Thursday, December 03, 2015

കാലത്തിന്റെ കണ്ണാടികള്‍


'ജീവിതം ഭയങ്കരമായ ഒരു പൊരുത്തക്കേടാണ്. നാം പുച്ഛത്തോടെ ചിരിക്കുന്നു. ആ ചിരിയില്‍ മനുഷ്യജന്മത്തിന്റെ മുഴുവന്‍ ദു:ഖവും അടങ്ങിയിരിക്കുന്നു...' എന്നിങ്ങനെ എഴുത്തുകാരന്‍ കാക്കനാടന്‍ ഒരിടത്ത് പറഞ്ഞുവെച്ചിട്ടുണ്ട്. വാക്കുകളുടെ കലര്‍പ്പ് അതിന്റെ സകല വിശുദ്ധിയോടുകൂടിയും നല്ല രചനകളില്‍ പ്രത്യക്ഷപ്പെടുന്നു. അതുകൊണ്ടാണ് ഏകാകിയായ മനുഷ്യന്റെ കലാപവാസന ചരിത്രത്തിന്റെ പ്രധാന പാഠമായി തീരുമെന്ന് പറയുന്നത്. അങ്ങനെയുള്ള ജീവിതം അടുത്തറിയുന്ന അയാള്‍ അവതരിപ്പിക്കുന്ന സൗന്ദര്യശാസ്ത്രം ഉള്‍ക്കാഴ്ചയുടെ സത്തയാണ്. പ്രൊഫ. എം. എന്‍. വിജയന്റെ വാക്കുകള്‍ക്ക് മലയാളികള്‍ കാതോര്‍ത്തതും മറ്റൊന്നല്ല. 
വിജയന്‍മാഷുടെ കൃതികള്‍ വീണ്ടും വീണ്ടും വായിക്കപ്പെടുന്നത് അവ 'ഉപ്പിലിട്ട മാങ്ങ'യായതുകൊണ്ടാണ് (ഉപ്പിലിട്ട മാങ്ങ എന്ന പ്രയോഗം കേസരി ബാലകൃഷ്ണപ്പിള്ളയുടെ ചിന്തകള്‍ക്ക് എം. എന്‍ വിജയന്‍ നല്‍കിയ വിശേഷണം). താഹ മാടായി (മാതൃഭൂമി ആഴ്ചപ്പതിപ്പ്) എഴുതിയ അളന്നുമുറിച്ചു നടന്ന അകംപുറം വഴികള്‍ എന്ന ലേഖനം എം. എന്‍. വിജയന്റെ ചിന്തകളിലേക്ക് വായനക്കാരനെ വീണ്ടും കൂട്ടിക്കൊണ്ടുപോകുന്നു. വിജയന്‍മാഷെ അനുസ്മരിക്കുന്ന ലേഖനത്തില്‍ അദ്ദേഹത്തിന്റെ വാക്കുകളിലെ അഗ്നിസ്പര്‍ശം നിറഞ്ഞുനില്‍പ്പുണ്ട്.
നരച്ചമുടി ഭീരുത്വത്തിന്റെ ലക്ഷണം കൂടിയാണെന്ന് ഓര്‍മ്മപ്പെടുത്തിയത് കവി വൈലോപ്പിള്ളി ശ്രീധരമേനോനാണ് (കുടിയൊഴിക്കല്‍). എല്ലാ ക്രിമിനലുകളും ഒരുപോലെയാണ് എന്ന് ലേഖനത്തില്‍ ടി. പത്മനാഭന്‍ (മാധ്യമം ആഴ്ചപ്പതിപ്പ്, പ്രതിസ്വരം) മറ്റൊരു യാഥാര്‍ത്ഥ്യം ചൂണ്ടിക്കാട്ടുന്നു. ലോകം കണ്ട മാഫിയാത്തലവന്മാരില്‍ ഒരാളായ അല്‍ കപോണ്‍ അന്ത്യശ്വാസം വലിക്കുമ്പോള്‍ പറഞ്ഞത്: 'എന്റെ കോട്ടിനുള്ളില്‍ ഒരു പരീക്ഷീണമായ ഹൃദയമുണ്ട്. അത് ഒരാള്‍ക്കും ഒരു ഉപദ്രവവും ചെയ്തിട്ടില്ല' എന്നായിരുന്നുവെന്ന് പത്മനാഭന്‍ സൂചിപ്പിക്കുന്നു. ഇരുതല മൂര്‍ച്ചയുള്ള പ്രയോഗം.
ഡോ.എം.ലീലാവതിയുടെ വാക്കുകള്‍ ആര്‍ദ്രതയുടെ തളിര്‍പ്പാണ്. നിരൂപണത്തിനും വിമര്‍ശത്തിനും സ്‌നേഹത്തിന്റെ സൗന്ദര്യശാസ്ത്രം അടയാളപ്പെടുത്തിയ എഴുത്തുകാരിയുമാണ് ലീലാവതി ടീച്ചര്‍. എന്നാല്‍ ആഹാരവും അധികാരവും എന്ന ലേഖനത്തില്‍ (മലയാളം വാരിക) അല്‍പം കര്‍ക്കശനിലപാടാണ് ലീലാവതി സ്വീകരിച്ചത്. 'ഇപ്പോള്‍ നമ്മുടെ നാട്ടില്‍ വാളെടുത്ത് വെളിച്ചപ്പെടുന്ന അസഹിഷ്ണുതയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ജീവകാരുണ്യം അല്ലതന്നെ. ഭാരതീയ പാരമ്പര്യത്തെക്കുറിച്ചുള്ള മിഥ്യാധാരണകളാണ് ഉറവ. ഉത്തരരാമ ചരിതം നിങ്ങള്‍ നിരോധിക്കുമോ?'- എന്നൊരു ചോദ്യം ലീലാവതി ടീച്ചര്‍ ഉന്നയിക്കുന്നു. ബീഫ് വിവാദത്തില്‍ പ്രസക്തമാണിത്.
പോയവാരത്തില്‍ കരുത്തുറ്റ മറ്റൊരു ചോദ്യം തന്നെയാണ് ടി.വി സുനിതയുടേത്. പെണ്ണിന്റെ എഴുത്തുമുറികള്‍-ആണിന്റേയും (മാധ്യമം ആഴ്ചപ്പതിപ്പ്) എന്ന ലേഖനം. ആണ്‍ എഴുതുമ്പോള്‍ ജീവിതത്തിന്റെ സകല ഉത്തരവാദിത്തവും സ്വയം ഏറ്റെടുത്ത്, ചുരുക്കെഴുത്തുകാരിയായും സെക്രട്ടറിയായും, പ്രണയിനിയായും ഭാര്യയായും സ്ത്രീ ഒതുങ്ങുന്നു. എന്നാല്‍ സ്ത്രീ എഴുതുമ്പോഴോ? എന്താണ് സ്ത്രീയുടെ എഴുത്തുമുറി! അത്തരമൊന്ന് അവള്‍ക്കുണ്ടോ?. 
എന്‍. പി. ഹാഫിസ് മുഹമ്മദ് അഭിമുഖത്തില്‍ അധ്യാപനത്തിന്റെ സവിശേഷത വ്യക്തമാക്കുന്നു. (എന്‍. പി. ഹാഫിസ് മുഹമ്മദ്/വി.കെ.സുരേഷ്, ചന്ദ്രിക ആഴ്ചപ്പതിപ്പ്)) 'എന്റെ മുന്നില്‍, ബിരുദാനന്തര ബിരുദം കഴിഞ്ഞപ്പോള്‍ രണ്ട് ചോദ്യമുണ്ടായിരുന്നു. പത്രപ്രവര്‍ത്തനം വേണോ, അധ്യാപനം വേണോയെന്ന്. രണ്ട് ജോലിയും ഒരേസമയത്തുതന്നെ എനിക്ക് കിട്ടി. പക്ഷേ, ഞാന്‍ തെരഞ്ഞെടുത്തത് അധ്യാപനമാണ്. അധ്യാപനത്തിലൂടെ നമുക്ക് കാലത്തെ സ്പര്‍ശിച്ചറിയാന്‍ സാധിക്കും. അത് വരാനിരിക്കുന്ന തലമുറയുടെ മര്‍മം അറിയാനുള്ള ഒരു പരിശീലനക്കളരികൂടിയാണ്....' .
സമകാലിക സാമൂഹികവിഷയം എഴുതിയ രണ്ട് കഥകളാണ് ഈ ആഴ്ച വായനക്കാരന് ലഭിച്ചത്. കെ.ആര്‍ മീരയുടെ 'ഭഗവാന്റെ മരണം' (മലയാളം വാരിക), എബ്രഹാം മാത്യുവിന്റെ 'അമ്മ' (മാധ്യമം ആഴ്ചപ്പതിപ്പ്). മീര ഗോവധവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കഥയാക്കിയത്. വായനക്കാരനായ പ്രൊഫസറും കഥപറച്ചിലിന് ആക്കം കൂട്ടുന്ന അമരയും. കഥയുടെ ശക്തമായ ഇടപെടലാണ് മീരയുടെ എഴുത്ത്. എബ്രഹാം മാത്യു അമ്മയുടെ വേവലാതി പറയുമ്പോള്‍ ഒരു വീട്ടുകാരനേയും വീട്ടുകാരിയേയും കൊണ്ടുവരുന്നു. കടത്തിണ്ണയിലെ അമ്മയും വീടകത്തെ അമ്മയുമുണ്ട്. ഇങ്ങനെ വ്യത്യസ്ത വിതാനങ്ങളിലൂടെ അമ്മ നേരിടുന്ന പ്രശ്‌നം അവതരിപ്പിക്കുന്നു.
പ്രശസ്ത സംഗീതജ്ഞനായിരുന്ന നെയ്യാറ്റിന്‍കര വാസുദേവന്റെ ജീവിതകഥ- ചിട്ടസ്വരങ്ങള്‍ (കൃഷ്ണ മൂര്‍ത്തി, കലാകൗമുദി) വായനയില്‍ വേറിട്ടു നില്‍ക്കുന്നു. ഉച്ചഭക്ഷണത്തെപ്പറ്റി 'മോഹനചന്ദ്രന്‍ തീര്‍ത്തുപറഞ്ഞു: ഉച്ചയൂണ് എന്റെ വീട്ടില്‍. നെയ്യാറ്റിന്‍കര ആശുപത്രി ജംഗ്ഷന്‍ കഴിഞ്ഞ് കാട്ടാക്കടയ്ക്ക് പോകും വഴി. വഴുതൂര്. മിക്ക ദിവസങ്ങളിലും മോഹനചന്ദ്രന്‍ വാസുദേവനെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ചു. ചിലപ്പോള്‍ പോകും. വീടിനുള്ളിലേക്ക് കടക്കാന്‍ വാസുദേവന് ശങ്കയായിരുന്നു. തീണ്ടല്‍. തൊടീലിന്റെ കാലം...' (കടല്‍ക്കാക്ക എന്ന വൈലോപ്പിള്ളിക്കവിതയിലെ കുട്ടിയെ പോലെ). സംഗീത മനസ്സിന്റെ രാഗതാളത്തില്‍ വിരിയുന്ന ജീവിതത്തുടിപ്പ്.
കുഞ്ഞിക്കണ്ണന്‍ വാണിമേല്‍
ചന്ദ്രിക വാരാന്തപ്പതിപ്പ്-നിബ്ബ്, 29 നവംബര്‍ 2015

No comments: