കഴിഞ്ഞ ആഴ്‌ചയിലെ ആനുകാലികങ്ങളും ബ്ലോഗുകളും കുറെ നല്ല കാവ്യരചനകളുമായി പുറത്തിറങ്ങി. വായനക്കാര്‍ക്ക് അത്രയും ആശ്വാസം. കവിത എന്ന പേരില്‍ അക്ഷരങ്ങള്‍ കൊണ്ട് കാല്‍പ്പന്തു കളിച്ചവരും നിരവധി. ബാലചന്ദ്രന്‍ ചുള്ളിക്കാട്, പി. എന്‍. ഗോപീകൃഷ്‌ണന്‍, സി. പി. അബുബക്കര്‍, പി. കെ. ഗോപി എന്നിവര്‍ ആദ്യ വിഭാഗത്തില്‍ മുന്നില്‍ നില്‍ക്കുന്നു. രണ്ടാമത്തെ വിഭാഗത്തില്‍ സഹീറാ തങ്ങളും അമൃതയും പന്ന്യന്‍ രവീന്ദ്രനും രാഘവന്‍ അത്തോളിയും മേലൂര്‍വാസുദേവനും സജീവമായി നില്‍ക്കുന്നു.
ബാലചന്ദ്രന്‍ ചുള്ളിക്കാട് മണിനാദം എന്ന കവിതയില്‍ എഴുതി: നൃത്തവേദിയില്‍ മിന്നി/ നില്‍ക്കുമിക്കുമാരിതന്‍/ സ്വപ്‌നദീപ്‌തമാം മുഖം/ മറന്നു കഴിഞ്ഞെന്നോ?- (മാതൃഭൂമി, സപ്‌തം:13). പോയകാലത്തിന്റെ പ്രണയപഥം വായിച്ചെടുക്കാനൊരു ശ്രമം. പക്ഷേ, ഇതൊക്കെ ഭംഗിയായി പഴയ കവിതയില്‍ ബാലചന്ദ്രന്‍ തന്നെ പറഞ്ഞതുപോലെ വരണ്ടുപോയിരിക്കുന്നു. സി. പി. അബൂബക്കര്‍ പുതിയകാലത്തിന്റെ ചിത്രം നല്‍കുന്നതിങ്ങനെ: കടം വന്ന ശരീരങ്ങള്‍/ തൂങ്ങിക്കിടന്നു/ പാവം പന്നികള്‍/ ബുദ്ധിജീവികളെപ്പോലെ/ ആരെയോ പഴിച്ചുകൊണ്ടിരുന്നു- (പന്നികളിറങ്ങിയ രാത്രികള്‍- ദേശാഭിമാനി ,സപ്‌തം:13). ഇതേലക്കത്തില്‍ പി. കെ. ഗോപിയും (ഭൂതക്കണ്ണാടിയിലെ ഫോസിലുകള്‍), മേലൂര്‍ വാസുദേവനും (കെണിക്കാലം) എഴുതിയിട്ടുണ്ട്. നോക്കെഴുത്തിന്റെ പുതിയ പാഠങ്ങളാണിവ.
അസ്‌മോ പുത്തന്‍ചിറ വാരാദ്യമാധ്യമത്തില്‍: പാപത്തിലേക്ക് നടക്കരുതേയെന്ന്/ കാലുകളോട് പറഞ്ഞ്/ സ്വര്‍ഗവാതില്‍/ തുറന്നുകൊടുക്കുന്നു.- (വ്രതം). ഇനിയെങ്കിലും ജീവിതമൊന്ന് കരകയറട്ടെ. മാര്‍ഗനിര്‍ദേശവുമായി അസ്‌മോ നില്‍ക്കുന്നുണ്ട്.ഇരട്ടക്കവിതകളോട് നമ്മുടെ എഴുത്തുകാര്‍ക്കും പത്രാധിപര്‍ക്കും പ്രിയം കൂടിയിരിക്കുന്നു! ഇതിന് വേണ്ടത്ര തെളിവ് സമീപകാലത്തുണ്ട്. അവയില്‍ രണ്ടെണ്ണം. സഹീറാ തങ്ങള്‍ രണ്ടുകവിതകളില്‍ (വാരാദ്യമാധ്യമം ,സപ്‌തംബര്‍6): മുല്ലവള്ളിക്കു പടരാന്‍/ ഒരു തേന്മാവിന്‍ വിത്തുണ്ടവിടെ- (ഗാര്‍ഡന്‍ ലാന്‍ഡ്). പരിപൂര്‍ണതയില്‍/ കോപിച്ചാണോ/ ദൈവം ആ ദ്വീപിനെ-/ ഒഴുക്കിക്കളയുന്നതെന്ന്/ ഞാന്‍ ചോദിച്ചില്ല/ നീ പറഞ്ഞതുമില്ല.-(സ്വപ്‌ന ദ്വീപ്).തേജസിന്റെ ആഴ്‌ചവട്ട(സപ്‌തം:6)ത്തില്‍ രാഘവന്‍ അത്തോളി എഴുതുന്നു: എന്നോടാരും മിണ്ടാനുള്ളത്/ കുന്നോടൊത്ത് കുലുങ്ങിക്കോ/ കന്നുകളൊക്കെ മുളച്ചാല്‍ പിന്നെ/ കിന്നാരങ്ങള്‍ക്കെന്തു രസം- (രസം). ചത്തതാരെന്നു/ കൊന്നവന്‍ ക്ഷോഭിച്ചു/ കൊന്നതാരെന്ന്/ ചത്തവനങ്ങനെ/ വാര്‍ത്തയാകുവാന്‍/ പത്രമെത്ര വിചിത്രം- (പത്രം).
പി. കെ. ഗോപി എഴുതുന്നു: വെയിലും മഴയും/ മാറി മാറി വന്ന്/ കാതില്‍ മന്ത്രിച്ചതൊന്നും/ ആരുടെയും/ ഓര്‍മ്മകളില്ലായിരുന്നു-(കൊമ്പും കുളമ്പും, മാധ്യമം സപ്‌തം:14). ഓര്‍മ്മകളുണ്ടായിരിക്കണമെന്ന് ടി. വി. ചന്ദ്രന്‍ എത്ര ഉറപ്പിച്ചു പറഞ്ഞിട്ടും ജനത്തിനു ബോധ്യമായില്ലെന്ന് കണ്ടിട്ടാകാം ഗോപിയും അതേറ്റു പറഞ്ഞത്.
കേരളത്തില്‍ ഒരു കവിതയെങ്കിലും എഴുതാത്തവരുണ്ടോ? ഇങ്ങനെയുള്ള ചോദ്യം അപ്രസക്തമാണെന്ന് ആരും പറയും. കാരണം കാസര്‍ക്കോടു മുതല്‍ തിരുവനന്തപുരം വരെ കവികളെക്കൊണ്ടു നിറഞ്ഞിരിക്കുകയാണ്. ആഗോളമായാലും ആസിയാനായാലും കവിതയില്‍ മുഖ്യം പ്രണയം തന്നെ. പിന്നെ മൊബൈലും ഇന്റര്‍നെറ്റുമാകുമ്പോള്‍ സംഗതിയൊന്നു കൊഴുക്കും. പന്ന്യന്‍ രവീന്ദ്രനും ഒരു കവിത ഇങ്ങനെ കുറിക്കുന്നു: പണ്ടൊരു പ്രണയത്തിന്‍ ദൂതുമായരയന്നം/ ഇന്നിതാ പ്രണയത്തിന്‍ മന്ത്രമായ് മൊബൈല്‍ഫോണും- (മൊബൈല്‍പ്രണയം-കലാകൗമുദി ലക്കം1775) സിനിമ കാണാന്‍ തിയേറ്ററില്‍പോയ സന്ദര്‍ഭമാണ് കവിതയ്‌ക്ക് ആധാരം. ദയവു ചെയ്‌ത് ഇതുപോലുള്ള കവിത എഴുതികൊല്ലരുതെന്നാണ് വായനക്കാരുടെ പക്ഷം. രേവതി സംവിധാനം ചെയ്‌ത മിത്ര് എന്ന സിനിമ സഖാവ് ഒന്നു കണ്ടാല്‍ തീരുന്ന പ്രശ്‌നമേയുള്ളൂ. പന്ന്യന്‍ പ്രത്യയശാസ്‌ത്രം മാത്രമല്ല, നളചരിതവും പഠിച്ചിട്ടുണ്ടെന്ന് വ്യക്തം.
അമൃത: തപം ചെയ്‌തെടുക്കട്ടെ ഞാന്‍/ ഇനിയും വറ്റാത്ത കാല്‍പനിക പ്രണയത്തിന്റെ/ മധ്യമഞ്ഞുതുള്ളി കാത്തുവയ്‌ക്കുന്നു ഞാന്‍- (കാല്‍പനികം- മാധ്യമം ആഴ്‌ചപ്പതിപ്പ്, സപ്‌തം: 14). പറച്ചിലിന്റെ സുഖം ഈ രചനയ്‌ക്ക് ഉണ്ടോ? അമൃത തന്നെ തീരുമാനിക്കട്ടെ.
കവിതാപുസ്‌തകം
വിമീഷ് മണിയൂരിന്റെ ആദ്യ കവിതാ സമാഹാരത്തിന് റേഷന്‍ കാര്‍ഡ് എന്ന് പേരിട്ടുവിളിച്ചു. സാധാരണക്കാര്‍ക്കും പരിചിതമായ പേരുതന്നെ. പുസ്‌തകത്തിന്റെ ഉള്ളടക്കപേജ് മറിക്കുമ്പോള്‍ 30 കവിതകള്‍. ഓരോ കവിതയും വായിക്കുമ്പോള്‍ മനസ്സിലൊരു പെടപെടപ്പ്. വീണ്ടും വീണ്ടും വായിക്കാന്‍ പ്രേരിപ്പിക്കുന്ന കുറെ നല്ല കവിതകള്‍. നിശ്ചലം ദൂരം/ ഞാനോ കുതിക്കുന്നു/ വിട്ടുപോയൊരു വാക്കിന്‍/ വള്ളിച്ചെരുപ്പുമായ്-(വിമാനം). ഗിമ്മിക്കുകളൊന്നുമില്ല. എല്ലാം നെഞ്ചിടിപ്പിന്റെ താളത്തിലും ജീവിതത്തിന്റെ വൃത്തത്തിലും എഴുതിയിരിക്കുന്നു. ഇനി വൃത്തത്തിലെഴുതിയില്ലെന്ന് പണ്‌ഡിത ശിരോമണി മഹാരഥന്മാര്‍ ആക്രോശിക്കേണ്ടെന്ന് സാരം. പുതുകവിതയുടെ മാത്രമല്ല പുതുജീവിതത്തിന്റെയും ചൂരുംചൂടും ഈ പുസ്‌തകത്തിലുണ്ട്.-(പ്രസാ: പായല്‍. 40 രൂപ).
ബ്ലോഗ്‌കവിത
പുതുകവിതാബ്ലോഗില്‍ നിന്നും: ടെലിഫോണ്‍/ എറിഞ്ഞുടച്ച ഒരാള്‍ക്ക്/ നോബല്‍ സമ്മാനം ലഭിച്ചേക്കും/ ഒച്ചയില്‍ നിന്നും/ നിശബ്‌ദത കണ്ടെത്തിയതിന്- (പി. എന്‍. ഗോപീകൃഷ്‌ണന്‍- അങ്ങനെയും ഒരു ലോകമുണ്ട്)ബൂലോകകവിതാ ബ്ലോഗില്‍ ഹാരിസ് എടവന: വാക്കിനെ മെരുക്കി/ കവിതയാക്കിയൊന്നടുക്കി വെക്കുവാന്‍/ രാവിലുറങ്ങാതിരിക്കുമ്പോഴും/ ഉമ്മ മാത്രമൊരു വരിയായെത്തുന്നില്ല.-(ഉമ്മ സ്വപ്‌നം). ചിന്തയിലെ തര്‍ജ്ജനിയില്‍ നിന്നും ടി. പി. വിനോദ്: നമ്മളെക്കുറിച്ചുള്ള/ സ്വപ്‌നത്തില്‍ വീഴ്‌ത്തണം/ ജീവിതം ചൊവ്വിനു/ പഠിപ്പിക്കാന്‍ നമ്മളെ- (അനുശീലനം).ബ്ലോഗില്‍ നിലവാരമുള്ള കവിതകള്‍ രംഗപ്രവേശം തുടങ്ങിയിരിക്കുന്നു. നൂറും നൂറ്റൊന്നും വരട്ടുകവിതകളെഴുതി വായനക്കാരെ ബോറടിപ്പിക്കുന്ന ക്രൂരത ഒഴിഞ്ഞു കിട്ടുന്നു എന്നു മാത്രമല്ല, പി. എന്‍. ഗോപീകൃഷ്‌ണന്‍ ഉള്‍പ്പെടെയുള്ള എഴുത്തുകാര്‍ സജീവമായി ഇടപെടുകയും ചെയ്യുന്നത് ആശ്വാസമാണ്. പുതുകവിതാബ്ലോഗില്‍ ഓണക്കാലം ഭംഗിയാക്കിയവരില്‍ മുന്നില്‍ നില്‍ക്കുന്നത് ഗോപീകൃഷ്‌ണനാണ്. ബുലോക കവിതാബ്ലോഗില്‍ ഹാരിസ് എടവന എഴുതിയ കവിത- ഉമ്മ സ്വപ്‌നവും തര്‍ജ്ജനിയില്‍ ടി. പി. വിനോദ് എഴുതിയ അനുശീലനവും ന്യൂസ് പ്രിന്റുകള്‍ ഓണക്കാലത്ത് നടത്തിയകഴുത്തറപ്പന്‍ വിനോദത്തില്‍ നിന്നും വായനക്കാരെ രക്ഷിക്കുന്നു (മലയാളത്തിലെ ആനുകാലികങ്ങളുടെ പത്രാധിപര്‍ കോപിക്കാതിരിക്കുക). വാക്കിന്റെ കരുത്തും എഴുത്തിന്റെ അടയിരിപ്പും തെളിഞ്ഞുനില്‍ക്കുന്ന രചനകളാണ് ഓണക്കാലത്ത് ബ്ലോഗുകളില്‍ അടയാളപ്പെട്ടത്.-നിബ്ബ്
3 comments:
കവികളുടെ വലിപ്പച്ചെറുപ്പവും പേരും പെരുമയുമല്ല, രചനകളുടെ കാവ്യഗുണം മാത്രം പരിഗണന എന്ന സമീപനം ധീരം, പ്രശംസനീയം. ചന്ദ്രിക വാരാന്തപ്പതിപ്പില്‍ ആദ്യം എന്നും വായിക്കുന്നത് നിബ്ബ് പംക്തിയാണ്. ചില വിലയിരുത്തലുകളോട് വിയോജിച്ചുകൊണ്ടുതന്നെ പറയട്ടെ, തുടരുക നല്ല കവിതയിലെത്തിച്ചേരാന്‍ പേനായുധമേന്തി പാഴ്‌പടര്‍പ്പുകള്‍ വെട്ടിവെട്ടിയുള്ള ഈ മുന്നേറ്റം.
സ്‌നേഹം,
മുഹമ്മദ്‌കുട്ടി എളമ്പിലാക്കോട്
കവികളുടെ വലിപ്പച്ചെറുപ്പവും പേരും പെരുമയുമല്ല, രചനകളുടെ കാവ്യഗുണം മാത്രം പരിഗണന എന്ന സമീപനം ധീരം, പ്രശംസനീയം. ചന്ദ്രിക വാരാന്തപ്പതിപ്പില്‍ ആദ്യം എന്നും വായിക്കുന്നത് നിബ്ബ് പംക്തിയാണ്. ചില വിലയിരുത്തലുകളോട് വിയോജിച്ചുകൊണ്ടുതന്നെ പറയട്ടെ, തുടരുക നല്ല കവിതയിലെത്തിച്ചേരാന്‍ പേനായുധമേന്തി പാഴ്‌പടര്‍പ്പുകള്‍ വെട്ടിവെട്ടിയുള്ള ഈ മുന്നേറ്റം.
സ്‌നേഹം,
മുഹമ്മദ്‌കുട്ടി എളമ്പിലാക്കോട്
താങ്കളുടെ വായനയും നിര്‍ദേശവും മനസ്സിലാക്കുന്നു. ഇനിയും മുന്നോട്ടുപോകാന്‍ ശ്രമിക്കാം, നന്ദി.
Post a Comment