Thursday, November 05, 2009

രാമായണത്തിന്റെ വയനാടന്‍ മാതൃക

രാമായണത്തിന്റെ കേരളീയ ചരിത്രം വയനാടന്‍ പറച്ചിലുകളെ അടിസ്ഥാനമാക്കി ഡോ. അസീസ്‌ തരുവണ തിരുത്തിക്കുകയാണ്‌ `വയനാടന്‍ രാമായണം' എന്ന പുസ്‌തകത്തില്‍. ഭാരതീയ സാഹിത്യത്തിന്റെ അക്ഷയഖനികളിലൊന്നായ രാമായണ പറച്ചിലുകളാണ്‌ അച്ചടിമാധ്യമങ്ങളും അക്കാദമിക്‌ കാഴ്‌ചപ്പാടുകളും പിന്തുടരുന്നത്‌. ജനപഥങ്ങളിലൂടെ കൈമാറിക്കൊണ്ടിരുന്ന രാമകഥയ്‌ക്ക്‌ ഭാരതീയ കാവ്യചരിത്രത്തില്‍ അടിസ്ഥാനധാര വാല്‍മീകി രാമായണം തന്നെ. രാമായണത്തിന്‌ ഇന്ത്യന്‍ ഭാഷകളില്‍ ഒട്ടേറെ വിവര്‍ത്തനങ്ങളും സ്വതന്ത്രാഖ്യാനങ്ങളും തിരുത്തലുകളും വന്നിട്ടുണ്ടെങ്കിലും അവയൊക്കെ വാല്‍മീകി നിന്നും ഏറെയൊന്നും അകലത്തിലല്ല.

ഒരു ജനതയുടെ ജ്ഞാനനിക്ഷേപകേന്ദ്രം അവരുടെ പറച്ചിലുകളാണെന്ന്‌ തിരിച്ചറിയുന്ന വായനാവബോധവും അന്വേഷണാത്മകതയുമാണ്‌ പ്രാദേശിക പറച്ചിലുകളില്‍ മാരകഥയ്‌ക്ക്‌ പുതിയ വേറിട്ടുനില്‍പുകളുണ്ടെന്ന്‌ കണ്ടെത്താന്‍ ഡോ. അസീസ്‌ തരുവണയ്‌ക്ക്‌ പ്രചോദനമായത്‌. വയനാടന്‍ രാമായണം എന്ന കൃതിയിലൂടെ കടന്നുപോകുന്നവര്‍ക്കും ഇക്കാര്യം വ്യക്തമാകും.

വയനാട്ടിലെ ജനവിഭാഗങ്ങളുടെ കഥപറച്ചിലുകളില്‍ നിന്നും ദേശപേരുകളില്‍ നിന്നും ഗ്രന്ഥകാരന്‍ സ്വരൂപിച്ചെടുത്ത നിരവധി പാഠഭേദങ്ങളിലൂടെ ബഹുസ്വര സംസ്‌കാരത്തിന്റെ അടിസ്ഥാനത്തില്‍ ഡോ. അസീസ്‌ നടത്തിയ ഗവേഷണ- നിരീക്ഷണമാണ്‌ ഈ പുസ്‌തകത്തിലെ പ്രതിപാദ്യം.

പുസ്‌തകത്തിന്റെ ആദ്യഭാഗത്ത്‌ വയനാടന്‍ രാമായണങ്ങളും രണ്ടാംഭാഗത്ത്‌ വാല്‍മീകി രാമായണം മുതല്‍ ഇന്ത്യയിലും വിദേശങ്ങളിലും പ്രചാരത്തിലുള്ള ഒട്ടുമിക്ക രാമകഥകളെയും അപഗ്രഥിക്കുന്നുണ്ട്‌. രാമകഥയുടെ വൈവിധ്യമാര്‍ന്ന ഒരു താരതമ്യപഠനത്തിന്‌ വഴിയൊരുക്കുന്ന ഇന്ത്യയിലെ മികച്ച കൃതികളുടെ നിരയിലാണ്‌ ഡോ. അസീസ്‌ തരുവണയുടെ വയനാടന്‍ രാമായണത്തിന്‌ സ്ഥാനം.

രാമായണ കഥകളുടെയും സ്ഥലനാമങ്ങളുടെയും വയനാടന്‍ പാഠാന്തരത്തില്‍ വിവിധങ്ങളായ പറയലുകളുണ്ട്‌. ചെട്ടി രാമായണം, അടിയരാമായണം, സീതായനം, പാട്ടുരൂപങ്ങള്‍ എന്നിങ്ങനെ വയനാടന്‍ രാമായണങ്ങളുടെ സമഗ്രചിത്രം വ്യക്തമാക്കുന്നതോടൊപ്പം വിദേശ രാമായണങ്ങള്‍, ബൗദ്ധ-ജൈന രാമായണങ്ങള്‍, മുസ്‌ലിം രാമായണം, വാല്‍മീകി രാമകഥയുടെ ബഹുരൂപങ്ങള്‍ തുടങ്ങിയവ അടിസ്ഥാന ഉപലബ്‌ധികളുടെ സഹായത്താല്‍ വിശദീകരിക്കുന്നു.

രാമായണ ചരിത്രത്തില്‍ മാത്രമല്ല, നമ്മുടെ സാഹിത്യത്തിലും ഭാഷാചരിത്രത്തിലും കൗതുകകരമായ ചില പൊളിച്ചെഴുത്തുകള്‍ നടത്താന്‍ ഈ പഠനത്തില്‍ ഡോ. അസീസിന്‌ കഴിഞ്ഞിട്ടുണ്ട്‌. ഗവേഷണത്തിന്റെ ശാഠ്യങ്ങള്‍ക്ക്‌ വഴങ്ങാത്ത ആര്‍ജ്ജവം തന്നെയാണ്‌ ഈ പുസ്‌തകത്തിന്റെ മേന്മ. ചില വസ്‌തുതകളെ വിശകലനം ചെയ്യുമ്പോള്‍ ഗ്രന്ഥകാരന്‍ അക്കാദമിക്‌ ശൈലിയിലേക്ക്‌ മാറുന്നു. അത്‌ ഈ പഠനത്തിന്റെ ഹൃദ്യത കുറയ്‌ക്കുന്നില്ല. മതേതര മൂല്യങ്ങളുടെ വളര്‍ച്ച കുറച്ചുകാലത്തേക്കെങ്കിലും ഭാരതത്തില്‍ നിലനിന്നുവെന്ന്‌ രാമകഥകളുടെ പറയലുകള്‍ സുതാര്യമായി പ്രതിഫലിപ്പിക്കുന്നു. രാമകഥ ഒരു സമൂഹത്തിന്റെ സഹജാവബോധത്തിന്‌ നേര്‍വിപരീതമായ ദിശയിലേക്ക്‌ പ്രവേശിക്കാനിടയായ സന്ദര്‍ഭങ്ങളെ വിമര്‍ശനാത്മകമായി കാണാന്‍ ഗവേഷകന്‍ എന്ന നിലയില്‍ ഗ്രന്ഥകാരന്‌ സാധിച്ചിട്ടില്ല. എന്നാല്‍, അതൊന്നും വയനാടന്‍ രാമായണം എന്ന പുസ്‌തകത്തിന്റെ ഗാംഭീര്യം കോട്ടംവരുത്തുന്നില്ല. അവതാരികയില്‍ കെ. എന്‍. പണിക്കര്‍ എഴുതി: `വയനാടന്‍ രാമായണങ്ങള്‍ ഇന്ത്യയിലെ വിവിധ ജനവിഭാഗങ്ങളില്‍ പ്രചാരത്തിലുള്ള വ്യത്യസ്‌ത രാമകഥകളുടെ ഒരു ഉദാഹരണം മാത്രമാണ്‌. അവ സൂചിപ്പിക്കുന്നത്‌ ഇന്ത്യയുടെ സാംസ്‌കാരിക ബഹുസ്വരതയാണ്‌. ഈ അര്‍ഥത്തില്‍ രാമായണം ഒരു മതപാഠമല്ല; സാമൂഹ്യപാഠമാണ്‌. ജനജീവിതം പ്രതിഫലിക്കുന്ന സാമൂഹ്യപാഠം'. സ്ഥലരാശികളുടെ രാമായണ മൊഴികള്‍ക്ക്‌ വിശകലനം നല്‍കുന്ന വ്യത്യസ്‌ത പാഠപഠനമാണ്‌ ഡോ. അസീസ്‌ തരുവണയുടെ `വയനാടന്‍ രാമായണം'. മലയാളഭാഷക്ക്‌ ലഭിച്ച കനപ്പെട്ട ഗ്രന്ഥം.

വയനാടന്‍ രാമായണം

കറന്റ്‌ ബുക്‌സ്‌, തൃശൂര്. ‍വില- 120 രൂപ

1 comment:

salil said...

പ്രിയ ശ്രീ കുഞ്ഞിക്കണ്ണൻ,
ഞാൻ പി. സലിൽ. ‘പിറവി’ മാസികയുടെ അസിസ്റ്റന്റ് എഡിറ്ററാണ്. സി. രാധാകൃഷ്ണനാണ് മാസികയുടെ എഡിറ്റർ. അങ്ങയുടെ മെ‌യ്‌ൽ ഐഡി താഴെക്കാണുന്ന ഇമെയ്‌ലിലേക്ക് അയക്കുമോ?
saliltcr@gmail.com