ബലിയ ഗാസിപ്പൂര്‍ മേഖലയില്‍ ഒരു കിംവദന്തിയായി ആരംഭിച്ചത് ഉത്തര്‍പ്രദേശിനെ ഒട്ടാകെ ഭയത്തിലാഴ്ത്തുന്നവിധം വളര്‍ന്നു. ചില ഗ്രാമീണരെ വെളിച്ചം വമിക്കുന്ന ഏതോ ജീവി കടിച്ചു. അജ്ഞാതമായ ആ പറക്കുംജീവി മുഖംമാന്തിപ്പക്ഷിയാണെന്ന് ഏവരും പറഞ്ഞുറപ്പിച്ചു. മുഖംമാന്തിയുടെ പറക്കല്‍ മുപ്പതു ജില്ലകളിലേക്ക് വ്യാപിച്ചു. മുഖത്തും കൈകളിലും ഗുരുതരമായ മാന്തലും പോറലുമേറ്റവരുടെ എണ്ണം നൂറുകണക്കായും കൂടി. മുഖംമാന്തിയേക്കാള്‍ അതുണ്ടാക്കിയ ഭയമാണ് കടുത്തതായത്. രാത്രി തന്റെ മുഖം എന്തോ നക്കുന്നത് അറിഞ്ഞ് ഉണര്‍ന്ന ഒരു ഗ്രാമീണന് തന്റെ നായയെ കൊന്നു. മറ്റൊരാള്‍ മുഖംമാന്തിയെന്ന് കരുതി രാത്രി തന്റെ അച്ഛനെ അടിക്കാന്‍ ആരംഭിച്ചു. ആ ഭീകരജീവിയില്‍ നിന്നു രക്ഷനേടാന്‍ ഗ്രാമീണര്‍ രാത്രി പട്രോളിംങ് ആരംഭിച്ചു. പക്ഷേ, മുഖംമാന്തി അവരുടെ ജാഗ്രതയെ തോല്പിച്ച് ആക്രമണം തുടര്‍ന്നു.- ഇത് ഉത്തര്‍പ്രദേശില്‍ നടന്ന ഒരു സംഭവം (ഇന്ത്യാടുഡേ,2002). മലയാളസാഹിത്യത്തില്‍ കവിതകളുടെ രൂപത്തിലാണ് മുഖംമാന്തികള്‍ പ്രത്യക്ഷപ്പെടുന്നത്. ആ നിരയില്‍ ഉള്‍പ്പെട്ടതാണ് എന്‍. പ്രഭാകരന്റെ ബാബേല്‍ (മാതൃഭൂമി, നവം.12), അസീസ് വില്യാപ്പള്ളിയുടെ ഒട്ടകം (ചന്ദ്രിക വാരാന്തപ്പതിപ്പ്,നവം.22) എന്നീ രചനകള്‍.ആനുകാലികം:
പി. കെ. ഗോപിയുടെ സമുദ്രതാളത്തില്‍:ജീവന്റെപ്രകാശനിശ്വാസങ്ങളില്‍സ്വയമലിഞ്ഞ്ആത്മസമുദ്രങ്ങളുടെതാളലയത്തില്‍പ്രവഹിക്കുക മാത്രം ചെയ്യും.-(കലാകൗമുദി)- സംഗീതത്തിന്റെ വഴികളെപ്പറ്റിയാണ് ഗോപി എഴുതുന്നത്. സംഗീതം സാഗരമാണെന്നൊക്കെ പലപാട് പാടുകയും എഴുതുകയും ചെയ്തിട്ടുണ്ട്. ജി. ശങ്കരക്കുറുപ്പിന്റെ സാഗരസംഗീതമാണ് ആദ്യം ഓര്‍മ്മയില്‍ തെളിയുക. സമുദ്രതാളത്തില്‍ സംഗീതം കേള്‍ക്കുന്ന പി. കെ. ഗോപി അത് എഴുതി വരുമ്പോള്‍ സംഗീതം നഷ്ടമാകുന്നു. ഇത് കവിക്ക് തന്നെ ചികഞ്ഞെടുക്കാവുന്ന പ്രതിസന്ധിയാണ്. മികച്ച കവിതകളെഴുതുന്ന ഗോപിക്ക് അതൊക്കെ അനായാസം മറികടക്കാന്‍ സാധിക്കുന്നതേയുള്ളൂ.
പി. കെ. പാറക്കടവ് നവംബര്‍ ലക്കം ഭാഷാപോഷിണിയില്‍ എഴുതിയ സ്നേഹം കായ്ക്കു
ന്ന മരം എന്ന കവിത സ്വര്‍ഗക്കാഴ്ചയാണ്. അവിടെ അഭിലഷിച്ചതൊക്കെയും ലഭിച്ചു. എങ്കിലും കാവ്യപഥികന് ഉള്ളുരുകി പ്രാര്‍ത്ഥിക്കുന്നു:ദൈവമേ,
എനിക്കൊന്നും വേണ്ട
നീയെനിക്കൊരു
നീര്‍മാതളംനട്ടുതരിക
നിറയെ സ്നേഹം കായ്ക്കുന്ന
നീര്‍മാതളം.- ജോണ്‍ മില്‍ട്ടന്റെ നഷ്ടസ്വര്‍ഗമല്ല പാറക്കടവ് വരച്ചുചേര്‍ത്തത്. മനുഷ്യന്റെ അകത്തളത്തിന്റെ നീറ്റലാണ്.
കെ.ടി. സൂപ്പിയുടെ ഒഴിവ് എന്ന കവിത (മലയാളം വാരിക, നവം.20) ഉറക്കത്തിന്റെ വിവിധമാനങ്ങളിലേക്കാണ് വായനക്കാരെ നയിക്കുന്നത്. കവിത വാക്കുകളുടെ ശില്പമാണ്. കെ. ടി. സൂപ്പിയുടെ കവിത പ്രതിഫലിപ്പിക്കുന്നതും വാങ്മയത്തിന്റെ മനോഹാരിതയും ആശയധാരയുമാണ്. കവി ഉറങ്ങാതിരിക്കുന്നു. പക്ഷേ, എഴുന്നേല്ക്കുന്നതില് അസ്വാഭാവികതയൊന്നുമില്ല. പതിവുപോല ഉറക്കമുണരുന്നു. ഉറക്കത്തിന്റെയും ഉറക്കമില്ലായ്മയുടെയും രണ്ടുകാലങ്ങളാണ് ഈ കവിത
ചര്‍ച്ചചെയ്യുന്നത്. സ്വപ്നഭരിതമായ ഒരു രാവിന്റെ പകര്‍പ്പെഴുത്താണ് ഒഴിവ്. ആരും ആരെയും ഭയപ്പെടാത്ത സ്വപ്നത്തിന്റെ തെരുവിലൂടെ നടക്കുമ്പോള്‍ വ്യക്തികള്‍ക്ക് ഒരു നിറമാണെന്ന് കവി തിരിച്ചറിയുന്നു. വരികള്‍ക്കിടയില്‍ വിരിയുന്ന പ്രകൃതിമുഖമാണ് കെ. ടി. സൂപ്പിയുടെ ഒഴിവ് എന്ന കവിതയും അനുഭവപ്പെടുത്തുന്നത്. കവിതയില്‍ നിന്നും:ഉറങ്ങാതെയാണ്നേരം വെളുത്തതെങ്കിലുംഉറക്കമുണര്‍ന്നപോലെഎണീറ്റിരുന്നു.- ചില നിമിഷത്തിന്റെ തോന്നലുകളാണ് കവിത. ഇത്തരമൊരു ചിത്രത്തില്‍ നിന്നും ഈ എഴുത്തുകാരന് തെന്നിമാറുന്നതിങ്ങനെ:ഉറങ്ങുമ്പോളെന്തായാലും
ആരും ആരേയും ഭരിക്കുന്നില്ല
സ്വപ്നത്തെരുവുകളില്‍മേഞ്ഞുനടക്കുമ്പോള്
എല്ലാവരുംരാജാക്കന്മാര്‍ തന്നെ.- കവിയുടെ ചോദ്യം മുനകൂര്‍ത്തു വരുന്നുണ്ട്. പകല്‍ ഓടിക്കൊണ്ടിരിക്കുന്നത് രാത്രിയുടെ കയ്യൊപ്പ് വാങ്ങാനോ? അടയാളപ്പെടലാണ് ജീവിതത്തിന്റെ ലക്ഷ്യമെന്ന് ധ്വനിപ്പിക്കാന്‍ ഒഴിവിന് കഴിയുന്നു.
മത്സ്യഗ്രഹണം എന്ന കവിതയില്‍ (മാധ്യമം) കെ. പി. റഷീദ് മീനിന്റെ പിടച്ചിലില്‍ ജീവിതവും മരണവും തമ്മിലുള്ള ഇടനാഴികളാണ് എഴുതുന്നത്. കവിതയില്‍ നിന്നും:ഇല്ലപിടയില്ല ഞാനിനിമുക്കവാചൂണ്ടക്കുമാഴത്തില്‍തറഞ്ഞിരിപ്പൂ മരണംഒറ്റവലിക്കുയരാന്‍കുതറുംവീര്‍പ്പുബാക്കിയെങ്കിലുംവലിക്കാതിരിക്കേണ്ടഞാനുയര്‍ന്നു തരാം......വലിക്കാനറക്കേണ്ടമുക്കവാമരിച്ചിട്ടെത്രനാളായിഞാനെന്നോ.- കെ. പി. റഷീദിന്റെ
വരികളില്‍ ഇരയുടെ നിതാന്ത സാന്നിധ്യമുണ്ട്. പ്രതിഭാഷയുടെ നീരൊഴുക്കും.കടാപ്പുറക്കവിതയില്‍ വിനു ജോസഫ്:പിന്നത്തെ ചാകരയ്ക്ക്തോണി മുങ്ങിച്ചാകുമ്പോള്‍കണവത്തരിയൊന്നും പെട്ടിരുന്നില്ലാ വലയില്‍ഒരു സമാഹാരത്തിനുപോലുംതികഞ്ഞില്ല കവിതകള്‍മൂന്നാംപക്കം കവിതയാ-യൊഴുകിവന്നു കരയില്‍- (കലാകൗമുദി, 1785). വിനു ജോസഫ് കാവ്യരചനയുടെ വഴി കൂടി വെളിപ്പെടുത്തുന്നു. കവിത എഴുത്തിന്റെ രസതന്ത്രമായി മാറുന്നിടത്താണ് ഹൃദ്യമാകുന്നത്.രാവുണ്ണിയുടെ തപ്പലാട്ടം (ദേശാഭിമാനി, നവം.22) എന്ന കവിത പേരു സൂചിപ്പിക്കുന്നതുപോലെ, കാണാതാകലും അന്വേഷണവുമാണ് കവിതയുടെ വിഷയം. ഓരോ സ്ഥലങ്ങളിലും ഓരോന്നു കാണാതാവുന്നു. വീട്ടമ്മ, അകത്തമ്മ, മുത്തമ്മ എല്ലാവരും തെരയുന്നു. അടുപ്പും അടുക്കളയും കാണാതാവുന്നു. എല്ലാം കളവുപോയതോ, അതോ മണ്മറഞ്ഞതോ. ഒന്നിനും ഒരു നിശ്ചയമില്ല. കവിതയുടെ അവസാന ഖണ്ഡികയില്‍ കവി പറയുന്നു:
മുഖം വീര്‍പ്പിച്ചിങ്ങിരുന്നാല്‍നാടു കിട്ട്വോ
മണ്ടാമിണ്ടാട്ടം മുട്ടിയിരുന്നാല്‍
ഉയിരു കിട്ട്വോ പൊട്ടാ?.
കവിതാപുസ്തകങ്ങള്
മോഹന്‍ദാസ് മൊകേരിയുടെ 20 കവിതകളുടെ സമാഹാരം. രണ്ടുകാലങ്ങളുടെ ഇടകലര്പ്പാ
ണ് ഈ കവിതകളിലെഴുതുന്നത്. ത്യാഗത്തിന്റെ പച്ചപ്പ് നിറഞ്ഞുനില്ക്കുന്ന ഒരു കാലഘട്ടം. എല്ലാറ്റിലും ശൂന്യതമാത്രം വായിച്ചെടുക്കുന്ന മറ്റൊരു കാലം. ഈ രണ്ടുകാലത്തിലും ശാഖകള്‍ വിരിച്ചുനില്ക്കുന്ന നാട്ടുമാവിന്റെ തണലും തണുപ്പും മധുരവും മോഹന്‍ദാസ് മൊകേരിയുടെ എഴുത്തിലുണ്ട്. നീയും ഞാനും എന്ന് പേരിട്ടു വിളിക്കുന്ന മോഹന്‍ദാസിന്റെ പുസ്തകത്തില്‍, തണല്‍മര ചോലയില്‍ (തണല്‍ മരം എന്ന കവിത) നിന്നും തപിക്കുന്ന കാലത്തിലേക്കുള്ള (ഒരു സന്ധ്യയുടെ മരണം എന്ന കവിത) യാത്രാനുഭവങ്ങളുടെ രേഖാചിത്രമാണ് അടയാളപ്പെടുത്തുന്നത്. വേവുന്ന മനസ്സിന്റെ രോദനവും നോട്ടം വറ്റിപ്പോകുന്ന ജീവിതസന്ധികളും മോഹന്‍ദാസ് മനോഹരമായി ആവിഷ്ക്കരിച്ചിട്ടുണ്ട്. എഴുത്ത് ഒരു ഉപാസനയായി കണ്ടെടുക്കുകയാണ് ഈ എഴുത്തു
കാരന്. ഉപാസന എന്ന കവിതയില്‍ എഴുതി:അറിയുന്നു കവിതേ, നിനക്കായ് മാത്രമെന്‍ഹൃദയം ത്രസിച്ചു നില്ക്കുന്നു-എന്നിങ്ങനെ ധാര്‍മ്മികമൂല്യത്തിനായി നിലകൊള്ളുന്ന കവിതക്കുവേണ്ടിയാണ് മോഹന്‍ദാസിന്റെ എഴുത്ത്. കടത്തനാട്ട് നാരായണന്റെ അവതാരിക, ഡോ. ദേശമംഗലം രാമകൃഷ്ണന്റെ പഠനം, മദനന്റെ ചിത്രങ്ങള്‍ എന്നിവ നീയും ഞാനും എന്ന കൃതിയുടെ അര്‍ത്ഥഗരിമ പ്രതിഫലിപ്പിക്കുന്നു.- (എവര്‍ഗ്രീന്‍ ബുക്സ്, 35 രൂപ).മുളയരി എന്ന പുസ്തകത്തില്‍ 44 കവിതകളുണ്ട്. അന്തര്‍ദാഹത്തില്‍ നിന്നും ദുരന്തത്തിലേക്കുള്ള തിരിച്ചു നടത്തമെന്ന് ഈ സമാഹാരത്തെ വിശേഷിപ്പിക്കാം. കാര്മേ
ഘങ്ങളെ ഭയപ്പെടുന്നത് നാട്ടില്‍ പിറന്നതുകൊണ്ടാണെന്ന് കവയിത്രി തിരിച്ചറിയുന്നു. എങ്കിലും അതിജീവനത്തിന്റെ കരുത്തില്‍, അന്തര്‍ദാഹം കൂടെ നടത്തുന്നതിനാല്‍ ചാവുകടലും ഉപ്പുനീരും തലവരയും അതിര്‍വര്‍ത്തിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമാണ് ഹരിതയുടെ എഴുത്തിന്റെ ചാലകശക്തി. ഉയരത്തില്‍ പറക്കാത്ത കിളിയുടെ സന്തോഷവും സങ്കടവും ഹരിതയുടെ കവിതകളിലുണ്ട്. മാഞ്ഞുപോയ അക്ഷരങ്ങളില്‍ നിന്നും ജീവിതത്തെ തിരിച്ചുവിളിക്കാനുള്ള തയ്യാറെടുപ്പുകളോടെ കനത്ത നിശബ്ദതയോട് കാരണങ്ങള്‍ ചോദിക്കുകയാണ് മുളയരി. മലയാളത്തിന്റെ മണവും രൂചിയും ഇഴചേര്‍ന്നു നില്ക്കുന്ന മുളയരി കാഴ്ചയുടെയും വായനയു
ടെയും പറച്ചിലുകളാണ്. അഥവാ മഴപ്പറിച്ചുകളാണ്. സൂക്ഷ്മതയോടെ വാക്കുകളെ നിബന്ധിക്കാന്‍ ഹരിത പ്രകടിപ്പിക്കുന്ന ജാഗരൂകത ശ്രദ്ധേയമാണ്. മലയാളത്തിലെ പുതുനിരയില്‍ വേറിട്ടൊരു എഴുത്തുഭാഷയാണ് ഹരിത മുളയരിയിലെ കവിതകളിലൂടെ അനുഭവപ്പെടുത്തുന്നത്. അവതാരിക സംപ്രീത.- (പായല്‍ ബുക്സ്, 35 രൂപ).ബ്ലോഗ് കവിത
ബ്ലോഗുകളില്‍ കവിതയുടെ വസന്തകാലമാണ്. വ്യത്യസ്ത ശൈലിയിലും താളത്തിലും
സ്വന്തം തലയറുത്തു
വഴിയരികില്‍സ്വന്തം ജാതകം
കാഴ്ചയ്ക്ക്വച്ചിരുന്ന
ചെറുപ്പക്കാരനെഈയിടെയായി
വഴിവിളക്കുകള്‍ക്കുംകണ്ടാലറിയില്ല.- (ശ്മശാനത്തിലെ ഓരോ പകല്‍). യാഥാര്‍ത്ഥ്യത്തിന് മുഖം കൊടുക്കാത്ത കാലമാണ് ജയദേവന് വാക്കുകളില്‍ പ്രതിഫലിപ്പിക്കുന്നത്.
പുതുകവിതാ ബ്ലോഗില്‍ സി. പി. ദിനേശ് എഴുതിയ ഒഴുക്ക് എന്ന കവിതയില്‍ പറയുന്നു:തോരാത്ത മഴയുടെ ചുവട്ടില്‍കുട ചൂടാതെനന
ഞ്ഞിരിക്കുന്നുകുട.
കാറ്റടിച്ചീടും
പനിപിടിക്കുമെന്നറിഞ്ഞിട്ടും
വാക്കിന്റെ പെരുമഴയില്‍
ഒലിച്ചു പോകുവാന്‍ഉള്ളു കുതിര്‍ന്നങ്ങനെ.- വാക്കിന്റെ പെരുമവയില്‍ കുതിരുന്ന മനസ്സാണ് കവിത. നിയോഗത്തിന്റെയും നിവേദനത്തിന്റെയും രീതിശാസ്ത്രമാണ് ദിനേശ് ഓര്‍മ്മപ്പെടുത്തുന്നത്.
സ്കൂള്‍ബ്ലോഗ്
സ്കൂള്‍ ബ്ലോഗില്‍ ഇത്തവണ ഓല ഓലഓണ്‍ലൈന്‍ മാസികയും നരിപ്പറ്റ രാമര്‍ നമ്പ്യാര്‍ മെമ്മോറിയല്‍ ഹൈസ്കൂളിലെ വിദ്യാര്‍ത്ഥികളുടെ രചനകള്‍ മാത്രം പ്രസിദ്ധപ്പെടുത്തുന്ന വൈല്‍ഡ്ഫ്ളവേര്‍സുമാണ് പരാമര്‍ശിക്കുന്നത്. വടകര പുതുപ്പണം ജെ. എന്‍. എം. ഗവ. ഹയര്‍ സെക്കണ്ടറി സൂളിലെ ഓലയില്‍ ശരണ്യ പി. എഴുതിയ ബലിച്ചോറ് എന്ന കവിത അവതരണത്തിലും ഇതിവൃത്തത്തിലും മികച്ചുനില്ക്കുന്നു. വായനക്കാരുടെ ഓര്‍മ്മയില്‍ വൈലോപ്പിള്ളിയുടെ കാക്കകള്‍ എന്ന കാവ്യം കൂടെനടക്കുമെങ്കിലും ശരണ്യ പഴയ കവിയില്‍ നിന്നും ഏറെ മാറിനടക്കുന്നുണ്ട്. ശരണ്യയുടെ കവിതയില്‍ നിന്നും:
കാലം കഴിഞ്ഞവര്‍ക്കായി
ഞാന്‍ ഉരുട്ടി വച്ച ബലിച്ചോറ്
ആര്‍ത്തിയോടെ കൊത്തിതിന്ന
കാക്കകള്‍സ്വര്‍ഗ്ഗത്തിലേക്കെന്നപോലെ
പറക്കാന്‍ തുടങ്ങി.- ഈ രചനയില്‍ മനോഹരവും അര്‍ത്ഥഗരിമയുമുള്ള നിരവധി വാക്കുകളുടെ സന്നിവേശമുണ്ട്. നിലപറങ്കിയുടെ കൊമ്പ് പോലുള്ള പദപ്രയോഗം മികച്ച കാവ്യരചനയിലേക്കുള്ള വഴിയടയാളമാണ് തെളിയുന്നത്. ശരണ്യയുടെ കവിതയുടെ തുടക്കം തന്നെ ഹൃദ്യമാണ്.
എന്റെ മൗനത്തെയും വലിച്ചിഴച്ച് ഈ രാത്രി മണ്ണിന്റെ ഈര്‍പ്പത്തിലേക്ക് ഊര്ന്നിറങ്ങുകയാണ്.ആര്. എന്‍. എം. എച്ച്. എസിലെ വൈല്‍ഡ്ഫ്ളവേഴ്സില്‍ ശ്രീഹരി എസ്. എന്‍ എഴുതിയ അടുപ്പ് കല്ല്, അടുപ്പിന്റെ വേവും മനസ്സിന്റെ ചൂടുമാണ് അടയാളപ്പെടുത്തുന്നത്. കവിതയില്‍ പറയുന്നു:
വേദനകളെരിച്ചിടുന്നു
മോഹമായ് പുകപൊങ്ങുന്നു
എങ്കിലുമൊന്നാളിക്കത്താന്‍
മനം നിറയെ കൊതിച്ചിടുന്നു.-നോട്ടത്തില്‍ തളിര്‍ക്കുന്ന ജീവിതചിത്രമാണിത്.
ഹര്‍ഷമേനോന്റെ മലകയറ്റം, അരുണ്‍ ജി. പി.യുടെ ചൂല് എന്നീ രചനകളും ശ്രദ്ധേയമാണ്. മലകയറുന്ന തന്നെ പുലരിയുടെ കരങ്ങള്‍ താങ്ങിനിര്‍ത്തുന്നതിനെപ്പറ്റിയാണ് ഹര്‍ഷ ആലോചിക്കുന്നത്. അരുണ്‍ ഒരേ വൃത്തത്തില്‍ കറങ്ങുന്ന ജീവിതമാണ് ചൂലില്‍ വായിച്ചെടുക്കുന്നത്.
കാമ്പസ് കവിത
കാമ്പസ് കവിതയില്‍ ഈ ലക്കത്തില്‍ രണ്ട് രചനകളാണ് ഉള്‍പ്പെടുത്തിയത്. ശരണ്യ ശശി (പാലക്കാട്) യുടെ നിനക്കായ് (മാതൃഭൂമി, നവം.22). അര്‍പ്പണത്തിന്റെ പാട്ടാണിത്. കൂട്ടുകാരിക്കായ് എല്ലാം നീക്കിവയ്ക്കുന്ന മനസ്സാണ് ശരണ്യ എഴുതിയത്:
എന്റെ മോഹങ്ങള്‍
പൂവിട്ടു പഴുത്തതും
കനിയായ് നില്പതും
നിനക്കായ് സഖീ
നിനക്കായ് മാത്രം.-പ്രണയത്തിന്റെ കുമ്പസാരം എന്ന രചനയില്‍ ശ്യാം പി. എസ് എഴുതുന്നത് പ്രണയത്തിന്റെ ഇരിപ്പിടങ്ങളെക്കുറിച്ചാണ്. പ്രണയത്തെ പലവിതാനത്തില്‍ വെച്ച് വായിക്കുകയാണ് എഴുത്തുകാരന്. ശ്യാം പറയുന്നത്:
ചിലരുടെ പ്രണയങ്ങള്‍
ബസ് യാത്രക്കാരെപ്പോലെയാണ്
കയറിയാല്‍ ഇറങ്ങിപ്പോകുവാന്
തിരക്കുക്കൂട്ടുന്നവരുണ്ട്
ചില പ്രണയങ്ങള്‍
നിന്ന് നിന്ന് കാല് കഴച്ച്
ആത്മഹത്യ ചെയ്യും.......
ഇനിയും ചിലരുടെ പ്രണയം
എന്നും കണ്ടുമുട്ടുന്ന
യാത്രക്കാരെപ്പോലെയാണ്
പരസ്പരം മിണ്ടാറില്ല.
കാവ്യനിരീക്ഷണം
ഏതൊരനുഭവത്തേയും ഭാവനയുടെ സഹായത്തോടെ വൈകാരികാനുഭൂതിയാക്കി മാറ്റാന്‍ കവിക്ക് കഴിയണം. കവിമനസ്സില്‍ രൂപപ്പെടുന്ന ജീവിതത്തിന്റെ വ്യാഖ്യാനമാണ് കവിത.- പ്രൊഫ. കടത്തനാട്ട് നാരായണന്.-നിബ്ബ്, ചന്ദ്രിക 29-11-2009




























