Friday, October 30, 2015

വാക്ക് മുട്ടുന്ന, നാടിനെ ഭയക്കുന്ന കാലം
എഴുത്തുകാരന്റെ ഒസ്യത്ത് അദ്ദേഹത്തിന്റെ കൃതികളാണെന്ന് സര്‍ വാള്‍ട്ടര്‍ സ്‌കോട്ട് പറഞ്ഞിട്ടുണ്ട്. എഴുത്തുകാരന് മരണമില്ലായ്മ ദാനം ചെയ്യുന്നതും ആ സൃഷ്ടികള്‍ തന്നെ. അക്ഷരങ്ങളിലൂടെ കവിയും നോവലിസ്റ്റും കഥാകാരനും ആചന്ദ്രതാരം ജീവിക്കുന്നു. എഴുത്തിന്റെയും എഴുത്തുകാരന്റെയും കരുത്തിനെപ്പറ്റിയാണ് സ്‌കോട്ട് ഓര്‍മ്മിപ്പിച്ചത്.
കഴിഞ്ഞവാരത്തിലെ ആനുകാലികങ്ങളില്‍ മുഖ്യവിഷയം വര്‍ത്തമാനകാല ഇന്ത്യ നേരിടുന്ന ചില പ്രശ്‌നങ്ങളാണ്. ഫാഷിസം അതിന്റെ പല രൂപങ്ങളായി സാമൂഹികജീവിതത്തിലേക്ക് കടന്നുവരുന്നതിനെപ്പറ്റിയാണ് ഏതാനും മാസങ്ങളായി മുഖ്യധാരാ ആനുകാലികങ്ങള്‍ ചര്‍ച്ചചെയ്യുന്നത്. എഴുത്തുകാര്‍ അവാര്‍ഡുകള്‍ തിരിച്ചുനല്‍കിയും സ്ഥാനമാനങ്ങള്‍ ത്യജിച്ചും പ്രതികരിക്കുന്നു. എക്കാലത്തും ഫാഷിസം അതിന്റെ ചെങ്കോലുകള്‍ ഉറപ്പിക്കാന്‍ സാംസ്‌കാരിക സ്ഥാപനങ്ങളെ ഉപയോഗിക്കാറുണ്ട്. ഇതേപ്പറ്റി പ്രൊഫ. എം. എന്‍ വിജയന്‍ സ്വര്‍ണ്ണമത്സ്യങ്ങള്‍ (പുസ്തകം-ചിതയിലെ വെളിച്ചം) എന്ന ലേഖനത്തില്‍ പറഞ്ഞുവെച്ചിട്ടുണ്ട്-എഴുത്തുകാര്‍ എസ്റ്റാബ്ലിഷ്‌മെന്റിന്റെ പൊണ്‍വലയില്‍ കുരുങ്ങുമ്പോള്‍ അയാള്‍ക്ക് നഷ്ടമാകുന്നത് സ്വാതന്ത്ര്യമാണ്. അവാര്‍ഡുകളും അംഗീകാരങ്ങളും സ്ഥാനങ്ങളും (എം. എന്‍ വിജയന്‍ 'ചിതയിലെ വെളിച്ചത്തിന്' ലഭിച്ച അക്കാദമി അവാര്‍ഡ് നിരസിച്ചിരുന്നു) ഈ നിരയില്‍ വരും. അവാര്‍ഡുമായി ബന്ധപ്പെട്ട ചര്‍ച്ച ഇടയ്‌ക്കെങ്കിലും സജീവമാണ്. മുമ്പ് ഡോ.സുകുമാര്‍ അഴീക്കോടും അവാര്‍ഡിനെ ചോദ്യം ചെയ്തിരുന്നു. പക്ഷേ, ഇപ്പോള്‍ അവാര്‍ഡല്ല വിഷയം. ഫാഷിസമാണ്. അതിലും എഴുത്തുകാര്‍ രണ്ട് തട്ടിലെന്നരീതിയില്‍ നിലപാട് സ്വീകരിക്കുന്നു. 
മാതൃഭൂമിയിലെ(നികുതിയടയ്ക്കുന്നവരുടെ നീതി) ലേഖനത്തില്‍ ടി. പി. രാജീവന്‍ അവാര്‍ഡ് നിരാസത്തെ ചെറിയതരത്തില്‍ ഒന്നു നോവിച്ചു. കവി സച്ചിദാനന്ദന്‍ കടുത്തഭാഷയില്‍ രാജീവനെ ചോദ്യം ചെയ്യുന്നു(ഗാലറിയിലെ സിനിക്കുകള്‍). ഒരു യാഥാര്‍ത്ഥ്യം തൊട്ടുകാണിക്കാന്‍ സച്ചിദാനന്ദന്‍ മറന്നില്ല- 'ഒരു ജാഥയിലും പങ്കെടുക്കാത്ത, ഒരു മുദ്രാവാക്യവും വിളിക്കാത്ത ആനന്ദിനെപ്പോലെ ഒരു എഴുത്തുകാരന്‍ പ്രാമുഖ്യം നേടുന്നത് അധികാരത്തിനെതിരെ എഴുത്തിലൂടെ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചുപോരുന്ന നിലപാടിലൂടെയാണ്. ഞാനും നിവൃത്തികെട്ട അവസരങ്ങളില്‍ മാത്രമാണ് മറ്റു രീതികളില്‍ പ്രതികരിച്ചിട്ടുള്ളത്.'
വിഷയം അധികാരമായതിനാല്‍ ഇതിനോട് ചേര്‍ത്തുവായിക്കാവുന്ന ലേഖനമാണ് മുസഫര്‍ അഹമ്മദ് എഴുതിയ 'വാക്ക് മുട്ടുന്ന, നാടിനെഭയക്കുന്ന കാലം '(മാതൃഭൂമി). ലോകം മുഴുവന്‍ ഭയം നിറയുന്ന കാഴ്ചയിലേക്കാണ് മുസഫര്‍ അഹമ്മദ് വായനക്കാരനെ നയിക്കുന്നത്.
വെറുപ്പിന്റെയും പകയുടെയും ഹിന്ദുരാഷ്ട്രം എന്ന ലേഖനത്തില്‍ (ചന്ദ്രിക ആഴ്ചപ്പതിപ്പ്) സി.ആര്‍.പരമേശ്വരന്‍ ഫാഷിസത്തെ, സംഘ്പരിവാറിനെ തോല്‍പിക്കാന്‍ രണ്ടുവഴികള്‍ നിര്‍ദേശിക്കുന്നു. അവരുടെ തന്നെ രണ്ട് ഋണാത്മക ഘടകങ്ങള്‍.അഴിമതിയും ജാതീയതയുമാണത്. ഫാഷിസത്തിന്റെ കാലത്ത് ഏകാന്തതയും പ്രതിരോധമാണ് എന്ന അഭിമുഖലേഖനത്തില്‍ എന്‍. എസ് മാധവന്‍ (അനില്‍ ചേലേമ്പ്ര, സമീര്‍ കാവാദ്/ ദേശാഭിമാനി) ഓര്‍മ്മിപ്പിക്കുന്നതും മറ്റൊന്നല്ല. ശബ്ദിച്ചിട്ട് കാര്യമില്ല എന്ന ഒരുതരം തോന്നലിലേക്ക് പൊതുസമൂഹം പോവുകയാണ്. പ്രതികരിക്കുന്നൊരു സമൂഹമായിരുന്നെങ്കില്‍ ഇത്ര കണ്ടാല്‍പോര- എന്നിങ്ങനെ കേരളീയ സമൂഹവുമായി ബന്ധപ്പെട്ട ഗഹനമായ ചര്‍ച്ചകള്‍ക്ക് വാതില്‍ തുറന്നിടുകയാണ് എന്‍. എസ് മാധവന്‍.
വായനയില്‍ വേറിട്ട അനുഭവമായിമാറുന്ന ഇതര വിഷയങ്ങള്‍ മൊബൈല്‍ഫോണ്‍ മലയാളചെറുകഥയും തമ്മിലെന്ത് (സുനില്‍ സി. ഇ / മാധ്യമം), ആരുടെ കാഞ്ചനമാല (ജയന്തി പി/ കലാകൗമുദി) എന്നിവയാണ്. മിണ്ടാട്ടം മുട്ടുന്ന കാലത്തിന്റെ വേവലാതികള്‍ കവിതയിലൂടെ ഒ.പി.സുരേഷും (തെളിവുകള്‍-മാധ്യമം) ഭംഗിയായി അവതരിപ്പിച്ചു. ജീവിതത്തിന്റെ വൈതരണികളാണ് സുസ്‌മേഷ് ചന്ത്രോത്ത് നിത്യസമീല്‍ (മാതൃഭൂമി) എന്ന കഥയില്‍ ആവിഷ്‌കരിക്കുന്നത്. ദാമ്പത്യജീവിതം കഥയില്‍ പ്രധാനഘടകമായി കടന്നുവരുന്നു.
കുഞ്ഞിക്കണ്ണന്‍ വാണിമേല്‍
നിബ്ബ്, ചന്ദ്രിക വാരാന്തപ്പതിപ്പ്. നവം.1 /2015

No comments: