Friday, February 19, 2010

എഴുപതുകള്‍ തൂക്കിവില്‍ക്കുന്നവര്‍

രക്തബാങ്കില്‍ ക്യൂ നില്‍ക്കുമ്പോ
ള്‍ഓര്‍ക്കാനാവുമോ?
ചോരയുടെ ഇതിഹാസം?- (ഉമേഷ്‌ ബാബൂ കെ. സി, രക്തബാങ്ക്‌- മാതൃഭൂമി). ജീവിതം കത്തിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍, യുവത്വത്തിന്റെ പ്രതീക്ഷ കെടുത്തിയവരെ എന്താണ്‌ വിളിക്കുക? എഴുപതുകളെ ഓര്‍ക്കുമ്പോള്‍ ഈ ഒരു ചോദ്യമാണ്‌ കേരളചരിത്രം നമുക്ക്‌ മുന്നില്‍ തൂക്കിയിടുന്നത്‌.

സിവിക്‌ ചന്ദ്രനും കല്‍പ്പറ്റ നാരായണനും വി. കെ. പ്രഭാകരനും തുടങ്ങി ഒരു കൂട്ടം കവികള്‍ തടവറക്കവിതകളെക്കുറിച്ച്‌ നടത്തിയ സംഭാഷണം മാതുഭൂമി ആഴ്‌ചപ്പതിപ്പില്‍ അച്ചടിച്ചുവന്നു. മുമ്പും വിപ്ലവസ്വപ്‌നങ്ങള്‍ ചിതലരിച്ചുപോയതിനെക്കുറിച്ചുള്ള എഴുത്തും സംഭാഷണങ്ങളും നടന്നിട്ടുണ്ട്‌. ഈ മഹാപ്രതിഭകള്‍ വീറോടെ പറയുമ്പോള്‍ എഴുപതിന്റെ പിന്‍ഗാമികളുടെ സ്ഥിതിയെന്താണെന്ന്‌ ഓര്‍ക്കാറുണ്ടോ? വിപ്ലവസ്വപ്‌നം വിതച്ചവരില്‍ എണ്‍പത്‌ ശതമാനവും, അവര്‍ ആരെ എതിര്‍ത്തിരുന്നോ, അധികാരത്തിന്റെ തണലില്‍ ശിഷ്‌ടജീവിതം തിരുകിവെച്ചവരാണ്‌. ഇവര്‍ പടുത്തുയര്‍ത്തിയ ചുവപ്പുരാശിയിലൂടെ സഞ്ചരിച്ച യുവത്വം പി. എസ്‌. സിക്കു പുറത്തും. ഭാവനയില്‍ വിരിഞ്ഞ തടവറയുടെ മഹത്ത്വം ആവര്‍ത്തിക്കുന്നതില്‍ ആര്‍ക്കാണ്‌ നേട്ടം? സാങ്കേതികവിദ്യയുടെ വഴിയില്‍ സഞ്ചരിക്കുന്ന പുതിയ തലമുറക്ക്‌ ഇത്തരം ഏറ്റുപറച്ചില്‍ നാടകത്തിനോട്‌ താല്‍പര്യമില്ല. സ്വപ്‌നങ്ങളും ജീവിതവും തുലഞ്ഞ്‌ മധ്യവയസ്സിലേക്ക്‌ കടന്നവരും എഴുപതുകള്‍ വില്‍ക്കുന്നവരെ കേള്‍ക്കില്ല. ശുദ്ധവും ഋജുവുമായ ഒരു വഴിയിലൂടെ ജീവിതത്തെ സ്വീകരിച്ചാല്‍ പരമസത്യം വെളിപ്പെട്ടു കിട്ടുമെന്ന്‌ സെന്‍ ദര്‍ശനം ഓര്‍മ്മപ്പെടുത്തുന്നുണ്ട്‌.

എഴുപതിന്റെ കണ്ണാടിനോക്കി രസിക്കല്‍ ഉപേക്ഷിക്കേണ്ട സമയമായില്ലേ? കല്‍പ്പറ്റ നാരായണന്‍ തുറന്നുപറഞ്ഞു: ഭീരുതന്നെ ഞാന്‍ എന്‍ തലനോക്കൂ, നാരുനാരായി നരച്ചിരിക്കുന്നു (കുടിയൊഴിക്കല്‍- വൈലോപ്പിള്ളി). സച്ചിദാനന്ദനും ശങ്കരപ്പിള്ളയും ബി. രാജീവനും വേണുവും മറ്റും എഴുപതിന്റെ തികട്ടലില്‍ നിന്നും രക്ഷപ്പെടുന്നത്‌ വായനക്കാരുടെ ഭാഗ്യം.

ഷാരൂഖ്‌ ഖാന്‍ വിവാദം
മൈ നയിം ഈസ്‌ ഖാന്‍ എന്ന ഷാരൂഖ്‌ ഖാന്‍ ചിത്രത്തിനെതിരെ ശിവസേന നടത്തിയ ഉപരോധം ഇന്ത്യയുടെ ചരിത്രത്തില്‍ മറ്റൊരു കറുത്ത അധ്യായമായി അടയാളപ്പെട്ടു. കലയോടും കലാകാരന്മാരോടും ഇന്ത്യ (പ്രാചീന വിശേഷണത്തില്‍ ആര്‍ഷഭാരതം) എക്കാലത്തും ആദരവാണ്‌ പ്രകടിപ്പിച്ചത്‌. ക്രിക്കറ്റ്‌ കളിക്കാരെക്കുറിച്ച്‌ തന്റെതായ ഒരു അഭിപ്രായം പറഞ്ഞതിന്‌ ഷാരൂഖ്‌ ഖാന്റെ സിനിമ ബഹിഷ്‌കരിക്കാന്‍ ഒരു രാഷ്‌ട്രീയ സംഘടന തയ്യാറാകുന്നത്‌ ജനാധിപത്യ സംവിധാനത്തിന്‌ തീരാകളങ്കമാണ്‌.

നര്‍ഗീസിന്റെ കഥ
നര്‍ഗീസ്‌ കഥ പറയുമ്പോള്‍ പുതിയ ലോകം നമുക്ക്‌ മുന്നില്‍ തെളിയുന്നു. കഥയില്‍ ലോകമുണ്ട്‌. ജീവിതത്തിന്റെ തുടിപ്പുമുണ്ട്‌. നര്‍ഗീസിന്റെ പുതിയ കഥ -സ്‌പന്ദനങ്ങള്‍ തേടി (വാരാദ്യമാധ്യമം14/2). പലായനത്തിന്റെ ദുരിതങ്ങള്‍ മാത്രം നിറഞ്ഞ ഒരു ജനതയുടെ ജീവിതത്തിലൂടെയാണ്‌ നര്‍ഗീസ്‌ വായനക്കാരെ നടത്തിക്കുന്നത്‌. കഥാനായിക അസ്‌റ ഗാസ്സയില്‍ നിന്നോ, റഫാഹില്‍ നിന്നോ വരുന്നു. അവള്‍ വെസ്റ്റ്‌ബാങ്കിലേക്ക്‌ പോകുന്നു. നാല്‌പതുവഴികള്‍ നിറഞ്ഞ ടണലിലൂടെയാണ്‌ അസ്‌റ യാത്ര ചെയ്യുന്നത്‌.

അസ്‌റയുടെ മനോഗതങ്ങള്‍ കഥയിലുടനീളം പതിഞ്ഞുനില്‍ക്കുന്നുണ്ട്‌. കഥയില്‍ നിന്നും: മഹ്‌മൂദ്‌, ഒരു തടവില്‍ നിന്നും മറ്റൊരു തടവിലേക്കാണ്‌ ഞാന്‍ വരുന്നത്‌. അല്ലാഹുവേ, ഒരു പ്രഭാതമെങ്കിലും പൂത്തുനില്‍ക്കുന്ന പാടങ്ങള്‍ക്കിടയിലൂടെ പീച്ച്‌ റോസുകള്‍ വിടര്‍ന്നു നില്‍ക്കുന്ന ജോര്‍ദാന്‍ നദിക്കരയിലൂടെ എനിക്ക്‌ മഹ്‌മൂദിനെയും ചേര്‍ത്ത്‌ നടക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍.- എന്നിങ്ങനെ അശരണരുടെ മനമെഴുത്താണ്‌ ഈ കഥ. കഥപറച്ചിലിലും ആഖ്യാനഭാഷയിലും കഥാകാരി പുലര്‍ത്തുന്ന സൂക്ഷ്‌മത ശ്രദ്ധേയമാണ്‌. മലയാളകഥയിലെ പുതിയൊരു വാഗ്‌ദാനമാണ്‌ നര്‍ഗീസ്‌. സ്‌പന്ദനങ്ങള്‍ തേടി എന്ന കഥ അനുഭവപ്പെടുത്തുന്നതും മറ്റൊന്നല്ല.

കലയും നാഗരികതയും
കലയുടെ ഉല്‍പത്തിയും മനുഷ്യന്റെ വികാസപരിണാമങ്ങളും നാഗരികതകളുടെ സവിശേഷതകളും വസ്‌തുനിഷ്‌ഠമായി വിശകലനം ചെയ്യുന്ന മികച്ച പുസ്‌തകമാണ്‌ കലയും നാഗരികതയും. പ്രശസ്‌ത ചിത്രകാരനും എഴുത്തുകാരനുമായ ഗായത്രിയുടെ കലയും നാഗരികതയും ഒന്‍പത്‌ അധ്യായങ്ങളില്‍ നാഗരികതയുടെ ആരംഭം, ആദിമ ഭാരതീയ നാഗരികത, ചൈനയുടെ നാഗരികത തുടങ്ങി അമേരിക്കന്‍ കലാചരിത്രം വരെ വിവരിക്കുന്നു. ഈജിപ്‌ത്‌, ബേബിലോണിയ, അസ്സറിയന്‍ സംസ്‌കാരങ്ങളിലൂടെ ലോക ചിത്രകല, വാസ്‌തുവിദ്യ, ശില്‍പകല, ചൈനയിലെ കളിമണ്‍നിര്‍മ്മിതി മുതലായവ സൂക്ഷ്‌മതയോടെ വിശകലനം ചെയ്യുന്നു. വര്‍ണ്ണങ്ങളില്‍ ഗായത്രി അടയാളപ്പെടുത്തുന്ന മികവ്‌ ഭാഷാപ്രയോഗത്തിലും പുലര്‍ത്തുന്നു. ഗായത്രിയുടെ കലയും നാഗരികതയും വായിച്ചുപോകുമ്പോള്‍ ലോകത്തിന്റെ കണ്ണാടിയാണ്‌ വായനക്കാരന്‌ മുമ്പില്‍ തുറന്നുകിട്ടുന്നത്‌. അതില്‍ നാം വിസ്‌മരിച്ചതും ഓര്‍ക്കേണ്ടതും ഇപ്പോള്‍ നിലനില്‍ക്കുന്നതുമായ ലോകചരിത്രം നിറഞ്ഞുനില്‍ക്കുന്നുണ്ട്‌. കലാസ്വാദകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രയോജനപ്പെടുത്താവുന്ന ഈടുറ്റ പുസ്‌തകം- (കേരള സാഹിത്യഅക്കാദമി, 60 രൂപ).- നിബ്ബ്‌, ചന്ദ്രിക 21-02-2010

5 comments:

Unknown said...

കുഞ്ഞികണ്ണേട്ടാ,

എഴുപ്തുകള്‍ നല്ല രചനകളും സമ്മനിച്ചിരുന്നു.
വൈലോപ്പള്ളിക്ക് ശേഷം എന്ത് എന്ന്‌ കലാകേരളം ചോദിച്ചു..?
എന്നിട്ടെന്ത് സംഭവിച്ചു. മഹാരഥന്‍മ്മാര്‍ വന്നില്ലേ.
ശരിയാണ്‌ വിപ്ലവം പാടിയവര്‍ എവിടെയെന്നും അവര്‍ക്ക് മാറ്റം വരാനുള്ള കാരണവും അവര്‍ വിപ്ലവത്തെ മറന്നിട്ടല്ല. അത് അപ്രായോഗികമായ ഒരു കാലത്തില്‍ അത് ഇന്ന് വേണ്ടാ എന്നുള്ളത് കൊണ്ട് കൂടിയാവില്ലേ..?
പുതുതലമുറയിലും വിപ്ലവമില്ലേ..!!

jayan said...

എഴുപതുകളെ വീണ്ടും പുനരാനയിക്കാന്‍ ശ്രമിക്കുന്ന തട്ടിപ്പിനെതിരെ രൂക്ഷമായിട്ടല്ലെങ്കിലും ചെറുതായൊന്നു കുത്തിയതില്‍ സന്തോഷം.തടവറക്കവിത പുന: പ്രസിദ്ധീകരിച്ചതില്‍ വിഷമമില്ല. പുതിയ കാവ്യപരിസരത്തക്ക്‌ സാമൂഹ്യമണഡലത്തിലേക്ക്‌ അവര്‍ എഴുപതിന്റെ ഭാരം വീണ്ടും കൊണ്ടിടാന്‍ ശ്രമിക്കുന്നതിനെതിരെ, ഇവര്‍ കാട്ടുന്ന തിടുക്കത്തിനെതിരെ നല്ലൊരു ചര്‍ച്ച എഴുത്തുരംഗത്തുനിന്നും സാംസ്‌ക്കാരിക രംഗത്തുനിന്നും വരേണ്ടതുണ്ട്‌.അത്തരമൊരു ആരോഗ്യകരമായ ചര്‍ച്ചക്ക്‌ കുഞ്ഞിക്കണ്ണന്‍ മാഷ്‌ തുടക്കമിട്ടതില്‍ ഏറെ സന്തോഷം...

2010 ന്റെ പൂമുഖത്തും
എഴുപതുകളിലെ പല്ലികള്‍
വന്ന്‌ ചിലക്കുന്നുണ്ട്‌.
ഇവരെ വിശ്വസിക്കാമോ
ദിനോസറാണെന്ന്‌ തോന്നുന്ന
തലയുമായി ഏറെ തര്‍ക്കിച്ച്‌
ഇവരൊക്കെ
വാല്‌ മുറിച്ചിട്ട്‌
ചെന്നൊളിച്ചത്‌
പൂമുഖത്തെ ചുമരിലെ
ദൈവത്തിന്റെയും
മറ്റും മറ്റും
ഫോട്ടോയ്‌ക്ക്‌
പിന്നിലെവിടെയോ
ആയിരുന്നു.......

നന്ദന said...

പഴയ വിപ്ലവ വീര്യം കുറഞ്ഞത് കൊണ്ടല്ല, ഒന്നുകിൽ അധികാരത്തിന്റെ അപ്പക്കഷണത്തിനു വേണ്ടിയുള്ള ചുവടുമാറ്റം, അല്ലെങ്കിൽ തുടർച്ചക്കാർ/ പിൻഗാമികൽ ഇല്ലാത്തത് കാരണം (ഇപ്പോൽ ആർക്കുണ്ട് സമയം വിപ്ലവം നയിച്ച് കാലം കഴിക്കാൻ) എനിക്കിതിലൊക്കെ പ്രധാനമായി തോന്നുന്നത് ഇന്നത്തെ മനുഷ്യന്റെ ജീവിത ശൈലിയിൽ വന്ന മാറ്റം. എല്ലാവരും ഒരു ടിപ്പിക്കൽ ജീവിതം നയിക്കാൻ പാടുപെടുന്നു/നിർബന്ധിക്കപ്പെടുന്നു. നർഗീസിന് എല്ലാ‍ ആശംസകളും.

കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ said...

കൂട്ടുകാരുടെ ശക്തമായ പ്രതികരണം ശ്രദ്ധിക്കുന്നു. പലതിലും കാര്യമുണ്ട്‌. അങ്ങനെ പലവഴികള്‍ വീണ്ടും സജീവമാകട്ടെ. ഒപ്പം എഴുത്തും ശക്തമാകും. വിപ്ലവം ഒരു പൊങ്ങച്ച വാക്കായിമാറിയിരിക്കുന്നു. നാം കൂടുതല്‍ ഭീരുക്കളാകുമ്പോള്‍ വിപ്ലവം എന്ന വാക്കിന്റെ പ്രസക്തിയെന്ത്‌. എല്ലാവര്‍ക്കും നന്ദി.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

കുറേ നല്ല അറിവുകള്‍ സമ്മാനിച്ചു