടെ ജനാധിപത്യ അവകാശങ്ങളെയും ബഹുമാനിക്കുന്ന വായനക്കാരുടെ കാരുണ്യം കൊണ്ട്‌ വാക്കുകള്‍ കുത്തിനിറയ്‌ക്കാന്‍ ഭാഗ്യം ലഭിച്ച കുറെ കവികളുടെ പ്രവാഹമാണ്‌ കഴിഞ്ഞവാരം മലയാളത്തിലെ ആനുകാലികങ്ങളില്‍ നിറഞ്ഞുനിന്നത്‌. കെ. സച്ചിദാനന്ദന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്‌, കല്‌പറ്റ നാരായണന്‍, കെ. വി. ബേബി, ഡി. വിനയചന്ദ്രന്‍, രാഘവന്‍ അത്തോളി, മുയ്യം രാജന്‍, അസ്‌മോ പുത്തന്‍ചിറ, സുനില്‍കുമാര്‍ എം. എസ്‌, എല്‍. തോമസ്‌കുട്ടി, വി. മോഹനകൃഷ്‌ണന്‍, ബിജോയ്‌ ചന്ദ്രന്‍, ബാലകൃഷ്‌ണന്‍ മൊകേരി, വിനോദ്‌കുമാര്‍ എടച്ചേരി, രാജശ്രീ വാരിയര്‍ എം. ആര്‍. വിഷ്‌ണു പ്രസാദ്‌, സി. എസ്‌. ജയചന്ദ്രന്‍ എന്നിവര്‍ ചാമ്പിക്കളിയില്‍ മുന്‍നിരയിലുണ്ട്‌.


സച്ചിദാനന്ദന്‍ 'ഭാഗവതം' എന്ന രചനയില്‍ (മാധ്യമം ജൂലൈ 20) വേഷപ്പകര്‍ച്ചയിലേക്കാണ്‌ വായനക്കാരെ നടത്തിക്കുന്നത്‌: പച്ച അഴിച്ചുവെച്ചു വാളുമെടുത്ത്‌/ അടുത്ത കളിയിലെ/ കല്‍ക്കിവേഷത്തിനു മേയ്‌ക്കപ്പിടുന്നു. സച്ചിദാനന്ദന്‍ കവിതയ്‌ക്ക്‌ മേക്കപ്പിടുന്നത്‌ കാണുമ്പോള്‍ വായനക്കാര്‍ പ്രാണഭീതിയില്‍ പൊറുതിമുട്ടുകയാണ്‌. ബാലചന്ദ്രന്‍ ചുള്ളിക്കാടും ഡി. വിനയചന്ദ്രനും മാധവിക്കുട്ടിയെ അനുസ്‌മരിക്കുകയാണ്‌. ബാലചന്ദ്രന്‍ ഇംഗ്ലീഷില്‍ കരയുന്നു. ഭാഷാപോഷിണിയില്‍ (കമല എന്ന കവിത, ജൂലൈ ലക്കം): യൂ റിട്ടേണ്‍ഡ്‌/ വെന്‍ ഐ കോള്‍ യൂ. മഴയായും കാറ്റായും മരിച്ചുപോയവരെ പലവട്ടം മലയാളത്തില്‍ വിളിച്ചുകൂവിയതു കൊണ്ടായിരിക്കാം ബാലചന്ദ്രന്‍ ആംഗലേയ ഭാഷയിലെഴുതിയത്‌. ഡി. വിനയചന്ദ്രന്‌ ഇത്‌ പെരുകവിതക്കാലമാണ്‌. ഭാഷാപോഷിണിയില്‍: ഓരോ മരണവും ചന്ദ്രന്റെ കളങ്കത്തില്‍/ ഒരു കുളിര്‍വെളിച്ചം പുതച്ചുപോകുന്നു- (വേലിയേറ്റങ്ങള്‍) എന്നെഴുതി വിനയം കാണിക്കുകയാണ്‌ വിനയചന്ദ്രന്‍. ആരു മരിച്ചാലും കവിതയെഴുതിയിരിക്കണമെന്ന്‌ തീരുമാനിച്ചുറച്ചതുപോലെ. അവരവരുടെ ആത്മബലം വര്‍ദ്ധിപ്പിക്കലാണ്‌ എഴുത്തിന്റെയും പ്രധാനഘടകങ്ങളിലൊന്ന്‌. പക്ഷേ, ഇത്തരം രചനകള്‍ ആത്മവിശ്വാസമില്ലായ്‌മയുടെ നിലവിളിയാണ്‌.


മാതൃഭൂമിയില്‍ കല്‌പറ്റ നാരായണന്‍ ഇങ്ങനെ എഴുതി: നടക്കുന്നത്‌/എവിടെയും എത്താനല്ല/ കുമ്പിടുന്നത്‌/ ഒന്നും എടുക്കാനല്ല/ ചാടുന്നത്‌/ ഒന്നിലുമെത്താനല്ല''-(വ്യായാമം എന്ന കവിത, ജൂലൈ12). കായിന്‍പേരില്‍ പൂ മതിക്കുവോര്‍ എന്ന്‌ വൈലോപ്പിള്ളി ഒറ്റവരിയില്‍ എഴുതി. 'സമയപ്രഭു'വിന്‌ എഴുപത്തിയാറ്‌ വരിയില്‍ പറയേണ്ടിവന്നു. കാവ്യരചനയില്‍ കല്‌പറ്റ നാരായണന്‌ ഇനി വ്യായാമക്കാലമാണെന്ന്‌ വ്യക്തം. 'അഭയ'ത്തില്‍ കെ. വി. ബേബി എഴുതി: നിന്റെ ഭാഷ ഞാന്‍/ സ്വായത്തമാക്കിയതിനാലോ/ അല്ല, മറിച്ച്‌ അറവുശാലയില്‍/ വെച്ചുതന്നെ-(കലാകൗമുദി-ജൂലൈ 19). ബേബി കവിതയില്‍ ഇപ്പോഴും ബേബി തന്നെയെന്ന്‌ അഭയവും സൂചിപ്പിക്കുന്നു.


'സ്‌പെഡര്‍ വുമന്‍' എന്ന രചനയില്‍ എം. ആര്‍. വിഷ്‌ണുപ്രസാദ്‌ പറയുന്നതിങ്ങനെ: എളുപ്പത്തില്‍ /ജയിക്കുകയും/ തോല്‍ക്കുകയും ചെയ്യുന്നത്‌.- (മാധ്യമം-ജൂലൈ 20) അഞ്ചാമത്തെ പീരിഡിന്റെ മദ്ധ്യത്തില്‍ ക്ലാസ്‌ടീച്ചര്‍ സ്‌പെഡര്‍ വുമന്‍ ആകുന്നു. സി. എസ്‌. ജയചന്ദ്രന്‍ 'റക്‌സിന്‌ എന്തുസംഭവിച്ചു' എന്ന കാവ്യരൂപത്തില്‍: റക്‌സിനെ നേരില്‍/ കണ്ടേമതിയാവൂന്ന്‌/ റക്‌സിന്റെ വിമര്‍ശകന്‍/ റക്‌സിനോടെന്തോ/ കുമ്പസാരിക്കാനുണ്ടുപോലും-(മാധ്യമം). 'നല്ലപിള്ള'യില്‍ ബാലകൃഷ്‌ണന്‍ മൊകേരി കുറിച്ചതിങ്ങനെ: നീരിറ്റുന്ന/ നാവിനാലിടയ്‌ക്കോരിയിട്ടീടവെ/ഒന്നു മാത്രമുറച്ചു ഞാനെപ്പോഴും/ നല്ല പിള്ളയായ്‌ മാറാതിരിക്കുവാന്‍-(തൂലിക മാസിക, ജൂലൈ). വിനോദ്‌കുമാര്‍ എടച്ചേരിയുടെ വരികള്‍: കാര്യം കഴിഞ്ഞാല്‍/ ആട്ടും തുപ്പും സഹിച്ച്‌/ഓച്ഛാനിച്ചു/ എന്നും പടിക്കു പുറത്ത്‌. (തൂലിക മാസിക). 'ഒരില'യില്‍ രാജശ്രീ വാരിയര്‍: ഇത്‌ ഞാന്‍/മേഘത്തില്‍ തൊട്ട്‌, അങ്ങ്‌ /താഴെ മണ്ണില്‍ പൂണ്ടു ഞാന്‍/ ശക്തനാണങ്ങ്‌ വീഴരുത്‌/കാത്തിരിക്കാം ഞാന്‍/പക്ഷേ, ഇനിയത്തെ മഴ. -(കലാകൗമുദി ജൂലൈ19). ഈ എഴുത്തുകാരുടെ കവിത അടിത്തറയില്ലാത്ത മേല്‍പ്പുരയാണ്‌.


അസ്‌മോ പുത്തന്‍ചിറയുടെ 'വകതിരിവ്‌'(വാരാദ്യമാധ്യമം ജൂലൈ12)- നോട്ടങ്ങളുടെ വ്യതിരേകം വിവരിക്കുന്നു. പിന്നില്‍ നിന്നും മുന്നില്‍ നിന്നും നോക്കുമ്പോഴുള്ള കാഴ്‌ചയുടെ അവസ്ഥാന്തരമാണ്‌ അസ്‌മോ പറയുന്നത്‌: അത്യാവശ്യം/ പറഞ്ഞപ്പോള്‍/തിരിച്ചറിഞ്ഞു/ ആളാരെന്ന്‌-(വകതിരിവ്‌). വി. മോഹനകൃഷ്‌ണന്‍: എങ്കിലും/ ഗീതാടാക്കീസ്‌/പിരിയാന്‍ വിടാത്ത കാമുകി- (നഗരം നഗരം മഹാസാഗരം, പച്ചക്കുതിര, ജൂലൈ). എല്‍. തോമസ്‌കുട്ടി: അതിസാധാരണമീ/ ഇരപിടുത്തം/ പശപ്പാര്‍ന്ന നാവില്‍/ നൊടിവേഗമാശ്ചര്യം. മുയ്യം രാജന്‍ 'ഇന്ന്‌ മാസിക'യിലെഴുതി: മനസ്സിനെ/ മാനഭംഗപ്പെടുത്തിയാണ്‌/സ്വപ്‌നങ്ങളെ/ അറസ്റ്റു ചെയ്‌തത്‌. അരിയാട്ടുകല്ലിന്റെ കഥ പറയുകയാണ്‌ സുനില്‍കുമാര്‍ എം. എസ്‌. (കല്ല്‌ കൊത്തുന്നവര്‍- ആഴ്‌ചവട്ടം,തേജസ്സ്‌ ജൂലൈ12). കല്ലുകൊത്തുകാര്‍ നിശ്ചലരാകുന്നിടത്ത്‌ സുനില്‍കുമാറിന്റെ വാക്‌ധോരണി അവസാനിക്കുന്നു. ഒപ്പം വായനക്കാര്‍ നെടുവീര്‍പ്പിടുകയും. രാഘവന്‍ അത്തോളിയുടെ 'കലഹമഴ'യില്‍(ദേശാഭിമാനി വാരിക) ജീവിതമുണ്ട്‌. കവിതയുടെ നീരൊഴുക്കില്ല.


സവിശേഷമായ വെല്ലുവിളികള്‍ നേരിടുന്ന പുതുകവിതയില്‍ വേറിട്ടൊരു ശബ്‌ദമാണ്‌ 'കമ്മ്യൂണിസ്റ്റ്‌ പച്ച'യില്‍ ബിജോയ്‌ചന്ദ്രന്‍ വരച്ചുചേര്‍ത്തത്‌: കുട്ടികളൊളിച്ചിരുന്ന്‌/ ഗൊറില്ല യുദ്ധമുറകള്‍/പരിശീലിക്കുന്നത്‌/ ഇപ്പോഴും ഇതിന്റെ/ പൊന്തക്കാട്ടിലാണ്‌/ പഴയ ഏതോ മാസികയുടെ/ മണ്ണുതിന്ന കഷണങ്ങള്‍/ സിഗരറ്റ്‌കുറ്റികള്‍ ഒക്കെ/ അവര്‍ പക്ഷേ, ശ്രദ്ധിക്കാതെ പോകും. -വിപ്ലവകാരികളുടെ ജീവിതത്തിലേക്ക്‌ നീട്ടിയെറിയുന്ന ഗതകാലത്തിന്റെ ശേഷപത്രം.


സൂചന: താമ്രപര്‍ണി എന്ന പുസ്‌തകത്തില്‍ ശൈലന്‍ എഴുതി: നാലുവരികള്‍ കൂടി/ മായ്‌ച്ചഴിച്ച്‌/കളഞ്ഞിരുന്നെങ്കില്‍/ കണക്കെഴുതാ-/ നെടുക്കാമായിരുന്നീ/കവിതാപുസ്‌തക-/പ്പുതുമയെ -(ലേ ഔട്ട്‌). സച്ചിദാനന്ദനും വിനയചന്ദ്രനും ബാലചന്ദ്രനും ഈ വരികള്‍ വായിച്ചിരുന്നെങ്കില്‍!


പുതുവഴി

പുതുവഴിയില്‍ നാല്‌ കവിതകളാണ്‌ ഉള്‍പ്പെടുത്തിയത്‌. പ്രണയം (ഭാസ്‌കരന്‍ അരയാല), നഷ്‌ടബോധം (താഹിര്‍ കാരാട്‌), മിഥ്യകള്‍(നസ്സീബലി), കനവ്‌(മുഫ്‌ലി) എന്നിവ. പ്രണയത്തിന്റെ മഴസ്‌പര്‍ശവും വിരഹത്തിന്റെ വേനല്‍ക്കനവും അയവിറക്കുകയാണ്‌ ഭാസ്‌കരന്‍. നഷ്‌ടബോധം എന്ന കവിത എഴുതുന്നതിന്‌ മുമ്പ്‌ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ താതവാക്യം ഒരാവര്‍ത്തി താഹിര്‍ വായിച്ചിരുന്നെങ്കില്‍ ഇതുപോലെ ചെളിപ്പാടത്തില്‍ വാക്കുകള്‍ വിന്യസിക്കുമായിരുന്നില്ല. ജീവിതത്തിന്റെ നാല്‍ക്കവലയില്‍ നടക്കാനിറങ്ങിയ നസ്സീബലിക്കു കൈകളില്‍ മാത്രമല്ല, ചിന്തയിലും ഒന്നും ലഭിക്കുന്നില്ല. വെറും മനസ്സോടെ തിരിച്ചുവരുന്നു- മിഥ്യകള്‍ എന്ന രചനപോലെ. ആര്‍ക്കും എപ്പോഴും എവിടെവച്ചും കിനാവ്‌ കാണാം. പക്ഷേ, അത്‌ മറ്റുള്ളവര്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുന്നവിധത്തിലാകരുത്‌. മുഫ്‌ലിയുടെ 'കനവ്‌' വായിക്കാനിടയുള്ളവരും അടക്കം പറയുക ഇതുതന്നെയായിരിക്കാം. എഴുത്തിന്റെ ജാഗ്രതയിലേക്ക്‌ കണ്ണയക്കുന്ന നാലുവരികള്‍ കുറിക്കുന്നു: കരളിനെക്കുത്തുന്ന/ ചോദ്യങ്ങളായിരം/ കാട്ടുകടന്നലാ-/യെന്നെപ്പൊതിയുന്നു.- (സരയുവിലേക്ക്‌ - ഒ. എന്‍. വി. കുറുപ്പ്‌).


കവിതകള്‍

പ്രണയം

ഭാസ്‌കരന്‍ അരയാല

പ്രണയം മഴപോലെയാണെന്നും

വിരഹം വേനല്‍പോലെയാണെന്നും

നീ പറഞ്ഞത്‌

ഒരു പെരുമഴയുടെ

അവസാനത്തെനെടുവീര്‍പ്പിലായിരുന്നു.

അപരിചിതത്വത്തിന്റെ

ഉടയാടകള്‍പറിച്ചെറിഞ്ഞ്‌

പ്രണയത്തിന്റെ ഊഷ്‌മാവളന്ന്‌

വേനലിന്റെ തീക്ഷ്‌ണദാഹമായി

മഴയുടെ ഉന്മാദനൃത്തമായി

അനാദിയിലേക്ക്‌

നാം തുഴഞ്ഞു തുഴഞ്ഞ്‌.

ഒടുവില്‍ഒരിക്കലും പെയ്‌തൊടുങ്ങാത്ത

മഴയുംവരണ്ട വേനലുംഹൃദയത്തില്‍

ബാക്കിവെച്ച്‌ജീവിതത്തിന്റെ

പെരുവഴിയില്‍

ഒരു വേനല്‍ക്കിനാവായ്‌

നീ തനിച്ചങ്ങിനെ.


നഷ്‌ടബോധം

താഹിര്‍ കാരാട്‌

ക്ഷണിക ജീവിതത്തിലെന്നോ

നഷ്‌ടപ്പെടുത്തിയറിവിന്റെ

ബോധം വൈകിത്തെളിഞ്ഞു

നഷ്‌ടബോധത്തിലൊന്നെ

നിക്കത്‌ഹൃത്തടമറിഞ്ഞച്ഛന്റെ

വാക്കു തോക്കിനുമുമ്പില്‍

പകച്ചൊരാം മകന്റെ വിരഹാര്‍ത്തദു:ഖം

കലര്‍ന്ന വാക്കുകളിലെന്നോമറന്നിട്ടറവിന്റെ നേട്ടം കുറ്റബോധമായിമനസ്സില്‍ പിറന്നതും നഷ്‌ടബോധത്തിലാം.

മനസ്സലിഞ്ഞച്ഛന്റെ വാക്കിനു ചെവി-

കൊണ്ടിരുന്നങ്കിലിന്നെനിക്ക്‌ കുറ്റബോധ-

ത്തെ ഹനിക്കാമായിരുന്നു.

പള്ളിക്കൂടത്തിലന്ന്‌ തൊട്ടിന്നിത്‌വരെ യെത്ര-

സഹപാഠികളെ തഴുകിയതാണവരിന്നെന്റെയോര്‍മയില്‍, നഷ്‌ടബോധത്തില്‍കുറിച്ചിടാന്‍,

പള്ളിക്കൂടവും സഹപാഠികളും.

സൗഭാഗ്യമെന്നില്‍ പിറന്നോരു

നിമിഷമറിയാതെമന്ത്രിച്ച വാക്കിനു മുമ്പില്‍ കരയേണ്ടിവന്നുസ്‌നേഹിതിക്കെന്റെ കത്ത്‌,

അറിയാതുരുവായ-

വാക്കിനുനെറുകയില്‍മാഞ്ഞുപോയ

സൗഹൃദം തിരിച്ചറിവ്‌ വീണ്ടെടുക്കുമ്പോഴൊക്കെ നഷ്‌ട-ബോധമെന്നെ വേട്ടയാടുന്നു.


മിഥ്യകള്

‍നസ്സീബലി, തൃശൂര്

‍ജീവിതത്തിന്‍

നാല്‍ക്കവലയില്‍

നടക്കാനിറങ്ങിയ

ഞാന്‍വഴിയില്‍ കണ്ടവനു

ഹൃദയം പണയം വെച്ചുമുപ്പത്‌

വെള്ളിക്കാശിന്‌നാട്യത്തിന്‍

ദല്ലാള്‍ തെരുവില്‍സൗഹൃദമെന്ന

ഒറ്റമൂലിനീരാളിക്കൊകളുമായി

പിടികൂടിചുവടുമാറ്റി ചവുട്ടിയും ഇണങ്ങിയും പിണങ്ങിയുംമുകംമൂടിയണിഞ്ഞ

രണ്ട്‌ മനുഷ്യകോലങ്ങള്‍

മുടിയഴിച്ചിട്ടാടി,

എഴുതാപ്പുറങ്ങളില്‍സൗഹൃദമെന്ന

ഏതോ, മോഹത്തിന്‍

മുനമ്പില്‍ കുത്തിയിരുന്നു ഞാന്‍.


കനവ്‌

മുഫ്‌ലി

എന്‍ മനസ്സിന്‍മരതകത്തില്‍

ഒളിപ്പിച്ചഎന്‍ കനവുകള്‍ നിന്നരികിലേക്കയക്കാന്

‍കൊതിച്ചുപോയ്‌അറിയാതെ ഞാന്‍.

ഞാന്‍ കാത്തിരുന്നുനിന്നെ

ഒന്നു കാണുവാന്‍

എന്‍ കാതുകള്‍ കൊതിച്ചുപോയ്‌

നിന്‍ മധുരനാദം കേള്‍ക്കാന്

‍എന്‍ ആശകള്‍ അലയുകയാണ്‌,

വിണ്ണിലെ മഴവില്ലുപോല്‍ജ്വലിച്ചു

നില്‍ക്കയായ്‌വരൂ നീ

ആ മധുരം നുകരുവാന്‍.

7 comments:

mokeri(മൊകേരി) said...

Carry on sir, very interesting,and we (poets)can travel on and on with our own views.Thanks for considering, bkmokeri

കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ said...

കവികള്‍ക്ക്‌ അവരുടേതായ വഴിയുണ്ട്‌. പക്ഷേ, വായനക്കാരുടെ വഴിമുടക്കികളാകരുത്‌. പുതിയ ചിന്തയിലേക്ക്‌ കവിമനസ്സുകളെ പ്രകോപിക്കാന്‍ ശ്രമിക്കട്ടെ.

വിഷ്ണു പ്രസാദ് said...

ഇതു വരെയുള്ള പല പോസ്റ്റുകളിലൂടെയും കടന്നു പോയി.യോജിപ്പിന്റേയും വിയോജിപ്പിന്റേയും സാധ്യതകള്‍ ധാരാളം.താങ്കലുടെ മെയില്‍ ഐ.ഡി കണ്ടില്ല്ല. എനിക്കൊരു മെയില്‍ ചെയ്യുമോ?
vishnuprasadwayanad@gmail.com

Pramod.KM said...

ഈ ബ്ലോഗ് ഇപ്പോളാണ് കാണുന്നത്.സന്തോഷം. ബിജോയ് ചന്ദ്രന്റെ ‘കമ്യൂണിസ്റ്റ് പച്ച‘യും 2-3 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച കമ്യൂണിസ്റ്റ് പച്ച എന്ന ടി.പി.വിനോദിന്റെ ഈ കവിതയും തമ്മിലുള്ള സാമ്യം കണ്ട് ഞാന്‍ അന്തം വിട്ടുപോയി.

കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ said...

കവിതകളുടെ പതിരുകള്‍ വായനക്കാരുടെ ശ്രദ്ധയില്‍പ്പെടുത്താനുള്ള ശ്രമം. പൂര്‍ണ്ണമായും വിജയത്തിലെത്തുന്നു എന്നു കരുതാനും കഴിയില്ല. താങ്കളെപ്പോലുള്ളവരുടെ നിര്‍ദ്ദേശം ശ്രദ്ധിക്കുന്നു. കേരളം കവികളെക്കൊണ്ട്‌ നിറഞ്ഞിരിക്കുകയാണെല്ലോ. കവിത പ്രസിദ്ധീകരിക്കുന്നതിനു മുമ്പ്‌ എഴുത്തുകാര്‍ തന്നെ തീരുമാനിക്കട്ടെ, അത്‌ അനിവാര്യമാണോ എന്ന്‌. നന്ദി

umbachy said...

മാഷേ,
പോസ്റ്റിന്‍റെ ഒടുക്കത്തെ ഭാഗം ലേഔട്ട് ക്രമമാക്കണം.
കവിപ്പേരുകള്‍ ബോള്‍ഡാക്കിയാല്‍ മതി.
അവ ഒന്നാകെ ചിതറിക്കിടക്കുന്നു ഇപ്പോള്‍..
നല്ല ഉദ്യമം..

കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ said...

താങ്കളുടെ നിര്‍ദ്ദേശം സ്വീകരിക്കുന്നു. അടുത്ത നിബ്ബ്‌ വായിക്കണം. നിന്നെ ഒന്നുതോണ്ടിയിട്ടുണ്ട്‌.