ബ്ലോഗ്‌കഥ: തര്‍ജ്ജനിയില്‍ എം. ഫൈസലിന്റെ കഥ വര്‍ത്തമാനകാലത്തിലേക്കാണ് ഇറങ്ങിനില്‍ക്കുന്നത്. സാമൂഹ്യപാഠങ്ങളുടെ വായന എന്നാണ് കഥയ്‌ക്ക് ഫൈസല്‍ പേരിട്ടിരിക്കുന്നത്. മകന്‍ സോഷ്യല്‍സ്റ്റഡീസ് പുസ്‌തകം സ്‌കൂളിലേക്ക് കൊണ്ടുപോകാന്‍ മറന്നു. അതേപ്പറ്റി വെറോണിക്കയും ഭര്‍ത്താവ് ഹുമയൂണും തമ്മില്‍ നടക്കുന്ന സംഭാഷണമാണ് കഥാവിഷയം. കഥ പറച്ചിലിനിടയില്‍ ഇന്ത്യയും രാഷ്‌ട്രീയവും വിദ്യാഭ്യാസവും എല്ലാം കടന്നുവരുന്നു. കഥ ഒരു പ്രബന്ധമായി നീണ്ടുനീണ്ടുപോകുന്നു. ഫൈസലിന് ലക്ഷ്യമില്ലാതിരിക്കില്ല. പക്ഷേ, കഥ പറച്ചിലിനു കടമ്പകളേറെയുണ്ട്. ബ്ലോഗിലെ മിക്ക കഥാകാരന്മാരുടെയും സ്ഥിതി ഇതുതന്നെ. മനസ്സില്‍ കഥയുണ്ട്. അത് സ്‌ക്രീനിലേക്ക് പകര്‍ത്തുമ്പോള്‍ വായനക്കാര്‍ ഞെട്ടുന്നു. കഥ കാണുമ്പോള്‍ ഓടിരക്ഷപ്പെടുന്നു. മറ്റൊരു കഥയിലേക്ക്, കഥയുടെ പേര് മരിയവേഗസ്. എഴുതിയത് ഇഞ്ചിപ്പെണ്ണ്. മധു എന്ന യുവാവ് ഒരു ഹോട്ടലില്‍ വേശ്യയായ മരിയയുമായി ചെലവിടുന്ന മണിക്കൂറുകള്‍ വിവരിക്കുന്ന കഥ. ഇതിലും കഥയുടെ പുതുമയോ, ആവിഷ്‌ക്കാര വൈഭവമോ ഇല്ല.- നിബ്ബ് 29/9/09
Friday, September 25, 2009
കഥ: ആയുസ്സിന്റെ അടയാളം
അന്തൂക്ക പെന്‍സില്‍പോലെ മെലിഞ്ഞ ഒരു ചെറുപ്പക്കാരനേയും കൂട്ടി എന്നെ കാണാന്‍ വന്നു. വ്‌ന്റെ നിക്കാഹാണ്. പ്രഫസര്‍ ഇവനെ ഒന്നു തടിപ്പിച്ചു തരണം. ഇങ്ങനെയുള്ളവര്‍ക്ക് കോര്‍ട്ടിസോണ്‍ കൊടുത്താല്‍ പെട്ടെന്ന് തടി വെയ്‌ക്കും. കോര്‍ട്ടിസോണ്‍ കൊടുക്കാന്‍ പാടില്ലാത്തതാണ്. ചെറുപ്പക്കാരന്റെ നിക്കാഹിന് അധികം മാസങ്ങളുമില്ല. പുതുമാപ്ലയായ താന്‍ ഇത്തിരി മസിലോ, തടിയോ കൊതിച്ചുപോയതില്‍ തെറ്റുണ്ടോ എന്ന ഭാവത്തില്‍ ചെറുപ്പക്കാരന്‍ നോക്കിയതോടെ എന്റെ മനസ്സലിഞ്ഞു. ഞാന്‍ കോര്‍ട്ടിസോണ്‍ ഗുളികകള്‍ കുറിച്ചു കൊടുത്തു.മൂന്നാനാലു മാസങ്ങള്‍ കൊണ്ടു കോര്‍ട്ടിസോണ്‍ പണിപറ്റിച്ചു. പുയ്യാപ്ല കൊഴുത്തുതടിച്ചു. ഇംഗ്ലീഷ് സിനിമകളിലെ നായകന്മാരെപ്പോലെയായി. ഈ ഗുട്ടന്‍സും കൊള്ളാമല്ലോ. അപ്പോഴാണ് മെലിഞ്ഞിരിക്കുന്നതിനാല്‍ നിക്കാഹ് ശരിയാകാതിരുന്ന കുറെ പെണ്ണുങ്ങളുടെ മുഖങ്ങള്‍ അന്തൂക്കയുടെ മുന്നിലൂടെ ഫാസ്റ്റ് ഫോര്‍വേര്‍ഡ് അടിച്ചു പോയത്. അന്തൂക്ക പ്രശ്‌നത്തിലിടപ്പെട്ടു. കോര്‍ട്ടിസോണ്‍ ഗുളികകള്‍ ഡോക്‌ടറുടെ കുറിപ്പടി പ്രകാരമേ മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് കിട്ടൂ.അന്തൂക്കയുടെ മെഡിക്കല്‍ സ്വാധീനം അതിനെയൊക്കെ നിഷ്‌പ്രഭമാക്കി. 1 പോലെയിരുന്ന പെണ്ണുങ്ങള്‍ ഠ പോലെ തടിച്ചു. ദേഹമൊക്കെ നന്നാക്കി. അവര്‍ കല്യാണബ്രോക്കര്‍മാരുടെ നോട്ടപ്പുള്ളികളായി പരിലസിച്ചു. നാട്ടില്‍ അന്തൂക്കയുടെ ജനപ്രീതി കുത്തനെ ഉയര്‍ന്നു- ഇത് ഡോ. സി.കെ. രാമചന്ദ്രന്റെ അലിവുള്ള അന്തൂക്ക എന്ന ലേഖനത്തില്‍ നിന്ന്. ചികിത്സിച്ചും ചിരിച്ചും (മനോരമ) പോകുന്ന മനോധര്‍മ്മവും ചികിത്സാ വഴക്കവുമുള്ള ഒരു ഡോക്‌ടറുടെ വിവരണം. കഥയിലൂടെ കാര്യം പറച്ചിലിന്റെ ചാരുതയും ഹൃദ്യതയും ഡോ. സി. കെ. രാമചന്ദ്രന്റെ ലേഖനത്തില്‍ പതിഞ്ഞുനില്‍പുണ്ട്. പറച്ചിലിന്റെ ഈ ലാളിത്യവും സംവേദനക്ഷമതയും ഒത്തിണങ്ങിയ എത്ര കഥകളും കഥാകാരന്മാരും മലയാളത്തിലുണ്ട്. പ്രശസ്‌ത കഥാകൃത്ത് ടി. പത്മനാഭന്‍ മുതല്‍ തനൂജ വരെയുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കിയാല്‍ അവരുടെ എണ്ണം രണ്ടു കൈവിരലില്‍ എണ്ണിത്തീര്‍ക്കാവുന്നതേയുള്ളൂ. മലയാളകഥയുടെ പുതിയ വഴി അത്രമാത്രം ശോഭനമല്ലെന്നാണ് കഴിഞ്ഞമാസത്തെ ആനുകാലികങ്ങള്‍ നല്‍കുന്ന വായനാനുഭവം. ഭേദപ്പെട്ടവ ചികഞ്ഞെടുക്കുമ്പോള്‍ വായനയില്‍ തങ്ങിനില്‍ക്കുന്ന കുറച്ചു കഥയും കഥാകൃത്തുക്കളും ആശ്വാസമാകുന്നു. ഓണപ്പതിപ്പുകളില്‍ വീണ്ടും വായിക്കാന്‍ പ്രേരിപ്പിക്കുന്നവയില്‍ ചിലത്. എന്‍. എസ്. മാധവന്‍ മനോരമ വാര്‍ഷികത്തില്‍ എഴുതിയ കടപ്പുറത്ത് ഒരു സായാഹ്നം പറയുന്നത് ഭീകരതയുടെ പിന്നാമ്പുറമാണ്. കഥാകാരന്‍ എഴുതി: ദൂരം ഞങ്ങളെ വല്ലാതെ അകറ്റിക്കഴിഞ്ഞു വെന്ന് എനിക്ക് ആദ്യമായി തോന്നി. അല്ലെങ്കിലും ദൂരത്തിന്റെ ധര്‍മ്മം അകറ്റുക എന്നല്ലേ? എന്റെ കണ്ണു നിറയുന്നത് കണ്ട് സൈറ എന്നോടു ചേര്‍ന്നിരുന്നു.- കടല്‍ക്കരയില്‍ നിന്നും കുട്ടികളുടെ ഭാവമാറ്റത്തിലേക്ക് കണ്ണോടിക്കുന്ന കുടുംബം. പരസ്‌പരം അപരിചിതരായി മാറുന്ന തലമുറയുടെ ചിത്രമാണ് എന്‍. എസ്. മാധവന്‍ അടയാളപ്പെടുത്തിയത്. കഥ കാലിക വിഷയത്തിലേക്ക് ശക്തമായി തിരിച്ചുവരികയാണ്.ഭീകരതയും വിധ്വംസക പ്രവര്‍ത്തനങ്ങളുമാണ് മലയാളകഥയുടെ പുതിയമുഖം എഴുതിനിറയുന്നത്. മാധ്യമം വാര്‍ഷികപതിപ്പില്‍ കെ. രേഖ എഴുതിയ കാലാകില്ല എന്ന കഥയും സൂചിപ്പിക്കുന്നത് മറ്റൊന്നല്ല. കഥാകാരി പറയുന്നു: പ്രതികാരം ഒരു വലിയ തമാശയാണ്. ബി. കെ. ജയ്‌നിനെ വീഴ്‌ത്തുക അജയനെ സംബന്ധിച്ച് അത്ര പ്രയാസമുള്ള സംഗതിയല്ല. പിഴച്ചു പോകുന്ന ചില കണക്കുകള്‍.- വിഷയം മുംബൈ സ്‌ഫോടനം തന്നെ. ഇരുട്ടിന്റെ ചരിത്രമുറങ്ങുന്ന കാലാകില്ലകള്‍. അയാള്‍ നടത്തത്തിന്റെ വേഗത കൂട്ടി. പലരും ഈ വേഗതയ്‌ക്ക് ആക്കം കൂട്ടിക്കൊണ്ടിരിക്കുന്ന വിഷമവൃത്തത്തിലേക്കാണ് കഥാകാരി വായനക്കാരുടെ ശ്രദ്ധക്ഷണിക്കുന്നത്.ഭീകരതയും കൊലപാതകവും മാത്രമല്ല, എല്ലാ ബഹളത്തിനുമപ്പുറം ഒറ്റപ്പെടുന്ന മനുഷ്യരുടെ ആത്മരോദനവും കഥ കേള്‍പ്പിക്കുന്നുണ്ട്. പെരുമ്പടവം ശ്രീധരന്‍ മാധ്യമം വാര്‍ഷികത്തിലെഴുതിയ ഘനശ്യാമം എന്ന കഥ നോക്കുക: വീടു പൂട്ടിയിറങ്ങുമ്പോള്‍ അയാള്‍ക്കുതോന്നി. താന്‍ ജീവിതത്തില്‍ നിന്ന് ഇറങ്ങിപ്പോവുകയാണെന്ന്. എല്ലാ ബന്ധങ്ങളും നഷ്‌ടപ്പെട്ട് തികച്ചും ഏകാകിയായി തീര്‍ന്നതിന്റെ വ്യസനം അയാള്‍ക്ക് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു... എന്നിങ്ങനെ പെരുമ്പടവം കഥ പറഞ്ഞു തുടങ്ങുന്നു. നഗരത്തിന്റെ ഒഴുകിപ്പരപ്പില്‍ സ്വയം തിരിച്ചറിയാന്‍ സാധിക്കാത്തവന്റെ നിലവിളിയിലാണ് ഈ കഥ അവസാനിക്കുന്നത്.- നഗരത്തിന്റെ തിരക്കുകള്‍ക്കിടയിലൂടെ അയാള്‍ കിഴവനെ അന്വേഷിച്ചു നടന്നു. ഒരു സംശയവും ഒരു ചോദ്യവും കൊണ്ട്. ആത്മാലാപത്തിന്റെ മഞ്ഞുവീഴ്‌ചയാണ് ഈ കഥ.പാരിസ്ഥിതിക പ്രശ്‌നത്തിലേക്കും ഫ്‌ളാറ്റ് ജീവിതത്തിന്റെ അസഹ്യതയിലേക്കും വാതില്‍ തുറന്നിടുന്ന രണ്ടു കഥകള്‍. സിത്താര. എസ് മാധ്യമം വാര്‍ഷികത്തിലെഴുതിയ ഭൂമിയുടെ അവകാശികള്‍ എന്ന രചന പേരുകൊണ്ട് ബഷീറിനെ കൂടെനടത്തുന്നുണ്ട്. പക്ഷേ, വിഷയാവതരണത്തില്‍ സിത്താര പ്രകടിപ്പിക്കുന്ന വൈദഗ്‌ധ്യം മലയാളകഥയുടെ കരുത്ത് വ്യക്തമാക്കുന്നു. കഥയിലൊരിടത്ത് നിന്നും: വലിയൊരു മീനിനെപ്പോലെ ഞാനും ഒഴിഞ്ഞ മനസ്സോടെ, ബാലന്‍സില്ലാതെ, ചേറില്‍ പുതഞ്ഞു നിന്നു. എനിക്കൊഴിച്ച് മറ്റെല്ലാര്‍ക്കും അവകാശമുള്ള മണ്ണ്. എന്റെ കാലുകള്‍ക്കിടയില്‍ നിന്നും കുത്തിയൊലിച്ചുപോയി. മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ (സപ്‌തം.27) സുസ്‌മേഷ് ചന്ത്രോത്ത് എഴുതിയ കഥയിലും വിഷയം ആധുനികജീവിതത്തിന്റെ പരിച്ഛേദമാണ്. സുസ്‌മേഷ് എഴുതി: കൊറേ മരങ്ങളൊക്കെ നില്‍ക്കുന്ന സ്ഥലമാ. വെലയല്ല. ആ മരങ്ങളൊക്കെ സംരക്ഷിക്കപ്പെടണമെന്നാ അതിന്റെ ഉടസ്ഥര്‍ക്ക്. അരവിന്ദാക്ഷനാവുമ്പോ അതൊന്നും വെട്ടിമുറിക്കുകേലല്ലോ- ഞാനൊന്നും പറഞ്ഞില്ല. രാജന്‍പിള്ളയോട് സുമന എന്തൊക്കെയോ ആവേശത്തോടെ സംസാരിക്കുന്നുണ്ട്. ചെമ്പകപുഷ്‌പസുവാസിതയാമം മൂളിക്കൊണ്ട് ഞാന്‍ കഴുത്തുപൊക്കി നോക്കി. ഏഴാംനിലയില്‍ നിന്ന് ഇലകള്‍ താഴേക്കു നോക്കി തലയാട്ടുന്നു - (ഹരിതമോഹനം). ഒരു സിനിമയിലെന്നപോലെ മാറുന്ന കാലത്തിന്റെ മുഖത്തെഴുത്താണ് ഈ കഥ. യുവകഥയെഴുത്തുകാരുടെ കാര്‍ക്കശ്യവും ആവിഷ്‌ക്കാരത്തിന്റെ സൗന്ദര്യവും ഒത്തിണങ്ങിയ കഥയും കഥപറച്ചിലും.ചന്ദ്രമതിക്കും ശിഹാബുദ്ദീന്‍ പൊയ്‌ത്തുംകടവിനും പറയാനുള്ളത് മറ്റൊന്ന്. ചന്ദ്രമതി പേന വീടകത്തിലേക്ക് തിരിച്ചുപിടിക്കുന്നു. മനോരമ വാര്‍ഷികത്തിലെ പരമ്പരാഗതമായ പ്രായോഗികഗുണങ്ങള്‍ എന്ന കഥയില്‍. സീരിയലുകള്‍ക്കു മുന്നില്‍ ജീവിതം കൊഴിഞ്ഞുതീരുന്ന ജന്മങ്ങളുടെ കഥ. സ്വകാര്യതപോലും നഷ്‌ടമാകുന്ന കാലം. ഇതെല്ലാം വീടിന്റെ അന്തരീക്ഷത്തില്‍ കൂട്ടിയിണക്കുകയാണ് ചന്ദ്രമതി. കഥാകാരി എഴുതുന്നു: ശാന്തമായുറങ്ങുന്ന ഭാര്യയെ നോക്കി ഉറക്കമില്ലാതെ രാജഗോപാലന്‍ സാര്‍ കിടന്നു. അദ്ദേഹത്തിന്റെ മനസ്സില്‍ ഒരേയൊരു പ്രശ്‌നമായിരുന്നു. സ്വഭാവങ്ങളെ ഉരുക്കി ഐസ്‌ക്രീമാക്കി തിന്നുന്ന ആ രാക്ഷസനെ എങ്ങനെ കണ്ടെത്താനൊക്കും?- അയാള്‍ രാക്ഷസനെ സ്വപ്‌നം കാണുന്നു. ഇത് വര്‍ത്തമാനകാലത്തിന്റെ സ്‌പന്ദനമാണ്. ശിഹാബുദ്ദീന്‍ പൊയുത്തുംകടവ് പറയുന്നത് തകര്‍ന്നുപോകുന്ന വ്യവസ്ഥിതിയെപ്പറ്റിയാണ്. അതിന് കഥാകൃത്ത് കൂട്ടുപിടിക്കുന്നത് തന്റെ കൂടെ പത്രത്തില്‍ ജോലിചെയ്‌ത കുട്ടിയുടെ കഥയാണ്. കഥാകാരന്‍ ഫ്‌ളൈറ്റിന് കാത്തുനില്‍ക്കുന്നു. ഫ്‌ളൈറ്റ് വന്നു അയാള്‍ക്ക് കയറാനുള്ള ഊഴമായി. എയര്‍ഹോസ്റ്റസുമാരുടെ സ്‌നേഹാഭിവാദ്യം സ്വീകരിക്കുന്നു. സുരക്ഷയെക്കുറിച്ചുള്ള വേവലാതിയിലേക്ക് കഥാകാരന്‍ ഇറങ്ങിനില്‍ക്കുന്നു. അപ്പോഴാണ് പത്രത്തില്‍ ഫ്രൂഫ് റീഡറായ കുട്ടിയുടെ ചിത്രം ഓര്‍മ്മയിലെത്തുന്നത്. ശിഹാബുദ്ദീന്‍ ആ രംഗം വര്‍ണ്ണിക്കുന്നു: നമുക്കെന്ത് ചെയ്യാന്‍ പറ്റും. ദൈവം സ്വന്തം തടി കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്തം ഏറ്റവും കൂടുതല്‍ നല്‍കിയത് അവനവനു തന്നെ ആയിപ്പോയല്ലോ.- (ഫ്രാഡ്- മാധ്യമം ഓണപ്പതിപ്പ്) കുട്ടിയുടെ വാക്കുകളില്‍ യുദ്ധവും കലാപവും അനിവാര്യമായിരുന്നു. അയാള്‍ ലോകചരിത്രം നിവര്‍ത്തിപ്പറഞ്ഞത് അയാള്‍ ഓര്‍ത്തു. പത്രം പൂട്ടി മള്‍ട്ടി നാഷണല്‍ ഷോപ്പിംങ് സെന്ററായി മാറിയെങ്കിലും കുട്ടി നല്‍കിയ ലോകത്തിന്റെ ചിത്രം അയാള്‍ക്ക് മറക്കാന്‍ കഴിയുന്നില്ല. ആധുനികകാലത്തിന്റെ വാങ്‌മയചിത്രം. കഥയെഴുത്തിന്റെ തീക്ഷ്‌ണത നല്‍കുന്ന രചനകളിലൊന്ന്.കഥയെഴുത്തില്‍ സ്വന്തമായൊരു തട്ടകം കാത്തുസൂക്ഷിക്കുന്ന എഴുത്തുകാരനാണ് അക്‌ബര്‍ കക്കട്ടില്‍. മാധ്യമം വാര്‍ഷികത്തിലെ കക്കട്ടിലിന്റെ കഥയില്‍ നിന്ന്: എന്തിനാണ് പയ്യന്‍ പരിസര നിരീക്ഷണം നടത്തുന്നതെന്നറിയാതെ സരള ടീച്ചര്‍ ചുറ്റിലും നോക്കി. പെട്ടെന്ന് അവന്‍ ശബ്‌ദം താഴ്‌ത്തി പറഞ്ഞു- ടീച്ചര്‍ വേഗം പോയ്‌ക്കോ. നമ്മള്‍ രണ്ടാളെയും ഇവിടെ ഈ അവസ്‌ഥേല് ഒന്നിച്ചു കണ്ടാല്‍ ആളുകള്‍ സംശിയിക്കും.-(കുറ്റബോധത്തോടെ സാഗര്‍). സിഗരറ്റ് വലിയില്‍ കമ്പം കയറിയ സാഗറിനെ കഥാകാരന്‍ പ്രതിഷ്‌ഠിക്കുന്നത് യു. പി. സ്‌കൂളില്‍ തന്നെ. പുകവലിയില്‍ ബിരുദം നേടിയ സാഗറിന് ജീവിതത്തിന്റെ വഴിത്തിരിവില്‍ ഡോക്‌ടര്‍ നല്‍കിയ ഉപദേശം പാലിക്കാന്‍ സാധിക്കുന്നില്ല.- സാഗറിന് ടെന്‍ഷന്‍ ആളുകയാണ്. ഡോക്‌ടര്‍ പോയപ്പോള്‍ ആരോടെന്നില്ലാതെ പറഞ്ഞു: ഞാന്‍ ബാത്‌റൂമില്‍ പോയി ഒരു സിഗരറ്റ് വലിച്ചുവരട്ടെ! അക്‌ബര്‍ ക്കഥയുടെ നര്‍മ്മവും കാര്യവും ഭംഗിയായി പ്രതിഫലിക്കുന്ന രചന.ഇന്ദു മേനോന്‍ മനോരമയിലെഴുതിയ രക്തകാളീ രക്തകാളീ എന്ന കഥയില്‍ നിന്നൊരു ഭാഗം: അയാളുടെ പ്രേമം കേട്ടപ്പോള്‍ കമല പൊട്ടിച്ചിരിച്ചു. മുല്ലപ്പൂ വിടര്‍ത്തിയ ചുണ്ടുകള്‍ക്കിരുപുറത്തും പുച്ഛരസം വീണുകിടന്നു. ചിരി തീരുംവരെ അയാള്‍ പരിഭ്രമിച്ചുതന്നെ നിന്നു.- കഥാന്ത്യത്തില്‍ : അവള്‍ അയാളുടെ ശവക്കുഴി മാന്താന്‍ തുടങ്ങി. അവളുടെ മടിക്കെട്ടഴിഞ്ഞ് വസൂരി മണക്കുന്ന ഒരു കാറ്റ് അവിടെ നിറഞ്ഞു. - അനുരാഗത്തിന്റെ കരിക്കിന്‍വെള്ളം വറ്റിപ്പോയ കാലത്തിന്റെ സാക്ഷ്യപത്രം. ഈ കഥയോട് ചേര്‍ത്തുവായിക്കാവുന്ന മറ്റൊരു കഥ ദേശാഭിമാനിയില്‍(സപ്‌തം.2) കൃഷ്‌ണന്‍ കണ്ണോത്ത് എഴുതിയിട്ടുണ്ട്. മണിയനെ കൊല്ലാന്‍ കൃഷ്‌ണമ്മയ്‌ക്ക് കഴിയോ?.കാനേഷ് പൂനൂരിന്റെ ബ്യൂട്ടിപാര്‍ലര്‍ (മാധ്യമം വാര്‍ഷികം) എന്ന കഥയില്‍ ദാരിദ്ര്യത്തിന്റെ കറുത്തചിത്രം തെളിയുന്നു: ഇന്നലെ അമ്മ വൈകിയാണെത്തിയത്. കൈയിലെ സഞ്ചിയില്‍ പാതിയോളം അരി. അപ്പോഴെ വിചാരിച്ചു. അടുത്തവീട്ടിലെ പിന്നാമ്പുറത്തു നിന്ന് കുറച്ചു പച്ചമുളക് പൊട്ടിക്കാം. കുറ്റിയില്‍ ഉപ്പ് കാണാതിരിക്കില്ല. ചമ്മന്തിയും കൂട്ടി. -കഥയിലെ ചിന്നനെന്ന കുട്ടിയുടെ ചിന്തകള്‍ ഇങ്ങനെ പോകുന്നു. ബാലമനസ്സാണ് കാനേഷ് എഴുതിയത്. ഹൃദ്യമായ രീതിയില്‍തന്നെ.കഥാപുസ്‌തകം: ഇടപെടലിന്റെ 12 കഥകള്‍. ആയുസ്സിന്റെയും കാലത്തിന്റെയും അടയാളങ്ങളാണ് കഥകളെന്ന് സാക്ഷ്യപ്പെടുത്തുന്ന പുസ്‌തകം. കഥയ്‌ക്ക് ചന്ദ്രന്‍ പൂക്കാട് പേരിട്ടുവിളിക്കുന്നത് ആയുസ്സിന്റെ അടയാളങ്ങള്‍ എന്നാണ്. ജീവിതം എഴുതുന്നത് കഥയുടെ ദാര്‍ശനിക കണ്ണാടിക്കാഴ്‌ചയിലൂടെയാണ്. പ്രതിരോധത്തിന്റെയും പ്രതിബോധത്തിന്റെയും പരാഗങ്ങള്‍ വീണുകിടക്കുന്ന കഥാപുസ്‌തകം. മരുഭൂമി ഹരിതകങ്ങള്‍ അപഹരിക്കുമ്പോള്‍ നോക്കുകുത്തിയായി മാറിനില്‍ക്കേണ്ടി വരുന്നവരുടെ ഗദ്‌ഗദം പൂക്കാടിന്റെ കഥകളില്‍ മുഴങ്ങുന്നു. കഥാപ്രവാഹം വായനക്കാരുടെ മനസ്സുകള്‍ കവിഞ്ഞൊഴുകുന്നു. കഥപറച്ചിലും കഥകളും ഹൃദ്യമാക്കുന്ന കൃതി.-(പൂര്‍ണ, 65രൂപ).
Subscribe to:
Post Comments (Atom)
No comments:
Post a Comment