Friday, February 25, 2011

കഥയിലെ ഗ്രാമവൃക്ഷം

കഥയിലെ ഗ്രാമവൃക്ഷംനാട്ടെഴുത്തിന്റെ പച്ചപ്പിലേക്ക്‌ മലയാളകഥ വീണ്ടും തിരിച്ചെത്തുകയാണ്‌ റഹ്‌മാന്‍ കിടങ്ങയത്തിന്റെ കഥകളിലൂടെ. എല്ലാം നഗരവല്‍ക്കരിക്കപ്പെടുന്ന കാലത്തില്‍ നാട്ടുപഴമയും പച്ചിലക്കാടുകളും ഇടവഴികളും കൗതുകങ്ങളും നമ്മുടെ ഓര്‍മ്മയിലേക്ക്‌ ചേര്‍ത്തുപിടിക്കുന്ന പത്തുകഥകളുടെ സമാഹാരമാണ്‌ `ഇരുട്ട്‌ എലിസബത്തിനോട്‌ പറഞ്ഞത്‌' എന്ന പുസ്‌തകം. `നെല്ലിക്കുന്നിന്റെ മുകളില്‍ വെയില്‍ തിളച്ചുകൊണ്ടിരിക്കുകയാണ്‌...' എന്നിങ്ങനെ അകംപുറം ചൂടിന്റെ തിളച്ചുമറിയലിലൂടെയാണ്‌ റഹ്‌മാന്റെ കഥകള്‍ വായനക്കാരന്റെ മനസ്സിലേക്ക്‌ പ്രവേശിക്കുന്നത്‌. കഥയുടെ ഈ തിളച്ചുമറിയലില്‍ ഗ്രാമീണസത്യങ്ങളുടെ അടയാളമുണ്ട്‌. കുന്നായ്‌മകളും കുന്നിമണികളുമുണ്ട്‌. താളഭംഗം വന്ന ജീവിതമുണ്ട്‌. ചിതലരിച്ച പ്രണയങ്ങളും ചോരത്തിളപ്പിന്റെ ആവേശവും ഉല്‍ക്കണ്‌ഠയും ഇഴചേര്‍ന്നിട്ടുണ്ട്‌. പുതിയ കാലത്തിന്റെ നിസ്സംഗതയോടും സങ്കുചിതത്തോടുമുള്ള പ്രതിഷേധവും പ്രതിബോധവും ഈ കഥകളുടെ അടിയൊഴുക്കുകളാകുന്നുണ്ട്‌.

നഗരവിരുദ്ധതയുടെ പൊരുതിനില്‍പ്പും പതിഞ്ഞുനില്‍പ്പുണ്ട്‌. ചോദ്യചിഹ്നത്തിന്റെ വളവും ഒടിവുമായി നമ്മുടെ വായനയെ നേര്‍ക്കുന്ന കഥകളാണിത്‌. സര്‍പ്പജന്മം, ഒടി, ചുണഡങ്ങ്‌,മാഗിയാന്റി,അഘോരം,ഇരുട്ട്‌ എലിസബത്തിനോട്‌ പറഞ്ഞത്‌, കാലന്‍പക്ഷിയുടെ രാത്രി, ചെത്ത്‌, വവ്വാലുകള്‍, വിസ്‌മയച്ചിറകുകള്‍ എന്നീ കഥകള്‍ തലമുറകളായിപാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സത്യങ്ങളെ മുഖാമുഖം നിര്‍ത്തുന്നു.മനുഷ്യനെയും അവന്റെ ചുറ്റുപാടും ആഴത്തിലറിയാന്‍ കഴിയുക അനുപമമായ വരദാനമാണ്‌. ഇത്‌ റഹ്‌മാന്‍ കിടങ്ങയത്തിന്റെ രചനകളില്‍ സജീവസാന്നിദ്ധ്യമാണ്‌. പ്രതികരണശേഷി ഉറഞ്ഞുപോകാത്ത എഴുത്തുകാരന്റെ ആകുലതകളും ഉത്‌ക്കണ്‌ഠകളും നിറയുന്ന പുസ്‌തകമാണ്‌ `ഇരുട്ട്‌ എലിസബത്തിനോട്‌ പറഞ്ഞത്‌'. ്‌നഗരവല്‍ക്കരണവും വിപണിവല്‍ക്കരണവും സ്‌നേഹധമനികളുടെ മുറിവുകളും അനുഭവിച്ചു തീര്‍ക്കുന്ന ജനതയുടെ നടുവില്‍ പിടയുന്ന മനുഷ്യമനസ്സുകളാണ്‌ ഗ്രാമവഴികളില്‍ റഹ്‌മാന്‍ കണ്ടെടുക്കുന്നത്‌.

`ഇരുട്ട്‌ എലിസബത്തിനോട്‌ പറഞ്ഞത്‌'എന്ന കഥ നല്‍കുന്ന പാഠാവലിയും മറ്റൊന്നല്ല. ഏത്‌ ഇരുട്ടിലും വെളിച്ചത്തിന്റെ സാന്നിദ്ധ്യം അന്വേഷിച്ചറിയുന്ന എഴുത്തുകാരനെ ഈ കഥാപുസ്‌തകത്തില്‍ കാണാം.ഭാഷാതലത്തിലും ആവിഷ്‌ക്കാരത്തിലും റഹ്‌മാന്‍ കിടങ്ങയം പരമ്പരാഗത ശൈലിയോട്‌ പൊരുതി മുന്നേറുന്നു. ഭാഷാ നാഗരികതയുടെ ഉരഗസഞ്ചാരം അനുഭവിപ്പിക്കുന്ന രചനാ സങ്കേതമാണ്‌ കഥാകാരന്‍ സ്വീകരിച്ചത്‌. സാധാജീവിതങ്ങളെ അവയുടെ കരുത്തോടെ കുറിച്ചുവെച്ചു. ഐതിഹ്യങ്ങളിലേക്ക്‌ വേരുകളാഴ്‌ത്തി ജലവും ലവണവും വലിച്ചെടുക്കുന്ന ആല്‍മരംപോലെ ഭാവാധുനികതയുടെ ഇലകള്‍ വിടര്‍ത്തി അനുഭവസഞ്ചയങ്ങളോടെ ഉയര്‍ന്നുനില്‍ക്കുന്നു. അവതാരികയില്‍ കെ.പി. രാമനുണ്ണി എഴുതി: `പുതിയ സാഹിത്യത്തിന്റെതായി പറയാവുന്ന പൊതുസ്വഭാവം അത്‌ പാരര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യരെ ആഖ്യാനത്തിലേക്ക്‌ കൊണ്ടുവരുന്നു എന്നതാണ്‌. എന്നാല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യരോടൊപ്പം മുഖ്യധാരാ ട്രെന്റുകള്‍്‌ക്കിടയില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സത്യങ്ങളേയും സധൈര്യം വീണ്ടെടുക്കുന്നു എന്നതാണ്‌ റഹ്‌മാന്‍ കിടങ്ങയത്തിന്റെ കഥകളെ നിസ്‌തുലമാക്കുന്നത്‌.' നാട്ടുവഴക്കത്തിന്റെ ഇടപെടലുകള്‍ കൊണ്ട്‌ നമ്മുടെ മഹിത സംസ്‌ക്കാരത്തെ വീണ്ടെടുക്കാനുള്ള എഴുത്തുകാരന്റെ ഉത്തരവാദിത്വം ഈ കഥാപുസ്‌തകം നിര്‍വ്വഹിക്കുന്നുണ്ട്‌. ചന്ദ്രിക

ഇരുട്ട്‌ എലിസബത്തിനോട്‌ പറഞ്ഞത്‌

റഹ്‌മാന്‍ കിടങ്ങയം, കൈരളി ബുക്‌സ്‌, കണ്ണൂര്‍,
rs- 75 രൂപ

9 comments:

kambarRm said...

പരിചയപ്പെടുത്തിയതിനു നന്ദി,.

സുസ്മേഷ് ചന്ത്രോത്ത് said...

nannayi.pusthaka parichayam nanne kuranju pokunna ikkalathu..
aasamsakal.

കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ said...

susmesh, kanunnilla, njan chandrikayil weekend, kozhikode thanne. mob:9947396862

mukthaRionism said...
This comment has been removed by the author.
mukthaRionism said...

>> നാട്ടുവഴക്കത്തിന്റെ ഇടപെടലുകള്‍ കൊണ്ട്‌ നമ്മുടെ മഹിത സംസ്‌ക്കാരത്തെ വീണ്ടെടുക്കാനുള്ള എഴുത്തുകാരന്റെ ഉത്തരവാദിത്വം ഈ കഥാപുസ്‌തകം നിര്‍വ്വഹിക്കുന്നുണ്ട്. <<
നല്ല വായന.


നാട്ടിന്‍ പുറത്തിന്റെ ജീവിതങ്ങളുടെ നേരുഭവങ്ങളാണ് റഹ്മാന്‍ കിടങ്ങയത്തിന്റെ കഥകള്‍. നാഗരികതയുടെ വഴുവഴുപ്പില്‍ നിന്നകന്ന് ഗ്രാമത്തിന്റെ നിഴല്‍ത്തണുപ്പിലേക്ക് നീങ്ങിനിന്ന് അവിടുത്തെ ജീവിതങ്ങളുടെ ആത്മാവ് തൊട്ടറിയുന്ന, സ്വത്വത്തെ തിരിച്ചറിഞ്ഞും അംഗീകരിച്ചും നടത്തുന്ന കഥപറച്ചില്‍. പ്രാദേശികമായ നാട്ടറിവുകളും ഐതിഹ്യങ്ങളും തീക്ഷ്ണാനുഭവങ്ങളും ഭാവാധുനികതയും ചേര്‍ന്ന് 'ജരാനര ബാധിച്ച കാലമഹിമക്കുനേരെ തൊടുത്തുവിടുന്ന ഒടിയന്‍ വിദ്യ'.

Manoraj said...

സുഹൃത്തെ,

പുസ്തക പരിചയം നന്നായി. പുസ്തകവിചാരം എന്ന പേരില്‍ ഒരു ഗ്രൂപ്പ് ബ്ലോഗ് തുടങ്ങിയിട്ടുണ്ട്. അതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ താഴെയുള്ള ലിങ്കിലൂടെ ആ ബ്ലോഗില്‍ കാണാം. തങ്കളുടെ ഈ പോസ്റ്റ് (മറ്റേതെങ്കിലുമുണ്ടെങ്കില്‍ അതും) ആ ബ്ലോഗിലേക്ക് മുതല്‍ക്കൂട്ടാക്കാന്‍ അനുവദിക്കുമോ? വിരോധമില്ലെങ്കില്‍ ഒരു മെയില്‍ വഴി കാര്യങ്ങള്‍ അറിയിക്കുക. പുസ്തകവിചാരം ബ്ലോഗിന്റെ ലിങ്ക് :

http://malayalambookreview.blogspot.com/

കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ said...

താങ്കളുടെ ബ്ലോഗില്‍ ഇവ പ്രയോജനപ്പെടുമെങ്കില്‍ തീര്‍ച്ചയായും ഉപയോഗിക്കാം.

Manoraj said...

നന്ദി സുഹൃത്തേ.. പോസ്റ്റ് ഞാന്‍ എടുക്കുന്നു. ഇത് ബ്ലോഗില്‍ അപ്‌ഡേറ്റാവുമ്പോള്‍ അവിടെ കമന്റുകള്‍ നല്‍കുവാന്‍ ശ്രമിക്കുമല്ലോ.. മെയില്‍ വിലാസം ഇല്ലാത്തത് കൊണ്ടാണ് ഇവിടെ തന്നെ കമന്റുന്നത്..

Unknown said...

നന്നായി ഈ നിരീഷണം മാഷേ,