Saturday, April 03, 2010

വിശ്രമിക്കാനായിരുന്നില്ല ശ്രമം

നിലാവെളിച്ചത്തില്‍ കുളിച്ചുനില്‍ക്കുന്ന സ്‌കൂളിലെ കിഴക്കേ ഹാളില്‍ നിന്ന്‌ പെട്ടെന്നാണ്‌ ഞങ്ങള്‍ എന്തോ ഒരു ശബ്‌ദം കേള്‍ക്കാന്‍ തുടങ്ങിയത്‌.കാതോര്‍ത്തുനോക്കി. ആരോ സംസാരിക്കുന്നതല്ലേ? ആരായിരിക്കും? എന്തായിരിക്കുമവിടെ? ഞങ്ങള്‍ ഗ്രൗണ്ടിനപ്പുറത്തുള്ള കിഴക്കേ ഹാളിലേക്ക്‌ കുതിച്ചു.ശബ്‌ദം കൂടുതല്‍ കൂടുതല്‍ ഉച്ചത്തിലാവുകയായിരുന്നു. അപ്പോള്‍ കണ്ട ആ കാഴ്‌ച-അല്‍ഭുതം കൊണ്ട്‌ ഞങ്ങളുടെ കണ്ണു തള്ളിപ്പോയി.
കുഞ്ഞിരാന്‍ മാഷ്‌!ബോര്‍ഡില്‍ എന്തെല്ലാമോ എഴുതിക്കൊണ്ട്‌ മാഷ്‌ ക്ലാസ്സെടുക്കുകയാണ്‌.മുന്നില്‍ ഒഴിഞ്ഞ ബെഞ്ചുകളും ഡസ്‌ക്കുകളും മാത്രം!
- ഇത്‌ അക്‌ബര്‍ കക്കട്ടിലിന്റെ 'കുഞ്ഞിരാമന്‍ മാഷെ കാണാനില്ല' എന്ന കഥയില്‍ നിന്നും. അദ്ധ്യാപക ജീവിതത്തിന്റെ മുഖങ്ങളിലൊന്നാണിത്‌. ഇറങ്ങിയ പടവുകളിലേക്ക്‌ വീണ്ടുമൊരു തിരിച്ചു കയറ്റം കൊതിക്കുന്ന ജന്മം.
മൂന്നു പതിറ്റാണ്ടിന്റെ അദ്ധ്യാപന അനുഭവം മനസ്സിലും വാക്കിലും എഴുത്തിലും ചേര്‍ത്തുപിടിക്കുന്ന അക്‌ബര്‍ കക്കട്ടില്‍ സര്‍വ്വീസില്‍ നിന്ന്‌ വിരമിച്ചു. സ്‌കൂളും കുട്ടികളും സഹപ്രവര്‍ത്തകരും അക്‌ബര്‍ കക്കട്ടിലിന്റെ കാഴ്‌ചയിലൂടെ...

വിശ്രമിക്കാനായിരുന്നില്ല ശ്രമം
പല ദേശക്കാരും തരക്കാരുമായ കുറെ ആളുകള്‍ ഒരു വീടെടുത്ത്‌ താമസിക്കുകയാണ്‌. ഒരു പാട്‌ നല്ല കാര്യങ്ങള്‍ അവിടെ താമസിച്ചു കൊണ്ട്‌ അവര്‍ ചെയ്യുന്നു. അങ്ങനെയിരിക്കെ ചിലര്‍ ബാക്കിയുള്ളവര്‍ക്ക്‌ വീടിന്‌ തങ്ങളുടെ അവകാശം കൂടി കൊടുത്തുകൊണ്ട്‌ പിന്മാറുന്നു. സര്‍വ്വീസില്‍ നിന്ന്‌ വിരമിക്കുന്ന ഏതൊരാളും ഇങ്ങനെ പിന്‍വാങ്ങുന്നവരാണെന്ന്‌ എനിക്ക്‌ തോന്നുകയാണ്‌.

മാര്‍ച്ച്‌ 31-ന്‌ ശേഷം ഇനി സ്‌കൂളിലേക്ക്‌ തിരിച്ചു ചെല്ലുമ്പോള്‍ `വിറ്റ വീട്ടി'ലേക്ക്‌ ചെല്ലുന്ന അനുഭവമായിരിക്കും. അവിടെയുള്ള ബാക്കിയായവര്‍ക്ക്‌ എന്നോടുള്ള സ്‌നേഹത്തിനോ, പരിഗണനക്കോ ഒരു കുറവും ഉണ്ടാകുകയില്ല എന്നറിയാം. എന്നാലും? അവകാശാധികാരങ്ങള്‍ നഷ്‌ടപ്പെട്ട ഒരുവന്റെ മനസ്സും രൂപവും ഭാവവും എന്നിലേക്ക്‌ കടന്നുവരുന്നു.മുപ്പതു വര്‍ഷമായി ഞാന്‍ അദ്ധ്യാപകനായിട്ട്‌. ഇപ്പോള്‍ വിരമിക്കുന്ന വട്ടോളി നാഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 22 വര്‍ഷം. ഏഴ്‌ വര്‍ഷത്തോളം കൂത്താളി ഹൈസ്‌കൂളില്‍. ഒരു വര്‍ഷം കോട്ടയം ജില്ലാ നവോദയ വിദ്യാലയത്തിലും കുറ്റിയാടി ഗവ. ഹൈസ്‌കൂളിലും. തുടക്കവും ഒടുക്കവും വട്ടോളിയില്‍ തന്നെ.

ഇതിനിടയില്‍ പുറത്തുപോയ അവസരങ്ങളില്‍ വട്ടോളി സ്‌കൂളിലേക്ക്‌ വല്ലപ്പോഴും വന്നാല്‍ ഞാന്‍ `വാടകക്ക്‌' കൊടുത്ത ഒരു വീട്ടില്‍ ചെല്ലുന്ന അനുഭവമായിരുന്നു. എല്ലാ പരിചിതരുമുണ്ടായിട്ടും ആകെ ഒരു അപരിചിതത്വം. ഒരു സിം കാര്‍ഡില്ലാത്ത മൊബൈല്‍ ഫോണ്‍ പോലെ. എങ്കില്‍ തീരെ ഇവിടം വിടേണ്ടി വന്നാല്‍ എന്റെ സ്ഥാപനം ഒരു വിറ്റവീടാകുന്നതില്‍ എന്തല്‍ഭുതം.പക്ഷേ, ഈ വീട്‌ എനിക്ക്‌ സ്‌നേഹസ്‌മരണകളുടെ ഗൃഹാതുരത സമ്മാനിക്കുന്നു. ഇതുവരെ ജീവിതത്തിന്റെ നല്ലൊരു ഭാഗവും നല്ലൊരു കാലവും കഴിച്ചുകൂട്ടിയത്‌ ഇവിടെയാണ്‌.

ഇഷ്‌ടപ്പെടുന്ന ഒരുപാട്‌ മുഖങ്ങള്‍, ഉള്ളില്‍ തട്ടുന്ന ഒത്തിരി അനുഭവങ്ങള്‍, ഇന്നും വിടാതെ പിടികൂടുന്ന പലവിധ ഓര്‍മ്മകള്‍. ഇതെല്ലാം എന്റെ സമ്പാദ്യമായി വരികയാണ്‌. അഥവാ ഈ വീട്ടില്‍ നിന്നുള്ള എന്റെ ബാങ്ക്‌ ഡെപ്പോസിറ്റ്‌ ആണ്‌ ഈ പറഞ്ഞതെല്ലാം എന്ന്‌ പറഞ്ഞുവെക്കാം.അടുത്തിട കേട്ട ഒരു സംഭവം: ഒരു സ്‌കൂള്‍ മാഷ്‌ക്ക്‌ നല്ല പുറംവേദന വന്നു. ആള്‍ ഒരാഴ്‌ചത്തെ ലീവ്‌ എഴുതിക്കൊടുത്ത്‌ ഡോക്‌ടറെ കാണാനെത്തി. പരിശോധനക്ക്‌ ശേഷം ഡോക്‌ടര്‍ മരുന്ന്‌ കുറിച്ചുകൊടുത്തിട്ട്‌ പറഞ്ഞു: ``നിങ്ങള്‍ ഒരാഴ്‌ച വിശ്രമിക്കണം.'' ഉടനെ മാഷ്‌ ഒരു ഞെട്ടലോടെ പറയുകയുണ്ടായി: ``അയ്യോ എന്റെ സാര്‍, ഞാന്‍ ഒരാഴ്‌ച സ്‌കൂളില്‍ ലീവ്‌ എഴുതിക്കൊടുത്തു പോയല്ലോ.

ഇനി വിശ്രമിക്കണമെങ്കില്‍ അത്‌ ക്യാന്‍സല്‍ ചെയ്‌ത്‌ പോകേണ്ടിവരും.'' ഡോക്‌ടര്‍ അമ്പരന്ന്‌ നില്‍ക്കെ അയാള്‍ പുറത്തിറങ്ങി മരുന്ന്‌ വാങ്ങുംമുമ്പ്‌ സ്‌കൂളില്‍ പോയി ലീവ്‌ ക്യാന്‍സല്‍ ചെയ്‌തു.ഇങ്ങനെ `വിശ്രമിക്കുന്ന' അദ്ധ്യാപകര്‍ നമ്മുടെ വിദ്യാലയങ്ങള്‍ക്ക്‌ ഏറെ `സല്‍പ്പേര്‌' ഉണ്ടാക്കിയിട്ടുണ്ടെന്നുള്ളത്‌ സത്യമാണ്‌. പക്ഷേ, വിശ്രമിക്കാതെ കുട്ടികള്‍ക്ക്‌ നല്ലത്‌ വരുത്താന്‍ `ശ്രമിക്കുന്ന' അദ്ധ്യാപകരായിരുന്നു എന്നും എന്റെ മാര്‍ഗ്ഗദര്‍ശികള്‍. അതിനുവേണ്ടിയുള്ള ശ്രമത്തില്‍ പലപ്പോഴും ഞാന്‍ ജയിച്ചിട്ടുണ്ട്‌.

ചിലപ്പോഴെങ്കിലും തോറ്റിട്ടുമുണ്ടാകാം. പക്ഷേ, പൊതുവെ ചിന്തിക്കുമ്പോള്‍ ഈ ജോലി എനിക്ക്‌ നല്‍കിയത്‌ സന്തോഷവും സംതൃപ്‌തിയും മാത്രമാണ്‌.ഓരോ കുട്ടിയും എനിക്ക്‌ വ്യത്യസ്‌തമായ ഓരോ ജീവിതമായിരുന്നു. അനുഭവങ്ങളുടെ കരയായിരുന്നു. അവനിലൂടെ ഞാന്‍ ഒരുപാട്‌ വ്യക്തികളെയും പരിതസ്ഥിതികളെയും അറിഞ്ഞു. അങ്ങനെ ഓരോരുത്തരും എനിക്ക്‌ ഒരു കഥയായി പല കഥയായി. ഞാന്‍ താമസിച്ച വീടും പരിസരവും കഥയുടെ തട്ടകങ്ങളിലൊന്നായി. ചന്ദ്രിക വാരാന്തപ്പതിപ്പ്‌, 4-4-2010

1 comment:

സലാഹ് said...

ഓരോ അധ്യാപകനും ഞങ്ങള്ക്ക് വ്യത്യസ്‌തമായ ഓരോ ജീവിതമായിരുന്നു. അധികമൊന്നുമടുത്തറിയാനായില്ല. ഇപ്പോള് ഖേദം തോന്നുന്നു