Saturday, July 04, 2009

ബഷീറിലേക്ക്‌വീണ്ടും ചില നടപ്പാതകള്‍


വൈക്കം മുഹമ്മദ്‌ബഷീറിന്റെ പതിനഞ്ചാം ചരമവാര്‍ഷികം


ബഷീറിലേക്ക്‌വീണ്ടും ചില നടപ്പാതകള്


‍അനേകം വാതിലുകളും ജനാലകളുമുള്ള മഹാസൗധമാണ്‌ ബഷീറിന്റെ ലോകം. കഥ പറച്ചിലിന്റെ അനായാസ രീതിയായിരുന്നു ബഷീറിന്റെ രചനകളുടെ സവിശേഷത. ലളിതമായി, തികച്ചും സാധാരണതയോടെ ആരംഭിച്ച്‌ മാനുഷികഭാവത്തിന്റെ ഉദാത്തകളിലേക്ക്‌ വികസിക്കുന്ന ശൈലി. മനുഷ്യസമുദായത്തിന്റെ നിമയാവലികള്‍ക്കുള്ളില്‍ മുനിഞ്ഞുകത്തുന്ന എണ്ണവിളക്കുകളാണവ.


എം. എന്‍. വിജയന്‍ എഴുതുന്നു: ?അനര്‍ഘ നിമിഷം എഴുതിയത്‌ ബഷീറാണ്‌ സൂഫികളുടെ കൂടെ നടന്നത്‌ ബഷീറിന്റെ ഒരംശമാണ്‌. സന്യാസികളുടെ കൂടെ നടന്നതും ബഷീറിന്റെ ഒരംശമാണ്‌. മരുന്നു കച്ചവടം നടത്തി എന്നതും ബഷീറിന്റെ ഒരംശമാണ്‌. ലോക്കപ്പിലിട്ട്‌ പോലീസുകാര്‍ തല്ലി എന്നതും ബഷീറിന്റെ ഒരംശമാണ്‌. ഇതിന്റെയൊക്കെ ആകെത്തുകയാണ്‌ ബഷീറിന്റെ കൃതികള്‍. എല്ലാം കൂടിച്ചേരുമ്പോഴാണ്‌ എഴുത്തുകാരന്റെ ആവിഷ്‌കരണത്തിന്റെ അളവ്‌ നാം കാണുന്നത്‌. അതില്‍ സ്വപ്‌നങ്ങളും ഭാവനകളും അയാള്‍ സഞ്ചരിച്ച ലോകങ്ങളും Total personality യുടെ ലോകമാണ്‌''-(മരുഭൂമികള്‍ പൂക്കുമ്പോള്‍).


മലയാളസാഹിത്യത്തില്‍ ഞാന്‍ എന്ന ഉത്തമപുരുഷസര്‍വ്വനാമം സവിശേഷമായ രീതിയിലാണ്‌ ബഷീര്‍ കൃതികളില്‍ അനുഭവപ്പെടുത്തിയത്‌. തന്റേതായ രീതില്‍ സാഹിത്യസംസ്‌ക്കാരവും സൗന്ദര്യശാസ്‌ത്രവും എഴുതിച്ചേര്‍ത്തു. ``ഞാന്‍ ഒരുപാടുകാലം രാജ്യങ്ങളായ രാജ്യങ്ങളെല്ലാം ചുറ്റിക്കറങ്ങിയിട്ടുള്ളതുകൊണ്ട്‌ എനിക്ക്‌ ധാരാളം അനുഭവങ്ങളുണ്ട്‌. എഴുതുന്നതിലധികവും എന്റെ അനുഭവങ്ങളായിരിക്കുമെന്ന്‌ ഞാന്‍ പറഞ്ഞല്ലോ.''- (സര്‍ഗസമീക്ഷ- അക്‌ബര്‍ കക്കട്ടില്‍).


നിരീക്ഷണത്തിന്റെയും കണ്ടെടുക്കലിന്റെയും തീക്ഷ്‌ണത എഴുതിനിറഞ്ഞ ബഷീറിന്റെ രചനകള്‍ അപൂര്‍വ്വമായ വാങ്‌മയങ്ങളുടെ നിറസാന്നിദ്ധ്യമാണ്‌. വാമൊഴിയും വരമൊഴിയും ഇടകലര്‍ന്ന്‌ തികച്ചും വ്യത്യസ്‌തമായ സംവേദനമണ്‌ഡലത്തിലേക്ക്‌ വായനക്കാരെ കൂട്ടിക്കൊണ്ടുപോകുകയാണ്‌ ബഷീര്‍. മരണത്തിന്റെയും സ്വപ്‌നത്തിന്റെയും യാഥാര്‍ത്ഥ്യത്തിന്റെയും പരുപരുത്തതും ആര്‍ദ്രവുമായ ജീവിതമുഖങ്ങളിലേക്ക്‌. ?അനര്‍ഘനിമിഷ?ത്തില്‍ ബഷീര്‍ എഴുതി:``കാലമിത്രയും നീ എന്നെ അപാരമായ കാരുണ്യത്തോടെ സ്‌നേഹിച്ചു, സഹിച്ചു. എന്നെപ്പറ്റി നിനക്കെല്ലാം അറിയാം. ഇനിയും സൗകര്യംപോലെ വായിക്കാവുന്ന ഒരു ലഘുഗ്രന്ഥമാണെല്ലോ ഞാന്‍. നീ എനിക്കിപ്പോഴും ഒരു മഹാരഹസ്യം''. ജീവിത്തില്‍ തൊട്ടുകൊണ്ട്‌ ഈ എഴുത്തുകാരന്‍ പലവട്ടം ചോദിച്ചുകൊണ്ടിരുന്നത്‌ ജീവിതത്തെപ്പറ്റിയായിരുന്നു: ? എന്താണ്‌ ജീവിതം? ഈ കഴിയലിന്റെ അര്‍ത്ഥമെന്താണ്‌? ഒരുദ്ദേശ്യവും ഇല്ലേ?.. ഒരു സത്യാന്വേഷണമാണ്‌ അവന്‌ ജീവിതം. അവന്‍ വേവലാതിയോടെ ഓടിനടന്നു തിരക്കുന്നു. ജ്ഞാനത്തിന്റെ ഉറവിടം ആരാഞ്ഞലയുന്നു. മതങ്ങള്‍ എല്ലാം സൗമ്യതയോടെ വിളിച്ചുപദേശിക്കുകയാണ്‌''.-( അനര്‍ഘനിമഷം).


ബഷീറിന്റെ എഴുത്തിലെ മുഖ്യപ്രമേയങ്ങളിലൊന്ന്‌ ആത്മാവും ശരീരവും വിശപ്പുമായിരുന്നു. ഇവ പരസ്‌പരം പൂരിപ്പിക്കുന്നു. അവയുടെ പാരസ്‌പര്യം അന്വേഷിക്കുന്ന തീര്‍ത്ഥാടക ജന്മമെന്ന്‌ കഥാകാരനെ പേരിട്ടുവിളിക്കാം. ഇരമ്പുകയും ഓടുകയും മറക്കുകയും ലഹരിപിടിപ്പിക്കുകയും ചെയ്യുന്ന ജീവിതത്തില്‍ അതിജീവനത്തിന്റെ ബദ്ധപ്പാടില്‍ നഷ്‌ടപ്പെടുന്നത്‌ സ്‌നേഹമാണ്‌. മനസ്സില്‍ സൗന്ദര്യവും ഉടലില്‍ ഉന്മത്തതയും നിറയുമ്പോള്‍ പിന്‍വാങ്ങുന്നത്‌ പലപ്പോഴും തത്വശാസ്‌ത്രമാണ്‌. ``ഈ ജീവിതത്തിന്‌ സുഖം വേണമെങ്കില്‍ സ്വന്തമായ അഭിപ്രായം ഒന്നും ഉണ്ടാവാതിരിക്കുക. നിങ്ങളുടെ ചുറ്റും ``ഠ'' വട്ടത്തിലുള്ള സ്ഥലം മാത്രമേ ഭൂലോകമായുള്ളൂ എന്നും വിചാരിക്കുക. വെട്ടിയോ, കിളച്ചോ നട്ടുനനച്ചോ ജീവിക്കാനും ശ്രമിക്കുക''-( മരണത്തിന്റെ നിഴലില്‍).


മനുഷ്യനെ സംബന്ധിക്കുന്ന സകലകാര്യങ്ങളും എഴുത്തിലേക്ക്‌ യഥേഷ്‌ടം ഉപയോഗിച്ച ബഷീര്‍ ഭാഷയിലെ ഉച്ചനീചത്വത്തിന്റെ അതിര്‍രേഖ മായ്‌ച്ചു. പുതിയ നീതിബോധത്തിന്റെ ഇടപെടുലുകള്‍ കൊണ്ട്‌ മലയാളസാഹിത്യത്തെ ചടുലമാക്കിക്കൊണ്ടിരുന്നു. പച്ചയായ മനുഷ്യന്റെ ദൈന്യതയിലേക്കായിരുന്നു ഈ കഥാകാരന്‍ പേന നീട്ടിപ്പിടിച്ചത്‌. നര്‍മ്മവും വേദനയും തിളച്ചുമറിയുന്ന രചനകളുടെ അകത്തളത്തില്‍ കണ്ണീരുപ്പ്‌ പതിഞ്ഞുനില്‍പ്പുണ്ട്‌.``മതങ്ങളില്‍ പലതിലും കൊള്ളരുതായ്‌മകളുണ്ട്‌. അന്ധവിശ്വാസങ്ങളും ഉണ്ട്‌. അതിന്റെയൊക്കെ അടിയില്‍ പരമ സത്യവുമുണ്ട്‌! വൃക്ഷങ്ങളും ഈ പേരയും എങ്ങനെയുണ്ടായി. സ്വയം ഭൂവല്ലേ! ഈശ്വരന്‍ മാത്രമേ സ്വയം ഭൂവായുള്ളൂ. ബാക്കി എല്ലാം ഈശ്വരന്റെ സൃഷ്‌ടി. ഇതാണെന്റെ വിശ്വാസം. വാദപ്രതിവാദത്തിന്റെ ആവശ്യമില്ല......''-(ചിരിക്കുന്ന പാവ).ഉത്തമമനുഷ്യനിലേക്കുള്ള രാജപാതയായിരുന്നു ബഷീറിന്‌ വിശ്വാസപ്രമാണ്‌. ആത്മനിവേദനത്തിന്റെ മാറ്റുരതന്നെയാണത്‌.-പതിമൂന്ന്‌ നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ ഒരു മനുഷ്യന്‍ നിവര്‍ന്നുനിന്ന്‌ പറഞ്ഞു: ഞാന്‍ നശ്വരനായ ഒരു മനുഷ്യന്‍ മാത്രമാണ്‌. പക്ഷേ, പ്രപഞ്ച സ്രഷ്‌ടാവ്‌ അവന്റെ സന്ദേശം നിങ്ങള്‍ക്കെത്തിക്കുവാന്‍ എന്നെ ഭരമേല്‌പിച്ചിരിക്കുന്നു. നിങ്ങള്‍ അവന്റെ സൃഷ്‌ടിപദ്ധതിക്കനുസരിച്ച്‌ ഐക്യത്തില്‍ ജീവിക്കാന്‍ വേണ്ടിയാണിത്‌''.- (ഓര്‍മ്മയുടെ അറകള്‍)


ആത്മാന്വേഷണത്തിന്റെ തിളച്ചുമറിയലുകളിലൂടെ കടന്നുപോകുന്ന ഒരു മനസ്സ്‌ ബഷീറിന്റെ രചനകളില്‍ നിതാന്തസാന്നിദ്ധ്യമാണ്‌. ജന്മദിനത്തിലൊരിടത്ത്‌ അദ്ദേഹം പറഞ്ഞുവയ്‌ക്കുന്നതിങ്ങനെ: വല്ലവര്‍ക്കും വല്ല അല്ലലുമുണ്ടോ? ജീവിതം ഉല്ലാസകരം. ഞാന്‍ ഒരു ചെറിയ ചായ്‌ക്ക്‌ എന്തുവഴി എന്ന്‌ ആലോചിക്കുകയായിരുന്നു.-(ജന്മദിനം). അന്നം മനുഷ്യന്റെ അസ്‌തിത്വം നിര്‍ണ്ണയിക്കുന്ന സന്ദര്‍ഭങ്ങളും ബഷീറിന്റെ കഥാലോകത്ത്‌ വിവിധമാനങ്ങളില്‍ കൂടുവെക്കുന്നു: ``അവള്‍ എന്റെ ഒരു ബന്ധുവാണെന്നും പറഞ്ഞ്‌ എന്നെ കാണാന്‍ വന്നു. സബ്ബ്‌ജയിലിന്റെ അടുത്തായതുകൊണ്ട്‌ ദിവസവും നല്ല ആഹാരം പാകം ചെയ്‌ത്‌ അവള്‍തന്നെ കൊണ്ടുവന്നു തുടങ്ങി''.-( വിഢ്‌ഡികലുടെ സ്വര്‍ഗ്ഗം).


മറ്റൊരിടത്ത്‌ കഥാകൃത്ത്‌ എഴുതി: ഞാന്‍ ദിവസവും മാതൃഭൂമി, മനോരമ, ജനയുഗം, കേരളകൗമുദി, ചന്ദ്രിക എന്നീ പത്രങ്ങള്‍ വായിക്കാറുണ്ട്‌. കേരളകൗമുദിയും ജനയുഗവും ചന്ദ്രികയും പോസ്റ്റല്‍ വരുന്നതാണ്‌. ഇന്ത്യന്‍ എക്‌സ്‌പ്രസില്‍ വിദേശ ന്യൂസുകള്‍ അധികമുണ്ടാവും. ആ പത്രം ഞാന്‍ ഊണു കഴിഞ്ഞു കിടക്കയില്‍ കിടന്നു വായിക്കും. ഊണ്‌ എന്നു പറഞ്ഞാല്‍ രാത്രി ഏറിയ കൂറും ഊണില്ല. കഞ്ഞിയായിരിക്കും. ഉണക്കമുളകും കൂട്ടി അരിഞ്ഞ പപ്പടം കാച്ചിയാണ്‌ കൂട്ടാന്‍''.-( ഭൂമിയുടെ അവകാശികള്‍)...........മുറ്റത്തിന്റെ അരികിലുള്ള പ്ലാവ്‌ വൃദ്ധദശ കടന്നതാണ്‌. എങ്കിലും ചക്കകളുണ്ട്‌. എത്ര ആടുകള്‍ക്കു വേണമെങ്കിലും കൊടുക്കാന്‍ പ്ലാവിലയുമുണ്ട്‌. ആടു പ്ലാവിലയെല്ലാം വേഗം തിന്നുതീര്‍ത്തിട്ട്‌, മുറ്റത്തിന്റെ അരികിലുള്ള ചാമ്പമരത്തിന്റെ ചുവട്ടിലേക്കു ചെല്ലും. അവിടെ വീണുകിടക്കുന്ന ചാമ്പങ്ങ എല്ലാം തിന്നും''.- ( പാത്തുമ്മയുടെ ആട്‌).


ചിലനേരങ്ങളില്‍ മനുഷ്യ.ന്‍ സ്വയം വെളിപ്പെടുന്നത്‌ ബഷീറിന്റെ സ്റ്റൈലില്‍ നോക്കുക: ?ആനവാരിക്കെന്തോ ആകെ ഒരു എന്താ പറയുക? മധുരിച്ചിട്ടിറക്കാനും വയ്യ. കഴിച്ചിട്ട്‌ തുപ്പാനും വയ്യ എന്നു പറഞ്ഞമാതിരി. പൊന്‍കുരിശു കാണിച്ച വകതിരിവു കണ്ടോ. ആ കൊച്ചുത്രേസ്യാ പെണ്ണ്‌ ചുട്ടുതല്ലിക്കൊണ്ടു വന്ന അണ്ടി ആരെയെല്ലാം കൊണ്ടാണു തീറ്റിച്ചത്‌.....കണ്ടമ്പറയന്‍ തിന്നു. ആനവാരി തിന്നു. പൊന്‍കുരിശു തിന്നു. എട്ടുകാലി തിന്നു. മണ്ടനും തിന്നു''.- (സ്ഥലത്തെ പ്രധാനദിവ്യന്‍)കഥാകാരന്‍ ആടിത്തീര്‍ക്കാത്ത വേഷങ്ങളില്ല- നിങ്ങളാരെങ്കിലും ആനപ്പൂട കണ്ടിട്ടുണ്ടോ. തൊട്ടു നോക്കീട്ടുണ്ടോ. സദസ്സ്‌ ഒന്നും പറഞ്ഞില്ല. നിശ്ശബ്‌ദം. ഞാന്‍ വലിയ ഒരാനവാല്‍ രാധാമണിക്കു കൊടുത്തു. എന്നിട്ട്‌ സദസ്സിനോടും ലോകത്തിനോടുമായി പറഞ്ഞു: ബ്ലൂങ്കോ''.- ( ആനപ്പൂട).


സ്വന്തമായി ഒരു സൗന്ദര്യബോധം എഴുതിച്ചേര്‍ക്കുന്നവനാണ്‌ എഴുത്തുകാരന്‍. മലയാളത്തില്‍ കാര്‍ക്കശ്യമാര്‍ന്ന സൗന്ദര്യശാസ്‌ത്രം ബഷീറിന്റെ അടയാളപ്പെടുത്തി: ഞാന്‍ എന്റെ ലോക്കപ്പില്‍ച്ചെന്നു. വൃത്തികേടിന്റെ കശ! ഞാന്‍ അതെല്ലാം തൂത്തുവാരി വെടിപ്പാക്കി. കിടക്ക കുറെക്കാലമായിട്ടു ശരിക്കൊന്നു കുടഞ്ഞുവിരിച്ചു. ലോക്കപ്പിനകം ആകെ ഒരു ചിട്ടയും ചന്തവും ഒക്കെ വരുത്തി. എന്നിട്ടു ദൂരെ മതിലിന്റെ മുകളിലായി ആകാശത്തു നോക്കി ഇരിപ്പായി. ഉണങ്ങിയ കമ്പ്‌ ഉയരുന്നതു കാണുന്നില്ല. ദൈവമേ! നാരായണീ തന്റെ കാര്യം മറന്നുപോയോ?''-( മതിലുകള്‍)


അനുരാഗത്തിന്റെ ആഴവും പരപ്പും സംഗീതാത്മകമായി ബഷീര്‍ ചിത്രീകരിച്ചിട്ടുണ്ട്‌: ജീവിതം യൗവ്വനതീക്ഷ്‌ണണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭ കാലഘട്ടത്തില്‍- പറഞ്ഞില്ലേ, നമ്മള്‍ തന്നെയാണ്‌ പ്രേമലേഖനം''- (പ്രേമലേഖനം).തനിക്കു നേര്‍ക്കാന്‍ കഴിഞ്ഞ ലോകത്തുനിന്നും സൃഷ്‌ടിച്ചെടുക്കുന്ന കഥാപാത്രങ്ങളും അവരുടെ ശബ്‌ദവുമാണ്‌ അദ്ദേഹം എഴുതിയത്‌: ഞാന്‍ നിന്ന ഹോട്ടല്‍ പുകയില്‍ മൂടി. തീയും കത്തിതുടങ്ങി. ചുമച്ചുകൊണ്ടു കണ്ണു കാണാതെ തട്ടിയും മുട്ടിയും എല്ലാവരും ഇറങ്ങി ഓടാന്‍ ശ്രമിക്കയാണ്‌. ഞാനും ഇറങ്ങി ഓടി. ലക്കും തിട്ടവുമില്ലാതെ ഓടി. ആത്മരക്ഷ! തീയില്‍ ചാടി. തീ കത്തി പറക്കുന്ന വസ്‌ത്രങ്ങളോടെ ഞാന്‍ ഓടി''- (ശബ്‌ദങ്ങള്‍).


എഴുത്ത്‌ ജീവിതത്തെ തൊട്ടറിയലാണ്‌. ബഷീറിന്റെ രചനകളുടെ കരുത്തും മറ്റൊന്നല്ല: ?ആയിഷ ചോദിച്ചു; ത്ത്‌ത്തായുടെ ഉമ്മാ എന്തിനാ ഞങ്ങളുടെ മുമ്പിലുള്ള വെള്ളമില്ലാത്ത ആ ചെറിയ തോട്ടില്‍ വന്നു വെളിക്കിരിക്കുന്നത്‌. അത്‌ ഞങ്ങ്‌ലാത്തിരി നാട്ടുവഴീ ഇരിക്കും. പകലായിട്ടാ! അതുകൊള്ളാം. മനുഷ്യര്‍ക്കു നടക്കാനുള്ള നാട്ടുവഴിയില്‍ കക്കൂസു ചെയ്യുന്നതു കൊള്ളാം. ഈ നാട്ടില്‍ എല്ലാവരും നാട്ടുവഴിയിലാണോ. (ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു).


അകംമുറിയുമ്പോള്‍ മനുഷ്യന്റെ തേങ്ങലിന്‌ രക്തക്കലര്‍പ്പുണ്ട്‌: തൊട്ടതുപോലെ ഒറ്റക്കണ്ണന്‍ പോക്കര്‍ ഒന്നു ചൂളി. ഇരുപത്തിരണ്ടു കൊല്ലത്തെ മുച്ചീട്ടുകളിയില്‍, ഒറ്റക്കണ്ണന്‍ പോക്കരുടെ അറിവോ, സമ്മതമോ കൂടാതെ ആരും തന്നെ രൂപച്ചീട്ടിന്റെ പുറത്തു പണം വെച്ചിട്ടില്ല. എങ്കിലും ചിലപ്പോള്‍ ചിലരുടെ ഭാഗ്യത്തിന്‌ അങ്ങനെ സംഭവിച്ചിട്ടില്ലേ. ഒറ്റക്കണ്ണന്‍ പോക്കരിന്‌ ഓര്‍ക്കാന്‍ കഴിയുന്നില്ല''- (മുച്ചീട്ടുകളിക്കാരന്റെ മകള്‍).സാഹിത്യം ഒരു പാചകക്രിയയായി വായിച്ചെടുത്ത കഥാകാരനാണ്‌ ബഷീര്‍. ഭാഷയില്‍ തീര്‍ക്കുന്ന ശില്‍പ്പമായിരുന്നു അദ്ദേഹത്തിന്‌ സാഹിത്യം. രക്തഛ്‌ചവികലര്‍ന്ന വാക്കുളുടെ ഇഴയടുപ്പം.


ബഷീറിന്റെ കലാദര്‍ശത്തിന്‌ ഒരു ഉദാഹരണം: മഹത്തായ ഒരു സംഗതിയാണ്‌ കല. അതിന്റെ ഉദ്ദേശ്യം കുഞ്ഞുമോള്‍ക്കു സ്വര്‍ണ്ണാഭരണത്തിനു പഴയ ഇരുപത്തിരണ്ട്‌ കാരറ്റ്‌ സ്വര്‍ണ്ണം വാങ്ങുക എന്നതല്ല. കേള്‍ക്കടീ, കലയുടെ ഉദ്ദേശ്യം കെട്ടിയോള്‍ക്കു പുതിയ തയ്യല്‍ മിഷ്യന്‍ വാങ്ങിച്ചു കൊടുക്കുക എന്നതുമല്ല. ഛേ! കുറച്ചില്‌! കലയെ നീ അധ:പതിപ്പിക്കല്ലേ''-( ഒരു ഭഗവത്‌ഗീതയും കുറെ മുലകളും).


കലങ്ങിമറിഞ്ഞ നദിയിലേക്ക്‌ ഇറങ്ങിനില്‍ക്കാന്‍ യ്‌ത്‌നിക്കുന്നവരാണ്‌ ബഷീറിന്റെ അനുരാഗിണികള്‍. അവര്‍ക്ക്‌ പ്രതിബന്ധങ്ങളും സ്വാസ്ഥ്യവും വേറിട്ടുനില്‍ക്കുന്നില്ല. ബാല്യകാലസഖി നോക്കുക: നിറഞ്ഞ നനയനങ്ങളോടെ ചെമ്പരത്തിയില്‍ പിടിച്ചുകൊണ്ട്‌ പൂന്തോട്ടത്തില്‍ സുഹ്‌റ, പറയാന്‍ തുടങ്ങിയത്‌ അപ്പോഴും അവളുടെ മനസ്സിലുണ്ടായിരുന്നിരിക്കണം. എന്തായിരുന്നു അത്‌. ഒടുവിലായി സുഹ്‌റ പറയാന്‍ തുടങ്ങിയത്‌?.അകവെളിച്ചമാണ്‌ എഴുത്തിന്റെയും വായനയുടെയും ശേഷപത്രം. അത്‌ അകംപുറം കാഴ്‌ചയുടെ ഭൂമികയുമാണ്‌. അതിലേക്ക്‌ ഊന്നിനില്‍ക്കുന്ന ഒരു ബഷീറിയന്‍ കാഴ്‌ച ഇങ്ങനെ: ഇംഗ്ലീഷിലെന്നല്ല, ലോകത്തിലെ എല്ലാ ഭാഷയിലേയും ചെറുകഥകളോടു മത്സരിക്കത്തക്ക നല്ല ചെറുകഥകള്‍ നമ്മുടെ ഭാഷയില്‍ ഇന്നുണ്ട്‌. നിങ്ങള്‍ എന്തു കൊണ്ട്‌ വായിക്കുന്നില്ല''- (ജന്മദിനം). ആറ്റിക്കുറുക്കി ജീവിതം കുറിച്ചിട്ട ബഷീര്‍ ഓര്‍മ്മയായിട്ട്‌ ഒന്നര ദശാബ്‌ദമായി.

- അജിത കോമത്ത്‌ (കെ.കെ.വി)

2 comments:

Raman said...

Oru kujyee basheeriyan encyclopedia aayittundu

കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ said...

താങ്കളുടെ പ്രശംസ ധാരാളമായി. പക്ഷേ, ബഷീറിലേക്ക്‌ ഇനിയും ദൂരമുണ്ടെന്ന്‌ ഉറച്ചു വിശ്വസിക്കുന്നു. നന്ദി.