Thursday, November 19, 2009

തണുപ്പിന്റെ കിസ്സ


തൊരു കിസ്സയാകുന്നു. ചേറുമ്പ്‌ കിസ്സ. കിസ്സ എന്നാല്‍ എന്തെന്ന്‌ താങ്കള്‍ക്കെന്ത്‌ അറിയാം? പറയാം, അതൊരു ചിരപുരാതനമായ അറബി വാക്കാകുന്നു. അതിന്റെ അര്‍ത്ഥം കഥ, കെട്ടുകഥ, കേട്ട കഥ, ഇതിഹാസം, പിന്തുടരല്‍, ചരിത്രം എന്നൊക്കെയാകുന്നു.

ഈ നൂറ്റാണ്ടിലെഴുതപ്പെടുന്ന ആദ്യത്തെ കിസ്സയാകുന്നു ചേറുമ്പ്‌ കിസ്സ. ലാ ശക്ക ഫീഹി.....
അതില്‍ യാതൊരു സംശയവുമില്ല......

മറ്റൊരിടത്ത്‌ നോവലിസ്റ്റ്‌ : കാലമങ്ങനെ ഒളിച്ചുകളിച്ച്‌ കുഞ്ഞാലനേയും ആയിശയേയും സൈദിനേയും സുഖിപ്പിച്ചു.- ചേറമ്പിലെ ജീവിതത്തിന്റെ കയറ്റിറക്കത്തിലൂടെ കഥയും കഥപറച്ചിലുകാരനും വേറിട്ടൊരു വിതാനത്തിലെത്തുന്നു. ഉപദേശത്തിന്റെയും തിരിച്ചറിവിന്റെയും തലത്തില്‍.

സാരോപദേശത്തിന്റെ ഒരു സന്ദര്‍ഭത്തില്‍, ആയിശയെ മുസ്‌ലിയാര്‍ ജീവിതത്തിന്റെ പാഠം ഒര്‍മ്മപ്പെടുത്തുന്നതിങ്ങനെ: പ്രായമായ ഉമ്മബാപ്പമാരെ നോക്കലാണ്‌ ഈ ലോകത്ത്‌ മനുഷ്യന്‌ ചെയ്യാന്‍ പറ്റുന്ന ഏറ്റവും വലിയ നന്മ.- ഇത്‌ അബു ഇരിങ്ങാട്ടിരിയുടെ ദൃഷ്‌ടാന്തങ്ങള്‍ എന്ന നോവലില്‍ (മാതൃഭൂമി ബുക്‌സ്‌) നിന്നും.

കിസ്സ പറഞ്ഞുതുടങ്ങി (തുടക്കം) അതെന്താണെന്ന്‌ താങ്കള്‍ക്കെന്തറിയാം! എന്ന ആശ്ചര്യത്തിലവസാനിക്കുമ്പോള്‍ (ഒടുക്കം) കേരളത്തിലെ മുസ്‌ലിം ജീവിതാവസ്ഥകളിലേക്ക്‌ വാതില്‍ തുറക്കുകയാണ്‌ അബു ഇരിങ്ങാട്ടിരി. ജീവിതത്തിന്റെ അകംപുറം കാഴ്‌ചകളിലേക്ക്‌ പെയ്‌തിറങ്ങുന്ന പുതുവെളിച്ചമാണ്‌ കഥകള്‍. കഥ പറച്ചിലിന്റെ താളവും ലയവും മറ്റൊ
ന്നല്ല.
ആനുകാലികം:
മലയാളകഥയുടെ ജാഗ്രതയുടെയും തളര്‍ച്ചയുടെയും പ്രതിഫലനമാണ്‌ ആനുകാലികങ്ങളില്‍ നിറഞ്ഞത്‌. സി. രാധാകൃഷ്‌ണന്‍, യു. കെ. കുമാരന്‍, നര്‍ഗീസ്‌, ഡോ. എം. ഷാജഹാന്‍, പി. എസ്‌. റഫീഖ്‌ തുടങ്ങിയവരുടെ കഥകള്‍ അവതരണത്തിലും വിഷയ സ്വീകരണത്തിലും വേറിട്ടുനില്‍ക്കുന്നു.

പ്രമേയത്തിന്‌ പുതുമയില്ലെങ്കിലും അവതരണത്തിലെ ഭംഗിയാണ്‌ ഈ കഥകളില്‍ പലതിന്റെയും മേന്മ.സി. രാധാകൃഷ്‌ണന്‍ സന്തോഷിന്റെ സങ്കടങ്ങള്‍ എന്ന കഥയില്‍ ബാങ്ക്‌ മാനേജറായ സുരേഷ്‌ മകന്റെ ജന്മദിനത്തിന്‌ കൊടുക്കാന്‍വേണ്ടി ഒരു സമ്മാനം വാങ്ങാന്‍ ആലോചിക്കുന്നു. സുരേഷ്‌ അയല്‍വാസിയോട്‌ ഏതുതരം സമ്മാനമാണ്‌ തെരഞ്ഞെടുക്കാന്‍ സാധിക്കുക എന്ന്‌ ചോദിക്കുന്നു. സുരേഷിന്‌ മകനെ എന്‍ജിനീയറാക്കണമെന്നാണ്‌ മോഹം. അയാള്‍ മകന്‌ കമ്പ്യൂട്ടര്‍ വാങ്ങിക്കൊടുക്കുന്നു. പിന്നീട്‌ കഥയില്‍ മകന്റെ സ്വഭാവത്തില്‍ വരുന്ന മാറ്റങ്ങളാണ്‌ വിവരിക്കുന്നത്‌. മകന്‍ ജന്മദിന സമ്മാനമായി ഓടക്കുഴല്‍ മതിയെന്നു പറഞ്ഞിട്ടും സുരേഷിന്‌ അത്‌ അംഗീകരിക്കാന്‍ കഴിഞ്ഞില്ല. മകനെ കൂടുതല്‍ പഠനത്തിനു വേണ്ടി കഥാകാരന്റെ അടുത്തേക്ക്‌ വിടുന്നു. അവന്റെ മാറ്റം കഥാകാരനെ വിസ്‌മയിപ്പിക്കുന്നു. കഥയിലൊരിടത്ത്‌ രാധാകൃഷ്‌ണന്‍ പറയുന്നു: അവന്‍ ആളാകെ മാറിയതുപോലെ എനിക്കു തോന്നി. പഴയ മാര്‍ദ്ദവം കണ്ണുകളില്ല. പകരം ഏതോ ദുരൂഹക്രൗര്യത്തിന്റെ നേര്‍ത്ത നിഴല്‍ ഉണ്ടെന്നു തോന്നി. യുവത്വത്തിലേക്കുള്ള പരിണാമം എന്നു ഞാന്‍ വിചാരിച്ചു. ശബ്‌ദവും നോട്ടവും മാറുന്നഘട്ടം എല്ലാ ആണ്‍കുട്ടികള്‍ക്കും ഉണ്ടാകുന്നതാണെല്ലോ.- സി. രാധാകൃഷ്‌ണന്റെ മികച്ച കഥയല്ലിത്‌. എങ്കിലും കുട്ടികളുടെ മനസ്സും രക്ഷിതാക്കളില്‍ പടരുന്ന കരിയറിസവും ഭംഗിയായി ഈ കഥ വ്യക്തമാക്കുന്നു.


യു. കെ. കുമാരന്റെ ഒറ്റമുറിക്കൊട്ടാരം വീടെഴുത്തിന്റെ കഥയാണ്‌: നോക്കൂ ഇവിടെ എത്രമാത്രം സുരക്ഷിതമാണെന്ന്‌. ചുറ്റും മതില്‍. പുറത്തുനിന്ന്‌ അപരിചിതനായ ഒരാള്‍ക്ക്‌ അത്ര പെട്ടെന്ന്‌ ഇതിനകത്തേക്ക്‌ പ്രവേശിക്കാന്‍ കഴിയില്ല. ഇക്കാലത്ത്‌ നമ്മള്‍ ഏറ്റവുമധികം പേടിക്കേണ്ടത്‌ അത്തരക്കാരെയാണെല്ലോ? ആരൊക്കെയാണ്‌ നമ്മുടെ വീട്ടിലേക്ക്‌ വരുന്നുത്‌.- കഥയുടെ സ്വാഭാവികമായ തുടക്കം.കഥാന്ത്യത്തില്‍ കാറില്‍ അമര്‍ന്നിരുന്ന്‌ സ്വാതി പറഞ്ഞു: ഈ ഒറ്റമുറി വീട്ടില്‍ അവരെങ്ങനെയാണ്‌ കഴിയുന്നത്‌? എന്തൊരു ചൂടാണിവിടെ? അപ്പോള്‍ ബിജു ചോദിച്ചു:ആരു പറഞ്ഞു അത്‌ ഒറ്റമുറിയാണെന്ന്‌? അതിന്‌ ധാരാളം മുറികളുണ്ട്‌. അവ നമ്മള്‍ കാണാത്തതല്ലേ?- (മാതൃഭൂമി, നവം.1). മലയാളത്തില്‍ വീടെഴുത്തിന്റെ കഥാകാരനെന്ന്‌ യു. കെ. കുമാരനെ വിശേഷിപ്പിക്കാം. വീടിന്റെ വിവിധമാനങ്ങള്‍ യു. കെ. യുടെ കഥകളില്‍ കൂടുവയ്‌ക്കാറുണ്ട്‌. പുതിയ കഥയിലും വീടാണ്‌ താരം. ഒപ്പം മനുഷ്യസ്വഭാവത്തിന്റെ വൈവിധ്യങ്ങളും. നല്ലൊരു വായനാനുഭവം പകരുന്ന കഥ.

ഡോ. എം. ഷാജഹാന്റെ കഥയില്‍ നിന്നും: കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്നാല്‍ ദിനങ്ങളോളം അന്നപാനീയങ്ങള്‍ പോലും മറന്നുപോകുന്ന പ്രണയത്തിന്റെ കാന്തശക്തിയെപ്പറ്റി.മഞ്ഞുമലകള്‍ക്കും കൊടുമുടികള്‍ക്കും ഭൂഖണ്‌ഡാന്തര വിടവുകള്‍ക്കുപോലും അകറ്റി നിര്‍ത്താന്‍ കഴിയാതിരുന്ന ഹൃദയങ്ങളെപ്പറ്റി. ഒരു നോക്കിനും ഒരു വാക്കിനും വേണ്ടി ചലിപ്പിക്കപ്പെട്ട കപ്പല്‍ വ്യൂഹങ്ങളെയും സൈന്യങ്ങളെയും പറ്റി... വാര്‍ദ്ധക്യത്തിലും നഷ്‌ടപ്പെട്ട കമിതാവിനുവേണ്ടി നോവുന്നവരെപ്പറ്റി അങ്ങനെ പലതും.

സന്തോഷത്താല്‍ തുടുത്ത മുഖത്തോടുകൂടി അയാള്‍ വാചാലനായി.എന്തുകൊണ്ട്‌ പ്രണയത്തെപ്പറ്റി രണ്ടുതരത്തില്‍ അവതരിപ്പിച്ചത്‌ എന്നു മാത്രം തുമ്പി ചോദിച്ചു.- (ശബ്‌ദങ്ങള്‍ക്കുശേഷം-സമയം മാസിക).

ശബ്‌ദങ്ങള്‍ക്കുവേണ്ടി ദാഹിക്കുന്ന ഒരാളിലൂടെയാണ്‌ ഡോ. ഷാജഹാന്‍ കഥപറയുന്നത്‌. അയാള്‍ ജീവികളില്ലാത്ത ഒരിടത്തെത്തുന്നു. ഒടുവില്‍ ഒരു തുമ്പിയെ കാണുന്നു. പിന്നീട്‌ തുമ്പിയുടെ ചോദ്യത്തിന്‌ ഉത്തരം പറയുകയാണ്‌. അതാകട്ടെ പ്രണയവും. ഈ കഥയുടെ വായനയില്‍ പ്രതിബന്ധമായി നില്‍ക്കുന്ന നിരവധി വാക്കുകളുണ്ട്‌. ഉദാഹരത്തിന്‌ അന്നപാനീയം. എഴുതുമ്പോള്‍ വാക്കുകള്‍ കൈക്കുടന്നയിലേക്ക്‌ കയറിവരികയാണെന്ന്‌ ഒ. വി. വിജയന്‍ പറഞ്ഞിട്ടുണ്ട്‌. അത്‌ എഴുത്തിനെക്കുറിച്ചുള്ള പ്രാഥമികബോധമാണ്‌. ഡോ. ഷാജഹാന്റെ കഥപറച്ചിലില്‍ താളമുണ്ട്‌. പക്ഷേ, ലയമില്ല. കഥയ്‌ക്കുവേണ്ടി സ്വീകരിച്ച വിഷയവും പശ്ചാത്തലവര്‍ണ്ണനയും മനോഹരം. ഈ കഥയുടെ വൃഥാസ്ഥൂലത ഒഴിവാക്കിയിരുന്നെങ്കില്‍ എന്ന്‌ വായനക്കാര്‍ ആഗ്രഹിച്ചാല്‍ കുറ്റംപറയാന്‍ സാധിക്കില്ല.
ആദ്യകഥയിലൂടെ മലയാളത്തില്‍ സര്‍ഗാത്മകതയുടെ വിസ്‌മയം തീര്‍ക്കുകയാണ്‌ നര്‍ഗീസ്‌. ബോട്ടപകടത്തിന്റെ ദൃശ്യാംശങ്ങള്‍ ഇടകലര്‍ത്തി നര്‍ഗീസ്‌ കഥപറയുമ്പോള്‍, എഴുത്തിന്റെ ഗരിമയും സൗന്ദര്യവും അനുഭവപ്പെടുത്തുന്നു. ജീവിതത്തിന്റെ പാഠാവലിയാണ്‌.

തണുപ്പ്‌
എന്ന കഥയില്‍ നര്‍ഗീസ്‌ അവതരിപ്പിക്കുന്നതും ജീവിതത്തിന്റെയും മരണത്തിന്റെയും ഇടനാഴികളാണ്‌. കഥയിലെ സോനാലി രണ്ടുതീരങ്ങളില്‍ വിരല്‍സ്‌പര്‍ശിക്കുന്നുണ്ട്‌. ഇരുകരകള്‍ പുണര്‍ന്നുനില്‍ക്കുയാണ്‌ തണുപ്പ്‌ എന്ന കഥയില്‍. സാധാരണനിലയില്‍ നിന്നും ഒഴുക്കന്‍മട്ടില്‍ പറഞ്ഞുതുടങ്ങുന്ന കഥയുടെ അവസാനത്തില്‍ നര്‍ഗീസ്‌ വരുത്തുന്ന ട്വിസ്റ്റ്‌ ഹൃദ്യമാണ്‌. വസ്‌തുനിഷ്‌ഠ വര്‍ണ്ണന ചിലയിടങ്ങളില്‍ മുഴച്ചുനില്‍ക്കുന്നുണ്ടെങ്കിലും അതൊന്നും തണുപ്പ്‌ എന്ന കഥയുടെ ഗാംഭീര്യം കുറയ്‌ക്കുന്നില്ല. വിഷയം എന്തായാലും കഥപറയാനുള്ള സിദ്ധിയാണ്‌ നര്‍ഗീസിനെ മലയാളകഥയില്‍ പുതുനിരയുടെ അമരത്ത്‌ നിര്‍ത്തുന്നത്‌. തണുപ്പ്‌ എന്ന കഥയുടെ തുടക്കം: തടാകത്തിലെ ഇരുണ്ട വെള്ളത്തില്‍ ഒരു തടിക്കഷ്‌ണത്തില്‍ പിടിച്ചു തൂങ്ങി നില്‍ക്കുകയായിരുന്നു അവള്‍. മരവിച്ചു തുടങ്ങിയ കാലുകളില്‍ നിന്ന്‌ ജീവന്റെ മിടിപ്പ്‌ ഏതു നിമിഷവും പിന്‍വാങ്ങാം. കൈകളിലെ അവസാന പ്രയത്‌നവും തോറ്റു വിരലുകളൂര്‍ന്നു. താന്‍ ഈ തടാകത്തില്‍ ഒന്നോ, രണ്ടോ കുമിളകള്‍ ഉയര്‍ത്തി അപ്രത്യക്ഷയാകും.സോനാലി തടിയില്‍ മുഖം ചേര്‍ത്തുവെച്ചു. കീറി മുറിഞ്ഞുപോകുന്ന ഓര്‍മ്മകളില്‍ നിന്ന്‌ ഉല്ലാസബോട്ടിലെ ഹിന്ദിഗാനവും താളവും കരഘോഷവും ഉയര്‍ന്ന ചിരികളും അവളുടെ ബോധമനസ്സിലേക്ക്‌ വന്നു.താണുപോയ ബോട്ടിന്റെ മുനപോലും കാണുന്നില്ല.............പതറിപ്പോകുന്ന ചിന്തകള്‍ക്കിടയില്‍ നിലതെറ്റിവന്ന ഒരു കുഞ്ഞോളം അവളുടെ മൂക്കോളം നനച്ചു കടന്നുപോയി.കഥയുടെ അവസാനത്തില്‍ നര്‍ഗീസ്‌ എഴുതുന്നു: തടാകത്തിലെ തണുപ്പിന്‌ കനം വെച്ചു. ആഞ്ഞു വരുന്ന തിരകള്‍ക്കുമേല്‍ അനിവാര്യമായ ഒരു ആക്രമണം കാത്തു സോനാലി കണ്ണുകള്‍ ഇറുക്കി അടച്ചു.- (വാരാദ്യമാധ്യമം, നവം.8). മലയാളത്തില്‍ അടുത്തകാലത്തിറങ്ങിയ മികച്ച കഥകളിലൊന്നാണ്‌ തണുപ്പ്‌.

പി. എസ്‌. റഫീഖ്‌ ചാനല്‍ലോകത്തിന്റെ ജീവിതവൃത്താന്തത്തിലേക്ക്‌ നമ്മുടെ ശ്രദ്ധപതിപ്പിക്കുകയാണ്‌ കടലെടുത്തവരുടെ നഗരം എന്ന കഥയില്‍. ജനതാ ചാനലിന്റെ വിഷ്വല്‍ എഡിറ്റര്‍ സാം ഡോക്‌ടറുടെ മുറിയില്‍ ഇരിക്കുന്നു. അയാള്‍ സംശയത്തിന്റെ ആനുകൂല്യം പറ്റുന്നുണ്ട്‌. തന്റെ രോഗം അല്‍ഷിമേഴ്‌സല്ലെന്ന്‌ ഡോക്‌ടര്‍ പറഞ്ഞിട്ടും സാം ഉത്‌ക്കണ്‌ഠപ്പെടുന്നു. കഥയിലൊരിടത്ത്‌: മണിക്കൂറുകളെടുത്ത ദീര്‍ഘദൂര ഓട്ടത്തിനിടയില്‍ എവിടെയോ ഇടിച്ചുനിന്ന സാം താനെത്തിച്ചേര്‍ന്നിരിക്കുന്നത്‌ എന്നും പല്ലിളിച്ചു കാണിക്കുന്ന നിത്യപരിചിതമായ ടവറിനു മുന്നിലാണെന്ന്‌ നിസ്സഹായനായി മനസ്സിലാക്കി. മുങ്ങിപ്പോയ ഓര്‍മ്മകളുടെ തെളിവെടുപ്പിനായി ഭൂമിയിലെ അവസാനത്തെ ഒരിറ്റു ശ്വാസത്തിനെന്നപോലെ അയാള്‍ ആ വലിയ ടവറിനു മുന്നില്‍ മുട്ടുകുത്തി ഉയരത്തില്‍ സ്ഥാപിച്ചിട്ടുള്ള ഘടികാരത്തിനു നേരെ നോക്കി....കഥയുടെ അവസാനത്തില്‍ റഫീക്ക്‌ പറയുന്നു: പെട്ടെന്ന്‌, അന്നു പകല്‍ താന്‍ എഡിറ്റു ചെയ്‌ത ഡോക്യുഫിക്‌ഷന്റെ സംവിധായകനാരെന്ന്‌ അയാള്‍ ഭീതിയോടെ ചിന്തിക്കാന്‍ തുടങ്ങി.-( ഭാഷാപോഷിണി, നവം. ലക്കം). വേഗതയില്‍ കുതിരുന്ന ജീവിതമെഴുത്താണ്‌ ഈ കഥ.


കഥാപുസ്‌തകങ്ങള്‍: മലയാളകഥയില്‍ രണ്ട്‌ വ്യത്യസ്‌തധാരകള്‍ ഉള്‍ക്കൊള്ളുന്ന പുസ്‌തകങ്ങളാണ്‌ അശ്രഫ്‌ ആഡൂരിന്റെ പെരുമഴയിലൂടൊരാള്‍, സെക്രട്ടേറിയറ്റ്‌ ഉദ്യോഗസ്ഥരുടെ കഥകളുടെ സമാഹാരം നിലാവിന്‍ വഴിയിലൂടെ എന്നിവ. ചെറിയ ചെറിയ കഥകളിലൂടെ മലയാളത്തില്‍ വേറിട്ടൊരു ഇടം സ്വന്തമാക്കിയ കഥപറച്ചിലുകാരനാണ്‌ അശ്രഫ്‌ ആഡൂര്‌. ജീവിതം തൊട്ടെഴുതുന്ന ഈ കഥാകൃത്ത്‌ അല്‍ഭുതങ്ങളൊരിക്കലും അടയാളപ്പെടുത്തുന്നില്ല. തന്റെ ചുറ്റുപാടും താനും നിറഞ്ഞുനില്‍ക്കുന്ന ലോകമാണ്‌ അശ്രഫിന്റെ കഥാതട്ടകം. 23 കഥകളാണ്‌ ഈ പുസ്‌തകത്തിലുള്ളത്‌. ഓരോരുത്തരുടെയും ജീവിതം, പെയ്‌ത്ത്‌, പമ്പരം, കടലെഴുത്ത്‌, മുട്ട, ചെക്ക്‌, മരം, മുള്ളൂത്തി തുടങ്ങിയവ. വാക്കുകളെ കണ്ണാടിപോലെ മിനുസപ്പെടുത്തുന്ന രചനാതന്ത്രമാണ്‌ അശ്രഫിന്റേത്‌.

കഥയില്‍ ഓരോ വായനക്കാരും അവരവരുടെ മുഖമാണ്‌ കാണുന്നത്‌. ജീവിതത്തോട്‌ അത്രയും അടുത്തുനിന്നു കഥപറയുകയാണ്‌ ഈ എഴുത്തുകാരന്‍. പെരുമഴയിലൂടൊരാള്‍ എന്ന കഥയില്‍ അശ്രഫ്‌ എഴുതി: ഓരോ നിമിഷവും ഒരു മരിച്ചവീടിന്റെ അവസ്ഥയിലേക്ക്‌ ഓഫീസ്‌
രൂപാന്തരം പ്രാപിക്കുന്നതായി ഞാനറിഞ്ഞു. സകല ദൈവങ്ങളേയും മനസ്സില്‍ ധ്യാനിച്ച്‌ ഞാന്‍ കയര്‍പോട്ടിച്ചു. വെളുവെളുത്ത പേപ്പറിന്റെ മടക്ക്‌ നിവര്‍ത്തുമ്പോള്‍ എനിക്ക്‌ ഒറ്റ പ്രാര്‍ത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത്‌ കല്‍ക്കത്തയില്‍ നിന്നുള്ള പാര്‍സല്‍ തന്നെയാവണേ എന്ന്‌.- (കൈരളി ബുക്‌സ്‌ കണ്ണൂര്‍, 40രൂപ).

നിലാവിന്‍ വഴിയിലൂടെ എന്ന കൃതിയില്‍ 17 കഥകളുണ്ട്‌. ഉദയകുമാര്‍, ഹരിലാല്‍ പെരിങ്ങോത്ത്‌, മോഹന്‍ദാസ്‌ മൊകേരി, ഓയൂര്‍ തുളസീധരന്‍, പി. ജയലക്ഷ്‌മി, എസ്‌. ജയശ്രീ, വി. ഒബൈദുള്ള, സി. എസ്‌. ശാരി, പത്മരാജു തുഷാരം, രാജ്‌ കാഞ്ഞിരമറ്റം എന്നിവരുടെ കഥകള്‍. മോഹന്‍ദാസ്‌ മൊകേരിയുടെ കട്ടില്‍ എന്ന കഥ പാരമ്പര്യത്തിന്റെ ഊറ്റവും സ്വാസ്ഥ്യവുമാണ്‌ വിവരിക്കുന്നത്‌. കഥയുടെ അവസാനം നായകന്‍ കുടുംബവീട്ടില്‍ നിന്നും നഗരത്തിലെത്തിച്ച കട്ടിലില്‍ കിടക്കുന്നു. അയാളുടെ അനുഭവധാരയാണ്‌ എഴുത്തുകാരന്‍ പ്രതിപാദിക്കുന്നത്‌: കൃതാര്‍ത്ഥതയോടെ കട്ടില്‍ കാലുകളില്‍ മുറുകെ പിടിച്ചപ്പോള്‍ മുന്‍ഗാമികളുടെ നനുത്ത വിരല്‍ സ്‌പര്‍ശം സിരകളില്‍ പടരുന്നത്‌ ഒരു സ്വപ്‌നത്തിലെന്നപോലെ ഞാനറിഞ്ഞു.- ആറ്റിക്കുറുക്കി കഥപറയാനുള്ള മോഹന്‍ദാസിന്റെ മികവ്‌ കട്ടിലില്‍ തെളിയുന്നു. ഞായറാഴ്‌ച ഉച്ചയ്‌ക്ക്‌ (ഹരിലാല്‍), വിലയം (ഉദയകുമാര്‍), ഉദ്യോഗപര്‍വ്വം (എസ്‌. ജയശ്രീ്‌), അബോധങ്ങളില്‍ ഗുല്‍മോഹര്‍ പൂക്കുമ്പോള്‍ (രാജ്‌ കാഞ്ഞിരമറ്റം), അഭയം (പി. ജയലക്ഷ്‌മി), ശേഷക്രിയ (ഓയൂര്‍ തുളസീധരന്‍), ഒന്നാമന്റെ വരവ്‌ (പത്മരാജു തുഷാരം), അഗ്നി (വി. ഒബൈദുള്ള), കള്ളന്‍ (സി. എസ്‌. ശാരി) തുടങ്ങിയ കഥകളും നടപ്പുശീലത്തിന്റെ മറുപുറം കാഴ്‌ചയിലേക്ക്‌ നമ്മെ നയിക്കുന്നു. -(ബ്ലോഗ്‌ ബുക്‌സ്‌, 65 രൂപ).


ബ്ലോഗ്‌കഥ: നചികേതിന്റെ ബ്ലോഗിലെ ഉണക്കിസൂക്ഷിപ്പുകള്‍ എന്ന കഥ ആധുനികകാല ജീവിതത്തിന്റെ വിഷമസന്ധികളിലൂടെ കടന്നുപോകുന്നു. കഥയുടെ തുടക്കം ഫുള്‍സ്റ്റോപ്പില്ലാത്ത വാചകങ്ങളുടെ പെരുമഴയാണ്‌. തുടക്കത്തില്‍ നിന്നും: നഗരത്തിലെ പ്രധാന നിരത്തുകളിലെ മഴവില്ലിന്റെ നിറം തേച്ച കെട്ടിടങ്ങളില്‍ നിന്ന്‌ പിഴയായി അധിക നികുതി ഈടാക്കാന്‍ തീരുമാനിച്ച നഗരസഭയുടെ തീരുമാനത്തെ ഒരു തരത്തില്‍ അംഗീകരിക്കാമെന്ന തന്റെ വാദം ഒരു നഗരജീവിയുടെ...- നചികേതിന്റെ തുടക്കംതന്നെ വായനക്കാരനെ കഥയില്‍ നിന്നും അകറ്റുന്നരീതിയിലാണ്‌. ബ്ലോഗാകുമ്പോള്‍ എങ്ങനെയും വലിച്ചുനീട്ടാനും ആറ്റിക്കുറക്കാനും സ്വാതന്ത്ര്യമുണ്ടല്ലോ. പക്ഷേ, മാധ്യമം എതായാലും രചന സര്‍ഗാത്മമായിരിക്കുമ്പോള്‍ മാത്രമേ അനുവാചകന്‍ അത്‌ സ്വീകരിക്കൂ. നചികേതിന്റെ കഥയില്ലാത്തതും മറ്റൊന്നല്ല. കഥയുടെ അവസാനഭാഗത്ത്‌ വലിയൊരു തത്ത്വോപദേശവും എഴുതിച്ചേര്‍ക്കാന്‍ കഥാകാരന്‍ മറന്നില്ല: സലീം, ശ്രീകാന്ത്‌ അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാര്‍ക്കുള്ള ഒരു നിര്‍ദേശം കൂടി തന്റെ കൈപടയില്‍ എഴുതിച്ചേര്‍ത്തു. ഇവിടെ ജീവിതം ഉണക്കിസൂക്ഷിക്കാനുള്ളതാണ്‌, മുളപ്പിക്കാനുള്ളതല്ല.- (മലയാളം ബ്ലോഗുകള്‍-ജാലകം).

തര്‍ജ്ജനി ബ്ലോഗിലെ രണ്ടു കഥകളിലും മരണമാണ്‌ പ്രമേയം. രണ്ടു കഥകളും വിദ്യാര്‍ത്ഥിനികളാണ്‌ രചിച്ചത്‌. ഒളിച്ചോടുന്നവര്‍ എന്ന കഥ തിരുവനന്തപുരം കരമന ഗേള്‍സ്‌ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ആമിന സി. ആണ്‌ എഴുതിയത്‌. ആമിനക്ക്‌ കഥപറയാനുള്ള താല്‍പര്യമുണ്ട്‌. ആമിനയുടെ കഥയില്‍ മരണമാണ്‌ പ്രതിപാദ്യ വിഷയം. കഥയുടെ തുടക്കം: ജീവിതത്തില്‍ നിന്ന്‌ എങ്ങോ ഒളിച്ചോടുമ്പോലെ ചീറിപ്പായുകയാണ്‌ ബസ്‌. ഓടി മറയുന്ന കാഴ്‌ച..- ഉണ്ണിയുടെ മനസ്സിലൂടെയാണ്‌ കഥാകാരി സഞ്ചരിക്കുന്നത്‌. ഉണ്ണി യാത്രയിലാണ്‌. വീട്ടിലേക്കു തന്നെ. കഥയില്‍ ആമിന എഴുതി: ഉണ്ണി എത്തി. എന്നാലിനി കര്‍മ്മങ്ങള്‍ തുടങ്ങാം.- മരണവീടിന്റെ വ്യക്തമായി ചിത്രം അനുവാചകന്റെ മനസ്സില്‍ പ്രതിഷ്‌ഠിക്കാന്‍ എഴുത്തുകാരിക്ക്‌ സാധിക്കുന്നു. എന്നാല്‍ കഥാന്ത്യം പ്രബന്ധമാണ്‌. - പറ്റിയില്ല. സമയമില്ലായിരുന്നു ഒന്നിനും. ഒന്നു ചിന്തിക്കാന്‍പോലും. എന്നിട്ട്‌ എന്താണ്‌ ആകെ നേടിയത്‌.കരമന ഗവ. ഗേള്‍സ്‌ ഹയര്‍
സെക്കണ്ടറി സ്‌കൂളിലെ ശ്രീജ ജെ. എഴുതിയ അമ്മയുടെ അരികിലേക്ക്‌ എന്ന കഥയും മരണത്തെപ്പറ്റിയാണ്‌. മകന്റെ ഓര്‍മ്മയിലൂടെയാണ്‌ ഈ കഥയിലും അച്ഛന്റെ മരണത്തിലേക്ക്‌ വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നത്‌. കഥയില്‍ നിന്നും: ആശുപത്രിയില്‍ എത്തുന്നതിന്‌ മുമ്പ്‌ അച്ഛന്‍ മരിച്ചു. അമ്മയെവിടെ എന്നായിരിക്കാം അച്ഛന്‍ പറയാനാഞ്ഞത്‌. പക്ഷേ, കഴിഞ്ഞില്ല. ബാബു വിചാരിച്ചു.മരണത്തെ അയാള്‍ മറന്നു. അച്ഛന്റെ മറവിയെ അതിജീവിച്ച്‌ അവശേഷിക്കുന്ന എന്തെങ്കിലും ഇനിയും വീട്ടിലുണ്ടോ എന്നന്വേഷിച്ച്‌ പഴയപെട്ടി അയാള്‍ പരതാന്‍ തുടങ്ങി..


കാമ്പസ്‌കഥ: കാമ്പസ്‌കഥയില്‍ ഈ ലക്കം ഏഴാംതരം സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ രചനയെപ്പറ്റിയാണ്‌ പരാമര്‍ശിക്കുന്നത്‌. ഉയര്‍ന്ന ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ പിന്നിലാക്കുന്ന സര്‍ഗാത്മകതയുടെ തിളക്കമാണ്‌ കാമ്പസ്‌ വിഭാഗത്തിലേക്ക്‌ ഉമാ മധുവിന്റെ കഥ ഉള്‍പ്പെടുത്താനുള്ള പ്രചോദനം. കഥ പറയാനറിയുന്ന കുട്ടികള്‍ മലയാളത്തില്‍ സജീവമാകുന്നതിന്‌ ഉദാഹരണമാണ്‌ ഉമാ മധുവിന്റെ വാല്‍ക്കണ്ണാടി എന്ന കഥ (മാതൃഭൂമി ബാലപംക്തി, നവം.22).

കഥയില്‍ ഉയരങ്ങള്‍ കീഴടക്കിയ ഒരു താരറാണി ഓര്‍മ്മകളിലേക്ക്‌ തിരിച്ചൊഴുകുന്നു. കുട്ടിക്കാലത്തെ സഹപാഠികളെക്കുറിച്ചോര്‍ക്കുന്നു. അവര്‍ നല്‍കിയ വാല്‍ക്കണ്ണാടി തിരിച്ചറിയുന്നു. തികച്ചും ലളിതവും നിരുപദ്രവുമായ ഇതിവൃത്തം. പക്ഷേ, ഉമയുടെ കഥപറച്ചിലിലാണ്‌ വാല്‍ക്കണ്ണാടിയുടെ തിളക്കം. വാല്‍ക്കണ്ണാടിയും കൂട്ടുകാരികളും ജീവിതത്തിലേക്ക്‌ ഇഴചേര്‍ക്കുമ്പോഴാണ്‌ ഈ ചെറിയ കഥ വലിയൊരു അനുഭവമാവുന്നത്‌. കഥയില്‍ നിന്നും ഒരു സന്ദര്‍ഭം: വീട്ടിലെ തട്ടിന്‍പുറത്ത്‌ പൊടിതട്ടി വൃത്തിയാക്കുന്നതിനിടെ ജോലിക്കാര്‍ കൊണ്ടുവന്ന പൊടിപിടിച്ച പെട്ടിക്കുള്ളില്‍ കിടന്നുറങ്ങുകയായിരുന്നു, സ്വര്‍ണ്ണത്തിന്റെ വിലയുള്ള ഓര്‍മ്മകളെ പൊത്തിപ്പിടിച്ചുകൊണ്ട്‌... ആ വാല്‍ക്കണ്ണാടി. പണത്തിന്റെയും പ്രശസ്‌തിയുടെയും ലഹരിയില്‍ തനിതങ്കത്തിന്റെ വിലയുള്ള ഓര്‍മ്മകളെയും സൗഹൃദങ്ങളെയും വലിച്ചെറിഞ്ഞ വിഡ്‌ഢിപ്പെണ്ണിനെയും കാത്ത്‌..- ഇന്ദിര, സുകുമാരി, ശ്യാമള എന്നീ കൂട്ടുകാരികള്‍ അഭിനയലോകത്തെ രാജകുമാരിയുടെ കണ്ണില്‍തെളിഞ്ഞുവരുന്നു. ഓര്‍മ്മകള്‍ തുറിച്ചുനോക്കുന്ന നിമിഷത്തില്‍ നിന്നും സൗഹൃദത്തിന്റെ മൂല്യം തിരിച്ചറിയാത്ത ഒരു വിഡ്‌ഢിപ്പെണ്ണിലേക്കുള്ള ദൂരമാണ്‌ ഈ കഥ.


കഥാനിരീക്ഷണം: എഴുത്തിന്റെ കാര്യത്തില്‍ ഞാനിന്നും ഒരു തുടക്കക്കാരനാണ്‌. എനിക്കിനിയും ഒരു പാടെഴുതാനുണ്ട്‌. എഴുതാനാഗ്രഹിച്ചതിന്റെ, മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന ആശയങ്ങളുടെ വളരെ ചെറിയ അംശം മാത്രമേ ഇതുവരെ പുറത്ത്‌ പ്രകടിപ്പിക്കാന്‍ എനിക്ക്‌ കഴിഞ്ഞിട്ടുള്ളൂ... എനിക്കെന്റെ രചനകളെ വിലയിരുത്താനാവില്ലെങ്കിലും ഞാന്‍ അവയെക്കുറിച്ച്‌ ചിന്തിച്ചിട്ടുണ്ട്‌്‌. ഓരോ രചനയ്‌ക്ക്‌ ശേഷം അതിനേക്കാള്‍ മെച്ചമാവണം അടുത്തത്‌ എന്ന്‌ ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയും അതിനുവേണ്ടി നിര്‍ബന്ധപൂര്‍വ്വം ശ്രമിക്കുകയും ചെയ്യാറുണ്ട്‌- അത്‌ എത്രത്തോളം വിജയകരമായി എന്ന്‌ തീര്‍ച്ച കല്‌പിക്കാന്‍ ഞാനാളല്ല.- കാക്കനാടന്‍ (സര്‍ഗസമീക്ഷ- അക്‌ബര്‍ കക്കട്ടില്‍).- നിബ്ബ്‌, ചന്ദ്രിക 22-11-2009

3 comments:

രാജേഷ്‌ ചിത്തിര said...

:)
nalla shramam...

thudaroo

ashamsakal

asmo puthenchira said...

kunjikkannan,
kavithyil kooduthal thilakkam.
ashmsakal.
asmo.

kevin hill said...

thanks for the intro... nice to meet everybody :)

Online nursing degree | online diploma | life experience bachelor degree