Tuesday, July 01, 2008
2007-ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍
2007-ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. പതിവുപോലെ പുരസ്കാരം പ്രതീക്ഷിച്ചവരും ലഭിക്കാത്തവരും വാദപ്രതിവാദത്തിന് കച്ചകെട്ടിയിരുന്നു. പക്ഷേ, എന്തുകൊണ്ടോ മുന്‍കാലങ്ങളില്‍ നടന്ന രീതിയിലുള്ള പൊട്ടിത്തെറികളൊന്നുമുണ്ടായില്ല. മലയാളികള്‍ സാംസ്കാരികതലത്തില്‍ ഉയര്‍ന്നതുകൊണ്ടോ, അവാര്‍ഡ് വിമര്‍ശനങ്ങള്‍ക്ക് മാധ്യമങ്ങള്‍ അമിത പ്രാധാന്യം നല്കാത്തതോ, പ്രതികരിച്ചവര്‍ ചലച്ചിത്രരംഗത്തെ പ്രഗത്ഭമതികളായതുമൂലമോ ആകാം വിഴുപ്പലക്കലിന് വലിയ കോപ്പ് ലഭിച്ചില്ല.കഴിഞ്ഞ വര്‍ഷത്തെ മികച്ച ചിത്രം, മികച്ച സംവിധായകന് തുടങ്ങിയവയ്ക്കുള്ള അവാര്‍ഡ് നേടിയത് എം. ജി. ശശിയാണ്. ഡോക്യുമെന്റികളിലൂടെയും കൊച്ചുസിനിമകളിലൂടെയും തന്റെ ചലച്ചിത്ര സംബന്ധിയായ നിലപാടുകള്‍ ഇതിനകം ശശി വ്യക്തമാക്കിയിട്ടുണ്ട്. പുതിയ ചിത്രം- അടയാളങ്ങള്‍ നന്തനാരുടെ ജീവിതരേഖയില്‍ തളിര്‍ത്ത ചിത്രപാഠമാണ്. (സിനിമ ഇനിയും പ്രദര്‍ശനശാലയില്‍ എത്തിയിട്ടില്ല എന്നത് അവാര്‍ഡിന് തടസ്സമാകുന്നില്ല. മുന്‍കാലത്തും റിലീസ് ചെയ്യാത്ത ചിത്രങ്ങള്‍ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.) മികച്ച നടന്റെ കാര്യത്തിലും വലിയ മത്സരം നടന്നില്ല. പരദേശിയിലെ വലിയകത്ത് മൂസ്സയുടെ വേഷത്തില്‍ മോഹന്‍ലാല്‍ പ്രകടിപ്പിച്ച അഭിനയപാടവത്തില്‍ മിമിക്രിയുടെ ചന്തം കണ്ടവരെ പുരസ്കാരം അല്പം പ്രകോപിച്ചത് സ്വാഭാവികം. ഇത്തരമൊരു സിനിമ രൂപപ്പെടുത്തുമ്പോള്‍ സംഭവിക്കാവുന്ന പാളിച്ചകള്‍ മാത്രമേ പരദേശിക്കും പറ്റിയുള്ളൂ. ചിത്രം പി. ടി. കുഞ്ഞിമുഹമ്മദ് ചെയ്തതുകൊണ്ടും മോഹന്‍ലാല്‍ വേഷമിട്ടതിനാലും വന്നുചേരാവുന്ന പാകപ്പിഴയല്ല പരദേശിയുടെ പ്രശ്നം. പരദേശിയുടെ സ്വത്വപ്രതിസന്ധി ഇനിയും തിരിച്ചറിയാത്തവരുടെ മനോഭാവം മാത്രമാണ്. ആകാശഗോപുരവും ലാലിനെ മികച്ച നടന്റെ സ്ഥാനത്തേക്ക് ഉയര്‍ത്താവുന്നതേയുള്ളൂ. നല്ലനടനെ തെരഞ്ഞെടുക്കുന്നതില്‍ ഏഴംഗ ജൂറിക്ക് മുമ്പില്‍ വെല്ലുവിളി ഒന്നുമുണ്ടായിരുന്നില്ല. ഒരേകടലിലെ മമ്മൂട്ടിയുടെ വേഷം അദ്ദേഹത്തിന്റെ അഭിനയതലത്തില്‍ ഒരു പ്രത്യേകതയും ഉയര്‍ത്തിയില്ല. ശ്യാമപ്രസാദ് രൂപപ്പെടുത്തിയ കഥാപാത്രം തന്റെ കരിയറിലെ ഹൈലൈറ്റാണെന്ന് മമ്മൂട്ടിപോലും കരുതാനിടയില്ല. അറബിക്കഥയിലെ ക്യൂബാമുകുന്ദന്‍- ശ്രീനിവാസന്റെ ഒരു ടൈപ്പ് കഥാപാത്രം. അതിനാല്‍ മികച്ചനടന് അനായാസമായി തീരുമാനിക്കപ്പെട്ടു. മികച്ച നടിയുടെ സ്ഥാനത്തേക്ക് മീരാജാസ്മിനെ പിന്തള്ളാന് പാകപ്പെട്ട മറ്റൊരു കഥാപാത്രാവിഷ്കാരം കഴിഞ്ഞ വര്‍ഷം മലയാളത്തിലുണ്ടായില്ല. രണ്ടാമത്തെ നടനും നടിയും വലിയ അഭിപ്രായ വ്യത്യാസത്തിന് ഇടം നല്‍കിയില്ല. നല്ല കഥ, നല്ല ചിത്രം, മികച്ച സംവിധായകന് മുതലായ പുരസ്കാരങ്ങളിലാണ് അടുര്‍ ഗോപാലകൃഷ്ണനും കെ. പി. കുമാരനും ചൊടിച്ചത്. അടുരിന്റെ ടൊറന്റോ പ്രദര്‍ശന സിനിമ- നാല് പെണ്ണുങ്ങള്, കെ. പി. കുമാരന്റെ ആകാശഗോപുരം എന്നിവയെ അവഗണിച്ചെന്നാണ് മുഖ്യപരാതി. നാല് പെണ്ണുങ്ങള് അടൂരിന്റെ മികച്ച സിനിമകളുടെ നിരയില്‍ വരുന്നില്ല. തകഴിയുടെ കഥയാണ് ചിത്രത്തിന് അടിസ്ഥാനമാകുന്നത് എന്നതുകൊണ്ട് പ്രേക്ഷകരോ, ജൂറിയോ മികച്ചതെന്ന് അംഗീകരിക്കണമെന്നില്ല. പിന്നാമ്പുറക്കഥയില്‍ നിറയുന്നത് ജനുബറുവയുടെ പ്രതികാരമാണ്. ദേശീയതലത്തില്‍ പലതവണ ഏറ്റുമുട്ടി പരാജയപ്പെട്ടതിന്റെ പകയാണ് അടൂരിനോട് കേരളത്തില്‍വച്ച് ബറുവ തീര്‍ത്തതെന്ന നിഗമനത്തിന് പ്രസക്തിയില്ല. ജനപ്രീതി നേടിയ കലാമൂല്യമുള്ള സിനിമയായി കഥപറയുമ്പോള്‍ തെരഞ്ഞെടുക്കപ്പെട്ടത് അത്ഭുതത്തിന് വകനല്കുന്നു. ഗാനാലാപനം, സംഗീതം, മേയ്ക്കപ്പ്, ഗാനരചന, ഛായാഗ്രഹണം എന്നിങ്ങനെ ഇതര പുരസ്കാരങ്ങള്‍ എതിരെഴുത്തിന് വിധേയമായില്ല. മികച്ച ചലച്ചിത്രഗ്രന്ഥ നിര്‍ണ്ണയത്തിലും ബി. രാജീവന്റെ പാനലിന് പ്രയാസപ്പെടേണ്ടി വന്നില്ല. എന്‍. പി. സജീഷിന്റെ `ശലഭച്ചിറകുകള്‍...' അവാര്‍ഡ് നേടി. ലോകസിനിമയുമായി മലയാളിയെ അടുപ്പിച്ചുനിര്‍ത്തുന്നതിലും ചലച്ചിത്ര സമീപനത്തില്‍ അവലംബിക്കാവുന്ന പുതിയ വഴികളും ചര്‍ച്ചക്ക് വിധേയമാക്കുന്ന `ശലഭച്ചിറകുകള്‍..' സിനിമാസംബന്ധ പുസ്തകങ്ങളില്‍ വേറിട്ടു നില്ക്കുന്നു. പുരസ്കാര നിര്‍ണ്ണയത്തില്‍ ആരോപിക്കപ്പെടുന്ന പതിവു വേലിയേറ്റവും വേലിയിറക്കവും ഇത്തവണയും നടന്നിരിക്കാം. ജഗതിക്ക് പ്രത്യേക അംഗീകാരം നല്‍കിയതിലൂടെ ജനുബറുവ അടങ്ങുന്ന സമിതി, നിര്‍ദേശങ്ങള്‍ക്കും പ്രീണനത്തിനുമപ്പുറം സിനിമാസ്വാദകരുടെ പ്രശംസ നേടാതിരിക്കില്ല.
Subscribe to:
Post Comments (Atom)
1 comment:
നല്ല കഥ, നല്ല ചിത്രം, മികച്ച സംവിധായകന് മുതലായ പുരസ്കാരങ്ങളിലാണ് അടുര്‍ ഗോപാലകൃഷ്ണനും കെ. പി. കുമാരനും ചൊടിച്ചത്.
തന്റെ സിനിമകള്‍ സാങ്കേതികമല്ലാത്ത അവാര്‍ഡുകള്‍ക്ക് പരിഗണിക്കണ്ട എന്ന് അടൂര്‍ മുന്‍പേ പറഞ്ഞിട്ടുണ്ടല്ലോ. ഈ അവാര്‍ഡുകളെക്കുറിച്ച് അടൂര്‍ പ്രതികരിച്ചിരുന്നോ..അതൊന്ന് ക്വോട്ട് ചെയ്യാമോ?
ഒരു കൊറിയന്‍ സിനിമ അതുപോലെ കോപ്പി ചെയ്ത സത്യനും കിട്ടിയല്ലോ ഒരവാര്‍ഡ്..എന്തേ അതും നന്നായിരുന്നോ?
ഇവിടെ പരിഗണിക്കാതിരുന്ന പുലിജന്മം മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും നേടി.
പശു ചത്തു മോരിലെ പുളിയും പോയി..ഇനിയും തീര്‍ന്നില്ല വീട്ടിലിരുന്ന് ആരോപണങ്ങള്‍ ഉണ്ടാക്കല്‍.
Post a Comment