Thursday, March 11, 2010

കാഴ്‌ചയുടെ പൂവിളി

ഒരു സ്വപ്‌നവും അതേ മിഴിവില്‍ സഫലീകരണം പ്രാപിക്കാറില്ല. ലൗകികത്തെ സംബന്ധിച്ചുള്ളവപോലും. പിന്നെയല്ലേ, അലൗകികതയുടെ ഛായ പുരണ്ട സ്വപ്‌നങ്ങള്‍! എങ്കിലും അവ സര്‍ഗ്ഗാത്മകതയുടെ അവിഭാജ്യാംശങ്ങളാണ്‌. അതു നമ്മെ ത്വരിപ്പിക്കുന്നു (ഹിമാലയ പ്രത്യക്ഷങ്ങള്‍- ആഷാമേനോന്‍, ഡിസി ബുക്‌സ്‌). നിറംപുരണ്ട ഇത്തരം സ്വപ്‌നങ്ങളാണ്‌ ഭാവിയെ വിതാനിക്കുന്നത്‌.

ചിത്ര പാഠങ്ങള്‍
ഒരു പെയിന്റിംഗ്‌ കണ്ടുനില്‍ക്കുമ്പോള്‍ അത്‌ നമ്മുടെ സംസ്‌കൃതിയിലെ നിരവധി ആവിഷ്‌ക്കാരങ്ങളെ ഓര്‍മ്മിപ്പിക്കും. ചരിത്രവും കാലഘട്ടവും നിറയുന്ന ഓര്‍മ്മകള്‍. ചിലപ്പോള്‍ ആ പെയിന്റിംഗ്‌ വര്‍ത്തമാനകാല രൂപമായി മാറാം. ഷിറിന്‍ റഫിയുടെ പെയിന്റിംഗിന്‌ മുന്നില്‍ നില്‍ക്കുമ്പോള്‍ കാഴ്‌ചക്കാര്‍ അനുഭവിക്കുന്നത്‌ ജീവിതത്തിന്റെ മൂന്നുകാലങ്ങളാണ്‌. കഥയും കവിതയും ജീവിതവും ചേര്‍ന്നുനില്‍ക്കുന്ന ചിത്രപംക്തിയായി അവ മാറിക്കൊണ്ടിരിക്കുന്നു.വാമൊഴിയുടെയും വരമൊഴിയുടെയും ഘടനകള്‍ക്ക്‌ പലപ്പോഴും പ്രാപ്യമല്ലാത്ത രചനാ രീതിയാണ്‌ ഷിറിന്‍ തെരഞ്ഞെടുക്കുന്നത്‌.

കേരളീയ ചിത്രകലാ പാരമ്പര്യവും വൈദേശിക ചിത്രമെഴുത്തിന്റെ ശൈലികളും ഇഴചേരുന്ന ഒരു പ്രതലമാണ്‌ ഷിറിനിന്റെ പെയിന്റിംഗുകള്‍ അടയാളപ്പെടുത്തുന്നത്‌. സഞ്ചാരികളും അന്വേഷകരും, നക്ഷത്രങ്ങളും തുറന്നിട്ട വാതിലുകളും നിശ്ചലമായ തടാകവും എല്ലാം ഷിറിനിന്റെ ക്യാന്‍വാസുകളിലുണ്ട്‌.അതിരുകളില്ലാത്ത ഭാവനയുടെ തട്ടകത്തില്‍ ഇറങ്ങിനിന്ന്‌ ജീവിതമുഹൂര്‍ത്തങ്ങളെ നിരീക്ഷിക്കുമ്പോള്‍ തന്നെ വീക്ഷണങ്ങള്‍ക്ക്‌ പല മാനങ്ങള്‍ സാധ്യമാക്കുന്നു. പരിചിതത്വത്തെ അപരിചിതത്വമാക്കുന്ന പാത്തുമ്മയുടെ ആടും സൂക്ഷ്‌മലോകത്തിന്റെ വൈപുല്യം അവതരിപ്പിക്കുന്ന പ്രകൃതിയും ഈ ചിത്രകാരിയുടെ ബ്രഷിന്‍ തുമ്പില്‍ നിറയുന്നു.

നീലനിറത്തിലും വെളുപ്പിലും ആലേഖനം ചെയ്‌ത ചിത്രങ്ങള്‍ മനുഷ്യന്റെ അധികാരതൃഷ്‌ണയും മനുഷ്യരാശിയെക്കുറിച്ചുള്ള ചിന്തകളും ഉണര്‍ത്തുന്നു. സാംസ്‌കാരികവും പാരിസ്ഥിതികവുമായ വേരുകളെ സമകാലീന വര്‍ത്തമാനങ്ങള്‍ കൊണ്ട്‌ നിറയ്‌ക്കാനും ഷിറിന്‍ മടികാണിക്കുന്നില്ല. സ്‌ത്രീജീവിതമാണ്‌ ഷിറിനിന്റെ മുഖ്യവിഷയം. ഗ്രാമീണ ജീവിതത്തിന്റെ മുഖങ്ങളും സന്ദേഹങ്ങള്‍ പങ്കുവയ്‌ക്കുന്നവരും ഈ പെയിന്റിംഗുകളിലുണ്ട്‌. പ്രമേയത്തെ ജീവസ്സുറ്റതാക്കി മാറ്റുന്നതില്‍ ഷിറിന്‍ റഫി ഉപയോഗിച്ച വര്‍ണ്ണസങ്കലനം ശ്രദ്ധേയമാണ്‌. ക്രിയാത്മമായൊരു ചിത്ര പാഠങ്ങള്‍ക്ക്‌ ഇടം നല്‍കുന്ന പെയ്‌ന്റിംഗുകള്‍.

സച്ചിദാനന്ദനും പദ്‌മദാസും
മലയാളകവിതയുടെ പുതിയ മുഖമെഴുത്തിലാണ്‌ സച്ചിദാനന്ദനും പദ്‌മദാസും ശ്രദ്ധകേന്ദ്രീകരിച്ചത്‌. സച്ചിദാനന്ദന്റെ അത്രയേ ഉള്ളൂ, പദ്‌മദാസിന്റെ മുണ്ട്‌ എന്നീ കവിതകള്‍ എഴുത്തിന്റെയും ജീവിതത്തിന്റെയും വ്യത്യസ്‌ത തലങ്ങള്‍ അടയാളപ്പെടുത്തുന്നു. കവിതയുടെ ജീവിതമാണ്‌ സച്ചിദാനന്ദന്‍ എഴുതിയത്‌. ഭാഷയില്‍ ഭാഷ സൃഷ്‌ടിച്ച്‌ കവിതയെ പടികടത്തുന്നു. കവിതയ്‌ക്കായി തുറന്നിട്ട വാതിലുകളാണ്‌ സച്ചിദാനന്ദന്‍ ഓര്‍മ്മപ്പെടുത്തുന്നത്‌:
ജീവന്‍ നാറുന്ന വാക്കുകള്‍ കൊണ്ട്‌/
ഞാന്‍ നടക്കുന്ന വഴി അടയാളപ്പെടുത്തുന്നു/
അത്രയേ ഉള്ളൂ.- എഴുത്തുകാരന്റെ സത്യവാങ്‌മൂലമാണിത്‌.

പദ്‌മദാസ്‌ മുണ്ട്‌ (കലാകൗമുദി 1801) എന്ന കവിതയില്‍ പറയുന്നത്‌ കര്‍ഷക ജീവിതത്തെപ്പറ്റിയാണ്‌. പാടത്തും ചെളിയിലും ഉഴുതുമറിഞ്ഞ അച്ഛന്റെ ജീവിതമാണ്‌ പദ്‌മദാസ്‌ എഴുതിയത്‌. ചെളിപ്പാടുകള്‍ വടുകെട്ടിയ അച്ഛന്റെ മുണ്ട്‌ വായനക്കാരന്റെ മുന്നില്‍ തൂക്കിയിടുന്നു. പിന്നീട്‌ അച്ഛനെ കോടിപുതപ്പിച്ച്‌ കിടത്തിയ ചിത്രമാണ്‌ കവി വരച്ചു ചേര്‍ത്തത്‌. കറപുരളാത്ത, ചെളിപ്പാടില്ലാത്ത, കീറാത്ത മുണ്ട്‌ അച്ഛന്‌ കിട്ടുന്നത്‌ നാളികേരം രണ്ടായിമുറിഞ്ഞ നിമിഷത്തിലാണ്‌:
ഒടുവില്‍, /
അച്ഛന്‌ കിട്ടുകതന്നെ ചെയ്‌തു/
കീറാത്ത, കറപുരളാത്ത പുതുമണമുള്ള/
ഉലയാത്തതൂവെള്ള കോടിമുണ്ട്‌.- കര്‍ഷകദുരിതം ശക്തമായി ആവിഷ്‌ക്കരിക്കുന്ന കവിത.

ഫീനിക്‌സ്‌ പക്ഷികള്
‍ഓരോ എഴുത്തുകാരനും മുന്‍തലമുറയെ തിരുത്തിക്കുറിക്കുന്നു. കഥപറച്ചിലിലും ഘടനയിലും മാറ്റത്തിന്റെ മുഴക്കം സൃഷ്‌ടിക്കുന്നു. എം, വി. കരുണന്‍ മാസ്റ്ററുടെ ഫീനിക്‌സ്‌ പക്ഷികള്‍ സ്വപ്‌നം കാണുമ്പോള്‍ എന്ന നോവലും പുതിയൊരു രീതിശാസ്‌ത്രത്തിലേക്ക്‌ ഇറങ്ങിനില്‍ക്കുകയാണ്‌. മലയാളനോവലിന്റെ ശില്‌പഭദ്രത ചോദ്യം ചെയ്‌ത ചന്തുമേനോന്‍ മുതലുള്ള എഴുത്തുകാരോട്‌ ചങ്ങാത്തം കൂടുകയാണ്‌ കരുണന്‍ മാസ്റ്റര്‍.

കേളോത്തു ഗ്രാമത്തിന്റെ കഥയില്‍ രാജ്യത്തിന്റെ ഒരു ചരിത്രഖണ്‌ഡം ഇഴചേര്‍ത്താണ്‌ ഫീനിക്‌സ്‌ പക്ഷികള്‍ സ്വപ്‌നം കാണുമ്പോള്‍ എന്ന കൃതി രചിച്ചത്‌. ഗ്രാമത്തിലെ അടിയാളജനതയുടെ ദുരിതവും അധികാരികളുടെ ക്രൂരതയും ഈ നോവലില്‍ വിവരിക്കുന്നു. വടക്കന്‍ കേരളത്തിന്റെ ഗ്രാമ്യ ഭാഷാപദങ്ങള്‍ നിര്‍ലോഭം ഉപയോഗപ്പെടുത്താന്‍ നോവലിസ്റ്റ്‌ കാണിച്ച ഔത്സുക്യം ശ്രദ്ധേയമാണ്‌. പലയിടങ്ങളിലും വ്യാസ ദീക്ഷിതമായ ഇടപെടല്‍ നടത്താനും കരുണന്‍ മാസ്റ്റര്‍ മറക്കുന്നില്ല. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ചിലഘട്ടങ്ങളും ദേശീയപ്രസ്ഥാനവും ഈ നോവലിലുണ്ട്‌. അതിന്റെ പ്രതിഫലനങ്ങളും. ഏകനായക കേന്ദ്രീകൃതമായ കഥാഗതി ഈ പുസ്‌തകത്തിനില്ല. വലിയ ക്യാന്‍വാസില്‍ പറയാവുന്ന കഥ. കൊച്ചു കൊച്ചു വാക്കുകളിലും വാചകങ്ങളിലും ഒതുക്കിപ്പറയുന്നതില്‍ കരുണന്‍ മാസ്റ്ററുടെ വൈദഗ്‌ധ്യം സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു. പ്രാദേശികവും ചരിത്രപരവുമായ സംഭവങ്ങള്‍ കോര്‍ത്തിണക്കി വായനക്കാരെ വ്യത്യസ്‌ത കാലഘട്ടങ്ങളുടെ ഉള്ളറകളിലേക്ക്‌ നടത്തിക്കുകയാണ്‌ ഫീനിക്‌സ്‌ പക്ഷികള്‍ സ്വപ്‌നം കാണുമ്പോള്‍. അതിജീവനത്തിന്റെ ഒടുങ്ങാത്ത ആവേശം തന്നെ-(തണല്‍ ബുക്‌സ്‌ വടകര, 85രൂപ). നിബ്ബ്‌,ചന്ദ്രിക 14-03-2010

3 comments:

Ranjith chemmad / ചെമ്മാടൻ said...

നന്ദി, നല്ല നിരീക്ഷണങ്ങള്‍ക്ക്...

Kalpak S said...

എത്താന്‍ വൈകി ... എങ്കിലും ഇനി എന്നും വരാം...

കല്ലാച്ചി -വാണിമേല്‍ ആണോ ?

കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ said...

athe, kallachi- vanimel thanne