Wednesday, March 06, 2013

മഞ്ഞുകാല കഥകള്‍

                                     മഞ്ഞുകാല കഥകള്‍ പ്രകാശനം ചെയ്‌തു
കേരള സാഹിത്യ അക്കാദമി ദേശീയ പുസ്‌തകോത്സവ വേദിയില്‍ ലിപി പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച മൂന്നു പുസ്‌തകങ്ങള്‍ പ്രകാശിതമായി. കുഞ്ഞിക്കണ്ണന്‍ വാണിമേലിന്റെ മഞ്ഞുകാല കഥകള്‍ ഗായത്രിക്കു നല്‍കി വൈശാഖന്‍ പ്രകാശനം ചെയ്‌തു. പ്രകാശന്‍ ചുനങ്ങാടിന്റെ മുക്കുറ്റികള്‍ പൂക്കുന്ന ഗ്രാമം എന്ന നോവല്‍ വൈശാഖന്‍ പ്രൊഫ.. കെ.കെ ഹിരണ്യനു നല്‍കി പ്രകാശനം ചെയ്‌തു. എം ഗോകുല്‍ദാസിന്റെ മഴ പെയ്യുമ്പോള്‍്‌ എന്ന പുസ്‌തകം ഡോ.റോസി തമ്പിക്കു നല്‍കി അശോകന്‍ ചരുവില്‍ പ്രകാശനം ചെയ്‌തു. കുഞ്ഞിക്കണ്ണന്‍ വാണിമേല്‍, പ്രകാശ്‌ ഒറ്റപ്പാലം, എന്‍. ബാലകൃഷ്‌ണന്‍. പ്രകാശന്‍ ചുനങ്ങാട്‌, എം ഗോകുല്‍ദാസ്‌ പ്രസംഗിച്ചു

Thursday, January 24, 2013

മഞ്ഞുകാലകഥകള്‍


എന്റെ പുതിയ പുസ്‌തകം പ്രസിദ്ധീകരിച്ചു. മഞ്ഞുകാലകഥകള്‍-കുഞ്ഞിക്കണ്ണന്‍ വാണിമേല്‍- ലിപി പബ്ലിക്കേഷന്‍സ്‌, കോഴിക്കോട്‌. 175രൂപ 

Tuesday, October 30, 2012

ഇന്ത്യന്‍സിനിമ 100 പിന്നിടുമ്പോള്‍

1895 ഡിസംബര്‍ 28-ന്‌ പാരീസിലെ ഗ്രാന്റ്‌കഫേയില്‍ ലോകസിനിമക്ക്‌ ലൂമിയര്‍ സഹോദരന്മാര്‍ തുടക്കം കുറിച്ചു. ക്യാമറ കണ്ണുകളിലൂടെ ജീവിതത്തിന്റെ വ്യത്യസ്‌ത തലങ്ങള്‍ പ്രേക്ഷകന്‌ മുന്നിലെത്തി. ഏതാണ്ട്‌ ഇതേ കാലയളവില്‍ തന്നെ ഇന്ത്യയിലും സിനിമാപ്രദര്‍ശനം നടന്നു. 1896 ജൂലൈ 7-ന്‌ `ഈ നൂറ്റാണ്ടിന്റെ അല്‍ഭുതം ഇന്നുമുതല്‍ വാട്ട്‌സണ്‍ ഹോട്ടലില്‍' എന്നിങ്ങനെ ഇന്ത്യയിലെ ചലച്ചിത്ര പ്രദര്‍ശനത്തിന്‌ ടൈംസ്‌ ഓഫ്‌ ഇന്ത്യ വിശേഷണം നല്‍കി. ഒരു തീവണ്ടി വരവ്‌, സമുദ്രസ്‌നാനം, ഒരു ആക്രമണം എന്നിവയായിരുന്നു അന്ന്‌ പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍. പിന്നീടുള്ള നാളുകളില്‍ ദൃശ്യ-ശ്രാവ്യ ഭാഷയിലൂടെ ജീവിതത്തെ വെള്ളിത്തിര അപഗ്രഥിച്ചു; വ്യാഖ്യാനിച്ചു വിനിമയം ചെയ്‌തു. ഇന്ത്യന്‍ സിനിമയുടേയും ലോകസിനിമയുടേയും ചരിത്രം സാങ്കേതികാര്‍ത്ഥത്തില്‍ ഒരു നൂറ്റാണ്ടാണ്‌. രാജ്യത്തിന്റേയും സമൂഹത്തിന്റേയും വ്യക്തികളുടേയും സംഘര്‍ഷങ്ങളുടെ ഭാവപകര്‍ച്ചകളിലൂടെയാണ്‌ ചലച്ചിത്രം വികസിച്ചത്‌.
വിദേശചിത്രങ്ങളെ അനുകരിച്ചും മറാത്തി നാടകങ്ങളെ അടിസ്ഥാനമാക്കിയുമാണ്‌ ഇന്ത്യന്‍സിനിമ ആദ്യകാലത്ത്‌ മുന്നോട്ട്‌ നീങ്ങിയത്‌. മറാത്തി നാടകം ക്യാമറയില്‍ പകര്‍ത്തിയാണ്‌ ഇന്ത്യന്‍സിനിമയ്‌ക്ക്‌ തുടക്കം കുറിച്ചത്‌. 1912-ല്‍ പുറത്തിറങ്ങിയ രാമചന്ദ്രഗോപാലിന്റെ `പുണ്‌ഡലിക്‌' എന്ന സിനിമ. എന്നാല്‍ 1913 മെയ്‌3-ന്‌ പ്രദര്‍ശനത്തിനെത്തിയ ദാദാ സാഹിബ്‌ ഫാല്‍ക്കെ ഇന്ത്യയില്‍ പൂര്‍ണമായും ചിത്രീകരിച്ച ചിത്രമാണ്‌ `രാജാഹരിശ്ചന്ദ്ര'. ഈ ചിത്രത്തിന്റെ നിര്‍മ്മിതിയിലൂടെ ഫാല്‍ക്കെ ഇന്ത്യന്‍ചലച്ചിത്ര വ്യവസായത്തിന്റെ സ്ഥാപകനായി.
ജര്‍മ്മന്‍ യാത്രയ്‌ക്കിടെ ഫാല്‍ക്കെ കണ്ട `ദി ലൈഫ്‌ ഓഫ്‌ ക്രൈസ്റ്റ'്‌ എന്ന നിശബ്‌ദ ചിത്രമാണ്‌ രാജാഹരിഹരിശ്ചന്ദ്ര നിര്‍മ്മിക്കാന്‍ പ്രചോദനമായത്‌. രാമായണത്തിലും മഹാഭാരത്തിലും പരാമര്‍ശിക്കപ്പെടുന്ന ഇതിഹാസതുല്യനായ കഥാപാത്രമാണ്‌ ഹരിശ്ചന്ദ്രന്‍, വിശ്വാമിത്ര മഹര്‍ഷിക്ക്‌ കൊടുത്ത വാഗ്‌ദാനം പാലിക്കാന്‍ രാജ്യം ഉപേക്ഷിച്ച ഹരിശ്ചന്ദ്രന്‌ ഈശ്വരന്‍ നഷ്‌ടപ്പെട്ടതെല്ലാം തിരിച്ചു നല്‍കി. അദ്ദേഹത്തെ അനുഗ്രഹിക്കുന്നു. ഈ കഥാസന്ദര്‍ഭമാണ്‌ ഫാല്‍ക്കെ ചിത്രം. ധാര്‍മ്മികതയുടെ വിജയമാണ്‌ രാജാഹരിശ്ചന്ദ്ര ഉദ്‌ഘോഷിച്ചത്‌. ബോംബെയിലെ കോറണേഷന്‍ തിയേറ്ററിലായിരുന്നു സിനിമയുടെ പ്രദര്‍ശനം നടന്നത്‌. സാമൂഹിക അസ്‌പൃശ്യത കാരണം സ്‌ത്രീകള്‍ സിനിമയില്‍ അഭിനയിച്ചിരുന്നില്ല. അതിനാല്‍ പുരുഷന്മാരാണ്‌ സ്‌ത്രീവേഷം ചെയ്‌തത്‌. ഫാല്‍ക്കെയായിരുന്നു ഇന്തയിലെ ആദ്യത്തെ ഫിലിം സ്റ്റുഡിയോയുടെ സ്ഥാപകനും. അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള `രാജാഹരിശ്ചന്ദ്ര'യുടെ തിരക്കഥയും നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിച്ചത്‌ ഫാല്‍ക്കെയാണ്‌. രാജാഹരിശ്ചന്ദ്ര എന്ന നിശബ്‌ദചിത്രത്തെ പിന്‍പറ്റിയാണ്‌ പതിനെട്ടുവര്‍ഷം ഇന്ത്യന്‍സിനിമ സഞ്ചരിച്ചത്‌.
1931-ല്‍ അര്‍ദേഷീര്‍ ഇറാനി നിര്‍മ്മിച്ച `ആലം ആര'യില്‍ ഇന്ത്യന്‍സിനിമ ശബ്‌ദിക്കാനാരംഭിച്ചു.1935-ല്‍ `ദേവദാസ്‌' പ്രദര്‍ശനത്തിനെത്തി. കെ.എസ്‌.സൈഗള്‍ അഭിനയിച്ച ഈ സിനിമ വന്‍ജനപ്രീതി നേടി. ശബ്‌ദചിത്രകാലഘട്ടത്തിലെ ജനപ്രീതി നേടിയ ആദ്യനടന്‍ സൈഗളാണ്‌. സംഗീതാലാപന ശൈലിയാണ്‌ ഈ നടനെ പ്രശസ്‌തനാക്കിയത്‌. 1937-ല്‍ ഇറാനി തന്നെ നിര്‍മ്മിച്ച `കിസാന്‍ കന്യ'യാണ്‌ ഇന്തയിലെ ആദ്യത്തെ വര്‍ണ്ണ സിനിമ. 1967-ല്‍ രാജ്‌കപൂര്‍ നിര്‍മ്മിച്ച `എറൗണ്ട്‌ ദ വേള്‍ഡ്‌' എന്ന ചിത്രമാണ്‌ ഇന്ത്യയിലെ ആദ്യത്തെ 70 എം എം സിനിമ. കാകസ്‌ കാഫൂല്‍ (നിര്‍മ്മാണം ഗുരുദത്ത്‌) ആണ്‌ ആദ്യത്തെ സിനിമാസ്‌കോപ്പ്‌ ചിത്രം. സാങ്കേതികമായ വികാസത്തോടൊപ്പം ഇന്ത്യന്‍സിനിമ കലാപരമായും വളര്‍ന്നുകൊണ്ടിരിക്കുന്നു. ബോംബെ ടാക്കിസീന്റെ പരമ്പരാഗത വാണിജ്യമൂല്യ ചിത്രങ്ങളോടൊത്ത്‌ വിവിധ ഇന്ത്യന്‍ ഭാഷകളില്‍ പരീക്ഷണ ചിത്രങ്ങള്‍ പുറത്തിറങ്ങി. കലാപരവും ജീവിതയാഥാര്‍ത്ഥ്യവും ഉള്‍ക്കൊള്ളുന്ന തിരഭാഷ സജീവമായി.
1936-ല്‍ ഹിമാംശു റായുടെ `അചള കന്യ' എന്ന സിനിമ ജാതിവ്യവസ്ഥയെ ചോദ്യം ചെയ്‌തു. ദുനിയാമാനയ്‌, പഡോസി തുടങ്ങിയ ചിത്രങ്ങളും സാമൂഹികമായ ഇടപെടലുകള്‍ നടത്തി. കെ.എ. അബ്ബാസ്‌ നിര്‍മ്മിച്ച നയാസന്‍സര്‍ (1941) നിരൂപക പ്രശംസ പിടിച്ചുപറ്റിയിരുന്നു. ബാംഗാള്‍ ക്ഷാമത്തെ ചിത്രീകരിക്കുകയായിരുന്നു `ധര്‍ത്തികെ ലാല്‍' എന്ന സിനിമ. വിമല്‍റോയിയുടെ ദോ ബിഘാ സമീന്‍ (1953) കാന്‍ മേളയില്‍ അംഗീകാരം നേടി. ഇന്ത്യ കഥാചിത്രങ്ങളുടെ നിരയില്‍ നാഴിക്കല്ലാണ്‌ വിമല്‍റോയിയുടെ ഈ സിനിമ. കര്‍ഷകജീവിതത്തിന്റെ ശക്തമായ ആവിഷ്‌കാരമാണ്‌ ചിത്രം. വെനീസ്‌ ചലച്ചിത്ര മേളയില്‍ കലാമൂല്യ സിനിമയായി പരിഗണിച്ചത്‌ ഇന്ത്യയുടെ `സന്ത്‌തുക്കാറാം' എന്ന മറാത്തി സിനിമയായിരുന്നു.
ഹിന്ദി, ബംഗാളി എന്നീ ഭാഷകളെപോലെ ദക്ഷിണേന്ത്യന്‍ ഭാഷകളിലും സിനിമാനിര്‍മ്മാണം വളര്‍ച്ച നേടിക്കൊണ്ടിരുന്നു. മലയാളത്തില്‍ മാര്‍ത്താണ്‌ഡവര്‍മ്മ, വിഗതകുമാരന്‍ തുടങ്ങിയ നിശബ്‌ദചിത്രത്തിനുശേഷം 1938-ല്‍ എസ്‌ സുന്ദര്‍രാജ്‌ നിര്‍മ്മിച്ച `ബാലന്‍' ശബ്‌ദിക്കാന്‍ തുടങ്ങി. ബാലനായി കെ.കെ.അരൂര്‍ അഭിനയിച്ചു. പ്രഹാളാദനും ജ്ഞാനാംബികയും പ്രദര്‍ശനത്തിനെത്തി. നിര്‍മ്മല, വെള്ളിനക്ഷത്രം എന്നിവ പുറത്തിറങ്ങി. ജീവിതനൗക (1951) പ്രദര്‍ശനവിജയം നേടി. കണ്ടംവെച്ചകോട്ട്‌(1961) വര്‍ണ്ണത്തിലേക്കും പ്രവേശിച്ചു. മൈഡിയര്‍ കുട്ടിച്ചാത്തന്‍ ത്രീഡിയും പടയോട്ടം സിനിമാസ്‌കോപ്പും ആയി.
ടി.കെ.പരീക്കുട്ടി നിര്‍മ്മിച്ച്‌, പി.ഭാസ്‌കരനും രാമുകാര്യാട്ടും ചേര്‍ന്ന്‌ സംവിധാനം ചെയ്‌ത നീലക്കുയില്‍ (1954) വളരെക്കാലം മലയാളസിനിമയുടെ കഥാചിത്രഘടന നിര്‍ണയിച്ചു. പി.രാമദാസിന്റെ നേതൃത്വത്തില്‍ പരീക്ഷണചിത്രങ്ങള്‍ക്ക്‌ തുടക്കമിട്ടു. മലയാളത്തില്‍ നവസിനിമയുടെ ആരംഭമായി ന്യൂസ്‌പേപ്പര്‍ബോയ്‌ പ്രദര്‍ശനത്തിനെത്തി. സാമൂഹ്യവിഷയങ്ങള്‍ പശ്ചാത്തലമാകുന്ന ചിത്രങ്ങളാണ്‌ മലയാളത്തില്‍ ഏറെക്കാലം പുറത്തിറങ്ങിയത്‌. നിരവധി നോവലുകളും കഥകളും തിരക്കഥയായിമാറി. ഓളവും തീരവും മുറപ്പണ്ണും ചെമ്മീനും മുടിയനായ പുത്രനും തിയേറ്ററിലെത്തി.
എഴുപതുകള്‍ മലയാളത്തില്‍ കലാമൂല്യചിത്രങ്ങളുടെ പരീക്ഷണത്തിന്‌ കരുത്ത്‌ പകര്‍ന്നു. അടൂരിന്റെ സ്വയംവരം, എം.ടിയുടെ നിര്‍മ്മാല്യം, ബക്കറിന്റെ കബനിനദി ചുവന്നപ്പോള്‍, അരവിന്ദന്റെ ഉത്തരായണം, കെ.ജി.ജോര്‍ജിന്റെ സ്വപ്‌നാടനം, കെ.പി.കുമാരന്റെ അതിഥി, കെ.ആര്‍.മോഹന്റെ അശ്വത്ഥാമാവ്‌, പത്മരാജന്റെ ഒരിടത്തൊരു ഫയല്‍മാന്‍, ജി.എസ്‌.പണിക്കരുടെ ഏകാകിനി, ഷാജി എന്‍ കരുണിന്റെ പിറവി എന്നിങ്ങനെ തെന്നിന്ത്യയില്‍ മലയാളം വേറിട്ടൊരു വഴിയിലൂടെ ഇന്ത്യന്‍ തിരശീലയില്‍ പ്രശസ്‌തി നേടി. കന്നഡയില്‍ `മദര്‍ഇന്ത്യ' കര്‍ഷകരുടെ പ്രശ്‌നം വെള്ളിത്തിരയില്‍ വരച്ചുചേര്‍ത്തു. നര്‍ഗീസിന്‌ ഏറ്റവും മികച്ച നടിക്കുള്ള അംഗീകാരം കാന്‍മേളയില്‍ ലഭിച്ചത്‌ `മദര്‍ഇന്ത്യ'യിലെ അഭിനയത്തിനാണ്‌. ഈ ചിത്രം ഓസ്‌കാര്‍ നോമിനേഷനും അര്‍ഹമായി. തമിഴില്‍ അന്തനാള്‍, ഹിന്ദിയില്‍ കാന്തൂന്‍ എന്നിവ ഗാനങ്ങള്‍ ഒഴിവാക്കി.
സത്യജിത്‌റേയുടെ പഥര്‍പഞ്ചാലി എന്ന സിനിമ ലോകവേദിയില്‍ ഇന്ത്യന്‍ ചലച്ചിത്രസംസ്‌കാരത്തിന്‍ പുതിയ ഭാഷയും ഭാവവും പകര്‍ന്നു. കലാപരമായ സമീപനം ഉള്‍പ്പെടുന്ന സിനിമകളുടെ നിരയില്‍ റേയുടെ അപുത്രയം, ജല്‍സര്‍, ചാരുലത, ഋച്വിക്‌ ഘട്ടകിന്റെ സുവര്‍ണ്ണരേഖ, അജാന്ത്രിക്‌, നാഗരിക്‌, മൃണാസെന്നിന്റെ ഇന്റര്‍വ്യൂ, കല്‍ക്കട്ട 71, ശ്യാം ബെനഗലിന്റെ അങ്കുര്‍, കുമാര്‍ സാഹ്നിയുടെ മായാദര്‍പ്പണ്‍, മണികൗളിന്റെ ഉസ്‌കിറോട്ടി, സത്യുവിന്റെ ഗരംഹവ, അവ്‌ദാര്‍കൗളിന്റ 27ഡൗണ്‍, കന്നഡയില്‍ ഗിരീഷ്‌ കര്‍ന്നാടിന്റെ കാട്‌, വി.ബി.കാരന്തിന്റെ ചോമനധുഡി, തമിഴില്‍ ജയകാന്തന്റെ ഉന്നെപോല്‍ ഒരുവന്‍, കെ.ബാലചന്ദ്രറിന്റെ തണ്ണീര്‍തണ്ണീര്‍, മലയാളത്തില്‍ ജോണ്‍ എബ്രാമിന്റെ സിനിമകള്‍, പുതിയ കാലത്ത്‌ അപര്‍ണാസെന്നിന്റെ മിസ്റ്റര്‍ ആന്റ്‌ മിസ്സിസ്‌, ചൗരംഗിലെയിന്‍, ദീപാമേത്തയുടെ വാട്ടര്‍, കേതന്‍മേത്തയുടെ ഭവാനി ഭവായ്‌, മിര്‍ച്ചമസാല, ഉല്‍പലേന്ദു ചക്രവര്‍ത്തിയുടെ ചോക്ക്‌, ഗോവിന്ദ്‌ നിഹലാനിയുടെ ആക്രോശ്‌, മോഹന്‍ പത്രയുടെ മായാമൃഗ്‌ തുടങ്ങി ജീവിതത്തിന്റെ അകംപുറം കാഴ്‌ചകളുടെ കനലുകള്‍ക്കൊണ്ട്‌ തിരഭാഷയുടെ അവബോധം സൃഷ്‌ടിച്ചു. ഇത്തരം ചിത്രങ്ങള്‍ ഇന്ത്യന്‍ സിനിമയുടെ കരുത്തും സൗന്ദര്യശാസ്‌ത്രവും അടയാളപ്പെടുത്തുന്നു.
പ്രദര്‍ശനവിജയത്തിലും ചേരുവകളിലും ഇടപെടുകയും പുതുമ സ്വീകരിക്കുകയും ചെയ്യുന്ന ചലച്ചിത്ര സംസ്‌കാരമാണ്‌ ഇന്ത്യയിലുള്ളത്‌. അത്‌ ലോകസിനിമയോടൊത്ത്‌ നില്‍ക്കുകയും ചെയ്യുന്നു. നവീനമായ ആഖ്യാനത്തിനും പ്രേക്ഷണശീലത്തിനും വിസ്‌മയം തീര്‍ക്കാന്‍ സാധിക്കുന്നു എന്നതാണ്‌ ഇന്ത്യന്‍സിനിമയുടെ നൂറുവര്‍ഷത്തിന്റെ സാക്ഷ്യപത്രം.

Thursday, August 16, 2012

എന്റെ പുതിയ പുസ്തകം:


മഞ്ഞുകാലകഥകള്‍-ലിപി പബ്ലിക്കേഷന്‍സ്, കോഴിക്കോട്‌ 

Tuesday, July 31, 2012

സംഗീതമേ ജീവിതം


സംഗീതമേ ജീവിതം
എഡിറ്റര്‍: കുഞ്ഞിക്കണ്ണന്‍ വാണിമേല്‍
ലിപി പബ്ലിക്കേഷന്‍സ്, കോഴിക്കോട്
വില-225രൂപ
ഗായകന്‍ യേശുദാസിനെപ്പറ്റിയുള്ള സമഗ്ര പഠന കൃതി. എഴുത്തുകാര്‍, രാഷ്ട്രീയരംഗത്തെ പ്രഗല്‍ഭര്‍, നടന്മാര്‍, സംവിധായകര്‍, സംഗീതജ്ഞര്‍, ഗായകര്‍, ഗാനരചയിതാക്കള്‍ എന്നിങ്ങനെ വിവിധ മേഖലയിലെ 76 പേരുടെ ലേഖനങ്ങള്‍. അഴീക്കോട്, എം.എന്‍.വിജയന്‍, പെരുമ്പടവം ശ്രീധരന്‍, വി.ആര്‍.സുധീഷ്, വി.ടി.മുരളി, സുനില്‍ പി ഇളയിടം, കെ.എം.നരേന്ദ്രന്‍, ഡോ.ഓമനക്കുട്ടി, ലീല ഓംചേരി, ഡോ.സുലോചന, ചെമ്പൈ ശ്രീനിവാസന്‍, ഒ.എന്‍.വി, കെ.ജയകുമാര്‍, ബിച്ചുതിരുമല, കൈതപ്രം, പ്രിയ എ.എസ്, നടന്‍ മധു, മമ്മൂട്ടി, മോഹന്‍ലാല്‍, മുരളി, ജയറാം, കവിയൂര്‍പൊന്നമ്മ, എം.എ.ബേബി, ഡോ.എം.കെ.മുനീര്‍, പന്തളം സുധാകരന്‍, ദക്ഷിണാമൂര്‍ത്തി, ദേവരാജന്‍, രവീന്ദ്രന്‍, ഇളയരാജ, രവീന്ദ്ര ജെയ്ന്‍,എസ്.പി.ബാലസുബ്രഹ്മണ്യം, ജയചന്ദ്രന്‍, ജാനകി, ചിത്ര തുടങ്ങിയവര്‍ എഴുതുന്നു. നിരീക്ഷണം, അനുഭവം, അഭിമുഖം, ജീവിതരേഖ എന്നിങ്ങനെ നാലുഭാഗങ്ങള്‍. ഫോട്ടോകളും സഗീറിന്റെ വരകളും ചേര്‍ത്തിട്ടുണ്ട്. അവതാരിക യൂസഫലി കേച്ചേരി. സംഗീതപ്രിയര്‍ക്ക് റഫറന്‍സ് ഗ്രന്ഥം.
-ചന്ദ്രിക വാരാന്തപ്പതിപ്പ് 29/7

Saturday, July 21, 2012

അവാര്‍ഡ് 2011 ചാഞ്ഞിരുന്ന് സിനിമ കാണുമ്പോള്‍


നവസിനിമ, സമാന്തരസിനിമ, കമ്പോളസിനിമ എന്നീ സവിശേഷ പ്രയോഗവിധികള്‍ കൂട്ടിയിണക്കാന്‍ പറ്റുമോ? ചെയര്‍മാന്‍ ഭാഗ്യരാജും ജൂറിയംഗങ്ങളും നിര്‍വഹിച്ച കൃത്യവും മറ്റൊന്നല്ല. രഞ്ജിത്തിന് നല്ല ചിത്രം, ബ്ലെസിക്ക് നല്ല സംവിധാനം, ദിലീപിന് നടനവൈഭവം, ജഗതിക്ക് മികച്ച ഹാസ്യം, നവാഗതന്‍ ഷെറി, തിരക്കഥ സഞ്ജ്‌ബോബി. അവാര്‍ഡാനന്തര വിവാദ ചര്‍ച്ചകള്‍ക്ക് ഉത്തരം. പക്ഷേ, ഈ തീരുമാനത്തില്‍ ജൂറിയുടെ കണ്ണുകളില്‍ പതിയാതെപോയ ഒരു ചിത്രമുണ്ടായിരുന്നു മേല്‍വിലാസം. അവാര്‍ഡ് പട്ടികയില്‍ ഒരിടത്തും മേല്‍വിലാസമില്ലാതെപോയി. സാള്‍ട്ട് ആന്റ് പെപ്പറിലെ ബാബുരാജിന്റെ അഭിനയവും ഇന്ത്യന്‍ റുപ്പിയില്‍ തിലകന്‍ ചെയ്ത വേഷവും വഴിമാറുന്ന സിനിമാകാഴ്ചയില്‍ ഇടം പിടിച്ചില്ല.
പാശ്ചാത്യനാടുകളിലെ വ്യവസായ സമൂഹത്തിന്റെ ആവിഷ്‌കാരരീതികളെയും ആസ്വാദനശീലങ്ങളെയും തൃപ്തിപ്പെടുത്താന്‍ മലയാളസിനിമയ്ക്ക് കഴിഞ്ഞെന്നുവരില്ല. എന്നാല്‍, വ്യവസായ പുരോഗതിയില്‍ അത്രയൊന്നും മലിനപ്പെടാത്ത മലയാളസിനിമ ഒരു കാര്‍ഷിക ഫ്യൂഡല്‍ വ്യവസ്ഥയെ പിന്‍പറ്റുന്ന സമൂഹത്തിലേക്ക് എങ്ങനെ പ്രവേശിക്കുന്നു എന്നത് പരിശോധിക്കേണ്ടതാണ്. ചാപ്പാകു രിശും അകവും ഉന്നയിക്കുന്ന പ്രശ്‌നവുമാണിത്.
ഓരോ പ്രദേശത്തിനും തനതായ സംസ്‌കാരവും ഭാഷയും ആവിഷ്‌കാരരീതികളുമുണ്ട്. ഒരേ സമയം ഏകവും വിഭിന്നവുമായി നിലകൊള്ളുന്ന ഒരു ജനതയ്ക്കു വേണ്ടി നിര്‍മിക്കുന്ന സിനിമയുടെ രൂപം എന്തായിരിക്കണം എന്നതാണ് മലയാള ചലച്ചിത്ര പുര്‌സകാര നിര്‍ണയത്തില്‍ മുഖ്യമായും മാനദണ്ഡമാകേണ്ടത്. വെള്ളരിപ്രാവിന്റെ ചങ്ങാതിയില്‍ നടനെ കണ്ടെത്തിയപ്പോള്‍ ജൂറി, പ്രണയത്തില്‍ അനുപംഖറിന്റെ പരിമിതിയില്‍ നോട്ടം അവസാനിപ്പിച്ചു. പഴയകാല തമിഴ് ചേരുവയില്‍ തളംകെട്ടിനില്‍ക്കുന്ന ഭാര്യരാജിന് സന്തോഷിക്കാന്‍ ഇതില്‍പരം മറ്റെന്തുവേണം!
മലയാളസിനിമയെ സംബന്ധിച്ച് പ്രധാനപ്പെട്ട വര്‍ഷമായിരുന്നു 2011. തമിഴ്‌സിനിമയുടെ വിരസങ്ങളായ ചട്ടക്കൂടുകള്‍ക്കു മുന്നില്‍ തലകുനിച്ചു കൊണ്ടിരുന്ന മലയാളസിനിമയെ മലയാള‘ഭാഷയുടേയും സംസ്‌കൃതിയുടേയും തനിമയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ച കുറെ യുവ ചലച്ചിത്ര പ്രവര്‍ത്തകരുടെ സജീവമായ സാന്നിദ്ധ്യമാണ് കഴിഞ്ഞ വര്‍ഷത്തിന്റെ ഈടുവെയ്പ്പ്.
ജൂറിയുടെ മുന്നിലെത്തിയ 41 ചിത്രങ്ങളില്‍ മേല്‍വിലാസം, ബ്യൂട്ടിഫുള്‍, ഇന്ത്യന്‍ റുപ്പി, സാള്‍ട്ട് ആന്റ് പെപ്പര്‍, ട്രാഫിക്, ചാപ്പാകുരിശ്, ആകാശത്തിന്റെ നിറം, ഇവന്‍ മേഘരൂപന്‍ (റിലീസ് ചെയ്തിട്ടില്ല) പ്രണയം, അകം, ആദിമധ്യാന്തം തുടങ്ങിയവ പുതിയ ചില ആലോചനകള്‍ക്കും തുടക്കമിട്ടു. മലയാളി പുതുമ കൊതിക്കുന്നു. പക്ഷേ, നവീനതയിലേക്ക് പ്രവേശിക്കുമ്പോള്‍ എന്തൊക്കെ തയാറെടുപ്പുകള്‍ വേണം? സിനിമയുടെ കഥയിലും ആവിഷ്‌കാരത്തിലും മാത്രമല്ല, നാം കാണാന്‍കൊതിക്കുന്ന സിനിമയെപ്പറ്റിയുള്ള ചില നന്മകളൊക്കെയാണ് ഈ ചിത്രങ്ങളില്‍ പ്രതിപാദിക്കപ്പെട്ടത്.
ഓരോ കലാരൂപവും കാലഘട്ടത്തിന്റെ സവിശേഷ നിര്‍മ്മിതി കൂടിയാണ.് കാലത്തിന്റേയും സാമൂഹികാന്തരീക്ഷത്തിന്റേയും സൂക്ഷ്മ സ്പന്ദനങ്ങള്‍ ഉള്‍ക്കൊള്ളുമ്പോഴാണ് കലാരൂപംപൂര്‍ണ്ണതയിലെത്തുന്നത.്ചലച്ചിത്രങ്ങളും മാറിനില്‍ക്കുന്നില്ല. സിനിമ പ്രജ്ഞയുടെയും അന്വേഷണത്തിന്റെയും മാറ്റുരയ്ക്കലാണെന്ന് തിരിച്ചറിയുന്നവര്‍, കാലത്തിന് നേരെ പിടിക്കുന്ന കണ്ണാടിയായി സിനിമയെ മാറ്റീത്തീര്‍ക്കുന്നു. മേല്‍വിലാസം പോലുള്ള ചിത്രങ്ങള്‍ ഇങ്ങനെയുള്ള പരീക്ഷണമാണ് തിരശീലയില്‍ നടത്തിയത്.
ഓര്‍മ്മിക്കുന്നതിലൂടെയാണ് ഒരു സമൂഹം സ്വത്വത്തെ അറിയുന്നത്. ഓര്‍മ്മ ബുദ്ധിയില്‍ തങ്ങിനില്‍ക്കുന്ന കാലം മാത്രമല്ല, ഓര്‍മ്മയുടെ വൈയക്തികവും സഞ്ചിതവുമായ ഘടകങ്ങളിലൂടെയാണ് നാം ഇന്ദ്രിയാനുഭവങ്ങളുടെ നൈമിഷികതയെ അതിജീവിക്കുക. ഓര്‍മ്മയെ സംബന്ധിച്ച രണ്ടു കാലങ്ങളെ കൂട്ടിയിണക്കുന്ന ചിത്രമാണ് പ്രണയവും വെള്ളരിപ്രാവിന്റെ ചങ്ങാതിയും. ഈ യാഥാര്‍ത്ഥ്യം മനസ്സിലിരുത്തി സര്‍ഗാത്മകമായ പ്രതിബോധം സൃഷ്ടിക്കുകയെന്നതാണ് ചലച്ചിത്രത്തിന്റെ ദൗത്യം. പക്ഷേ, നടനെ കണ്ടപ്പോള്‍ സിനിമയുടെ സമഗ്രത കാണാതെപോകുന്നു. പുതിയ കാലത്തിന്റെ കാഴ്ചകളോട് പൊരുത്തപ്പെടാന്‍ ശ്രമിക്കുന്നതിലെ പിഴവുകളും മുന്നേറ്റവും പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങളാണ് ഇത്തവണ അവാര്‍ഡിന് പരിഗണിക്കപ്പെട്ടത്. ഒട്ടുമിക്ക സിനിമകളിലും രാഷ്ട്രീയവും സാമൂഹികവും മാനങ്ങളുമുണ്ട്. പക്ഷേ അവയുചടെ കരുത്തും കലാത്മകതയും തിരിച്ചറിയുന്നതില്‍ ജൂറിക്ക് സാധിച്ചില്ല.
പതിവുപോലെ പുരസ്‌കാരം പ്രതീക്ഷിച്ചവരും ലഭിക്കാത്തവരും വാദപ്രതിവാദത്തിന് കച്ചകെട്ടുന്നു. പക്ഷേ, എന്തുകൊണ്ടോ മുന്‍കാലങ്ങളില്‍ നടന്ന രീതിയിലുള്ള പൊട്ടിത്തെറികളൊന്നുമുണ്ടായില്ല. മലയാളികള്‍ സാംസ്‌കാരികതലത്തില്‍ ഉയര്‍ന്നതുകൊണ്ടോ, അവാര്‍ഡ് വിമര്‍ശനങ്ങള്‍ക്ക് മാധ്യമങ്ങള്‍ അമിത പ്രാധാന്യം നല്‍കാത്തതോ, പ്രതികരിച്ചവര്‍ ചലച്ചിത്രരംഗത്തെ പ്രഗത്ഭമതികളല്ലാത്തതുകൊണ്ടോ ആകാം വിഴുപ്പലക്കലിന് വലിയ കോപ്പ് ലഭിക്കുന്നില്ല. ആദിമധ്യാന്തത്തെ തലോടി ഷെറിയുടെ പരിഭവം തീര്‍ത്തത് ആശ്വാസം. ഒരു ചിത്രത്തിന്റെ മേന്മ സംവിധായകന്‍ സ്വയം നിര്‍ണയിക്കപ്പെടുമ്പോഴല്ല യാഥാര്‍ത്ഥ്യമാകുന്നത്. അത് പ്രേക്ഷകരില്‍ സൃഷ്ടിക്കുന്ന കാഴ്ചാനുഭവമാണ.് ആദിമധ്യാന്തത്തില്‍ ഈയൊരംശം കണ്ടില്ലെങ്കില്‍ അല്‍ഭുതപ്പെടാനില്ല.
കഴിഞ്ഞ വര്‍ഷത്തെ മികച്ച ചിത്രം അവാര്‍ഡ് നേടിയത് രജ്ഞിത്താണ്. തന്റെ ചലച്ചിത്ര സംബന്ധിയായ നിലപാടുകള്‍ പാലേരിമാണിക്യം, കയ്യൊപ്പ്, പ്രാഞ്ചിയേട്ടന്‍ തുടങ്ങിയ സിനിമകളിലൂടെ ഇതിനകം രജ്ഞിത്ത് വ്യക്തമാക്കിയിട്ടുണ്ട്. കാലികപ്രാധാന്യമുള്ള പ്രമേയമാണ് ഇന്ത്യന്‍ റുപ്പിയില്‍ അടയാളപ്പെടുത്തിയത്. മികച്ച നടന്റെ കാര്യത്തില്‍ മോഹന്‍ലാലും അനുപംഖറും ദിലീപും മത്സരിച്ചു. പ്രണയത്തിലെ വേഷത്തില്‍ മോഹന്‍ലാല്‍ പ്രകടിപ്പിച്ച അഭിനയപാടവത്തില്‍, വെള്ളരിയുടെ മിമിക്രിച്ചന്തം കണ്ടവരുടെ കാഴ്ച പരിമിതപ്പെട്ടത് സ്വാഭാവികം. മികച്ച നടിയുടെ സ്ഥാനത്തേക്ക് ശ്വേതയെ പിന്തള്ളാന്‍ പാകപ്പെട്ട മറ്റൊരു കഥാപാത്രാവിഷ്‌കാരം കഴിഞ്ഞ വര്‍ഷം മലയാളത്തിലുണ്ടായില്ല. രണ്ടാമത്തെ നടനും നടിയും വലിയ അഭിപ്രായ വ്യത്യാസത്തിന് ഇടം നല്‍കിയില്ല. ഗാനാലാപനം, സംഗീതം, മേയ്ക്കപ്പ്ഗാനരചന, ഛായാഗ്രഹണം എന്നിങ്ങനെ ഇതര പുരസ്‌കാരങ്ങള്‍ എതിരെഴുത്തിന് വിധേയമായില്ല. ശ്രീകുമാരന്‍ തമ്പിയും ആലാപനത്തില്‍ യേശുദാസ് തരംഗത്തിന് വഴിമാറ്റം നല്‍കി സുദീപിനെ ശ്രദ്ധിച്ചു. ശ്രീകുമാരന്‍ തമ്പിയുടെ മികച്ച ഗാനരചനാ കാലഘട്ടം മലയാളത്തിലെ അവാര്‍ഡ് പലപ്പോഴും മറന്നിട്ടുണ്ട്.മികച്ച ചലച്ചിത്രഗ്രന്ഥ നിര്‍ണ്ണയത്തിലും പാനലിന് പ്രയാസപ്പെടേണ്ടി വന്നില്ല. ജി.പി.രാമചന്ദ്രനും സി.എസ്.വെങ്കിടേഷും ലേഖനത്തിന് നീലനും അവാര്‍ഡ് നേടി. ലോകസിനിമയുമായി മലയാളിയെ അടുപ്പിച്ചുനിര്‍ത്തുന്നതിലും ചലച്ചിത്ര സമീപനത്തില്‍ അവലംബിക്കാവുന്ന പുതിയ വഴികളും ചര്‍ച്ചക്ക് വിധേയമാക്കുകയായിരുന്നു ജി.പി.രാമചന്ദ്രന്‍. നാടകത്തിലും സിനിമയിലും വ്യത്യസ്ത വേഷങ്ങള്‍ നിരവധി ചെയ്ത നിലമ്പൂര്‍ ആയിഷ ഊമക്കയില്‍ പാടുന്നു എന്ന ചിത്രത്തിലൂടെയും കലാമൂല്യത്തില്‍ ആഷിക് അബുവിന്റെ സാള്‍ട്ട് ആന്റ് പെപ്പറിനും അംഗീകാരം ലഭിച്ചത് നിര്‍ദേശങ്ങള്‍ക്കും പ്രീണനത്തിനുമപ്പുറം സിനിമാസ്വാദകരുടെ പ്രശംസ നേടാതിരിക്കില്ല. വിമര്‍ശനങ്ങള്‍ വരാനിരിക്കുന്ന പ്രതലങ്ങള്‍ മുന്‍കൂട്ടിക്കാണുകയും പരാമവധി പ്രതിരോധവും പ്രതിഷേധവും ഒഴിവാക്കിക്കൊണ്ടുമുള്ള പുരസ്‌കാര വിളംബരം മലയാളസിനിമയുടെ ആരോഗ്യദശയാണോ എന്ന ചോദ്യം അവശേഷിക്കുന്നു.

Tuesday, April 24, 2012

എന്റെ പുതിയ പുസ്തകങ്ങള്‍

എന്റെ പുതിയ പുസ്തകങ്ങള്‍ 

1-സംഗീതമേ ജീവിതം- ലിപി, കോഴിക്കോട്. വില-225 രൂപ.
2-സ്ത്രീരോഗം: പ്രശ്‌നങ്ങളും പ്രതിവിധിയും-ഒലിവ്, കോഴിക്കോട്, 70രൂപ
3-ആയുര്‍വേദം:ചികിത്സയും അനുഭവങ്ങളും-ഒലിവ്, കോഴിക്കോട്,75രൂപ
4-മരുന്നും ചികിത്സയും-ഒലിവ്, കോഴിക്കോട്‌ 

Monday, March 26, 2012

ഭാവപ്പകര്‍ച്ചയുടെ പാഠപുസ്തകം

ഗായകനായി തുടങ്ങി മലയാളസിനിമയില്‍ വില്ലന്‍ വേഷത്തില്‍ പ്രേക്ഷകമനസ്സില്‍ ഇടംനേടിയ നടനാണ് ജോസ് പ്രകാശ്. എ.എം.രാജയും കെ.ജെ.യേശുദാസും ശബ്ദസൗഭാഗ്യം കൊണ്ട് ശ്രദ്ധപതിപ്പിച്ചു കൊണ്ടിരുന്ന കാലഘട്ടത്തിലാണ് ജോസ്പ്രകാശിന്റെ ഗാനങ്ങള്‍ ആസ്വാദകരെ ആകര്‍ഷിച്ചത്.മനസ്സാക്ഷി എന്ന ചിത്രത്തിനുവേണ്ടി ജോസ്പ്രകാശ് ആലപിച്ച നീലിപ്പെണ്ണേ എന്ന ഗാനം അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടു. അറുപതോളം ഗാനങ്ങള്‍ ജോസ്പ്രകാശ് ആലപിച്ചിട്ടുണ്ട്. കണ്ണൂനീര്‍ ചൊരിയാതെ..., വാര്‍മഴിവില്ലിന്റെ... തുടങ്ങിയവ ഇദ്ദേഹത്തിന്റെ ഹിറ്റ്ഗാനങ്ങളില്‍ ഉള്‍പ്പെടുന്നു. വി.ദക്ഷിണാമൂര്‍ത്തിയുടെ സംഗീതസംവിധാനത്തില്‍ ജോസ്പ്രകാശ് ആലപിച്ച പാട്ടുകള്‍ മലയാളത്തിന്റെ മധുവും മധുരവുമായി അക്കാലത്ത് ആസ്വാകര്‍ നെഞ്ചേറ്റി. സംഗീതത്തില്‍ പാരമ്പര്യമോ,വേണ്ടത്ര ശിക്ഷണമോ ഒന്നും അവകാശപ്പെടാനില്ലാത്ത ജോസ്പ്രകാശ് സൈനികരംഗത്തു നിന്നാണ് ആലാപനത്തിലേക്ക് തിരിഞ്ഞത്.ഗായകനായി നില്‍ക്കുമ്പോള്‍ തന്നെ സിനിമാഭിനയത്തിലേക്കും പ്രവേശിച്ചു.'ഭക്തകുചേല'യില്‍ പാടി അഭിനയിച്ച് സിനിമയില്‍ തുടക്കമിട്ടെങ്കിലും അദ്ദേഹത്തിന്റെ നടനവൈഭവം തിരിച്ചറിയുന്നത് പി.എന്‍.മേനോന്‍ സംവിധാനം ചെയ്ത 'ഓളവും തീരവും' എന്ന സിനിമയിലെ കുഞ്ഞാലി എന്ന കഥാപാത്രമാണ്. ജോസ്പ്രകാശിന് മേല്‍വിലാസം നല്‍കി. സത്യനും നസീറിനും പിന്നണി പാടിയ ജോസ്പ്രകാശ് പിന്നീട് അവരുടെ സിനിമകളില്‍ കിടിലന്‍ വില്ലന്‍ വേഷത്തിലൂടെ മുന്നേറി. തൊണ്ണൂറുകള്‍ വരെ ജോസ്പ്രകാശ് വില്ലന്‍ വേഷങ്ങള്‍ കൈവിട്ടിരുന്നില്ല.
സൗമ്യശീലനായ ജോസ്പ്രകാശിന്റെ വില്ലന്‍ വേഷങ്ങള്‍ ക്രൗര്യത്തിന്റെ അടയാളമായിത്തീര്‍ന്നു. ചുണ്ടില്‍ എരിയുന്ന സിഗരറ്റും, പുകയുന്ന പൈപ്പും,വളഞ്ഞ പിടിയുള്ള വാക്കിംഗ് സ്റ്റിക്കും വെളുത്ത കോട്ടും ഊറിച്ചിരിയുമില്ലാത്ത ഒരു വില്ലനെ സങ്കല്‍പിക്കാന്‍ മലയാളികള്‍ക്ക് സാധിക്കാത്ത വിധം ജോസ്പ്രകാശ് വെള്ളിത്തിര കീഴടക്കി .ലാളിത്യത്തിന്റേയും ഉദാരതയുടേയും ത്യാഗത്തിന്റേയും ഔന്നത്യമാര്‍ന്ന സ്‌നാപക യോഹന്നാനും, ഭീഷ്മരും ഒക്കെയായിരുന്ന ജോസ്പ്രകാശിന് 'ലൗ ഇന്‍ കേരളയി'ലെ സില്‍വര്‍ഹെഡ് എന്ന കഥാപാത്രം അധോലോകനായക പരിവേഷം നല്‍കി. ശരിയും തെറ്റും, വിശപ്പിന്റെ വിളി,ബാബുമോന്‍, അച്ഛന്റെ ഭാര്യ, സി.ഐ.ഡി.നസീര്‍, ജീസ്സസ്, തൃഷ്ണ, ശരവര്‍ഷം, ലൗ ഇന്‍ സിംഗപ്പൂര്‍(1980),പഞ്ചതന്ത്രം,പുതിയവെളിച്ചം,മാമാങ്കം, അവനോ അതോ അവളോ,അഹിംസ, കൂടെവിടെ,ഇന്ദ്രജാലം, വാഴുന്നോര്‍, പത്രം, മിസ്റ്റര്‍ ബ്രഹ്മചാരി, എന്റെ വീട് അപ്പൂന്റേം,ഭീഷ്മാചാര്യ, കോട്ടയം കുഞ്ഞച്ചന്‍, സ്‌നേഹമുള്ളസിംഹം, ലിസ, ഈറ്റ, ആകാശദൂത്, രാജാവിന്റെ മകന്‍ എന്നിങ്ങനെ മുന്നൂറിലധികം സിനിമകളില്‍ വേഷമിട്ടു. ആകാശദൂത, മിഖേയലിന്റെ സന്തികള്‍ തുടങ്ങിയ ടെലി സീരിയലുകളിലും അഭിനയിച്ചു.ഏറ്റവും ഒടുവില്‍ ജോസ്പ്രകാശ് അഭിനയിച്ചത് ട്രാഫിക്കിലാണ്. സ്വഭാവനടനിലേക്ക് ജോസ്പ്രകാശ് വീണ്ടും മാറുകയായിരുന്നു. രോഗപീഡകളും ശാരീരിക അവശതയും ജോസ്പ്രകാശിന്റെ അഭിനയചാതുരിക്ക് കോട്ടം വരുത്തിയില്ല.
മലയാളസിനിമയില്‍ നെഗറ്റീവ് കഥാപാത്രങ്ങള്‍ക്ക് വ്യത്യസ്ത മുഖം നല്‍കിയും സംഭാഷണത്തില്‍ സ്വീകരിച്ച സവിശേഷ ശൈലിയും കൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടാന്‍ ജോസ്പ്രകാശിന് കഴിഞ്ഞത് അഭിനേതാവ് എന്ന നിലയില്‍ ജോസ്പ്രകാശ് കാത്തുസൂക്ഷിച്ച നിരീക്ഷണപാടവമാണ്. കഥാപാത്രം എന്തായാലും അതിലേക്ക് പരകായപ്രവേശം നടത്തുന്നതില്‍ ഇദ്ദേഹം ജാഗരൂകനായിരുന്നു. ഓരോ കഥാപാത്രവും നവീന ഭാവുകത്വത്തിലൂടെ കാഴ്ചയുടെ ഉത്സവമാക്കിമാറ്റുന്നതില്‍ ജോസ്പ്രകാശ് നിര്‍ണ്ണായക പങ്ക് വഹിച്ചു. കൊട്ടാരക്കരയും കെ.പി.ഉമ്മറും ഗോവിന്ദന്‍കുട്ടിയും ടി.ജി.രവിയും മറ്റും വില്ലന്‍വേഷങ്ങളില്‍ വെള്ളിത്തിരയില്‍ മാറ്റുരച്ച കാലത്ത് മിന്നിമറിയുന്ന ഭാവപകര്‍ച്ചയുടെ പാഠപുസ്തകവുകയായിരുന്നു ജോസ്പ്രകാശ്.
ക്രൂരനായ പോലീസ് ഉദ്യോഗസ്ഥനായും, തന്ത്രശാലിയായ ബിനിനസ്സുകാരനായും രാഷ്ട്രീയക്കാരന്റെ വേഷത്തിലും ഈ നടന്‍ വരുമ്പോള്‍ പല സന്ദര്‍ഭത്തിലും തിരശ്ശീലയില്‍ വിസ്മയം തീര്‍ത്തിരുന്നു. ശരീരഭാഷയും കനത്തശബ്ദവും ഏതുരസവും വിരിയിച്ചെടുക്കാന്‍ സാധിക്കുന്ന മുഖഭാവവും മാണ് ജോസ്പ്രകാശിനെ ശ്രദ്ധേയനാക്കിയത്.കണ്ണിലെ ചിരിയില്‍ ക്രൂരതയ്ക്കുപോലും ആകര്‍ഷണീയതയേറിയിരുന്നു. ദാര്‍ഢ്യം കലര്‍ത്തി, ഊന്നിനില്‍ക്കുന്ന വാചകങ്ങള്‍ കഥാപാത്രത്തിന്റെ ശക്തി പ്രേക്ഷകമനസ്സില്‍ ആഞ്ഞുപതിപ്പിക്കാന്‍ ഈ നടന് സഹായകമായിരുന്നു. അഭിനയകലയുടെ രസതന്ത്രം തീര്‍ത്ത് ജോസ്പ്രകാശ് നാടകത്തിലും സിനിമയിലും നിറസാന്നിധ്യമായി. മലയാളസിനിമയുടെ ചരിത്രവിഹിതത്തില്‍ ഡാനിയേല്‍ പുരസ്‌കാര ജേതാവായ ജോസ്പ്രകാശ് എന്ന നടന്‍, ഗായകന്‍ തിളങ്ങിനില്‍ക്കും. ചന്ദ്രിക ദിനപത്രം-26/3/12

Saturday, February 18, 2012

ചെപ്പില്‍ നിറച്ച കഥോപനിഷത്ത്‌


പി.കെ.പാറക്കടവിന്റെ ആദ്യനോവല്‍
കഥ പറയുന്നവരും കഥ കേള്‍ക്കുന്നവരും ഇല്ലാതായിപ്പോകുന്ന ഒരു ലോകത്തെപ്പറ്റിയാണ്‌ വാള്‍ട്ടര്‍ ബെന്‍യാമിന്‍ `കഥപറയുന്ന ആള്‍' എന്ന ലേഖനത്തില്‍ വിശലനം ചെയ്യുന്നത്‌. കഥപറച്ചിലിന്റെ കല നശിച്ചുകൊണ്ടിരിക്കുന്ന കാലത്തെ നോക്കി പരിതപിക്കുകയാണ്‌ വാള്‍ട്ടര്‍ ബെന്‍യാമിന്‍. കഥ കേള്‍ക്കാന്‍ കൊതിക്കുന്നവരുടെ ഇടയിലേക്ക്‌ കഥപറച്ചിലുകാരായി വരുന്നവരുടെ എണ്ണം കുറയുന്നു. അനുഭവങ്ങള്‍ കൈമാറാനുള്ള കഴിവ്‌ നഷ്‌ടപ്പെടുകയാണെന്ന്‌ വാള്‍ട്ടര്‍ ബെന്‍യാമിന്‍ സൂചിപ്പിക്കുന്നു. ഇതിന്‌ ഉദാഹരണമായി പറഞ്ഞത്‌ രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത്‌ തിരിച്ചെത്തിയ സൈനികരുടെ അവസ്ഥയാണ്‌. അവര്‍ മൗനികളായിരുന്നു. യുദ്ധരംഗത്തെ അനുഭവത്തെക്കുറിച്ച്‌ അവര്‍ക്കൊന്നും പറയാനുണ്ടായിരുന്നില്ല. യുദ്ധം അനുഭവജ്ഞാനത്തെ അട്ടിമറിക്കുകയായിരുന്നു. കഥപറച്ചിലിന്‌ സംഭവിച്ച ഈ വ്യതിയാനത്തിന്‌ ആധുനികതയുടെ പിറവിയോളം പഴക്കമുണ്ട്‌. കഥപറിച്ചലിനെക്കുറിച്ച്‌ ഇവിടെ പരാമര്‍ശിക്കാനിടയായത്‌ പി.കെ.പാറക്കടവിന്റെ ആദ്യ നോവല്‍ `മീസാന്‍കല്ലുകളുടെ കാവലാണ്‌'. പാറക്കടവിന്റെ നോവല്‍ നൂറ്റാണ്ടുകള്‍ക്കും സഹസ്രാബ്‌ദങ്ങള്‍ക്കും കുറുകെ നടക്കുന്ന കഥകളുടേയും കഥപറിച്ചലിന്റേയും അരങ്ങും അണിയറയും വീണ്ടും സൃഷ്‌ടിക്കുന്നു.
കഥയും കാലവും വടവൃക്ഷംപോലെ ശാഖകള്‍ വിടര്‍ത്തി പന്തലിച്ചു നില്‍ക്കുകയാണ്‌ `മീസാന്‍കല്ലുകളുടെ കാവലില്‍'. കഥാപാത്രങ്ങള്‍ അവരുടെ കാലത്തിന്റെ രേഖീയതയും ഭേദിച്ച്‌ കീഴ്‌പ്പോട്ടുപോയവരുടെ ചരിത്രം കുഴിച്ചെടുക്കുന്നു. ധര്‍മ്മവും ധര്‍മ്മസങ്കടവും ആസക്തിയും നിരാസക്തിയും പ്രണയവും പ്രണയനിരാസവും എല്ലാം പാറക്കടവിന്റെ നോവലിലുണ്ട്‌. മുഖ്യകഥാപാത്രങ്ങളായ സുല്‍ത്താനും ഷഹന്‍സാദയും കഥകളുടെ ലോകത്താണ്‌ ജീവിക്കുന്നത്‌.
മലയാളത്തിലെ ഹൈക്കുനോവലാണ്‌ `മീസാന്‍കല്ലുകളുടെ കാവല്‍'.നോവല്‍ശില്‍പ്പത്തിലും കഥാപ്രതിപാദനത്തിലും പാറക്കടവ്‌ അനുഭവിപ്പിക്കുന്ന രചനാവൈദഗ്‌ധ്യം ശ്രദ്ധേയമാണ്‌. ആറ്റിക്കുറുക്കി, മൂര്‍ച്ചയേറിയ ഫലിതം ഉള്ളിലൊളിപ്പിപ്പ്‌ കഥപറയുന്ന പി.കെ.പാറക്കടവിന്റെ ശൈലി ഈ നോവലിലും ഔന്നത്യമാര്‍ന്നു നില്‍ക്കുന്നു. ചരിത്രവും വര്‍ത്തമാനവും യാഥാര്‍ത്ഥ്യവും സ്വപ്‌നവും വാക്കുകളുടെ ചെപ്പില്‍ അടുക്കിവെക്കുന്നു. ചിന്തയുടേയും ഏകാഗ്രതയുടേയും തീക്ഷ്‌ണശിലയാണ്‌ പാറക്കടവിന്റെ നോവല്‍. ആര്‍ദ്രതയൊഴുകുന്ന നീര്‍ച്ചോലയാണിത്‌. മനം പൊള്ളലിന്റെ വേദനയും സുഖവും നല്‍കുന്ന കൃതി. നോവലിസ്റ്റ്‌ തന്നെ ഇങ്ങനെ പറഞ്ഞുവെച്ചിട്ടുണ്ട്‌:`ജീവിതം പിഴിഞ്ഞു സത്തുണ്ടാക്കി ഇത്തിരി കിനാവും കണ്ണീരും ചേര്‍ത്തു തപസ്സു ചെയ്യുമ്പോള്‍ ഒരു കലാസൃഷ്‌ടിയുണ്ടാവുന്നു'. മീസാന്‍കല്ലുകളുടെ കാവല്‍ വായിച്ചു തീരുമ്പോള്‍ നമുക്ക്‌ അനുഭവപ്പെടുന്നതും മറ്റൊന്നല്ല.

ദേശപ്പെരുമയും അധികാരപ്പൊലിമയും നാട്ടാചാരങ്ങളും നാട്ടുമൊഴികളും നാട്ടിടവഴിയും മഴനാരുകളും രാക്കഥകളും രാവിന്റെ നടുമുറ്റത്ത്‌ നടക്കാനിറങ്ങുന്ന ജിന്നുകളും നിലാവെട്ടത്തില്‍ കുതിരപ്പുറത്തേറി യാത്രചെയ്യുന്ന ആലിമുസ്‌ലിയാര്‍ അസീസധികാരിയുടെ കാലില്‍ സ്‌പര്‍ശിക്കുന്നതും ഉമ്മാച്ചോമയുടെ ആത്മഹത്യാശ്രമവും കഥാവഴിയിലുണ്ട്‌. ഉപകഥകളായും കേള്‍വികളായും അതിവിദൂരമല്ലാത്ത ഭൂതകാലത്തിന്റെ അടയാളങ്ങളും നോവലില്‍ കാണാ. കക്കയം ക്യാമ്പും രാജനും വിപ്‌ളവമുന്നേറ്റങ്ങളും തിളച്ചു മറിയുന്ന യൗവ്വനങ്ങളും കഥയുടെ സൂര്യന്‍ കെട്ടുപോകാതെ നിര്‍ത്തുന്നു.
കഥയുടെ ദാര്‍ശനികമാനങ്ങളിലേക്ക്‌ വായനക്കാരെ കൂട്ടിക്കൊണ്ടുപോവുന്ന പതിനാറ്‌ അധ്യായങ്ങളില്‍ സുല്‍ത്താന്‍ സ്വയം മറന്ന്‌ കഥപറയുന്നു. ജീവിതത്തിലും മരണത്തിലും ഷഹന്‍സാദക്ക്‌ കാവലായി അവന്‍ കഥപറഞ്ഞുകൊണ്ടേയിരിക്കുന്നു. `നീ സ്വസ്ഥമായുറങ്ങ്‌. നിനക്ക്‌ ഒരു മീസാന്‍കല്ലായി ഞാനിതാ കാവലിരിക്കുന്നു. അനന്തമായ കാവല്‍. ഞാന്‍ കഥകള്‍ പറഞ്ഞുകൊണ്ടേയിരിക്കാം.' അകം നോവുന്ന പ്രാര്‍ത്ഥനപോലെ നോവല്‍ സമാപിക്കുന്നിടത്ത്‌ പുതിയ കാലവും കഥയും പിറക്കുന്നു. ഓരോ അധ്യായത്തിനും അനുയോജ്യമായി മജിനിയുടെ രേഖാഖ്യാനവുമുണ്ട്‌. ചന്ദ്രിക ആഴ്‌ചപ്പതിപ്പില്‍ ഖണ്‌ഡശ്ശയായി പ്രസിദ്ധീകരിച്ച ഈ നോവല്‍ മലയാളനോവല്‍ സാഹിത്യത്തിന്‌ അതിന്റെ സാങ്കേതികതലത്തിലും സംവേദനതലത്തിലും ചെറുതല്ലാത്ത മുതല്‍ക്കൂട്ടാണ്‌.-;ചന്ദ്രിക വാരാന്തപ്പതിപ്പ്‌

മീസാന്‍കല്ലുകളുടെ കാവല്‍
പി.കെ.പാറക്കടവ്‌
ഡിസി ബുക്‌സ്‌, കോട്ടയം
വില-40 രൂപ

Thursday, January 05, 2012

കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയുടെ റിപ്പോര്‍ട്ട്‌-1

പതിനാറാമത്‌ കേരള അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന്‌ ഇന്ന്‌ തുടക്കം. 65 രാജ്യങ്ങളില്‍ നിന്നായി 15 വിഭാഗങ്ങളിലായി 196 ചിത്രങ്ങളാണ്‌ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്‌. മത്സരവിഭാഗത്തില്‍ ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നായി 11 ചിത്രങ്ങള്‍ മാറ്റുരക്കും. ലാറ്റിനമേരിക്കന്‍ ചിത്രങ്ങള്‍ നാലെണ്ണമുണ്ട്‌. രണ്ട്‌ ഇന്ത്യന്‍ ചിത്രങ്ങളാണ്‌ മത്സര വിഭാഗത്തിലുള്ളത്‌.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മേള ഉദ്‌ഘാടനം ചെയ്യും. ഹിന്ദി സിനിമാതാരം ജയാബച്ചന്‍, ഓംപുരി, ഇന്നസെന്റ്‌, മോഹന്‍ലാല്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ചലച്ചിത്ര വകുപ്പ്‌ മന്ത്രി കെ.ബി. ഗണേഷ്‌ കുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക മന്ത്രി കെ.സി. ജോസഫ്‌ ഫെസ്റ്റിവല്‍ കാറ്റ്‌ലോഗ്‌ പ്രകാശനം ചെയ്യും. ശശിതരൂര്‍ എം.പി, ഫെസ്റ്റിവല്‍ ഡെയ്‌ലി ബുള്ളറ്റിന്റെ ആദ്യ പതിപ്പ്‌ മന്ത്രി വി.എസ്‌ ശിവകുമാറിന്‌ നല്‍കി പ്രകാശനം നടത്തും. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രമണി.പി.നായര്‍, എം.എല്‍.എമാരായ കെ. മുരളീധരന്‍, വി. ശിവന്‍കുട്ടി എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. ഉദ്‌ഘാടനച്ചടങ്ങിന്‌ ശേഷം സംവിധായകന്‍ ടി.കെ. രാജീവ്‌ കുമാര്‍ തയാറാക്കിയ കലാപരിപാടി ഉണ്ടായിരിക്കും.
ഉദ്‌ഘാടനച്ചടങ്ങിന്‌ ശേഷം സാങ്‌യിമോവീ സംവിധാനം ചെയ്‌ത അണ്ടര്‍ ദി ഹോതോണ്‍ ട്രീ എന്ന ചൈനീസ്‌ ചിത്രം പ്രദര്‍ശിപ്പിക്കും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പ്രതിഭകള്‍ മേളയില്‍ പങ്കെടുക്കും. ഉദ്‌ഘാടനം വൈകീട്ടാണെങ്കിലും പ്രധാന വേദികളില്‍ ഇന്ന്‌ കാലത്തുതന്നെ സിനിമകളുടെ പ്രദര്‍ശനം തുടങ്ങും.
പതിനാറാമത്‌ രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തില്‍ പതിനൊന്ന്‌ ചിത്രങ്ങളാണ്‌ മാറ്റുരക്കുന്നത്‌. മലയാളത്തില്‍ നിന്നുള്ള സിനിമകള്‍ ഇത്തവണ മത്സരവിഭാഗത്തിലില്ല. കഴിഞ്ഞ വര്‍ഷം പുരസ്‌ക്കാരം നേടിയത്‌ കൊളംബിയന്‍ ചിത്രം പോര്‍ട്രൈയിറ്റ്‌ ഇന്‍ എ സീ ഓഫ്‌ ലൈസ്‌്‌, അര്‍ജന്റീനിയന്‍ ചിത്രം ദ ലാസ്റ്റ്‌ സമ്മര്‍ ഓഫ്‌ ലാ ബൊയിറ്റ,്‌ തുര്‍ക്കി ചിത്രമായ സഫയര്‍ എന്നിവയാണ്‌. ഇത്തവണ തുര്‍ക്കിയില്‍ നിന്നും രണ്ടു ചിത്രങ്ങളും കൊളംബിയയില്‍ നിന്നും അര്‍ജന്റീനയില്‍ നിന്നും ഓരോ ചിത്രവും മത്സരവിഭാഗത്തിലുണ്ട്‌. മിയാങ്‌ ഷാങിന്റെ ദ ബ്ലാക്ക്‌ബ്ലഡ്‌, മുഹമ്മദ്‌ നൂറിയുടെ ബോഡി, ഫ്യൂച്ചര്‍ ലാസ്റ്റ്‌ ഫോര്‍ എവരി (തുര്‍ക്കി), ഹാമിദ്‌ റാസയുടെ ഇറാനിയന്‍ ചിത്രം ഫെമിംഗോ നമ്പര്‍13, കാര്‍ലോസിന്റെ ദ കളര്‍ഓഫ്‌ മൗണ്ടന്‍, പാബ്ലോ പെരന്‍മാന്റെ ദ പെയിന്റിംഗ്‌ലെവ്‌, ഇന്ത്യയില്‍ നിന്ന്‌ പ്രശാന്ത്‌ നായരുടെ ഡല്‍ഹി ഇന്‍ എ ഡേ, അതിഥി റോയിയുടെ അറ്റ്‌ ദ എന്റ്‌ ഓഫ്‌ ഇറ്റ്‌ ഓള്‍ എന്നിവയുമുണ്ട്‌. മത്സരവിഭാഗം ജൂറി ചെയര്‍മാന്‍ ബ്രൂസി ബെറിസ്‌ഫോഡാണ്‌.
ഇന്ത്യന്‍ സിനിമയുടെ നിരയില്‍ വെട്രിമാരന്റെ ആടുകളം,സുശീന്ദ്രന്റെ അഗ്രാസ്‌മിസ്‌ഹോഴ്‌സ്‌, രാജേഷ്‌ പിഞ്ചാനിയുടെ ബാബുബാന്റ്‌പാര്‍ട്ടി, അനിന്റോയുടെ ചാപ്‌ളിന്‍, സൗരഭ്‌ കുമാറിന്റെ ഹാന്‍ഡ്‌ഹോവര്‍, സമുറോദിയുടെ ഐ വാംഡ്‌്‌ എ മദര്‍, ഋതുപര്‍ണഘോഷിന്റെ നൗകദുബി എന്നിവയും സമകാലിക മലയാളസിനിമയില്‍ രഞ്‌ജിത്തിന്റെ പ്രാഞ്ചിയേട്ടന്‍ ആന്റ്‌ ദ സെയിന്റ്‌, വി.കെ.പ്രകാശിന്റെ കര്‍മ്മയോഗി, ജയരാജിന്റെ പകര്‍ന്നാട്ടം, ഉഷാനായരുടെ അകം, ടി.വിചന്ദ്രന്റെ ശങ്കരനും മോഹനനും, രാജേഷ്‌ പിള്ളയുടെ ട്രാഫിക്ക്‌ എന്നീ ചിത്രങ്ങളുണ്ട്‌.
ലോകസിനിമാവിഭാഗത്തില്‍ സെപ്പറേഷന്‍, ഡാന്‍സ്‌,എലീന, ദ പ്രൈസ്‌, ഗുഡ്‌ബൈ, ഉറുമി എന്നിങ്ങനെ എഴുപതിലധികം സിനിമകളുണ്ട്‌.റെട്രോപെക്‌റ്റീവില്‍ അഡോള്‍ഫാസ്‌(യു.എസ്‌.എ)ഒഷിമ (ജപ്പാന്‍) റോബര്‍ട്ട്‌ ബ്രിസ്റ്റാണ്‍(ഫ്രാന്‍സ്‌) പൗലോ (ഗ്രീസ്‌)യാസുറോ (ജപ്പാന്‍) മാബെട്ടി(സെനഗല്‍), തിയോ അഞ്ചലോ (ജര്‍മ്മനി) എന്നീ വിശ്രുതസംവിധായകരുടെ ചിത്രങ്ങളുണ്ട്‌. ഹോമേജ്‌ വിഭാഗം, ബെസ്റ്റ്‌ ഓഫ്‌ ഫിപ്രസി തുടങ്ങിയ വിഭാഗവും വ്യത്യസ്‌ത അനുഭവം പകരും.

പതിനാറാമത്‌ മേളയില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകശ്രദ്ധ പതിയുന്നത്‌ അറബ്‌ വസന്തം, സോക്കര്‍സിനിമകള്‍ എന്നീ പാക്കേജുകള്‍ക്കാണ്‌. അറബ്‌ രാജ്യങ്ങളില്‍ നടക്കുന്ന പുതിയ മാറ്റങ്ങളുടെ തിരകാഴ്‌ചകളാണ്‌ ഈജിപ്‌ത്‌, മൊറോക്കോ,ടുണീഷ്യ, സിറിയ, ലെബനന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെക്കുന്നത്‌.

Friday, December 30, 2011

മലയാളസിനിമ -2011 നിറംമങ്ങിയ കെട്ടുകാഴ്‌ച

മലയാളസിനിമയെ സംബന്ധിച്ച്‌ പ്രധാനപ്പെട്ട വര്‍ഷമാണ്‌ 2011. തമിഴ്‌സിനിമയുടെ വിരസങ്ങളായ ചട്ടക്കൂടുകള്‍ക്കു മുന്നില്‍ തലകുനിച്ചു കൊണ്ടിരുന്ന മലയാളസിനിമയെ മലയാളഭാഷയുടേയും സംസ്‌കൃതിയുടേയും തനിമയിലേക്ക്‌ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ച കുറെ യുവ ചലച്ചിത്ര പ്രവര്‍ത്തകരുടെ സജീവമായ സാന്നിദ്ധ്യമാണ്‌ കഴിഞ്ഞ വര്‍ഷത്തിന്റെ ഈടുവെയ്‌പ്പ്‌. ചലച്ചിത്ര പരീക്ഷണങ്ങള്‍ ചര്‍ച്ചചെയ്യുമ്പോഴും വന്‍ പ്രതീക്ഷകളുമായി വിപണി കീഴടക്കാന്‍ അരങ്ങേറിയ ഒട്ടുമിക്ക ചിത്രങ്ങളും ബോക്‌സോഫീസില്‍ തറപറ്റി. തിയേറ്ററുകളിലെത്തിയ എഴുപതു ശതമാനം ചിത്രങ്ങള്‍ക്കും മുടക്കുമുതലിന്റെ പത്തിലൊന്നുപോലും ലഭിച്ചില്ല. തെറ്റുന്ന കണക്കുകൂട്ടലുകളും പാളുന്ന ധാരണകളും എവിടെയാണ്‌ മലയാളസിനിമക്ക്‌ പിഴച്ചത്‌?

പിന്നിട്ട വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളില്‍ വിചിത്ര വിജയം നേടിയത്‌ സാള്‍ട്ട്‌ ആന്റ്‌ പെപ്പറും ട്രാഫിക്കും ചാപ്പാകുരിശുമാണ്‌. രാജേഷ്‌ പിള്ള സംവിധാനം ചെയ്‌ത ട്രാഫിക്കും ആഷിക്ക്‌ അബു സംവിധാനം ചെയ്‌ത സോള്‍ട്ട്‌ ആന്റ്‌ പെപ്പറും സമീര്‍ താഹിര്‍
സംവിധാനം നിര്‍വ്വഹിച്ച ചാപ്പാകുരിശും പ്രദര്‍ശന വിജയത്തോടൊപ്പം പുതിയ ചില ആലോചനകള്‍ക്കും തുടക്കമിട്ടു. മലയാളി പുതുമ കൊതിക്കുന്നു. പക്ഷേ, നവീനതയിലേക്ക്‌ പ്രവേശിക്കുമ്പോള്‍ എന്തൊക്കെ തയാറെടുപ്പുകള്‍ വേണം? സിനിമയുടെ കഥയിലും ആവിഷ്‌ക്കാരത്തിലും മാത്രമല്ല, വിതരണത്തിലും സൂക്ഷ്‌മത പുലര്‍ത്തണം. നാം കാണാന്‍കൊതിക്കുന്ന സിനിമയെപ്പറ്റിയുള്ള ചില നന്മകളൊക്കെയാണ്‌ ഈ ചിത്രങ്ങളുടെ വിജയത്തിന്‌ സഹായകമായത്‌. കൃത്രിമത്വം നിറഞ്ഞ തിരക്കഥകള്‍ക്കിടയില്‍ ചാപ്പാകുരിശും ട്രാഫിക്കും സോള്‍ട്ട്‌ ആന്റ്‌ പെപ്പറും വേറിട്ടൊരു കാഴ്‌ചയായതില്‍ അല്‍ഭുതമില്ല.
വിശ്വാസങ്ങളെ തകര്‍ത്തുകൊണ്ടാണ്‌ അടുത്തകാലത്ത്‌ മറ്റു ചില ചിത്രങ്ങള്‍ വിജയിച്ചത്‌. ഇതില്‍ നിന്ന്‌ ഒരു കാര്യം മനസ്സിലാക്കാം സിനിമയുടെ വിജയത്തിന്‌ ഒന്നും അനിവാര്യഘടകമല്ല. നടനോ, നടിയോ എന്തിന്‌ സംവിധായകന്‍പോലും. പ്രേക്ഷകരുടെ മനസ്സ്‌ അളന്നെടുക്കാന്‍ ചലച്ചിത്രപ്രവര്‍ത്തകര്‍ പ്രയാസപ്പെടുന്നു. സ്വന്തം കഴിവ്‌ ഇനിയും വേണ്ടത്ര സ്ഥാപിച്ചെടുക്കാന്‍ കഴിയാതിരുന്ന പൃഥ്വിരാജിനെ നായകനാക്കി സന്തോഷ്‌ ശിവന്‍ സംവിധാനം ചെയ്‌ത ഉറുമി സാമ്പത്തിക വിജയം നേടി. ഇത്‌ മികച്ച ചിത്രമെന്ന്‌ അവകാശപ്പെടാന്‍ കഴിയില്ല. പക്ഷേ, കാലത്തിന്റെ മാറ്റം ഉള്‍ക്കൊള്ളുന്ന തരത്തിലുള്ള ട്രീറ്റ്‌മെന്റാണ്‌ സന്തോഷ്‌ശിവന്‍ ഈ ചിത്രത്തിന്‌ നല്‍കിയത്‌. ഒരു ചിത്രം വിജയിച്ചാല്‍ അതിന്റെ പിന്നാലെ പോകുന്ന പ്രവണത 2011-ലും മലയാളസിനിമ ഉപേക്ഷിച്ചില്ല. മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളുടെ നിരയില്‍ ജോഷിയുടെ ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സും റാഫി മെക്കാര്‍ട്ടിന്റെ ചൈനാടൗണും ഉണ്ടായി . സാമ്പത്തികമായും ഈ ചിത്രങ്ങള്‍ പരിക്കില്ലാതെ കരകയറി. ഗദ്ദാമ, ബ്യൂട്ടിഫുള്‍, മാണിക്യക്കല്ല്‌, സീനിയേഴ്‌സ്‌, ജനപ്രിയന്‍, രതിനിര്‍വ്വേദം, ഇന്ത്യന്‍ റുപ്പി, സ്‌നേഹ വീട്‌, സ്വപ്‌ന സഞ്ചാരി എന്നിവ വിജയചിത്രങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചു.

ജയറാമിന്റെ മേക്കപ്പ്‌മാന്‍ ആവര്‍ത്തനവിരസമായിരുന്നു. ജയറാം അഭിനയിച്ച മൂന്നു ചിത്രങ്ങളും ആവറേജ്‌ വിജയങ്ങളായി എന്നത്‌ ഈ നടന്‌ ആശ്വാസം നല്‍കുമെങ്കിലും ചിത്രങ്ങളെല്ലാം പള്‍പ്പു ഉല്‍പന്നങ്ങളായിരുന്നു എന്നത്‌ വിസ്‌മരിക്കാന്‍ കഴിയില്ല. പൃഥ്വിരാജിന്‌ അഭിനയത്തികവിലേക്ക്‌ ഇനിയും ദൂരമേറെയുണ്ടെന്ന്‌ കഴിഞ്ഞവര്‍ഷവും ഈ നടനെ ഓര്‍മ്മപ്പെടുത്തി. വീട്ടിലേക്കുള്ള വഴി ഡോ.ബിജു തുറന്നുകൊടുത്തെങ്കിലും നടനചാതുരി വഴങ്ങിയില്ല. അര്‍ജ്ജുനന്‍ സാക്ഷി എന്നും സാക്ഷിയായതുമില്ല. ജയസൂര്യ, കുഞ്ചാക്കോ ബോബന്‍ എന്നിവരും ഭേദപ്പെട്ടനിരയിലേക്ക്‌ ഉയര്‍ന്നു. ജയസൂര്യയാണ്‌ യുവനിരയില്‍ ശ്രദ്ധപിടിച്ചുപറ്റിയത്‌. 2011 ഏറെ പരിക്കേല്‍പ്പിച്ചത്‌ മമ്മൂട്ടിയെയാണ്‌. മമ്മൂട്ടിയുടെ ഒരു ചിത്രംപോലും വിജയിച്ചവയുടെ പട്ടികയില്‍ ഇടംനേടിയില്ല. ജോഷി, പ്രിയദര്‍ശന്‍, റാഫിമെക്കാര്‍ട്ടിന്‍ ചിത്രങ്ങളുണ്ടായിട്ടും സത്യന്‍ അന്തിക്കാട്‌ സിനിമ മാത്രം മോഹന്‍ലാലിന്‌ ആശ്വാസം നല്‍കി. ബ്ലസിയുടെ പ്രണയം ലാലിന്‌ മികച്ചവേഷമാണ്‌. കഥാപാത്രത്തെ തന്മയത്വത്തോടെ മോഹന്‍ലാല്‍ അവതരപ്പിക്കുകയും ചെയ്‌തു. പക്ഷേ, പ്രണയം സാമ്പത്തികവിജയം നേടിയില്ല. ടി.വി.ചന്ദ്രന്‍ സംവിധാനം ചെയ്‌ത ശങ്കരനും മോഹനനും പുതുമയൊന്നും കൊണ്ടുവരാന്‍ കഴിഞ്ഞില്ല. ചന്ദ്രന്റെ മികച്ച കൃതികളുടെ നിര
യിലേക്ക്‌ ഈ ചിത്രത്തിന്‌ ഉയരാനും സാധിച്ചില്ല. പ്രിയനന്ദന്റെ ഭക്തജനങ്ങളുടെ ശ്രദ്ധയ്‌ക്ക്‌ കലയോ, കച്ചവടമോ ഇല്ലാതെ പോയി. വിപണി കീഴടക്കുന്ന സിനിമ ചെയ്യാന്‍ അത്ര എളുപ്പമല്ലെന്ന്‌ ടി.വി.ചന്ദ്രനും പ്രിയനന്ദനനും തിരിച്ചറിയാന്‍ ഈ ചിത്രങ്ങളുടെ പരാജയം കാരണമായത്‌ മെച്ചം.

പി.ടി.കുഞ്ഞിമുഹമ്മദ്‌ സംവിധാനം ചെയ്‌ത വീരപുത്രന്‍ വിവാദങ്ങളില്‍ ചെന്നുപെട്ടിട്ടും പ്രദര്‍ശനശാളയില്‍ ചലനം സൃഷ്‌ടിക്കാതിരുന്നുത്‌ സംവിധാനത്തിലും അഭിനേതാക്കളുടെ തിരഞ്ഞെടുപ്പിലും വന്നുചേര്‍ന്ന പരാജയമാണ്‌. നരന്‍ എന്ന നടന്‌ ഒരു ചരിത്രപുരുഷന്റെ ജീവിതത്തിലേക്ക്‌ പരകായപ്രവേശം നടത്താന്‍ കഴിഞ്ഞില്ല. പ്രാഞ്ചിയേട്ടന്‍ ആന്‍റ്‌ ദി സെയിന്റ്‌ എന്ന ചിത്രത്തിലൂടെ സംവിധാനകലയുടെ വിസ്‌മയം തീര്‍ക്കാന്‍ സാധിച്ച സംവിധായകന്‍ രഞ്‌ജിത്തിന്‌ ഇന്ത്യന്‍ റുപ്പി ആശ്വാസം നല്‍കിയെങ്കിലും ചിത്രംമികവ്‌ പുലര്‍ത്തിയിരുന്നില്ല. വിലക്കും വിവാദവും സമരവുമൊക്കെയായി മലയാളസിനിമ പ്രദര്‍ശനശാലകളില്‍ നിന്നുമാത്രമല്ല, പ്രേക്ഷകരില്‍ നിന്നും അകന്നുപോകുന്ന കാഴ്‌ചയാണ്‌ കഴിഞ്ഞ വര്‍ഷം അടയാളപ്പെടുത്തിയത്‌.
എഴുത്തുകാരുടെ പ്രതിസ
ന്ധിയാണ്‌ സിനിമയുടെ തകര്‍ച്ചയ്‌ക്ക്‌ മറ്റൊരു കാരണം. ഓടുന്ന കഥ എന്ന സങ്കല്‍പത്തിന്റെ പിന്നാലെ ഓടുകയാണ്‌ അവര്‍. കച്ചവടക്കണ്ണിനാണ്‌ അധീശശക്തി. അതിന്‌ മേല്‍ പരുന്തും പറക്കില്ല. പ്രേക്ഷകരുടെ അഭിരുചി പോലും നിര്‍മ്മാതാക്കള്‍ നിയന്ത്രിക്കുന്ന അവസ്ഥയിലേക്ക്‌ നീങ്ങുകയാണ്‌. പുതിയ കഥകള്‍ കണ്ടെത്താനോ, അതിന്‌ അനുയോജ്യമായ തിരക്കഥകള്‍ എഴുതാനോ സാധിക്കുന്നില്ല. ഫാസില്‍ മാജിക്ക്‌ പോലും മലയാളത്തില്‍ അപ്രത്യക്ഷമായി എന്ന്‌ ഓര്‍മ്മപ്പെടുത്തുകയാണ്‌ ലിവിംഗ്‌ ടുഗെദര്‍ എന്ന സിനിമ. വര്‍ത്തമാനകാല സമൂഹത്തോട്‌ എങ്ങനെ സംവദിക്കണമെന്ന്‌ തിരിച്ചറിയാന്‍ സാധിക്കാതെ പകച്ചുനില്‍ക്കുന്ന സംവിധായകനെയാണ്‌ ലിവിംഗ്‌ ടുഗെദര്‍ വ്യക്തമാക്കിയത്‌.
2011-ല്‍ എണ്‍പത്തിയൊമ്പത്‌ ചിത്രങ്ങളാണ്‌ തിയേറ്ററുകളിലെത്തിയത്‌. വിജയിച്ച ഏതാനും സിനിമകള്‍ മാറ്റിവെ

ച്ചാല്‍ പരാജയത്തിലേക്ക്‌ വീണ ചിത്രങ്ങള്‍ വന്‍ സാമ്പത്തിക ബാധ്യതകളാണ്‌ മലയാളസിനിമയില്‍ ഉണ്ടാക്കിയത്‌. 90-ലധികം കോടികളുടെ നഷ്‌ടക്കണക്കാണ്‌ സിനിമാരംഗം സൂചിപ്പിക്കുന്നത്‌. ഇത്‌ മുന്‍കാലങ്ങളെ അപേക്ഷിച്ച്‌ അതിഭീകരമാണ്‌. ഓരോ വര്‍ഷം പിന്നിടുമ്പോഴും മലയാളിയുടെ സിനിമയോടുള്ള മോഹം വന്‍വീഴ്‌ചകളുടെ കണക്കുകളാണ്‌ നല്‍കുന്നത്‌. ഇതിനുള്ള പരിഹാരം സ്വയം തിരിച്ചറിയും യാഥാര്‍ത്ഥ്യബോധത്തോടെ ചലച്ചിത്രരംഗത്തെ സമീപിക്കുകയമാണ്‌ വേണ്ടത്‌.
സാറ്റലെറ്റ്‌ വിപണനം കൊണ്ടുമാ
ത്രം സിനിമയെ രക്ഷപ്പെടുത്താന്‍ അധികകാലം സാധിക്കില്ല. തിയേറ്ററില്‍ പരാജയപ്പെട്ടാലും സാറ്റ്‌ലൈറ്റ്‌ കച്ചവടത്തില്‍ ലാഭം നേടുന്ന ചിത്രങ്ങളുടെ നിരയില്‍ ഏതാനും ചിത്രങ്ങള്‍ ഈ വര്‍ഷവും കടന്നുകൂടിയാലും കോടികളുടെ നഷ്‌ടപ്പട്ടികയില്‍ നിന്നും സിനിമാവ്യവസായം മോചനം നേടുന്നില്ല.
ജയറാമും പൃഥ്വിരാജും അഭിനയിച്ച ചിത്രങ്ങളുടെ സാമ്പത്തിക നിലയില്‍ മുന്‍പന്തിയില്‍ നില്‍ക്കുമ്പോഴും അഭിനയത്തില്‍ ഉയരത്തിലെത്തിയത്‌ ജയസൂര്യയും കുഞ്ചാക്കോ ബോബനുമാണ്‌. യുവനിരയില്‍ തിളങ്ങിയത്‌ ആസിഫ്‌ അലി. പുതുമുഖനടന്മാരില്‍ ഉണ്ണിമുകുന്ദനും ശ്രദ്ധിക്കപ്പെട്ടു. മേല്‍വിലാസം , വീട്ടിലേക്കുള്ള വഴി, മകരമഞ്ഞ്‌ തുടങ്ങിയ ചിത്രങ്ങള്‍ പ്രേക്ഷകര്‍ സ്വീകരിച്ചില്ല.

ആദാമിന്റെ മകന്‍ അബു, ഗദ്ദാമ എന്നിവ നേടിയെടുത്ത അവാര്‍ഡുകളും പ്രശംസയും ഗൗരവമുള്ള സിനിമകള്‍ ചെയ്യാന്‍ മലയാളത്തില്‍ സാധ്യത വര്‍ദ്ധിപ്പിച്ചു. മലയാളസിനിമയില്‍ തീവ്രവാദത്തിന്റെയും താന്തോന്നിത്തത്തിന്റെയും മൊത്തക്കച്ചവടം ചാര്‍ത്തിയ മുസ്‌ലിം കഥാപാത്രാവതരണത്തിന്‌ മങ്ങലേല്‍പ്പിക്കാന്‍ ആദാമിന്റെ മകന്‍ അബുവിന്‌ സാധിച്ചു. ജീവിത വേവലാതിയും അതിജീവനത്തിന്റെ ത്വരയും വിശുദ്ധിയും അടയാളപ്പെടുത്തുന്ന മുസ്‌ലിം കഥാപാത്രം അബുവില്‍ പ്രേക്ഷകന്റെ മനസ്സ്‌ തൊട്ടു. എന്നാല്‍ ഗദ്ദാമയില്‍ അറബികള്‍ വില്ലന്മാര്‍ മാത്രമായി വീണ്ടും ചിത്രീകരിക്കുകയായിരുന്നു. അടിച്ചും അടികൊണ്ടും പരിക്കുപറ്റി ഓടി രക്ഷപ്പെടുന്ന ബാബുരാജിനെപോലുള്ള പല നടന്മാര്‍ക്കും സോള്‍ട്ട്‌ ആന്റ്‌ പെപ്പറും ആദാമിന്റെ മകനും പുതിയ താരപദവി നല്‍കി.
സ്‌ത്രീകഥാപാത്രങ്ങള്‍ക്ക്‌ ആധിപത്യം പുലര്‍ത്താന്‍ കഴിഞ്ഞ കുറച്ചുചിത്രങ്ങളെ ഉണ്ടായിരുന്നുള്ളൂ. ഗദ്ദാമ, കഥയിലെ നായിക, ഭക്തജനങ്ങളുടെ ശ്രദ്ധയ്‌ക്ക്‌, സ്വപ്‌നസഞ്ചാരി മുതലായ ചിത്രങ്ങള്‍. നായികയിലൂടെ ശാരദയും സ്‌നേഹവീടിലൂടെ ഷീലയും പ്രത്യക്ഷപ്പെട്ടു. ബ്യൂട്ടിഫുള്‍ എന്ന സിനിമയിലൂടെ അനൂപ്‌ മേനോന്‍ തിരക്കഥയില്‍ മികവു പുലര്‍ത്തി. സന്തോഷ്‌ പണ്‌ഡിറ്റിന്റെ കൃഷ്‌ണനും രാധയും എന്ന ചിത്രത്തിലൂടെ പ്രത്യുഷയും നഖരത്തിലൂടെ അര്‍പ്പിതയും കളഭമഴയില്‍ ദീപികയും കൗസ്‌തുഭത്തില്‍ കാര്‍ത്തികയും ലിവിംഗ്‌ടുഗെദറില്‍ ശ്രീലേഖയും പുതുമുഖനടിമാരായി. ഗദ്ദാമയില്‍ കാവ്യയും കയത്തില്‍ ശ്വേതാമേനോനും തിളങ്ങി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ പാട്ടുകളുടെ ഗുണനിലവാരം കുറഞ്ഞു. പ്രണയം, ഒരു മരുഭൂമിക്കഥ, ബ്യൂട്ടിഫിള്‍,മാണിക്യക്കല്ല്‌, സ്‌നേഹവീട്‌ എന്നിങ്ങനെ ഏതാനും ചിത്രങ്ങളിലെ പാട്ടുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ഹിറ്റുകളും കുറഞ്ഞു.
ഹാസ്യനിരയില്‍ ജഗതിയും സൂരജ്‌ വെഞ്ഞാറമൂടും തന്നെ സൂപ്പറുകളായി. മനോജ്‌ കെ.ജയന്‌ തിരിച്ചുവരവിന്റെ വര്‍ഷമായിരുന്നു. മുകേഷിന്‌ ഒരു മരുഭൂമിക്കഥ മുതല്‍ക്കൂട്ടായി.ചെറുതുംവലുതുമായ വിവാദങ്ങളും ഗോസിപ്പുകളും നിറഞ്ഞുനില്‍ക്കുമ്പോഴും പുതി.യൊരു കാഴ്‌ചാസംസ്‌ക്കാരത്തിന്റെ ആരോഗ്യകരമായ സാന്നിധ്യമാകാന്‍ മലയാളസിനിമയ്‌ക്ക്‌ സാധിക്കുന്നില്ല.

സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകര്‍ എന്‌ ലേബിള്‍ പലര്‍ക്കും നഷ്‌ടമാകുന്നതിനും കഴിഞ്ഞ വര്‍ഷം സാക്ഷിയായി. ജോഷി, ഫാസില്‍, പ്രിയദര്‍ശന്‍,രാജസേനന്‍,കമല്‍ എന്നിവര്‍ കരിയറില്‍ ഉയര്‍ച്ചനേടിയില്ല. ശക്തമായ ആശയങ്ങളുള്ള സംവിധായകര്‍ മലയാളത്തിലേക്ക്‌ പ്രവേശിക്കുകയായിരുന്നു. സലീം അഹ്‌മ്മദ്‌, വൈശാഖ്‌, മാധവ്‌ രാമദാസ്‌, ബോബന്‍ സാമുവല്‍, ഡോ.ബിജു,സാമിര്‍ താഹിര്‍, വി.െക.പ്രകാശ്‌ തുടങ്ങിയവര്‍ പ്രതീക്ഷ നല്‍കി. നിര്‍മ്മാതാക്കള്‍ റിസ്‌ക്‌ എടുത്ത്‌ പുതിയവരെ പ്രോത്സാഹിപ്പിക്കുന്ന പ്രവണത മലയാളത്തില്‍ ഇനിയും കരുത്താര്‍ജ്ജിച്ചിട്ടില്ല. സിനിമയുടെ വിജയത്തിന്‌ ഇവിടെ ആരും അവസാന വാക്കല്ല എന്ന യാഥാര്‍ത്ഥ്യം ഒരിക്കല്‍ക്കൂടി ഓര്‍മ്മപ്പെടുത്തുകയാണ്‌ പോയവര്‍ഷം. പൊതുവില്‍ മലയാളസിനിമയുടെ അടിത്തറ ഭദ്രമല്ല. എവിടെയോ ചില അപാകതകള്‍ നിഴലിക്കുന്നു. അത്‌ തിരിച്ചറിഞ്ഞ്‌ പരിക്കാന്‍ ആരാണ്‌ തയാറാകുക? പുതുവര്‍ഷത്തെ ആശങ്കപ്പെടുത്തുന്ന ചോദ്യവും മറ്റൊന്നല്ല. -വര്‍ത്തമാനം ആഴ്‌ചപ്പതിപ്പ്‌ 1/1/201
2

Saturday, December 03, 2011

ഇനി നല്ല സിനിമ കാണാം

കേരളത്തിന്റെ പതിനാറാമത്‌ രാജ്യാന്തര ചലച്ചിത്ര മേളക്ക്‌ ഈ ആഴ്‌ച തുടക്കം. ലോകസിനിമയുടെ വിവിധതലങ്ങളിലേക്ക്‌ കണ്ണുതുറക്കുന്ന തിരഭാഷകളിലേക്ക്‌
ഓരോ കലാരൂപവും കാലഘട്ടത്തിന്റെ സവിശേഷ നിര്‍മ്മിതി കൂടിയാണ്‌.കാലത്തിന്റേയും സാമൂഹികാന്തരീക്ഷത്തിന്റേയും സൂക്ഷ്‌മ സ്‌പന്ദനങ്ങള്‍ ഉള്‍ക്കൊള്ളുമ്പോഴാണ്‌ കലാരൂപം പൂര്‍ണ്ണതയിലെത്തുന്നത്‌.ചലച്ചിത്രങ്ങളും അര്‍ത്ഥമാക്കുന്നത്‌ മറ്റൊന്നല്ല. സിനിമ പ്രജ്ഞയുടെയും അന്വേഷണത്തിന്റെയും മാറ്റുരയ്‌ക്കലാണെന്ന്‌ തിരിച്ചറിയുന്നവര്‍, കാലത്തിന്‌ നേരെ പിടിക്കുന്ന കണ്ണാടിയായി സിനിമയെ മാറ്റീത്തീര്‍ക്കുന്നു. ലോകജീവിതത്തിന്റെ പരിച്ഛേദത്തിലേക്ക്‌ ഇറങ്ങിനില്‍ക്കുന്ന ചലച്ചിത്രഭാഷ തൊട്ടറിയാനുള്ള വേദിയായി മാറിയിരിക്കയാണ്‌ കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേള. മനുഷ്യബന്ധങ്ങള്‍ക്കും ലോകരാഷ്‌ട്രീയത്തിനും നേരിടേണ്ടി വരുന്ന പ്രതിസന്ധികളുടെ ദൃഢവും സുതാര്യവുമായ തിരഭാഷയാണ്‌ ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത്‌ നടക്കുന്ന പതിനാറാമത്‌ രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രേക്ഷകരുടെ മുന്നിലെത്തുന്നത്‌.
ലോകരാഷ്‌ട്രീയത്തിലും ജീവിത വ്യവസ്ഥയിലും ചലച്ചിത്രകാരന്മാരുടെ ഇടപെടല്‍ പ്രതിഫലിപ്പിക്കുന്ന നിരവധി ചിത്രങ്ങള്‍ പതിനാറാമത്‌ മേളയിലുണ്ട്‌. പ്രത്യേകിച്ചും അറബ്‌ സിനിമകളുടെ ശക്തമായ സാന്നിധ്യം. ആഭ്യന്തര കലഹങ്ങളും അധിനിവേശത്തിന്റെ പുതിയ പ്രവണതകളും പ്രതിരോധത്തിന്റെ ജനമുന്നേറ്റവും തിരകാഴ്‌ചയില്‍ നടത്തുന്ന പകര്‍പ്പെഴുത്തുകളാണ്‌ അറബ്‌ ചിത്രങ്ങളുടെ പാക്കേജ്‌. ലോകരാഷ്‌ട്രങ്ങളിലെ കലാകാരന്മാര്‍ ജീവിതത്തെയും സിനിമയെയും എങ്ങനെ സമീപിക്കുന്നു എന്നതിന്റെ വ്യക്തമായ അടയാളങ്ങള്‍ ഈ മേളയുടെ സന്ദേശമായി മാറുന്നു. മനുഷ്യര്‍പാര്‍ക്കുന്ന ലോകത്തെപ്പറ്റിയുള്ള ആകുലതകള്‍ പങ്കുപറ്റുന്ന ചിത്രങ്ങള്‍ക്കാണ്‌ മേള മുന്‍ഗണന നല്‍കുന്നത.
ഏകാന്തത, അവഗണന, പീഡനം,നിന്ദ,ഭീതി തുടങ്ങി അനേകം വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന സിനിമകള്‍ പതിനാറാമത്‌ മേളയുടെ പൊതുസ്വഭാവമാണ്‌. അവ ഇറാനില്‍ നിന്നോ, മഗ്‌രിബ്‌ പ്രവശ്യയില്‍ നിന്നോ, ഈജിപ്‌തില്‍ നിന്നോ പകര്‍ത്തിയതാവാമെങ്കിലും എല്ലാ ഫ്രെയിമുകളിലും മനുഷ്യന്റെ ആഗോളപ്രശ്‌നങ്ങള്‍ വായിച്ചെടുക്കാന്‍ കഴിയും. ദൃശ്യസമൃദ്ധിയില്‍ നിന്നും ഓരം ചേര്‍ത്തു നിര്‍ത്തിയ ചില കാഴ്‌ചകളുടെ വേദിയാവുകയാണ്‌ രാജ്യാന്തര മേള.
60-ലധികം രാജ്യങ്ങളില്‍ നിന്നും 185 സിനിമകളാണ്‌ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്‌. മത്‌ലവിഭാഗത്തില്‍ മെക്‌സിക്കന്‍ സംവിധായകനന്‍ സെബാസ്റ്റ്യന്‍ ഹിറിയാറ്റിന്റെ എ സ്റ്റോണ്‍സ്‌ ത്രോ എവേ, ബ്ലാക്ക്‌ ബ്ലഡ്‌(മൈയോന്‍ഷാങ്‌-ചൈന), ബോഡി (മുസ്‌തഫ-തുര്‍ക്കി), ഫ്‌ലാമിംഗോ (ഹാമിദ്‌-ഇറാന്‍),കെനിയുടെ ഇല്‍ബിഡി, ഫിലിപ്പെന്‍സിന്റെ പാലവാന്‍, സിറിയന്‍ ചിത്രം സെപ്‌തംബര്‍റെയ്‌ന്‍,
കൊളംബിയയുടെ കളര്‍ഓഫ്‌ മൗണ്ടന്‍സ്‌, പാബ്ലോ പില്‍മാന്‍ സംവിധാനം ചെയ്‌ത ദ പെയിന്റിംഗ്‌ ലെസ്സണ്‍, മലയാളത്തില്‍ നിന്ന്‌ ആദിമധ്യാന്തം, ആദാമിന്റെ മകന്‍ അബു, ഡല്‍പി ഇന്‍ ഡേ(ഹിന്ദി) ബംഗാളി ചിത്രം അറ്റ്‌ ദി എന്റ്‌ ഓഫ്‌ ഓള്‍ എന്നിവയാണ്‌ മാറ്റുരക്കുന്നത്‌.
ജനാധിപത്യ പ്രക്ഷോഭങ്ങള്‍ നടക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള അറബ്‌ സിനിമകളാണ്‌ മേളയിലെ ഏറ്റവും ആകര്‍ഷണീയമായ. പാക്കേജ്‌. ഈജിപ്‌ത്‌, മൊറോക്കോ, സിറിയ,ലെബനന്‍, ടുണീഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ പുതിയ കാലത്തിന്റെ വേലിയേറ്റങ്ങളും വേലിയിറക്കവും അനുഭവപ്പെടുത്തുന്നു. ഡീഫ ഫിലിംസ്‌ യുദ്ധാനന്തര ജര്‍മ്മനിയുടെ പരിച്ഛേദം പ്രതിഫലിപ്പിക്കും. ഇതര മേളകളില്‍ നിന്നും വ്യത്യസ്‌തമാകുന്ന പാക്കേജാണ്‌ പഴയ ജര്‍മ്മന്‍ സിനിമകള്‍. കൂടാതെ ഫുട്‌ബോള്‍ ചിത്രങ്ങളുടെ പ്രദര്‍ശനവും പതിനാറാമത്‌ മേളയിലുണ്ട്‌. കിക്കിങ്‌ ആന്റ്‌ സ്‌ക്രീനിങ്‌ വിഭാഗം. ആഫ്രിക്കന്‍ സിനിമയുടെ വിപ്ലകാരി മെംബേറ്റിയുടെ സിനിമകള്‍,അമേരിക്കന്‍ ചലച്ചിത്രകാരന്‍ അഡോള്‍ഫാസിന്റെ ചിത്രങ്ങള്‍. നവ അമേരിക്കന്‍ വ്യവസ്ഥിതി പ്രേക്ഷകരുമായി പങ്കുവെക്കുന്നു. ഫിലിപ്പെന്‍സ്‌ പാക്കേജ്‌, റെസ്‌ട്രോപറ്റീവ്‌ വിഭാഗത്തില്‍ ഒഷിമ, മഖ്‌മുറെ,റോബര്‍ട്ട്‌ ബെസ്‌നി കെയിഡന്‍ ഹൊറോര്‍, മലയാളത്തില്‍ നിന്ന്‌ നടന്‍ മധു അഭിനയിച്ച സ്വയംവരം, ഓളവും തീരവും, ചെമ്മീന്‍ ഉള്‍പ്പെടെ നാല്‌ ചിത്രങ്ങളുമുണ്ട്‌. ലോകസിനിമാ വിഭാഗത്തില്‍ ജപ്പാന്‍, ശ്രീലങ്ക, ഫ്രാന്‍സ്‌, റഷ്യ,തായ്‌ലന്റ്‌, പോളണ്ട്‌,ബംഗ്ലാദേശ്‌,ബെല്‍ജിയം, പെറു,തുര്‍ക്കി,ഇറ്റലി,പെയിന്‍,ബ്രസീല്‍,ചൈന,ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ പുതിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. ഇന്ത്യന്‍ സിനിമ, മലയാളത്തിലെ നവസിനിമ വിഭാഗവുമുണ്ട്‌. ഇങ്ങനെ പ്രതീക്ഷയുടെ ഒരു കാഴ്‌ചാ സംസ്‌ക്കാരത്തിന്റെ വേദിയാവുകയാണ്‌ കേരളത്തിന്റെ പതിനാറാമത്‌ രാജ്യാന്തര ചലച്ചിത്രമേള.

ലോകസിനിമയില്‍ വന്‍വീഴ്‌ചകളുടെ കാലം

കാഴ്‌ചകളുടെ നദി ഒഴുകുകയാണ്‌. കാലദേശങ്ങളിലൂടെ ക്യാമറ തൊട്ടുകാണിക്കുന്ന ദൃശ്യപംക്തികള്‍ നമ്മുടെ മുന്നില്‍ വിരിച്ചിടുന്ന ലോകജീവിതമാണ്‌ സിനിമ അനുഭവപ്പെടുത്തുന്നത്‌.ലോകസിനിമയുടെ പുതിയ കാഴ്‌ചകളെപ്പറ്റി മധു ഇറവങ്കര സംസാരിക്കുന്നു:
ലോകസിനിമ?
ലോകസിനിമയുടെ പുതിയ കാഴ്‌ചകള്‍ എന്നെ പലപ്പോഴും നിരാശപ്പെടുത്തുന്നു. പൊതുവെ പഴയകാല പ്ര

താപം കാത്തുസൂക്ഷിക്കാന്‍
മിക്കരാജ്യങ്ങളിലേയും ചലച്ചിത്രകാരന്മാര്‍ക്ക്‌ സാധിക്കുന്നില്ല. യൂറോപ്യന്‍ സിനിമകള്‍ വാണിജ്യതന്ത്രങ്ങളിലേക്ക്‌ വഴിമാറുകയാണ്‌. പണ്ട്‌ പോളാന്‍സ്‌കിയുടെയും മറ്റും ചിത്രങ്ങള്‍ നല്‍കിയ പ്രതീക്ഷകള്‍ ഇപ്പോള്‍ മേളകളില്‍ അനുഭവപ്പെടുന്നില്ല. പ്രധാന കാരണം ഇഷ്യുകളുടെ അഭാവമാണ്‌. യൂറോപ്യന്‍ സിനിമകളെ പിന്തള്ളി ലാറ്റിനമേരിക്കന്‍ ചിത്രങ്ങള്‍ ശ്രദ്ധനേടിയയിരുന്നു. അതുപോലെ അറബ്‌ സിനിമകള്‍. എന്നാല്‍ അറബ്‌ ചിത്രങ്ങളും പഴയകാല പ്രതാപം നിലനിലര്‍ത്തുന്നില്ല. ലോകജീവിതത്തില്‍ വരുന്ന മാറ്റമാകാം ഇതിനു കാരണമെന്ന്‌ കരുതുന്നു.
അറബ്‌ സിനിമകളുടെ വസന്തം?
അങ്ങനെയൊന്ന്‌ ഇപ്പോഴില്ല. കാരണം പല അറബ്‌്‌ രാജ്യങ്ങളിലും അവരുടെ സിനിമകള്‍ നേരത്തെ കൈകാര്യം ചെയ്‌ത പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടുണ്ട്‌. അതുപോലെ ഇറാഖ്‌, ഇറാന്‍ സിനിമകള്‍. ഈ സിനിമകളില്‍ ശക്തമായി നിലനിന്നത്‌ കുര്‍ദുകളുടെ പ്രശ്‌നമാണ്‌. സദ്ദാമിന്റെ മരണത്തോടെ അങ്ങനെയുള്ള പ്രശ്‌നങ്ങള്‍ കുറഞ്ഞു. ഇപ്പോള്‍ ഫലസ്‌തീന്‍ പ്രശ്‌നം മാത്രമാണ്‌ പരിഹരിക്കപ്പെടാതെ യുള്ളത്‌. മാത്രമല്ല, ഇസ്രേയല്‍, ടര്‍ക്കി എന്നിങ്ങനെ ചില രാജ്യങ്ങളില്‍ നിന്നുള്ള കൊച്ചുചിത്രങ്ങള്‍ അല്‍ഭുതപ്പെടുത്തുന്നുണ്ട്‌.
എന്തുകൊണ്ടാണ്‌ ലോകസിനിമയില്‍ പ്രമേയപരമായ മാറ്റം സംഭവിക്കുന്നത്‌?
കമ്മ്യൂണിസമായിരുന്നു ഒട്ടേറെ സിനിമകളുടെ പ്രമേയം. കമ്മ്യൂണിസത്തിന്റെ ഭീകരതയും മറ്റും വിഷയീഭവിക്കുന്ന ചിത്രങ്ങളായിരുന്നു പ്രേക്ഷക ശ്രദ്ധനേടിയിരുന്നത്‌. എന്നാല്‍ കമ്മ്യൂണിസം തകര്‍ന്നതോടെ ആ
വിഷയത്തിലുള്ള സിനിമകള്‍ക്ക്‌ വലിയ പ്രസക്തിയില്ലാതായി. പൂര്‍വേഷ്യന്‍ സിനിമകളും അതാണ്‌ സൂചിപ്പിക്കുന്നത്‌. പിന്നെ ലാറ്റിനമേരിക്കന്‍ ചിത്രങ്ങളാണ്‌ ആശ്വാസം നല്‍കുന്നത്‌. ടര്‍ക്കി ചിത്രങ്ങളും.
മലയാളത്തില്‍ പുതിയ സിനിമകള്‍ ഉണ്ടാകുന്നില്ല?
ഇന്ത്യന്‍ സിനിമയിലും ഈ പ്രശ്‌നമുണ്ട്‌. മുന്‍കാല സംവിധായകരുടെ സിനിമകളോട്‌ താരതമ്യം ചെയ്യുമ്പോള്‍ വളരെ പിന്നോട്ടു പോകുന്ന സ്ഥിതി. എന്നാല്‍ ചരിത്രത്തെ ഉപജീവിച്ചെടുക്കുന്നതുകൊണ്ട്‌ മാത്രം സിനിമ പഴഞ്ചനാകുന്നില്ല. അടൂര്‍ ഗോപാലകൃഷ്‌ണനും ഷാജി എന്‍ കരുണും എല്ലാം ചരിത്രത്തെ സ്വീകരിക്കുന്നു. എന്നാല്‍ അവരുടെ ചിത്രങ്ങളില്‍ പ്രതിപാദിക്കുന്ന വിഷയത്തിന്‌ ഇപ്പോഴും പ്രാധാന്യമുണ്ട്‌. തകഴിയുടെ കഥകളെ ആസ്‌പദമാക്കിയുള്ള അടൂരിന്റെ നാല്‌ പെണ്ണുങ്ങള്‍ വിശകലനം ചെയ്യുന്ന സ്‌ത്രീകളുടെ പ്രശ്‌നങ്ങള്‍ ഇപ്പോഴും ഇവിടെയുണ്ട്‌. അതുപോലെ ഷാജിയുടെ കുട്ടിസ്രാങ്കിലെ ചവിട്ടുനാടക വിഷയത്തിനും പ്രാധാന്യമുണ്ട്‌.
ഇറാന്‍ സിനിമകള്‍ക്കൊക്കെ എന്താണ്‌ സംഭവിച്ചത്‌?
ഇറാനില്‍ നിന്ന്‌ നേരത്തെ പുറത്തുവന്ന സിനിമകള്‍ മിക്കതും സ്‌ത്രീയുടെ സ്വത്വപ്രതിസന്ധികളും അസ്വാതന്ത്ര്യവുമൊക്കെയാണ്‌ അവതരിപ്പിച്ചത്‌. അതൊക്കെ ഇപ്പോള്‍ അവിടെ അത്രമാത്രം അനുഭവപ്പെടുന്നില്ല. അതുകൊണ്ട്‌ പുതിയ ഇറാന്‍ ചിത്രങ്ങള്‍ ബോളിവുഡിന്റെ പാതയിലേക്ക്‌ മാറുകയാണ്‌. സമീറ മക്‌ബല്‍വഫിന്റെ സിനിമകളിലൊക്കെ കൈകാര്യം ചെയ്‌ത പ്രശ്‌നങ്ങള്‍ ഇറാനികളുടെ സാമൂഹികജീവിത്തില്‍ നിന്നും മാറിക്കൊണ്ടിരിക്കുകയാണ്‌. ഇത്തരമൊരു മാറ്റമാണ്‌ ഇറാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ സിനിമകള്‍ വ്യക്തമാക്കുന്നത്‌. ടര്‍ക്കി ചിത്രങ്ങളില്‍ ചില പ്രശ്‌നങ്ങള്‍ ഇപ്പോഴും സജീവമായി തുടരുന്നു. പ്രത്യേകിച്ചും കുട്ടികളെ കേന്ദ്രീകരിച്ചുള്ള ചിത്രങ്ങള്‍. അവ മുന്നോട്ട്‌ വെക്കുന്ന പ്രശ്‌നങ്ങളും പൂര്‍ണ്ണമായും ഇല്ലാതായിട്ടില്ല. ഈയിടെ `ഡസ്‌ക'്‌ എന്ന ചിത്രം കണ്ടു. വിസ്‌മയകരമായിരുന്നു ആ ചിത്രം. മനുഷ്യന്റെ നീറുന്ന പ്രശ്‌നങ്ങളിലേക്ക്‌ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു.
ഏത്‌ രീതിയിലാണ്‌ ലോകസിനിമ പുതുമ സൃഷ്‌ടിക്കുന്നത്‌.
സിനിമയുടെ ട്രീറ്റ്‌മെന്റിലാണ്‌ പുതുമ കൈവരിക്കുന്നത്‌. പഴയ വിഷയമാണെങ്കിലും അത്‌ പുതിയ കാലത്തോട്‌ സംവദിക്കുന്ന രീതിയിലേക്ക്‌ കൊണ്ടുവരാന്‍ സാധിക്കണം.
ശ്രീലങ്കന്‍ സിനിമകള്‍?
സിംഹളരുടെ ജീവിതത്തിലേക്ക്‌ പലപ്പോഴും ശ്രീലങ്കന്‍ ചിത്രങ്ങള്‍ ഇറങ്ങിച്ചെല്ലാറില്ല. അവര്‍ ബുദ്ധമതത്തിന്റെ ചില സവിശേഷതകളാണ്‌ ആവിഷ്‌ക്കരിക്കുന്നത്‌. പക്ഷേ, തമിഴ്‌ സിനിമകള്‍ സിംഹളവിഷയങ്ങള്‍ ചെയ്യുന്നുണ്ട്‌.
ആഫ്രിക്കന്‍ സിനിമകള്‍ നവഭാവുകത്വം നല്‍കുന്നു?
ആഫ്രിക്കന്‍ സിനിമാപ്രേക്ഷകര്‍ ഒരുകാലഘട്ടം വരെ ഇന്ത്യന്‍ സിനിമകളുടെ ആരാധകരായിരുന്നു. അവര്‍ക്ക്‌ പ്രിയപ്പെട്ട നടന്‍ അമിതാഭ്‌ ബച്ചന്‍ ആയിരുന്നു. അവിടെ സന്ദര്‍ശിക്കുമ്പോഴും ജോലി ചെയ്യുമ്പോഴുംു അവര്‍ എന്നോട്‌ അമിതാഭ്‌ ബച്ചനെപ്പറ്റിയൊക്കെ ചോദിച്ചിട്ടുണ്ട്‌. പിന്നീട്‌ യൂറോപ്യന്‍ വാണിജ്യസിനിമകള്‍ ആഫ്രിക്കന്‍ പ്രേക്ഷകരെ കീഴടക്കി. ഇതിനിടയിലും ഫ്രാന്‍സിന്റേയും മറ്റും സഹകരണത്തോടെ ചില ആഫ്രിക്കന്‍ സംവിധായകര്‍ സിനിമകള്‍ ചെയ്യുന്നുണ്ട്‌. സെനഗല്‍, ചാഡ്‌ തുടങ്ങിയ രാജ്യങ്ങളുടെ ചിത്രങ്ങള്‍ ചെറിയ തരത്തിലുള്ള പ്രാദേശിക പ്രശ്‌നങ്ങളിലേക്ക്‌ ഇറങ്ങിച്ചെല്ലാറുണ്ട്‌. മറ്റൊരു രസകരമായ സംഭവം എറിട്രിയ സിനിമയുടെ പയനിയറില്‍ ഞാന്‍ ഉള്‍പ്പെട്ടിട്ടുണ്ട്‌. ചെറിയ സിനിമകള്‍ അവരെ കാണിച്ച്‌ മാറ്റങ്ങളിലേക്ക്‌ അവരുടെ ശ്രദ്ധ കൊണ്ടുവരാന്‍ എനിക്ക്‌ സാധിച്ചു.
ഇന്ത്യന്‍ സിനിമയുടെ അവസ്ഥ?
ബംഗാളി സിനിമ ഉള്‍പ്പെടെ ഇന്ത്യന്‍ സിനിമ പുതുമയില്ലാത്ത സ്ഥിതിയിലാണ്‌. സത്യജിത്‌റേ, മൃണാള്‍സെന്‍, ജത്വിക്‌ ഘട്ടക്‌ തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങള്‍ ഉണ്ടാക്കിയ ചടുലതയോ, ജീവിതത്തുടിപ്പോ ഇപ്പോഴത്തെ ബംഗാളി സിനിമ നല്‍കുന്നില്ല. ഗൗതംഘോഷിന്റെ ചിത്രങ്ങളാണെല്ലോ ഇപ്പോള്‍ വരുന്നത്‌.
പ്രതീക്ഷ നല്‍കുന്ന ലോകസിനിമ?
ഇസ്രായേലി സിനിമകളും കെനിയന്‍ സിനിമകളും ചൈനീസ്‌ ചിത്രങ്ങളുമാണ്‌ പുതുമയിലേക്ക്‌ മുന്നേറുന്നത്‌. കൊറിയയിലും ചില മുന്നേറ്റ സംരംഭങ്ങളുണ്ട്‌. പൊതുവെ വാണിജ്യവല്‍ക്കരണമാണ്‌ ലോകസിനിമാ മേഖലയില്‍ സജീവമാകുന്നത്‌.
മലയാളത്തിലെ പുതിയ സിനിമകള്‍?
മലയാളത്തില്‍ പുതുമ എന്നുപറയാന്‍ കഴിയുന്നവ കുറച്ചുമാത്രമാണ്‌. ട്രാഫിക്കോ, സാള്‍ട്ട്‌ ആന്റ്‌ പെപ്പറോ അല്ലെങ്കില്‍ അതുപോലുള്ള സിനിമകള്‍ ഏതെങ്കിലും തരത്തില്‍ മാറിയിട്ടുണ്ടെന്ന്‌ പറയാന്‍ കഴിയില്ല. `ആദാമിന്റെ മകന്‍ അബു' നല്ല ചിത്രമാണ്‌. അതിന്റെ വിഷയം പുതിയ കാലവുമായി ബന്ധപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്‌. ആ നിലയില്‍ അതുമെച്ചപ്പെട്ട വര്‍ക്കാണ്‌. നമ്മുടെ സിനിമയില്‍ ട്രീറ്റുമെന്റില്‍ പുതുമവരുത്തണം.
കേരളത്തിന്റെ രാജ്യാന്ത ചലച്ചിത്രമേളയെക്കുറിച്ച്‌?
ലോകശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന മേളകളിലൊന്നാണിത്‌. പ്രേക്ഷക പങ്കാളിത്തമാണ്‌ നമ്മുടെ മേളയുടെ സവിശേഷത. അതുപോലെ ഇവിടെ എത്തുന്ന ചിത്രങ്ങളും. ഗോവയില്‍ മറ്റും നടക്കുന്നത്‌ കാര്‍ണിവല്‍ മൂഡാണ്‌. സിനിമയെ ഗൗരവപൂര്‍വ്വം കാണുകയും വിലയിരുത്തുകയും ചെയ്യുന്ന രീതി നമ്മുടെ രാജ്യാന്തര മേളക്ക്‌ മാറ്റുകൂട്ടുന്നു. എങ്കിലും ചിത്രങ്ങളുടെ തെരഞ്ഞെടുപ്പില്‍ കുറച്ചുകൂടി ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്‌. ലോകസിനിമകള്‍ കാണുന്നവരുടെ നിര്‍ദേശവും പരിഗണിക്കാവുന്നതാണ്‌.
ഓപ്പണ്‍ഫോറത്തിന്റെ സ്ഥിതി?
ഓപ്പണ്‍ഫോറത്തിന്റെ അവസ്ഥ വളരെ ശോച്യാവസ്ഥയാണ്‌. സിനിമയെപ്പറ്റി ഗഹനമായി ചര്‍ച്ചചെയ്യപ്പെടുന്നില്ല. കുറച്ചു സമയം വെറുതെ ചെലവഴിക്കുന്ന ഏര്‍പ്പാടായിപ്പോകുന്നു. അത്‌ മാറണം. കണ്ട സിനിമയെക്കുറിച്ച്‌, അതിന്റെ സംവിധായകരെ പങ്കെടുപ്പിച്ചുള്ള ചര്‍ച്ചകളും സംവാദങ്ങളും ഉണ്ടാകണം.
പുതിയ പ്രൊജക്‌ടുകള്‍?
സുനില്‍ ഗംഗോപാധ്യായുടെ `രക്തം' എന്ന കൃതി സിനിമയാക്കണെമെന്ന്‌ നേരെത്ത ആലോചിച്ചിരുന്നു. അതിനുള്ള അനുവാദം അദ്ദേഹം നല്‍കിയിരുന്നു. ഒന്നുരണ്ട്‌ പദ്ധതികള്‍ വേറെയും മനസ്സിലുണ്ട്‌. അതോടൊപ്പം അടൂര്‍ ഗോപാലകൃഷ്‌ണനെക്കുറിച്ചുള്ള പുസ്‌തകം. അദ്ദേഹത്തെപ്പറ്റിയുള്ള സമഗ്രപഠനം. എന്റെ ഏറ്റവും പുതിയ ഡോക്യുമെന്ററി `പുനര്‍ജ്ജനി' അട്ടപ്പാടിയെക്കുറിച്ചായിരുന്നു.

Friday, October 14, 2011

ഉടയുന്ന ജീവിതവും വേനല്‍ക്കിനാവിന്റെ കവിതകളും

`എന്തെങ്കിലുമാട്ടെ,
മുറിയിന്ന്‌ തൂത്തുവാരണം'
-ഒറ്റമുറിയുള്ള വീട്‌ എന്ന പുസ്‌തകത്തിലേക്ക്‌ ഇങ്ങനെയൊരു വാതില്‍തുറന്നിടുകയാണ്‌ രാധാകൃഷ്‌ണന്‍ എടച്ചേരി. മുപ്പത്തിയേഴ്‌ കവിതകളുടെ സമാഹാരത്തിലെ രചനകളെല്ലാം ധ്വനിയുടേയും മൗനത്തിന്റേയും ഭാഷയിലെഴുതിയവയാണ്‌. ഇവ സാമൂഹികജീവിതത്തിന്റെ മറപറ്റി തിടംവയ്‌ക്കുന്ന കാവ്യവിവാദവ്യവസായത്തോട്‌ ഒട്ടിനില്‍ക്കുന്നില്ല. അതിനാല്‍ ജനാധിപത്യപരമായ ഉല്‍ക്കണ്‌ഠകളേ ഈ പുസ്‌തകത്തിലുള്ളൂ. `മൂന്നാമത്തെ/ കാല്‍ വെക്കാന്‍/ശിരസ്സ്‌, പക്ഷേ/എന്റേതല്ലല്ലോ-(അധിനിവേശം എന്ന കവിത) -എന്ന ആശങ്കയും ഈ എഴുത്തുകാരനുണ്ട്‌.
വര്‍ത്തമാനകാലത്തിന്റെ സങ്കീര്‍ണ്ണതയും ഉല്‍ക്കണ്‌ഠയും അടയാളപ്പെടുത്തുന്ന കവിതകള്‍. വഴിതെറ്റുന്ന യാത്രകളും ഒടുക്കം ലോകത്തിലേക്ക്‌ പടിയിറങ്ങുന്ന വിലാപയാത്രകളും ഇഴചേര്‍ത്തെഴുതിയ ഈ കവിതകളില്‍ പ്രണയത്തിന്റെ രക്തധമനികളും വിരഹത്തി്‌ന്റെ കനല്‍പ്പാടുമുണ്ട്‌. വേട്ടക്കാരന്റെ നിതാന്ത ജാഗ്രതയോടൊപ്പം ഇരയുടെ പിടച്ചിലും സൂക്ഷ്‌മമായി അനുഭവപ്പെടുത്തുന്നു. വായിക്കുന്തോറും കൂടുതല്‍ കൂടുതല്‍ ഖനിജങ്ങളെ വെളിപ്പെടുത്തുന്നു.
അന്വേഷണത്തിന്മേലുള്ള ഊന്നല്‍, കവിതയുടെ ജൈവസ്വഭാവത്തിലുള്ള വിശ്വാസം, പൊള്ളയായ മൂല്യബോധത്തോടുള്ള നിരാസം എന്നിവ ആധുനിക കവിതയില്‍ പുതുകാലത്തിന്റെ ഉപ,സംസ്‌ക്കാരമെന്ന നിലയില്‍ വരുന്നുണ്ട്‌. ഇതിന്റെ മൂല്യങ്ങളും ഇതു മുന്നോട്ടുവെച്ച കാവ്യസങ്കല്‍പ്പങ്ങളും രാധാകൃഷ്‌ണന്‍ എടച്ചേരിയുടെ കവിതകളില്‍ പരുക്കനും ഒപ്പം സൂക്ഷ്‌മവുമായ സ്വരവിന്യാസത്തിന്‌ വഴങ്ങുന്നുണ്ട്‌. ബാഹ്യമായ ഒരു താളവും ഗൗനിക്കാതെയാണ്‌ രാധാകൃഷ്‌ണന്റെ കവിത പിറക്കുന്നത്‌.പക്ഷേ, ശീലുകള്‍ താളക്രമത്തിന്റെ ചാലുകളില്‍ വന്നു വീഴുന്നു. നാട്ടിന്‍പുറത്തുകാരന്റെ ഗ്രാമ്യതയുണ്ട്‌.
കവിത സംസ്‌ക്കാരത്തിന്റെ തനതായ ഉറവകളിലേക്ക്‌ പോവുകയാണെന്ന ആശയം രാധാകൃഷ്‌ണന്റെ കവിതകളുടെ അന്തരീക്ഷത്തിലുണ്ട്‌. ഉള്ളിലെ ഭാവങ്ങളെ ബാഹ്യവല്‍ക്കരിക്കുന്ന ഒരു രസബോധം സാമൂഹ്യ ശുദ്ധീകരണക്രിയയായാണ്‌ ഈ കവി കണ്ടെടുക്കുന്നത്‌. അതുകൊണ്ടുതന്നെ ഗദ്യത്തിന്റെ കാവ്യപരമായ വിനിയോഗം സൂക്ഷ്‌മതയോടെ ഉദാസീനതയെ ധിക്കരിക്കുന്ന കവിയുടെ മാനുഷികത ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന നിമിഷങ്ങളും ഈ പുസ്‌തകത്തില്‍ കാണാം.`ഇടപ്പള്ളിക്ക്‌/വണ്ടികേറാന്‍/എന്തെളുപ്പം/ഒരു കയര്‍വട്ടത്തില്‍/ അകലമേയുള്ളൂ'-(അകലം).
സ്വന്തം കാഴ്‌ചയുടെ നിഴലായിത്തീരാന്‍ നടത്തുന്നഎഴുത്തുകാരന്റെ സാന്നിധ്യവും രാധാകൃഷ്‌ണന്റെ രചനകളിലുണ്ട്‌.`ഏതുരാത്രിയിലാവും/അച്ഛനും/അമ്മയും/മുറ്റത്തെ/കിണറിന്‍/ആഴമളക്കാന്‍/ഞങ്ങളേയും/കൊണ്ടുപോകുക'-(പേടി).ഇങ്ങനെ എരിയുന്ന മനസ്സില്‍ ഫണം വിടര്‍ത്തിയാടുന്ന ആത്മരോഷങ്ങളെ, പൊള്ളുന്ന വാക്കുകളാക്കി താന്‍ ജീവിക്കുന്ന കാലത്തില്‍, എല്ലാം ഒരു പൊട്ടിത്തെറി കാത്തുനില്‍ക്കുന്നു എന്ന തിരിച്ചറിവുണ്ട്‌.
`സഹിക്കില്ല/മൂലയില്‍ തനിച്ചിരുന്ന്‌/ദഹിക്കുമ്പോള്‍/ചൂലെന്ന/തെറിവിളി'(ചൂല്‌)-നിഷേധാത്മകത വാക്കിന്റെ തുടരെത്തുടരെയുള്ള ആവര്‍ത്തനവുമായിട്ടാണ്‌. ഒപ്പം കരയാനും നടക്കാനും ആരുമില്ല. ഓര്‍ത്തീടുവാനും മറക്കാനുമില്ലാതിരിക്കുന്ന ഇരുണ്ട ലോകത്തിന്റെ വിത്തുകളും പൊള്ളയായ മധുരത്തിന്റെ ചെടിപ്പുകളും അദൃശ്യമായ മരണത്തിന്റെ വേട്ടയാടലും രാധാകൃഷ്‌ണന്‍ എടച്ചേരിയുടെ കവിതകളില്‍ തെളിഞ്ഞോ, മെലിഞ്ഞോ ഒഴുകുന്നു.`ആഴങ്ങളില്‍/ഞാനും/നീയും/ഉടലുകളില്ലാതെ/ഒറ്റമരമായി/കത്തും' (ശിരോവസ്‌ത്രം). വേരിലേക്കും ഊരിലേക്കും തിരിച്ചുവരാനുള്ള യാത്രക്കാരന്റെ വെമ്പല്‍. ഇത്തരം തിരിച്ചുവരവുകളുടെ പ്രമേയം രാധാകൃഷ്‌ണന്റെ കവിതകളില്‍ കടന്നുവരുന്നുണ്ട്‌. അനുഭവത്തിന്റെ നേര്‍സ്‌പര്‍ശവും ദേശത്തനിമയുടെ മുദ്രകളും ഉള്ളതാണ്‌ ഈ കവിതകള്‍.
സിവിക്‌ ചന്ദ്രന്‍ ആമുഖക്കുറിപ്പില്‍ എഴുതുന്നു:`ഈ കവിതകള്‍ കവിതകളാകുന്നത്‌ കവിതയുടെ മുഹൂര്‍ത്തങ്ങള്‍ കണ്ടെത്താന്‍ കഴിയുന്നതു കൊണ്ടുമാത്രമല്ല, നര്‍മ്മവും നിര്‍മമതയും മിക്കവാറും കവിതയിലൊളിപ്പിക്കുന്നതു കൊണ്ടുകൂടിയാണ.്‌ നമ്മിലോരോരുത്തരിലുമുള്ള ആ കള്ളനെ, ചെറ്റയെ അഭിമുഖീകരിക്കാതെ നമുക്കിനിമുതല്‍ കവിതയെഴുതാനാവില്ല. അതികാല്‌പനികതയുടെ ചുഴികളിലേക്ക്‌ നമുക്ക്‌ നമ്മെ തന്നെ എറിഞ്ഞുകൊടുക്കാനും വയ്യ. `മുമ്പെങ്ങും/കണ്ടിട്ടില്ല/കണ്ണടച്ച്‌/ശാന്തമായുള്ള/ ഈ കിടപ്പ്‌/പക്ഷേ/കൈത്താങ്ങില്ലാതെ/ എങ്ങനെ പോകും....(പോക്കിരി)..പുതിയ കാലത്തെയും ലോകത്തെയും ഈ കവിതകള്‍ അഭിമുഖീകരിക്കുകതന്നെ ചെയ്യുന്നു'. പുതുകവിതയുടെ വേറിട്ടുനില്‍പ്പ്‌ ഈ കൃതിയില്‍ പതിഞ്ഞുനില്‍പ്പുണ്ട്‌. -ഒക്‌ടോബര്‍16, ചന്ദ്രിക വാരാന്തപ്പതിപ്പ്‌. (പുസ്‌തകം, 16-10-2011 എം.മുകുന്ദന്‍ വടകരയില്‍ പ്രകാശനം ചെയ്യുന്നു.)
ഒറ്റമുറിയുള്ള വീട്‌, രാധാകൃഷ്‌ണന്‍ എടച്ചേരി, അടയാളം പബ്ലിക്കേഷന്‍സ്‌, തൃശൂര്‍,വില-40രൂപ

Friday, September 02, 2011

ബാംസുരി സ്‌കെച്ചുകള്‍

``മധുവര്‍ണ്ണ പൂവല്ലേ
നറുനിലാ പൂമോളല്ലേ
മധുര പതിനേഴില്‍
ലങ്കി മറിയുന്നോളേ''
പി.സി.ലിയാഖത്തിന്റെ ശബ്‌ദത്തില്‍ മലയാളികളുടെ മനസ്സില്‍ തളിര്‍ത്തുനില്‍ക്കുന്ന ഈ മാപ്പിളപ്പാട്ട്‌ എഴുതിയത്‌ നാലുപതിറ്റാണ്ടു മുമ്പ്‌ വടകരയിലെ എസ്‌.വി. ഉസ്‌മാന്‍. സംഗീതത്തിന്റേയും ആയുര്‍വേദത്തിന്റേയും മണവും സ്‌പര്‍ശവും ആവോളം നുകരുന്ന ഉസ്‌മാന്റെ ഓര്‍മ്മയില്‍ വടക്കന്‍ മലബാറിന്റെ ചരിത്രത്താളുകളും ചിത്രപംക്തികളും നിറയുന്നു.
പോയകാലത്തിന്റെ ധൂളീപടലങ്ങളിലുറങ്ങുന്ന നാട്ടറിവുകളും കഥകളും ചരിത്രാംശങ്ങളും എപ്പോഴും നമ്മെ മാടിവിളിക്കാറുണ്ട്‌. ഒരു കുട്ടിയുടെ കൗതുകമനസ്സോടെ ഇന്നലേകളുടെ ആഴങ്ങളിലേക്കിറങ്ങുമ്പോള്‍ നമ്മെ വലയം ചെയ്യുന്ന അനുഭൂതി അനിര്‍വ്വചനീയമാണ്‌. ബാല്യകാലം ഓര്‍ത്തെടുക്കുമ്പോള്‍ മനസ്സില്‍ തെളിയുന്നത്‌ വടകര താഴെഅങ്ങാടിയിലെ വ്യാപാര കേന്ദ്രമാണ്‌. ഗുജറാത്തി സേട്ടുമാരുടെ കൊപ്രവ്യാപാരവും വടകര കടപ്പുറത്ത്‌ നങ്കൂരമിടുന്ന ചരക്കുകപ്പലുകളും. നാലുുവയസ്സുകാരന്‍ ഉസ്‌മാന്‍ ബാപ്പയുടെ കൂടെ കടപ്പുറത്തും താഴെഅങ്ങാടിയിലും വൈകുന്നേരങ്ങളില്‍ ചുറ്റിക്കറങ്ങുമായിരുന്നു. വടകര എന്നാല്‍ താഴങ്ങാടിയായിരുന്നു. കച്ചവടത്തിന്റെ മാത്രമല്ല, സംഗീതത്തിന്റേയും ലോകം. ഉസ്‌മാന്റെ പിതാവ്‌ കടവത്ത്‌ ബാബ വടകരയിലെ ആദ്യകാല സ്റ്റേഷനറിക്കച്ചവടക്കാരനായിരുന്നു. കലാകാരന്മാരുമായും പാട്ടുകാരുമായും ഉറ്റ ചങ്ങാത്തം പുലര്‍ത്തിയ അദ്ദേഹം നല്ലൊരു ഹാര്‍മോണിയം വായനക്കാരനുമായിരുന്നു. ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ വടകരയില്‍ കച്ചേരിക്ക്‌ വന്നപ്പോള്‍ (ഭാഗവതരുടെ സംഗീതകച്ചേരിക്ക്‌ സ്ഥിരം ഹാര്‍മോണിയം വായിച്ചിരുന്ന ആള്‍ സ്ഥലത്ത്‌ എത്തിച്ചേരാന്‍ പത്തുമിനിറ്റ്‌ വൈകി.) കച്ചേരി തുടങ്ങാന്‍ ചെമ്പൈക്കു വേണ്ടി പത്തുമിനിറ്റു ഹാര്‍മോണിയത്തില്‍ ശ്രുതിയിട്ടത്‌ ബാബയായിരുന്നു. ക്ലാസിക്കലും ഖവാലിയും ഹിന്ദുസ്ഥാനിയും എല്ലാം ബാബക്ക്‌ പ്രിയമാണ്‌. ഒപ്പം കഥകളിയും നാടകവും. താഴെഅങ്ങാടിയില്‍ അക്കാലത്ത്‌ നിരവധി നാടകങ്ങള്‍ അദ്ദേഹവും കൂട്ടുകാരും കളിപ്പിച്ചിട്ടുണ്ട്‌. വടക്കേ മലബാറിലെ, പ്രത്യേകിച്ച്‌ കടത്തനാട്‌ പ്രദേശങ്ങളിലെ ജനസഞ്ചയത്തിന്റെ ആചാരവിശ്വാസങ്ങളില്‍ വേരു പടര്‍ത്തിനില്‍ക്കുകയാണ്‌ ഉസ്‌മാന്റെ ഓര്‍മ്മകള്‍.
ഫോര്‍ ബ്രദേഴ്‌സ്‌
ഉസ്‌മാന്റെ പിതാവ്‌ ബാബയും അദ്ദേഹത്തിന്റെ മൂന്നു സഹോദരന്മാരും ചേര്‍ന്ന്‌ വടകരയില്‍ ഒരു സംഗീത ട്രൂപ്പുണ്ടാക്കി. സഹോദരന്മാര്‍ പാടുകയും ഇന്‍സ്‌ട്രുമെന്റുകള്‍ വായിക്കുകയും ചെയ്‌തു. അക്കാലത്ത്‌ വടകരയില്‍ സംഗീത സംവിധായകന്‍ ബാബുരാജിന്റെ പിതാവ്‌ ജാന്‍ മുഹമ്മദ്‌, കെ.ജി.സത്താറുടെ പിതാവ്‌ ഗുല്‍ മുഹമ്മദ്‌ എന്നിവരെല്ലാം ഒത്തുകൂടും. അവര്‍ക്കൊപ്പം ബാബയും ഉണ്ടാകും. പില്‍ക്കാലത്ത്‌ സംഗീതവൃന്ദത്തില്‍ എസ്‌. എം. കോയയും ബാബുരാജും മറ്റും എത്തി. ബാബയുടെ ഗ്രൂപ്പില്‍ ഖവാലി പാട്ടുകാരന്‍ ബാര്‍ദ്ദാന്‍ അബ്‌ദുറഹിമാനും ഉണ്ടായിരുന്നു. അങ്ങനെ സംഗീതത്തിന്റെ അന്തരീക്ഷത്തിലായിരുന്നു ഉസ്‌മാന്റെ ബാല്യം.
മലബാര്‍ കലാപം
മലബാര്‍ കലാപത്തിന്റെ കാലത്താണ്‌ ഉസ്‌മാന്റെ പിതാവ്‌ ബാബ വടകര എത്തുന്നത്‌. മലപ്പുറത്തെ നാലകത്ത്‌ തറവാട്ടിലെ അംഗമായ ബാബയുടെ സ്ഥലം വെട്ടത്തു പുതിയങ്ങാടിയാണ്‌. വടകര കോട്ടക്കലിലാണ്‌ വിവാഹം ചെയ്‌തത്‌. കലാപത്തിന്റെ ദുരിതങ്ങളും അന്നത്തെ സാമൂഹികാന്തരീക്ഷവും ബാബയുടെ മനസ്സില്‍ തീക്കനലുകളായി. പിന്നീട്‌ അദ്ദേഹം ഹാര്‍മോണിയത്തിന്റെ ശ്രുതിയില്‍ അലിയിച്ചെടുത്തത്‌ ആ വേദനകള്‍ തന്നെയായിരുന്നെന്ന്‌ ഉസ്‌മാന്‍ കരുതുന്നു.
കൊപ്രക്കച്ചവടം
താഴെഅങ്ങാടിയിലെ കൊപ്രക്കച്ചവടം അന്ന്‌ പ്രസിദ്ധമായിരുന്നു. സേട്ടുമാരും അവരുടെ വ്യാപാരവും. സോട്ടുമാര്‍ സംഗീതത്തോട്‌ ആഭിമുഖ്യമുള്ളവരും. കൊപ്രവ്യാപാരത്തില്‍ പ്രശസ്‌തി നേടിയ വടകരയിലെ പെരുവാട്ടിന്‍താഴ ചരിത്രത്തിലിടം നേടാന്‍ തുടങ്ങിയത്‌ പില്‍ക്കാലത്താണ്‌. കിഴക്കന്‍മലയോരത്തു നിന്ന്‌ കാളവണ്ടിയിലായിരുന്നു ആദ്യകാലത്ത്‌ കൊപ്ര എത്തിയിരുന്നത്‌. നാദാപുരം, കുറ്റിയാടി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ്‌ കൊപ്ര എത്തിയത്‌. പിന്നീട്‌ വാനുകളിലും ലോറികളിലുമായിട്ടാണ്‌ കൊപ്ര എത്തിയത്‌. പെരുവാട്ടിന്‍താഴയിലെ വ്യാപാരത്തിന്റെ നല്ലനാളുകള്‍ കടന്നുപോയി. തലച്ചുമട്‌ എടുക്കുന്ന സ്‌ത്രീകള്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്‌തിരുന്നതും പെരുവാട്ടിന്‍ താഴെയായിരുന്നു. വടകര കോട്ടപ്പറമ്പ്‌ പിന്നീടാണ്‌ അങ്ങാടിയായി മാറിയത്‌. കോട്ടപ്പറമ്പിലെ ആഴ്‌ചച്ചന്തയും കുലച്ചന്തയും വടകരയുടെ ചരിത്രത്തില്‍ ഇടംനേടി. പട്ടണത്തിന്റെ മാറ്റവും വ്യാപാര കേന്ദ്രങ്ങള്‍ വ്യാപിച്ചതും ഉസ്‌മാന്റെ കണ്ണുകളില്‍ നിറഞ്ഞുനില്‍ക്കുന്നു. ഇന്ന്‌ കോട്ടപ്പറമ്പിലെ ചന്തകള്‍ ചരിത്രത്തിന്റെ ഭാഗമായിക്കൊണ്ടിരിക്കുന്നു. വടകരയിലെ അരിമുറുക്കും ശര്‍ക്കരയും ഓര്‍മ്മകളിലേക്കും. പുനത്തില്‍ കുഞ്ഞബ്‌ദുള്ളയുടെ `സ്‌മാരകശിലകള്‍'എന്ന നോവലില്‍ അരിമുറുക്ക്‌ വില്‍പ്പനക്കാര്‍ ജീവിക്കുന്നു. ഉസ്‌മാന്റെ യൗവ്വനത്തോടൊപ്പം പുതിയ ബസ്‌സ്റ്റാന്റും നാരായണനഗരവും എല്ലാം രൂപപ്പെട്ടു. പഴയ വടകര മാറി. ഉസ്‌മാന്റെ ജീവിതവും.
ആയുര്‍വേദ ഏജന്‍സി
കോട്ടക്കല്‍ ആര്യവൈദ്യശാല വടകരയില്‍ ഏജന്‍സി തുടങ്ങാന്‍ ആലോചിച്ചപ്പോള്‍ അതിന്റെ ചുമതല ഏല്‍പ്പിച്ചത്‌ ഉസ്‌മാന്റെ ബാപ്പയെ ആയിരുന്നു. കാരണം വടകരയില്‍ വ്യാപാരത്തിന്റേയും കലയുടേയും രംഗത്ത്‌ അന്ന്‌ കടവത്ത്‌ ബാബ നിറഞ്ഞുനില്‍ക്കുന്നകാലം. പി.എം.വാര്യര്‍ ആയിരുന്നു അന്ന്‌ ഏജന്‍സി ബാബക്ക്‌ നല്‍കിയത്‌. ഉസ്‌മാന്‍ വളര്‍ന്നപ്പോള്‍ ബാപ്പ തുടങ്ങിവെച്ച ആയുര്‍വേദ സ്ഥാപനം ഏറ്റെടുത്തു. സംഗീതം നിറഞ്ഞ മനസ്സില്‍ ആയുര്‍വേദവും മരുന്നുകളുടെ ഗന്ധവും പച്ചപിടിച്ചു. ഇപ്പോഴും ഉസ്‌മാന്റെ ലോകം ആയുര്‍വേദ കട തന്നെ.
സൂഫിസവും
സംഗീതവും
സുകൂള്‍ വിദ്യാഭ്യാസത്തിനു ശേഷം തുടര്‍ന്നു പഠിക്കാന്‍ ഉസ്‌മാന്‌ കഴിഞ്ഞില്ല. ഉത്തരവാദിത്വങ്ങളുടെ ഇടയില്‍ പിടഞ്ഞനാളുകളായിരുന്നു. ഹാര്‍മോണിയത്തിന്റെ താളരാഗങ്ങള്‍ പതിഞ്ഞ വിരല്‍ത്തുമ്പില്‍ പേര്‍ഷ്യന്‍ സൂഫി ഹല്ലാജിയുടെ വെളിപാടുകളും പാക്കിസ്ഥാനി ഗായകന്‍ മേഹ്‌ജി ഹസ്സന്റേയും ലതാമങ്കേഷ്‌കറിന്റേയും ഗാനങ്ങള്‍ കുടിയേറി. ബൂല്‍ബിസ്‌ലി, നിസാര്‍ ഖബ്ബാനി,ഷജാത്ത്‌ ഹുസൈന്‍ ഖാനും ഇറാനിഖാനും (സിത്താര്‍) എല്ലാം ചേരുകയായിരുന്നു ഉസ്‌മാന്റെ തട്ടകത്തില്‍. `ആപ്‌ കീ നസ്‌റോ....' ചുണ്ടിലും മനസ്സിലും തിളങ്ങി.
കടയുടെ ഒറ്റമുറിയില്‍ പ്രിജ്‌റ്റ്‌ കാപ്രയും ഖലീല്‍ ജിബ്രാനും ജിദ്ദു കൃഷ്‌ണമൂര്‍ത്തിയും ഉസ്‌മാന്റെ വായനയെ വിശാലതകളിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി. തലതാഴ്‌ത്തി മുട്ടുമടക്കി, മുതുക്‌ വളച്ച്‌ ജീവിതത്തില്‍ അനുസരണത്തിന്റെ ഒരു രൂപകംപോലെ എസ്‌.വി.ഉസ്‌മാന്‍. അധികാര സ്വരൂപങ്ങള്‍ക്ക്‌ മുമ്പില്‍ വ്യക്തിജീവിതം നിസ്സാരവും തുച്ഛവുമായി പോകുന്നത്‌ സിവില്‍ സമൂഹത്തിന്റെ പ്രത്യേകതയാണെന്ന്‌ ഉസ്‌മാന്‍ തിരിച്ചറിഞ്ഞു. ആത്മഭാഷണമായി ജീവിതം പകര്‍ത്തെഴുതുമ്പോള്‍ വിട്ടുപോകുന്നത്‌ പറയാന്‍ കരുതിവെച്ച കാര്യങ്ങള്‍ തന്നെയാണെന്ന്‌ എസ്‌,വി,യും തിരിച്ചറിഞ്ഞു.
ആരോ കൊളുത്തിവെച്ച
മാന്ത്രികവിളക്ക്‌
സാധാരണ ഒരു തിരശീലക്ക്‌ പിന്നിലാണ്‌ കവിയുടെ പണിപ്പുര. ഈ കീഴ്‌വഴക്കം ഇവിടെ തലകീഴ്‌മേല്‍ മറിയുകയാണ്‌. ഉസ്‌മാന്റെ കാവ്യലോകം തിടംവെക്കുന്നത്‌ ജോലി ചെയ്യുന്ന ഒറ്റമുറിയില്‍ത്തന്നെ. അദ്ദേഹം എഴുതിയതുപോലെ: `മസിലുകള്‍ മുഴുവന്‍, എഴുന്ന്‌ കാണത്തക്കവിധം, നിര്‍ഭയം നെഞ്ച്‌ വിരിച്ച്‌, കറങ്ങുന്ന സീലിംങ്‌ ഫാനില്‍ കണ്ണുംനട്ട്‌ നീണ്ട്‌ മലര്‍ന്ന്‌...' കവിതയുടെ ഈ കിടപ്പ്‌ ജീവിതത്തിലേക്ക്‌ വിവര്‍ത്തനം ചെയ്യുകയാണ്‌ ഉസ്‌മാന്‍.
വൈലോപ്പിള്ളിയെ കവിതാ വായനയില്‍ തിടമ്പേറ്റി നടത്തിക്കുന്ന ഉസ്‌മാന്‍ എഴുത്തിലും ഒറ്റയാനിരിപ്പ്‌ കൂടെചേര്‍ത്തു. അധികം എഴുതിയില്ല. എഴുതിക്കഴിഞ്ഞവ പ്രസിദ്ധീകരണത്തിന്‌ അയക്കുന്നതും കുറവ്‌. ആദ്യകവിത പ്രസിദ്ധപ്പെടുത്തിയത്‌ വയലാറിന്റെ പത്രാധിപത്യത്തിലിറങ്ങിയ `അന്വേഷണ'ത്തില്‍.
മരണം, മഴ, പ്രണയം
മരണത്തിന്റെ കാല്‍പ്പെരുമാറ്റത്തിന്‌ കാതോര്‍ത്ത ദിനങ്ങള്‍ നിരവധി ഉസ്‌മാന്റെ ജീവിതത്തിലൂടെ കടന്നുപോയി. പ്രിയപ്പെട്ടവരുടെ മരണത്തിന്‌ കാവലാളായി. രണ്ടര വയസ്സുകാരി മകളെയും മരണം വന്നുവിളിച്ചു. മരണത്തിന്റെ കാലൊച്ചയുടെ നാളുകള്‍. ഉസ്‌മാന്റെ കവിതകളിലും മരണം മുന്നറിയിപ്പില്ലാതെ കയറിവരുന്നുണ്ട്‌.``ഓരോ പിറവിയും, തിരോധാനവും, മരണത്തിന്‌, എത്തിപ്പെടാനാവാത്ത, പ്രാണന്റെ, ഒളിത്താവളങ്ങളാണ്‌''-(കാഴ്‌ചയ്‌ക്കപ്പുറം).
മഴയുടെ സംഗീതം ഉസ്‌മാനെ ഇപ്പോഴും ഹരംപിടിപ്പിക്കുന്നു. കുഞ്ഞുനാളില്‍ മഴയുടെ ശബ്‌ദത്തിന്‌ കാത്തിരുന്നു. അത്‌ ജീവിത്തിന്റെ ഭാഗമായി. എഴുത്തിലും മഴപെയ്‌തുകൊണ്ടിരിക്കുന്നു.:`` മഞ്ഞും മഴയും, പാട്ടുമണക്കുന്ന കാറ്റും, ചിറക്‌ വെച്ചെത്തുന്ന, പ്രണയവും മൊഴിയുന്നു''.
മഴയോടൊപ്പം പ്രണയത്തിലും നനഞ്ഞതാണ്‌ ഉസ്‌മാന്റെ മനസ്സ്‌. മൂന്നുകടുത്ത പ്രണയങ്ങള്‍ യൗവ്വനത്തിലൂടെ കടന്നുപോയി. അവരെല്ലാം ജീവിതത്തിന്റെ തുഴച്ചിലിനിടയില്‍ മറുകരതേടി. ``മുറിയടച്ച്‌ ആദ്യം, വാക്ക്‌, മൗനത്തിലേക്ക്‌ പടിയിറങ്ങി. പിറകെ, നിലവിളിച്ച്‌, പ്രണയം....''-അത്‌ ഒന്നാളിക്കത്തിയ ശേഷം ഓര്‍മ്മയില്‍ പൊടുന്നനെ ഒരു തിരിയായി എരിഞ്ഞടങ്ങി. ഉസ്‌മാന്‌ അതേപ്പറ്റി അത്രമാത്രമേ പറയാനുള്ളൂ. അധിനിവേശകാലത്തെ പ്രണയം കുറിക്കുമ്പോഴും ആദ്യപ്രണയകഥകള്‍ എവിടെയോ ഒളിപ്പിച്ചു വെക്കുകയായിരുന്നു എസ്‌.വി. ഉസ്‌മാന്‍.
ഒറ്റപ്പെട്ട ഒലിമുഴക്കം
പേനയുടെ സ്‌കൂളില്‍ നിന്ന്‌ യുണിഫോമിട്ട്‌ വാക്കുകള്‍ നടന്നുപോകുന്നത്‌ ഒറ്റമുറിയിലിരുന്ന്‌ എസ്‌.വി. ഉസ്‌മാന്‍ കണ്ടെടുക്കുന്നു. എന്നെ എന്റെ പാട്ടിന്‌ വിട്‌ എന്നൊരഭ്യര്‍ത്ഥനയും. മലയാളകവിതയില്‍ വേറിട്ട ഒരൊളിത്തിളക്കമായി നില്‍ക്കുന്ന ഉസ്‌മാന്റെ ആദ്യകവിതാ സമാഹാരത്തിന്‌ പേര്‌ `ബലിമൃഗങ്ങളുടെ രാത്രി' എന്നാണ്‌. രണ്ടാമത്തേത്‌ `അധിനിവേശകാലത്തെ പ്രണയവും'. തികഞ്ഞ ആത്മവിശ്വാസത്തോടെ, വേറിട്ടു കേള്‍ക്കുന്ന തന്റെ ശബ്‌ദത്തെക്കുറിച്ച്‌, എഴുതാനുള്ള തന്റേടവും ഈ കവിക്കുണ്ട്‌. ഇടിവെട്ടുമ്പോള്‍ മാത്രം ചില്ലകളില്‍ തളിരുപൊട്ടുന്നതുപോലെയാണ്‌ എസ്‌.വി.യുടെ കവിത. ഒട്ടേറെ മാപ്പിളപ്പാട്ടുകള്‍ ആല്‍ബങ്ങള്‍ക്കുവേണ്ടി എഴുതി. `ഇത്രയും പോരെ' എന്നാണ്‌ എസ്‌.വി.ഉസ്‌മാന്റെ ചോദ്യം.

Thursday, August 25, 2011

കഥാപുസ്‌തകം


അകാലത്തില്‍ പൊലിഞ്ഞുപോയ റസാഖ്‌ കുറ്റിക്കകത്തിന്റെ `കഥാപുസ്‌തകം
കഥകള്‍ മരണത്തിന്റെ മൗനഭാഷയിലേക്ക്‌ മൊഴിമാറ്റം ചെയ്‌ത എഴുത്തുകാരന്റെ പത്തുകഥകളുടെ സമാഹാരം. മരണത്തിന്റേയും വേവലാതിയുടേയും പ്രതിരോധത്തിന്റേയും കഥകളാണ്‌ റസാഖ്‌ കുറ്റിക്കകം എഴുതിയത്‌. സാധാരണവും അസാധാരണവുമായ
ജീവിതചിത്രങ്ങള്‍. നാട്ടുഭാഷയുടെ താളത്തിലും സൗമ്യതയിലും അടയാളപ്പെടുത്തുകയാണ്‌ ഈ കഥാകാരന്‍. തെളിമയുള്ള ഭാഷയും അനാര്‍ഭാടമായ ശൈലിയും കൊണ്ട്‌ മലയാളകഥയെ വായനക്കാരിലേക്ക്‌ തിരിച്ചുപിടിക്കുകയാണ്‌ ഈ പുസ്‌തകം. അഴിമതിയും അതിന്റെ പൊരുളും ചെക്കുപോസ്റ്റിലെ ജോലിക്കാരന്‍ ശങ്കരന്‍കുട്ടിയുടെ ജീവിതത്തിലൂടെ വരച്ചുകാണിക്കുകയാണ്‌ `പാപത്തിന്റെ ശമ്പളം' എന്ന കഥയില്‍. പുസ്‌തകത്തിലെ അവസാനകഥ `റോജാ മിസ്സി'ല്‍ വസ്‌ത്രധാരവും പെരുമാറ്റവും കൊണ്ട്‌ നിമിഷ എന്ന വിദ്യാര്‍ത്ഥിനിയുടെ ഇഷ്‌ടപ്പെട്ട റോജ ടീച്ചറെക്കുറിച്ചാണ്‌ പറയുന്നത്‌.
കടക്കെണി മൂലം ആത്മഹത്യ ചെയ്‌ത കുടുംബമാണ്‌ `നാലാമത്തെ ചിത്രം' എന്ന കഥയില്‍. പാസഞ്ചര്‍ വ
ണ്ടിയില്‍ സഹയാത്രികരായ കുടുംബത്തിന്റെ കൂട്ട ആത്മഹത്യയാണ്‌ വിഷയം. വര്‍ത്തമാന ജീവിതാവസ്ഥയിലേക്ക്‌ വായനക്കാരെ കൂട്ടിക്കൊണ്ടുപോവുകയാണ്‌ ഈ കഥയിലൂടെ റസാഖ്‌. കഥയും കഥാപാത്രങ്ങളും നമുക്ക്‌ ചുറ്റും ജീവിക്കുന്നവരാണ്‌. അവരും അവര്‍ നേരിടുന്ന പ്രശ്‌നങ്ങളും നമ്മുടെ മുന്നിലൂടെ കടന്നുപോകുന്നു. പക്ഷേ, നാം അത്‌ തിരിച്ചറിയുന്നില്ല. കഥാകൃത്തിന്‌ അത്‌ കാണാതിരിക്കാനാവുന്നില്ല. `അജ്ഞാതന്റെ വിളികളി'ലും കലാപവും കുടുംബങ്ങളും ഇഴചേരുകയാണ്‌. മൊബൈലില്‍ ഇടയ്‌ക്കിടെ തന്നെ വിളിക്കുന്ന അജ്ഞാതനില്‍ പ്രതീക്ഷയമര്‍പ്പിക്കുന്ന ഒരു അച്ഛന്റെ മനസ്സാണ്‌ ഈ കഥയില്‍ ആവിഷ്‌ക്കരിക്കുന്നത്‌.
കുടുംബകലഹത്തിന്റെ തീരാക്കഴങ്ങളിലേക്ക്‌ ഇറങ്ങിനില്‍ക്കുകയാണ്‌ `ദൃക്‌സാക്ഷി' എന്ന കഥ. മനുഷ്യന്റെ അകംപുറം കാഴ്‌ചയാണ്‌ ഈ കഥ അനുഭവിപ്പിക്കുന്നത്‌. ശ്യാമനൗനത്തിന്റെ പാട്ടുകാരനായ കഥയെഴുത്തുകാരന്റെ കാഴ്‌ചകളും നമ്മുടെ മനസ്സില്‍ വന്നുതൊടുന്നു. അകാലത്തില്‍ പൊലിഞ്ഞുപോയ റസാഖ്‌ കുറ്റിക്കകത്തിന്റെ `അജ്ഞാതന്റെ വിളികള്‍' എന്ന പുസ്‌തകം ജീവിതത്തിലേക്കുള്ള പിന്‍വിളിയാണ്‌. മറുകാഴ്‌ചയിലേക്കുള്ള ഉണര്‍ത്തലും.

അജ്ഞാതന്റെ വിളികള്‍
റസാഖ്‌ കുറ്റിക്കകം
ലിഖിതം ബുക്‌സ്‌, കണ്ണൂര്‍
വില-40രൂപ

Thursday, July 21, 2011

പുസ്‌തകം


സ്‌ത്രീരോഗം:
പ്രശ്‌നങ്ങളും പ്രതിവിധികളും

സ്‌ത്രീകള്‍ അഭിമുഖീകരിക്കുന്ന രോഗങ്ങളെക്കുറിച്ചും പ്രതിവിധികളെക്കുറിച്ചും പ്രമുഖരായ ഡോക്‌ടര്‍മാര്‍ തങ്ങളുടെ പഠനത്തില്‍ നിന്നും അനുഭവത്തില്‍ നിന്നും എഴുതിയ ലേഖനങ്ങളുടെ സമാഹാരം. രോഗങ്ങളെ തടയാനും ചികിത്സിക്കാനും ഓരോ സ്‌ത്രീയും എങ്ങനെയെല്ലാം തയ്യാറെടുക്കണമെന്ന്‌ വ്യക്തമാക്കുന്ന പുസ്‌തകം. ആരോഗ്യപൂര്‍ണ്ണവും സൗന്ദര്യപരവുമായ ജീവിതത്തിന്‌ ഈ പുസ്‌തകം സഹായകമാകുന്നു.
എഡിറ്റര്‍: കുഞ്ഞിക്കണ്ണന്‍ വാണിമേല്‍
ഒലിവ്‌,കോഴിക്കോട്‌
വില-70 രൂപ

നാടുനീങ്ങുന്ന ജനതയിലേക്ക്‌

സിനിമ കാഴ്‌ചയുടേയും? ചിന്തയുടേയും കലയാണ്‌. ക്യാമറ കൊണ്ടെഴുതുന്ന പാഠപുസ്‌തകമായി സിനിമമാറിക്കൊണ്ടിരിക്കുകയാണ്‌. ചലച്ചിത്രത്തിന്റെ കാഴ്‌ചയിലും വായനയിലും പുതിയ പരീക്ഷണങ്ങളും കണ്ടെത്തലുകളും നടക്കുന്നു. ലോകസിനിമയില്‍ നിര്‍മ്മിതിയുടെയും വ്യാഖ്യാനത്തിന്റെയും തലത്തില്‍ അട്ടിമറികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്‌. മേളകളിലെത്തുന്ന മിക്ക ചിത്രങ്ങളും പ്രേക്ഷകനോട്‌ സംസാരിക്കുന്നത്‌ ചലച്ചിത്രകലയുടെ പുതിയ മേച്ചില്‍പ്പുറങ്ങളെപ്പറ്റിയാണ്‌. കഥാകഥനത്തിനപ്പുറം യാഥാര്‍ത്ഥ്യങ്ങളുടെ തീക്ഷ്‌ണതകള്‍ പങ്കുവയ്‌ക്കുന്നു. അണ്ടര്‍ഗ്രൗണ്ട്‌ ചിത്രങ്ങളിലും ഡോക്യമെന്ററികളിലുമാണ്‌ ക്യാമറയുടെ ഉണര്‍ത്തുപാട്ടുകള്‍ ആദ്യം കേള്‍ക്കുന്നത്‌. ഇന്ത്യന്‍ ചലച്ചിത്രങ്ങളിലും രാഷ്‌ട്രീയവും സാമൂഹികവും മാനുഷികവുമായ അവസ്ഥകളെക്കുറിച്ചുള്ള ആകുലതകള്‍ നിറയുന്നുണ്ട്‌. അസുഖകരവും അത്യന്തം സംഘര്‍ഷാത്മകവുമായ സാഹചര്യങ്ങളുടെ ഡോക്യുമെന്ററി ഫൂട്ടേജുകള്‍ സൂക്ഷ്‌മതയോടെ ഉപയോഗപ്പെടുത്തുന്നതില്‍ ചലച്ചിത്രകാരന്മാര്‍ താല്‍പര്യം കാണിച്ചു തുടങ്ങി. ഇതിന്റെ ശക്തമായ പ്രതിഫലനം ഡോക്യുമെന്ററികളിലും ഷോര്‍ട്ടുഫിലിമുകളിലും കാണാം.
മനുഷ്യര്‍ വളരെ ചുരുങ്ങിയ വാക്കുകളില്‍ സംസാരിക്കുകയും വികാരപ്രകടനങ്ങള്‍ പങ്കുവയ്‌ക്കുകയും ചെയ്യുന്ന മൂന്ന്‌ ഗിരിവര്‍ഗ വിഭാഗത്തിലേക്കാണ്‌ ഉണ്ണികൃഷ്‌ണന്‍ ആവളയുടെ `ഒടുവിലത്തെ താള്‍' എന്ന ഡോക്യുമെന്ററി നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്‌.നിലമ്പൂര്‍ വനത്തില്‍ താമസിക്കുന്ന ചോലനായ്‌ക്കരുടെയും ആളരുടെയും അറനാടരുടെയും ജീവിതപ്രതിസന്ധികളാണ്‌ ഉണ്ണികൃഷ്‌ണന്‍ ആവള രചനയും സംവിധാനവും നിര്‍വ്വഹിച്ച `ഒടുവിലത്തെ താളി'ലൂടെ പറയുന്നത്‌. തങ്ങളുടേതല്ലാത്ത കുറ്റം കൊണ്ട്‌ വംശനാശത്തിലേക്ക്‌ പതിച്ചു കഴിഞ്ഞവരാണ്‌ ഏഷ്യയിലെ പ്രാക്തന ആദിവാസികളില്‍പെട്ട ചോലനായ്‌ക്കരും ആളരും അറനാടരും(കാടിറങ്ങി നാട്ടിലെത്താത്തവര്‍). ഈ രണ്ടു വിഭാഗം ആദിവാസികളും അനുഭവിക്കുന്ന ദുരിതങ്ങളും നേരിടുന്ന ചൂഷണങ്ങളും അവരുടെ ആചാരങ്ങളും എല്ലാം 55 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള `ഒടുവിലത്തെ താളില്‍' അടയാളപ്പെടുത്തുന്നുണ്ട്‌. ഒരു ജനവര്‍ഗ്ഗം കുറ്റിയറ്റുപോകുന്നതിന്റെ കണ്ണീര്‍പ്പാടമാണ്‌ ഈ ഡോക്യുമെന്ററി. വിറകും പച്ചമരുന്നും ശേഖരിച്ച്‌ ജീവിക്കുന്ന ഈ കാട്ടുജാതികളെ ഏതൊക്കെവിധത്തിലാണ്‌ നാഗരികര്‍ ഇരകളാക്കുന്നത്‌? ഇതിന്റെ ദൃശ്യരേഖ ഭംഗിയായി ഇത്‌ വ്യക്തമാക്കുന്നുണ്ട്‌. ചോലനായ്‌ക്കരുടെയും അറനാടുകാരുടെയും ആളരുടെയും വംശനാശം ഒരു സംസ്‌കാരത്തിന്റെയും ഭാഷയുടെയും അറുതിയാകും. അത്‌ സംബന്ധിച്ച വേവലാതിയാണ്‌ ഈ ചിത്രം പങ്കുവയ്‌ക്കുന്നത്‌.
ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിര്‍മ്മിത തേക്കിന്‍തോപ്പാണ്‌ നിലമ്പൂര്‍ വനം. ഇവിടെ വസിക്കുന്ന ചോലനായ്‌ക്കന്മാരെപ്പറ്റി 1972-ലാണ്‌ പുറംലോകമറിയുന്നത്‌. പണ്ട്‌ 1000 പുരുഷന്മാര്‍ക്ക്‌ 1069 സ്‌ത്രീകള്‍ എന്നതായിരുന്നു ചോലനായ്‌ക്കരുടെ സ്‌ത്രീപുരുഷ അനുപാതം. ഇപ്പോള്‍ ഇവരില്‍ സ്‌ത്രീകളുടെ എണ്ണം വളരെ കുറഞ്ഞു. പുരുഷന്മാര്‍ 223ഉം സ്‌ത്രീകള്‍ 186ഉം എന്നാണ്‌ ഇപ്പോഴത്തെ കണക്ക്‌. ആകെ 43 കുടുംബങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്ന്‌ ഈ ഡോക്യുമെന്ററി ഓര്‍മ്മപ്പെടുത്തുന്നു. തമിഴ്‌, കന്നഡ, മലയാളം കലര്‍ന്ന സങ്കരഭാഷയാണ്‌ ഈ ആദിവാസികള്‍ സംസാരിക്കുന്നത്‌. 1300 അടി ഉയരത്തിലുള്ള മലമടക്കുകളിലാണ്‌ ഇവര്‍ വസിക്കുന്നത്‌. 2500 വര്‍ഷത്തെ പാരമ്പര്യമുള്ള സംസ്‌കാരം. മക്കത്തായികളായ ഇവര്‍ വിധവാവിവാഹം അനുകൂലിക്കുന്നില്ല. അധിനിവേശത്തിന്റെ പാടുകളും നിലമ്പൂര്‍പാട്ടും, സര്‍വാണിസദ്യയും എല്ലാം ഈ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. സാമൂഹ്യശാസ്‌ത്രവും ഫോക്‌ലോറും കലര്‍ന്ന ജീവിതാന്തരീക്ഷം പിന്തുടരുന്ന ഈ ഡോക്യുമെന്ററിയില്‍ ആദിവാസികളുടെ യാതനകളും രോഗങ്ങളും ശീലങ്ങളും ഇരകളാകുന്നവഴികളും ദൃശ്യപംക്തികളായി ഇഴചേര്‍ന്നിരിക്കുന്നു. വൈദേഹി ക്രിയേഷന്‍സിന്റെ `ഒടുവിലത്തെ താള്‍' അകംനീറ്റലിന്റേയും പുറംകാഴ്‌ചയുടേയും തിരഭാഷയാണ്‌. പ്രേംകുമാര്‍, മുഹസിന്‍ കോട്ടക്കല്‍, പ്രദീപന്‍ പാമ്പിരിക്കുന്ന്‌, മൈന ഉമൈബാന്‍, ജിനു ശോഭ, ഡാറ്റസ്‌, ഷമീര്‍ മച്ചിങ്ങല്‍, പ്രീത, ഹിഷാം തുടങ്ങിയവരാണ്‌ അണിയറ പ്രവര്‍ത്തകര്‍. -ചന്ദ്രിക വാരാന്തപ്പതിപ്പ്‌

Friday, July 15, 2011

സങ്കടങ്ങളുടെ നേര്‍ക്കാഴ്‌ച



പൊതുനിരത്തുകളില്‍ ദിവസവും പൊലിയുന്നത്‌ നിരവധി ജീവനാണ്‌. റോഡപകടങ്ങളുടെ വിവിധ കാരണങ്ങളെക്കുറിച്ച്‌ കേരളത്തില്‍ ആദ്യമായി ബി. സുജാതന്‍ നടത്തിയ സമഗ്രമായ പഠനത്തെപ്പറ്റി

മോട്ടോര്‍വാഹനങ്ങളുടെ വരവോടെ യാത്രാസൗകര്യങ്ങള്‍ക്ക്‌ ഏറെ സഹായം ലഭിക്കുന്നുവെന്നത്‌ ഒരു വസ്‌തുത തന്നെ. വാഹനങ്ങളുടെ ലഭ്യതയില്‍ ആഹ്ലാദിക്കുന്നതോടൊപ്പം ദു:ഖങ്ങളുടെയും രോദനങ്ങളുടെയും നേര്‍ക്കാഴ്‌ചയില്‍ നിസ്സഹായരായി നില്‍ക്കുന്ന സമൂഹവും. യാഥാര്‍ത്ഥത്തില്‍ ഇത്‌ വാഹനങ്ങളുടെ കുഴപ്പംകൊണ്ടല്ല, ശകടങ്ങളെ നിയന്ത്രിക്കുന്ന മനുഷ്യരുടെ വകതിരിവില്ലായ്‌മയും അഹങ്കാരവും നിയമലംഘനവുമാണ്‌ കാരണം. രാജ്യത്ത്‌ പ്രതിവര്‍ഷം 10 ലക്ഷത്തിലധികം റോഡപകടങ്ങളിലായി ഒരു ലക്ഷത്തിലേറെ പേര്‍ മരണമടയുന്നു. ഓരോ മണിക്കൂറിലും ശരാശരി 13 പേരാണ്‌ അകാലത്തില്‍ മരണപ്പെടുന്നത്‌. കേരളത്തിലെ സ്ഥിതിയും വിഭിന്നമല്ലെന്നുള്ളതാണ്‌ സത്യം. സംസ്ഥാനത്ത്‌ സംഭവിക്കുന്ന റോഡപകടങ്ങളില്‍ 40 ശതമാനവും വാഹനമോടിക്കുന്നവര്‍ മദ്യം ഉപയോഗിക്കുന്നതുകൊണ്ടാണെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ജനസാന്ദ്രതപോലെ വാഹനസാന്ദ്രതയ്‌ക്കും കേരളം ഇന്നു മുന്നിലാണ്‌.
കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന വാഹനാപകടങ്ങളില്‍ മരിക്കുകയും ഗുരുതരമായ പരിക്കുകള്‍ മൂലം ദു:ഖം അനുഭവിക്കുകയും ചെയ്യുന്ന ചില സംഭവങ്ങളെക്കുറിച്ചുള്ള പ്രതിപാദ്യമാണ്‌ `കണ്ണീര്‍ച്ചാലുകളേ സാക്ഷി'യിലൂടെ വെളിപ്പെടുത്തുന്നത്‌. അപകടങ്ങളില്‍ മരിച്ച്‌ അനാഥമാകുന്ന കുടുംബങ്ങളെക്കുറിച്ചോ, പരിക്കേറ്റ്‌ വിദഗ്‌ധ ചികിത്സയ്‌ക്ക്‌ സാമ്പത്തിക ബുദ്ധിമുട്ട്‌ അനുഭവിക്കുന്നവരുടെ സങ്കടങ്ങളുടെ നേര്‍ക്കാഴ്‌ചകളെക്കുറിച്ചോ ഒരു ഗ്രന്ഥം മലയാളത്തില്‍ ഇതുവരെയുണ്ടായില്ല. അതുതന്നെ ഈ പുസ്‌തകത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.
ലക്ഷ്യസ്ഥലത്തെത്തുവാന്‍ എത്രദൂരം വേണമെങ്കിലും മനുഷ്യന്‍ നടന്നുപോയിരുന്ന ഒരു ഗതകാലം. യാത്രകള്‍ക്ക്‌ മറ്റു മാര്‍ഗ്ഗങ്ങളൊന്നുമില്ലാതിരുന്നതിനാല്‍ നടത്തം എല്ലാവര്‍ക്കും അന്ന്‌ വളരെ പ്രിയം. രോഗങ്ങളും തീരെ കുറവുള്ള ഒരു കാലഘട്ടം, അരോഗദൃഢഗാത്രരായ ആള്‍ക്കാര്‍. ഇന്ന്‌ അങ്ങനെയൊരു സാഹചര്യത്തെക്കുറിച്ച്‌ ചിന്തിക്കാനേ കഴിയില്ല. ഇന്ന്‌ ഒരു കീ.മീറ്റര്‍ ദൂരം പെട്ടെന്ന്‌ നടന്നെത്താവുന്നതാണെങ്കിലും നമ്മള്‍ അരമണിക്കൂര്‍ സമയം ബസ്സ്‌ കാത്തുനില്‍ക്കും. നടന്നുപോകുന്നത്‌ അന്തസ്സിന്റെ പ്രശ്‌നമായും ചിലര്‍ കാണുന്നുണ്ട്‌. തീരെ നടക്കാത്തതുകൊണ്ട്‌ രോഗങ്ങളെയും ക്ഷണിച്ചു വരുത്തുന്നു.
മോട്ടോര്‍ വാഹനങ്ങള്‍ പ്രചാരത്തിലാകുന്നതിനു മുമ്പ്‌ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കരിഗ്യാസ്‌ വണ്ടികള്‍ യാത്രാ സൗകര്യത്തിന്‌ നിര്‍ണ്ണായകമായ പങ്ക്‌ വഹിച്ചിട്ടുണ്ട്‌. ഇപ്പോള്‍ റോഡുകള്‍ മത്സരവേദികളാവുകയാണ്‌. വാഹനപ്പെരുപ്പം കൊണ്ട്‌ വീര്‍പ്പുമുട്ടുന്ന സംസ്ഥാനത്തെ നിരത്തുകളില്‍ വാഹനമോടിക്കുന്നവരുടെ കര്‍ശനനിയന്ത്രണങ്ങളും അച്ചടക്കവും കാല്‍നടക്കാരുടെ അതീവ ശ്രദ്ധയുമുണ്ടെങ്കില്‍ എത്രയോ റോഡപകടങ്ങള്‍ ഒഴിവാക്കാന്‍ കഴിയും. അമേരിക്കയില്‍ ഏഴുപേര്‍ക്ക്‌ ഒരു വാഹനമുള്ളപ്പോള്‍ കേരളത്തില്‍ ആറുപേര്‍ക്ക്‌ ഒരു വാഹനമുണ്ട്‌.
ചക്രത്തില്‍ കയറ്റിവച്ച അപായമാണ്‌ മോട്ടോര്‍ വാഹനം. അതിന്റെ ചക്രം പിടിക്കുന്നവര്‍ കൂടി അപകടകാരിയാണെങ്കില്‍ കുരങ്ങന്റെ കൈയില്‍ പൂമാല കിട്ടിയതുപോലിരിക്കും. മൂന്ന്‌ ഋ യുടെ അഭാവം കൊണ്ടാണ്‌ വാഹന അപകടങ്ങള്‍ പെരുകാന്‍ കാരണം. മൂന്ന്‌ ഋ എന്നാല്‍ എഞ്ചിനിയറിംഗ്‌, എന്‍ഫോഴ്‌സ്‌മെന്റ്‌, എജ്യുക്കേഷന്‍ എന്നാണ്‌ അര്‍ത്ഥമാക്കേണ്ടത്‌.
ദിവസേന സംസ്ഥാനത്തെ നിരത്തുകളിലുണ്ടായിക്കൊണ്ടിരിക്കുന്ന ഭയാനകമായ വാഹനാപകടങ്ങള്‍ കണ്ടും കേട്ടും വായിച്ചും മനം മടുത്ത ഒരു മനുഷ്യസ്‌നേഹി അതിന്‌ അല്‌പമെങ്കിലും തടയിടാനോ ജനത്തെ ബോധവല്‍ക്കരിക്കുവാനോ കഴിയുമെന്ന വിശ്വാസത്തിലാണ്‌ ഈ പുസ്‌തകം രചിച്ചത്‌.
റോഡപകടങ്ങളുടെ വിവിധ കാരണങ്ങളെക്കുറിച്ചും നിയന്ത്രണ മാര്‍ഗ്ഗങ്ങളെപ്പറ്റിയും അവയോട്‌ ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ചും അപകടത്തെത്തുടര്‍ന്ന്‌ ഉടനെ ഉണ്ടാവേണ്ട കാര്യങ്ങളെപ്പറ്റിയും സുജാതന്‍ സവിസ്‌തരം ഈ പുസ്‌തകത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്‌. അവതാരിക കല്ലേലി രാഘവന്‍പിള്ള.


കണ്ണീര്‍ച്ചാലുകളേ സാക്ഷി, ബി.സുജാതന്‍, സാഷണല്‍ ബുക്ക്‌ സ്റ്റാള്‍, വില-100 രൂപ